Campus Alive

“ഒരു ജാതി പിള്ളേരിഷ്ടാ”: സംവരണ രാഷ്ട്രീയത്തിന്റെ വസ്തുതകളും വൈകാരികതയും

സംവരണമെന്ന സംവിധാനത്തെപ്പോലെ ; ഒരേ സമയം നിർമ്മാണാത്മകമായും, അതേ സമയം കാലുഷ്യങ്ങളിലൂടെയും, ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തെ മാറ്റിത്തീർക്കുകയും, ഉലക്കുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ ആയുധം ഉണ്ടെന്നു തോന്നുന്നില്ല;

മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുള്ള ഒബിസി സംവരണവും അതിനെതിരെയുള്ള സവർണ്ണ – ഹിന്ദുത്വ ശക്തികളുടെ വിധ്വംസാത്മകമായ കലാപകളും ഇന്ത്യയെ മാറ്റിപ്പണിത പോലെ മറ്റെരു പൊളിട്ടിക്കൽ ഇവൻ്റിനും സാധിച്ചിട്ടില്ല എന്നു തന്നെ ഉറപ്പിച്ച് പറയാനാവും.

B.P. Mandal

‘മണ്ഡൽ മസ്ജിദ്’ ‘ മസ്ജിദ് മന്തിർ’ , ‘അവരും നമ്മളും’ എന്നിങ്ങനെയൊക്കെയുള്ള സാമൂഹിക ദ്വന്ദ്വ പരികൽപനകളിലൂടെ ഇന്ത്യൻ സോഷ്യൽ ഫാബ്രിക് അപരിഹാര്യമെന്നു തോന്നാവുന്ന തകറാറുകളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആ കൂപ്പു കുത്തലിലാണ് ഇന്ത്യൻ ഇസ്‌ലാമോഫോബിയയുടെ പുതിയൊരു യുഗം ഉടലെടുത്തത്. അതിനനുബന്ധമായ ഫാസിസ്റ്റ് റെഷീമിൻ്റെ ഒരു പതിറ്റാണ്ട് നമ്മൾ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. പൗരത്വസമരവും , കാർഷിക സമരവും മാറ്റിനിർത്തിയാൽ ഇന്ത്യൻ മുഖ്യധാര പ്രതിപക്ഷത്തിൽ നിന്നും പ്രത്യേകിച്ച് ഒരു പ്രതിഷേധമൊന്നുമില്ലാതെയാണ് ഇന്ത്യൻ ഫാസിസം കടന്നു പോകുന്നത്. പ്രാതിനിത്യത്തിനും, സാമൂഹിക നീതിക്കു വേണ്ടിയുള്ള ഏല്ലാ ശ്രമങ്ങളുടെയും അടിവേരറുത്തുകൊണ്ട് EWS എന്ന സവർണ്ണ സംവരണ നിയമം ഇതിനിടയിൽ ഇന്ത്യൻ പാർലമെൻ്റിൽ പാസായി. കാര്യമായ ഒരു പ്രതിഷേധവുമില്ലാതെ; വളരെ നോർമ്മലായി. മൂന്നു മുസ്ളിം MP മാരുടെ മാത്രം വിയോജനത്തോടെ.

ഈ നിയമ നിർമ്മാണത്തിൽ കേരളം ഭരിക്കുന്ന ഇടതുപക്ഷം ഇന്ത്യൻ വലതുപക്ഷത്തിന്മാ തൃകയുമായിത്തീർന്നു. ഈ കീഴ്മേൽ മറിച്ചിലിൻ്റെ പുതിയ യാഥാർത്യത്തിലാണ് നാമിന്ന്. മുന്നറിയിപ്പ് നൽകപ്പെട്ടിരുന്നതും, ഭയപ്പെട്ടിരുന്നതുമായ എല്ലാം വളരെ സ്വാഭാവികമായിത്തീർന്ന പുതിയ രാഷ്ട്രീയ യാഥാർത്യത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അടിച്ചമർത്തപ്പെട്ടവരുടെ രാഷ്ട്രീയ പ്രതികരണങ്ങളുടെ കാര്യമെടുത്താൽ. അവിടെയൊരു നിസ്സംഗത കാണാനാവും, ഒരു തരം ആലസ്യം. പ്രത്യേകിച്ച് പൗരത്വ സമരാനന്തരം ഈ ആലസ്യം വളരെ ശക്തമാണ്. ഈ സാഹചര്യത്തിലാണ് ‘പ്രശാന്ത് ഈഴവൻ്റെ ‘ ‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന സിനിമ നമ്മുടെ മുന്നിലേക്ക് എത്തുന്നത്. EWS എന്ന സവർണ്ണ സംവരണത്തിനെതിരെ, ന്യൂ നോർമൽ ആയിത്തിർന്ന അനീതിയുടെ പുതിയ സാമൂഹിക ക്രമത്തിനെതിരെയുള്ള ശക്തമായൊരു മറുവാക്ക് ഉയർത്തുന്നുണ്ട് പ്രശാന്തിൻ്റെ സിനിമ. EWS എങ്ങനെയാണ് പ്രാന്തവൽകൃതരായ ദളിത് OBC വിദ്യാർത്ഥികളെ വീണ്ടും ഹിംസാത്മമായി മായ്ച്ചു കളയുന്നത് എന്ന് വളരെ വൈകാരികമായി എന്നാൽ വസ്തുതാപരമായി തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട് ‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന ചിത്രത്തിൽ.

ഫിക്ഷണലായ ‘കഥ’പറച്ചിലിനേക്കാൾ ഏറെ വൈകാരികമാവാൻ ന്യൂസ് ക്ലിപ്പുകളിലൂടെയുള്ള വസ്തുതാവതരണങ്ങൾക്കും സാധിക്കുന്നുണ്ടന്നത് സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നുണ്ട്. ഫിക്ഷൻ്റെയും ഡോക്യുമെൻ്റേഷൻ്റെയും മികവാർന്ന എഡിറ്റിംഗിലൂടെ ചിത്രത്തെ സാർത്ഥകമായൊരു രാഷ്ട്രീയ പ്രചരണ ആയുധമാക്കി മാറ്റുവാൻ പ്രശാന്ത് ഈഴവന് കഴിയുന്നുണ്ട്. SSLC പാസാക്കുന്ന 4 കൂട്ടുകാരിലൂടെ; അവരുടെ കൗമാര കുറുമ്പുകളും, നാട്ടിമ്പുറത്തെ സൗഹൃദവും ഒക്കെയാണ് സിനിമ പറഞ്ഞു തുടങ്ങുന്നത്. പോളി ടെക്നിക്കിൽ ഒരുമിച്ച് ചേർന്ന് പഠിക്കാൻ തീരുമാനിക്കുന്ന നാൽവർ സംഘത്തിൻ്റെ ഏക വിഷമം കൂട്ടത്തിലെ വിവേക് മേനോനെന്ന കുട്ടിക്ക് SSLC പരീക്ഷയിൽ മാർക്ക് തീരെ കുറവായതാണ്. സമ്പത്തും, സാമൂഹികാധികാരമുള്ള കുടുംബത്തിലെ കുട്ടിയായിട്ടും മാർക്കിൽ കൂട്ടുകാർക്ക് ഒപ്പമെത്താതെ ഉഴപ്പിയതിലുള്ള കുററബോധത്തോടെയാണ് വിവേക് മോനോൻ പോളി ടെക്നിക്കിൽ അഡ്മിഷനു വേണ്ടി അപേക്ഷിക്കുന്നത്. മുസ്ളിം , ഇഴവ , ദളിത് പശ്ചാത്തലമുള്ള മറ്റു കൂട്ടുകാർ ഭേദപ്പെട്ട മാർക്കുള്ള മിടുക്കമാരാണ്. അവർക്കൊപ്പം അഡ്മിഷനുള്ള യോഗ്യത തനിക്കില്ല എന്ന ബോധ്യം വിവേക് മേനോന് തന്നെയുണ്ട്.

പക്ഷേ പോളിടെക്നിക്കിലെ റിസൾട്ട് വരുമ്പോൾ ഒരട്ടിമറി നടക്കുന്നു. വിവേക് മേനോന് മാത്രമാണ് അഡ്മിഷൻ. SSLC റാങ്ക് ലിസ്റ്റിൽ ഏറെ മുന്നിലുള്ള OBC, ദളിത് കുട്ടികൾ പോളിയിൽ അഡ്മിഷൻ ലഭിക്കാതെ പുറത്താകുന്നു. ഈയൊരട്ടിമറി; ഈ കീഴ്മേൽ മറിച്ചിൽ സാദ്ധ്യമാക്കിയത് ; കഴിഞ്ഞ മൂന്നുപതിറ്റായി ഹിന്ദുത്വയും, സവർണ്ണ അധീശത്വത്തിൻ്റെ അനുബന്ധങ്ങളായ ലിബറൽ ദേശിയവാദവും, അധികാര വർഗ്ഗ ഇടതുപക്ഷവുമൊക്കെ അവരുടെ നിരന്തരമായ ഒളിഞ്ഞും തെളിഞ്ഞുമുള്ള സാമ്പത്തിക സംവരണ വാദങ്ങളിലൂടെയാണ്. ഇന്ത്യയിലെ ജാതിഹിന്ദു അധീശത്വത്തിന് EWS എന്നു ഓമനപ്പേരിട്ട സവർണ്ണ സംവരണം, ഇന്ത്യൻ റിപ്പബ്ലിക്ക് കണ്ട ഏറ്റവും വലിയ പ്രതിവിപ്ലവം അങ്ങിനെ എളുപ്പം നടപ്പാക്കി എടുക്കാനായി. സിനിമയിൽ ; കീഴാളരായ (Subaltern) കുട്ടികൾ തങ്ങൾക്ക് നേരിട്ട അനീതിയുടെ ‘യുക്തി’ക്ക് പിന്നിൽ EWS എന്ന മുന്നോക്ക സംവരണം ആണെന്ന് തിരിച്ചറിയുന്നു. അവർക്ക് ആ അനീതിയോട് സങ്കടവും പ്രതിഷേധവും ഉണ്ട്. അതിൻ്റെ ഫലമായി വിവേക് മേനോനെന്ന കുട്ടിയും മറ്റുള്ളവരും തമ്മിൽ ഒരു വിടവ് രൂപപ്പെടുന്നു. അവിടെയൊരു ‘ഞങ്ങളും’ ‘നിങ്ങളും’, രൂപപ്പെടുന്നു. പക്ഷേ ആ ‘ഞങ്ങൾ’ കീഴാള ബഹു ജനങ്ങളുടെ ഒരു സംഘാതമായ വിശാലമായ ‘നമ്മളെ’ സൃഷ്ടിക്കാനുള്ള രാഷ്ട്രിയാഭിലാഷത്തെയാണ് സംവിധായകൻ പ്രകടിപ്പിക്കുന്നത്.

അതുവരെയുണ്ടായിരുന്ന പഴയ ‘നമ്മളെ’ സംവിധായകൻ നിർദ്ധയം തള്ളുന്നുണ്ട്. ആ ‘നമ്മളെ’ ദേശീയതയായി വായിക്കാം. ആ ദേശീയത സവർണ്ണ അധീശത്വത്തിൻ്റെ ഔദാര്യമാണ്. പലപ്പോഴും ദയാരഹിതമായ, നീതി രഹിതമായ ഈ ഔദാര്യമാണ് ‘മനുഷ്യനും’ , ‘മാനവീയതയും’ താനാത്വത്തിലെ ഏകത്വവുമൊക്കെയായി വേഷപ്പകർച്ച നടത്താറുള്ളത്. എല്ലാ പുറന്തള്ളലുകൾക്ക് ശേഷമുള്ള സവർണ്ണതയുടെ അവശിഷ്ടമാണ് ആ ദേശീയതയുടെ സ്വത്വം. പിന്നെയുള്ള ഞങ്ങളിൽ ബാക്കിയാകുന്നത് സമുദായങ്ങളാണ്. യഥാർത്ഥ ഇന്ത്യയുടെ സാമൂഹിക യൂണിറ്റുകളായ സമുദായങ്ങൾ. സമുദായങ്ങൾ സാംസ്കാരിക സ്വത്വങ്ങൾ മാത്രമല്ല. സാമ്പത്തിക വർഗ്ഗം , സാമൂഹിക സ്ഥാനം, രാഷ്ട്രീയ അധികാരം എന്നിങ്ങനെ പലവിധ സ്വത്വ മാനദണ്ഡങ്ങളാൽ രൂപപ്പെട്ട ഒന്നാണ് ഇന്ത്യയിലെ സമുദായങ്ങൾ. ഈ സമുദായങ്ങൾ ചേർന്ന ‘നമ്മളെ’ന്ന ഒരു വിശാലമായ പൊളിട്ടിക്കൽ എൻ്റിൻ്റിയെ പുനരുജ്ജീവിപ്പിക്കാനോ കണ്ടെടുക്കാനോ ഉള്ള അഭിലാഷം ‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന സനിമ തീവ്രമായി പ്രതിഫലിപ്പിക്കുന്നുണ്ട്.

അപ്പോൾ പോലും EWS എതിരായി സിനിമയിൽ അവതരിപ്പിക്കപ്പെടുന്ന തരത്തിലുള്ള പ്രതിഷേധം നമ്മുടെ സാമൂഹിക മണ്ഡലത്തിലില്ല എന്ന വസ്തുത നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട്. EWS ൻ്റെ കാര്യത്തിൽ മാത്രമല്ല എല്ലാവിധ സവർണ്ണ അധീശത്വ പ്രവണതകളോടും ഒരു തരം നിസംഗത പുലർത്തുവാൻ കീഴാള ബഹുജനങ്ങൾ ശീലിച്ചിരിക്കുന്നതായി കാണാനാവും. പാർലമെൻ്റിൽ EWS ബില്ലിന് എതിരെ വോട്ട് ചെയ്തത് 3 മുസ്ളിം MP മാർ മാത്രമാണെന്ന വസ്തുത ഈ സന്ദർഭത്തിൽ ഒരു രൂപകമായി വർത്തിക്കുന്ന പോലെ തോന്നും. അവിടെയാണ് ഇസ്‌ലാമോഫോബിയ എന്ന മാരകമായ രാഷ്ട്രീയ പ്രമേയം വിഷയമാകുന്നത്. കീഴാള ബഹുജൻ വിഭാഗങ്ങളുടെ എല്ലാവിധ രാഷ്ട്രീയ പ്രമേയങ്ങളേയും നിഷ്പ്രഭമാക്കാൻ കഴിയും വിധം ഇന്ത്യൻ സാമൂഹ്യ ശരീരത്തിൽ ഇസ്‌ലാമോഫോബിയ ഗ്രസിച്ചു കഴിഞ്ഞു എന്നുള്ളതാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.

ഈ ചിത്രത്തിൽ കീഴാളരിലെ ഇസ്‌ലാമോഫോബിയ പ്രശ്നവത്കരിക്കുന്നുണ്ടെങ്കിലും അത് വളരെ സട്ടിൽ ആയിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. EWS, ഹിന്ദു ഏകീകരണമെന്ന ഹിന്ദുത്വ മിഥ്യ തുടങ്ങിയ പ്രമേയങ്ങളെ പരിചരിക്കുന്ന പോലെ അതൊട്ടും ഉറക്കെയാകുന്നില്ല. പക്ഷേ പ്രേക്ഷകർക്ക് വായിചെടുക്കാനുള്ള ഒരു ഉപപാഠമായി (Sub Text) ഇസ്‌ലാമോഫോബിയ എന്ന പ്രമേയം ഈ ചിത്രത്തിനകത്തുണ്ട്. ചുരുക്കി പറഞ്ഞാൽ ഇസ്‌ലാമോഫോബിയ എന്ന വിപത്തിനെ അഡ്രസ് ചെയ്യാതെ സംവരണം പോലുള്ള മറ്റു രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിലെ നിരർത്ഥകത നമ്മുടെ മുന്നിലുണ്ട്. സവർണ്ണ അധീശത്തത്തിനെതിരെയുള്ള
ബൗദ്ധിക വ്യവഹാരങ്ങളുടെ തുടർച്ചയോടൊപ്പം അനുവാചകൻ്റെ വൈകാരികതകളെ സ്പർശിക്കും വിധമുള്ള കലാ സൃഷ്ടികൾ സാബാൾട്ടേൺ രാഷ്ട്രീയ പരിസരങ്ങളിൽ നിന്നും ഇനിയും ഉണ്ടാകേണ്ടതുണ്ട്. അത്തരത്തിലുള്ള ശ്രദ്ധേയമായ ഒരു കലാ സൃഷ്ടിയാണ് പ്രശാന്ത് ഇഴവൻ്റെ ‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന സിനിമ.

ഷെഫി കബീർ