Campus Alive

ആക്സോൺ: വ്യവസ്ഥാപിത വംശീയതയെ മറയ്ക്കുന്ന വിധം

‘ആക്സോൺ’ എന്ന സിനിമ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ മെയിൻ ലാൻഡ് ഇന്ത്യയിൽ അനുഭവിക്കുന്ന വംശീയ വേർതിരിവുകളെ അഭിസംബോധന ചെയ്യുന്നു എന്ന് തോന്നിപ്പിക്കും വിധം സമർത്ഥമായി തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ മെയിൻ ലാൻഡ് ഇന്ത്യക്കാരുടെ വംശീയ മനോഭാവത്തെ പ്രസാദിപ്പിക്കുകയും പ്രീണിപ്പിക്കുകയുമാണ് സിനിമ ചെയ്യുന്നത്. നമുക്ക് പരിചിതമായ, നമ്മൾ ഇടപഴകാൻ ആഗ്രഹിക്കുന്ന, നമ്മൾ അഭിമാനിക്കുന്ന, ഇഷ്ടത്തോടെ ചേർത്തു പിടിക്കുന്ന, പൊരുതാൻ വരെ തയ്യാറുള്ള ഒരു കഥാസന്ദർഭത്തെ – നമ്മുടേതല്ലാത്ത ഒരു ഇടത്ത് നമ്മുടെ ഭക്ഷണം പാകം ചെയ്യാനുള്ള പോരാട്ടം – സംവിധായകൻ നിക്കോളാസ് ഖാർകൊങ്‌ഗോർ ഇതിനുവേണ്ടി ഉപയോഗിക്കുന്നു. നമ്മുടെ ആഹാരത്തോട് നമുക്കുള്ള വൈകാരികമായ അടുപ്പത്തെ പരമാവധി മുതലെടുക്കുന്നതിൽ അദ്ദേഹം വിജയം കണ്ടിട്ടുണ്ട്. സ്വന്തം ഭക്ഷണം പാകം ചെയ്യലും അത് കഴിക്കലും ഒരു വിശേഷ അധികാരമാണ്. 2013 ൽ, ഡൽഹി സഫ്ദർജംഗിലെ കൃഷ്ണനഗരിയിലെ ഒരു വാടക വീട്ടിൽ നിന്ന് ഈയുള്ളവൻ തന്നെ മുളങ്കൂമ്പ് കൂട്ടിയ പന്നിയിറച്ചി വെച്ചുണ്ടാക്കിയതിന് പുറത്താക്കപ്പെട്ടിട്ടുണ്ട്.

സംവിധായകൻ നിക്കോളാസ് ഖാർകൊങ്‌ഗോർ

നമ്മളെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന വംശീയ വിദ്വേഷത്തെ പ്രതിരോധിക്കുന്നതിന് പകരം എങ്ങനെയൊക്കെ അതിൽ നിന്ന് രക്ഷ നേടാം എന്ന് പഠിപ്പിച്ചു തരുന്ന സിനിമ ഉപദേശം കൊണ്ട് വീർപ്പുമുട്ടിക്കുന്നുണ്ട്. വംശീയമായി അധിക്ഷേപം / വിവേചനം നേരിടാൻ നിങ്ങളാഗ്രഹിക്കുന്നില്ല എന്നുണ്ടെങ്കിൽ രാഷ്ട്രവുമായി കൂടിച്ചേരുക (കീഴൊതുങ്ങുക), മെയിൻ ലാൻഡിൽ ഒരുപാട് സുഹൃത്തുക്കളെ ഉണ്ടാക്കുക. അതിൻറെ പേരിൽ നിങ്ങൾ പകൽവെളിച്ചത്തിൽ മർദ്ദിക്കപ്പെട്ടാലോ, പരസ്യമായി ലൈംഗികാതിക്രമം നേരിട്ടാലോ, മുഖത്ത് തുപ്പിയാലോ പോലും നിങ്ങൾ അതെല്ലാം സഹിക്കുക എന്നൊക്കെയാണ് സംവിധായകൻ ഉദ്ബോധിപ്പിക്കുന്നത്.

വിവിധ മേഖലകളിൽ സിനിമയെ പ്രശ്നവത്ക്കരിക്കേണ്ടതുണ്ട്. വംശീയതയുടെ വാർപ്പ് മാതൃകകളിൽ ആണ് തുടക്കവും ഒടുക്കവും. മെയിൽ ലാൻഡ് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ വേണ്ടി വടക്കുകിഴക്കൻ കഥാപാത്രങ്ങളുടെ നാവുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതായി കാണാം. ഞങ്ങളാരും ഹിന്ദിയിൽ സംസാരിക്കാറില്ല. വ്യത്യസ്ത സമൂഹത്തിൽ/സംസ്ഥാനത്തിൽ നിന്നുള്ളവർ ഒത്തുചേരുമ്പോൾ ഇംഗ്ലീഷിലാണ് സംസാരിക്കാറ്. ഹിന്ദി സംസാരിക്കുന്നത് ആസാമിലും അരുണാചലിലും ശരിയായിരിക്കാം. പക്ഷേ കഥാപാത്രങ്ങൾ ഒന്നും തന്നെ ആസാമിലും അരുണാചലിലും നിന്നുള്ളവരായിരുന്നില്ല.

സിനിമയിലെ ഒരു ദൃശ്യം

വംശീയ വിവേചനത്തിനെതിരായ ഞങ്ങളുടെ പോരാട്ടത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന സംഭാഷണങ്ങളും അനവധിയാണ്.

ഉദാഹരണത്തിന്:

A- “ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം ഭക്ഷണം പാകം ചെയ്യാനുള്ള അവകാശമുണ്ട്”

B- “എന്നതുപോലെത്തന്നെ അവർക്ക് നിങ്ങളുടെ ഭക്ഷണത്തിന്റെ മണം സഹിക്കാതിരിക്കാനുള്ള അവകാശവുമുണ്ട്. ആരുടെ അവകാശമാണ് കൂടുതൽ ശരിയായത്?”

A- “നിങ്ങൾക്ക് നിങ്ങൾ ഇന്ത്യക്കാരാണെന്ന് തോന്നുന്നില്ലേ?”

B- “ക്ഷമിക്കണം സുഹൃത്തേ”

അത്യധികം അരോചകവും രാഷ്ട്രീയപരമായി തെറ്റായതും മുഖ്യധാരയെ പ്രീണിപ്പെടുത്തുന്നതുമായ മറ്റൊരു സംഭാഷണം മണിപ്പൂരി പെൺകുട്ടിയായ ചാൻബിയെക്കൊണ്ട് അവളുടെ കാമുകനായ, ഡൽഹിയിലെ ലജ്പത് നഗറിൽ വച്ച് മർദ്ദിക്കപ്പെട്ടതിന്റെ മാനസികാഘാതത്തിലൂടെ കടന്നുപോകുന്ന നാഗാലാൻഡ്കാരനായ ബെൻഡാങ്ങിനോട് പറയിപ്പിക്കുന്നുണ്ട് സംവിധായകൻ: ചാൻബി – “ഇത്രയും വർഷമായിട്ടും നീ ഇവിടെ നിന്ന് ഒരു സുഹൃത്തിനെ പോലും ഉണ്ടാക്കിയില്ല? ദൗർഭാഗ്യകരം! നീ പറയുന്നു നിനക്ക് നോർത്തീസ്റ്റിലേക്ക് തിരിച്ചു പോകണമെന്ന്, പക്ഷേ നീ നിന്റേതായ ഒരു നോർത്തീസ്റ്റ് തന്നെ ഇവിടെ ഉണ്ടാക്കിയിരിക്കുന്നു, നോർത്തീസ്റ്റിൽ നിന്നുള്ള ആളുകളോട് മാത്രം നീ ഇടപഴകുന്നു, അവരിൽ (മെയിൻ ലാൻഡിൽ) ചിലർക്കൊക്കെ നമ്മളോട് പ്രശ്നം ഉണ്ടാകാം. പക്ഷേ അവരിൽ ഭൂരിഭാഗവും നമ്മളോട് നല്ല രീതിയിൽ പെരുമാറുന്നു എന്നതുകൊണ്ടാണ് ഞാനും നീയും ഒക്കെ ഇവിടെ ജീവിക്കുന്നത് തന്നെ”

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ ദിനേന അനുഭവിക്കുന്ന ആഴത്തിലുള്ള ഘടനാപരമായ വംശീയ വിവേചനത്തെ അഭിമുഖീകരിക്കുന്നതിനുപകരം ഞങ്ങളുടെ തൊലിയെപ്പോലും ബാധിക്കാത്ത വംശീയതയുടെ പ്രതലത്തെ മാത്രമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ആഖ്യാനവുമായി വിദൂരബന്ധം പോലുമില്ലാഞ്ഞിട്ടും വടക്കുകിഴക്കൻ ജനസമൂഹങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ വരച്ചുകാട്ടി ഞങ്ങളുടെ പോരാട്ടത്തെ ദുർബലപ്പെടുത്താനുള്ള ശ്രമവും കാണാവുന്നതാണ്. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളും ഭിന്നതകളും ഉണ്ട്. പക്ഷേ എല്ലാ വിയോജിപ്പുകളും മാറ്റിവെച്ചുകൊണ്ട് വലിയൊരു ലക്ഷ്യത്തിനു വേണ്ടി ഞങ്ങൾ എപ്പോഴും ഒരുമിച്ച്, ഒന്നായി എഴുന്നേറ്റ് നിന്നിട്ടുണ്ട്. മെയിൻ ലാൻഡ് ഇന്ത്യക്കാരുടെ വംശീയ വിവേചനത്തിനെതിരെ, പഴയതെങ്കിലും ഞങ്ങൾക്ക് അന്യമായ ‘ഭിന്നിപ്പിച്ചു ഭരിക്കൽ’ നയത്തിനെതിരെയുള്ള പോരാട്ടമാണ് അത്.

ബോളിവുഡിൽ കാലുറപ്പിക്കാൻ വേണ്ടി തങ്ങളെയും തങ്ങളുടെ ജനത്തെയും വിൽക്കുന്ന, ഒരു കണിക പോലും ആത്മാർത്ഥതയോ വ്യക്തിത്വമോ ഇല്ലാത്ത ഈ ചേതനയറ്റ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം സിനിമയെന്നാൽ വെറുമൊരു ടിക്കറ്റ് മാത്രമാണെന്ന് വിശ്വസിക്കാൻ ഞാൻ നിർബന്ധിതനാവുകയാണ്. ശരി, നിങ്ങൾക്ക് നിങ്ങളെ വിൽക്കാം, പക്ഷേ നിങ്ങളുടെ ജനത്തെ വിൽക്കരുത്. മെയിൻ ലാൻഡ് ആഖ്യാനങ്ങളിലോ ബോളിവുഡിലോ നമ്മൾ ഉൾപ്പെടുന്നില്ല, നമുക്കവിടെ ഇടവുമില്ല. ഞങ്ങൾ അനിവാര്യമായും വേണ്ട ഘട്ടങ്ങളിൽ പോലും പ്രിയങ്ക ചോപ്ര മേരി കോമായി നടന്നകന്നത് പോലെ ഞങ്ങളെ മെയിൻ ലാൻഡ് ഇന്ത്യക്കാർക്ക് വേണ്ടി മാറ്റി നിർത്തും. കുറച്ചെങ്കിലും ഭാഗ്യമുണ്ടെങ്കിൽ നമുക്ക് വെയിറ്ററായോ പരിചാരകനായോ ലൈംഗികത്തൊഴിലാളിയായോ ട്രാൻസ്ജെൻഡറായോ ബാർബറായോ ഫാസ്റ്റ് ഫുഡ് ഉണ്ടാക്കുന്ന ചൈനക്കാരനായോ ഏതെങ്കിലുമൊരു കളിക്കാരനായോ ഒക്കെ ഒതുക്കപ്പെട്ട് വാർപ്പുമാതൃകകളായിത്തീരാം.

സിനിമയുടെ സാരാംശം – തവിട്ടുനിറമുള്ള മെയിൻലാൻഡ് ഇന്ത്യക്കാരൻ നിങ്ങളെ മർദ്ദിച്ചാലോ വംശീയാധിക്ഷേപം നടത്തിയാലോ തിരിച്ച് നിങ്ങൾ ഗിറ്റാർ പിടിച്ച് അവർക്കൊരു പാട്ടുപാടി കൊടുക്കുക!

 


(ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ക്വേജ് യൂണിവേഴ്സിറ്റിയിൽ ഫിലിം സ്റ്റഡീസ് വിഭാഗത്തിൽ ഗവേഷകനാണ് ലേഖകൻ)

വിവർത്തനം: ഹാഫിസ് ഹിശാം

Omen Achom

ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ക്വേജ് യൂണിവേഴ്സിറ്റിയിൽ ഫിലിം സ്റ്റഡീസ് വിഭാഗത്തിൽ ഗവേഷകൻ