Campus Alive

13th, Just Mercy: നവ അടിമത്ത വ്യവസ്ഥിതിയും അമേരിക്കൻ കാഴ്ചകളും

അമേരിക്കയിലെ വ്യവസ്ഥാപിത വംശീയതയെ പറ്റിയുളള ഒരു ഡോക്യുമെന്ററിയെയും സിനിമയെയും കുറിച്ചാണ് ഈ കുറിപ്പ്. ‘തേർട്ടീൻത്’(13th) എന്ന ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എവ ഡുവർനേയും, ‘ജസ്റ്റ് മേഴ്സി’(Just Mercy) എന്ന സിനിമ സംവിധാനം ചെയ്തത് ഡെസ്റ്റിന്‍ ഡാനിയേലും ആണ്. ബ്രയാന്‍ സ്റ്റീവന്‍സൺ എന്ന അഭിഭാഷകന്റെ ജീവിതവും പോരാട്ടവുമാണ് ഡോക്യുമെന്റെറിയുടെയും സിനിമയുടെയും പ്രതിപാദ്യ വിഷയം. അദ്ദേഹത്തിന്റെ ആത്മകഥയാണ് ജസ്റ്റ് മേഴ്സി എന്ന സിനിമ. അമേരിക്കയിലെ തടവറകളില്‍ കറുത്തവരായതിന്റെ പേരില്‍ മാത്രം കളളതെളിവുകളുടെ അടിസ്ഥാനത്തില്‍ ജയിലിൽ കഴിഞ്ഞവര്‍ക്ക് വേണ്ടി ബ്രയാന്‍ സ്റ്റീവന്‍സൺ നടത്തുന്ന പോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. അഭിഭാഷകരും നീതിയില്‍ വിശ്വസിക്കുന്നവരും കണ്ടിരിക്കേണ്ട ജീവിതമാണ് ബ്രയാന്‍ സ്റ്റീവൻസന്റെത്. അദ്ദേഹം ആദ്യമായി എറ്റെടുത്ത കേസിലെ പ്രതിക്ക് വംശീയ കോടതി വധശിക്ഷ വിധിക്കുകയാണുണ്ടായത്. എന്നിട്ടും പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടാവുന്ന നിരന്തരമായ ഭീഷണിപ്പെടുത്തലുകളെ വകവെക്കാതെ അദ്ദേഹം തന്റെ പോരാട്ടം മുന്നോട്ടുകൊണ്ടു പോകുന്നു. മാത്രമല്ല മക്ക്മില്ലന്‍ എന്ന ആഫ്രോ – അമേരിക്കന്‍ വംശജനെ വധശിക്ഷയിൽ നിന്ന് അപ്പീല്‍ കൊടുത്ത് അദ്ദേഹം രക്ഷപ്പെടുത്തുന്നതും കൂടിയാണ് സിനിമ.

എവ ഡുവർനേ, ജസ്റ്റിൻ ഡാനിയേൽ

പതിമൂന്നാം ഭേദഗതിയും അടിമത്ത നിരോധനവും

ഡോക്യുമെന്ററി തുടങ്ങുന്നത് തന്നെ അടിമത്വനിരോധന നിയമത്തെ പറ്റി സംസാരിച്ച് കൊണ്ടാണ്. 1865 ല്‍ നിർമിച്ച അമേരിക്കന്‍ ഭരണഘടനയിലെ പതിമൂന്നാം ഭേദഗതി അറിയപ്പെടുന്നത് അടിമത്വനിരോധനത്തിന്റെ പേരിലാണ്. എന്നാല്‍ ആ ഭേദഗതി തന്നെ അടിമത്വത്തെ നിയമപരമാക്കി മാറ്റുകയാണ് ചെയ്തത്. കുറ്റം ചെയ്തവരെ ഒഴിച്ച് ബാക്കിയുളളവരുടെ മേലുളള അടിമത്വം അവസാനിപ്പിച്ചു എന്ന നിയമം അങ്ങിനെ നിലവിൽ വന്നു.

ചരിത്രപരമായിത്തന്നെ അമേരിക്കന്‍ വെള്ളക്കാരുടെ പ്രധാന വരുമാനമാര്‍ഗം അടിമകച്ചവടമായിരുന്നു. അടിമവ്യാപാരമാണ് അവർ പതിമൂന്നാം ഭേദഗതിയിലൂടെ അവസാനിപ്പിച്ചത്. പക്ഷെ അടിമത്തം ദേശ രാഷ്ട്രത്തിനുളളിലേക്ക് പരിവർത്തിക്കപ്പെട്ടു. അതിനു നിയമത്തിന്റെ ഭാഷ കൈവന്നു. നിയമ വ്യവഹാരം തന്നെ വംശീയവൽക്കരിക്കപ്പെട്ടു. അമേരിക്കന്‍ കോടതികളില്‍ 95 ശതമാനവും പ്രോസിക്യൂഷന്‍ ഭാഗത്ത് വെളുത്ത വംശജരായിരുന്നു. കോടതികളില്‍ സിവില്‍ കേസുകള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥ വന്നു. ഒരു ദിവസം കൊണ്ട് വരെ കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ലഹരികടത്തലില്‍ എര്‍പ്പെട്ടവര്‍ പോലും 15 വര്‍ഷത്തോളം ജയിലിലടക്കപ്പെട്ടു. പരോള്‍ പോലും ലഭിക്കാതെ വന്നു. പൊതുവേ പരോളില്‍ വിട്ട് അവരെ നിരീക്ഷച്ചതിന് ശേഷം മോചിപ്പിക്കുന്ന രീതി പോലും കറുത്തവര്‍ഗക്കാര്‍ക്ക് നിഷേധിക്കപ്പെട്ടു.

ദേശ – രാഷ്ട്ര നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ ഈ 13ാം ഭേദഗതിയിലൂടെ അടിമത്വത്തെ നിര്‍ണ്ണിത പ്രദേശത്ത് ഒതുക്കുന്നതായിട്ടാണ് ഈ ഡോക്യുമെന്ററി നമ്മോട് പറയുന്നത്. അടിമത്ത നിരോധനത്തിനു ശേഷം നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് വംശീയത അമേരിക്കയില്‍ നടപ്പിലാക്കിയത്. കറുത്തവരെയും വെളുത്തവരെയും വേര്‍തിരിക്കുന്ന ജിം ക്രോ പോലുളള നിയമങ്ങള്‍ വികസിച്ചത് ഇങ്ങിനെയാണ്. ഹോട്ടലുകള്‍ മുതല്‍ ബസ്സുകളിൽ വരെ വേര്‍തിരിവുകള്‍ നിയമത്തിലൂടെ തന്നെയാണ് നടപ്പിലാക്കിയത്.

ജിം ക്രോ നിയമങ്ങള്‍ക്കെതിരെ സിവില്‍ അവകാശ പ്രസ്ഥാനങ്ങള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടു. പൗരാവകാശത്തെ പുനർ നിർവചിക്കാൻ അവർ ശ്രമിച്ചു. വെളളക്കാര്‍ക്ക് മാത്രമായി പ്രവേശനമുളള ബീച്ചില്‍ ആഫ്രിക്കന്‍ വംശജർ പ്രവേശിക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. വെള്ളക്കാര്‍ക്ക് മാത്രമായി നിലനിന്നിരുന്ന ക്യാമ്പസുകളിലും, തെരുവുകളിലുമെല്ലാം പൗരാവകാശ പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തത് വെളളക്കാരെ പ്രതിസന്ധിയിലാക്കി. ക്രമിനല്‍ ആവുക എന്നത് ഈ അറസ്റ്റുകളിലൂടെ സ്വാഭാവികമായ ഒരു അവസ്ഥയുണ്ടായി. 1865 മുതല്‍ നിലനിന്നിരുന്ന ക്രിമിനലായാല്‍ അടിമകളാക്കി മാറ്റാമെന്ന നിയമത്തെ ഇത്തരം അറസ്റ്റുകള്‍ ചോദ്യം ചെയ്തു. കുക്ലസ് ക്ലാന്‍ പോലുളള സംഘടനകള്‍ക്കെതിരെ ബ്ലാക്ക് മൂവ്‌മെന്റുകള്‍കൂടി ശക്തിപ്പെട്ടു.

ജയിൽ എന്ന മുതലാളിത്ത വ്യവസായം

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥിതി ആഫ്രിക്കന്‍ വംശജരെയും തദ്ദേശീയ ജനതയെയും കൊന്നും അടിമകളാക്കി വിറ്റും ജോലിചെയ്യിച്ചും ഉണ്ടാക്കിയെടുത്തതാണ്. ഇന്ന് അമേരിക്കന്‍ ജയിലില്‍ എറ്റവും കൂടുതല്‍ നിറഞ്ഞിരിക്കുന്നത് ആഫ്രോ-അമേരിക്കന്‍ വംശജരാണ്. ജയില്‍ നിര്‍മ്മാണത്തിനും സുരക്ഷക്കും അമേരിക്കന്‍ ഭരണകൂടം കോടികളാണ് ചെലവഴിക്കുന്നത് അതിന്റെ മേല്‍നോട്ടം ഭരണകൂടത്തില്‍ നിന്ന് എറ്റെടുത്തിരിക്കുന്നത് വെളളക്കാരുടെ കമ്പനികളാണ്. ജയിലിനകത്ത് ഒരു തൊഴിൽ ശക്തിയെ ഉണ്ടാക്കി അതിനകത്ത് അവരെ അടിമ സമാനരാക്കി ജോലി ചെയ്യിപ്പിക്കുന്നു. ചെറിയ കേസുകള്‍ക്ക് പോലും വര്‍ഷങ്ങളോളം, ജാമ്യതുകയില്ലാത്തതിന്റെ പേരില്‍ പാവപ്പെട്ടവരായ ആഫ്രിക്കന്‍ ലാറ്റിനോ വംശജരും ജയിലിനികത്തെത്തുന്നു. ഇവരെ കൊണ്ട് കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യിപ്പിച്ച് ലാഭം ഉണ്ടാക്കുന്നതും വെളുത്തവരുടെ കമ്പനികൾ തന്നെയാണ്. ഇതില്‍ പോലീസ് സംവിധാനങ്ങളും മുഖ്യമായ ഒരു പങ്കു വഹിക്കുന്നു. പ്രതികളായി പിടിച്ചവരെ കൊണ്ട് കോടതിയിലും കുറ്റം എറ്റുപറയാന്‍ പ്രേരിപ്പിക്കുകയും കുറഞ്ഞ ശിക്ഷയേ കിട്ടൂ എന്ന വാഗ്ദാനത്തിൽ വിചാരണയില്ലാതെ നേരിട്ട് ജയിലിനകത്തേക്ക് അയക്കുകയും ചെയ്യുന്നു.

റിച്ചാർഡ് നിക്‌സണ്‍ പ്രസിഡന്റായതോടെ ലോ ആന്റ് ഓര്‍ഡര്‍ നിയമം ശക്തിപ്പെടുത്തുകയും 1970 ല്‍ കറുത്തവരെ അറസ്റ്റ് ചെയ്യുന്നതിൽ വർദ്ധനവുണ്ടാവുകയും ചെയ്തു. ബ്ലാക്ക് പാന്തര്‍ മൂവ്‌മെന്റിനെ അടിച്ചൊതുക്കി കൊണ്ടാണ് നിക്‌സണ്‍ അമേരിക്കയില്‍ പുതിയ ജിം ക്രോ നിയമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

വാർ ഓൺ ഡ്രഗ്സ്

പിന്നീട് ‘വാർ ഓൺ ഡ്രഗ്സ്’ എന്ന ക്യാമ്പയിന് അമേരിക്കന്‍ ഭരണകൂടം തുടക്കം കുറിക്കുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആയ ഖലീല്‍ ജി മുഹമ്മദ് പറയുന്നത് പ്രകാരം, ആഫ്രിക്കന്‍ വംശജരെ നേരിട്ട് നിയമത്തിന്റെ പേരില്‍ കൂട്ടമായി തടവിലിടുന്ന പ്രക്രിയക്ക് തുടക്കം കുറിക്കുകയും, വെളുത്തവരായ തൊഴിലാളി വർഗ്ഗത്തിനും പോലീസിനും തങ്ങള്‍ കറുത്തവരെ വംശീയപരമായി പീഡിപ്പിക്കുകയല്ലെന്നും വെളുത്തവരായ ഞങ്ങള്‍ നിയമം നടപ്പിലാക്കുക മാത്രമാണെന്നുള്ള തോന്നലും ഇതു നിര്‍മ്മിച്ചു. അമേരിക്കന്‍ ആഫ്രിക്കന്‍ വംശജരുടെ ഇടയില്‍ പട്ടിണിയും തൊഴിലില്ലായ്മയും കൂടി വന്നു. ചെറിയ തെറ്റ് ചെയ്തവരെ പോലും കാലങ്ങളായി ജയിലില്‍ പാര്‍പ്പിച്ചു. അമേരിക്ക ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട ഈ സമയത്ത് ജയിലിലകപ്പെട്ടവരെ കൊണ്ട് റെയില്‍പ്പാലം നിർമ്മാണം മുതല്‍ എല്ലാതരം തൊഴിലുകളും ഭരണകൂടം ചെയ്യിപ്പിച്ചു. പഴയ കാലത്ത് അടിമകളെ കൊണ്ട് ചെയ്യിപ്പിച്ചിരുന്ന ജോലികൾ പുതിയ അടിമത്വവ്യവസ്ഥിതിയുടെ ഭാഗമായി ‘കുറ്റവാളികളെ’ കൊണ്ട് ചെയ്യിപ്പിച്ചു. അങ്ങനെ അടിമത്ത തൊഴിൽ സമ്പ്രദായം പുതിയ രീതിയിൽ തിരിച്ചു വന്നു.

ബ്രയാൻ സ്റ്റീവൻസൺ

ബ്രയാന്‍ സ്റ്റീവന്‍സണ്‍ പറയുന്നത് മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഒരു ആരോഗ്യപ്രശ്‌നമായിട്ടല്ല അമേരിക്കന്‍ ഭരണകൂടം കണ്ടിരുന്നത്, മറിച്ച് അത് ആഫ്രിക്കന്‍ വംശജനെ കൂടൂതല്‍ ക്രിമിനലാക്കി മാറ്റുന്നെന്നും അതിനാൽ അവരെ ജയിലില്‍ അടക്കുകയാണ് അവർ ചെയ്തതെന്നുമാണ്. ലോകത്തെ ആകെ ജയില്‍ പോപ്പുലേഷന്റെ 25 ശതമാനവും അമേരിക്കന്‍ ജയിലുകളിലാണ് കിടക്കുന്നത്. വെളുത്തവര്‍ക്ക് ലഹരി ഉപയോഗിച്ചാല്‍ ചെറിയ ശിക്ഷയേ കിട്ടിയിരുന്നുളളൂ. റൊണാള്‍ റീഗന്‍ അമേരിക്കന്‍ പ്രസിഡന്റാവുന്നത് തന്നെ നിയമസംവിധാനം നിലനിര്‍ത്തുമെന്നും മുതലാളിമാരുടെ ടാക്‌സ് വെട്ടികുറക്കുമെന്നും പ്രഖ്യപിച്ചു കൊണ്ടാണ്. എയ്ഞ്ചല ഡേവിസ് പറയുന്നത് ലഹരിക്കെതിരെയുള്ള യുദ്ധം ബ്ലാക്ക്, ലാറ്റിന്‍ സമുദായങ്ങൾക്കെതിരായിരുന്നു എന്നത് വ്യക്തമാണെന്നാണ്. വോട്ടവകാശം കറുത്തവർക്ക് ലഭിച്ചതോടെ രാഷ്ട്രീയ നേതാക്കള്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍ മുതല്‍ സാമൂഹി സുരക്ഷിതത്വം തുടങ്ങിയ പദാവലിയിലൂടെയും വംശീയതയെ ഒന്ന് കൂടി പൊതുവല്‍ക്കരിക്കുയാണുണ്ടാത്.

ജയിൽ സ്വകാര്യവൽക്കരണവും ആഗോള ഭീകരവേട്ടയും

1990 കളോട് കൂടി അമേരിക്കയില്‍ ജയില്‍ സംവിധാനങ്ങള്‍ പൊതുസ്ഥാപനങ്ങളില്‍ നിന്ന് സ്വാകാര്യസ്ഥാപനങ്ങളായി മാറി. അതോടെ ജയില്‍ എന്നത് ലാഭകരമായ ബിസിനസ്സ് ചെയ്യുന്ന ഇടമായി. ഭരണകൂടം ഫണ്ടുകള്‍ നല്‍കുകയും ചെയ്തു. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോർജ് ബുഷിന്റെ വരവ് ക്രിമിനലുകളെ യുദ്ധം ചെയ്ത് തോല്‍പ്പിക്കാന്‍ പറ്റുമെന്ന പ്രതീതി ജനിപ്പിച്ചാണ്. ആഭ്യന്തരമായി നടന്ന് കൊണ്ടിരിക്കുന്ന ഇത്തരം യുദ്ധങ്ങള്‍ മയക്കുമരുന്നിന്റെ പേരിലാണെങ്കില്‍ പിന്നിട് അതിനൊരു ആഗോള മാനം വന്നു. വാർ ഓൺ ടെറർ എന്ന പേരിലാണ് അഫ്ഗാൻ അധിനിവേശം തുടങ്ങുന്നത്.

സിനിമയുടെ പങ്ക്

‘തേർട്ടീൻത്’ ഡോക്യുമെന്റിയില്‍ 1915 ല്‍ അമേരിക്കയില്‍ ഇറങ്ങിയ ‘ദി ബെർത്ത് ഓഫ് നേഷൻ’ എന്ന സിനിമ എങ്ങനെയാണ് കറുത്തവരെ വികലമായി പ്രതിനിധീകരിച്ചെതെന്ന് കാണിക്കുന്നുണ്ട്. ആഫ്രിക്കൻ വംശജന്‍ വെളുത്ത പെണ്‍കുട്ടിയെ ആക്രമിക്കുകയും, അക്രമിയെ വെളുത്ത വംശീയ സംഘടനയായ കുക്ലസ് ക്ലാൻ കൊല്ലുന്നതുമാണ് കഥ. ഇങ്ങനെ സിനിമ മുതല്‍ കോടതികളിൽ വരെ വ്യവസ്ഥാപിതമായി അമേരിക്കയില്‍ വംശീയത ആഫ്രിക്കന്‍ ജനവിഭാഗത്തെ അക്രമിച്ച് കൊണ്ടേയിരുന്നു. ടി.വിയിലൂടെയും പത്രങ്ങളിലൂടെയും നിര്‍മ്മിച്ചെടുക്കുന്ന കഥകള്‍ വ്യവസ്ഥാപിത വംശീയവാദങ്ങള്‍ക്ക് അടിത്തറ പാകുന്നു.

‘ജസ്റ്റ് മേഴ്സി’ സിനിമയിലെ ഒരു രംഗം

ബ്രയാൻ സ്റ്റീവന്‍സൺ 1990 കളില്‍ തന്നെ കോടതികളില്‍ നടന്ന് കൊണ്ടിരിക്കുന്ന വ്യവസ്ഥാപിതമായ വംശീയതകളെ തുറന്ന് കാട്ടുന്നുണ്ട്. സിനിമയില്‍ അവസാന ഭാഗത്ത് കോടതി രംഗത്തില്‍ ജഡ്ജിയോട് അദ്ദേഹം വാദിക്കുന്നത് ഇങ്ങനെയാണ്: “വെളുത്ത പോലീസുകാര്‍ കേസ് അന്വേഷിക്കുന്നു. സാക്ഷിയായി വരുന്നത് വെളുത്തവംശക്കാരന്‍. ഒറ്റ കറുത്തയാളുകളെയും ഇതില്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടില്ല”, ബ്രയാന്‍ സ്റ്റീവന്‍സൺ പറയുന്നു “ആഫ്രിക്കന്‍ യുവാക്കളെ മാഫിയകളും സ്ത്രീവിരുദ്ധരുമാക്കി ജയിലിലടച്ചതോടെ അവരെ കുറിച്ച് ആരും അന്വേഷിക്കാതെയായി. അങ്ങനെ അവര്‍ ജയിലില്‍ പോകാന്‍ നിര്‍ബന്ധിതരായി.”

ഇന്ത്യൻ സാഹചര്യം

പതിമൂന്നാം ഭേദഗതിയെ പറ്റി നെറ്റ്ഫ്ലിക്‌സില്‍ വന്ന ഈ ഡോക്യുമെന്ററി ഇന്ത്യൻ സാഹചര്യത്തിൽ വായിക്കാൻ കഴിയുന്ന ഒന്നാണ്. ഇന്ത്യയില്‍ യു.എ.പി.എ പോലുളള നിയമങ്ങള്‍ എങ്ങനെയാണ് അടിമത്വത്തെ നിര്‍മ്മിക്കുന്നതെന്ന ഉള്‍കാഴ്ച്ച ഇതിലൂടെ ലഭിക്കുന്നു. അതായത് വിചാരണ തടവുകാരായി എത്രകാലം വേണമെങ്കിലും മനുഷ്യരുടെ സ്വാതന്ത്ര്യത്തെ തടഞ്ഞ് വെക്കുന്ന നിയമങ്ങളുടെ ചരിത്രമാണത്. ജാമ്യമില്ലാത്ത അനന്തമായ തടവ് അടിമത്ത വ്യവസ്ഥയുടെ ഉൽപന്നമാണ്. അമേരിക്കയിലെ പാട്രിയറ്റ് ആക്റ്റിനു സമാനമായി ഇന്ത്യയിൽ വികസിച്ച നിയമമാണ് യു.എ.പി.എ.

അമേരിക്കയില്‍ കറുത്തവര്‍ക്കെതിരെ നടക്കുന്ന വെളുത്തവംശീയവാദത്തിന്റ സ്വഭാവവും ഇന്ത്യയില്‍ നടക്കുന്ന ദലിത് വിരുദ്ധവും മുസ്ലിം വിരുദ്ധവുമായ ആര്‍.എസ്.എസ് സവര്‍ണ്ണ വംശീയവാദത്തിന്റ അക്രമങ്ങളും തമ്മിൽ പല സമാനതകളും ഈ ഡോക്യുമെന്ററിയിലും സിനിമയിലും നമുക്ക് കാണാം.

പിൻകുറിപ്പ്: അമേരിക്കൻ ദൃശ്യഭാഷയിൽ ആഫ്രിക്കൻ – അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഇടപെടലിനെ ഈ സിനിമയും ഡോക്യുമെന്ററിയും പ്രതീകവൽകരിക്കുന്നുണ്ട്. സിനിമയെ ഒരു ഡോക്യുമെന്ററിയായും തിരിച്ചും കാണാം. ഫിക്ഷനെ വെല്ലുന്ന അതിജീവന രേഖയാണ് ഡോക്യുമെന്ററി.

 

ഹാഷിര്‍ കെ മുഹമ്മദ്‌