Campus Alive

ബീമാപള്ളി: മെരുങ്ങാകഥകൾ

ബീമാപ്പള്ളിയുടെ ഇടം, സ്ഥാനം, ക്രമം എന്നിവ വ്യതിരിക്തവും അസ്വാഭാവികവും ക്രമരഹിതവുമായ ‘പാർശ്വവൽക്കരണവുമായി’ ബന്ധപ്പെട്ടിരിക്കുന്നു. ഹൈന്ദവ കേന്ദ്രീകൃത ഭൂമണ്ഡലത്തിൽ നിന്ന് വിത്യസ്തമായി ബീമാപ്പള്ളി, ക്രൈസ്തവ മുക്കുവ സമുദായവുമായും വള്ളക്കടവ് എന്ന പ്രാദേശിക മുസ്‌ലിം ഇടവുമായും ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. വെടിക്കോപ്പുകളുടേയും അപകടകരമായ ആയുധങ്ങളുടേയും കലവറയെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ‘വള്ള-ക്കടവിന്റെ’ കുപ്രസിദ്ധി മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട് രൂപീകൃതമായ ‘സാധാരണത്വത്തെ’ അടയാളപ്പെടുത്തുന്നുണ്ട്. ഈ പ്രദേശഘടനക്കകത്തെ ബീമാപ്പള്ളി സാമ്പ്രദായിക ഭൂരിപക്ഷ/ന്യൂനപക്ഷ കാറ്റഗറികളെ മറികടന്നുകൊണ്ട് ‘ന്യൂനപക്ഷത്തിലെ’ ന്യൂന-പക്ഷമായി നിലകൊള്ളുന്നു.

ബീമാപ്പള്ളിയുടെ ഇടവുമായി ബന്ധപ്പെട്ട ആലോചനകൾ ഘടനാപരമായി ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളെ മറികടക്കുന്നതിനോടൊപ്പം, ഉദ്ധരണികളും, അടയാളപ്പെടുത്തലും, അസാധ്യമായ ‘അടക്കമില്ലായ്മയെ’യാണ് സൂചിപ്പിക്കുന്നത്. ഉദ്ധരണി, നിയമം, ക്രമം, നാമകരണം, എന്നീ ഘടകങ്ങളാൽ നിർണ്ണിതമായ (‘exergue’, ദെറീദ-1955) ആദ്യകാല ആർക്കൈവ്(Archive) തത്വങ്ങളിൽ നിന്ന് ബീമാപ്പള്ളി വിത്യസ്തമാകുന്നത് ‘അടക്കമില്ലായ്മയിലാണ്’. ‘Exergue’ എന്നാൽ, ദെറീദ നമ്മോട് പറയുന്നത് പോലെ, തുടർവിവരണങ്ങളെ മുൻകൂർ സ്ഥാപിക്കുന്ന ഒന്നാണ്. ബീമാപള്ളിയുടെ ‘Exergue’ അടക്കമില്ലായ്മ ആവുന്നത് അടക്കമില്ലായ്മ ബീമാപള്ളി തന്നെയായത് കൊണ്ടാണ്.

എന്റെ വിഷയം ഇന്ന് ‘ആർക്കൈവു’മായി (Archive) ബന്ധപ്പെട്ടാണ്. എന്താണ് ‘Archives’? മിഷേൽ ഫൂക്കോയുടെ അഭിപ്രായത്തിൽ ‘ആർക്കൈവുകൾ’ സൂചിപ്പിക്കുന്നത് ചില ബന്ധങ്ങളെയാണ്, പരിവർത്തനത്തിന്റേയും രൂപീകരണത്തിന്റേതുമായ ഒരു പൊതുവ്യവസ്ഥയെയാണ്. ‘ആർക്കൈവുകളെ’ കുറിച്ചുള്ള ഫൂക്കോയുടെ പഠനങ്ങളിൽ നാം കാണുന്നത് അവ വ്യവസ്ഥാപിതവും ചരിത്രപരവുമായി വിവര നിർമ്മാണം, ഓർമ്മകൾ, ആഖ്യാനങ്ങൾ/കഥകൾ എന്നിവയാൽ രൂപപ്പെടുത്തുന്ന, സത്താപരമായ വൈജ്ഞാനിക അധികാര പദ്ധതിയുമായും, Govermentality യുമായും ബന്ധപ്പെട്ടിരിക്കുന്ന ഒന്നായാണ്. അഗമ്പന്റെ അഭിപ്രായത്തിൽ ‘ആർക്കൈവ്’ പറഞ്ഞതും പറയാത്തതും തമ്മിലുള്ള ബന്ധമാണ്, പ്രസ്താവനകളുടെ ആകെ തുകയാണ്. എന്താണ് സവിശേഷമായി ബീമാപ്പള്ളിയുടെ പ്രസ്താവനകൾ? വേണമെങ്കിൽ നമുക്കതിനെ മൂന്നായി തിരിക്കാം. 1) വാർഷിക ഉറൂസ്-മതസമ്മേളനം, 2) വ്യാജ സീ.ഡി ശേഖരണം, 3) 2009 മെയ് 17ലെ ഭീകരമായ പോലീസ് വെടിവെപ്പ്. ഈ മൂന്ന് പ്രസ്താവനകളും മറ്റൊരർത്ഥത്തിൽ ബീമാപ്പള്ളിയിൽ അന്തർലീനമായ വ്യാജം, കൃത്രിമം എന്നീ സ്വഭാവത്തെ കൂടി സൂചിപ്പിക്കുന്നു. അവ ഓരോന്നായി പരിശോധിക്കാം.

തിരുവനന്തപുരത്തെ എന്റെ സ്കൂൾ കാലഘട്ടത്തിൽ വർഷത്തിലൊരിക്കൽ വരുന്ന ഉറൂസ് കൊടിയിറക്കത്തിന് ഞങ്ങൾക്ക് അവധി ലഭിക്കുമായിരുന്നു. ക്ലാസിലെ ഭൂരിപക്ഷ ഹൈന്ദവ വിദ്യാർഥികൾക്കിടയിൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായാണ് തോന്നിയത്. ഉറൂസിന് ബീമാപ്പള്ളിയിൽ നാട്ടിയ പച്ച പതാകയുടെ ‘മതകീയ’ സ്വഭാവത്തെ ഞങ്ങൾ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഉറൂസിന്റെ അവസാനത്തെ പത്ത് ദിവസങ്ങളിൽ ഞങ്ങൾ ബീമാപ്പള്ളിയിലെ മാർക്കറ്റിൽ പോവുകയും ഉറൂസിന്റെ ആഘോഷപരതയിൽ പങ്ക് ചേരുകയും ചെയ്തിരുന്നു. ജമാഅത്തെ ഇസ്‌ലാമി അനുഭാവിയായ എന്റെ പിതാവ് പറഞ്ഞത് ബീമാപള്ളിയിൽ പോയാൽ നിന്റെ കാല് ഞാൻ വെട്ടും എന്നായിരുന്നു. ഇതിന് കാരണം ബീമാപള്ളിയിലെ ‘മഹല്ല് ജമാഅത്ത്’ മുജാഹിദ്-ജമാഅത്ത്, സംഘടനകളുടെ പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു എന്നതായിരുന്നു. ബീമാപള്ളിയുടെ മോണോഗ്രാഫ് തയ്യാറാക്കിയ ഉബൈദുറഹ്മാൻ, കെ അഷ്റഫ്, പി കെ സാദിഖ്, എന്നിവർ ഈ ‘പ്രതിഭാസത്തെ’ നിരീക്ഷിക്കുന്നത് സൗത്ത് ഇന്ത്യയിലെ അധീശ ആധുനിക മുസ്‌ലിം പരിഷ്കരണത്തിന് വഴങ്ങാത്ത ഒന്നായിരുന്നു ബീമാപള്ളിയിലെ മതം എന്ന നിലയിലാണ്. ബീമാപള്ളിയിലെ ഇസ്‌ലാം ഒട്ടും ‘ആധികാരികമോ’ ആർക്കൈവുകളാൽ സാധൂകരിക്കാൻ പറ്റുന്നതോ ആയിരുന്നില്ല. ബീമാപള്ളിയുടെ ഈ ‘ആധികാരികത’യില്ലായ്മയാണ് ബീമാപ്പള്ളിയുടെ സവിശേഷമായ നോൺ-ആർക്കൈവ്(Non-Archive) സബ്ജക്ടിനെ നിർണ്ണയിക്കുന്ന ഘടകം.

ബീമാപള്ളിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രസ്താവന, ലൈസൻസില്ലാത്ത ഡീ.വീ.ഡികളും, പുതിയ റിലീസ് സിനിമകളും വിൽക്കപ്പെടുന്ന വ്യാജ മാർക്കറ്റാണത് എന്നതാണ്. ബീമാപള്ളി ഈയർത്ഥത്തിൽ വ്യാജ ഉൽപ്പന്നങ്ങളുടെയും ടാക്സ് വെട്ടിച്ച ക്രയവസ്തുക്കളുടെയും ‘ആധികാരികമല്ലാത്ത’ അധോലോക മാർക്കറ്റായി മാറുന്നു. ഇതിനകത്തുള്ള രസകരമായ മറ്റൊരു സംഗതി, ബീമാപള്ളിയെ ‘ബ്ലാക്ക് മാർക്കറ്റായി’ മുദ്ര കുത്തുന്ന അധികാരികൾ തന്നെ അതിൽ നിന്ന് പ്രയോജനം പറ്റുന്നവരാണ് എന്നതാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സിനിമാ നിർമ്മാതാക്കൾ ബീമാപള്ളിയിലെ മാർക്കറ്റിൽ വരികയും, അവിടെയുള്ള ലോകസിനിമകളുടെ ശേഖരണവും, അറിവും, കണ്ട് അത്ഭുതം കൊള്ളുകയും ചെയ്യുമായിരുന്നു. പക്ഷേ വിചിത്രമെന്നു പറയട്ടെ, ഒരിക്കൽ പോലും തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെയോ, സൈബർസിനിമാ വ്യവസായത്തിന്റെയോ ഭാഗമായിരുന്നില്ല ബീമാപള്ളി. ബീമാപള്ളിക്കാരുടെ തലമുറകളായുള്ള സർവ്വവ്യാപിയായ സിനിമാ പരിജ്ഞാനം ‘ഫിലിം ഫെസ്റ്റിവൽ’ എന്ന ‘ആർക്കൈവി’നാൽ നിർണ്ണയിക്കപ്പെട്ടതല്ല എന്നർത്ഥം. ‘Piracy’യും ബ്രാന്റ് കൾച്ചറും സവിശേഷമായി ബീമാപള്ളിക്കാരുടെ ഉൽപാദന-ഉപഭോഗ കാമനകളുമായി ബന്ധപ്പെട്ടിരിക്കുന്നു. സൗത്ത് ഇന്ത്യയിലെ ബ്രാന്റ് കൾച്ചറുകളെ കുറിച്ചുള്ള പഠനത്തിൽ കോൺസ്റ്റന്റെയ്ൻ നഗാസിസ് അഭിപ്രായപ്പെടുന്നത് പോലെ യൂത്തിനിടയിലെ ബ്രാന്റ് കൾച്ചർ, മാർക്കറ്റിന്റെ നിർവാഹകത്വത്തെ മറികടക്കുന്നതിനോടൊപ്പം ഉപഭോഗത്തിന്റെ മുൻഗണനകളെ തകർക്കുകയും ചെയ്യുന്നു. ബീമാപള്ളിയുടെ വ്യാജ ബ്രാന്റ്, ‘ഉൽപ്പന്നത്തിന്റെ ഗുണപരതക്ക്’ മുകളിൽ ഉപഭോഗപരതയുടെ കാമനകളെയാണ് സൂചിപ്പിക്കുന്നത്.

credit: indian express

ചരക്ക് ഉൽപ്പന്നങ്ങളുടെ ‘സത്തയെയും’, ’ഗുണപരതയെയും’ വെല്ലുവിളിക്കുന്നതോടൊപ്പം മാർക്കറ്റിന്റെ നിർവാഹകത്വത്തിന്ന് വിഭിന്നമായി ബീമാപള്ളിയുടേതായ ഒരു സാംസ്കാരിക ശീലം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ബ്രാന്റിന് പിന്നാലെ സഞ്ചരിക്കുന്ന എന്റെ സുഹൃത്തുക്കൾ ബീമാപള്ളിയിൽ നിന്ന് മേടിച്ച എന്റെ ടീ-ഷർട്ടിനെ ബീമാപള്ളിയൻ എന്ന് മുദ്രകുത്താറുണ്ട്. ഇതിലൂടെ ബീമാപള്ളി എന്ന ബ്രാൻഡിനെയായിരുന്നില്ല അവർ ലക്ഷ്യം വെച്ചത്, മറിച്ച് ബീമാപള്ളിയിലെ ബ്രാൻഡില്ലായ്മയെ ആയിരുന്നു. ബീമാപള്ളി ഒരു മാർക്കറ്റ് പ്രൊഡക്ടിന്റെ ഗുണമേന്മ എന്ന സത്താഗുണത്തിന് പകരം നാമങ്ങളെയായിരുന്നു പകരം വെച്ചത്; തെറ്റിച്ചു നൽകിയ നാമങ്ങളെ.

ബീമാപള്ളിയുടെ നാമം സവിശേഷമാണ്. 1857 കളോടെ അറേബ്യയിൽ നിന്ന് ‘ബീമ’ എന്ന് പേരുള്ള മാതാവും അവരുടെ ഏക മകൻ മാഹിൻ അബൂബക്കറും കൂടി ചേർന്ന് നൂറോളം താഴ്ന്ന-ജാതി വിഭാഗക്കാരെ ഇസ്‌ലാമിലെത്തിച്ചതായി പറയപ്പെടുന്നു. ബീമാപള്ളിയിൽ സ്ഥിര താമസമാക്കിയ ഇവർ അവിടെയുള്ള രോഗികളായ ജനങ്ങളെ ശുശ്രൂഷിക്കുകയും, അവിടെയുള്ള മുസ്‌ലിം ജനസാമാന്യത്തിനിടയിൽ നേതാവായി ഉയർന്നു വരികയും ചെയ്തു. അന്യായമായ നികുതി പിരിവും, കീഴ്-ജാതിക്കാർക്കെതിരായ ആക്രമണവും നടത്തിയിരുന്ന പ്രാദേശിക ഭരണാധികാരിയുമായുള്ള ഏറ്റുമുട്ടലിൽ മാഹിൻ അബൂബക്കർ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. ഈ സംഭവത്തിന് 40 ദിവസങ്ങൾക്ക് ശേഷം ബീമാബീവിയും ഇഹലോകവാസം വെടിഞ്ഞു. പക്ഷേ ഈ ആഖ്യാനങ്ങൾക്ക് ചരിത്രപരമായി തെളിവുകളില്ല. ‘ബീമാപള്ളി’ ലംഘകയായ, അടക്കമില്ലാത്ത, സാമൂഹിക വിഘാതമായ, ‘സ്ത്രീ’യുടെ നാമത്താൽ അറിയപ്പെടുന്നു. ബീമയുടെ ഭർത്താവിന്റെ പേര് പല ആഖ്യാനങ്ങളിൽ നിന്നും അപ്രത്യക്ഷമാണ് എന്നത് രസകരമായ സംഗതിയാണ്. ചരിത്രപരമായി തെളിവുകളില്ലാതെ തന്നെ ഭർത്താവിന്റെ പേര് ‘അബു ഗഫാറാണെന്ന്’ പള്ളിയിലെ പ്രായമേറിയ വ്യക്തി ചിലപ്പോൾ നിങ്ങളോട് പറഞ്ഞേക്കാമെന്നല്ലാതെ ആ നാമം നിങ്ങൾക്ക് കിട്ടുക ബുദ്ധിമുട്ടാണ്. ബീമാപ്പള്ളിയെ കുറിച്ചുള്ള ഫീൽഡ് വർക്ക് തയ്യാറാക്കിയ കെ അഷ്റഫ്, ഉബൈദുറഹ്മാൻ, പി കെ സാദിഖ് എന്നിവർ രസകരമായി മുന്നോട്ട് വെച്ച പോലെ ബീമാപള്ളി നിവാസികളുടെ ‘രാഷ്ട്രീയ ചായിവ്’ വളരെ വ്യക്തിപരമായിരുന്നുവെന്നും, പൊതുകാര്യ-വ്യവഹാരങ്ങൾ ശ്രദ്ധിച്ചിരുന്നത് ബീമാപള്ളി മഹല്ല് ജമാഅത്തായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇവിടെ ബീമാപള്ളിയുടെ പൊതു മണ്ഡത്തിലെ സമഗ്രാധികാരം ഒരു സ്ത്രീയുടെ പേരിലറിയപ്പെടുകയും രാഷ്ട്രീയം ഇതിൽനിന്ന് വേർതിരിക്കപ്പെട്ട് വ്യക്തിപരമാവുകയും ചെയ്യുകയാണ്.

മിഷേൽ ഫൂക്കോ

ബീമാപള്ളിയുടെ നോൺ-ആർക്കൈവ് സ്വഭാവം/നാമം കൈവരുന്നത് 1968കളോടെ പള്ളിയുടെ പുനർനിർമ്മാണവും, ‘ജോനകപൂന്തുറ’ എന്ന പഴയ നാമം മാറ്റുന്നതോടും കൂടിയാണെന്ന് സലാഹ് പുനത്തിലിന്റെ പഠനത്തിൽ പറയുന്നു. മിഷേൽ ഫൂക്കോയുടെ പഠനങ്ങളോടെ 1970ൽ അക്കാദമിക ലോകത്തെ നിർണ്ണയിച്ച ‘Archival turn’ ചരിത്രത്തിൽ മാത്രമല്ല, മറിച്ച് ആന്ത്രോപോളജിയിലും സാഹിത്യത്തിലുമെല്ലാം പ്രകടമായിരുന്നു. ‘ആർക്കൈവുക’ളുടെ രൂപീകരണം മറ്റൊരർത്ഥത്തിൽ അധികാരവും വൈജ്ഞാനികതയും പരസ്പരം കൈമുതലായ അധീശ ദേശരാഷ്ട്രത്തിന്റെ ചരിത്രം കൂടിയാണ്. കേരളാ ആർക്കൈവ് രൂപീകൃതമാവുന്നത് 1962ൽ തിരുവനന്തപുരത്താണ്. അതിന്റെ പ്രധാന ചുമതലകൾ സ്റ്റേറ്റ് വെബ്സൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ റെക്കോർഡുകളുടെ ശേഖരണം, സൂക്ഷിപ്പ്, നടത്തിപ്പ്, പരിപാലനം തുടങ്ങിയവയുടെ സ്ഥാപനവൽകൃതമായ ഒരു വകുപ്പ് സംവിധാനമാണ്. ‘ആർക്കൈവ്’ എന്നുള്ളത് ഇത്തരത്തിൽ റെക്കോർഡുകളുടെ കൂട്ടം കൂടൽ, ശേഖരണം തുടങ്ങിയവയാണ്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും മുൻകാല ആർക്കൈവുകൾ ‘Huzur vernacular central records’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

1970കളിലെ സവിശേഷമായ ‘Archive turn’ന്റെ സന്ദർഭത്തിൽ ബീമാപള്ളിയുടെ ‘നാമകരണം’ അയൽപക്ക പ്രദേശങ്ങളായ പൂന്തുറ, വലിയതുറ, ചെറിയതുറ, വള്ളക്കടവ് തുടങ്ങിയവയിൽ നിന്ന് വിഭിന്നമാകുന്നു. തുറ/കടവ് എന്നിവ സമുദ്രതീരവുമായും മത്സ്യബന്ധന തൊഴിലുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ബീമാപള്ളിയിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്ന പൂവാർ, വിഴിഞ്ഞം പോലെയുള്ള പ്രദേശങ്ങൾ 1990കളിൽ വിവിധ കലാപങ്ങൾ നടന്ന ഇടങ്ങൾ കൂടിയാണ്. എന്നാൽ ബീമാപള്ളി ഈ പ്രദേശങ്ങൾ നമുക്ക് നൽകുന്ന ചിത്രങ്ങളെ അപ്പാടെ നിഷേധിച്ചു കൊണ്ടാണ് നിലനിൽക്കുന്നത്.

ബീമാപള്ളി ‘കടപ്പുറം’, ‘മത്സ്യബന്ധന തൊഴിൽ’ എന്നീ ഏകീകൃത സ്വഭാവത്തെ തള്ളുന്നു എന്നത് മാത്രമല്ല, മറിച്ച് പതിവ് മതേതര-ആധുനികതയെയും മറികടക്കുന്ന ഒരു അത്യാധുനിക സ്വഭാവമാണത് പ്രകടിപ്പിക്കുന്നത്. ആ അത്യാധുനികത ‘വ്യാജം’, ’കൃത്രിമം’ എന്നിവയാൽ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. ബീമാപള്ളിയിലെ കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസമോ ശരിയായ സ്കൂളിംഗോ ഇല്ലെങ്കിൽ പോലും പസോലിനിയേയും, കിംകി ഡുക്കിനെയും അറിയുന്നവരാണവർ. ഇവിടെ ഞാൻ വിഷയിരൂപീകരണവും ആധുനികതയും തമ്മിലുള്ള ബൈനറി രൂപീകരിക്കുകയല്ല. ഞാൻ പറയുന്നത് ബീമാപള്ളിയുമായി ബന്ധപ്പെട്ട ആധുനികത നിർമ്മിക്കപെടുന്നത് വ്യതിരിക്തമായ കൂടിചേരലുകളിലാണെന്നാണ്. ഭീകരമായ പോലീസ് വെടിവെപ്പ് നടന്ന 2009 മെയ് 17നാണ് മുകളിൽ വിശദമാക്കിയ രണ്ട് ‘ആധികാരികത’യില്ലായ്മയുടെയും ‘പരിപൂർണ്ണത’ വ്യക്തമാകുന്നത്. ഹാഷിർ കെ മുഹമ്മദ്, ഉബൈദുറഹ്മാൻ, പി.കെ സാദിഖ്, കെ അഷ്റഫ്, സലാഹ് പുനത്തിൽ, ജെനി റൊവീന, സി അഹ്മദ് ഫായിസ്, ബോബി കുഞ്ഞു എന്നിവർ വിത്യസ്ത ‘ആർക്കൈവു’കളാൽ ബീമാപള്ളിയെക്കുറിച്ചുള്ള സ്റ്റേറ്റ് സങ്കൽപം എന്താണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. NCHROയുടേയും PUCLന്റേയും വസ്തുതാന്വേഷണ റിപ്പോർട്ടുകളും ഇതിന് അനുബന്ധമാണ്.

പക്ഷേ, ഈ കൗണ്ടർ നരേറ്റീവുകൾ പതിവ് ബൈനറിയായ ആധുനികത/പിന്നോക്കാവസ്ഥ എന്ന പാറ്റേൺ അവലംബിക്കുകയും കോളനിയാനന്തര കീഴാളത്വത്തെ (post colonial subalternity) ഉത്പാദിപ്പിക്കുകയുമാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ ബീമാപള്ളിയുടെ ‘നോൺ-ആർക്കൈവ്’ സബ്ജക്ട്/ചോദ്യം, അല്ലെങ്കിൽ ബീമാപള്ളിയുടെ പൊളിറ്റിക്കൽ ഇക്കണോമിയുടെ ചരിത്രപരമായ മാറ്റം എന്നിവ ബീമാപള്ളി വായനകളിലെ നിർണ്ണിതമായ കീഴാളത്വം/പിന്നോക്കാവസ്ഥ എന്നിവയെ മറികടക്കുന്നതാണ്. ‘ഗൾഫ്പണം’, ‘ടൂറിസം’, ‘വ്യാജം’ എന്നിവ കീഴാളത്വമല്ല എന്ന് മാത്രമല്ല അതിന്റെ നിരാകരണം തന്നെയാണ് ബീമാപള്ളി ചോദ്യം. ബീമാപള്ളിയുമായി ബന്ധപ്പെട്ട നിലവിലുള്ള കൗണ്ടർ നരേറ്റീവുകൾ പ്രധാനമായും എത്നോഗ്രഫി, ഓറൽ സ്വഭാവത്തിലുള്ളവയാണ്. ഈ ആഖ്യാനങ്ങളിൽ പ്രധാനമായും ബീമാപള്ളിക്കാർ സംസാരിച്ചത് കേവല ‘ഇരവാദ’ ഭാഷയിലായിരുന്നില്ല, മറിച്ച് പോലീസിനെ മർദ്ദിക്കുന്നതിൽ അഭിമാനമുള്ളവരായി കൊണ്ടായിരുന്നു. പരമ്പരാഗതമായി പോലീസിനും ഗവൺമെന്റ് ഏജൻസികൾക്കും ബീപള്ളിക്കാരോടുള്ള ‘പക’ മനസ്സിലാക്കി അതിനെതിരിൽ തിരിച്ച് ആർട്ടിക്കുലേറ്റ് ചെയ്തിരുന്നത്, സൂക്ഷ്മമായ അക്കാദമിക ഭാഷയിലോ നിശ്ചയദാർഢ്യത്താലോ ആയിരുന്നില്ല, മറിച്ച് അത് ബീമാപള്ളിക്കാരുടെ രഹസ്യമായ ‘പൈതൃക’ സ്വഭാവത്തിലായിരുന്നു. സ്റ്റേറ്റിനൊപ്പമുള്ള നിയന്ത്രിതമല്ലാത്ത, വിത്യസ്ത ഇടപാടുകളുള്ള, കോളനിയാനന്തര കീഴാളത്വത്തിന് (post colonial subalternity) അകത്ത് പോലും പാകമാകാത്ത സബ്ജക്ടാണ് ബീമാപള്ളി. പോലീസ് വെടിവെപ്പ് അതിനാൽ തന്നെ ശക്തനും അശക്തനും തമ്മിലുള്ള ഒരു പ്രശ്നമായല്ല, മറിച്ച് രണ്ട് ശക്തർ തമ്മിലുള്ള പ്രശ്നമായി തന്നെ മനസ്സിലാക്കണം.

സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം  പ്രശ്നത്തെ ബീമാപള്ളിക്കും ചെറിയതുറക്കും ഇടയിൽ ഫ്രെയിം ചെയ്ത് കൊണ്ട് ഒരു മൂന്നാം ശക്തിയായി സ്വയം മാറുകയായിരുന്നു ഉദ്ദേശം. പക്ഷേ, ‘ബീമാപള്ളി’ അതിനെ നിരാകരിക്കുകയും സ്റ്റേറ്റുമായി മുഖാമുഖം നിന്നുകൊണ്ട് ഈ ‘പ്രശ്നത്തെ’ നിശ്ചയദാർഢ്യത്തോടെ നേരിടുകയും ചെയ്തു. ഈയർത്ഥത്തിൽ ബീമാപള്ളിയുടെ മൂന്ന് ‘നോൺ-ആർക്കൈവ്’ സ്വഭാവവും ‘ആർക്കൈവി’ന്റെ ‘നിയമ’ സ്വഭാവത്തെ വെല്ലുവിളിക്കുന്നു. ബീമാപള്ളിയുടെ സത്താപരമായ(ontology) ‘ആധികാരികതയില്ലായ്മ’, ‘വ്യാജം’, എന്നീ ഘടകങ്ങൾ പരമ്പരാഗതമായ ’മത്സ്യതൊഴിൽ’, ’Archive മതം’ ‘ഔദ്യോഗികമായ ക്രോഡീകരണം’ എന്നിവയിൽ നിന്ന് പൂർണ്ണമായി കുതറുന്നതായി കാണാം. ഇത് ബീമാപള്ളിയെ നിർദ്ദിശ്ടമായ ഒരു നോൺ-ആർക്കൈവ് സബ്ജക്ടാക്കി തീർക്കുന്നു/മാറ്റുന്നു.

വിവർത്തനം: സി യഹ്‌യ

മുഹമ്മദ് ഷാ