Campus Alive

ദേശഭാവനകളിലെ കാശ്മീര്‍ എന്താണ്?

റോളി മുഖര്‍ജിയുടെ പെയിന്റിംഗുകളെക്കുറിച്ച്

വേദന റാഡിക്കലായ ഒരു വികാരമാണ്. ഭാഷയെയും നിശ്ശബ്ദതയെയും അത് ചെറുക്കുന്നു. ഭാഷക്ക് പുറത്താണ് അത് ജീവിക്കുന്നത്. എന്നാല്‍ വേദന ഒരാവിഷ്‌ക്കാരത്തെ തേടുന്നുണ്ട്. പുതിയൊരു ഭാഷയെ അത് രൂപീകരിക്കുന്നു. അലറലും കരച്ചിലുമെല്ലാം വേദനയുടെ ഉരിയാട്ടവും വ്യാകരണത്തില്‍ കുടുങ്ങിയ ഭാഷക്കെതിരായ കലാപവുമാണ്. വേദന രൂപകങ്ങളെ ഉണര്‍ത്തുന്നുണ്ട്. വേദനയാല്‍ പുളയുന്ന ശരീരം ഒരു കലാകാരനാണ്. വേദനയുടെ സ്പഷ്ടമായ ഉച്ചാരണമാണത്.

ആകാശം, ഭൂമി, പര്‍വ്വതങ്ങള്‍, തീ, ശബ്ദങ്ങള്‍, വര്‍ണ്ണങ്ങള്‍ തുടങ്ങിയവയെ വേദനയുടെ രൂപകങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. ആര്‍ട്ടിസ്റ്റ് മുഖര്‍ജിയുടെ വര്‍ക്ക് ഈ രൂപകങ്ങളുടെയെല്ലാം ഒരു സങ്കലനമാണ്. ഭൂമിശാസ്ത്രത്തെയും ശരീരത്തെയും വേദനയെയെല്ലാമാണ് അവരുടെ പെയിന്റിംഗുകള്‍ ആവിഷ്‌കരിക്കുന്നത്. ശരീരവും ഭാഷയും വേദനയും തമ്മിലുള്ള അനശ്വരമായ ബന്ധത്തെക്കുറിച്ചാണ് അവ സംസാരിക്കുന്നത്.

n

മുഖര്‍ജിയുടെ പെയിന്റിംങുകളില്‍ കശ്മീര്‍ വേദനയാല്‍ പുളയുന്ന ഒരു ശരീരമാണ്. അതോടൊപ്പം തന്നെ സുന്ദരമായ ഭാവനകളില്‍ അവ പുതിയൊരു കശ്മീരിനെ സ്വപ്‌നം കാണുന്നുമുണ്ട്. കാശ്മീരിനെക്കുറിച്ച ദേശബന്ധിതമായ ആലോചനകളെയാണ് അവ അപനിര്‍മ്മിക്കുന്നത്.

av

വേദന ശരീരത്തെ അപരിചിതമാക്കുന്നു. വേദനയെ വിവര്‍ത്തനം ചെയ്യലും അതിനെക്കുറിച്ച് സംസാരിക്കലും ശരീരത്തെ വീണ്ടെടുക്കുന്ന പ്രവര്‍ത്തനമാണ്. അപരിചിതമായ ശരീരാവിഷ്‌കാരങ്ങളെ പരിചിതമാക്കുന്ന പ്രവര്‍ത്തനമാണത്.

ജീവിതത്തിന് രണ്ട് വ്യാഖ്യാനങ്ങളുണ്ട്. രണ്ട് ലോകങ്ങളിലാണ് നാം ജീവിക്കുന്നത്. അതിലൊന്ന് നാം അനുഭവിക്കുന്ന ലോകമാണ്. നമ്മുടെ മേല്‍ അധീശത്വം സ്ഥാപിക്കുന്ന ലോകമാണ് മറ്റേത്. ഇന്ത്യന്‍ ആര്‍മ്മി കാശ്മീരില്‍ നടപ്പിലാക്കുന്ന വയലന്‍സ് ഈ ലോകക്രമത്തിന്റെ സൃഷ്ടിപ്പാണ്. നമ്മുടെ ചരിത്രങ്ങളും കഥകളും ഇവിടെ അസന്നിതമാണ്. മുഖര്‍ജിയുടെ വര്‍ക്ക് വെല്ലുവിളിക്കുന്നത് ഈ ലോകക്രമത്തെയാണ്.

90-കളുടെ മധ്യത്തില്‍ കുറച്ച് കാശ്മീരി കച്ചവടക്കാരുമായി ബന്ധം സ്ഥാപിക്കാന്‍ മുഖര്‍ജിക്ക് അവസരം ലഭിക്കുകയുണ്ടായി. ആ ബന്ധങ്ങളിലൂടെ പുതിയ സുഹൃദ് ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. അവരുടെ വീടും ഓര്‍മ്മകളും കശ്മീരില്‍ നിന്നുള്ള കഥകളാല്‍ സമ്പന്നമാണ്. കശ്മീരിനെക്കുറിച്ച അധീശമായ ദേശ ആഖ്യാനങ്ങളെ അവ വെല്ലുവിളിക്കുന്നു. കശ്മീരികളുടെ തന്നെ സ്വന്തമായ അര്‍ത്ഥോല്‍പ്പാദനങ്ങള്‍ സാധ്യമാകുന്ന ലോകത്തെ അവ സ്വപ്‌നം കാണുന്നുണ്ട്.

കശ്മീരില്‍ ഇന്ത്യന്‍ സ്‌റ്റേറ്റിന് ആവശ്യമില്ലാത്ത ഔട്ട്‌സൈഡറാണ് മുഖര്‍ജി. കാരണം അവരുടെ പെയിന്റിംഗുകള്‍ വെല്ലുവിളിക്കുന്നത് ദേശത്തിന്റെ റൊമാന്റിക് ഭാവനകളെയാണ്. ദേശത്തിന്റെ സന്നിഹിതങ്ങളെ അസന്നിഹിതമാക്കുന്ന, ദേശത്തിന്റെ അസന്നിഹിതങ്ങളെ സന്നിഹിതമാക്കുന്ന കലാവിഷ്‌കാരങ്ങളാണ് അവരുടേത്. ഇന്ത്യ എന്ന ആധുനിക ദേശരാഷ്ട്രത്തിന്റെ പരാജയത്തെയാണ് അവര്‍ ക്യാന്‍വാസില്‍ പകര്‍ത്തുന്നത്.

വ്യത്യസ്തങ്ങളായ പ്രൊജക്ടുകളിലൂടെ ഇന്ത്യന്‍ ദേശരാഷ്ട്രം സാധ്യമാക്കുന്നത് കാശ്മീരിനെക്കുറിച്ച മറവിയെയാണ്. കശ്മീരികളുടെ ഓര്‍മ്മയെയാണ് സ്റ്റേറ്റ് ഭയക്കുന്നത്. മുഖര്‍ജിയുടെ പെയിന്റിംഗുകള്‍ ദേശം കുഴിച്ച് മൂടിയ ഓര്‍മ്മകളെ തിരിച്ച് പിടിക്കാനുള്ള ശ്രമമാണ്. ചരിത്രമെഴുത്തിന്റെ ഔദ്യോഗിക ചരിത്രത്തെ തന്നെയാണ് അത് വെല്ലുവിളിക്കുന്നത്. അങ്ങനെ വേദനയുടെയും ചെറുത്ത്‌നില്‍പ്പിന്റെയും ഉജ്ജ്വലമായ ആവിഷ്‌കാരങ്ങളെ അവ വീണ്ടെടുക്കുന്നു.

b

ഏത് ജീവിതങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്, ഏതാണ് തിരസ്‌കരിക്കപ്പെടേണ്ടത് എന്നതിനെക്കുറിച്ച് നിലനില്‍ക്കുന്ന അധികാര ഭാഷ്യങ്ങളെ മുഖര്‍ജിയുടെ പെയിന്റിംഗുകള്‍ ചോദ്യം ചെയ്യുന്നുണ്ട്. വിലാപങ്ങളുടെ കാശ്മീരി ആവിഷ്‌കാരങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തിയാണ് അവരത് സാധ്യമാക്കുന്നത്. രക്തസാക്ഷികളാക്കപ്പെടുന്നവരുടെ മേല്‍ മധുരവും പുഷ്പങ്ങളും ചൊരിഞ്ഞാണ് കാശ്മീരില്‍ വിലാപയാത്രകള്‍ നടത്തപ്പെടുന്നത്. വിലാപം ഒരു പ്രണയാവിഷ്‌കാരമാണ്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള നിലക്കാത്ത പോരാട്ടമാണത്. എന്നാല്‍ വിലാപത്തിന്റെയും നഷ്ടത്തിന്റെയും ഇമേജുകളെ മരണത്തിന്റെയും ദുരന്തത്തിന്റെയും സമയത്ത് ഒരാള്‍ക്ക് എങ്ങനെയാണ് ശ്രദ്ധിക്കാനാവുക? എന്നാല്‍ നിശ്ചിതങ്ങളായ അത്തരം പ്രതിനിധാനങ്ങളെ ചോദ്യം ചെയ്യുന്ന ആവിഷ്‌കാരമാണ് മുഖര്‍ജി നടത്തുന്നത്.

കാശ്മീര്‍ ജനതയും അവരുടെ ലോകവുമാണ് മുഖര്‍ജിയുടെ ക്യാന്‍വാസില്‍ പകര്‍ത്തപ്പെടുന്നത്. കശ്മീരിന്റെ സാംസ്‌കാരികവും രാഷ്ട്രീയപരവുമായ ചരിത്രത്തെയും അധിനിവേശത്തെയും അവര്‍ ലോകത്തിന് മുമ്പില്‍ കാണിച്ച് കൊടുക്കുന്നു. അവരുടെ ഓരോ ഇമേജിനും ആവിഷ്‌കരിക്കാനുള്ളത് അസ്തിത്വത്തെക്കുറിച്ച തത്വചിന്താപരമായ ആലോചനകളാണ്. ചുരുക്കത്തില്‍, അവരുടെ ക്യാന്‍വാസുകള്‍ ഒരു വിലാപമാണ്, ഓര്‍മ്മയാണ്, സാക്ഷ്യമാണ്, പ്രക്ഷോഭമാണ്, അതിജീവനമാണ്.

u

മുഖര്‍ജി കാശ്മീര്‍ സന്ദര്‍ശിച്ചിട്ടില്ല. മറിച്ച്, കാശ്മീര്‍ അവരെയാണ് സന്ദര്‍ശിച്ചിട്ടുള്ളത്. അവര്‍ക്കൊരിക്കലുമില്ലാതിരുന്ന ഓര്‍മ്മയുടെ ഭാരമാണ് അവര്‍ വഹിക്കുന്നത്. അവരുടെ ക്യാന്‍വാസുകളെ പരിശോധിക്കുന്നവര്‍ക്ക് അവരൊരിക്കലും കാശ്മീര്‍ സന്ദര്‍ശിച്ചിട്ടില്ല എന്നത് വിശ്വസിക്കുക പ്രയാസമാണ്. കാരണം, വേദനയാലും പ്രണയത്താലും പോരാട്ടത്താലും മുഖരിതമായ കാശ്മീരി ജീവിതത്തെ അത്ര സുന്ദരമായാണ് അവര്‍ ആവിഷ്‌കരിക്കുന്നത്.

കാശ്മീര്‍ വേദനയിലാണ്; നിരാശയിലല്ല. തീവ്രമായ അഭിലാഷത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്. മുഖര്‍ജിയുടെ ക്യാന്‍വാസുകള്‍ ഉണര്‍ത്തുന്നത് ഈ അഭിലാഷത്തെയാണ്.

 

കശ്മീര്‍ സ്വദേശിയാണ് ഉസ്മ ഫലക്ക്. കാരവന്‍, ജദലിയ്യ, തുടങ്ങിയ ജേര്‍ണലുകളില്‍ അവരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയില്‍ പി. എച്ച്. ഡി ചെയ്യുന്നു. New Internationalists എന്ന ജേര്‍ണലില്‍ കോളമെഴുതാറുണ്ട്.