Campus Alive

ഇബ്‌നു ഖല്‍ദൂനിന്റെ അസബിയ്യയും അധികാരത്തെ കുറിച്ചുള്ള ആലോചനകളും

കഴിഞ്ഞ രണ്ട് ഭാഗങ്ങളിലും ചര്‍ച്ച ചെയ്യാതെ മാറ്റി നിര്‍ത്തിയ ഒന്നാണ് ഇബ്നു ഖല്‍ദൂന്‍റെ അസബിയ എന്ന സങ്കല്‍പ്പനം. ഇവിടെ അസബിയയെ വിശകലനം ചെയ്തുകൊണ്ട് പരമ്പര അവസാനിപ്പിക്കാമെന്ന് കരുതുന്നു. ഖല്‍ദൂന്‍ അസബിയയെ ആത്മീയമായ പരികല്‍പനയായാണ് മനസ്സിലാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അത് കേവലം സാമൂഹികമായുള്ള സമ്പര്‍ക്കത്തിലൂടെ രൂപം പ്രാപിക്കുന്ന ഒന്നല്ല. എന്നുവേണ്ട രൂപം പ്രാപിക്കുക എന്ന ഭൗതിക യുക്തിക്കകത്ത് നിന്നുപോലുമല്ല അദ്ദേഹം അസബിയയെ നോക്കിക്കാണുന്നത്. മറിച്ച് നേരത്തെ വിശദീകരിച്ച ഖിലാഫത്ത് എന്ന അനന്തമായ സാധ്യതയില്‍ നിന്നാണ് അതുള്ളത്. സാമൂഹിക ശാസ്ത്രത്തിന്‍റെ പരസ്പര വ്യവഹാരത്തെ പറ്റിയുള്ള തിയറികള്‍ അസബിയയെ സംബന്ധിച്ചിടത്തോളം പലപ്പോഴും അരസികമായി തോന്നാറുണ്ട്. കാരണം ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ദൈവികമായ ഇഛയാല്‍ ഉണ്ടായിത്തീരുന്ന പരസ്പര വികാരമായാണ് അസബിയയെ ഖല്‍ദൂന്‍ പരിചയപ്പെടുത്തുന്നത്. അതിനാല്‍ തന്നെ രാജാധികാരവും വലിയ സാമ്രാജ്യങ്ങളും ഇതിലൂടെ മാത്രമേ ഉണ്ടായിത്തീരുകയുളളൂ എന്നാണ് അദ്ദേഹം പറയുന്നത്.

ഖല്‍ദൂനെ സംബന്ധിച്ചിടത്തോളം അസബിയ എന്നത് വ്യക്തിയും കൂട്ടവും തമ്മിലുള്ള സഹജവും സങ്കീര്‍ണവുമായ ബന്ധത്തിന്‍റെ ചിഹ്നപരതയാണ്. അത് ഒരേ സമയം മനുഷ്യന്‍റെ ആന്തരികമായ സത്തയില്‍ പെട്ടതും അതേ സമയം കൂട്ടത്തിന്‍റെ അന്തസത്തയുമാണ്. അഥവാ തീര്‍ത്തും ആധുനിക രാഷ്ട്ര സങ്കല്‍പ്പത്തിനകത്ത് നിന്ന് രൂപം പ്രാപിക്കുകയും സ്റ്റേറ്റ് തന്നെ നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്ന public- private ദ്വന്തങ്ങള്‍ക്കകത്ത് നിന്നു കൊണ്ട് അസബിയയെ വായിക്കുക അസാധ്യമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ തന്നെ അസബിയയുടെ അപചയത്തിന്‍റെ കാരണമായി ഖല്‍ദൂന്‍ പരിചയപ്പെടുത്തുന്നത് സ്റ്റേറ്റിനെയാണ്. അസബിയ എന്നത് പൊതുവായതിനും വ്യക്തിപരമായതിനും രണ്ട് സ്വതന്ത്ര സ്വത്വങ്ങള്‍ നല്‍കുന്നതിന് പകരം മനുഷ്യനും അവന്‍റെ ചുറ്റുപാടും തമ്മിലുള്ള ഭവശാസ്ത്രപരമായ ഏകത്വം സാധ്യമാക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അഥവാ അത് self-hood എന്നതിനെ നിരന്തരം അപനിര്‍മിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്. അത് self നെ ഒരിക്കലും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ഒന്നായി നിലനിര്‍ത്തുന്നുണ്ട്.

സ്റ്റേറ്റ് എന്നതിനെ അദ്ദേഹം വ്യവസ്ഥാപിതമായ അധികാര ശൃംഘലയായാണ് മനസ്സിലാക്കുന്നത്. സ്റ്റേറ്റിന്‍റെ പരിധിക്കകത്ത് പ്രവേശിക്കുക എന്നത് അധികാരവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ്. അഥവാ പൗരന്‍, പൗരത്വം, പൗരാവകാശം, നിയമസ്ഥാപനങ്ങള്‍ തുടങ്ങിയ രാഷ്ട്രത്തിന്‍റെ വ്യവഹാരങ്ങള്‍ പൗരശരീരം എന്നതിനെ അതിര്‍വരമ്പുകള്‍ക്കകത്താക്കുകയും കൃത്യമായും പരിധികള്‍ വച്ച് പരസ്പരബന്ധത്തെ നിര്‍ണയിക്കുകയും ചെയ്തുകൊണ്ടാണ് സ്റ്റേറ്റ് സാധ്യമാകുന്നത്. മനുഷ്യാവകാശത്തില്‍ മനുഷ്യനെ ആരാണ് തീരുമാനിക്കുന്നത് എന്ന തലാല്‍ അസദിന്‍റെ ചോദ്യം ഇവിടെ പ്രതിപാദിക്കാവുന്നതാണെന്ന് തോന്നുന്നു. കാരണം അസദിനെ സംബന്ധിച്ചിടത്തോളം മനുഷ്യാവകാശം എന്നത് അത്യന്തികമായി സ്റ്റേറ്റുമായി ബന്ധപ്പെട്ടു കിടക്കുന്ന നിയമങ്ങളാല്‍ രൂപപ്പെടുന്നതാണ്. അഥവാ മനുഷ്യാവകാശത്തിലെ മനുഷ്യനെ തീരുമാനിക്കുന്നത് സ്റ്റേറ്റാണെന്ന് വരുന്നു.

ഇടത്തെ കൃത്യപ്പെടുത്തുക എന്നത് സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം അതിന്‍റെ അടിസ്ഥാനമായി വരുന്നത് പൗരന്‍ എപ്പോഴും സ്റ്റേറ്റിന് പ്രാപ്യമായ ഒന്നായിത്തീരണം എന്ന ആലോചനയില്‍ നിന്നാണ്. മരുഭൂവാസത്തില്‍ നിന്ന് സ്ഥിരവാസ നാഗരികതയിലേക്കുള്ള പരിവര്‍ത്തനം ഈ ഒരര്‍ഥത്തിലാണ് ഖല്‍ദൂന്‍ മനസ്സിലാക്കുന്നത്. അഥവാ സ്റ്റേറ്റിന്‍റെ പരിധിക്ക് പുറത്ത് നില്‍ക്കുന്ന അല്ലെങ്കില്‍ എപ്പോഴും അമൂര്‍ത്തമായ space ല്‍ ജീവിക്കുന്ന ഒരു കൂട്ടത്തെ അതിര്‍വരമ്പുകളുള്ള സ്ഥിരവാസ സമൂഹങ്ങളാക്കുക എന്നത് രാഷ്ട്രീയാധികാരത്തിന് സാധുത നല്‍കുന്നതിനായുളള ഒന്നായാണ് ഖല്‍ദൂന്‍ മനസ്സിലാക്കുന്നത്. ഭൗമശാസ്ത്രത്തില്‍ ഭൂമിയെ വന്‍കരകളുടെയും കടലിന്‍റെയും രാഷ്ട്രങ്ങളുടെയും അക്ഷാശ- രേഖാംശ രേഖകളുടെയും പോലും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതില്‍ ആധുനിക ദേശ- രാഷ്ട്രത്തിന്‍റ അധികാര ഘടനക്ക് വലിയ പങ്കുണ്ടെന്ന് മിഷേല്‍ ഫൂക്കോ എഴുതുന്നുണ്ട്. അഥവാ കേവലം സാങ്കല്‍പ്പികമായി മാത്രം നിലനില്‍ക്കുന്ന space എന്ന പരികല്‍പനയെ യാഥാര്‍ഥ്യമായി ചിത്രീകരിക്കാതെ സ്റ്റേറ്റിന് നിലനില്‍ക്കുക സാധ്യമല്ല. തീര്‍ത്തും ദൈവികവും മനുഷ്യസഹജവുമായ ഒരുമിച്ചു ചേരലില്‍ നിന്നും മനുഷ്യനിര്‍മ്മിതവും താല്‍പര്യങ്ങള്‍ക്ക് വിധേയമായതുമായ ഒരു ചട്ടക്കൂടിനകത്ത് പൗരനായി പരിവര്‍ത്തിക്കപ്പെടുക എന്നത് വലിയ പ്രതിസന്ധിയുടെ ആരംഭമായാണ് ഇബ്നു ഖല്‍ദൂന്‍ മനസ്സിലാക്കുന്നത്.

Jürgen Habermas

പൊതുവായതിനെയും പൊതുമണ്ഡലത്തെ പറ്റിയുമൊക്കയുളള ഹെബര്‍മാസിന്‍റെ ചിന്തകള്‍ ഇവിടെ സവിശേഷ പരിഗണന അര്‍ഹിക്കുന്നുണ്ടെന്ന് തോന്നുന്നു. അദ്ദേഹത്തിന്‍റെ public എന്നത് സ്റ്റേറ്റുമായി ചേര്‍ന്ന് നിന്നു കൊണ്ട് മാത്രം സാധ്യമായ ഒന്നാണ്. സ്റ്റേറ്റിന്‍റെ നിലനില്‍പിനെ അംഗീകരിക്കുക എന്നതാണ് അതിന്‍റെ ആദ്യ വശം. സ്റ്റേറ്റിനെ വിമര്‍ശിക്കുക എന്നത് പോലും അതിന്‍റെ നിലനില്‍പിനെ അംഗീകരിച്ച്കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നാണ്. വിപ്ളവാനന്തര ഫ്രഞ്ച് സമൂഹത്തെ പ്രതിപാദിക്കുന്നിടത്ത് ഫ്യൂഡല്‍ അധികാരത്തെ മാറ്റി യുക്തിഭദ്രവും നിയമാനുസൃതവുമായ രാഷ്ട്രീയാധികാരത്തെ ചായക്കടകളിലൂടെയും നാടകശാലകളിലൂടെയും മറ്റും എങ്ങനെയെല്ലാമാണ് ചര്‍ച്ചകളിലൂടെ സാധ്യമായത് എന്ന് അദ്ദേഹം പറയുന്നുണ്ട്. അഥവാ സ്റ്റേറ്റിന്‍റെ സാന്നിധ്യത്തെ അംഗീകരിച്ചുകൊണ്ട് മാത്രമേ രാഷ്ട്രവിമര്‍ശനം പോലും സാധ്യമാവുകയുള്ളൂ. അത് കൊണ്ടു തന്നെയാണ് സ്റ്റേറ്റിനെ നിലനിര്‍ത്തുന്ന 4-ാമത്തെ തൂണായി മാധ്യമങ്ങള്‍ മനസ്സിലാക്കപ്പെടുന്നത് എന്നാണ് ഹെബര്‍മാസ് നിരീക്ഷിക്കുന്നത്. പൊതുവും അസബിയയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഈ നിലയിലാണ് സാധ്യമാവുക എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം രേഖീയമായ താല്‍പര്യങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ മാത്രമേ അസബിയ സാധ്യമാകുന്നുള്ളൂ. എന്നാല്‍ സ്റ്റേറ്റ് നിര്‍മിച്ചെടുത്ത ആഗ്രഹങ്ങളും താല്‍പര്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് പൊതു നിര്‍മിക്കപ്പെടുന്നത്. അഥവാ സ്റ്റേറ്റിനകത്ത് പരസ്പര സമ്പര്‍ക്കവും സംവേദനവും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ഒന്നിന്‍റെ തുടര്‍ച്ചയായതും അതിനാല്‍ തന്നെ യാന്ത്രികവുമായതാണ്.

രാഷ്ട്രവളര്‍ച്ചയുടെ സവിശേഷമായ ഒരു ഘട്ടത്തില്‍ ഭരണാധികാരി തന്‍റെ അധികാരം നിലനിര്‍ത്താന്‍ ഒരുപാട് സാമന്തന്‍മാരെ കൂടെക്കൂട്ടുമെന്ന് ഖല്‍ദൂന്‍ എഴുതുന്നുണ്ട്. അതായത് എതിര്‍പ്പുകളുടെ ഘട്ടത്തില്‍ രാഷ്ട്രത്തിനകത്ത് ഭരണാധികാരിയുടെ അളുകളും അദ്ദേഹത്തെ എതിര്‍ക്കുന്ന ആളുകളും ആയി പൗരന്‍മാര്‍ തിരിയുന്നു. ഖല്‍ദൂന്‍റെ ഈ അഭിപ്രായത്തെ കുറച്ചുകൂടെ വിശാലാര്‍ഥത്തില്‍ പരിശോധിക്കുന്നതിന് വലിയ സാധ്യതകളുണ്ടെന്നാണ് തോന്നുന്നത്. കാരണം ഖല്‍ദൂന്‍ പറഞ്ഞ രണ്ട് വിഭാഗത്തിന്‍റെയും സ്റ്റേറ്റിനെ പറ്റിയുള്ള മനസ്സിലാക്കലുകള്‍ വ്യത്യസ്തമായിരിക്കും. കാള്‍ ഷ്മിത്ത് സുഹൃത്ത്- ശത്രു ബന്ധത്തെ പറ്റി പറയുന്നുണ്ട്, ഒരു പൗരന് ഒന്നുകില്‍ സുഹൃത്തായോ അല്ലെങ്കില്‍ ശത്രുവായോ മാത്രമേ സ്റ്റേറ്റുമായുള്ള ബന്ധം സാധ്യമാവുകയുള്ളൂ എന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത്. ആധുനിക ലിബറല്‍ ജനാധിപത്യ രാഷ്ട്രത്തില്‍ സ്റ്റേറ്റിന് ഒരു പൗരന്‍ ശത്രുവാണോ സുഹൃത്താണോ എന്ന് സംശയം വന്നാല്‍ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷാഭിപ്രായം തേടി പൗരന്‍റെ സ്ഥാനം നിര്‍ണയിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്. ഖല്‍ദൂനിലും രാഷ്ട്രവികാസത്തിന്‍റെ ഒരു ഘട്ടത്തില്‍ ഇത്തരമൊരു വിഭജനം കാണാം.

Carl Schmitt

അസബിയയുടെ നിലനില്‍പ് ദൈവിക ഭരണത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ എന്ന് അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. ഖിലാഫത്ത് എന്നത് മനുഷ്യന്‍റെ സഹജപ്രകൃതവുമായി ചേര്‍ന്നു നില്‍ക്കുന്ന ഒന്നായതിനാലാണത്. ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കകത്ത് രാഷ്ട്രത്തെ പറ്റിയും രാഷ്ട്രീയാധികാരത്തെ പറ്റിയുമൊക്കെയുള്ള ചര്‍ച്ചകളില്‍ പ്രതിനിധാനത്തിന്‍റെയും ഉള്‍ക്കൊള്ളലിന്‍റെയും പ്രതലത്തില്‍ നിന്നുകൊണ്ട് രാഷ്ട്രീയബോധമുള്ള മുസ്‌ലിം ചരിത്രകാരനായാണ് പലപ്പോഴും ഇബ്നു ഖല്‍ദൂന്‍ വായിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ രാഷ്ട്രം എന്നതിന്‍റെ നിലനില്‍പ്പിനെയും അതിനെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങളെയും പഠനശാഖകളെയും തീര്‍ത്തും ദൈവികമായ വൈജ്ഞാനിക പരിസരത്ത് നിന്നുകൊണ്ട് അപനിര്‍മിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത്തരത്തില്‍ ചില പുതിയ ആലോചനകള്‍ ഉയര്‍ന്ന് വരേണ്ടതുണ്ട്.

(അവസാനിച്ചു)

അസ്ഹര്‍ അലി