Campus Alive

‘സമാധാനത്തിന്റെ ഘാതകർ’: ഫലസ്തീനെക്കുറിച്ച് ദെല്യൂസ്

(1978 ഏപ്രിൽ 7 ന് Le Monde എന്ന ഫ്രഞ്ച് പത്രത്തിൽ ഗിൽസ് ദെല്യൂസ് എഴുതിയ കുറിപ്പാണിത്. പിന്നീട് അദ്ദേഹത്തിന്റെ Two Regimes of Madness എന്ന ഗ്രന്ഥത്തിലേക്ക് ഇത് ചേർക്കപ്പെട്ടു)


സ്വന്തമായൊരു രാജ്യം പോലുമില്ലാതെ ഫലസ്തീനികൾക്ക് എങ്ങനെയാണ് സമാധാന സംഭാഷണങ്ങളിൽ ഒരു ‘ശുദ്ധ പങ്കാളി’ ആയിരിക്കാൻ സാധിക്കുക? എന്നാൽ രാജ്യം തന്നെ തങ്ങളിൽ നിന്ന് അപഹരിക്കപ്പെട്ട സ്ഥിതിക്ക് എങ്ങനെയാണവർക്ക് ഒരു രാജ്യമുള്ളവരാവാൻ കഴിയുക? നിരുപാധികമായി കീഴടങ്ങുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഫലസ്തീനികൾക്ക് മുന്നിലുണ്ടായിരുന്നില്ല. മരണമായിരുന്നു അവർക്ക് നൽകപ്പെട്ട ഒരേയൊരു വഴി. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ, ഇസ്രായേല്യരുടെ ആക്രമണങ്ങൾ ക്രമാതീതമായിരുന്നിട്ടു കൂടി അവരുടെ പ്രവർത്തനങ്ങൾ നിയമപരമായ പ്രത്യാക്രമണങ്ങളായാണ് പരിഗണിക്കപ്പെടാറുള്ളത്. അതേസമയം ഫലസ്തീനികളുടേതാവട്ടെ നിസ്സംശയം തീവ്രവാദ കുറ്റകൃത്യങ്ങളായി കാണുകയും ചെയ്യുന്നു. മാത്രമല്ല, ഒരു ഇസ്രായേല്യന്റെ മരണത്തിന് ലഭിക്കുന്ന പ്രാധാന്യമോ താൽപര്യമോ ഒരു ഫലസ്തീനിയൻ കൊല്ലപ്പെട്ടാൽ ലഭിക്കുകയുമില്ല.

ശെയ്ഖ് ജർറാഹ് പ്രദേശത്ത് ഇസ്രായേല്യർ കയ്യേറിയ തന്റെ ഭവനത്തിന് മുന്നിൽ നിൽക്കുന്ന പെൺകുട്ടി

ദക്ഷിണ ലബനാനിൽ 1969 മുതൽ ഇസ്രായേൽ നിഷ്കരുണം ബോംബ് വർഷം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈയടുത്ത് തങ്ങൾ നടത്തിയ കടന്നാക്രമണം തെൽ-അവീവ് തീവ്രവാദ ആക്രമണത്തോടുള്ള പ്രതികാര നടപടി ആയിരുന്നില്ലെന്ന് ഇസ്രായേൽ തന്നെ തുറഞ്ഞു പറഞ്ഞിരിക്കുന്നു. മറിച്ച്, ഇസ്രായേലിന്റെ തീരുമാനാധികാരത്തിന്റെ മുൻകയ്യിൽ നടക്കുന്ന ആസൂത്രിതമായ സൈനികനീക്ക പരമ്പരയുടെ മൂർദ്ധന്യാവസ്ഥയായിരുന്നു അത്. ഫലസ്തീൻ പ്രശ്നത്തിന് ‘അന്തിമ പരിഹാരം’ കാണുന്നതിന് മറ്റു രാഷ്ട്രങ്ങളുടെ ഐക്യകണ്ഠമായ കൂറ് ഇസ്രായേലിന് പ്രതീക്ഷിക്കാൻ കഴിയും. പക്ഷേ ഒരു രാഷ്ട്രമോ ഭൂമിയോ ഇല്ലാത്ത ഫലസ്തീനികൾ ആ രാഷ്ട്രങ്ങളെ സംബന്ധിച്ചേടത്തോളം ‘സമാധാനത്തിന്റെ ഘാതകർ’ (Spoilers of Peace) ആണ്. ചില പ്രത്യേക രാജ്യങ്ങളിൽ നിന്ന് സാമ്പത്തികവും സൈനികവുമായ സഹായങ്ങൾ ഫലസ്തീന് ലഭിച്ചിരുന്നുവെങ്കിലും അവയൊക്കെയും വ്യർത്ഥമായിരുന്നു. തങ്ങൾ തനിച്ചാണെന്ന് അവർ പറയുമ്പോൾ അതേക്കുറിച്ച കൃത്യമായ ധാരണ ഫലസ്തീനികൾക്കുണ്ട്.

ഒരു തരത്തിലുള്ള വിജയം തങ്ങൾക്ക് നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും ഫലസ്തീനിയൻ സായുധപോരാളികൾ പറയുന്നുണ്ട്. ആക്രമണമുണ്ടായ സമയത്ത് പിടിച്ചുനിന്ന പ്രതിരോധ സംഘങ്ങൾ മാത്രമായിരുന്നു ദക്ഷിണ ലബനാനിൽ ബാക്കിയുണ്ടായിരുന്നത്. ഭൂമി നഷ്ടപ്പെട്ട് താമസിക്കുന്ന ദരിദ്രരായ ഫലസ്തീനിയൻ അഭയാർത്ഥികളെയും ലബനീസ് കർഷകരെയുമാണ് ഇസ്രായേൽ കടന്നാക്രമണം ഭീകരമായി ബാധിച്ചത്. ഗ്രാമങ്ങളും പട്ടണങ്ങളും തകർക്കപ്പെട്ടതും നിരപരാധികളായ പൗരന്മാരെ കൂട്ടക്കൊല ചെയ്തതുമെല്ലാം സ്ഥിരീകരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് വിവിധ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. തീവ്രവാദ ആക്രമണത്തിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത ഇസ്രായേലീ സൈനികാക്രമണം കാരണം നിരന്തരം വന്നും പോയും കൊണ്ടിരിക്കുന്ന തരത്തിൽ ശാശ്വതമായ നാടുകടത്തലിലാണ് ദക്ഷിണ ലബനാനിലെ ജനത. ഏറ്റവും അവസാനം നടന്ന ആക്രമണത്തിൽ 200,000 ൽ അധികം ജനങ്ങൾ അവരുടെ വീടകങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ അഭയാർത്ഥികളായി റോട്ടിലൂടെ അലയുകയാണവർ. 1948 ൽ ഗലീലീയിലും മറ്റ് പലയിടങ്ങളിലും ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട ഒരു രീതിയാണ് ദക്ഷിണ ലബനാനിൽ ഇസ്രായേൽ ഇപ്പോൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്; ദക്ഷിണ ലബനാന്റെ ‘ഫലസ്തീൻവൽക്കരണം’ ആണത്.

ദെല്യൂസ്

ഫലസ്തീനിയൻ സായുധ പോരാളികളിലധികവും ഈ അഭയാർത്ഥി ജനതയിൽ നിന്നാണ് വരുന്നത്. കൂടുതൽ അഭയാർത്ഥികളെ സൃഷ്ടിക്കുകയും അതുവഴി കൂടുതൽ തീവ്രവാദികളെ നിർമ്മിക്കുകയും ചെയ്യുന്നതിലൂടെ സായുധപോരാളികളെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് ഇസ്രായേൽ കരുതുന്നത്.

സങ്കീർണവും ദുർബലവുമായ ഒരു രാജ്യത്തെ ഇസ്രായേൽ കൂട്ടക്കൊല നടത്തിക്കൊണ്ടിരിക്കുകയാണെന്ന് നാം പറയുന്നത് ലെബനാനുമായി നമുക്കുള്ള ബന്ധം കാരണം മാത്രമല്ല. മറ്റൊരു കാരണം കൂടി അതിനുണ്ട്. യൂറോപ്പ് ഉൾപ്പെടെയുള്ള മറ്റിടങ്ങൾ  എങ്ങനെയാണ് തീവ്രവാദപ്രശ്നത്തെ ഭാവിയിൽ കൈകാര്യം ചെയ്യാൻ പോവുന്നത് എന്നതിനെ നിർണയിക്കുന്ന ഒരു മാതൃകയാണ് ഇസ്രായേൽ-ഫലസ്തീൻ സംഘർഷം. കൂടുതൽ കൂടുതൽ ആളുകളെ ‘തീവ്രവാദികൾ’ ആയി കരുതുന്ന ഒരു വർഗ്ഗീകരണത്തിലേക്ക് ലോകമെമ്പാടുമുള്ള രാഷ്ട്ര സഹകരണങ്ങളും ആഗോള പോലീസ്-ക്രിമിനൽ പ്രൊസീഡിങ്ങ് സംഘടനയും അനിവാര്യമായും പോവും. ഭയാനകമായ ഒരു ഭാവിയുടെ പരീക്ഷണശാലയായി സ്പെയിൻ മാറിയ സ്പാനിഷ് സിവിൽ വാറിന് സമാനമാണ് ഈ അവസ്ഥാവിശേഷം.

ഖുബ്ബത്തുസ്സഖ്റ

ഇന്ന് ഇസ്രായേൽ ഒരു പരീഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ നടപ്പിലാക്കി കഴിഞ്ഞാൽ മറ്റുരാജ്യങ്ങൾക്കും ലാഭം കൊയ്യാവുന്ന ഒരു അടിച്ചമർത്തൽ മാതൃകയാണ് ഇസ്രായേൽ കണ്ട് പിടിച്ചിരിക്കുന്നത്. വലിയൊരു തുടർച്ച ഇസ്രായേലിന്റെ രാഷ്ട്രീയത്തിലുണ്ട്. ഇസ്രായേലിനെ അപലപിച്ച് കൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ വാസ്തവത്തിൽ ഇസ്രായേലിനെ ശെരിവെക്കുന്നവ ആണെന്നാണ് ഇസ്രായേൽ വിശ്വസിക്കുന്നത്. അധിനിവേശ പ്രദേശങ്ങൾ വിട്ടുപോവാനുള്ള ക്ഷണങ്ങളെ അവിടങ്ങളിൽ കോളനികൾ സ്ഥാപിക്കാനുള്ള അവകാശമായി ഇസ്രായേൽ പരിവർത്തിപ്പിക്കുന്നു. ദക്ഷിണ ലബനാനിലേക്ക് സമാധാന-സ്ഥാപന സേനയെ അയക്കുന്നത് മികച്ചൊരു ആശയമായാണ് ഇസ്രായേൽ കരുതുന്നത്. ഇസ്രായേൽ സേനയുടെ സ്ഥാനത്ത് പ്രസ്തുത സേന, പ്രദേശത്തെ ഒരു പോലീസ് മേഖലയാക്കി അല്ലെങ്കിൽ സുരക്ഷയുടെ മരുഭൂമിയാക്കി മാറ്റുന്നു. കൗതുകകരമായൊരു കൊള്ളയടിയാണീ സംഘർഷം. ഫലസ്തീനികൾ എന്താണോ (സമാധാന സംഭാഷണങ്ങളിലെ ‘ശുദ്ധ പങ്കാളി’) അതായി തന്നെ അവർ അംഗീകരിക്കപ്പെടാനുള്ള ശ്രമങ്ങൾ നടത്താതെ മുഴുവൻ ലോകത്തിനുപോലും അതിൽ നിന്ന് രക്ഷപ്പെടുക സാധ്യമല്ല. തീർച്ചയായും അവർ യുദ്ധത്തിലാണ്, അവര് പോലും ആഗ്രഹിച്ചിട്ടില്ലാത്ത യുദ്ധത്തിൽ.

 


വിവർത്തനം: മൻഷാദ് മനാസ്

ഗിൽസ് ദെല്യൂസ്