Campus Alive

സംവരണത്തെ കുറിച്ച് സുപ്രീംകോടതിയുടേത് ശരിയായ ചോദ്യമല്ല

“സംവരണം ഇനി എത്ര തലമുറ തുടരും?”

13% മറാത്താ സംവരണത്തിന്റെ സാധുത പരിശോധിക്കാൻ പോകുന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് തന്നെയാണ് മണ്ഡൽ കമ്മീഷൻ വിധിയിലെ 50% സംവരണ പരിധിയും പരിശോധിക്കുക. ഇതുസംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി ബെഞ്ച് മേൽപ്രസ്താവിച്ച ചോദ്യമുന്നയിച്ചത്. ജാതി-സാംസ്കാരിക അസമത്വങ്ങളെ ഇല്ലാതാക്കുന്നതിൽ സംവരണത്തിനുള്ള ഗുണപരമായ പങ്കിനെ കുറിച്ച് ഇന്ത്യൻ ജുഡീഷ്യറി – അതിന്റെ നിലവിലെ ചിന്താശൈലിവെച്ച് – സംശയാലുവാണ് എന്നാണ് ഈ ചോദ്യം സൂചിപ്പിക്കുന്നത്. എന്നാൽ ‘ജാതി വിവേചനങ്ങൾ ഇനിയെത്ര കാലം തുടരുമെന്ന്’ ഇതുവരെ ഒരു സുപ്രീംകോടതി ജഡ്ജിയും സിറ്റിങ് ബെഞ്ചിലിരുന്നുകൊണ്ട് ചോദിച്ചിട്ടില്ല.

ഈയവസരത്തിൽ മെറിറ്റോക്രസി വിരുദ്ധവും സോഷ്യലിസ്റ്റ് സമത്വത്തിന് വിഘാതവുമായ ഒന്നായി സംവരണത്തെ നോക്കിക്കാണുന്ന ബംഗാൾ പോലുള്ള സ്ഥലങ്ങളിലെ ശൂദ്രരും ഓബീസികളുമായവരുടെ അവസ്ഥ എന്താണെന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യയുടെ മുൻനിര ബുദ്ധിജീവികൾ ഉണ്ടായത് ബംഗാളിൽ – പ്രത്യേകിച്ച് വിഭജനാനന്തര പശ്ചിമ ബംഗാളിൽ – നിന്നാണ്. മികച്ച വിദ്യാഭ്യാസം നേടിയ മൂന്ന് ഉന്നത ജാതികളാണ് (ബ്രാഹ്മണർ, കായസ്തർ, ബൈദ്യർ) അവിടെ ബംഗാൾ നവോത്ഥാനമെന്ന് പിന്നീട് അറിയപ്പെട്ട മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. ഈ ദേശീയവാദ നവോത്ഥാന പ്രക്രിയയുടെ ഒരു ഘട്ടത്തിൽ അവർ സ്വയം ഭദ്രലോകുകളായി (ശ്രേഷ്ഠർ) അടയാളപ്പെടുത്തി. ബാക്കി ശൂദ്രരും നമശൂദ്രരും അതോടെ ഛോട്ടോലോകുകൾ (അധമർ) ആയിത്തീർന്നു. ഈ ഭദ്ര – ഛോട്ടോ വേർതിരിവ് ജാതിവ്യവസ്ഥ ഉൽപാദിപ്പിക്കുന്ന അടിച്ചമർത്തലിന്റെയും അപമാനത്തിന്റെയും ആഴം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ബംഗാളിലെ ബ്രാഹ്മണ നവോത്ഥാനം ഇതിനെ ഒരു സ്വാഭാവികതയായി അംഗീകരിക്കുകയാണ് ചെയ്തത്.

Courtesy: TheWire

തമിഴ്‌നാട്ടിലെ ജനങ്ങൾ സംവരണ പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ ബംഗാളി ഭദ്രലോക് ബുദ്ധിജീവികൾ അതിനെ ആധുനികതയ്ക്കും മെറിറ്റിനും വിരുദ്ധമായ ഒന്നായാണ് കണക്കാക്കിയത്. ബംഗാളിൽ നിന്ന് ഒരിക്കലും ഒരു ബ്രാഹ്മണ്യ വിരുദ്ധ മനോഭാവം ഉയർന്നു വരാൻ അവർ സമ്മതിക്കില്ല. വിവിധ പ്രത്യയശാസ്ത്രക്കാരായ -ലിബറലുകളെന്നും കമ്മ്യൂണിസ്റ്റുകൾ എന്നും പൊതുവിൽ വേർതിരിക്കാവുന്ന- ബംഗാളി ഭദ്രലോക് ബുദ്ധിജീവികളെല്ലാം സംവരണ പ്രത്യയശാസ്ത്രത്തെ ആത്മാർഥമായി വെറുക്കുന്നുണ്ട്.

കാർഷികവൃത്തിയും മറ്റു കൈപ്പണികളും ചെയ്യാൻ ചരിത്രപരമായി വിധിക്കപ്പെട്ട ഛോട്ടോലോകുകൾ തങ്ങൾക്ക് വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും സംവരണം വേണമെന്ന് ഒരിക്കലും ഭദ്രലോകുകളോട് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴും ഭദ്രലോകുകൾ കലപ്പ കൈകൊണ്ട് തൊടുകപോലുമില്ല. ചുരുക്കത്തിൽ ഭദ്രലോകുകളുടെ സോഷ്യലിസ്റ്റ്/ലിബറൽ പ്രത്യയശാസ്ത്രങ്ങൾ ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനത്തെ ഇല്ലാതാക്കിയില്ല എന്നുവേണം മനസ്സിലാക്കാൻ.

ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തുന്നതിന് മുൻപു തന്നെ -മുസ്‌ലിം ഭരണകാലം മുതൽക്ക് തന്നെ- പേർഷ്യനിലും സംസ്കൃതത്തിലും നല്ല അറിവുള്ളവരായിരുന്നു ബംഗാളി ഭദ്രലോകുകൾ. ഇംഗ്ലീഷ് ആധിപത്യം സ്ഥാപിതമായതോടെ അവരിൽപ്പെട്ട രാജാ റാംമോഹൻ റോയി അടക്കമുള്ളവരായിരുന്നു അഭ്യസ്തവിദ്യരായ ഇന്ത്യക്കാർ. അവർ തന്നെയാണ് ബ്രാഹ്മണ കൽപന ലംഘിച്ചുകൊണ്ട് ആദ്യമായി കടലു കടക്കുന്നതും. ഒരുപക്ഷേ ഇംഗ്ലണ്ടിൽ വെച്ച് മരണപ്പെടുന്ന ആദ്യത്തെ ആധുനിക ബ്രാഹ്മണനും റോയി ആയിരിക്കും.

ഛോട്ടോലോകുകളായ ഒരൊറ്റ പുരുഷനോ സ്ത്രീക്കോ ഇതുവരെ ബംഗാളിന്റെ മുഖ്യമന്ത്രിയാകാൻ കഴിഞ്ഞിട്ടില്ല. ശൂദ്രർക്കും ഓബീസി, എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും ഏറ്റവും കുറവ് സംവരണീയ ഉദ്യോഗങ്ങൾ നൽകിയ സംസ്ഥാനവും ബംഗാളാണ്. സംവരണങ്ങൾ പരിപാവനമായ ‘ബംഗാളി മെറിറ്റിനെ’ ഇല്ലാതാക്കും എന്ന അവരുടെതന്നെ മൗലിക വിശ്വാസത്തിൽ നിന്നാണ് ഈയൊരവസ്ഥ ഉണ്ടാവുന്നത്.

ദിലീപ് ഘോഷ്

സംവരണാവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന ഏറ്റവും വലിയ ശൂദ്ര കർഷക സമുദായമായ മഹിഷ്യർ ഇപ്പോൾ ബിജെപിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥിയുമായി ബിജെപി നിയോഗിച്ചത് ശൂദ്രനായ ദിലീപ് ഘോഷിനെയാണ്.

മഹാരാഷ്ട്രയും തമിഴ്‌നാടും

ബംഗാളിന് വിപരീതമായി, മഹാരാഷ്ട്രയിലെ പരീക്ഷണങ്ങൾ മറ്റൊരു വഴിയാണ് കാണിച്ചു തരുന്നത്. അവിടെ ബ്രാഹ്മണർക്കും ബനിയകൾക്കും മാത്രമല്ല, ശൂദ്രർക്കും അതിശൂദ്രർക്കും വളരെ നേരത്തേ തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കുകയും, അങ്ങനെ അവരിൽനിന്ന് ബാൽ ഗംഗാധർ തിലക്, ഗോപാൽ കൃഷ്ണ ഗോഖലെ, വി.ഡി. സവർക്കർ, മഹാത്മാ ജ്യോതിറാവു, സാവിത്രിഭായ് ഫൂലെ തുടങ്ങിയവർ ഉയർന്നുവരികയും ചെയ്തു. മാത്രമല്ല, ശൂദ്രർക്കും അതിശൂദ്രർക്കും സംവരണവും മുൻഗണനയും നൽകണമെന്ന ആവശ്യം വളരെ മുന്നേ തന്നെ അവിടങ്ങളിൽ ഉയർന്നിരുന്നു.

ദലിത് സമുദായത്തിൽ നിന്ന് ഉയർന്നുവന്ന് ഒരു ബഹുജാതി ഭാവനയെ മുന്നോട്ട് വെക്കാൻ ബി.ആർ.അംബേദ്കറെ സഹായിച്ചത് കോലാപൂർ ഭരിച്ചിരുന്ന ഛത്രപതി ഷാഹു മഹാരാജ് നടത്തിയ ആദ്യകാല സംവരണ പ്രക്രിയകളാണ്. തൊണ്ണൂറുകളിൽ സംവരണത്തിനെതിരായിരുന്ന മറാഠകൾ ഇന്നതിന്റെ ആവശ്യം മനസിലാക്കുന്നുണ്ട്. ഷാഹു മഹാരാജിന്റെ പേരക്കുട്ടികൾ പോലും ഇപ്പോൾ സംവരണം ആവശ്യപ്പെടുന്നുണ്ട്. സംവരണം മൂലം മഹാരാഷ്ട്രയിലെ എല്ലാ ജാതികളിൽ നിന്നും വിദ്യാഭ്യാസപരമായ താൽപര്യങ്ങൾ വെച്ചുപുലർത്തുന്ന ശക്തമായ ഒരു മധ്യവർഗം ഉയർന്നു വന്നിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ മറ്റുള്ളവരും ഇപ്പോൾ അതിന്റെ ഭാഗമാകാൻ താൽപര്യപ്പെടുന്നു.

സമാനമായി, തമിഴ്‌നാട്ടിലെ സംവരണ പരീക്ഷണങ്ങൾ അവിടത്തെ എല്ലാ ജാതികളുടെയും അവസ്ഥ മെച്ചപ്പെടുത്തിയിട്ടുണ്ട്. സംവരണ ആനുകൂല്യങ്ങൾക്ക് പുറത്തുള്ള ബ്രാഹ്മണർക്കും ചെട്ട്യാർമാർക്കും കൂലിവേലയ്ക്ക് പോവേണ്ടി വന്നില്ല. പകരം നല്ല പോലെ ജീവിക്കാൻ മറ്റു മാർഗങ്ങൾ അവർ കണ്ടുപിടിച്ചു.

മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും ജാതികളും സമുദായങ്ങളും അവരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നടത്തിയ ഉൾക്കൊള്ളലിന്റെയും വൈവിധ്യവത്കരണത്തിന്റെയും വെളിച്ചത്തിലാവണം ഇന്ത്യൻ ജുഡീഷ്യറി സംവരണത്തെ നോക്കിക്കാണേണ്ടത്. എന്നാൽ മറുവശത്ത്, സംവരണത്തെ കുറിച്ച വിദ്യാഭ്യാസത്തിന്റെയും അതിനായുള്ള പരിശ്രമങ്ങളുടെയും കുറവ് മൂലം സംഭവിച്ച സാമൂഹിക നിഷ്ക്രിയത്വത്തിന്റെ ഏറ്റവും മോശം ഉദാഹരണമാണ് പശ്ചിമ ബംഗാൾ. ശൂദ്രരുടെയും നമശൂദ്രരുടെയും ഇടയിൽ വലിയ തരത്തിലുള്ള മധ്യവർഗ രൂപീകരണം ഉണ്ടായിട്ടില്ലാത്ത ഇത്തരമൊരു നിഷ്ക്രിയാവസ്ഥയിൽ ബംഗാളിലെ ബിജെപി ശൂദ്രർക്കും ഓബീസികൾക്കുമിടയിൽ വലിയ സ്വാധീനമുണ്ടാക്കുന്നുമുണ്ട്. അങ്ങനെയിരിക്കെ ഇടതുപക്ഷ-ലിബറലുകളുടെ ‘ബംഗാളിൽ ജാതിയില്ല’ എന്ന സിദ്ധാന്തത്തെ വലിയ പിന്തിരിപ്പൻ പ്രത്യയശാസ്ത്ര സമീപനമായി കാണേണ്ടിവരും.

സ്വത്വ വിരുദ്ധ രാഷ്ട്രീയം മൂലം ഈ ഭദ്രലോക് ചിന്താധാര ഇപ്പോൾ വലിയ വിലയാണ് നൽകിക്കൊണ്ടിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിലെയും സംവരണീയരായ സ്ഥാനാർഥികൾ അവരുടെ സാമുദായിക സ്വത്വത്തെയും അതിന്റെ സാമൂഹിക അവസ്ഥയെയും ഉയർത്തിക്കാണിച്ചുകൊണ്ട് വലിയ മാറ്റങ്ങൾക്ക് ചുക്കാൻപിടിക്കുകയാണ്. എന്നാൽ ബംഗാളിലെ ഇടതുപക്ഷ-ലിബറലുകളാവട്ടെ അപ്പോഴും അംബേദ്കറെ മറന്ന് മാർക്സിനെയും ടാഗോറിനെയും പഠിക്കുന്ന തിരക്കിലാണ്.

സംവരണം സോഷ്യലിസ്റ്റ് ജനാധിപത്യ തുല്യാവകാശത്തെ ഹനിക്കുമെന്ന ശക്തമായ കാഴ്ചപ്പാടാണ് ഇടതുപക്ഷ ഭദ്രലോക് ബുദ്ധിജീവികൾ പുലർത്തുന്നത്. നിന്ദാപരവും മനുഷ്യത്വം കെടുത്തുന്നതുമായ ‘ഛോട്ടോലോക്’ എന്ന വാക്ക് തങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യംചെയ്യാൻ പോലും ഒരു ഛോട്ടോലോകിനെ അവർ ഒരിക്കലും അനുവദിച്ചിരുന്നില്ല. ഭദ്രലോകിനൊപ്പം ഒരു സ്ഥാപനത്തിൽ ഒരുമിച്ചിരിക്കാനുള്ള ഛോട്ടോലോകിന്റെ അവസരം പോലും ഇങ്ങനെയുള്ള അവസ്ഥ കാരണം ഇല്ലാതാവുന്നു. പ്രധാനപ്പെട്ട കേന്ദ്ര സർവകലാശാലകളിലും ഐഐടികളിലും ഐഐഎമ്മുകളിലും ഉള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഛോട്ടോലോക് സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം അവിടങ്ങളിലുള്ള ഭദ്രലോക് ബുദ്ധിജീവികളുടേതിനെക്കാൾ വളരെ തുച്ഛമാണ്.

മണ്ഡൽ കമ്മീഷൻ നിർദ്ദേശിച്ച സംവരണം നടപ്പിലാക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ബംഗാളിൽ ജാതിയില്ല എന്നായിരുന്നു ജ്യോതി ബസുവിന്റെ പ്രശസ്തമായ പ്രതികരണം. എന്നാൽ അതേ ബംഗാളിൽ നിന്ന് നമുക്ക് ഒരൊറ്റ ഓബീസി നേതാവിനെയോ ബുദ്ധിജീവിയെയോ കാണാൻ കഴിയില്ല. ഇപ്പോഴും വളരെ ചുരുക്കം ഛോട്ടോലോകുകൾക്ക് മാത്രമേ ബംഗാളിലെ അഭ്യസ്തവിദ്യരായ മധ്യവർഗത്തിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടുള്ളൂ. രാജ്യത്തെ ഒരു വലിയ വിഭാഗം ശൂദ്രർക്ക് ഇപ്പോഴും സംവരണം ആവശ്യമാണ്.

ഇടതുപക്ഷ ഭദ്രലോകിനൊപ്പം കൂടിയ വലതുപക്ഷ ഭദ്രലോകുകളും ഇപ്പോൾ ചോദിക്കുന്നത് ഛോട്ടോലോകുകൾ സംവരണാനുകൂല്യങ്ങൾ ചൂഷണം ചെയ്യുന്നത് ഇനിയെത്രകാലം തുടരുമെന്നാണ്. പക്ഷേ, ആധുനിക മുതലാളിത്ത ഇന്ത്യയുടെ ഒരു മേഖലയിലും തുല്യത കൈവരിക്കാനാവാതെ നിലമുഴുത് ഭദ്രലോകുകളെ പോറ്റുന്നത് ഛോട്ടോലോകുകൾ ഇനിയുമെത്ര തലമുറയോളം തുടരേണ്ടി വരുമെന്ന് ഇവരാരും ചോദിക്കുന്നില്ല! ഭക്ഷ്യോൽപാദനത്തിൽ പങ്കാളികളാവാതെ അതിനുപുറത്തുള്ള മെറിറ്റിനെ കുറിച്ച കേവല സിദ്ധാന്തങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്ന ഏർപ്പാട് ഭദ്രലോകുകൾ എന്നാണ് നിർത്താൻ പോകുന്നത് എന്നതിനെ കുറിച്ച് ചോദ്യങ്ങളില്ല! കൂടാതെ എന്തുകൊണ്ടാണ് കോളേജുകളും സർവകലാശാലകളും ഉൽപാദനത്തിലെ മെറിറ്റിനെ കുറിച്ചന്വേഷിക്കാതെ പരീക്ഷാ മാർക്കുകളെ കുറിച്ച് മാത്രം സംസാരിക്കുന്നത് എന്നതിനെ കുറിച്ചും ചോദ്യങ്ങളില്ല!

വിദ്യാഭ്യാസത്തെയും തൊഴിലിനെയും ജാതി അന്ധതയെയും കുറിച്ച ഈ ഭദ്രലോക് നോട്ടപ്പാടിൽ നിന്നാണ് ഇന്ത്യൻ ജുഡീഷ്യറിയുടെ മനോഭാവവും രൂപപ്പെടുന്നത്.

ഡൽഹിക്കു ചുറ്റുമുള്ള നിലങ്ങളിൽ പണിയെടുക്കുന്ന ഓബീസിക്കാരിലും ജാട്ടുകളിലും കുർമികളിലും യാദവരിലും പെട്ട എത്രപേർ ജെഎൻയുവിലും ഡൽഹി സർവകലാശാലയിലും ഐഐടികളിലും ഐഐഎമ്മുകളിലും പ്രൊഫസർമാരായിട്ടുണ്ട് എന്ന് ഒരിക്കലും ഇന്ത്യൻ സുപ്രീം കോടതി ചോദിക്കുകയില്ല. ഇപ്പറഞ്ഞ സമുദായങ്ങളിൽ പെട്ട എത്രപേർ കേന്ദ്ര സെക്രട്ടറിയേറ്റിൽ ഉന്നത ഉദ്യോഗസ്ഥരായി ഇരിക്കുന്നുണ്ട്? അശോക, അമിറ്റി, ഒപി ജിൻഡാൽ പോലുള്ള ഉന്നത സ്വകാര്യ സർവകലാശാലകൾ നിൽക്കുന്നത് ഹരിയാനയിലെ ജാട്ടുകളുടെ ഭൂമിയിലാണ്. എന്നിട്ട് ആ യൂണിവേഴ്സിറ്റി ക്ലാസ്മുറികളിൽ അവരിൽപെട്ട എത്രപേർക്ക് ഇരിക്കാൻ സാധിക്കുന്നുണ്ട്?

വാസ്തവത്തിൽ, അവരുടെ യുവത്വം കഴിഞ്ഞ കുറേ തലമുറകളായി നിലമുഴുതും ട്രാക്റ്ററോടിച്ചും തീരുകയാണ്. ഡൽഹിയിലുള്ള ഭദ്രലോകുകളുടെ മക്കളിൽ ആർക്കെങ്കിലും ഭക്ഷണത്തിനായി നിലമുഴുവേണ്ട അവസ്ഥയുണ്ടോ? ഇവിടെയാണ് ജുഡീഷ്യൽ വ്യവഹാരങ്ങളിലെ സാമൂഹിക നീതി പ്രതിഫലിക്കപ്പെടേണ്ടത്.

അമേരിക്കയിലെ കറുത്തവരോട് വെള്ളക്കാരായ ജഡ്ജിമാർക്കുള്ള മനോഭാവമല്ല ഭദ്രലോക് ജഡ്ജിമാർക്ക് ഛോട്ടോലോകുകളോട് ഉള്ളതെങ്കിൽ ഇന്ത്യയുടെ തകർച്ചയാണ് സംഭവിക്കുക. ജുഡീഷ്യറി ഉന്നയിക്കുന്ന ചോദ്യങ്ങൾ അഭ്യസ്തവിദ്യരായ ഇന്ത്യക്കാരുടെ മനോഭാവത്തെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. അങ്ങനെയിരിക്കെ സാമൂഹിക നീതിയ്ക്ക് വിഘാതമായ ചോദ്യം ഒരു കോടതി ബെഞ്ചിൽ നിന്ന് ഉണ്ടായാൽ, അത് വരാനിരിക്കുന്ന ഒരു വിധിപ്രസ്താവമെന്ന നിലയ്ക്ക് വായിക്കപ്പെടും.

‘സംവരണം ഇനിയെത്ര തലമുറയോളം തുടരേണ്ടിവരും’ എന്ന് ചോദിക്കുന്നത് ‘മുസ്‌ലിം പ്രീണനം ഇനിയെത്ര കാലം തുടരും’ എന്ന് ചോദിക്കുന്നതു പോലെ തന്നെയാണ്. ഭദ്രലോകുകളുടെ മെറിറ്റിനെ കുറിച്ച സിദ്ധാന്തങ്ങൾ ശൂദ്രരെയോ ദലിതരെയോ ആദിവാസികളെയോ ഇന്ത്യക്കാരായി പോലും പരിഗണിക്കില്ല. പൗരാണിക കാലം മുതൽക്കുള്ള അവരുടെ വേരുകൾ ഈ മണ്ണിൽ തെളിവായി ഉള്ളപ്പോൾ തന്നെയാണ് ഇത് സംഭവിക്കുന്നതും.


വിവർത്തനം: ബാസിൽ ഇസ്‌ലാം

Courtesy: The Wire

കാഞ്ചാ ഐലയ്യ ഷെപ്പേഡ്