Campus Alive

ഖുദാബക്ഷും മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യവും

ഖുദാ ബക്ഷ് ലൈബ്രറിയുടെ അകത്തളങ്ങളിലൂടെ നടക്കുമ്പോള്‍ പ്രാചീന സംസ്‌കൃതിയുടെ ഹൃദയം സ്പന്ദിക്കുന്നത് കേള്‍ക്കാം. അറിവിന്റെയും ആത്മീയതയുടെയും മഹാ സാഗരങ്ങള്‍ നീന്തികടന്ന പ്രതിഭശാലികളുടെയും മഹാസാഗരങ്ങള്‍ നീന്തികടന്ന പ്രതിഭാശാലികളുടെ തൂലികപ്പാട് പതിഞ്ഞ വിഖ്യാത ഗ്രന്ഥങ്ങള്‍ പുതിയ കാലത്തിന്റെ അക്ഷരഖനികളിലേക്കും തലമുറകളിലേക്കും കൈമാറുന്ന വിജ്ഞാന വിനിമയത്തിന്റൈ കുടമാറ്റം കാണാം. ചരിത്രവും ഭരണകൂടങ്ങളും നീതിപുലര്‍ത്താത്ത എണ്ണമറ്റ സ്മാരകങ്ങളും, ഗ്രന്ഥശാലകളും വസിക്കുന്ന ഈ രാജ്യത്ത് അറബികളും, മുഗളന്മാരും, ഇറാനികളും ശിലയിട്ടു ഭിത്തികെട്ടിയ മുസ്‌ലിം സംസ്‌കൃതിയുടെ തനതായ രൂപഭാവങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്.

ഇവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമാണ് പാറ്റ്‌നയില്‍ പിറവികൊണ്ട ഖുദാ ബക്ശ് ഓറിയന്റല്‍ പബ്ലിക് ലൈബ്രറി. ബീഹാര്‍ തലസ്ഥാന നഗരിയായ പറ്റ്‌നയില്‍ നിന്ന്‌ കേവലം നാല് കിലോമീറ്റര്‍ അകലെയായി നിലകൊള്ളുന്ന ഈ ഗ്രന്ഥപുര മാനവ സംസ്‌കൃതിയുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ഒറ്റതലക്കെട്ടിനു കീഴില്‍ രാപ്പാര്‍ത്തിട്ട് ഇന്നേക്ക്‌ നൂറ്റാണ്ടുകളേറെയായി. അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലായി വിരളവും അമൂല്യവുമായ ഒട്ടനവധി കൈയെഴുത്തുകൃതികള്‍ അന്തിയുറങ്ങുന്ന ഈ വിജ്ഞാനസമ്പന്ന ഭൂമിയെക്കുറിച്ച് പരദേശങ്ങളിലിപ്പോഴും കേവലം കേട്ടറിവുകള്‍ മാത്രം. ചരിത്രം രാജ്യത്തെ മുസ്‌ലിം സ്മാരകശിലകളോട് കാണിക്കുന്ന ക്രൂരമായ അവഗണനയുടെ പ്രതിഫലമാണ് ഖൂദാബക്ഷ് ലൈബ്രറിയുടെ ഈ ഒറ്റപ്പെടല്‍.

Khuda Bakhsh-102709-RR02

മുഗള്‍. അവഥ്, ഇറാനി, രജപുത്, മധേഷ്യന്‍ പെയ്ന്റിംഗുകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വൈജ്ഞാനിക കലവറ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് മൗലവി ഖൂദാ ബക്ശ് ഖാനെന്ന പുസ്തകപ്രേമി പൊതുജനയുപയോഗത്തിനായി വിട്ടുനല്‍കിയത്. 1842 ഓഗസ്റ്റ് രണ്ടിന് ജനിച്ച ഈ മഹാകര്‍മ്മയോഗിയുടെ കഥകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പുസ്തകങ്ങള്‍ക്കുവേണ്ടി കുടുംബ ജീവിതം പോലും ഉപേക്ഷിച്ച, ഗ്രന്ഥപുര ദേഹത്ത് മറിഞ്ഞ് വീണ് മരണപ്പെട്ട ജാഹിള് എന്ന പുസ്തകപ്രേമിയെ അനുസ്മരിക്കും വിധത്തിലായിരുന്നു.

1908 ല്‍ വഫാത്തായ മൗലവി ഖൂദാബക്ശ് തന്റെ പിതാവായ മൗലവി മുഹമ്മദ് ബക്ശ് ഖാന്‍ സാഹിബില്‍ നിന്നും അനന്തരമായി ലഭിച്ച ആയിരത്തി നാനൂറില്‍ പരം കൈയെഴുത്തു പ്രതികളടക്കം നാലായിരത്തോളം അപൂര്‍വ്വ ഗ്രന്ഥങ്ങളുമായി 1891 ഒക്ടോബര്‍ അഞ്ചിന് തുടക്കംക്കുറിച്ച ഈ ഗ്രന്ഥപുരയാണ് പിന്നീട് ഖൂദാ ബക്ശ് ഓറിയന്റല്‍ ലൈബ്രറി എന്ന പേരില്‍ ചരിത്രത്തിന്റെ ഉമ്മറപടിയിലേക്ക് അതിഥിയായി സല്‍ക്കാരങ്ങളില്ലാതെ എത്തിപ്പെട്ടത്.

മുഹമ്മദ് ബ്‌നുല്‍ ഖാസിമെന്ന കൗമാരക്കാരനായ മുസ്‌ലിം യോദ്ധാവ് അഫ്ഗാനിസ്ഥാനിലൂടെ ഖൈബര്‍ ചുരംകേറി സിന്ധ്‌നദിയും കടന്ന് ഇന്ത്യയിലെത്തിയതോടെയാണ് ഇസ്‌ലാം ഇന്ത്യയില്‍ വേരുറക്കാന്‍ തുടങ്ങിയത്. അന്ന് മുതല്‍ ആരംഭിച്ച ഇന്തോ- അറബ് ബന്ധം കാലങ്ങളായി തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ ബന്ധത്തിന്റെ ഫലമെന്നോളം നിരവധി പണ്ഡിതന്മാര്‍ അറേബ്യയില്‍നിന്നും ഇന്ത്യയിലേക്ക് കുടിയേറി. അവര്‍ ബാക്കിവെച്ച ശേഷിപ്പുകളായിരുന്നു പിന്നീട് ചരിത്രങ്ങളായി രൂപാന്തരം ചെയ്യപ്പെട്ടത്. അന്ന് ഇന്ത്യയില്‍ ജീവിച്ചിരുന്ന പണ്ഡിത മഹത്തുകളായിരുന്ന ഷാ വലിയുള്ള ദഹ്‌ലവി, അല്‍ മുത്തഖി അല്‍ഹിന്ദി, മുല്ലാ ഹുസൈന്‍ ഇസ്‌കന്ദര്‍, മൗലവി മുഹമ്മദ് ഖുദാ ബക്ശ് ഖാന്‍ തുടങ്ങിയ സാദാത്തുക്കള്‍ കിത്താബുകളെ നെഞ്ചേറ്റി സ്‌നേഹിച്ചവരായിരുന്നു.

kbaksh
ഖുദാബക്ഷ് ഖാന്‍

അക്കാലത്ത് അറബികള്‍ ഗ്രന്ഥരചനകള്‍ക്കും, ഗ്രന്ഥപുരനിര്‍മ്മാണത്തിനുമെല്ലാം സര്‍വ്വം ത്യജിച്ചവരായിരുന്നു. നൂറുകണക്കില്‍ ഗ്രന്ഥങ്ങള്‍ രചിച്ചവരാണ് അവരില്‍ പല പണ്ഡിതന്മാരും. ഇമാം സൂയൂഥി തങ്ങള്‍ അഞ്ഞുറോളം ഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിതനായിരുന്നു. താരിഖുല്‍ ഹള്‌റത്തുല്‍ ഇസ്‌ലാമിയ്യാ എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥകര്‍ത്തവ് ഒരു ജര്‍മന്‍ ഒറിയന്റലിസ്റ്റ് പണ്ഡിതന്‍ രേഖപ്പെടുത്തിയതായി പറയുന്നു: ‘ക്രിസ്താബ്ദം പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു അറബി മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രൈവറ്റ് ലൈബ്രറിയിലെ പുസ്തകങ്ങളുടെ ശരാശരി എണ്ണം യൂറോപ്പിലെ മൊത്തം ഗ്രന്ഥാലയങ്ങളിലുള്ളതിനേക്കാള്‍ കൂടുതലായിരുന്നു. ഈ ഒരു പ്രതാപത്തിന്റെ പിന്‍ഗാമികളായിരുന്നു ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്മാര്‍. അവര്‍ പുസ്തകങ്ങളെ അളവറ്റ് സ്‌നേഹിച്ചു. അവകള്‍ക്ക് രാപ്പാര്‍ക്കാന്‍ മുന്തിയതരം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കൊടുത്തു.

ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി ഉപയോഗിച്ച ബുഖാരി, അസ്ഖലാനി ഇമാമിന്റെ സ്വന്തം കൈപ്പട സ്ഥിതീകരിക്കുന്ന കിതാബുല്‍ അര്‍ബഈന്‍, സ്വര്‍ണലിപിയില്‍ എഴുതപ്പെട്ട ഖുര്‍ആന്‍ എന്നിവ ഈ ഗ്രന്ഥപുരയുടെ സവിശേഷതയാണ്. തഫ്‌സീര്‍, ഹദീസ് ,ഇല്‍മുല്‍കലാം, ഇല്‍മുത്തസവ്വുഫ്, വിവിധ നിദാനശാസ്ത്രങ്ങള്‍, വ്യാകരണ ശാസ്ത്രങ്ങള്‍, ചരിത്രം തുടങ്ങിയ നിരവധി വിജ്ഞാനശാഖകളിലായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഈ ലൈബ്രറിക്ക് സ്വന്തമാണ്.

ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അല്‍ അസ്ഹിയാഉ വല്‍ അജ്‌വദു വ സിഫത്തുല്‍ കറമി വ സിമ്മില്‍ ബുഹൂല്‍, ഹിജ്‌റ 625 ല്‍ ജീവിച്ച ഇബ്‌നു ദഖീഖുല്‍ ഈദിയുടെ പ്രശസ്ത ഗ്രന്ഥം അല്‍ ഇല്‍മാമു ബി ആഹാദില്‍ അഹ്കാം, ഇബ്‌നുഹാജിബിന്റെ 156 പേജുകളടങ്ങിയ കൈയെഴുത്തുപ്രതി, ഇബ്‌നു ഹജറുല്‍ അസ്‌കലാനിയുടെ ബദ്‌ലുല്‍ മാഊന്‍ ഫീ ദിഫ്ഇല്‍ താഊന്‍ എന്ന കൃതിയുടെ ഹിജ്‌റ 840 കളിലെഴുതിയ കൈയെഴുത്തുപ്രതികളെല്ലാം ഈ ഗ്രന്ഥപുരയുടെ സവിശേഷതയാണ്.

മാത്രമല്ല ഹദീസുകളുടെ കൂട്ടത്തില്‍ ഹിജ്‌റ 576 ല്‍ എഴുതപ്പെട്ട അല്‍ ജാമിഉല്‍ കബീറിന്റെ 270 പേജുകളടങ്ങിയ കൈയെഴുത്ത് കോപ്പി, ഇമാം നസാഇ തങ്ങളുടെ സുനനുസഈയുടെ ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട കൈയെഴുത്തുപ്രതിയും പ്രവാചക അദ്ധ്യാപനങ്ങളുടെ നിറസാന്നിദ്ധ്യമായി ഇന്നും ഖുദാബക്ശിന്റെ അകത്തളത്തില്‍ സുന്നത്തിന്റെ സൗന്ദര്യംപേറി സുഖലോലുപതയാല്‍ കഴിഞ്ഞ് കൊണ്ടേയിരിക്കുന്നു.

khuda-baksh-oriental-library

പുസ്തങ്ങള്‍ക്ക് പുറമെ നിരവധി ചരിത്രത്തിന്റെ കണ്ണാടികളായ രേഖചിത്രങ്ങള്‍ പുരാതനതനിമയില്‍ നിന്ന് അടര്‍ത്തിയെടുക്കാത്ത നിലയില്‍ ഇന്നും സന്ദര്‍ശകരേയും കാത്ത്കിടക്കുന്നു. രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന ഭക്ഷണപ്പാത്രം, നാദിര്‍ഷായുടെ വാള്‍, ബൈറുന്‍ ഖാന്റെ കഠാര, പുരാതന ആസ്‌ട്രോലാബ്, ധൂപ്ഗഢി തുടങ്ങിയ വസ്ത്തുക്കള്‍ ഈ ലൈബ്രറിയുടെ അലങ്കാരമാണ്.

1970 മുതല്‍ തന്നെ കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരം ബീഹാര്‍ ഗവര്‍ണര്‍ ചെയര്‍മാനായ ഒരു പ്രത്യേക ഭരണസംവിധാനം നിലവില്‍ വന്നിരുന്നെങ്കിലും ഖുദാബക്ശ് മാറ്റങ്ങളില്ലാതെ തുടര്‍ന്നു. 1989 ല്‍ പാര്‍ലിമെന്റ് ദേശീയ പ്രാധാന്യമര്‍ഹിക്കുന്ന ഒരിടമായി ഖുദാബക്ശിനെ പ്രഖ്യാപിക്കുകയും ബജറ്റുകളില്‍ ലൈബ്രറിക്കായി പ്രത്യേക തുക വകയിരുത്തിയതോടെയുമായിരുന്നു ഖുദാബക്ശ് ജനശ്രദ്ധയാര്‍ശിച്ചത്.

ഹൈദരാബാദിലെ ദാഇറത്തുല്‍ മആരിഫ്, ഉസ്മാനിയ്യാ യൂനിവേഴ്‌സിറ്റി ലൈബ്രറി, നിസാമിയ്യാ ലൈബ്രറി, ഖലീലിയ്യാ ലൈബ്രറി, സാലാര്‍ ജംഗ് മ്യൂസിയം, അസ്ഫിയാഹ് ലൈബ്രറി, ലക്‌നോവിലെ മുമ്താസുല്‍ ഉലമ ലൈബ്രറി, റാംപൂരിലെ റസാ ലൈബ്രറി, കൊല്‍ക്കത്തയിലെ ഏഷ്യാറ്റിക് സൊസൈറ്റി ലൈബ്രറി, മദ്രാസിലെ ശറഫുല്‍മുല്‍ക് ലൈബ്രറി തുടങ്ങി ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും മഹാഭാരവും വഹിച്ച് നിരവധി ഗ്രന്ഥപുരകള്‍ അന്തിയുറങ്ങുന്ന ഈ രാജ്യത്ത് ഒരുലക്ഷത്തി ഇരുപതിനായരം കൈയെഴുത്തു പ്രതികള്‍ ഇന്നും രാജ്യത്തിന്റെ നാനാഭാഗത്തായി ചിതറികിടക്കുന്നു. ഈ ലൈബ്രറികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായി ഭൂതത്തിന്റെ പ്രൗഢിയും പ്രതാപവും പേറി ഹുദാബക്ഷ് ഇന്നും പാറ്റ്‌ന പട്ടണത്തില്‍ പ്രഭ വിതറുന്നു.

കടപ്പാട്: ചന്ദ്രിക

ഫാസില്‍ ഫിറോസ്