Campus Alive

നിയമവും തത്വചിന്തയും: വൈരുദ്ധ്യത്തിന്റെ സാധ്യതകള്‍

What is Islam: The Importance of Being Islamic: Part 8

ഞാനിവിടെ സൂചിപ്പിച്ച ആറ് ഉദാഹരണങ്ങള്‍ പ്രമാണിവര്‍ഗ്ഗ സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിനിധാനമായി ഒരുപക്ഷേ നിങ്ങള്‍ മനസ്സിലാക്കിയേക്കാം. വലിയൊരു വിഭാഗം വരുന്ന ജനങ്ങളെ അവ പ്രതിനിധീകരിക്കുന്നില്ല എന്നും പൊതുവായി അംഗീകരിക്കപ്പെട്ട ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്നവയാണ് അവയെന്നും നിങ്ങള്‍ മനസ്സിലാക്കിയേക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ചരിത്ര-സാമൂഹിക വസ്തുതകളെ ശ്രദ്ധിക്കാത്തതു കൊണ്ടാണ് അങ്ങനെയുള്ള ചിന്ത ഉണ്ടാകുന്നത്.

ബാല്‍ക്കന്‍-ബംഗാള്‍ സമൂഹങ്ങള്‍ വിശ്വസിച്ചിരുന്ന മൂല്യങ്ങള്‍ പ്രമാണി സമൂഹങ്ങള്‍ക്കിടയില്‍ മാത്രം നിലനിന്നിരുന്ന ഒന്നല്ല. മറിച്ച് പലവിധത്തിലുള്ള ഇടപാടുകളിലൂടെ വിവിധങ്ങളായ സമൂഹങ്ങളിലേക്ക് അവ വ്യാപിച്ചതായി കാണാന്‍ സാധിക്കും. സൂഫി-തത്വചിന്താ ആശയങ്ങളുടെ വിവര്‍ത്തനങ്ങളിലൂടയും അവയുടെ കവിതാ, ആഖ്യാന നോവലുകളിലൂടെയുമാണ് അവയുടെ വ്യാപനം സാധ്യമായത്. അതോടൊപ്പം വാചികമായ (oral) പ്രചാരണവും അവക്ക് ലഭിച്ചിട്ടുണ്ട്. നാസിഫ് ശഹ്‌റാനി അതേക്കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹം ചോദിക്കുന്നു: ‘എങ്ങനെയാണ് അഫ്ഗാനിസ്ഥാനിലെ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ക്കിടയില്‍ ലോകസമൂഹത്തെക്കുറിച്ച ഇസ്‌ലാമിക കാഴ്ചപ്പാട് ഉല്‍പ്പാദിപ്പിക്കപ്പെടുകയും പുനരുല്‍പ്പാദിപ്പിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്തത്. അതായത്, എങ്ങനെയാണ് ഉലമാ വ്യവഹാരങ്ങളിലൂടെയെല്ലാം നിര്‍മ്മിക്കപ്പെടുന്ന വിജ്ഞാനങ്ങള്‍ അഫ്ഗാനികളടക്കമുള്ള വളരെ സാധാരണക്കാരായ മുസ്‌ലിംകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും അവര്‍ക്കിടയില്‍ വ്യാപിക്കുകയും ചെയ്യുന്നത്? അതിനുത്തരം ഇതാണ്: ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ പ്രാദേശികമായ പോപ്പുലര്‍ ഇസ്‌ലാമിക് ടെക്‌സറ്റുകളിലൂടെയാണ് എഴുതാനും വായിക്കാനും അറിയാതിരുന്ന വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്. ഹാഫിസിന്റെ ദിവാന്‍, സഅദി, ബിദില്‍, നിസാമിയുടെ ലയ്‌ല വ മജ്‌നൂന്‍ പോലുള്ള പ്രണയ ആഖ്യാനങ്ങള്‍, ജാമിയുടെ യൂസുഫ് വ സുലൈഖ, ഫര്‍ഹാദ് വ ശിറിന്‍, ളര്‍ബുല്‍ മിസാല്‍, ആഖ്യാന നോവലുകള്‍ (അഫ്‌സനാഹ്, ഹികായ, ഖിസ്സാ) തുടങ്ങിയ വളരെ ന്യൂനപക്ഷം പേര്‍ മാത്രം വായിച്ചിരുന്ന ഗ്രന്ഥങ്ങള്‍ ഇങ്ങനെ പോപ്പുലറായി വ്യാപിക്കാന്‍ തുടങ്ങുകയും ജനജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. സ്വിസ് യാത്രികനായ നിക്കോളാസ് പറയുന്നത് തബ്‌രീസിലെ യാചകര്‍ക്ക് പോലും പ്രണയത്തെക്കുറിച്ചും മിസ്റ്റിക്കല്‍ വൈനിനെക്കുറിച്ചുമുള്ള ഹാഫിസിന്റെയും നിസാമിയുടെയും വരികള്‍ അറിയാമായിരുന്നു എന്നാണ്.

പ്രധാനമായും കാഫി എന്ന കവിതാരൂപത്തിലൂടെയാണ് ബൗദ്ധികമായി ഉയര്‍ന്നു നിന്നിരുന്ന ആളുകള്‍ക്കിടയില്‍ മാത്രം നിലനിന്നിരുന്ന വിജ്ഞാനങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയത്. കാഫി ഒരു സൂഫി കവിതയാണ്. ഉദാഹരണത്തിന് കാഫി കവിതയെഴുതിയിരുന്ന ഗലാം ഫരീദിനെക്കുറിച്ച് ഞാനിവിടെ പ്രതിപാദിക്കാം. പരമമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും (അല്‍ഹഖ്) സൃഷ്ടിപ്പിന്റെ രഹസ്യത്തെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം തന്റെ കവിതയില്‍ പ്രതിപാദിക്കുന്നത്. എങ്ങനെയാണ് ഒരു മുസ്‌ലിം ദൈവത്തെ മനസ്സിലാക്കേണ്ടതെന്ന് ദൈവത്തോട് തന്നെയാണ് ആ കവിത ചോദിക്കുന്നത്. ഇബ്‌നുസീനയുടെ തത്വചിന്ത, നവ പ്ലാറ്റോണിക തത്വചിന്ത, സുഹ്രവര്‍ദിയുടെ നൂര്‍, അക്‌ബേറിയന്‍ തത്വചിന്ത, മദ്ഹബീ ഇശ്ഖ്, മഅ്‌രിഫത്ത് (ഹഖിനെക്കുറിച്ച അനുഭവജ്ഞാനം), ഖുര്‍ആനിലെ പ്രവാചകരെക്കുറിച്ച ആഖ്യാനങ്ങള്‍ തുടങ്ങിയവയെല്ലാം ആ കവിതയില്‍ വരുന്നുണ്ട്. വളരെ സങ്കീര്‍ണ്ണവും തത്വചിന്താപരവുമായ ഈ ഉള്ളടക്കങ്ങളെല്ലാം മദ്രസകളില്‍ പഠിപ്പിക്കപ്പെടുകയും സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. അവരുടെ കൂട്ടായ്മകളിലെല്ലാം അവ ആലപിക്കപ്പെടുകയും ചെയ്തിരുന്നു.

ബംഗാള്‍-ബാല്‍ക്കന്‍ ജനസമൂഹങ്ങളിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരും ഇബ്‌നു അറബിയുടെയും സുഹ്രവര്‍ദിയുടെയും നേരിട്ടുള്ള ഗ്രന്ഥങ്ങള്‍ വായിച്ചായിരുന്നില്ല വഹ്ദത്തുല്‍ വുജൂദിനെക്കുറിച്ചും ഹിക്മത്തുല്‍ ഇശ്‌റാഖിനെക്കുറിച്ചും മനസ്സിലാക്കിയിരുന്നത്. മറിച്ച് കവിതാ-സാഹിത്യ പാരായണങ്ങളില്‍ നിന്നായിരുന്നു. അങ്ങനെയാണ് അക്‌ബേറിയന്‍-സുഹ്രവര്‍ദി പരമ്പരകളിലെ വളരെ സങ്കീര്‍ണ്ണമായ തത്വചിന്താ സങ്കല്‍പ്പനങ്ങളെപ്പോലും അവര്‍ ഉള്‍ക്കൊണ്ടിരുന്നത്. അതിനര്‍ത്ഥം ന്യൂനപക്ഷം വരുന്ന ആളുകള്‍ക്ക് മാത്രം പ്രാപ്യമായ ഒന്നാണ് തത്വചിന്ത എന്ന ധാരണ ശരിയല്ല എന്നതാണ്. ബാല്‍ക്കന്‍-ബംഗാള്‍ മുസ്‌ലിം സമൂഹങ്ങള്‍ യഥാര്‍ത്ഥത്തില്‍ തത്വചിന്തയെ അനുഭവിക്കുകയായിരുന്നു ചെയ്തിരുന്നത്. ജനങ്ങളുടെ സാമൂഹ്യ മൂലധനം തന്നെയായിരുന്നു അത്. മദ്രസകളിലൂടെ പ്രധാനമായും അതിന്റെ വ്യാപനം വന്‍തോതില്‍ സാധ്യമായത്. അതേസമയം ഭൂരിപക്ഷം വരുന്ന ഇസ്‌ലാമിക നിയമ വിശാരദന്‍മാരും കളക്ടീവായ മുസ്‌ലിം (ബാല്‍ക്കന്‍-ബംഗാള്‍ ഇടപാടുകളെ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് പുറത്തായാണ് കണ്ടിരുന്നത്. ഇസ്‌ലാമിക നിയമ വ്യവഹാരങ്ങളെ വളരെ നിര്‍ണ്ണയപരമായാണ് അവര്‍ നോക്കിക്കണ്ടത്. ഇബ്‌നുതൈമിയ്യയുടെ Book of Following the Straight Path അതിനുദാഹരണമാണ്. ആ പുസ്തകം ഇസ്‌ലാമിക സമൂഹങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന വിവിധങ്ങളായ പ്രാക്ടീസുകളോടുള്ള നിയമപരമായ കലഹമാണ്.

ഇനി തസവ്വുഫിനെക്കുറിച്ച് ചില കാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ട്. കാരണം തസവ്വുഫിനെക്കുറിച്ച പരാമര്‍ശമില്ലാതെ ബാല്‍ക്കന്‍-ബംഗാള്‍ സമൂങ്ങള്‍ക്കിടയില്‍ വ്യാപിച്ച തത്വചിന്തകളെക്കുറിച്ച് പറയാനാകില്ല. തസവ്വുഫിനെക്കുറിച്ച ആധുനിക പഠനങ്ങളെല്ലാം ഒരു അക്കാദമിക വിഷയം എന്ന നിലക്ക് മാത്രമാണ് അതിനെ കാണുന്നത്. ഒരു സാമൂഹിക പ്രതിഭാസമായി തസവ്വുഫിനെ കണ്ടുകൊണ്ടുള്ള പഠനങ്ങള്‍ വളരെ കുറവാണ്. നോര്‍മാറ്റീവ് ആയ ജീവിതരീതിയായി അത് മനസ്സിലാക്കപ്പെടുന്നില്ല. നിയമവുമായുള്ള സംഘര്‍ഷത്തെ കേന്ദ്രീകരിച്ചാണ് പലപ്പോഴും തസവ്വുഫ് പ്രതിപാദിക്കപ്പെടാറുള്ളത്. മാത്രമല്ല, ഇസ്‌ലാമിക നിയമത്തിന്റെ എതിര്‍ധാരയായി അത് മനസ്സിലാക്കപ്പെടുന്നുമുണ്ട്. വളരെ ഏകതാനതയോടെ (singularity) തന്നെ തസവ്വുഫിനെ സമീപിച്ചാല്‍ മാത്രമേ മുസ്‌ലിം തത്വചിന്താ പാരമ്പര്യത്തെക്കുറിച്ച് തന്നെയുള്ള വ്യക്തമായ ഒരു ചിത്രം ലഭിക്കുകയുള്ളൂ. അല്ലാത്ത പക്ഷം, മുസ്‌ലിം ചരിത്രത്തെ തന്നെ നമുക്ക് അസന്നിഹിതമാക്കേണ്ടി വരും. മിക്ക സന്ദര്‍ഭങ്ങളിലും നിയമ വ്യവഹാരങ്ങളെ മുന്‍നിര്‍ത്തി തസവ്വുഫിന്റെ സാധ്യതകള്‍ തള്ളിക്കളയുകയാണ് മുസ്‌ലിം ചരിത്രകാരന്‍മാര്‍ ചെയ്യാറുള്ളത്. അതേസമയം നിയമ വ്യവഹാരങ്ങളുടെ വളരെ നിര്‍ണ്ണയപരമായ പരിമിതികളെ വളരെ സര്‍ഗാത്മകമായി മറികടക്കാന്‍ സൂഫി ജ്ഞാനവ്യവഹാരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്ന് ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും. ഇസ്‌ലാമിക തത്വചിന്ത തന്നെ സമ്പന്നമായത് സൂഫി ജ്ഞാനലോകത്തിന്റെ വികാസത്തിലൂടെയാണ്. നിയമത്തിന്റെ നിര്‍ണ്ണയങ്ങളെ മറികടക്കുന്ന മൂല്യങ്ങളക്കുറിച്ച് ബുല്ലേഷാഹ് എന്ന പേര്‍ഷ്യന്‍ സൂഫി കവി തന്റെ Dispute Between Love and Law എന്ന കവിതാസമാഹാരത്തില്‍ പറയുന്നുണ്ട്. അതിങ്ങനെ വിവര്‍ത്തനം ചെയ്യാം:

ബുല്ലേഷാഹ്‌

നിയമം പറയുന്നു: മുല്ലയുടെ അടുത്ത് പോയി നിയമങ്ങളും നിയന്ത്രണങ്ങളുമൊക്കെ പഠിക്കൂ..

പ്രണയം പറയുന്നു: ഒരൊറ്റ വാക്ക് മതി. എല്ലാ പുസ്തകങ്ങളും പൂട്ടിവെക്കൂ..

നിയമം പറയുന്നു: ലജ്ജ പാലിക്കൂ…ആ പ്രകാശം ഒന്നണക്കൂ…

പ്രണയം പറയുന്നു: എന്തിനാണീ മറ? കാഴ്ചകള്‍ തുറക്കപ്പെടട്ടെ…

നൂറ് മില്യണോളം വരുന്ന മുസ്‌ലിംകള്‍ വായിക്കുന്ന ഒരു സൂഫി കവിയുടേതാണ് ഈ വരികള്‍. നിയമത്തിന്റെ മൂല്യങ്ങള്‍ക്കെതിരായ വളരെ ആത്മവിശ്വാസത്തിലൂന്നിയ നിലപാടാണ് ഈ വരിയില്‍ തെളിയുന്നത്. എന്നാല്‍ നിയമത്തിന്റെ നിര്‍ണ്ണയ ഭാഷക്ക് മനസ്സിലാകാത്തതിനാല്‍ തന്നെ ഇസ്‌ലാമികേതരമായാണ് സൂഫി ജ്ഞാനവ്യവഹാരങ്ങള്‍ വായിക്കപ്പെടാറുള്ളത്. എന്നാല്‍ അവയെ വായിക്കേണ്ടത് നിയമത്തിനപ്പുറമുള്ള അര്‍ത്ഥോല്‍പ്പാദനമായാണ്. മുസ്‌ലിം ആയിത്തീരുക എന്ന വളരെ ക്രിയാത്മകമായ ഒരു മുന്നോട്ടുപോക്കിനെ മുന്‍നിര്‍ത്തിയാണ് തസവ്വുഫിനെ വായിക്കേണ്ടത്. What is Islam? എന്ന ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള ഒരുപാട് അന്വേഷണങ്ങളുടെ ഭാഗം തന്നെയായാണ് അതിനെ മനസ്സിലാക്കേണ്ടത്. ആ അന്വേഷണത്തിന്റെ ഭാഗമായുള്ള സംഘര്‍ഷമാണ് നിയമ വ്യവഹാരങ്ങളും തസവ്വുഫും തമ്മില്‍ നിലനില്‍ക്കുന്നത് എന്ന് ചുരുക്കം.

ഇനി തസവ്വുഫും ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രവും തമ്മില്‍ നിലനിന്ന ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കാം. ഈസോട്ടറിക് (ബാത്വിന്‍) ആയി മാത്രമല്ല തസവ്വുഫില്‍ ഖുര്‍ആന്‍ നിലനില്‍ക്കുന്നത്. ഹഖീഖത്ത് എന്ന അനുഭവപരമായ പരമസത്യത്തെക്കുറിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് അവിടെ ഖുര്‍ആന്‍ വായിക്കപ്പെടുന്നത്. അപ്പോള്‍ ശരീഅത്ത് എന്നത് ഹഖീഖത്തിനും താഴെയാണ് നിലനില്‍ക്കുന്നത്. അഥവാ, ഹഖീഖത്തിലേക്കുള്ള ഒരു വഴി എന്ന സ്ഥാനം മാത്രമേ ശരീഅത്തിനുള്ളൂ. അതിനാല്‍ തന്നെ ഇബ്‌നു അറബിയുടേയും സുഹ്രവര്‍ദിയുടെയുമെല്ലാം തത്വചിന്തകളെ ശരീഅത്തിന്റെ പ്രകടമായ അര്‍ത്ഥത്തെ മുന്‍നിര്‍ത്തി വായിക്കുന്നതില്‍ പരിമിതിയുണ്ട്. പരമ്പരാഗതമായി മുസ്‌ലിംകള്‍ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന നിയമങ്ങള്‍ക്കും ലോകവീക്ഷണങ്ങള്‍ക്കും നേര്‍വിപരീതമയാണ് അവ അര്‍ത്ഥത്തെ ഉല്‍പ്പാദിപ്പിക്കുന്നത്. അവയുടെ എല്ലാ സങ്കീര്‍ണ്ണതകളെയും ഉള്‍ക്കൊണ്ടുകൊണ്ടു തന്നെ സവിശേഷമായി അവയെ സമീപിക്കേണ്ടതുണ്ട്.

ചരിത്രപരമായി സമീപിച്ചാല്‍ തന്നെ ഇസ്‌ലാമിക ജ്ഞാനപാരമ്പര്യങ്ങളില്‍ നിലനിന്ന ഇത്തരം സങ്കീര്‍ണ്ണതകളെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിയമത്തെ പരമമായ സത്യത്തിന് (Absolute Truth) താഴെയായിട്ട് മാത്രം കണ്ട ഇബ്‌നു റുഷ്ദ് തന്നെയാണ് കൊറദോബയിലെ ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചിരുന്നത്. അതുപോലെ ഇസ്തംബൂളില്‍ ജീവിച്ചിരുന്ന കാത്തിബ് സെലെബി എന്ന ഇസ്‌ലാമിക പണ്ഡിതന്‍ സ്വയം ഹനഫി എന്നും ഇശ്‌റാഖി (സുഹ്രവര്‍ദിയന്‍) എന്നും വിശേഷിപ്പിച്ചിരുന്നു. അഥവാ, ഒരേസമയം നിയമത്തെ പിന്തുടരുന്നവനും നിയമത്തിനതീതമായും അദ്ദേഹത്തിന് നിലനില്‍ക്കാന്‍ സാധിച്ചു എന്നു ചുരുക്കം. ഈ ചരിത്ര സംഭവങ്ങളെ വൈരുദ്ധ്യം എന്ന നിലക്കല്ല സമീപിക്കേണ്ടത്. മറിച്ച് ദൈവശാസ്ത്രത്തിന്റെ തന്നെ സൗന്ദര്യമായാണ്. കാരണം ഇസ്‌ലാമിക പാരമ്പര്യം അങ്ങനെയാണ് നിലനിന്നിട്ടുള്ളത്.

 

 

ശഹാബ് അഹ്മദ്‌