Campus Alive

ബ്രാഹ്മണ വയലന്‍സിന് ഏഴാണ്ട് തികയുമ്പോള്‍

‘How absolute is the relationship between ideology and what we remember or forget? More importantly, what do we remember, how and why? Who remembers what? We also need to focus on the relation between memory and social responsibiltiy’.

“The ideology of selective forgetting : how a political massacre is remembered in Turkey: The 33 Bullets Incident”

മേയ് പതിനാറിന് കേരള ചരിത്രത്തിലെ തന്നെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് എന്ത് ,തിരഞ്ഞെടുപ്പില്‍ എന്ത് അടിസ്ഥാനത്തില്‍ ആര്‍ക്ക് വോട്ട് രേഖപ്പെടുത്തണം എന്നതൊക്കെ ഇലക്ഷന്‍ പ്രചാരണ കാലത്ത് മാത്രം ഉയര്‍ത്തുന്ന ചില വിഷയങ്ങളില്‍ പരിമിതപ്പെട്ട് പോവുകയും കാലങ്ങളായി നമുക്ക് മുന്നില്‍ നടക്കുന്നതും മുന്‍പ് നടന്നതുമായ ക്രൂര യാഥാര്‍ത്യങ്ങളും ,അടിച്ചമര്‍ത്തലുകളും വിസ്മൃതമായി പോവുകയും ചെയ്യുന്നത് നാം കണ്ട് കൊണ്ടിരിക്കുന്നു. ആഗോള തലത്തില്‍ തന്നെ നില നില്‍ക്കുന്ന അധീശ വ്യവഹാരങ്ങള്‍ ചിലതിനെ മാത്രം ഓര്‍മപ്പെടുത്തുകയും ചിലതിനെ മനപ്പൂര്‍വം മറവിയിലേക്ക് തള്ളുകയും ചെയ്യുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഏഴ് കൊല്ലം കൊല്ലം മുന്‍പ് ഒരു മേയ് 17ന്, ഇടത്പക്ഷം ദയനീയമായി പരാജയപ്പെട്ട ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന്റെ പിറ്റേന്നാണ് ആറു മുസ്‌ലിംങ്ങള്‍ കൊല്ലപ്പെടാനും 47 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനും കാരണമായ ബീമാപള്ളി വെടിവെപ്പ് സംഭവം നടന്നത്. വിമോചന സമര കാലത്തെ അങ്കമാലി വെടിവെപ്പും കൂത്തുപറമ്പ് വെടിവെപ്പുമെല്ലാം എല്ലാ കാലത്തും ചര്‍ച്ചയായ കേരളത്തില്‍ എന്ത് കൊണ്ടാണ് കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഹിംസയായ ബീമാപള്ളി വെടിവെപ്പ് ജനങ്ങളുടെ ഓര്‍മയില്‍ ഇല്ലാതെ പോകുന്നത് ?

ആരാണ് ഈ രാജ്യത്തിലെ പൗരന്‍ എന്നും ആരൊക്കെയാണ് ഇവിടെ ജീവിക്കാന്‍ അര്‍ഹതയുള്ളവര്‍ എന്നും തീരുമാനിക്കപ്പെടുന്ന സാമൂഹ്യ രാഷ്ട്രീയാവസ്ഥ സംജാതമായ കാലത്താണ് നാം ജീവിച്ച് കൊണ്ടിരിക്കുന്നത് .സഹസ്രാബ്ദങ്ങളായി ഇവിടെ നിലനില്‍ക്കുന്ന ബ്രാഹ്മണികമായ അധീശ വ്യവസ്ഥ നിശബ്ദമായി നിര്‍വഹിച്ചിരുന്ന ഹിംസ മറ നീക്കി പുറത്ത് വന്നു എന്നത് മാത്രമാണ് രണ്ട് വര്‍ഷം മുമ്പ് ഒരു മെയ് 16ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഈ രാജ്യത്ത് ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹായത്തോടെ നടന്ന കലാപങ്ങള്‍ എന്ന് നാം ഓമന പ്പേരിട്ട് വിളിക്കുന്ന ഒരായിരം വംശഹത്യകള്ളെ കുറിച്ച്, കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യവും അര്‍ദ്ധ സൈനിക വിഭാഗങ്ങളും ചേര്‍ന്ന് കൊന്നൊടുക്കിയ ലക്ഷക്കണക്കിന് ജനങ്ങളെ സംബന്ധിച്ചു ഒരു ഓര്‍മ്മപ്പെടുത്തലും ഇല്ലാതെ കടന്ന് പോകുന്ന തെരഞ്ഞെടുപ്പാണിത്. അവയില്‍ ഒന്നായി ബീമാപ്പള്ളിയും മാറുന്നു എന്നതാണ് ‘പ്രബുദ്ധ മതേതര കേരളം’ ഇത്ര കാലം ആര്‍ജിച്ച രാഷ്ട്രീയ ‘വികാസവും’ ‘പക്വതയും’. ആ പ്രബുദ്ധ കേരളത്തെ പടുത്തുയര്‍ത്തി എന്ന് നാഴികക്ക് നാല്‍പത് വട്ടം വിളിച്ച് പറയുന്ന, തങ്ങള്‍ വന്നാല്‍ എല്ലാം ശരിയാവും എന്ന തികഞ്ഞ അരാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്ന ഇടത് പക്ഷം ഭരിക്കുമ്പോള്‍ തന്നെയാണ് ബീമാപള്ളി പരിസരത്ത് പതിനാറ് വയസ്സുകാരനായ ഫിറോസിനെയടക്കം ആറു പേരെ കേരള പോലീസ് വെടിവെച്ച് കൊന്നത് എന്നും നാം അറിയുക.

police

എന്ത് കൊണ്ടാണ് ബീമാപള്ളി വെടിവെപ്പ് നമ്മുടെ ബോധമണ്ഡലത്തില്‍ ഒരു ബ്രാഹ്മണ-ഭരണകൂട ഹിംസയായി പതിയാതെ പോകുന്നത്. അപരിഷ്‌കൃതരും അന്ധ വിശ്വാസികളും അപകടകാരികളും നിയമത്തിന് ബാഹ്യമായി പ്രവര്‍ത്തിക്കുന്ന, പെട്ടെന്ന് അക്രമാസക്തരാവുന ആളുകളാണ് ബീമാപള്ളിക്കാര്‍ എന്ന ധാരണയാണ് ഇന്നും പൊതു സമൂഹത്തില്‍ നിലവിലുള്ളത്. ഒരര്‍ത്ഥത്തില്‍ ഇതേ അപകടകരമായ ധാരണ തന്നെയല്ലേ ഓരോ മുസ്‌ലിമിനെക്കുറിച്ചും ഇന്ന് നിലവിലുള്ളത്? ഏത് സമയത്തും തീവ്രവാദി ആയേക്കാവുന്ന തരത്തിലുള്ള ഒരു ബോധ്യം/വിശ്വാസം കൊണ്ട് നടക്കുന്നവന്‍ എന്ന നിലയില്‍ മുസ്‌ലിം വെടി വെച്ച് കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് എന്ന ധാരണ അല്ലേ ഇന്ന് നില നില്‍ക്കുന്നത്? അതല്ലെങ്കില്‍ എന്ത് കൊണ്ട് ബീമാപ്പള്ളിയെ കുറിച്ച് ആരും ഓര്‍ക്കുന്നില്ല? ബീമാപ്പള്ളി വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെയും ഗുരുതരമായി പരിക്കേറ്റവരെയും കുറിച്ച് മുസ്‌ലിംങ്ങളുടെയും ദളിതുകളുടെയും സ്വയം അവരോധിത സംരക്ഷക വേഷം കെട്ടുന്ന ഇടത് പക്ഷത്തിന് എന്താണ് പറയാനുള്ളത്? അവര്‍ക്ക് പത്തു ലക്ഷം രൂപ നഷ്ട്ടപരിഹാരം നല്‍കിയതോടെ ഇനി വെടിവെപ്പിനെ കുറിച്ച് ഒന്നും മിണ്ടിപ്പോകരുത് എന്നാണോ? വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമീഷന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ എവിടെയാണ് ? മുസ്‌ലിം സമുദായത്തിന്റെ പേറ്റന്റ് അവകാശപ്പെടുന്ന സമുദായത്തിന്റെ പാര്‍ട്ടി നിര്‍ണായക റോള്‍ വഹിച്ച കഴിഞ്ഞ മന്ത്രിസഭ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടിയാണ് കൈകൊണ്ടത് ?ഏഴ് വര്‍ഷം മുന്‍പ് നമ്മുടെ സംസ്ഥാനത്ത് നടന്ന ബ്രാഹ്മണ-ഭരണകൂട ഹിംസ ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നവരും വോട്ട് കുത്താന്‍ പോകുന്നവരും മറന്ന് പോയിരിക്കുന്നു .

 

മുമ്പ് കൊളോണിയല്‍ ഭരണ കാലഘട്ടത്തില്‍ മതഭ്രാന്തന്‍ എന്ന പ്രയോഗത്തിലൂടെ അധിനിവേശ ഭരണ കര്‍ത്താക്കള്‍ മലബാറിലെ മാപ്പിളരുടെ രാഷ്ട്രീയത്തെ ഒന്നാകെ നിയന്ത്രിച്ചത് എങ്ങനെ എന്ന് എം ടി അന്‍സാരി ‘മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മതഭ്രാന്തനെ ഭരണ നിര്‍വഹണത്തിലൂടെ കൊണ്ട് വരികയാണ് ചെയ്തത് എന്നും അന്‍സാരി എഴുതുന്നു. കൊളോണിയലാനന്തര ഇന്ത്യയില്‍ അത്തരത്തില്‍ ഒരു സമുദായത്തിന്റെ രാഷ്ട്രീയ ബോധ്യത്തെയും സാമൂഹിക നിലനില്‍പ്പിനെയും നിര്‍ണയിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ നാഷന്‍ സ്റ്റേറ്റ് നിര്‍മിച്ചെടുത്ത ഒരു പുതിയ സംജ്ഞയാണ് തീവ്രവാദം . അനാഥ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷം അതിന്റെ ഉത്തരവാദിത്വം പേറേണ്ട, പൊട്ടന്‍ഷ്യല്‍ ടെററിസ്റ്റ് ആയ ഒരുവനാണ് മുസ്‌ലിം എന്ന തലത്തിലേക്ക് പൊതു ധാരണകളെ മാറ്റാന്‍ ഇന്ത്യയിലെ അധീശ വ്യവസ്ഥക്ക് സാധിച്ചിരിക്കുന്നു. തീവ്രവാദത്തെ ഭരണ നിര്‍വഹണത്തിലൂടെ ഒരു സമുദായത്തിന്റെ തലയില്‍ കെട്ടി വെച്ച് അവരുടെ രാഷ്ട്രീയ സാമൂഹിക നില നില്‍പ്പിനെ നിര്‍ണയിക്കുന്നതില്‍ ഭരണ കൂടം വിജയിച്ചിരിക്കുന്നു. ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിം ഈ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ട് എന്ന് ഇടയ്ക്കിടെ വിളിച്ച് പറയേണ്ട ഗതികേടില്‍ ഒരു സമുദായം എത്തി പെട്ടിരിക്കുന്നു. മുസ്‌ലിം എന്നാല്‍ പൊട്ടന്‍ഷ്യല്‍ ടെററിസ്റ്റ് എന്ന ധാരണ തന്നെയാണ് കേരളത്തിലും നിലവിലുള്ളത് എന്ന് മനസ്സിലാക്കാന്‍ കേരളത്തിലെ യു.എ .പി എ കേസുകളില്‍ ജയിലടക്കപ്പെട്ട ചെറുപ്പക്കാരില്‍ ഭൂരിഭാഗവും ഏത് സമുദായത്തില്‍ പെട്ടവര്‍ ആണ് എന്ന് നോക്കിയാല്‍ മതിയാവും. ഇതിനെ കുറിച്ചും തികഞ്ഞ മൗനം തന്നെയാണ് ‘പ്രബുദ്ധ കേരളം’ പുലര്‍ത്തുന്നത്.

brut

മുസ്‌ലിംങ്ങളെ കുറിച്ച് മുഖ്യധാര സിനിമയും സാഹിത്യവുമെല്ലാം പകര്‍ന്ന് നല്‍കുന്ന ചിത്രങ്ങള്‍ കൂടിയാണ് ബീമാപ്പള്ളി വെടിവെപ്പിനെ കുറിച്ച് മൗനം പാലിക്കാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നത്. മുസ്‌ലിംങ്ങളെ കുറിച്ച് മാത്രമല്ല, പ്രബുദ്ധ കേരളത്തിന്റെ പൊതു ധാരണകളില്‍ ഇടമില്ലാതെ അപരവല്‍ക്കരിക്കപ്പെട്ട് പോകുന്ന ജിഷമാരെ കുറിച്ചും കൂടി ആലോചിക്കേണ്ട സമയമാണിത്. ഒരു പക്ഷേ ഇലക്ഷന്‍ കാലത്തല്ലായിരുന്നു പെരുമ്പാവൂരിലെ ജിഷ എന്ന ദളിത് നിയമ വിദ്യാര്‍ഥി കൊല്ലപ്പെട്ടതെങ്കില്‍ അതിന് ഇത്രമേല്‍ രാഷ്ട്രീയ/മാധ്യമ ശ്രദ്ധ ലഭിക്കില്ലായിരുന്നു എന്നുറപ്പ്. ബീമാപ്പള്ളി വെടി വെപ്പില്‍ കൊല്ലപ്പെട്ട/ പരിക്കേറ്റ് നരകിച്ചു കഴിയുന്ന മുസ്‌ലിംങ്ങളുടെയും കേരള വികസന മോഡലില്‍ നിന്ന് പുറന്തള്ളപ്പെട്ടതിനാല്‍ പുറമ്പോക്കില്‍ കഴിയേണ്ടി വന്ന ജിഷമാരുടെയും പട്ടിണിയില്‍ കഴിയുന്ന ഭൂരഹിതരായ ആദിവാസികളെയും കുറിച്ച അറുപത് കൊല്ലത്തോളം നീണ്ട മൗനത്തിന്റെയും, മറവികളുടെയും മുകളില്‍ പടുത്തുയര്‍ത്തപ്പെട്ടതാണ് പുകഴ്‌പ്പെട്ട പ്രബുദ്ധ മതേതര കേരളമെന്ന് കൂടി നാം മനസ്സിലാക്കണം. ഈ തിരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ ഓര്‍മകളില്‍ പോലും ഇവരൊന്നും കടന്ന് വരുന്നത് പ്രബുദ്ധ കേരളത്തെ നിര്‍മിച്ചെടുത്തു എന്ന അവകാശ വാദം ഉന്നയിക്കുന്ന ഇടത് പക്ഷം യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്നില്ല. കാരണം ഇന്നോളം ദളിത്-മുസ്‌ലിം- ബഹുജന്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയും അരികുവല്‍ക്കരിച്ചും അദൃശ്യപ്പെടുത്തിയുമൊക്കെയാണ് ഇടതുപക്ഷം ഇവിടെ വേരുപിടിച്ചിട്ടുള്ളത്. ബീമാപള്ളി വെടിവെപ്പും ജിഷയും തസ്ലീമുമൊക്കെ ഇക്കാലമത്രയും (പ്രധാനമായും ഇടത്പക്ഷം) കൊട്ടിഘോഷിച്ചു കൊണ്ടിരുന്ന പ്രബുദ്ധ കേരള സങ്കല്‍പ്പവും മതേതര മലയാളി ദേശീയതയും വെറും മിത്താണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ട് കൊണ്ടിരിക്കുന്നു.

അഡ്വ സി അഹ്മദ് ഫായിസ്‌