Campus Alive

ഗസ്സൻ പരമാധികാരവും ടണൽ ക്യാപ്പിറ്റലും

വ്യത്യസ്ത തരം സാമ്പത്തിക രാഷ്ട്രീയ ഘടനകളാൽ അതീജീവിച്ചു വന്നതാണ് ഗസ്സയും വെസ്റ്റ് ബാങ്കും, ഓസ്ലോ ഉടമ്പടിക്ക് ശേഷം പ്രത്യേകിച്ചും. ഈ രണ്ട് പ്രദേശങ്ങളെയും ഭരിക്കപ്പെടുന്നതിലുള്ള വ്യത്യാസം, ഇസ്രായേലിന്റെ കുടിയേറ്റ മുതലാളിത്തത്തിന്റെ പശ്ചാത്തലത്തിൽ, പരമാധികാരമെന്ന സങ്കല്പത്തെ മനസ്സിലാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ അധികാര (political authority) സിദ്ധാന്തമെന്ന നിലയിലുള്ള പരമാധികാരത്തെക്കുറിച്ചുള്ള സങ്കല്പത്തെ ഗസ്സ സവിശേഷമായി വെല്ലുവിളിക്കുന്നുണ്ട്. രാഷ്ട്രീയ അധികാരമെന്ന നിലയിലുള്ള പരമാധികാര സങ്കല്പത്തെ മിക്കപ്പോഴും തീരുമാനവാദം (ഡിസിഷനിസം) എന്ന ഹോബ്സിയൻ സങ്കല്പവുമായി ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. ഇതുപ്രകാരം, നിയമാകവും നിയമാതീതവുമായ തീരുമാനമെടുക്കാനുള്ള അധികാരമാണ് ഒരു രാഷ്ട്രീയ സ്ഥാപനത്തിന്റെ പരമാധികാര സ്വഭാവത്തെ നിർണയിക്കുന്നത്. ജനാധിപത്യ സ്വയം ഭരണാധികാരത്തിലേക്കുള്ള “പാത” വാഗ്ദാനം ചെയ്യുക വഴി ഓസ്ലോ ഉടമ്പടി എങ്ങനെയാണ് ഒരു പരമാധികാര വ്യവഹാരത്തെ പ്രദാനം ചെയ്തതെന്നും, എന്നാൽ അതേസമയം മൂലധനവുമായുള്ള സാധ്യമായ എല്ലാ സാമ്പത്തിക ബന്ധങ്ങളിൽ നിന്നും അതേ പരമാധികാര വ്യവഹാരം ഗസ്സയെ ഒറ്റപ്പെടുത്തുകയും തൊഴിലില്ലാത്ത തൊഴിലാളികളുടെ ഗെറ്റോയാക്കി ഗസ്സയെ മാറ്റുകയും ചെയ്തതെങ്ങനെയെന്നും പരിശോധിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഓസ്ലോ ഉടമ്പടി പ്രദാനം ചെയ്ത പരമാധികാരത്തെ പറ്റിയുള്ള വ്യവഹാരം ഗസ്സൻ ഭരണകൂടത്തെ സ്ഥലപരമായി ഉപരോധത്തിലാക്കുകയും മൂലധനവുമായുള്ള അനിവാര്യ ബന്ധത്തെ പോലും തടയുകയുമാണ് ചെയ്തത്. ഇത് പരമാധികാരത്തെ തന്നെ സ്വയം വിരുദ്ധമായ (paradoxical moment of sovereignty) നിലയിലേക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. ഹമാസിനെ ജനകീയമായി തിരഞ്ഞെടുത്ത 2006-ലെ തിരഞ്ഞെടുപ്പും വെസ്റ്റ് ബാങ്കിൽ നിന്ന് വ്യത്യസ്തമായി ഇസ്രായേൽ സമ്പൂർണമായി പിന്മാറിയ പ്രദേശമെന്ന ഗസ്സയുടെ പദവിയും കണക്കിലെടുത്തു കൊണ്ടാണ് ഗസ്സൻ രാഷ്ട്രീയ അധികാരത്തെ ജനാധിപത്യാധികാരം എന്ന് ഞാൻ വിശേഷിപ്പിക്കുന്നത്. ഇസ്രായേലിന്റെ 2005-ലെ ഗസ്സയിൽ നിന്നുള്ള വിടുതൽ നയത്തിന്റെ (Disengagement policy) ഭാഗമായാണ് ഇത് സാധ്യമായത്. ഈ ഘട്ടത്തിൽ ഇരുപത്തൊന്ന് കുടിയേറ്റങ്ങളെ ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ ഒഴിപ്പിച്ചെങ്കിലും ഹമാസിന്റെ ഭരണാരോഹണത്തോടെ ഇസ്രായേൽ ഈജിപ്തിനോടൊപ്പം ചേർന്ന് ഗസ്സക്കെതിരെ ഉപരോധമേർപ്പെടുത്തുകയാണ് ചെയ്തത്. എന്നിരുന്നാലും ഇസ്രായേലീ ഹൈക്കോടതി ജഡ്ജിയുടെ (എച്ച്.സി.ജെ) അഭിപ്രായത്തിൽ നിയമപരമായി ഗസ്സ “യുദ്ധാധിനിവേശ പ്രദേശത്തിന്റെ” ഭാഗമല്ല[1]. ഇത്തരത്തിൽ സ്വന്തം രാജ്യാതിർത്തിക്കു മേൽ നിയന്ത്രണമില്ലാത്ത, എന്നാൽ സ്വയം ഭരണാധികാരമുള്ള പരമാധികാരമായി ഗസ്സ സാങ്കേതികമായി മാറി. ഇതോടൊപ്പം, രാഷ്ട്രീയ തീരുമാനമാനാധികാരം എന്ന അർത്ഥത്തിലുള്ള ഗസ്സൻ ജനാധിപത്യ പരമാധികാരം മൂലധനാധികാരത്തിന്റെ അഭാവത്തിൽ സ്വയം വൈരുദ്ധ്യത്തിലകപ്പെട്ടു. ഇങ്ങനെ ഭരണാധികാര പരമാധികാരവും എന്നാൽ മൂലധനത്തിന്റെ അഭാവവും (De-development) ഈ വൈരുദ്ധ്യത്തെ കൂടുതൽ സ്പഷ്ടമാക്കുന്നു.

ഗസ്സ സിറ്റി

ഇതേസമയം, ഓസ്ലോ ഉടമ്പടിക്കും പ്രത്യേകിച്ച് കെയ്റോ ഉടമ്പടിക്കും ശേഷം അറുപത് ശതമാനം നിയന്ത്രണവും ഇസ്രായേലിന് കീഴിലായിക്കൊണ്ട് എ, ബി, സി എന്നീ മേഖലകളായി വിഭജിക്കപ്പെട്ടു എന്നതാണ് വെസ്റ്റ് ബാങ്കിന്റെ കാര്യത്തിൽ സംഭവിച്ചത്. ഈ ഉടമ്പടി പ്രകാരം നഗര സംവിധാനങ്ങളും സേവനങ്ങളും ഫലസ്തീനിയൻ അതോറിറ്റിക്ക് കീഴിൽ വരുകയും അതേസമയം സുരക്ഷാ ചുമതലകൾ ഇസ്രായേലിന്റെ കീഴിലാവുകയും ചെയ്തു. ബ്യൂറോക്രാറ്റിക്ക് സംവിധാനങ്ങളുടെയും അധീനത ഇസ്രായേലിനായിരുന്നു.[2] എന്നാൽ, തൊഴിൽ കൈമാറ്റം, ഔദ്യോഗിക വ്യാപാര ബന്ധം, ഇസ്രായേലീ പ്രദേശങ്ങളിലെ ഫലസ്തീനിയൻ മൂലധന നിക്ഷേപം എന്നീ മേഖലകളിലെല്ലാമായി ഇസ്രായേലീ, വെസ്റ്റ്ബാങ്ക് സാമ്പത്തിക ഘടനകൾ തമ്മിൽ സാമ്പത്തികോദ്ഗ്രഥന ബന്ധം നിലനിൽക്കുന്നുമുണ്ട്.[3] ഗസ്സയും വെസ്റ്റ് ബാങ്കും തമ്മിലുള്ള വ്യത്യാസത്തിന്റെ ഒരു നിർണ്ണായക ഭാഗമാണ് വെസ്റ്റ് ബാങ്കിന്റെ ഇസ്രായേലുമായുള്ള ഈ സാമ്പത്തികോദ്ഗ്രഥന ബന്ധം; ഈ ബന്ധത്തിൽ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്ക് അവരുടെ തൊഴിലിന് വിപണി ലഭ്യമാവുകയും അതേസമയം ഗസ്സൻ മുനമ്പിനകത്ത് രാഷ്ട്രീയ പരമാധികാരം അനുഭവിക്കുമ്പോൾ തന്നെ ഗസ്സൻ തൊഴിൽ ശക്തി ഉപയോഗരഹിതമായി തുടരുകയും ചെയ്യുന്നു. ഈ രണ്ട് പ്രദേശങ്ങളോടുമുള്ള ഇസ്രായേലിന്റെ സമീപനത്തിലും ഈ വ്യത്യാസം പ്രകടമാണ്; ഇസ്രായേലിനെ സംബന്ധിച്ച് ഗസ്സ പ്രഖ്യാപിത ശത്രുവും (എതിരെ യുദ്ധം ചെയ്യേണ്ടുന്ന ശത്രു) വെസ്റ്റ് ബാങ്ക് ‘തർക്ക’ പ്രദേശവുമായിരുന്നു (പോലീസിംഗ് ആവശ്യമായ). ഗസ്സയെയും വെസ്റ്റ് ബാങ്കിനെയും കുറിച്ചുള്ള ഈ രണ്ട് വിവരണങ്ങളും ഇവിടെ സവിശേഷമായി ശ്രദ്ധിക്കണം, പ്രത്യേകിച്ച് പരമാധികാരത്തിന്റെ പ്രശ്ന പശ്ചാത്തലത്തിൽ.

ഗസ്സയും മൂലധനവും

കൊളോണിയൽ ബന്ധങ്ങൾ അധീശത്വ സങ്കല്പം നിലനിർത്തി തന്നെ സാമ്പത്തിക ഉദ്ഗ്രഥനത്തിന്റെ സാധ്യതകൾ തുറന്നിടുന്നുണ്ടെന്ന് വാലിദ് ഹബ്ബാസിനെ പോലുള്ള പണ്ഡിതർ വാദിക്കുന്നുണ്ട്.[4]  എന്നാലിവയെ പരസ്പര വിരുദ്ധമായി വായിക്കേണ്ടതില്ല, മറിച്ച് വെസ്റ്റ് ബാങ്ക് സമ്പദ് വ്യവസ്ഥയിൽ നിലവിലുള്ള Formal subsumption[5] എന്ന പ്രതിഭാസത്തിന്റെ ലക്ഷണമായി വേണം ഇതിനെ മനസ്സിലാക്കാൻ. ഉൽപ്പാദന വ്യവസ്ഥകളിൽ സാരമായ മാറ്റങ്ങളൊന്നുമില്ലാതിരിക്കുകയും എന്നാൽ കൂലിത്തൊഴിലിന്റെ (wage-labour) വ്യാപകമായ സാന്നിദ്ധ്യവുമായാണ് Formal subsumption-നെ മാർക്സ് നിർവ്വചിക്കുന്നത്.[6] മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഇസ്രായേലിലെ മൂലധനത്തിന്റെ പുനരുൽപ്പാദനത്തിന് വേണ്ടി വെസ്റ്റ്ബാങ്ക് അവരുടെ കൂലിത്തൊഴിൽ വർദ്ധിപ്പിക്കുകയും അതേസമയം വെസ്റ്റ് ബാങ്കിന്റെ സ്വന്തം സമ്പദ് വ്യവസ്ഥ കൃഷിയിൽ മാത്രമാക്കി ഒതുക്കി നിർത്തപ്പെടുകയും ചെയ്യുന്നു. വെസ്റ്റ് ബാങ്കിന്റെ കൂലിത്തൊഴിലിന്റെ ചരക്കുവൽക്കരണത്തെ ത്വരിപ്പെടുത്തുന്ന വിധത്തിൽ ജോർദാനും അവരുടെ വിപണിയെ വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഉൽപാദനാത്മക തൊഴിലിനു വേണ്ടി തുറന്നു കൊടുക്കുന്നുണ്ടെന്നത് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

എഫ്.എച്ച് ഹിൻസ്ലി

എന്നാൽ, വെസ്റ്റ് ബാങ്കിനെ അപേക്ഷിച്ച് ഈ സാമ്പത്തിക വിപണിയിലൊന്നും പ്രവേശനം ഇല്ലാത്തവരാണ് ഗസ്സയിലെ തൊഴിൽ ശക്തി എന്നത്. കൂടുതലും വീട്ടു ജോലി പോലുള്ള ചെറിയ ജോലികൾ ചെയ്യുന്ന ഗസ്സക്കാർ ഇസ്രായേലിലുണ്ടെങ്കിലും ഇസ്രായേലിന്റെ കുടിയേറ്റ മുതലാളിത്ത സമ്പദ് വ്യവസ്ഥയോട് ചേർന്ന് ഗസ്സൻ സമ്പദ് വ്യവസ്ഥയെ പരിവർത്തിപ്പിക്കാൻ പോന്നത്രയും ശക്തിയുള്ളവരല്ല ഇവർ. ഇത് ഗസ്സയുടെ തൊഴിലിനെ ഉപഭോഗമൂല്യമില്ലാത്തതാക്കി (uncommodified) മാറ്റുന്നു, അഥവാ, നോൺ ലേബർ ആക്കി മാറ്റുന്നു. മുതലാളിത്ത വ്യവസ്ഥിതിക്ക് കീഴിൽ മൂർത്തവൽക്കരണവും ചരക്കുവൽക്കരണവും വഴിയാണ് തൊഴിൽശക്തി തൊഴിലായി മാറുന്നത് എങ്കിൽ, ഗസ്സയിലേത് തൊഴിലില്ലാത്ത തൊഴിലാളികളായി മാറുന്നു. ഈ സാഹചര്യത്തെ ഉല്പാദിപ്പിക്കുന്നത് ഗസ്സൻ പരമാധികാരമാണ് എന്നതാണ് പരമാധികാരത്തിന്റെ വൈരുദ്ധ്യത്തിന്റെ ഏറ്റവും വലിയ തെളിവ്. പരമാധികാരത്തിന്റെ വൈരുദ്ധ്യമെന്നാണ് (paradoxical sovereignty) ഞാനിതിനെ വിളിക്കാൻ ആഗ്രഹിക്കുന്നത്. എഫ്.എച്ച് ഹിൻസ്ലിയെ[7] പിന്തുടർന്നാൽ, പരമാധികാരത്തിന്റെ ഈ വൈരുദ്ധ്യം കൂടുതൽ പ്രകടമാകുന്നത് “ആഭ്യന്തര പരമാധികാര”മെന്ന നിലയിലുള്ള അതിന്റെ ആവിഷ്കാരത്തിലാണ്.

ആപേക്ഷിക പരമാധികാരത്തെ (relative sovereignty) കുറിച്ച് വിശദീകരിക്കവേ, പരമാധികാരത്തിന്റെ പ്രഥമ പരിഗണന ഒരു സമുദായത്തിന്റെ സ്വയം തീരുമാനമെടുക്കാനുള്ള അധികാരത്തിലാണ് കിടക്കുന്നത് എന്ന ഹിൻസ്ലിയുടെ ആശയത്തെ ഇനായത്തുല്ലയും ബ്ലെയിനിയും സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുന്നുണ്ട്.[8] ഹിൻസ്ലി മുന്നോട്ടു വെച്ച ആശയത്തെ ഇനായത്തുള്ളയും ബ്ലെയിനിയും പിന്തുടരുമ്പോൾ തന്നെ രാഷ്ട്രത്തിന് അതിന്റെ പരമാധികാര അവകാശവാദങ്ങളെ സാധൂകരിക്കും വിധത്തിലുള്ള സമ്പത്താർജ്ജിച്ചു കൊണ്ട് മാത്രമേ ഔദ്യോഗികമായ അംഗീകാരം നേടിയെടുക്കാനാവൂ എന്ന് അവർ നിർദ്ദേശിക്കുന്നു.[9] പാർശ്വവൽകൃതമായ ഒരു രാഷ്ട്രത്തെ സംബന്ധിച്ച് ഇത് അസാധ്യമാണെന്ന് മാത്രമല്ല ഇത് പ്രസ്തുത രാഷ്ട്രത്തിന്റെ പരമാധികാരം അംഗീകരിക്കപ്പെടുക എന്ന പ്രക്രിയ സ്വയം പരാജിതമായ ഒന്നാക്കി മാറ്റുകയും ചെയ്യുന്നു. അന്താരാഷ്ട്രീയ ബന്ധങ്ങളുടെയും ആഗോള രാഷ്ട്രീയ സമ്പദ്ഘടനയുടെയും പശ്ചാത്തലത്തിൽ ഈ വിശകലനം തീർച്ചയായും പ്രസക്തമാണ്. അതേസമയം, ഇനായത്തുള്ളയും ബ്ലെയിൻലിയും എടുത്തു പറഞ്ഞിട്ടുള്ള ഒരു മൂന്നാം ലോക രാഷ്ട്രത്തിന്റെ രാഷ്ട്രീയ സാമ്പത്തികാവസ്ഥയും പ്രസ്തുത രാഷ്ട്രത്തിന്റെ പരമാധികാര രാഷ്ട്രമെന്ന നിലയിലുള്ള നിയമപരമായ അംഗീകാരവും തമ്മിലുള്ള ബന്ധത്തെ പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. പരമാധികാരവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഗസ്സയുടെ പദവി ഒരു പെരിഫറൽ രാഷ്ട്രത്തിന്റേതല്ല എന്നതും ഒരു രാഷ്ട്രമെന്ന നിലയിലുള്ള അതിന്റെ പരമാധികാരം ഔദ്യോഗികമായി പൂർണാംഗീകാരം നേടാത്തതാണ് എന്നതും പ്രധാനമാണ്. കൂടാതെ, വെസ്റ്റ് ബാങ്കിനെ അപേക്ഷിച്ച് “അധിനിവേശത്തിന് കീഴിലല്ലാത്ത പ്രദേശം” എന്ന അതിന്റെ പദവിയിൽ മാത്രം ഗസ്സൻ പരമാധികാരം പരിമിതവുമാണ്. ഈ സന്ദർഭങ്ങൾ കണക്കിലെടുത്തു കൊണ്ട് ഗസ്സയുടെ പശ്ചാത്തലത്തിൽ മൂലധനത്തിന്റെ അഭാവവും എന്നാലതേ സമയം, രാഷ്ട്രീയാധികാരമെന്ന നിലയിലുള്ള പരമാധികാരത്തിന്റെ സാന്നിദ്ധ്യവും തമ്മിലുണ്ടാക്കുന്ന വൈരുദ്ധ്യത്തെ വിശകലനം ചെയ്യുക എന്നതാണ് ഇവിടെ എന്റെ ഉദ്ദേശ്യം.

സാറാ റോയി

ഗസ്സൻ രാഷ്ട്രീയാധികാരം അതിന്റെ സ്വയം ഭരണാധികാരം വിനിയോഗിക്കുന്നതും ഇസ്രായേലുമായി ശത്രുബന്ധം നിലനിർത്തുന്നതും രണ്ട് പരമാധികാര രാഷ്ട്രങ്ങൾക്കിടയിൽ സംഭവിക്കുന്നതിന് സമാനമായ രീതിയിലാണ്. ഗസ്സയുടെ “ശത്രുരാജ്യം”, “അധിനിവേശത്തിന് കീഴിലല്ലാത്ത രാജ്യം” എന്നീ പദവികളും ഇസ്രായേലിന്റെ അധിനിവേശത്തിൽ നിന്ന് സ്വതന്ത്രമായി നിൽക്കുന്ന ഗസ്സൻ തൊഴിൽ ശക്തിയും കാരണം വെസ്റ്റ് ബാങ്കിനെ അപേക്ഷിച്ച് ഗസ്സക്ക് പൂർണ പരമാധികാരമെന്നത് ഒരു ആസന്ന സാധ്യതയാണ്.  ഈ മൂന്ന് ഘടകങ്ങളും ഗസ്സൻ പരമാധികാരത്തെ ആസന്ന സാധ്യതയാക്കി മാറ്റുകയും വെസ്റ്റ് ബാങ്കിൽ നിന്ന് വ്യത്യസ്തമായി ഫോർമൽ സബ്സംഷന് മുന്നോടിയായ ഒരു സ്വയം ഭരണാധികാര അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ പരമാധികാര (സാധ്യത) പദവി ഗസ്സൻ സമ്പദ് വ്യവസ്ഥയെ അകത്തേക്ക് ഉൾവലിപ്പിക്കുന്നു. അഥവാ, ഗസ്സൻ സമ്പദ് വ്യവസ്ഥ ടണൽ നിർമ്മാണത്തിലേക്കും ടണലിലൂടെയുള്ള സാമ്പത്തിക കൈമാറ്റാത്തിലേക്കും മാറാൻ നിർബന്ധിതമാകുന്നു. മൂലധനത്തിന്റെ അഭാവമാണ് (de-development) ഇതിന് കാരണം എന്നതു കൊണ്ട് തന്നെ, ഗസ്സൻ പരമാധികാരം ടണലിലൂടെയുള്ള പുതിയ തരം മൂലധനത്തിന്റെ ഉല്പാദനത്തിൽ കേന്ദ്രീകരിക്കുന്നു. അങ്ങനെ ഗസ്സൻ പരമാധികാരം ടണൽ കാപ്പിറ്റലിലൂടെ പുതിയ മാനം നേടുന്നു.

ഇത് സാധ്യമാവുന്നത്, ഗസ്സയുടെ പരമാധികാര ശേഷിയും മൂലധനത്തിന്റെ അഭാവവും തമ്മിലുള്ള പരസ്പര്യ വൈരുദ്ധ്യാത്മകമായ ബന്ധത്തെ മറികടക്കാൻ ശ്രമിക്കുന്നതിലൂടെയാണ്. ഈ ബന്ധത്തെ സാറാ റോയിയുടെ പുസ്തകത്തിലൂടെ വിശദീകരിക്കപ്പെടാവുന്നതാണ്.

രാഷ്ട്രീയ മാറ്റത്തിന് മുന്നോടിയായാണ് സാമ്പത്തിക മാറ്റം ഉണ്ടാവുകയെന്ന് ഓസ്ലോ ഉടമ്പടിയുടെ ശിൽപ്പികൾക്ക് അറിയാമായിരുന്നെന്നും അതുകൊണ്ട് തന്നെ ഒരു ഭാവി രാഷ്ട്രീയ അനുരഞ്ജനത്തിന് അടിത്തറ പാകുകയായിരുന്നു ഓസ്ലോ ഉടമ്പടിയെന്നും റോയ് ചൂണ്ടിക്കാണിക്കുന്നുണ്ട്.  ഈ സാമ്പത്തിക മാറ്റത്തിനായി സുരക്ഷാ പാത, അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റം, വ്യാപാരം, തുടങ്ങിയവ നിർദ്ദേശിക്കപ്പെട്ടെങ്കിലും, ഒടുവിൽ വിടുതൽ നയങ്ങളിലൂടെയും നിയന്ത്രണ നയങ്ങളിലൂടെയും ഇവയെയൊക്കെ വളരെ ബുദ്ധിപരമായി കയ്യൊഴിയുകയായിരുന്നു. ഒരു വശത്ത് ഗസ്സയുടെ കാര്യത്തിൽ ഇസ്രായേൽ കൈകഴുകിയിട്ടുണ്ടെങ്കിലും വിടുതൽ നയങ്ങളിലൂടെ അത് അധികാരം പുനഃസ്ഥാപിക്കുന്നുണ്ട്, മറുവശത്ത് ഇസ്രായേൽ ആഗോള പിന്തുണയോടെ വെസ്റ്റ് ബാങ്കിന് മുകളിൽ നിയന്ത്രണം തുടരുകയും ഇത് ഫലസ്തീനിയൻ രാഷ്ട്ര രൂപീകരണത്തിന് വേണ്ടിയുള്ള ഏത് ശ്രമങ്ങളെയും ക്രമേണ തടയുകയും ചെയ്യുന്നു.[10]

വെസ്റ്റ് ബാങ്ക്

സൈനിക ആക്രമണത്തോടൊപ്പമുള്ള ഉപരോധം ഗസ്സയുടെ സ്വകാര്യ മേഖലയെ ദോഷമായി ബാധിച്ചിട്ടുണ്ട്. 2007-ൽ ഉപരോധം അധികരിപ്പിക്കുന്നതിന് മുമ്പ് 54 മുതൽ 58 ശതമാനം വരെയുള്ള ഗസ്സൻ തൊഴിൽ ശക്തിക്ക് ഉൽപ്പാദന, സേവന, നിർമ്മാണ, കാർഷിക മേഖലകളിൽ സ്വകാര്യ മേഖല തൊഴിൽ നൽകിയിരുന്നു. പക്ഷേ 2010 ആയപ്പോഴേക്കും സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്നവരുടെ അളവ് വലിയ തോതിൽ ചുരുങ്ങി. ഗസ്സയുടെ സുസ്ഥിര സാമ്പത്തിക വികസനത്തിന്റെ പ്രധാന തടസ്സങ്ങളിൽ ഒന്ന് എന്ന് പറയുന്നത് കയറ്റുമതി നടത്തുന്നതിള്ള വിലക്കാണ്, പ്രത്യേകിച്ച് ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും ഉള്ള അതിന്റെ പരമ്പരാഗത വിപണികളിൽ.[11]

ഗസ്സയിലെ ഉൽപ്പാദന വ്യവസായങ്ങൾ ഈ കയറ്റുമതി, ഇറക്കുമതി വിലക്കുകൾ കാരണം തകർന്നിരിക്കുകയാണ്. ഗസ്സയുടെ പ്രധാന ഉപഭോക്താക്കളായ ഇസ്രായേലിലേക്കും വെസ്റ്റ് ബാങ്കിലേക്കുമുള്ള കയറ്റുമതി ഇല്ലാതായിട്ട് നാല് വർഷം കഴിഞ്ഞിരിക്കുന്നു. യൂറോപ്പിലേക്കുള്ള സ്ട്രോബറിയുടെയും പൂക്കളുടെയും കയറ്റുമതിയാണ് ചില അപവാദങ്ങൾ. പക്ഷേ ഒരു സാമ്പത്തിക ഘടനയെ പ്രവർത്തനക്ഷമമാക്കി നിലനിർത്താൻ അത് മതിയാവില്ല. എന്നല്ല, സുരക്ഷാ കാരണങ്ങളുടെ പേരിലുള്ള ഉപരോധങ്ങളുടെ ഫലമായി പ്രാദേശിക കർഷകർക്കുണ്ടായ നഷ്ടങ്ങൾ മൂലം ഈ ചുരുക്കം കയറ്റുമതികൾ പോലും അങ്ങേയറ്റം അസ്ഥിരമായിരുന്നു.[12]

ഉപരോധമുണ്ടാക്കിയ സാമ്പത്തിക തകർച്ച കാരണം നിലവിൽ ഗസ്സ ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണ് നേരിട്ടു കൊണ്ടിരിക്കുന്നത്, ഇത് പ്രദേശത്തെ ദാരിദ്ര്യവും ഭഷ്യ അസ്ഥിരതയും വർദ്ധിപ്പിച്ചു. ഗസ്സയും വെസ്റ്റ് ബാങ്കും ഇസ്രായേലും കൂടാതെ മറ്റ് പ്രദേശങ്ങളും തമ്മിലുള്ള തൊഴിൽ നീക്കങ്ങൾ ഉപരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ യാത്രാ നിയന്ത്രണങ്ങൾ കാരണം ഗുരുതരമായി നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. പൊതു സാമ്പത്തിക തകർച്ച കാരണം ഏകദേശം ഒരു ബില്യൻ ഡോളറിന്റെ നഷ്ടമെങ്കിലും ഫലസ്തീനിയൻ സാമ്പത്തിക ഘടന നേരിട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.[13]

ഐ.ഡി.എഫ് തീയിട്ട ഗസ്സയിലെ കൃഷി ഭൂമി

ഗസ്സയുടെ കാർഷിക ഭൂമികൾ തകർത്ത സൈനിക ആക്രമണങ്ങൾ അവിടത്തെ ഫലഭൂയിഷ്ടമായ നല്ലൊരു ഭാഗം ഭൂമിയെയും ഉപയോഗ ശൂന്യമാക്കി മാറ്റിയിട്ടുണ്ട്. ഈ ഫലങ്ങളൊന്നും ക്ഷണികമല്ല. ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) ബോധപൂർവം ഈ പ്രദേശത്തെ നിരപ്പാക്കിയതു മൂലം ഉണ്ടായ മരുഭൂമീകരണവും മണ്ണിന്റെ സങ്കോചവും കാരണം ഇത്തരം ഭൂമികൾ പൂർവ്വസ്ഥിതിയിലേക്ക് വീണ്ടെടുക്കാൻ കഴിയില്ല. ഗസ്സൻ മണ്ണിന്റെ ഈ ശോഷണവും ജലത്തിന്റെ ദൗർലഭ്യവും പ്രദേശത്തെ മൊത്തത്തിലുള്ള സുസ്ഥിരതയെയും കാർഷിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുകയും താറുമാറാക്കുകയും ചെയ്തിട്ടുണ്ട്. അമിതമായ പമ്പിങ്ങ്, മലിനീകരണം, തീരപ്രദേശത്തെ ജലാശയങ്ങൾ ഇസ്രായേലുമായി പങ്കു വെക്കുന്നത് തുടങ്ങിയ ഘടകങ്ങൾ ജലവുമായി ബന്ധപ്പെട്ട ഈ പ്രതിസന്ധികളെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു.

എന്നാൽ, റോയി വാദിക്കുന്നത് പോലെ, ടണൽ സമ്പദ് വ്യവസ്ഥയുടെ വികാസം ഗസ്സയുടെ സാമ്പത്തിക പരിതസ്ഥിതിയിൽ ഗണ്യമായ മാറ്റമാണ് ഉണ്ടാക്കിയത്. ഗസ്സ – ഈജിപ്ത് അതിർത്തിയിൽ 1980 – കളിലാണ് ആദ്യമായി ടണലുകൾ കണ്ടെത്തുന്നതെങ്കിലും പിന്നീട് അത് വളരുകയും 2012 ആകുമ്പോഴേക്കും ക്രമേണ ഇതിന്റെ എണ്ണം 1200 ടണലുകളായി മാറുകയും ചെയ്തു.[14] ഇസ്രായേലിന്റെ നിയന്ത്രണം കാരണം നേരിട്ടുണ്ടായ ഔദ്യോഗിക സ്വകാര്യ മേഖലയിൽ നിന്നും അനൗദ്യോഗിക കരിഞ്ചന്തകളിലേക്കുള്ള സ്വത്തിന്റെ നീക്കത്തിന്റെ ഫലമായാണ് ഈ വർദ്ധനവ് ഉണ്ടായത്. ഗസ്സയിലേക്ക് ചരക്കുകളും മറ്റ് സാധനങ്ങളും എത്തിക്കുന്നതിലും കടൽ മാർഗമുള്ള ചരക്ക് നീക്കത്തിനുള്ള നിയന്ത്രണങ്ങളെ മറികടക്കുന്നതിലും ഈ ടണലുകൾ നിർണായകമായിരുന്നു.

ഉപരോധത്തിന്റെ കാര്യത്തിൽ ഇസ്രായേൽ ഇളവുകൾ കൊണ്ടു വന്നപ്പോഴും ഈ ടണൽ വ്യവസായം തുടരുകയും ഇന്ധനവും മറ്റ് നിർമാണ സാമഗ്രികളും ഉൾപ്പെടുത്തി കൊണ്ട് വികസിക്കുകയും ചെയ്തു. ഹമാസിന്റെ അനൗദ്യോഗിക ടണൽ സാമ്പത്തിക വ്യവസ്ഥ ഗവണ്മെന്റ് Tunnel Affairs Commission – ലൂടെ നിയമവൽക്കരിക്കുകയും ചെയ്തിരുന്നു. ഇതിനു വേണ്ട സമ്പത്ത് മുഖ്യമായും ടണലിലൂടെ എത്തിക്കുന്ന ചരക്കുകളുടെ നികുതിയിലൂടെയാണ് കണ്ടെത്തുന്നത്. ഗസ്സയുടെ പുനരധിവാസത്തെ ഈ ടണൽ വ്യാപാരം സഹായിക്കുകയും അനേകം നിർമ്മാണ പ്രവർത്തനങ്ങൾ ഇതു കാരണം ഉണ്ടാവുകയും ഗസ്സയിലെ ഭവന ലഭ്യത കുറവിനെ ഒരു പരിധി വരെ ഇതിന് അഭിമുഖീകരിക്കാൻ കഴിയുകയും ചെയ്തു. സാമ്പത്തിക ഘടനയിലെ ഈ മാറ്റവും ഒപ്പം ഇറക്കുമതി നികുതികളിലുള്ള ഇളവും നിർമ്മാണ മേഖലയിലും വ്യാപാര മേഖലയിലും സേവന മേഖലയിലും ഗണ്യമായ വികസനത്തിന് വഴി വെക്കുകയും 2011 – ൽ ഗസ്സയിലെ ജി.ഡി.പിയിൽ അത്ഭുതകരമാം വിധമുള്ള വളർച്ചയ്ക്ക് കാരണമാവുകയും ചെയ്തു.[15]

ആ സമയത്ത്, ഗസ്സയുടെ യുദ്ധാനന്തര പുരധിവാസത്തെ സാധ്യമാക്കുന്ന ജി.ഡി.പിയുടെയും നിർമ്മാണ വ്യവസായത്തിന്റെയും വളർച്ചയ്ക്ക് ഈ ടണൽ വ്യാപാരം അനിവാര്യമായിരുന്നു. പക്ഷേ, നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനാലും ഇസ്രായേലുമായുള്ള പരമ്പരാഗത വ്യാപാര ബന്ധങ്ങളിലെ ഇടിവിനെ വർദ്ധിപ്പിക്കുന്നതിനാലും ഗസ്സയുടെ ഔദ്യോഗിക സാമ്പത്തിക ഘടനയുടെ മൂല്യ തകർച്ചയ്ക്കും അത് കാരണമായിട്ടുണ്ട്. ഇസ്രായേലീ നിയന്ത്രണങ്ങൾ, ധനസഹായങ്ങളിൽ ഉണ്ടായ ഇടിവ്, ടണലുകൾക്ക് നേരെ ഈജിപ്ത്യൻ ഭരണകൂടം നടത്തിയ ആക്രമണങ്ങൾ തുടങ്ങിയവ കാരണം ഈ ടണൽ സമ്പദ് വ്യവസ്ഥക്കുണ്ടായ  ശോഷണം അതിന്റെ ദൗർബ്ബല്യം പ്രകടമാക്കിയിരുന്നു. എന്നിരുന്നാലും, തൊഴിൽ നഷ്ടം, സാമ്പത്തിക നഷ്ടങ്ങൾ, നിർമ്മാണ വ്യവസായങ്ങളുടെ തകർച്ച തുടങ്ങിയ മോശം ഫലങ്ങളും ഈ ടണൽ വ്യാപാരം ഗസ്സയിലുണ്ടാക്കിയിരുന്നു. ടണൽ വഴിയുള്ള ഈ നീക്കുപോക്കുകളുടെ ഗുണഭോക്താക്കളായ വ്യാപാരികളടങ്ങിയ പുതിയ സാമ്പത്തിക വർഗ്ഗങ്ങൾ ഉയർന്നു വന്നതോടു കൂടി ഗസ്സയുടെ സാമ്പത്തിക ഘടന കൂടുതൽ സങ്കീർണമായി മാറുകയും ചെയ്തു.

ഗസ്സ ടണൽ

ഇസ്രായേലീ നിയന്ത്രണങ്ങൾ, ധന സഹായങ്ങളിലെ കുറവ്, സാമ്പത്തിക വികസനത്തിന്റെ മെല്ലെപ്പോക്ക് തുടങ്ങിയ ഒട്ടനവധി വെല്ലുവിളികൾ ടണൽ സാമ്പത്തിക വ്യവസ്ഥ അഭിമുഖീകരിച്ചിരുന്നു. ഒടുവിൽ, ഈ ടണൽ വ്യാപാരങ്ങൾക്ക് 2013 ഒക്ടോബറോടു കൂടി അന്ത്യമാവുകയും സാമ്പത്തിക നഷ്ടങ്ങൾ, അനേകം കമ്പനികളുടെ തകർച്ച, ഗണ്യമായ തോതിലുള്ള തൊഴിലില്ലായ്മ നിരക്കിന്റെ വളർച്ച തുടങ്ങിയ അനന്തര ഫലങ്ങൾ ഗസ്സയിലിത് ഉണ്ടാക്കുകയും ചെയ്തു.

ഗസ്സയും പരമാധികാരത്തിന്റെ വൈരുദ്ധ്യങ്ങളും

കഴിഞ്ഞ കുറച്ച് കാലമായി ഗസ്സയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ പുതിയതും ഗ്രൗണ്ട് റിയാലിറ്റിയുമായി കൂടുതൽ ചേർന്നു നിൽക്കുന്നതുമായ വിശകലനങ്ങൾ ആവശ്യമാക്കി തീർക്കുന്നുണ്ട്, പ്രത്യേകിച്ച് ഗസ്സയിലെ പരമാധികാരം എന്ന ആശയം നിർബന്ധിത സ്വാതന്ത്ര്യത്തിൽ (forced independence) നിന്നുണ്ടാവുന്ന മൂലധന അഭാവത്തിന്റെയും (de-development) പ്രതിരോധ രാഷ്ടീയത്തെ സാധ്യമാക്കുന്ന ജനകീയ ഇച്ഛക്കുമിടയില് ഒരു വൈരുദ്ധ്യ രൂപമാണ് സ്വീകരിച്ചിരിക്കുന്നത് എന്നതിനാൽ. നിർബന്ധിത സ്വാതന്ത്ര്യത്തിന്റെ ഭാഗമായ മൂലധനത്തിന്റെ അഭാവം എന്നതു കൊണ്ട് ഞാൻ അർത്ഥമാക്കുന്നത്, മൂലധനവുമായുള്ള അർത്ഥവത്തായ എല്ലാ ബന്ധങ്ങളിൽ നിന്നുമുള്ള ഗസ്സയുടെ വിച്ഛേദനമാണ്.[16] തൃഷണയിലൂടെയുള്ള (ഡിസയർ) വിധേയത്വത്തിന്റെ പ്രത്യയശാസ്ത്രപരമായ പുനരുൽപ്പാദനം എന്നതിലുപരി നഗ്നമായ കൊളോണിയലിസത്തിന് വിധേയമാവുക എന്ന മൂലധനത്തിന്റെ ഡിമാന്റ് കാരണം ഗസ്സ ഫോർമൽ സബ്സംപ്ഷന് മുമ്പുള്ള ഒരു അവസ്ഥയിലേക്കെത്തിയിരിക്കുന്നു. ഗസ്സയിലെ പരമാധികാരത്തെ സംബന്ധിച്ച ഏതൊരു സംഭാഷണത്തെയും സങ്കീർണമാക്കുന്നത് ഈ അവസ്ഥയാണ്.

നഈം ഇനായത്തുള്ള

ഒരു പരമാധികാര സ്വരൂപം മറ്റൊരു പരമാധികാരത്തെ അംഗീകരിക്കുന്ന പങ്കുവെക്കപ്പെടുന്ന ഒരു നിയമ വ്യവഹാരത്തിന്റെ അഭാവമാണ് ഗസ്സയിൽ നിലനിൽക്കുന്ന പരമാധികാരത്തിന്റെ രണ്ടാമത്തെ വൈരുദ്ധ്യം. സ്വന്തം ഭരണകൂടത്തെ സ്വയം തിരഞ്ഞെടുക്കുന്നതിലൂടെ ഗസ്സ സ്വയം ഭരണം നിലനിർത്തുകയും, ജനകീയ പ്രക്ഷോഭങ്ങൾക്ക് പകരം സൈനിക ശക്തിയെ പ്രതിരോധങ്ങൾക്കായി ഉപയോഗിക്കുകയും കുടിയേറ്റ മുതലാളിത്തത്തിൽ നിന്ന് വിട്ടു നിൽക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും ഗസ്സയിലെ രാഷ്ട്രീയ അധികാരത്തെ ഒരു പരമാധികാര സ്ഥാപനമായി അംഗീകരിക്കുന്ന വ്യവസ്ഥകൾ അന്താരാഷ്ട്ര നിയമത്തിൽ വിരളമായേ ഉള്ളൂ. ഗസ്സക്കു മേലുള്ള ഇസ്രായേൽ അധിനിവേശത്തെ പിൻവലിച്ചതായി പ്രഖ്യാപിക്കുമ്പോഴും, ഇസ്രായേൽ ഈജിപ്തിനോടൊപ്പം ചേർന്ന് ഗസ്സക്ക് മേലിൽ ഏർപ്പെടുത്തിയ ഉപരോധം കാരണം സവിശേഷമായി ഗസ്സയുടെ പദവി അപ്രഖ്യാപിതമാക്കി നിലനിർത്തുകയും ചെയ്യുന്ന ഓസ്ലോ ഉടമ്പടിയാണ് ഭാഗികമായി ഇതിന്റെ കാരണം.

ഈ പ്രബന്ധത്തിന്റെ തുടക്കത്തിൽ ഞാൻ വാദിച്ച പോലെ മൂലധനവുമായുള്ള ഗസ്സയുടെ വിച്ഛേദനം ഗസ്സയെ പരമാധികാരം നേടുന്നതിന് അശക്തമാക്കുകയല്ല യഥാർത്ഥത്തിൽ ചെയ്യുന്നത്, മറിച്ച് സുശക്തമാക്കുകയാണ്. ലാഭത്തിന്റെ ഉല്പാദത്തിന് പകരം ടണൽ ഘടനകളിലൂടെയാണ് പ്രതിരോധത്തിന് ആവശ്യമായ ശേഷി ഗസ്സയിലെ സാമ്പത്തിക ബന്ധങ്ങൾ നേടിയെടുക്കുന്നത് എന്നതാണ് ഇതിന് കാരണം. ലാഭോത്പാദനം മൂലധനത്തിന്റെ ലക്ഷ്യോന്മുഖമായ (teleological) തൃഷണയാണെങ്കില് ഗസ്സയിൽ അത് അപ്രസക്തമാണ്. കാരണം, ഗസ്സയിലെ ടണല് കാപിറ്റല് ലാഭോത്പാദനത്തെ മുന് നിര്ത്തി പ്രവര്ത്തിക്കുന്ന ഒന്നല്ല, മറിച്ച്, പ്രതിരോധത്തിന് അടിസ്ഥാന സന്നാഹം സൃഷ്ടിക്കാനുള്ളതാണ്, അതിലൂടെ ഒക്ടോബര് പതിനൊന്നുകള് സാധ്യമാക്കാനും.  മറ്റൊരർത്ഥത്തിൽ, ഗസ്സയിൽ നിലനിൽക്കുന്ന അങ്ങേയറ്റം പരിമിതികളുള്ള ഉൽപ്പാദന ശക്തി, ലാഭത്തിന്റെ പുനരുൽപ്പാദനമെന്ന മുതലാളിത്ത ലക്ഷ്യത്തിന് അനുസൃതമായി അല്ല പ്രവർത്തിക്കുന്നത്. ഗസ്സയിലെ ഉൽപ്പാദന പ്രവർത്തനങ്ങളെ മുതലാളിത്ത ലക്ഷ്യോന്മുഖതയുടെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുന്നത് കൃത്യമായി പറഞ്ഞാൽ സൈനിക പ്രതിരോധത്തിലൂടെ പരമാധികാരം നേടിയെടുക്കാനുള്ള ഗസ്സയുടെ തേട്ടമാണ്. ഈ തേട്ടം ഗസ്സയെ ഒരു ടണൽ കേന്ദ്രീകൃത സാമ്പത്തിക ഘടനയാക്കി മാറ്റുന്നു. ഗസ്സയിലെ പരമാധികാരത്തിന് വേണ്ടിയുള്ള ദാഹം മുതലാളിത്ത ലക്ഷ്യോന്മുഖതയുടെ (capitalist teleology) നിരാസത്തിലാണ് കിടക്കുന്നത് എന്ന വൈരുദ്ധ്യം, പരമാധികാരത്തെ വിഭാവന ചെയ്യാനുള്ള മൗലികമായ ഒരു മുന്നുപാധി എന്നത് മൂലധനത്തിലേക്കുള്ള പ്രവേശനമാണെന്ന ഇനായത്തുള്ളയുടെയും ബ്ലെയിനിയുടെയും നിർദ്ദേശത്തെ പുനർവിചിന്തനം നടത്താൻ നമ്മെ പ്രേരിപ്പിക്കുന്നു.

 

വിവർത്തനം: മൻഷാദ് മനാസ്


[1] Erika Weinthal and Jeannie Sowers, “Targeting Infrastructure and Livelihood in the West Bank and Gaza”, Journal of International Affairs 95: 2 (2019) 319-340, p 332.

[2] Weinthal and Sowers p 325.

[3] Walid Habbas, “The West Bank-Israel Economic Integration: Palestinian Interaction with the Israeli Border and Permit Regimes”, in Tartir, Dana and Seidel (ed) Political Economy of Palestine: Critical, Interdisciplinary and Decolonial Perspectives, Palgrave Macmillan 2021, p 112.

[4] Habbas 112.

[5] വിവ: കൂടുതൽ വായനക്ക്, Economic Manuscripts: Results of the Direct Production Process by Karl Marx 1864

[6] Economic Works of Karl Marx 1861-1864, Introduction. Marxist. Org

[7] Quoted in Inayatullah and Blaney, “Realizing Sovereignty”, Review of International Studies (1995), 21, 3-20, 13

[8] Inayatullah and Blaney 14.

[9] Inayatullah and Blaney 16, 17.

[10] Sara Roy, “The Gaza Strip: The political economy of de-development.” Washington, D.C.: Institute for Palestine Studies, 2016, p xxiii.

[11] Roy p xxxii

[12] Roy xxxii

[13] Roy xxxiii

[14] Roy xxxvii

[15] Roy, pg missing.

[16] മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗസ്സയുടെ പശ്ചാത്തലത്തിൽ മൂലധനമെന്നത് തൃഷണയെന്ന (ഡിസയർ) നിലയിലല്ല നിലനിൽക്കുന്നത് എന്നത് കൂടി എടുത്തു പറയണമെന്ന് തോന്നുന്നു. നിരവധി സൈദ്ധാന്തികർ പറഞ്ഞു വെച്ചത് പോലെ, പ്രത്യയശാസ്ത്രപരമായ വിധേയത്വം മുതലാളിത്തം തൃഷണയെ പുനരുൽപ്പാദിപ്പിച്ചു കൊണ്ടാണ് നിലനിർത്തി പോരുന്നത് (Althusser 1970; Deleuze and Guattari 1972). പക്ഷേ പ്രത്യക്ഷമായി കൊളോണിയൽ അധിനിവേശത്തിന് കീഴിൽ നിലനിൽക്കുന്ന മറ്റേതൊരു പ്രദേശത്തെയും പോലെ ഗസ്സയിലും  മൂലധനമെന്നാൽ നഗ്നമായ ശത്രുവാണ്. കാരണം കൊളോണിയൽ അധിനിവേശത്തോടുള്ള നിരുപാധികവും, സർവ്വ മാർഗ്ഗേണയുമുള്ള വിധേയപ്പെടലിലൂടെ മാത്രമേ അത്തരം സന്ദർഭങ്ങളിൽ മൂലധനത്തിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ.

മാരിയ സിദ്ദീഖി