Campus Alive

നരവംശശാസ്ത്രത്തിന് മുസ്‌ലിമിനെ വായിക്കുക സാധ്യമാണോ?

സെപ്റ്റംബര്‍ 11 ന് മുമ്പ് തന്നെ ഇസ്‌ലാമിക പാരമ്പര്യത്തെയും മുസ്‌ലിം സമൂഹങ്ങളെയും കുറിച്ച് വെസ്റ്റേണ്‍ അക്കാദമി വായിക്കാനും അന്വേഷിക്കാനും തുടങ്ങിയിട്ടുണ്ട്. ആന്ത്രോപ്പോളജി വളരെ ഒഫീഷ്യലായി മുസ്‌ലിം സമൂഹത്തില്‍ എന്‍ഗേജ് ചെയ്യുന്നത് ഇവാന്‍സ് പ്രിച്ചാര്‍ഡിന്റെ പഠനത്തിലൂടെയാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ അതിന് മുമ്പ് തന്നെ ഓറിയന്റലിസ്റ്റുകള്‍ക്ക് ഇസ്‌ലാമിക് തിയോളജിയെക്കുറിച്ച് ഒരു വലിയ പാരമ്പര്യം അവകാശപ്പെടാനുണ്ട്. എന്നാല്‍ അവരില്‍ പലരും അറബി ഭാഷയുമായോ മുസ്‌ലിം സമൂഹങ്ങളുമായോ നേരിട്ട് ബന്ധമില്ലാത്ത ആളുകളായിരുന്നു. പിന്നീടാണ് ഒരു എത്‌നോഗ്രഫിക് ട്രഡീഷന്‍ എന്ന രീതിയില്‍ ആ നാടുകളില്‍ പോയി, ഫീല്‍ഡ് വര്‍ക്ക് നടത്തി, അവിടത്തെ ആളുകളുടെ കൂടെ ജീവിച്ച്, അവരോട് സംസാരിച്ച്, അത് ഡോക്യുമെന്റ്‌ ചെയ്ത് സബ്ജക്റ്റിന്റെ സൈദ്ധാന്തികമായ രീതികളെ വിശകലനം ചെയ്യുക എന്ന് പറയപ്പെടുന്ന നരവംശശാസ്ത്രം വികസിക്കപ്പെടുന്നത്. ഇവാന്‍സ് സ്പ്രിച്ചാര്‍ഡാണ് അമ്പതുകളിലെ ലിബിയയിലെ സനൂസി സൂഫി പാരമ്പര്യത്തിന്റെ നെറ്റ് വര്‍ക്കിനെ കുറിച്ച് ആദ്യമായി ഒരു പഠനം മുന്നോട്ട് വെക്കുന്നത്. സനൂസി മൂവ്‌മെന്റ് എങ്ങനെയാണ് ഇറ്റാലിയന്‍ അധിനിവേശത്തിനെതിരെ ആളുകളെ നയിക്കുന്നത് എന്നതായിരുന്നു ഇവാന്‍സിന്റെ പഠനത്തിന്റെ കേന്ദ്രബിന്ദു. അദ്ദേഹത്തിന്റെ പഠനത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് അദ്ദേഹത്തിന് ശേഷമുള്ള നരവംശശാസ്ത്ര പഠനങ്ങളില്‍ വന്നിട്ടില്ലാത്ത മതപരമായ അതോറിറ്റിയെക്കുറിച്ച ചോദ്യങ്ങളെ അദ്ദേഹം അഭിമുഖീകരിച്ചിരുന്നു എന്നതാണ്.

vb

പിന്നീട് ഇവാന്‍സിനെ കുറച്ച് കൂടി മുന്നോട്ട് കൊണ്ട് പോയത് ഗെല്‍നറുടെ പഠനമായിരുന്നു. റൂറല്‍\അര്‍ബന്‍ ഇസ്‌ലാം എന്ന രീതിയിലായിരുന്നു അദ്ദേഹം ഇസ്‌ലാമിനെ നോക്കിക്കണ്ടിരുന്നത്. പോപ്പുലര്‍ ഇസ്‌ലാമും മിസ്റ്റിസിസവുമൊക്കെ അടങ്ങിയ റൂറല്‍ ഇസ്‌ലാമും ആധുനികതയുമായി യോജിക്കാന്‍ പറ്റുന്ന അര്‍ബന്‍ ഇസ്‌ലാമും എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഭജനം. എന്നാല്‍ മുസ്‌ലിം സമൂഹങ്ങളുടെ വളരെ സങ്കീര്‍ണ്ണമായ ജീവിത വീക്ഷണങ്ങളെ മനസ്സിലാക്കാതെ സിദ്ധാന്തങ്ങളെ ലൊക്കേറ്റ് ചെയ്യുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്.

എന്ത് കൊണ്ടാണ് ഇസ്‌ലാം ആളുകള്‍ക്ക് തല്‍പര വിഷയമാകുന്നത്? റൊണാള്‍ഡ് ഹുഡ് പറയുന്നത് വളരെ രസകരമാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം എല്ലാവര്‍ക്കും ഒരു യൂണിവേഴ്‌സല്‍ ടെക്‌സ്റ്റ് ഉണ്ടാകും. അതേ സമയം അവര്‍ക്കൊരു ലോക്കല്‍ കള്‍ച്ചറുമുണ്ടാകും. ഈ സങ്കീര്‍ണ്ണതക്കിടയില്‍ എങ്ങനെയാണ് മുസ്‌ലിംകളെക്കുറിച്ച് പഠിക്കുക എന്നത് ഒരു വലിയ ചോദ്യം തന്നെയാണ് എന്നാണ് അദ്ദേഹം പറയുന്നത്. എങ്ങനെയാണ് മുസ്‌ലിം സമൂഹങ്ങള്‍ക്കിടയിലെ ബഹുസ്വരതയെക്കുറിച്ച ചോദ്യങ്ങളെ അഭിമുഖീകരിക്കുക? ഈയൊരര്‍ത്ഥത്തില്‍ ആന്ത്രോപ്പോളജി, സോഷ്യോളജി വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്‌ലാം ഒരു തല്‍പ്പര വിഷയമാണ്. മറ്റുള്ള സംസ്‌കാരങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ അവയെ ലോക്കല്‍ എന്ന കാറ്റഗറിയില്‍ നമുക്ക് ഉള്‍പ്പെടുത്താന്‍ പറ്റും. ഇംതിയാസ് അലിയുടെ പഠനങ്ങളുടെ പരിമിതിയും അതാണ്. അദ്ദേഹം പ്രാദേശികമായ വേരുകളുള്ള ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്ന നിലക്കാണ് ഇന്ത്യയിലെ മുസ്‌ലിംകളെ കാണുന്നത്. ഫ്രാന്‍സിസ് റോബിന്‍സണ്‍ പറയുന്നത് ഹിന്ദു സമൂഹവുമായി മുസ്‌ലിംകളെ സമീകരിക്കുന്ന പഠനമാണ് ഇംതിയാസിന്റേത് എന്നാണ്. കാരണം ജാതീയത എന്നത് ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. ഇസ്‌ലാമുമായി അതിനൊരിക്കലും പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ല. ഹിന്ദു മതത്തിന്റെ സാമൂഹ്യ ഘടനയെയും ഇസ്‌ലാമിനെയും ഒരേ രീതിയില്‍ മുന്നോട്ട് വെക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്.

ഒരു ആന്ത്രോപ്പോളജി വിദ്യാര്‍ത്ഥി മലബാറില്‍ പോകുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇവിടെ മാപ്പിളരുടെ ഒരു ഇസ്‌ലാമുണ്ട്. മാപ്പിളര്‍ക്ക് ഒരു ദീനുണ്ടല്ലോ. അറബി മലയാളം, നബിയെക്കുറിച്ചുള്ള പാട്ടുകള്‍, കഥകള്‍ തുടങ്ങിയവ. ഇതിന്റെയുള്ളില്‍ ഇവര്‍ക്കൊരു ദീനുണ്ട്. അത് പഠിച്ചു പോകണം.

ഒരു ആന്ത്രോപ്പോളജി വിദ്യാര്‍ത്ഥി എന്ന നിലയില്‍ നാം അഭിമുഖീകരിക്കുന്ന ചോദ്യം ഇതാണ്: നമ്മുടെ നിത്യജീവിതത്തില്‍ ഉലമാ പാരമ്പര്യത്തെക്കുറിച്ച ചോദ്യങ്ങളെയൊക്കെ മാറ്റി നിര്‍ത്തി ഒരു മലബാര്‍ ഇസ്‌ലാം പഠിക്കാന്‍ പറ്റുമോ? ഉദാഹരണമായി ഫത്‌വ പുറപ്പെടുവിപ്പിക്കാന്‍ ഒരു മതപണ്ഡിതന്‍ വളരെ അത്യാവശ്യമാണ്. ഒരു സാംസ്‌കാരിക മാപ്പിളയുടെ ജീവിതത്തില്‍ ഫോര്‍മല്‍ തിയോളജി എന്നത്, അല്ലെങ്കില്‍ മാറ്റി നിര്‍ത്തണമെന്ന് ആന്ത്രോപ്പോളജിസ്റ്റുകള്‍ പറയുന്ന സംഗതികള്‍ അവരുടെ നിത്യജീവിതത്തില്‍ വളരെ പ്രധാനമാണ്.

അത് പോലെ ഹാമിദുല്‍ സൈനിന്റെ നിരീക്ഷണവും വളരെ പ്രധാനമാണ്. വളരെ ആത്മാര്‍ത്ഥമായാണ് അദ്ദേഹം മുസ്‌ലിം സംസ്‌കാരവുമായി എന്‍ഗേജ് ചെയ്യുന്നത്. അദ്ദേഹം പറയുന്നത് ഇസ്‌ലാം എന്ന ഏകാത്മകമായ ഒന്നിനെക്കുറിച്ച് നിങ്ങള്‍ പഠിക്കേണ്ട കാര്യമില്ല എന്നാണ്. ഇസ്‌ലാം എന്ന ഒന്നില്ല. മറിച്ച് ഇസ്‌ലാമുകള്‍ ആണുള്ളത്. തിയോളജിയെക്കുറിച്ച ചോദ്യങ്ങളെ നാം അഭിമുഖീകരിക്കേണ്ടതില്ല. അത് പോലെ മതത്തെയും അതിന്റെ വ്യവഹാര യുക്തികളെയുമല്ല നാം വിശകലന വിധേയമാക്കേണ്ടത്. മറിച്ച് ഒരു lived Islam നെയാണ് നാം ഫോക്കസ് ചെയ്യേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ഇതിന് പില്‍ക്കാലത്ത് വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. ഡെയ്ല്‍ എക്ലിമാന്‍ പറയുന്നത് ഫോര്‍മല്‍ തിയോളജിയും ലോക്കല്‍ പ്രാക്ടീസും തമ്മില്‍ ഒരു മിഡില്‍ ഗ്രൗണ്ടാണ് രൂപപ്പെടുത്തേണ്ടതുണ്ട് എന്നാണ്.

maxresdefault

1980-കളിലാണ് ഇസ്‌ലാം സംവാദങ്ങളില്‍ തലാല്‍ അസദ് എന്‍ഗേജ് ചെയ്യുന്നത്. ഇസ്‌ലാമിക് ടെക്സ്റ്റുകളാണോ പഠിക്കേണ്ടത്, അതല്ല മുസ്‌ലിം ജീവിതമാണോ എന്ന ചോദ്യത്തെ അസദ് അഭിമുഖീകരിക്കുന്നുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് പഠിക്കാന്‍ ആന്ത്രോപ്പോളജിസ്റ്റുകള്‍ക്ക് ശരിയായ ഒരു കണ്‍സപ്റ്റ് വികസിപ്പിക്കാന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല എന്നതാണ് അസദിന്റെ വിമര്‍ശനം. നമ്മുടെ നാട്ടിലെ തന്നെ മുസ്‌ലിംകള്‍ ഒരിക്കലും ഫോര്‍മല്‍ തിയോളജിയില്‍ നിന്ന് ഒരിക്കലും വിട്ട് നില്‍ക്കുന്നവരല്ല. വെള്ളിയാഴ്ച ഖുതുബ കേള്‍ക്കല്‍, ഫത്‌വ ചോദിക്കല്‍ തുടങ്ങിയ ഫോര്‍മല്‍ തിയോളജിയുടേതായ മേഖലകളില്‍ ഭാഗവാക്കാകുന്ന മുസ്‌ലിംകളെയാണ് നമുക്ക് കാണാനാകുന്നത്.

asad

അസദ് യഥാര്‍ത്ഥത്തില്‍ മതങ്ങളെയാണ് പഠിച്ചത്. മതത്തെയല്ല. ഏതെല്ലാം അര്‍ത്ഥത്തിലാണ് സോഷ്യല്‍ സയന്‍സിനകത്ത് ക്രിസ്റ്റിയാനിറ്റി കൂടിക്കലര്‍ന്നിട്ടുള്ളത് എന്നതിനെക്കുറിച്ച് അസദ് സൂക്ഷമമായി അന്വേഷിക്കുന്നുണ്ട്. ആന്ത്രോപ്പോളജിസ്റ്റുകള്‍ ഉപയോഗിക്കുന്ന ലിബറല്‍ കാറ്റഗറികളെയാണ് അസദ് വിമര്‍ശന വിധേയമാക്കുന്നത്. മതം എന്നത് കൊണ്ടും പാരമ്പര്യം എന്നത് കൊണ്ടും എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് അസദ് ആന്ത്രോപ്പോളജിസ്റ്റുകളോട് ചോദിക്കുന്നുണ്ട്. മാത്രമല്ല, മതത്തെയും അനുഭവത്തെയും രണ്ടായി കാണുന്ന അവരുടെ രീതിയെയും അസദ് വിമര്‍ശിക്കുന്നു.

ഇനി നമുക്ക് പാരമ്പര്യത്തെക്കുറിച്ച സംവാദങ്ങളെ പരിശോധിക്കാം. എന്താണ് പാരമ്പര്യം? പാരമ്പര്യം എന്നതിനെ സുന്നത്ത് എന്നാണ് മുസ്‌ലിംകള്‍ വിളിക്കുന്നത്. അവര്‍ സുന്നത്ത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? മാറ്റങ്ങളില്ലാതെ തുടരുന്ന ഒന്നാണോ ഇത്? ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായി സമസ്തയുടെ മുഅല്ലിം എന്ന അറബി മലയാളത്തിലുള്ള ഒരു കിതാബ് ഞാന്‍ വായിച്ചിരുന്നു. എനിക്ക് അറബി മലയാളം അറിയാത്തതിനാല്‍ ദാറുല്‍ ഹുദയിലെ എന്റെ ഒരു സുഹൃത്താണ് എനിക്കത് വായിച്ച് തന്നത്. നിരന്തരമായി മാറ്റങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വിധേയമാകുന്ന ഒരു പാരമ്പര്യത്തെ നമുക്കതില്‍ വായിച്ചെടുക്കാന്‍ പറ്റും. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പാരമ്പര്യം എന്നത് സ്ഥിരമായ ഒരു പ്രൊജക്ടല്ല. മറിച്ച്, നിരന്തരമായി മാറ്റങ്ങള്‍ രൂപപ്പെടുത്തുന്ന ഒന്നാണത്. അത് പോലെ ഇതര സമൂഹങ്ങളില്‍ നിന്ന് വ്യത്യസതമായി Bodily Embedded ആയ ആരാധനാ കര്‍മ്മങ്ങളിലൂടെയാണ് മുസ്‌ലിം സമൂഹങ്ങളില്‍ പാരമ്പര്യം നിലനിര്‍ത്തപ്പെടുന്നത്. അങ്ങനെയാണ് habitus അവിടെ രൂപപ്പെടുന്നത്. എന്നാല്‍ അതൊരിക്കലും ബോര്‍ദിയോ പറഞ്ഞ പോലെ അബോധപൂര്‍വ്വം സംഭവിക്കുന്ന ഒന്നല്ല. കൃത്യമായ ശിക്ഷണങ്ങളിലൂടെയാണ് മുസ്‌ലിം സമൂഹങ്ങളില്‍ അത് രൂപപ്പെടുന്നത്.

സൈദ്ധാന്തികമായി ഫൂക്കോയെയും വിറ്റ്ഗന്‍സ്‌റ്റെയിനെയുമാണ് അസദ് പിന്തുടരുന്നത്. അത് പോലെ തോഷികോ ഇസുത്സുവിന്റെ തിയോളജിക്കല്‍ സംഭാവനകളെയും അസദ് ഉപയോഗിക്കുന്നുണ്ട്. മുസ്‌ലിം വ്യവഹാരങ്ങളില്‍ കടന്ന് വരുന്ന സവിശേഷമായ പദപ്രയോഗങ്ങളെ ആന്ത്രോപ്പോളജിസ്റ്റുകള്‍ നിര്‍വചിച്ച രീതികളെ അസദ് വിമര്‍ശിക്കുന്നത് ഇസുത്സുവിനെ പിന്തുടര്‍ന്ന് കൊണ്ടാണ്.

download

ഇനി നമുക്ക് മുസ്‌ലിം സ്ത്രീകളെക്കുറിച്ച വായനകളെ പരിശോധിക്കാം. പര്‍ദ്ദയിലാണ് മുസ്‌ലിം സ്ത്രീകളെ കുറിച്ച എല്ലാ ചര്‍ച്ചകളും കെട്ടിക്കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍ വസ്ത്രത്തെക്കുറിച്ച മുസ്‌ലിം സ്ത്രീകളുടെ ഭാവനകള്‍ ബഹുസ്വരമാണ് എന്ന് നമുക്ക് കാണാന്‍ സാധിക്കും. ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായി എനിക്ക് ഒരുപാട് മുസ്‌ലിം സത്രീകളോട് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. മമ്പുറം മഖാമില്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന ഒരു സ്ത്രീ അവരുടെ വസ്ത്രധാരണത്തിലെ പരിണാമത്തെക്കുറിച്ച് എന്നോടൊരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. മരിച്ച് പോയ മഹാത്മാക്കളുള്ളിടത്ത് വസ്ത്രധാരണത്തില്‍ കാണിക്കേണ്ട സൂക്ഷമതകളെക്കുറിച്ച് അവരെന്നോട് പറയുകയുണ്ടായി. ഇതിനെ നാമെങ്ങനെയാണ് മനസ്സിലാക്കുക? എവിടെയാണ് നാമിവരെ ലൊക്കേറ്റ് ചെയ്യുക? പള്ളികളില്‍ പോകുന്ന സ്ത്രീകളെക്കുറിച്ചാണ് സബ മഹ്മൂദ് സംസാരിക്കുന്നത്. പള്ളികളില്‍ പോകാത്ത, മഖ്ബറകള്‍ സന്ദര്‍ശിക്കുന്ന, അറബി മലയാളം വായിക്കുന്ന, ഹജ്ജിന്റെയും ഉംറയുടെയും അനുഭവങ്ങളെ വിശദീകരിക്കുമ്പോള്‍ കരയുന്ന സ്ത്രീകളെ നാമെവിടെയാണ് ലൊക്കേറ്റ് ചെയ്യുക?. മുസ്‌ലിം സമൂഹങ്ങളെക്കുറിച്ച ആന്ത്രോപ്പോളജിയുടെയും സോഷ്യോളജിയുടെയും ഒക്കെ നോട്ടങ്ങളുടെ പരിമിതികളെയാണ് ഇത് കാണിക്കുന്നത്. മുസ്‌ലിം ലോക്കല്‍ കള്‍ച്ചറിനെക്കുറിച്ച് അന്വേഷിക്കുന്ന ആന്ത്രോപ്പോളജിസ്റ്റുകള്‍ മക്കയില്‍ പോയി മരിച്ചാല്‍ മതി എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവരെ കുറിച്ച് എന്ത് പറയും? ജനിച്ച ദേശത്തോട് യാതൊരു നൊസ്റ്റാള്‍ജിയയും പ്രകടിപ്പിക്കാത്ത ഇത്തരം മുസ്‌ലിം ഭാവനകളെ എങ്ങനെയാണ് നിങ്ങള്‍ വായിക്കുക? മെത്തഡോളജിക്കല്‍ നാഷണലിസത്തിനകത്ത് നിന്ന് ചിന്തിക്കുമ്പോഴാണ് ഇതൊരു കുഴപ്പം പിടിച്ച സംഗതിയായി തോന്നുന്നത്. ആന്ത്രോപ്പോളജിയുടെ ലെന്‍സ് വെച്ചിട്ട് മുസ്‌ലിം സമൂഹത്തെ പഠിക്കുന്നതിന്റെ പരിമിതികളെയാണ് ഇത് കാണിക്കുന്നത്. ഈ പരിമിതികളെ ചൂണ്ടിക്കാണിച്ച് കൊടുക്കുകയാണ് തലാല്‍ അസദ് ചെയ്തത്. മത കേന്ദ്രീകൃതമായ ഒരു ചിന്തയെ സബ്ജക്ടിനുള്ളിലേക്ക് കൊണ്ട് വരികയല്ല അസദ് ചെയ്തത്. മറിച്ച്, വ്യത്യസ്ത തരത്തിലുള്ള ജീവിതങ്ങളെ ആന്ത്രോപ്പോളജിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് അസദ് ചെയ്തത്. ഇസ്‌ലാമിനകത്തെ വൈവിധ്യങ്ങളെ ലൊക്കേറ്റ് ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനൊരുപാട് സാധ്യതകളും പരിമിതികളുമുണ്ട്. ആ സാധ്യതകളുടെയും പരിമിതികളുടെയും ഉള്ളില്‍ നിന്നാണ് ഇനി പുതിയ നരവംശശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പഠനങ്ങള്‍ ഉയര്‍ന്ന് വരേണ്ടത്‌ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

 

 

campusadmin