Campus Alive

അപകോളനീകരണത്തിന്റെ അപനിര്‍മ്മാണം: എംഫഹ്‌ലലെയെ ഓര്‍ക്കുമ്പോള്‍

കഥാകൃത്തും, മാധ്യമപ്രവര്‍ത്തകനും, സാംസ്‌കാരിക പ്രവര്‍ത്തകനും, സംഘാടകനും അധ്യാപകനുമായിരുന്ന എംഫഹ്‌ലലെ(Mphahlele(1919-2008)) മരണപ്പെട്ടിട്ട് പത്തു വര്‍ഷം തികയുകയാണ്. അദ്ദേഹം ആദ്യഭ്രഷ്ട്(First Exile) എന്ന് വിളിച്ച കോളനിവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ അനുഭവിക്കുന്ന സാസ്‌കാരികമായ അപരവത്കരണത്തെ വരച്ചുകാട്ടുക എന്നതാണ് അദ്ധേഹത്തിന്റെ കഥകളുടെയും എഴുത്തുകളുടെയുമെല്ലാം പ്രധാന ലക്ഷ്യം. അപകോളനീകരണസിദ്ധാന്തങ്ങളും പ്രാക്റ്റീസുകളും പ്രാഥമികമായി  ആദ്യഭ്രഷ്ടിനെ മറികടക്കാനുള്ളതായിരക്കണമെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. അതിനാല്‍ തന്നെ രാഷ്ട്രീയമായും വൈജ്ഞാനികമായുമൊക്കെയുള്ള അപകോളനീകരണവായനകള്‍ യൂറോപ്യന്‍ ആധുനികതയെ വലിയതരത്തില്‍ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് എംഫഹ്‌ലലെയുടെ എഴുത്തുകളെ പുനര്‍വായിക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

സാമ്പത്തികമായ പരമാധികാരത്തില്‍ നിന്നും, ലോകത്തെ മനസ്സിലാക്കുന്നതില്‍ നിന്നും, സ്വന്തത്തെ പറ്റിയുള്ള ബോധങ്ങളില്‍ നിന്നും തന്നെയും കോളനിവല്‍ക്കരിക്കപ്പെട്ട(Colonized) വ്യക്തികളെ മാറ്റി നിര്‍ത്തുക എന്നതാണ് കോളനിവല്‍ക്കരണത്തിന്റെ( Colonialism) ആത്യന്തികമായ ലക്ഷ്യം. കോളനിവത്കരിക്കപ്പെട്ടവര്‍ ആദ്യമായി മറികടക്കേണ്ടത് കോളനിവത്കരണത്തെയല്ല, മറിച്ച് ആഫ്രിക്കന്‍ അമേരിക്കന്‍ ചിന്തകന്‍  ഡു ബോയ്‌സ് (WEB Du Bois ) മുന്നോട്ടുവച്ച ഇരട്ട ബോധത്തെ(Double Consciousness) യാണ് എന്ന് എംഫാഹ്‌ലലെ വാദിക്കുന്നു. ഗൃഹ(Home) വുമായി ബന്ധപ്പെട്ട ബ്ലാക്ക് എഴുത്തുകളില്‍ ഇതിനോട് ചേര്‍ന്നുനില്‍ക്കുന്ന ആശയങ്ങള്‍ വികസിച്ചുവന്നതായി കാണാം. പ്രായോഗികമായി, ‘കോളനിവത്കരിക്കപ്പെട്ട വ്യക്തികള്‍’ പൂര്‍ണ്ണമായും പാശ്ചാത്യവത്കരിക്കപ്പെടാതെയും എന്നാല്‍ ആഫ്രിക്കന്‍ സ്വത്വത്തില്‍ നിന്നും ഭാഗികമായി വിട്ടുപോയതായും കാണാം എന്ന് ദ്‌ലോമോ (HIE Dhlomo) 1940 കളില്‍ എഴുതുന്നുണ്ട്‌. വിജയം, സംസ്‌കാരം, നന്മ, മഹത്വം എന്നിവയെല്ലാം അവര്‍ യൂറോപ്യന്‍ അളവുകോലുകള്‍ വെച്ചാണ് മനസ്സിലാക്കുന്നത് എന്നത്  ഇത്തരം ആളുകളുടെ ഇരട്ട ബോധത്തിന്റെ തെളിവാണ് എന്നദ്ദേഹം പറയുന്നു.

കോളനീകരണം ‘അപകോളനീകരണത്തെ’ രൂപപ്പെടുത്തുമ്പോള്‍

ആദ്യമായി അപകോളനീകരണ പദ്ധതികള്‍ കറുപ്പും വെളുപ്പും തമ്മില്‍ ആന്തരികവ്യത്യാസങ്ങളുണ്ടെന്ന കൊളോണിയല്‍ ആശയങ്ങള്‍ തന്നെയാണ് ആവര്‍ത്തിക്കുന്നതെന്ന് കാണാം. ‘ബ്ലാക്ക് സംസ്‌കാരത്തിന്റെ തുല്യതയില്ലാത്ത സവിശേഷതകള്‍’, ‘പ്രാദേശിക’ സംസ്‌കാരങ്ങളുടെ തിരിച്ചുവരവ്‌ തുടങ്ങിയ പരികല്‍പ്പനകളെല്ലാം തന്നെ ‘ബ്ലാക്ക്’, ‘പ്രാദേശികത’ തുടങ്ങിയവയെ മെജോറിട്ടേറിയനായ ഒന്നിന്റെ അപരസ്ഥാനത്ത് സ്വയം പ്രതിഷ്ടിക്കുന്നതിലൂടെ ഉണ്ടായിത്തീരുന്നതാണ്. കോംഗോളീസ് ചിന്തകന്‍ വി. വൈ മുഡിംബെ ഇതിനെ ‘കൊളോണിയല്‍ ലൈബ്രറി’ എന്നാണ് വിളിക്കുന്നത്.

രണ്ടാമതായി ബ്ലാക്ക് റാഡിക്കലുകളുടെ ‘കൊളോണിയല്‍ മാനസികാവസ്ഥ’ കറുത്തവര്‍ക്കെതിരെയുണ്ടായിട്ടുള്ള വ്യവഹാരങ്ങളെ നിരന്തരം ചര്‍ച്ചകള്‍ക്ക് വിധേയമാക്കി/വെളിപ്പെടുത്തിക്കൊണ്ട്‌ ചരിത്രപരമായി കോളനിവത്കരണം നടത്തുന്നവരെ പ്രതിസന്ധിയിലാക്കുന്നതായി കാണാം. അഥവാ കറുത്തവന്‍ മനുഷ്യനെ പറ്റിയുള്ള പാശ്ചാത്യഭാവനകള്‍ക്ക് പുറത്താണെന്നും അതിനാല്‍ ‘മനുഷ്യനുമായി’ ചേര്‍ന്നു നില്‍ക്കാന്‍ അവന് കഴിയില്ലെന്നുമാണ് ബ്ലാക്ക് റാഡിക്കലുകള്‍ വാദിക്കുന്നത്‌. ആഫ്രോ പെസ്സിമിസ്റ്റുകള്‍ക്കിടയില്‍ ഈ വാദം ധാരാളമായി കാണാന്‍ കഴിയും.

അപകോളനീകരണ സിദ്ധാന്തങ്ങള്‍ക്കകത്ത് തന്നെ ഇത്തരത്തിലുള്ള വ്യത്യസ്തങ്ങളായ വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്നിടത്താണ്‌ എംഫാഹ്‌ലലെയുടെ പ്രാധാന്യം വ്യക്തമാവുന്നത്.

ഈ രാജ്യത്ത് കറുത്തവനായി ജനിക്കുന്നത് തന്നെ രാഷ്ട്രീയമാണ്‌.

ദക്ഷിണാഫ്രിക്കയിലെ കൊളോണിയല്‍ കാലഘട്ടത്തിലൂടെയും വര്‍ണ്ണവിവേചനത്തിന്റെ കാലത്തും അതിന് ശേഷമുള്ള കാലഘട്ടത്തിലൂടെയുമെല്ലാം എംഫഹ്‌ലലെ ജീവിച്ചുപോയിട്ടുണ്ട്‌. അദ്ദേഹം പോപ്പുലര്‍ ആയ സിദ്ധാന്തങ്ങളുടെയൊന്നും പിന്തുടര്‍ച്ചക്കാരനോ ഉപജ്ഞാതാവോ ഒന്നും ആയിരുന്നില്ല. സ്വന്തത്തിലേക്കുള്ള(Self) ആത്മാര്‍ഥവും ചിലപ്പോഴെല്ലാം പ്രയാസപൂര്‍ണ്ണവുമായ യാത്രക്കു മാത്രമേ കൊളോണിയല്‍ മാനസികാവസ്ഥയെ മറികടക്കാന്‍ കഴിയുകയുള്ളൂ എന്നദ്ദേഹം കാണിച്ചു തന്നു. ഈ യാത്ര അമില്‍കാര്‍ കാബ്രല്‍(Amílcar Cabral ) പറഞ്ഞ ഉല്‍ഭവത്തിലേക്കുള്ള തിരിച്ചുപോക്കിനെ(Return to the Source) സാധ്യമാക്കുന്നുണ്ട്.

എംഫാഹ്‌ലെ അദ്ദേഹത്തിന്റെ ജീവിതത്തെ നാടുവിടലുകളും മടക്കങ്ങളുമായിട്ടാണ്‌ ( Exiles and Homecomings) മനസ്സിലാക്കുന്നത്. അഞ്ചാം അദ്ദേഹം വയസ്സില്‍ മരാബസ്റ്റാഡിലെ (Marabastad) നഗരജീവിതത്തില്‍ നിന്നും കറുത്തവര്‍ക്ക് സംവരണം ചെയ്യപ്പെട്ട ഉള്‍പ്രദേശത്തുള്ള തരിശുഭൂമിയിലേക്ക് പറിച്ചുനടപ്പെടുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് അദ്ദേഹത്തെ തിരിച്ച് മരാബസ്റ്റാഡിലേക്ക്‌ കൊണ്ടുവരുന്നുമുണ്ട്. ഈ കുട്ടിക്കാലാനുഭവം നാഗരികവും ഗ്രാമീണവുമായ പരസ്പര ബന്ധിതമായ രണ്ട് ബോധങ്ങള്‍ അദ്ദേഹത്തില്‍ രൂപപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഫിലോസഫിക്കല്‍ സംഭാവനകളില്‍, ആദ്യത്തേത്‌ കോളനിവത്കരിക്കപ്പെട്ട ജനങ്ങള്‍ രണ്ടു വ്യത്യസ്ത സങ്കലനങ്ങള്‍ക്ക് വിധേയപ്പെട്ടാണ് നിലനില്‍ക്കുന്നത് എന്നാണ്. അതിലൊന്ന്, പൂര്‍വ്വികന്‍മാരുടെ പാരമ്പര്യവും നാഗരികസാധ്യതകളും തമ്മിലുള്ള ‘പരസ്പരബന്ധിതമല്ലാത്ത’ യോജിപ്പും മറ്റൊന്ന് പൂര്‍വ്വികന്മാരുടെയും പാശ്ചാത്യരുടെയും അവബോധങ്ങള്‍ തമ്മിലുള്ള പരസ്പര കലഹങ്ങളുമാണ്‌. തന്റെ ക്രിയാത്മകവും താത്വികവുമായ എഴുത്തുകളില്‍ എംഫഹ്‌ലലെ ഇത്തരം സങ്കലനങ്ങളുടെ വ്യത്യസ്തങ്ങളായ വൈരുധ്യങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്.

പല കോളനിവത്കൃത ജനങ്ങളെയും പോലെ ഇത്തരത്തിലുള്ള വൈരുധ്യാത്മകതയെ  മറികടക്കാന്‍ പാശ്ചാത്യ ആധുനികതയില്‍ അഭയം കണ്ടെത്താന്‍ എംഫഹ്‌ലലെ തീരുമാനിച്ചു. 1935 ല്‍ കറുത്തവര്‍ഗ്ഗക്കാരായ വിദ്യാര്‍ഥികള്‍  പഠിക്കുന്ന കുലീനമായ ഒരു ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ് അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ പാശ്ചാത്യ വിദ്യാഭ്യാസം മറ്റൊരുതരത്തിലുള്ള ഗൃഹമില്ലായ്മ(Homelessness) യിലേക്ക് തന്നെ നയിക്കുമെന്ന് അദ്ദേഹം വളരെപ്പെട്ടെന്ന് മനസ്സിലാക്കുന്നുണ്ട്‌. അത് ആത്മീയമായ ഒരുതരം വിശ്രമമില്ലായ്മയിലേക്ക് അദ്ദേഹത്തെ നയിച്ചു. ഈ പുതിയ ലോകത്തേക്കുള്ള യാത്രയെ അദ്ദേഹം ‘ഇരുട്ടിലേക്കുള്ള സാഹസികതയായിട്ടാണ്'(adventure into the night) മനസ്സിലാക്കിയത്.

പാശ്ചാത്യ വിദ്യാഭ്യാസം എംഫഹ്‌ലലെയെ യൂറോപ്യന്‍ ആധുനികതയുടെ  ആശയങ്ങളില്‍ അഗ്രഗണ്യനാക്കുക മാത്രമല്ല ചെയ്തത്, മറിച്ച് കൊളോണിയല്‍ ബോധനിര്‍മ്മിതികളെ തിരിച്ചറിയാനും അതിലൂടെ സ്വന്തത്തെയും ചുറ്റുപാടിനെയും ലോകത്തെയും മനസ്സിലാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. പാശ്ചാത്യ വിദ്യാഭ്യാസത്തില്‍ പുരോഗതി നേടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ക്രിസ്ത്യനിറ്റിയുടെയും യൂറോപ്യന്‍ നാഗരികതയുടെയും മിത്തുകളെ ചോദ്യം ചെയ്യാനുള്ള വഴികള്‍ വികസിപ്പിച്ചുകൊണ്ടിരുന്നതായി അദ്ദേഹം പറയുന്നുണ്ട്. 21ാം വയസ്സില്‍ അദ്ദേഹം ക്രിസ്തുമതം ഉപേക്ഷിക്കുകയും അവിശ്വാസിയായിത്തീരുകയും ചെയ്യുന്നുണ്ട്.

1949 ല്‍ എംഫഹ്‌ലലെ സ്വതന്ത്രവും ആഫ്രിക്കന്‍ ദേശീയതക്ക് പുറത്തുനില്‍ക്കുന്നതുമായ The Voice of Africa എന്ന പത്രം ആരംഭിച്ചു എന്നത് അദ്ദേഹത്തിന്റെ റാഡിക്കല്‍ മനോഭാവത്തിന് തെളിവാണ്. The Voice of Africa ഒരേസമയം വെള്ള ലിബറലുകളുടെ കാപട്യത്തെ തുറന്നുകാട്ടുകയും സവര്‍ണ്ണമനോഭാവം വെച്ചുപുലര്‍ത്തുന്നതിനാല്‍ ANC ( African National Congress) യെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എംഫഹ്‌ലലെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും “കറുത്തവനും വെളുത്തവനും രാജ്യത്ത് ഉടമ-അടിമ എന്ന വിഭജനമില്ലാതെ സമാധാനത്തോടെ ജീവിക്കാമെന്നും അവര്‍ പരസ്പര പങ്കാളികളാണെന്നുമുള്ള” നവോക്താന ആശയങ്ങളുടെ പൊള്ളത്തരത്തെ മനസ്സിലാക്കി കറുത്തവന്റെ അവബോധത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്‌. അതോടൊപ്പം തന്നെ അവര്‍ “ആഫ്രിക്ക ആഫ്രിക്കക്കാര്‍ക്ക്” എന്ന മുദ്രാവാക്യത്തോടെ ഉയര്‍ന്നുവന്ന പ്രാദേശികതാവാദത്തെയും എതിര്‍ത്തു. മറിച്ച് അവര്‍ ഇന്ത്യക്കാരടക്കം അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യവും പരസ്പരസഹകരണവുമാണ് ആവശ്യമെന്ന് വാദിക്കുകയും ചെയ്തു.

സ്വയം ഭൃഷ്ടനാകുന്നു.

ബാന്‍തു വിദ്യാഭ്യാസനയത്തിനെതിരെ നിലകൊണ്ടതിന് ഭരണകൂടം എംഫഹ്‌ലലെയെ അദ്ദേഹത്തിന്റെ അദ്ധ്യാപകജോലിയില്‍ നിന്നും പുറത്താക്കുന്നുണ്ട്.അതിന് ശേഷം അദ്ദേഹത്തിന്റെ പത്രം നിര്‍ത്തലാക്കി. ഇത് അദ്ദേഹത്തെ പ്രായോഗികതലത്തില്‍ തന്നെ രാജ്യം വിടാന്‍ പ്രേരിപ്പിച്ചു. 1954 ല്‍ അദ്ദേഹം ലെസോത്തോ എന്ന ആഫ്രിക്കയിലെ തന്നെ മറ്റൊരു രാജ്യത്ത് അദ്ധ്യാപനത്തിനായി പോയി. അടുത്ത വര്‍ഷം ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം നേടാനായി  അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു വന്നു. ‘ദക്ഷിണാഫ്രിക്കന്‍ സാഹിത്യത്തിലെ കറുത്തതും വെളുത്തതുമായ കഥാപാത്രങ്ങളുടെ പ്രതിനിധാനം എന്നതായിരുന്നു’ അദ്ദേഹത്തിന്റെ ഗവേഷണ വിഷയം.

ഒരാളുടെ ബോധമണ്ഡലത്തില്‍ വികാസമുണ്ടായാല്‍ ബാക്കിവരുന്ന ഒരേയൊരു സാധ്യത രാഷ്ട്രീയമായ ചലനങ്ങളിലൂടെ രാഷ്ട്രീയമാറ്റത്തിനായി ശ്രമിക്കുക എന്നതാണ്. എന്നാല്‍ ANC യുടെ സ്വാംശീകരണത്തിന്റെ രാഷ്ട്രീയം(Politics of Assimilation) അധികാരകേന്ദ്രം വീണ്ടും വെളുത്തവനിലേക്കെത്തിക്കുമെന്നും അതിനാല്‍ അത് അര്‍ഥവത്തായ മാറ്റങ്ങളൊന്നും കൊണ്ട് വരില്ലെന്നും അദ്ദേഹത്തിന് ബോധ്യമായി.  രണ്ടുവര്‍ഷം Drum എന്ന മാസികയില്‍ രാഷ്ട്രീയനിരീക്ഷകനും ഫിക്ഷന്‍ എഡിറ്ററും സബ്എഡിറ്ററുമായി ജോലിചെയ്ത ശേഷം അദ്ദേഹം നൈജീരിയയിലേക്ക് അദ്ധ്യാപനത്തിനായി തിരിച്ച് പോകുന്നുണ്ട്. ഈ സ്വയം നിര്‍ണ്ണിത ഭൃഷ്ട് കറുത്തവന്റെ ലോകത്തെ അഭിമാനത്തോടുകൂടി മനസ്സിലാക്കുന്ന ഒരിടത്തില്‍ ഇരുപത് വര്‍ഷക്കാലം ആത്മീയ അഭയം കണ്ടെത്തുന്നതിന്റെ തുടക്കമായിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം പ്രധാനപ്പെട്ട രാഷ്ട്രീയ ചലനങ്ങളെല്ലാം നടത്തുന്നത്. ജൊഹന്നാസ്ബര്‍ഗില്‍ 1950 കളില്‍ നടന്ന  സോഫിയടൗണ്‍ നവോക്താനത്തിലും വടക്കേ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ നടന്ന ആംഗ്ലോഫോണ്‍ സാംസ്‌കാരിക നവോക്താനത്തിലും അദ്ദേഹം പങ്കെടുത്തു. പാരീസിലെ അന്താരാഷ്ട്ര സാംസ്‌കാരിക കേന്ദ്രത്തിന്റെ ഡയറക്റ്ററായിരിക്കുമ്പോള്‍ 1960 കളിലെ  നെഗ്രിറ്റിയൂഡ് പ്രസ്ഥാനങ്ങളിലും 1970 കളുടെ തുടക്കത്തില്‍ അമേരിക്കയില്‍ പ്രഫസറായിരിക്കുമ്പോള്‍ ബ്ലാക്ക് കലാ പ്രസ്ഥാനങ്ങളിലും നീഗ്രോ സാഹിത്യപ്രസ്ഥാനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ഇത്തരം എല്ലാവിധത്തിലുമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോഴും ബ്ലാക്ക് റാഡിക്കലിസത്തെയും ജ്ഞാനശാസ്ത്രപരവും രാഷ്ട്രീയവുമായ സ്വയം നിര്‍ണ്ണിതവാദത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അതിനാല്‍ തന്നെ എംഫഹ്‌ലലെയുടെ ആശയങ്ങളുടെ ആകെത്തുകയെ ‘അപകോളനീകരണത്തിന്റെ അപനിര്‍മ്മാണമെന്ന്’ വിളിക്കാം.

അദ്ധ്യാപനത്തിനും ഒരു ആഫ്രിക്കന്‍ സാഹിത്യമാസികയില്‍ ജോലിചെയ്യുന്നിതനുമിടയില്‍ എംഫഹ്‌ലലെ സാഹിത്യകൃതിയല്ലാത്ത തന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ ആഫ്രിക്കന്‍ ഇമേജ്‌(African Image(1962) പുറത്തിറക്കുന്നുണ്ട്‌. കൊളോണിയല്‍ ശക്തികളെ അപരസ്ഥാനത്ത് നിര്‍ത്താതെ തന്നെ സ്വയം നിര്‍ണ്ണയിക്കാന്‍ കറുത്തവര്‍ക്ക് കഴിയണമെന്നാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്‌ . കൊളോണിയല്‍ വ്യവഹാരങ്ങള്‍ നിര്‍മ്മിച്ചെടുത്ത ആഫ്രിക്കയെയും ആഫ്രിക്കക്കാരെയും പറ്റിയുള്ള ഭാവനകളെ അപനിര്‍മ്മിക്കാന്‍ പുസ്തകം ശ്രമിക്കുന്നുണ്ട്. പുസ്തകത്തില്‍ അദ്ദേഹം ‘ആഫ്രിക്കന്‍’ എന്ന ആശയത്തെ കൃത്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യം . ആഫ്രിക്കന്‍ ഇമേജ് അക്കാലത്തെ പാന്‍-ആഫ്രിക്കനിസത്തിനും ആഫ്രിക്കന്‍ നെഗ്രിറ്റിയൂഡ് പ്രസ്ഥാനങ്ങള്‍ക്കും കൃത്യമായ വിമര്‍ശനം മുന്നോട്ട് വെക്കുന്നുണ്ട്. നെഗ്രിറ്റിയൂഡിന്റെയും പാന്‍- ആഫ്രിക്കനിസത്തിന്റെയും നേതാക്കന്‍മാര്‍ ആഫ്രിക്കന്‍ സംസ്‌കാരം എന്ന കുലീനവും വ്യവസ്ഥാപിതവുമായ ഭാവനക്കകത്ത്  ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളെ പ്രതിഷ്ടിക്കുന്നതായി എംഫഹ്‌ലലെ നിരീക്ഷിക്കുന്നുണ്ട്. അത് ഒരിക്കലും അതിനോട് ചേര്‍ന്നുനില്‍ക്കാത്ത, അടിസ്ഥാനഇടത്തില്‍(The Source) നില്‍ക്കുന്ന ഭൂരിപക്ഷത്തെ കാണുന്നില്ല. ‘കൊളോണിയല്‍ ജ്ഞാനശാസ്ത്രങ്ങളാണ്‌’ അവരുടെ ആക്രമണോല്‍സുകമായ പാശ്ചാത്യവിരുദ്ധത രൂപപ്പെടുത്തിയെടുത്തത്‌. കാരണമത്‌ ‘വികലമായ നരവംശശാസ്ത്രത്തിന്റെ’ അടിസ്ഥാനത്തില്‍ രൂപപ്പെട്ടുവന്നതാണ്.

എംഫഹ്‌ലലെയുടെ അപകോളനീകരണ കാഴ്ച്ചപ്പാടുകള്‍

21 വര്‍ഷക്കാലത്തെ പ്രവാസത്തിന് ശേഷം ശേഷം 1977 ല്‍ എംഫഹ്‌ലലെ വംശീയവിവേചനം നിലനില്‍ക്കുന്ന ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുവരുന്നുണ്ട്. അപരവത്കരിക്കപ്പെട്ട വ്യക്തിക്ക് തന്റെ അപരസ്വത്വത്തോടും ഇരട്ട ബോധത്തോടും പ്രതികരിക്കാനുള്ള ഏകമാര്‍ഗ്ഗം സ്രോതസ്സിലേക്ക് തിരിച്ചുവരുന്നതിലൂടെ(Return to the Source) മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ തിരിച്ച് ദക്ഷിണാഫ്രിക്കയിലെത്തിച്ചത്. അദ്ധ്യാപനത്തിലും എഴുത്തുപാഠശാലകള്‍ സംഘടിപ്പിക്കുന്നതിലും മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങളിലുമാണ് പിന്നീടദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. പാന്‍ ആഫ്രിക്കന്‍ എഴുത്തുകാരുടെ സംഘടനയും ബ്ലാക്ക് വിദ്യാഭ്യാസ-ഗവേഷണ സമിതിയുമടക്കം കറുത്തവര്‍ഗ്ഗക്കാര്‍ മാത്രമുള്ള ഒരുപാട് പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ കറുത്തവര്‍ഗ്ഗക്കാരെ സ്വയം പര്യാപ്തമാക്കുകയും അവരുടെ സ്വാഭിമാനത്തെ തിരിച്ചുകൊണ്ടുവരികയും സ്വയം നിര്‍ണ്ണയിക്കാനുള്ള കെല്‍പ്പ് ഉണ്ടാക്കുകയും ചെയ്തിട്ടുമുണ്ട്‌. കൂടാതെ അദ്ദേഹത്തിന്റെ എഴുത്തുകളും പ്രവര്‍ത്തനങ്ങളും വെളുത്തവന്റെ വെറുപ്പിനും വിദ്വേഷത്തിനും അടിച്ചമര്‍ത്തലിനും അതീതമായിക്കൊണ്ടുള്ള ബോധമണ്ഡലങ്ങള്‍ കറുത്തവന് സാധ്യമാക്കിത്തീര്‍ത്തിട്ടുണ്ട്. അക്കാദമിക കരിക്കുലത്തിന്റെ ആഫ്രിക്കന്‍വത്കരണം സ്‌കൂള്‍ ഘട്ടത്തില്‍ തന്നെ ആരംഭിക്കണമെന്ന് എംഫഹ്‌ലലെ വാദിക്കുന്നു. ആഫ്രിക്കന്‍ മാനവികതയായിരിക്കണം അതിന്റെ താത്വിക അടിത്തറ എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്‌.

ദക്ഷിണാഫ്രിക്കയുടെ പരിവര്‍ത്തനകാലത്ത് അദ്ധ്യക്ഷഭാഷണങ്ങളിലും, പ്രസംഗങ്ങളിലും, പുസ്തകങ്ങളുടെ ആമുഖങ്ങളിലും, മാസികകളുടെ കോളങ്ങളിലുമെല്ലാം  ആഫ്രിക്കന്‍ മാനവികതക്കും ആഫ്രിക്കന്‍ ആവുന്നതിനും( being African) ആവശ്യമായ സാഹചര്യം ശൃഷ്ടിക്കലാണ് രാഷ്ട്രീയമായ പരിവര്‍ത്തനത്തിന്റെ ലക്ഷ്യം എന്ന് എംഫഹ്‌ലലെ വാദിച്ചുകൊണ്ടേയിരുന്നു. വെള്ളക്കാരനായ പ്രമാണിയും കറുത്തവര്‍ഗ്ഗക്കാരും തമ്മില്‍ ഭരണഘടനാപരമായ പരസ്പരധാരണകള്‍ ഉണ്ടാക്കിയെടുക്കുന്നത് വെളുത്തവന്റെ മേല്‍ക്കോയ്മയില്‍ നിന്നും വെളുത്തവന്റെ ആധിപത്യത്തിലേക്ക് വഴിവെക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എംഫഹ്‌ലലെ പറഞ്ഞ പരിമിതിയുടെ തെളിവാണ്‌ ഇന്ന് ഒരാശയത്തെയും സ്വാംശീകരിക്കാതെ സ്വതന്ത്രമായി നില്‍ക്കുന്ന സമൂഹത്തിന്റെ താഴെ തട്ടിലുള്ള ഭൂരിപക്ഷം ജനങ്ങള്‍ വലിയ ശക്തിയായി ഉയര്‍ന്നുവരുന്നു എന്നത്‌. എന്നാല്‍ എംഫഹ്‌ലലെ പറഞ്ഞതുപോലെ അപകോളനീകരണസിദ്ധാന്തങ്ങളെല്ലാം തന്നെ ആഫ്രിക്കയെയും കറുത്തവനെയും പറ്റിയുള്ള കൊളോണിയല്‍ ആശയങ്ങളെ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ അടിത്തറയിലേക്കുള്ള(Source) കറുത്തവന്റെ തിരിച്ചുപോക്ക് അത് അസാധ്യമാക്കുന്നുണ്ട്‌.

 

(കടപ്പാട്‌: www.newframe.com)

 

ഷെപോ മാഡ്‌ലിന്‍ഗോസി