Campus Alive

സംവരണ ചർച്ചകൾ അസ്വസ്ഥപ്പെടുത്തുന്നത് ആരെ?

 (കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ എസ് മാധവനെതിരെ, സംവരണ വിഷയത്തിൽ ലേഖനം എഴുതിയതിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതേതുടർന്ന്, സംവരണ ചർച്ചകൾ അസ്വസ്ഥപ്പെടുത്തുന്നത് ആരെ?’ എന്ന പേരിൽ  ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള സംഘടിപ്പിച്ച ചർച്ചാസംഗമത്തിൽ ഡോ പി.കെ പോക്കർ, ഡോ സാദിഖ് പികെ, ഡോ. റഷീദ് അഹമ്മദ് എന്നിവർ നടത്തിയ സംസാരം)


ഡോ. പി.കെ പോക്കർ

(കാലിക്കറ്റ് യൂണിവേഴ്സിറ്റി, വൈക്കം മുഹമ്മദ് ബഷീർ ചെയർ, വിസ്റ്റിങ് പ്രൊഫസർ)

“ഇന്ത്യാ രാജ്യത്തിന്റെ സവിശേഷ സ്വഭാവം പരിഗണിക്കുന്ന സവിശേഷമായ ഒരു ഭരണഘടന ഉണ്ടായി എന്നത് രാജ്യത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്. എന്നാൽ, സ്വതന്ത്ര ഇന്ത്യയിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് മുതൽ രജീന്ദ്ര സച്ചാർകമ്മിറ്റി റിപ്പോർട്ട് വരെ എടുത്ത് പരിശോധിക്കുമ്പോൾ മനസ്സിലാവുന്ന കാര്യം, ഇന്ത്യൻ ഭരണഘടന ബഹുസ്വരത വിഭാവനം ചെയ്യുമ്പോഴും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് കീഴാള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മണ്ഡലങ്ങളിലോ പ്രാഥമിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പോലുമോ അർഹമായ പ്രവേശനം ലഭിച്ചിട്ടില്ല എന്നതാണ്.

യഥാർത്ഥത്തിൽ, ഇന്ത്യാ രാജ്യത്തെ സംബന്ധിച്ചേടത്തോളം 7 പതിറ്റോളമായി സ്വാതന്ത്രം കിട്ടിയിട്ടും രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രങ്ങൾ വരേണ്യമായ ഒരു വിഭാഗത്തിന്റെ കൈപ്പിടിയിലാണ് എന്നതൊരു യാഥാർത്ഥ്യമാണ്. ഇന്ത്യയുടെ സവിശേഷ സ്വഭാവം പരിഗണിക്കുമ്പോൾ തീർച്ചയായും ഈ വരേണ്യ വിഭാഗം ഇന്ത്യയിലെ ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണെന്ന് നിസ്സംശയം പറയാൻ കഴിയും. ഇന്ത്യയെ സംബന്ധിച്ചേടത്തോളം, മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും സച്ചാർ കമ്മിറ്റി റിപ്പോർട്ടും സൂചിപ്പിക്കുന്ന പോലെ, ഇന്ത്യയിലെ ജ്ഞാനോൽപ്പാദന പ്രക്രിയയിലും വിഭവങ്ങളിലുമുള്ള പങ്കാളിത്തം എല്ലാ വിഭാഗങ്ങളിൽ നിന്നും ഉണ്ടാക്കിയെടുക്കണം എന്നതാണ്. എത്രമാത്രം അതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്?

ഉദാഹരണത്തിന്, കേരളം പോലൊരു സംസ്ഥാനത്തെ പരിശോധിച്ചു കഴിഞ്ഞാൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി, വിദ്യാഭ്യാസ മണ്ഡലങ്ങളിലും സാമൂഹ്യ ജീവിതത്തിലും വലിയ പുരോഗതി നേടിയിട്ടുണ്ടെന്ന് അവകാശപ്പെടാൻ കഴിയും. അതേസമയം, സർവകലാശാലകളും എയ്ഡഡ് കോളേജുകളും പോലുള്ള ഉന്നത വിദ്യാഭ്യാസ മണ്ഡലങ്ങൾ പരിശോധിക്കുമ്പോൾ അവിടങ്ങളിലൊക്കെയും ദലിതരുടെയും മറ്റ് പിന്നാക്ക ജനവിഭാഗങ്ങളുടെയും അർഹമായ പ്രാതിനിധ്യം സഫലീകരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നത് ഒരു യാഥാർത്ഥ്യമായി കാണാൻ കഴിയും.

നമുക്കറിയാവുന്നത് പോലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി പഠന ഗവേഷണങ്ങൾക്ക് മേൽക്കൈയുള്ള ജ്ഞാനോൽപ്പാദന കേന്ദ്രങ്ങളാണ് സർവകലാശാലകൾ. ഇവിടങ്ങളിൽ ജനാധിപത്യവും ബഹുസ്വരതയിലധിഷ്ഠിതമായ മതനിരപേക്ഷ കാഴ്ചപ്പാടുകളും വികസിപ്പിക്കുക എന്നത് ജ്ഞാനോൽപ്പാദന പ്രക്രിയയിൽ അനിവാര്യമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടിക്കൂടിയാണ്. പലരും കരുതുന്നത് പോലെ ദാരിദ്ര നിർമ്മാർജ്ജനത്തിന് വേണ്ടിയുള്ള ഒരുതരം കിറ്റ് വിതരണമല്ല സംവരണമെന്നത്. സംവരണത്തിന്റെ ലക്ഷ്യമെന്നത് ഡോ അംബേദ്കർ ഉദ്ദേശിച്ചതും ഭരണഘടന വിഭാവനം ചെയ്യുന്നതുമായ സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ഭരണ-വൈജ്ഞാനിക മണ്ഡലങ്ങളുൾപ്പെടെയുള്ള എല്ലാ മേഖലയിലും അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ്.

കഴിഞ്ഞ ദിവസം വന്നിട്ടുള്ള സുപ്രീം കോടതി വിധിയിൽ വൈരുദ്ധ്യങ്ങളുണ്ടാവാം. സച്ചിതാനന്ദന്റെ കവിതയിൽ പറയുന്നതുപോലെ പോറ്റിയുടെ കോടതിയിൽ നിന്ന് പുലയന് നീതി ലഭിക്കണമെന്നില്ല. അതുകൊണ്ട് തന്നെ കോടതിവിധികളെ മാത്രം അവലംബിച്ച് കാര്യങ്ങളെ വിഭാവനം ചെയ്യാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. അതേസമയം നമ്മുടെ ജീവിത പരിസരങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ, കാലിക്കറ്റ് സർവകലാശായിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആരും തന്നെ അധ്യാപകരായി ഇല്ല എന്നാണ് മനസ്സിലാവുന്നത്. അത്തരത്തിൽ ഭരണഘടനയും നിയമ വ്യവസ്ഥയും വിഭാവനം ചെയ്യുന്ന നീതി നിർവ്വഹണത്തിന് കഴിയുന്നില്ലാ എങ്കിൽ നമ്മുടെ ഭരണനിർവഹണമെന്നത് വലിയ പരാജയമാണെന്ന് പറയേണ്ടി വരും. അതിനെ വിമർശിച്ചുകൊണ്ട് മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. അത്തരം വിമർശനങ്ങളാണ് കേരളത്തെയും ഇന്ത്യയെയും ഒരു പരിധിവരെയെങ്കിലും ജനാധിപത്യപരവും മതനിരപേക്ഷവുമാക്കി തീർക്കുന്നത്. അതിനാൽ, ഉൾക്കൊള്ളൽ ജനാധിപത്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ ഇടപെടലുകൾ അടിയന്തിരമായി നടക്കേണ്ടതുണ്ട്. സർവകലാശാലകൾ എന്നത് ആരെയെങ്കിലും സഹായിക്കാനുള്ള പദ്ധതിയാണെന്ന് തോനുന്നില്ല, ദലിതരെയും പിന്നാക്ക വിഭാഗക്കാരെ സംബന്ധിച്ച് പോലും സംവരണം ആ അർത്ഥത്തിലല്ല. മറിച്ച് അവരിലെ വിഭവശേഷിയെ ജനതക്ക് ഉപയോഗപ്പെടുക എന്ന അർത്ഥത്തിൽ കൂടിയാണ്. അങ്ങനെയൊരു ഉൾക്കൊള്ളൽ ജനാധിപത്യ സംവിധാനത്തെ വികസിപ്പിക്കണമെങ്കിൽ കാര്യങ്ങൾ കൂടുതൽ സുതാര്യമാവേണ്ടതുണ്ട്. അതിന് വിപരീതമായ വ്യവസ്ഥയാണ് യഥാർത്ഥത്തിൽ മാറേണ്ടത്, അത് സംവരണത്തിന്റെ കാര്യത്തിലായാലും മറ്റ് വിഷയങ്ങളിലായാലും. അത്തരത്തിലുള്ള ഇടപെടലുകളാണ് ഡോ കെ.എസ് മാധവനുൾപ്പെടെയുള്ള പലരും വിവിധ മണ്ഡലങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്നത്. അവയെ ഭരണകൂടങ്ങളോ ഭരണനിർവഹണ വിഭാഗങ്ങളോ ഭയപ്പെടുന്നുണ്ടെങ്കിൽ അതവരുടെ മടിയിൽ കനമുള്ളത് കൊണ്ടാണെന്ന് തീർച്ചയാണ്”.


ഡോ. സാദിഖ് പി.കെ

(CEDEC NISWAS ഭുവനേശ്വർ, ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ കമ്മ്യൂണിക്കേഷൻ)

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ചരിത്രവിഭാഗം അധ്യാപകനും കേരളീയ പൊതുമണ്ഡലത്തിൽ നിറസാന്നിധ്യവുമായ ഡോ. കെ.എസ് മാധവനെതിരെ യൂണിവേഴ്സിറ്റി കൈക്കൊണ്ട നടപടിക്കെതിനെതിരെ വിവിധങ്ങളായ പ്രതിഷേധങ്ങൾ ഉയർന്നു വരികയാണ്. ഡോ. പി കെ പോക്കറും കെ.എസ് മാധവനും, കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ സംവരണവിരുദ്ധ മനോഭാവത്തിനെതിരെ എഴുതിയ ഒരു ലേഖനത്തെ ചൊല്ലിയാണ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അദ്ദേഹത്തിനെതിരെ മെമ്മോ നൽകിയിരിക്കുന്നത്. വളരെ പ്രസക്തമായ ഒരു വിഷയം പൊതുമാധ്യമ മേഖലയിലൂടെ ഉന്നയിച്ചതിനാണ് ഇത്തരമൊരു നടപടി ഉണ്ടായിട്ടുള്ളത്.

ഡോ. കെഎസ് മാധവൻ

കേരളത്തിലെ വൈജ്ഞാനിക സംവാദങ്ങളും ചരിത്രാന്വേഷണങ്ങളും പരിശോധിക്കുന്നവർക്ക് സുപരിചിതനായ വ്യക്തിയാണ് ഡോ. മാധവൻ. കേരളത്തിലെ ചരിത്രാന്വേഷണങ്ങളിൽ വളരെ വ്യത്യസ്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വെച്ച് പുലർത്തുകയും കേരളീയ പൊതുമണ്ഡലത്തിൽ തന്റെ വൈജ്ഞാനികാന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ സാമൂഹ്യനീതിയുടെയും സാഹോദര്യത്തിന്റെയും പക്ഷത്ത് ഉറച്ചു നിന്നുകൊണ്ടുള്ള നിലപാടെടുക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെയുള്ള ഈ നിലപാട് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയെ പോലൊരു യൂണിവേഴ്സിറ്റിയിൽ നിന്ന് ഉണ്ടാവുന്നത് എന്ന് നാം ആലോചിക്കേണ്ടതുണ്ട്.

സംവരണത്തെ കുറിച്ചുള്ള ഒരു ലേഖനത്തിന്റെ പേരിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. കെ.എസ് മാധവനെ പോലുള്ളവർ സംവരണം പോലുള്ള രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നത് എന്തുകൊണ്ടാണ് യൂണിവേഴ്സിറ്റിക്ക് ഇത്ര പ്രശ്നകരമായി മാറിയത് എന്നു നാം ആലോചിക്കേണ്ടതുണ്ട്. സംവരണത്തിനു വേണ്ടിയുള്ള തീർത്തും ഭരണഘടനാദത്തമായ അവകാശത്തെ കുറിച്ച വാദഗതികളാണ് ഡോ. മാധവനും പി.കെ പോക്കറും അവരുടെ ലേഖനങ്ങളിൽ ഉയർത്തിയത്. സംവരണെന്നത് ഇന്ത്യയിലെ സാമൂഹിക നീതിയുടെയും സാമൂഹിക സമത്വത്തിന്റെയും അടിസ്ഥാനപരമായ ഒരു തത്വമാണ്. കാരണം, ഇന്ത്യയിൽ ഭരണഘടനാദത്തമായ നിയമങ്ങൾ നിലനിൽക്കുമ്പോൾ തന്നെയും സാമൂഹിക നിയമങ്ങളും സാംസ്കാരിക നിയമങ്ങളുമാണ് പലപ്പോഴും ഭരണഘടനാ തത്വങ്ങളെ പോലും അതിലംഘിച്ചു കൊണ്ട് വിജയിച്ചു വരാറുള്ളത്. അത്കൊണ്ട് തന്നെ ഇന്ത്യയിൽ സംവരണം പോലുള്ള തത്വങ്ങൾ, ചരിത്രപരമായി തന്നെ സാമൂഹിക ജീവിതത്തിൽ നിന്ന് പുറന്തള്ളപ്പെട്ട വിഭാഗങ്ങളുടെ സാമൂഹികനീതിക്കും സാമൂഹികസുരക്ഷിതത്വത്തിനും വേണ്ടിയുള്ള അവകാശവാദങ്ങളെ ഉറപ്പിച്ചു നിർത്തുന്ന ഒന്നാണ്. എന്നാൽ ഈ തത്വങ്ങളെ തന്നെ അട്ടിമറിക്കുകയാണ് കേരളത്തിലെ യൂണിവേഴ്സിറ്റികൾ എന്ന വാദമാണ് ലേഖനത്തിലൂടെ അവർ മുന്നോട്ട് വെച്ചത്.

സമൂഹത്തിലെ സാമൂഹിക-സാംസ്കാരിക അധികാര ഘടനകളെ പരിഗണിക്കാതെ, നീതിയുടെയും സാഹോദര്യത്തിന്റെയും പക്ഷത്ത് നിന്ന് കൊണ്ട് ചോദ്യങ്ങൾ ചോദിക്കേണ്ട ഒരു ഇടമായാണ് നാം യൂണിവേഴ്സിറ്റികളെ മനസ്സിലാക്കാറുള്ളത്. എന്നാൽ ഇന്ത്യയിലെ സാമൂഹിക നീതിയുടെ ആണിക്കല്ലായ സംവരണത്തിന് വേണ്ടി വാദിച്ചതിന്റെ പേരിൽ, നേരത്തെ സൂചിപ്പിച്ചത് പോലെ നിലനിൽക്കുന്ന സാമൂഹിക അധികാര ഘടനയുടെയും സംസ്‍കാരിക അധികാരഘടനയുടെയും പക്ഷത്തു നിന്ന് കൊണ്ട് അദ്ദേഹത്തെ ക്രൂശിക്കുവാൻ വേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലാണ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുള്ളത്. ഇതേ പ്രശ്നം തന്നെയാണ് ഡോ. മാധവനും ഡോ. പി കെ പോക്കറും അവരുടെ ലേഖനത്തിലൂടെ ഉന്നയിക്കാൻ ശ്രമിച്ചതും എന്നതാണ് ഏറ്റവും വിരോധാഭാസമുള്ള കാര്യം.

കാരണം, ആരാണ് ഇന്ത്യയിലെ യൂണിവേഴ്സിറ്റികളെയും പൊതുമണ്ഡലത്തെയും നിയന്ത്രിക്കുകയും നിലനിർത്തുകയും ചെയ്യുന്നത്? ഒരുപക്ഷേ, നാം ആധുനികവൽക്കരിക്കപ്പെട്ടു, നിയമവാഴ്ച്ചക്ക് കീഴ്പ്പെട്ടു അല്ലെങ്കിൽ നീതിയുടെ താല്പര്യങ്ങൾക്ക് ഒപ്പം നിൽക്കുന്നു എന്നൊക്കെ പറയുമ്പോൾ പോലും പലപ്പോഴും സാമൂഹിക-സാംസ്കാരിക അധികാരത്തിന്റെ ഘടനകളാണ് ഈ യൂണിവേഴ്സിറ്റികളെ പോലും നിയന്ത്രിക്കുന്നത്. ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കുറിച്ച് ആഴത്തിലുള്ള ഇത്തരം വിമർശനങ്ങൾ ഉണ്ടാവുകയും വലിയ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അത് വേദിയാവുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും മണ്ഡൽ റിപ്പോർട്ടിനു ശേഷം യൂണിവേഴ്സിറ്റികളിൽ ഇത്തരം ചോദ്യങ്ങൾ രാഷ്ട്രീയ ചോദ്യങ്ങളായി തന്നെ വളരെ ശക്തമായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കേവല സാന്നിധ്യം എന്നതിനപ്പുറം വളരെ ശക്തമായ രാഷ്ട്രീയചോദ്യങ്ങൾ ഉന്നയിക്കുന്ന ഒരു പുതിയ തലമുറ വൈജ്ഞാനിക രാഷ്ട്രീയ മേഖലയിൽ ഉയർന്നു വന്നിട്ടുണ്ട്. ഡോ. കെഎസ് മാധവൻ അടക്കമുള്ള ആളുകളുടെ വൈജ്ഞാനിക ഇടപെടലുകൾ പരിശോധിച്ചാൽ തന്നെയും ഇത് മനസ്സിലാക്കാൻ സാധിക്കും.

ഒരുപക്ഷേ,  ഉത്തരേന്ത്യയുടെയും കേരളത്തിന്റെയും വൈജ്ഞാനിക ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പരിശോധിച്ചാൽ അത് കാണാൻ കഴിയും. കേവല സാന്നിദ്ധ്യങ്ങൾ എന്നതിനപ്പുറം രാഷ്ട്രീയമായ ചോദ്യങ്ങൾ ഉന്നയിക്കുകയും,  അതുപോലെ തങ്ങളുടെ അനുഭവമണ്ഡലങ്ങള കേവല അനുഭവ മണ്ഡലങ്ങളിൽ നിലനിർത്താതെ അതിനെ രാഷ്ട്രീയമായും ആഴത്തിലുള്ള സൈദ്ധാന്തിക അനുഭവങ്ങളായും വികസിപ്പിക്കുകയും,  അതുവഴി നമ്മുടെ ജനാധിപത്യവൽക്കരണ പ്രക്രിയയെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ഡോ. മാധവൻ അടക്കമുള്ളവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ തടസ്സപ്പെടുത്തുക, അല്ലെങ്കിൽ, ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുക എന്നതാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തിന്റെ അടിസ്ഥാന പ്രേരണ എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളിലും പലഘട്ടങ്ങളിലായി ഇത് നടന്നിട്ടുണ്ട്. പക്ഷേ, അത്തരം സന്ദർഭങ്ങളിലെല്ലാം തന്നെ വളരെ  തീക്ഷ്ണമായ സമരങ്ങളും പോരാട്ടങ്ങളും യൂണിവേഴ്സിറ്റികളിൽ നടന്നിട്ടുള്ളതായി കാണാൻ സാധിക്കും. പക്ഷെ കേരളത്തെപ്പോലെ, വളരെ പുരോഗമനം അവകാശപ്പെടുന്ന,  അല്ലെങ്കിൽ സാമൂഹികവും സാംസ്കാരികവുമായ അധികാരഘടനകൾക്ക് വലിയ ഇടമില്ല എന്ന് മേനി പറഞ്ഞു കൊണ്ടിരിക്കുന്ന ഒരിടത്താണ് ഈ മെമ്മോ വന്നിട്ടുള്ളത്.

കേവല സാന്നിദ്ധ്യങ്ങളായി നിലനിൽക്കാതെ,  രാഷ്ട്രീയപരമായി ചിന്തിക്കുകയും രാഷ്ട്രീയ ചോദ്യങ്ങൾ ഉന്നയിക്കുകയും നമ്മുടെ വൈജ്ഞാനിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ സ്റ്റാറ്റസ് ക്വോയിസത്തെ ശക്തമായി ചോദ്യംചെയ്യുകയും അതിനെ പുതുക്കിപ്പണിയാൻ ശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ-വൈജ്ഞാനിക വിഷയികളെ ഒരർത്ഥത്തിൽ ഭീഷണിപ്പെടുത്തുവാനോ അവർക്ക് താക്കീത് നൽകുവാനോ ഉള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇത്തരം നടപടികൾ. അതുകൊണ്ടുതന്നെ അതിനെതിരെയുള്ള മുന്നേറ്റങ്ങൾ കേരളത്തിലെ ജനാധിപത്യ സമരത്തിലെ വളരെ നിർണായകമായ ഒരു പ്രക്രിയയാണ് എന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. അതിന് സാധിക്കുക എന്നു പറയുന്നത് കേരളത്തിലെ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെയും അത് നേടിയെടുത്തിട്ടുള്ള ജനാധിപത്യപരമായ അവകാശങ്ങളുടെ മുന്നോട്ടുപോക്കിനെയും സംബന്ധിച്ചേടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

അതോടൊപ്പം, കേരളത്തിൽ സംവരണത്തെക്കുറിച്ചുള്ള വലിയ സംവാദങ്ങളും ചർച്ചകളും നടന്നു കഴിഞ്ഞതിനു ശേഷമാണ് ഈയൊരു മെമ്മോ ഉയർന്നുവരുന്നത്. കേരളത്തിൽ സവർണ സംവരണം  നടപ്പിലാക്കി, വീണ്ടും ഭരണത്തുടർച്ചയിലേക്ക് വന്ന ഇടതുപക്ഷ സർക്കാർ സാമ്പത്തിക സംവരണം എന്ന പേരിൽ സവർണ സംവരണം നടപ്പിലാക്കുകയും, ചരിത്രപരമായി നിലനിന്നിരുന്ന അനീതികളെയും,  ആധിപത്യം പുലർത്തിയിരുന്ന സാമൂഹിക അധികാര ശക്തികളെയും വീണ്ടും ഭരണഘടനാനിർവഹണ മേഖലയിലേക്കും, വൈജ്ഞാനിക മേഖലയിലേക്കും പുനരാനയിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കെയാണ് ഇതിനെ ശക്തമായി ചോദ്യം ചെയ്യുന്ന സമീപനവുമായി കെ.എസ് മാധവൻ അടക്കമുള്ളവർ രംഗത്ത് വരുന്നത്. അത്കൊണ്ട്തന്നെ, ഇത്തരം ചോദ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ഒരു പരിശ്രമത്തിന്റെ കൂടി ഭാഗമാണ് ഈ നടപടികൾ എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

ഈ മെമ്മോ പിൻവലിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ അതുകൊണ്ട് തന്നെ ജനാധിപത്യവൽക്കരണ പ്രക്രിയയിലെ ശക്തമായ ഇടപെടലുകളുടെ ഭാഗമായി തന്നെ മുന്നോട്ടു പോകേണ്ടതുണ്ട്. തീർച്ചയായും,  സാമൂഹ്യ നീതിയെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും വാചാലരാകുന്നവരെ സംബന്ധിച്ചേടത്തോളം, നിലനിൽക്കുന്ന സാമൂഹ്യ അധികാരങ്ങളുട താല്പര്യങ്ങളാണോ, അതോ സംവരണത്തെപ്പോലുള്ള സാമൂഹ്യ നീതിയുടെ താല്പര്യങ്ങളാണോ എന്ന സംഘർഷത്തിൽ എവിടെയാണ് നിങ്ങളുടെ പക്ഷം എന്ന് ഉറപ്പിച്ചു പറയേണ്ടതുണ്ട്.

ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ഈ ശ്രമത്തിനെതിരെ കെ. എസ് മാധവനോടൊപ്പം നിലനിൽക്കുക എന്നത് കക്ഷി രാഷ്ട്രീയ തർക്കം എന്നതിനപ്പുറം ഇന്ത്യയിലെ, കീഴാള ജനവിഭാഗങ്ങളെയും പൊരുതികൊണ്ടിരിക്കുന്ന പുതിയ സാമൂഹിക രാഷ്ട്രീയ വിഷയികളെയും പുതിയ വൈജ്ഞാനിക ചോദ്യങ്ങളെയും സംബന്ധിച്ചേടത്തോളം, അവരുടെ മുന്നോട്ട് പോക്കിൽ വളരെ പ്രാധാന്യമുള്ളതാണ്. ആ അർത്ഥത്തിൽ കെ.എസ് മാധവനെതിരായിട്ടുള്ള ഈ മെമ്മോ പിൻവലിക്കപ്പെടുന്നത് വരെ നിരന്തരമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുന്നതിന് നാം തയ്യാറാകേണ്ടതുണ്ട്. അതോടൊപ്പം സാമൂഹ്യ നീതിയെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഈയൊരു പ്രശ്നത്തിൽ ഇടപെടാൻ തയ്യാറാകണം എന്നുമാണ് എനിക്ക് പറയാനുള്ളത്.


ഡോ. റഷീദ് അഹമ്മദ് 

(കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം)

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റ് ഹിസ്റ്ററി ഡിപ്പാർട്മെന്റ് അസോസിയേറ്റ് പ്രൊഫസർ ഡോ. മാധവനെതിരെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അച്ചടക്ക നടപടിയിലേക്ക് പോകുന്നത് അപലപനീയമാണ്. യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രഗത്ഭരായ അധ്യാപകരുടെ കൂട്ടത്തിൽ ഒരാളാണ് ഡോ. മാധവൻ. എഴുത്തുകാരനും ആക്ടിവിസ്റ്റും അരികുവൽകൃത സമുദായങ്ങൾക്ക് വേണ്ടി കാര്യമായി പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തകനും കൂടിയാണ് അദ്ദേഹം. ഈ മേഖലയിൽ ധാരാളം ഗവേഷണവും പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹം സദുദ്ദേശത്തോടെ മാധ്യമം ദിനപത്രത്തിൽ എഴുതിയ ഒരു ലേഖനം ചൂണ്ടിക്കാട്ടി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അധികൃതർ അദ്ദേഹത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്. ഡോ. മാധവന് യൂണിവേഴ്സിറ്റി നോട്ടീസ് കൊടുത്തതിൽ സിൻഡിക്കേറ്റിന് യാതൊരു പങ്കുമില്ലെന്നതാണ് ആദ്യമേ പറയാനുള്ള കാര്യം. സിൻഡിക്കേറ്റ് ഇത്തരമൊരു വിഷയം ചർച്ച ചെയ്യുകയോ അതിനെക്കുറിച്ചു എന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

അപ്പോൾ പിന്നെ ആരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അതാണ് അദ്ദേഹത്തിന്റെ ലേഖനത്തിൽ പറഞ്ഞ സംവരണ വിരുദ്ധ മാഫിയ എന്ന് പറയുന്നത്. ഈ സംവരണ വിരുദ്ധ മാഫിയയുടെ കൈകളിലാണ് ഇപ്പൊൾ യൂണിവേഴ്സിറ്റിയുള്ളത്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും രജിസ്ട്രാറും ഉൾപ്പടെയുള്ളവർ ഈ സംവരണ വിരുദ്ധ മാഫിയ പറയുന്നത് പോലെയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു മുൻപും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അധ്യാപകർക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിവിധ അധ്യാപകർക്കെതിരെ രാഷ്ട്രീയ വിദ്വേഷം കാരണം നടപടികൾ ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങളുടെയും കോടതിയുടെയും ഭാഗത്തു നിന്നുണ്ടായ കണിഷമായ ഇടപെടൽ കാരണമാണ് അവർക്കെതിരെയുള്ള അച്ചടക്ക നടപടികളിൽ നിന്ന് യൂണിവേഴ്സിറ്റിക്ക് പിന്മാറേണ്ടി വന്നത്.

തങ്ങളുടെ നിലപാടിനൊപ്പം നിൽക്കാത്ത ചില വ്യക്തികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സമീപനമാണ് യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതാണ് നേരത്തെ പറഞ്ഞ സംവരണ വിരുദ്ധ മാഫിയ. അധ്യാപകരെ ഇത്തരത്തിൽ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിൽ ഏതെങ്കിലും ഒരു അധ്യാപകന് എതിരെ ഇത്തരമൊരു നടപടി വരുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ രംഗത്തിറങ്ങുന്ന ഒരാളും ഇക്കാര്യത്തിൽ പ്രതികരിച്ചു കാണുന്നില്ല. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ ബുദ്ധിജീവികളെന്ന് പറയപ്പെടുന്ന പലരും ഈ വിഷയത്തിൽ ഒന്നും പറയുന്നില്ല.

ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആണ് ഡോ. മാധവൻ. അതേ യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസർ ആണ് ഡോ. പികെ പോക്കർ സാറും. പക്ഷെ, മാധവനെതിരെ മാത്രമേ നടപടി ഉണ്ടായിട്ടുള്ളൂ. സ്ഥിര അധ്യാപകൻ അല്ലെങ്കിൽ കൂടി എന്ത് കൊണ്ടാണ് പോക്കർ സാറിനെതിരെ ഒരു നോട്ടീസ് പോലും നൽകാത്തത്. ഒരു ദലിതനായ അധ്യാപകനെതിരെ നടപടി എടുക്കുകയും അതേസമയം മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്യുക. ഈ വരേണ്യ അജണ്ട കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അനുവദിക്കാൻ പാടില്ല. അതിനെതിരെ ബുദ്ധിജീവികളും വിദ്യാഭ്യാസപ്രവർത്തകരും സാംസ്കാരിക നായകരും രംഗത്തിറങ്ങേണ്ടതുണ്ട്.

ഞാൻ നേരത്തെ അവിടുത്തെ സംവരണ വിരുദ്ധ മാഫിയയെ പറ്റി പറഞ്ഞു. അവരാണ് യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിൽ ബാക്ക് ലോഗ് നികത്താതെ നിയമനം നടത്താൻ ശുപാർശ ചെയ്ത ആളുകൾ. മാത്രമല്ല, ഈ അടുത്ത കാലത്ത് വിവാദമായ, അറബിക് കോളേജുകൾക്ക് എതിരെയുള്ള ഒരു നീക്കം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. പ്രസ്തുത വിഷയം സിൻഡിക്കേറ്റിനു മുന്നിൽ വരികയും ഈ സംവരണവിരുദ്ധ മാഫിയയുടെ നിലപാടുകളെ തള്ളിക്കളയുകയുമാണ് സിൻഡിക്കേറ്റ് ചെയ്തത്. അപ്പോൾ നിലവിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് അകത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ മാഫിയയെ തിരിച്ചറിഞ്ഞു അതിനെ തുരത്തുക എന്നത് നമ്മുടെ ഒരു ലക്ഷ്യമായി മാറേണ്ടതുണ്ട്.

യൂണിവേഴ്സിറ്റിയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അധ്യാപന നിയമനം സംവരണ നിയമങ്ങളെ ലംഘിച്ചുകൊണ്ടാണ് നടക്കുന്നത്. അസിസ്റ്റന്റ് പ്രൊഫസർ നിയമനം ഏറെക്കുറെ നടന്നുകഴിഞ്ഞു, വരാനിരിക്കുന്ന അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ പോസ്റ്റുകളിലേക്കുള്ള നിയമനങ്ങളിലെല്ലാം പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണ പ്രകടമാണ്. അതുപോലെ ഭിന്നശേഷി വിഭാഗങ്ങൾക്ക് നൽകേണ്ട സംവരണം കോടതി പറഞ്ഞതിന് വിരുദ്ധമായാണ് യൂണിവേഴ്സിറ്റി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പുറത്ത് വരാതിരിക്കാൻ വേണ്ടി ഇത്തരം കാര്യങ്ങൾ പൊതുസമൂഹത്തോട് തുറന്ന് പറയുന്ന ആളുകളെ നിശബ്ദരാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

എസ്.ടി വിഭാഗത്തിൽ നിന്ന് ഒരാൾ പോലും ഇതുവരെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി നിയമിതനായിട്ടില്ല എന്നുള്ള വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. 1968 ൽ യൂണിവേഴ്സിറ്റി സ്ഥാപിതമായതിന് ശേഷം ഇതുവരെ എസ്.ടി വിഭാഗത്തിൽ പെട്ട ഒരദ്ധ്യാപകൻ പോലും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിയമിതനായിട്ടില്ല. യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഇന്റർവ്യൂവിന് വന്ന സമർത്ഥനായ ഒരു ഉദ്യോഗാർഥിയെ തിരസ്കരിക്കുകയായിരുന്നു കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ചെയ്തത്. അതേസമയം അദ്ദേഹം ഐ.ഐ.എം റാഞ്ചിയിൽ അധ്യാപകനായി ജോയിൻ ചെയ്യുകയും ചെയ്തു. ഈ അടുത്ത് എസ്.ടി വിഭാഗത്തിൽ പെട്ട ഒരുദ്യോഗാർത്ഥി കേന്ദ്ര പട്ടികജാതി കമ്മീഷനെ സമീപിക്കുകയും അതിനെതുടർന്ന് അധ്യാപക നിയമനത്തിലെ തിരിമറികളെ കുറിച്ച് അന്വേഷിക്കാൻ പട്ടികജാതി കമ്മീഷൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളൊക്കെ മുന്നിൽ നിൽക്കുമ്പോഴാണ് ഡോക്ടർ മാധവൻ തന്റെ ഗവേഷണത്തിന്റെ ഭാഗമായി ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നത്.

ലേഖനത്തിൽ ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയെ അദ്ദേഹം പേരെടുത്ത് പരാമർശിക്കുന്നില്ല. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയെ പറ്റി ഒരൊറ്റ സ്ഥലത്തു മാത്രമാണ് പറയുന്നത്, അത് വസ്തുതയാണ്. കേന്ദ്ര പട്ടിക ജാതി കമ്മീഷൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയോട് വിശദീകരണം ചോദിച്ച കാര്യം അദ്ദേഹത്തിന്റെ ലേഖനത്തിൽ പറയുന്നു. മറ്റൊരിടത്തും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയെ പ്രത്യേകിച്ച് പരാമർശിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ സംവരണ നിയമങ്ങൾ പാലിച്ചു കൊണ്ട് നിയമനം നടത്തണമെന്നും അത് ലംഘിക്കാൻ മുന്നിൽ നിൽക്കുന്ന സംവരണ വിരുദ്ധ മാഫിയയെ തുരത്തണമെന്നുമാണ് അദ്ദേഹം പറയുന്നത്. ആ ശ്രമത്തിന് നാമൊക്കെ കൂടെ നിൽക്കണം. അദ്ദേഹത്തിനെതിരെയുള്ള നടപടികൾ പിൻവലിക്കുകയും ലേഖനത്തിൽ ഉന്നയിച്ച കാര്യങ്ങൾ പരിശോധിക്കുകയും വേണം. സംവരണ അട്ടിമറിയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വരെ ലേഖനത്തിൽ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. അത്തരം വിഷയങ്ങളെ കുറിച്ച് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അധികൃതരും സിൻഡിക്കേറ്റും പുതിയ ഗവണ്മെന്റും വളരെ വിശദമായി പരിശോധിച്ച് അതിന് യുക്തമായ തീരുമാനം എടുക്കണമെന്നാണ് ഈ വിഷയത്തെ കുറിച്ച് എനിക്ക് പറയാനുള്ളത്.


തയ്യാറാക്കിയത്: അംജദ് കരുനാഗപ്പള്ളി

ഡോ. പികെ പോക്കർ, ഡോ സാദിഖ് പികെ, ഡോ. റഷീദ് അഹമ്മദ്