Campus Alive

വരൾച്ചയിലും കുളിരേകുന്ന ഡൽഹി യൂണിവേഴ്സിറ്റിയിലെ റമദാൻ

മറ്റു ദേശീയ കാമ്പസുകളിൽ നിന്ന് ഡൽഹി യൂണിവേഴ്സിറ്റിയെ വ്യത്യസ്തമാക്കുന്ന ഒരു ഘടകമാണ് അതിന്റെ തുറന്ന ചുറ്റുപാടും ഭൂമിശാസ്ത്രവും. വ്യത്യസ്ത കോളേജുകളിലും ഡിപ്പാർട്ട്മെന്റുകളിലും ഫാക്കൽറ്റികളിലുമായി ഡൽഹി മുഴുവൻ വിസ്തൃതമായി കിടക്കുന്ന തുറന്ന കാമ്പസാണ് ഡൽഹി യൂണിവേഴ്സിറ്റി. പ്രധാനമായും നോർത്ത് ക്യാമ്പസ്, സൗത്ത് ക്യാമ്പസ്, ഓഫ് ക്യാമ്പസ് എന്നിങ്ങനെ തരംതിരിക്കാം. അതുകൊണ്ടുതന്നെ ഡൽഹി യൂണിവേഴ്സിറ്റിയിലെ നോമ്പനുഭവങ്ങളെ നോക്കികാണേണ്ടത് ഡൽഹി എന്ന സ്‌പേസിലെ അനുഭവങ്ങൾ കൂടിയായിട്ടാണ്. ബിരുദപഠനത്തിന് പ്രസിദ്ധമാണ് യൂണിവേഴ്സിറ്റിയിലെ ഓരോ കോളേജുകളും. എന്നാൽ, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, ഇൻ്റർനാഷനൽ വിദ്യാർഥികൾ, ചെറുപ്പം മുതൽ ഡൽഹിയിലേക്ക് കുടിയേറി പാർത്തിട്ടുള്ളവർ, പഠനാവശ്യത്തിനായി മാത്രം ഡൽഹിയിലേക്ക് വന്നവർ, സിവിൽ സർവീസ് അഭിലാഷികൾ എന്നിങ്ങനെ വൈവിധ്യമാർന്നതാണ് ഡൽഹിയിലെ വിദ്യാർഥി ജനസംഖ്യ.

ഡൽഹി യൂണിവേഴ്സിറ്റി

കേരളം, ജമ്മു കാശ്മീർ, ഉത്തർപ്രദേശ്, ഹരിയാനയിലെ മേവാത്ത്, ബീഹാർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മുസ്‌ലിം വിദ്യാർഥികൾ ഡൽഹി യൂണിവേഴ്സിറ്റിയിലേക്ക് വന്നെത്തുന്നത്. അറബി, ഉറുദു ഡിപ്പാർട്ട്മെന്റുകളെയും, സാക്കിർ ഹുസൈൻ കോളേജിനെയും മാറ്റിനിർത്തിയാൽ മറ്റിടങ്ങളിലെല്ലാം മുസ്‌ലിം വിദ്യാർഥികളുടെ പ്രാതിനിധ്യം വളരെ കുറവാണ്. യൂണിവേഴ്സിറ്റി സ്പേസിനെ വരിഞ്ഞുമുറുക്കിയിട്ടുള്ള ഹിന്ദുത്വയുടെയും, മതനിരാസത്തിന്റെയും, ലിബറലിസത്തിന്റെയും ചുറ്റുപാടുകൾ മുസ്‌ലിമത്വം മുറുകെപ്പിടിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഇത്തരം പ്രതികൂല സാഹചര്യത്തിലും വിശ്വാസവും അനുഷ്ഠാനങ്ങളും കൊണ്ട് നടക്കുന്ന ധാരാളം മുസ്‌ലിം വിദ്യാർഥികളുണ്ട്. ഈ വിദ്യാർഥികളുടെ മത ജീവിതത്തിന് കാമ്പസിലെ പൊതുവിടങ്ങളിൽ ദൃശ്യത കൈവരുന്ന സമയം കൂടെയാണ് റമദാൻ. ഈ ദൃശ്യത തുറന്നു നൽകുന്ന സാധ്യതകളും ഉയർത്തുന്ന വെല്ലുവിളികളും വിശകലനം ചെയ്യപ്പെടേണ്ടതാണ്.

വ്യക്തിയിടങ്ങളിലെ റമദാൻ

ഒന്നര ലക്ഷത്തോളം റെഗുലർ വിദ്യാർഥികൾ പഠിക്കുന്ന യൂണിവേഴ്സിറ്റിയിൽ തുലോം തുച്ഛം വിദ്യാർഥികൾക്കു മാത്രമാണ് ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യങ്ങളുള്ള കോളേജുകൾ യൂണിവേഴ്സിറ്റിയിൽ വിരളമാണ്. ശേഷിക്കുന്ന അനേകം വിദ്യാർഥികൾ എവിടെ പോകും എന്ന ചോദ്യത്തിൻ്റെ ഉത്തരമാണ് ഹിന്ദു കോളേജ്, സെൻ്റ് സ്റ്റീഫൻസ് കോളേജ്, മിറാൻഡ ഹൗസ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന നോർത്ത് കാമ്പസിൻ്റെ ചുറ്റുമുള്ള വിജയ്നഗർ, കമലാനഗർ, മൽകാഗഞ്ച് തുടങ്ങിയ പ്രദേശങ്ങൾ. വിദ്യാർഥികൾ തിങ്ങിപ്പാർക്കുന്ന ഇവിടങ്ങളിലെ ഇൻഫ്രാസ്ട്രെക്ച്ചർ പോലും വിപണി ലക്ഷ്യം വെച്ചുള്ള ഫ്ലാറ്റുകളും പേയിംഗ് ഗസ്റ്റ് സംവിധാനങ്ങളുമാണ്. സ്വന്തമായി അപ്പാർട്ട്മെന്റുകൾ ഉള്ളവർ വീടിന്റെ ഒരു വശം ഷീറ്റടിച്ച് മറക്കുകയും അപ്പുറത്തെ ഇടുങ്ങിയ ഭാഗം വിദ്യാർഥികൾക്ക് താമസിക്കാൻ വാടകക്ക് കൊടുക്കുകയും ചെയ്യുന്നു. മറ്റു കോളേജുകൾക്കടുത്തായി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണ് ലക്ഷ്മിനഗറും ഭോഗലും ദ്വാരകയും സത്യാനികേതനുമെല്ലാം. ഇവിടങ്ങളിലെ സാഹചര്യവും വിത്യസ്തമല്ല. ഉയർന്നവാടകയാണ് വിദ്യാർഥികൾക്ക് താമസത്തിനായി കൊടുക്കേണ്ടി വരുന്നത്. ഇടനിലക്കാരുടെ സാന്നിധ്യവും സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നു.

ഭക്ഷണ കാര്യത്തിലുള്ള അശ്രദ്ധയും അവഗണനയും വിദ്യാർഥികളുടെ പൊതു സ്വഭാവമാണ്. പുറത്തു നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങളാണ് സാമാന്യം വിദ്യാർഥികളും സാധാരണ അവലംബിക്കുന്നത്. പഠനത്തിരക്കുകൾക്കിടയിലും പാകം ചെയ്ത് കഴിക്കുന്ന ന്യൂനപക്ഷം വരുന്നവരുടെ ഭക്ഷണ രീതികളും ഒട്ടും ആരോഗ്യപരമല്ല. ഈ ജീവിത ശൈലികളും കാലാവസ്ഥയും ചേർന്ന് വരുമ്പോൾ രോഗങ്ങളും പിന്നാലെ വരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ മഞ്ഞപ്പിത്തം ബാധിച്ച് വിടപറഞ്ഞ ഹിന്ദുകോളേജ് ഹിസ്റ്ററി വിദ്യാർഥിയായ അങ്കിതിന്റെ മരണം വിദ്യാർഥികൾക്കിടയിൽ ചില ചർച്ചകൾ ഉയർത്തിയിരുന്നു. അധികാരികൾ തിരിഞ്ഞുനോക്കാനില്ലാതെ വൃത്തിഹീനമായി കിടക്കുന്ന സ്ഥലങ്ങളും ഗുണനിലവാരമില്ലാത്ത വെള്ളവും ഭക്ഷണസാധനങ്ങളും ഉയർന്ന വാടകകാരണം ഫ്ലാറ്റുകളിൽ തിങ്ങിനിറഞ്ഞു ജീവിക്കേണ്ട സാഹചര്യവും ഒരിക്കൽ കൂടി ചർച്ചയിൽ കടന്നുവന്നു. അതിനിടയിലേക്കാണ് ഈ വർഷത്തെ റമദാനും നോമ്പും കടന്നുവരുന്നത്.

ബിലാൽ മസ്ജിദ്

മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ റമദാനിൽ ചൂട് കുറവാണെന്നത് വലിയ ആശ്വാസമാണ്. അപ്പോഴും അത്താഴവും ഇഫ്താറും എല്ലാദിവസവും ഒരുക്കുക എന്നുള്ളത് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ കാര്യമാണ്. മണിക്കൂറുകൾ ക്ലാസുകളിൽ ചിലവഴിച്ച് ക്ഷീണിച്ചുവരുന്ന വിദ്യാർഥികൾ അസർ നമസ്കാരാനന്തരം ബിലാൽ മസ്ജിദിൻ്റെ മുകൾ നിലയിൽ നിരനിരയായി കിടക്കുന്ന കാഴ്ചകൾ കഴിഞ്ഞ വർഷങ്ങളിൽ കാണാൻ സാധിച്ചിരുന്നു. നോമ്പ് തുറക്കാൻ ‘ചോറുള്ള പള്ളി’ കളെ ആശ്രയിക്കുന്നവരാണ് മുക്കാൽ ഭാഗം വിദ്യാർഥികളും. എന്നാൽ ഹോസ്റ്റലുകളിലുള്ളവർ മെസ്സിൽ മുൻകൂട്ടിയറിയിച്ച പ്രകാരം ഉച്ചഭക്ഷണം ഇഫ്താറായും രാത്രിഭക്ഷണം അത്താഴവുമായി മാറ്റിവെക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ നോമ്പുതുറക്കാൻ റൂഹ് അഫ്സ, പാൽ, ചിലദിവസങ്ങളിൽ പഴങ്ങൾ, അത്താഴത്തിനായി ബ്രെഡും ജാമും മുട്ടയും എന്നിങ്ങനെ ഒരുക്കികൊടുക്കുന്ന ചില ഹോസ്റ്റലുകളുമുണ്ട്. മുസ്‌ലിം വിദ്യാർഥികൾ അധികമുള്ള ഹോസ്റ്റലുകളിൽ വലിയ പ്രയാസങ്ങളില്ലാതെ നോമ്പുകാലം മുന്നോട്ടു പോകും. മിക്ക വിദ്യാർഥികളും തറാവീഹ് നമസ്കാരങ്ങൾക്ക് താമസസ്ഥലത്തു തന്നെയാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. പത്തും പതിനഞ്ചും വരുന്ന ചെറിയ കൂട്ടങ്ങളായി ചേർന്നും കൂട്ടത്തിൽ ഖുർആൻ കൂടുതൽ ഖുർആൻ ഹിഫ്ദ് ഉള്ളവനെ ഇമാമായി നിശ്ചയിച്ചും തറാവീഹിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നു. ദീർഘനേരമുള്ള ഖുർആൻ പാരായണവും ഖുനൂതുമായി ഈ സംഗമങ്ങൾ രാത്രി നമസ്കാരങ്ങളുടെ പവിത്രത അങ്ങിങ്ങായി ചോരാതെ കാത്തുസൂക്ഷിക്കുന്നു. അതേസമയം പള്ളിയോട് ചേർന്നു താമസിക്കുന്ന കുറച്ചു പേർ പള്ളിയിൽ നിന്ന് തന്നെ തറാവീഹ് നമസ്കരിക്കാൻ ഭാഗ്യം ലഭിക്കുന്നവരാണ്.

ബിലാൽ മസ്ജിദും പൊതുവിടങ്ങളിലെ റമദാനും

നോർത്ത് കാമ്പസിലെ മുഴുവൻ മുസ്‌ലിം വിദ്യാർഥികളും ആശ്രയിക്കുന്ന ഏക പള്ളിയാണ് ബിലാൽ മസ്ജിദ്. കാലങ്ങളായി ന്യൂനപക്ഷങ്ങൾ ജീവിച്ചു വരുന്ന പട്ടേൽ ചെസ്റ്റിലുള്ള ക്രിസ്ത്യൻ കോളനിയിൽ, പ്രധാന പാതയിൽ നിന്നുമാറി ശ്രീറാം കോളേജ് ഓഫ് കോമേഴ്സിന് പിന്നിലായി ആണ് ബിലാൽ മസ്ജിദും അതിന് സമീപത്തായി ക്രിസ്ത്യൻ ദേവാലയവും സ്ഥിതി ചെയ്യുന്നത്. ആകെ മൊത്തം അഞ്ചുനിലയിലായാണ് പള്ളി പണിതിരിക്കുന്നത്. എന്നിട്ടും ഒരുപാട് പേർക്ക് ജുമുഅയുടെ സമയത്തുപോലും സ്ഥലം ലഭിക്കാതെ നമസ്കാരം നഷ്ടപെടുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. വെള്ളിയാഴ്ച ദിവസം നമസ്കരിക്കാൻ സ്ഥലമില്ലാതെ വരുന്നവർക്ക് ടെറസ്സ് വിട്ടുകൊടുത്തുകൊണ്ട് മുൻവർഷങ്ങളിൽ ഹോളി ഗോസ്പൽ ചർച്ചിലെ പാതിരി മതമൈത്രിയുടെ പ്രതീകമായിരുന്നു.

ഗല്ലിയിലേക്കുള്ള വഴിയുടെ പ്രധാന കവാടത്തിന്  മുന്നിലായി പോലീസ് സ്റ്റേഷനും കാണാൻ സാധിക്കും. നിരവധി മുസ്‌ലിം സംഘടനകളുടെയും, മുസ്‌ലിം കൂട്ടങ്ങളുടെയും വ്യത്യസ്ത പരിപാടികൾ നിരന്തരം പള്ളിയിൽ നടക്കാറുണ്ട്. മുസ്‌ലിം കൂട്ടങ്ങളെ ഒരുമിച്ചു കൂട്ടുന്നതിൽ മസ്ജിദ് നിർണായക പങ്കുവഹിച്ചു വരുന്നു. പള്ളിയിൽ നിന്ന് മാത്രമായി പരിചയപെട്ട മുസ്‌ലിം സുഹൃത്തുക്കൾ ധാരാളമാണ്. പള്ളി ഇമാം അഖ്തർ ഭായി അദ്ദേഹത്തിന്റെ സ്വന്തം റിസ്ക്കിലാണ് വിദ്യാർഥികൾക്കായി സ്ഥലം അനുവദിച്ചു നൽകുന്നത്. പലതവണ പരാതി പോയതുപ്രകാരം പോലീസ് ഇടപെടലുകളും മറ്റുമായി ഒട്ടേറെ ബുദ്ധിമുട്ടുകൾ വരാറുണ്ട്. പള്ളിയിൽ ഉച്ചത്തിൽ ബാങ്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് മാത്രം തൊട്ടടുത്തുള്ള മൗറിസ്നഗർ പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുള്ള പരാതികൾ നിരവധിയാണ്. ചില സമയങ്ങളിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തുന്ന സാഹചര്യവുമുണ്ടാവാറുണ്ട്. അതുമായി ബന്ധപ്പെട്ട് ഇമാമുമായി സംസാരിച്ചപ്പോൾ പള്ളി നമസ്കാരത്തിനായി മാത്രമുള്ളതാണെന്നും മറ്റുപരിപാടികൾ നടത്താൻ പോലീസിൽ നിന്നും പ്രത്യേക അനുമതിവേണമെന്നുമാണ് അവർ പറഞ്ഞതെന്ന് അറിയാൻ കഴിഞ്ഞു. പള്ളിയുടെ സുരക്ഷിതത്വം ആലോചിച്ചുകൊണ്ട് കുറച്ചുകാലം വിദ്യാർഥികളാരും അവിടെ പരിപാടികൾ സംഘടിപ്പിച്ചിരുന്നില്ല. കാമ്പസിനു ചുറ്റുമായി മുസ്‌ലിം വിദ്യാർഥികളുടെ സാമൂഹിക സാംസ്കാരിക നിർമാണത്തിൽ ബിലാൽ മസ്ജിദ് വഹിക്കുന്ന പങ്ക് അനിഷേധ്യമാണ്.

തർബ്ബിയത്ത് ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ

ഈ റമദാനിൽ ചെറിയ ഇഫ്താറോടുകൂടിയുള്ള തർബിയ്യത്തി പരിപാടികൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രശ്നങ്ങളില്ലാതെ നടന്നുവരുന്നുണ്ട്. വിദ്യാർഥികളെ ബാധിക്കുന്ന വ്യത്യസ്ത വിഷയങ്ങളിലെ ക്ലാസ്സുകളും ചർച്ചകളും ഈ കൂട്ടങ്ങൾക്കകത്ത് നടക്കുന്നു. മലയാളി വിദ്യാർഥികളുടെ കർതൃത്തിൽ നടക്കുന്ന ഈ ചർച്ചാ സംഗമങ്ങളിൽ മലയാളികല്ലാത്ത മുസ്‌ലിം വിദ്യാർഥികളുടെ സാന്നിധ്യവുമുണ്ടാവാറുണ്ട്. അതുകൂടാതെ പള്ളിയിലും ചെറിയ രീതിയിൽ ഇഫ്താർ സംഘടിപ്പിക്കപ്പെടുന്നു. പള്ളിയെ ചുറ്റിപറ്റി ജീവിക്കുന്ന കുടുംബങ്ങളും പള്ളിയിലേക്ക് വരുന്ന ആളുകളും കൊണ്ടുവരുന്ന പഴവർഗ്ഗങ്ങളും പൊരിക്കടികളും ചേർത്തുവെച്ചാണ് എല്ലാവർക്കുമുള്ള വിഭവങ്ങൾ ഓരോ ദിവസവും ഒരുക്കുന്നത്. നോർത്ത് കാമ്പസിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മറ്റൊരു മസ്ജിദാണ് മാൾറോഡ് മസ്ജിദ്. നാഷണൽ ഹൈവെ റോഡിനു സമീപമാണ് പള്ളിയുള്ളത്. കഴിഞ്ഞ വർഷം പോലീസ് ഇടപെട്ട് ഇവിടെയും വിദ്യാർഥികളുടെ ഏതു പരിപാടികളും നടത്തുന്നത് തടഞ്ഞിരുന്നു. യൂണിവേഴ്സിറ്റി സ്പേസിലെ വിദ്യാർഥികളുടെ ഓരോ കൂട്ടങ്ങളും വ്യക്തമായ സർവേലൻസിലാണ് നടക്കുന്നത് എന്നാണ് ഡൽഹി പോലീസിലെ ഒരു കോൺസ്റ്റബിൾ ഒരിക്കൽ പങ്ക് വെച്ചത്. മുസ്‌ലിം വിദ്യാർഥികളുടെ ഓരോ കൂട്ടങ്ങളെയും ഭയപ്പാടോടു കൂടിയാണ് എല്ലാവരും നോക്കികാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ റമദാനിലെ ഒരു സംഭവത്തെ കുറിച്ച്  ഒരിക്കൽ സുഹൃത്തിൽ നിന്ന് കേൾക്കാനിടയായി. പെൺകുട്ടികൾക്ക് തറാവീഹ് നമസ്കാരത്തിനായി ഒരുക്കിയിരുന്ന ചെറിയ ഒരു സജ്ജീകരണമുണ്ടായിരുന്നു. കുറച്ചുകാലം മാത്രമേ അത് മുന്നോട്ട് പോയുള്ളൂ. നിരന്തരം ആളുകൾ വരുന്നതും പോകുന്നതും ബുദ്ധിമുട്ടാണ് എന്ന കാരണം പറഞ്ഞുകൊണ്ട് ഫ്ലാറ്റുടമ അവിടെ താമസിച്ചിരുന്ന മുസ്‌ലിം വിദ്യാർഥിനികളോട് വീടൊഴിയാൻ ആവശ്യപ്പെട്ടു. ഫ്‌ളാറ്റുകൾ അന്വേഷിക്കുന്ന സമയത്തും നിരവധി പ്രശ്നങ്ങൾ മുസ്‌ലിം വിദ്യാർഥികൾ അനുഭവിക്കാറുണ്ട്. ‘മുഹമ്മദിയൻസ്’ ആണെങ്കിൽ റൂം ലഭിക്കാൻ കുറച്ചു പ്രയാസമാണ്. മുഹമ്മദിയനും, മദ്രാസിയും, ഹിജാബിയും കൂടിയാകുമ്പോൾ കെങ്കേമം. നോൺ-വെജ് കഴിക്കുന്നവർക്കും താമസസൗകര്യം കിട്ടാൻ ബുദ്ധിമുട്ടേറും. മുതലാളിമാരും ഇടനിലക്കാരും ഒന്നും മറച്ചുവെക്കുകയില്ല, തുറന്നടിച്ചുതന്നെ കാര്യങ്ങൾ മുഖത്തുനോക്കി പറയും. ചിലയാളുകൾ പോളിസികളായി കൊണ്ടുനടക്കുന്നു പോലുമുണ്ട്. ഹോസ്റ്റലുകളിലെ തറാവീഹും റൂമുകളിൽ വെച്ചുതന്നെയാണ് അധികപേരും നിർവ്വഹിക്കാറുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ താമസിക്കുന്ന ഇന്റർനാഷണൽ ഹോസ്റ്റലിലെ മുസ്‌ലിം വിദ്യാർഥികൾക്ക് കഴിഞ്ഞ റമദാനിൽ തറാവീഹിനു വേണ്ടി ഒരു ഹാൾ സൗകര്യം ചെയ്തുകിട്ടിയിട്ടുണ്ടായിരുന്നു. എന്നാൽ മറ്റു ഹോസ്റ്റലുകളിലെ സ്ഥിതി വ്യത്യസ്തമാണ്.

ഇഫ്താറുകളുടെ റമദാൻ

മുസ്‌ലിം ഇടങ്ങളിലും പൊതുവിടങ്ങളിലും റമദാനിൻ്റെ മുഖ്യ ആകർഷണമാണ് ഇഫ്താറുകൾ. സ്ഥലവും സാഹചര്യവുമനുസരിച്ച് ഇഫ്താറുകളുടെ അർഥം മാറും. എന്നിരുന്നാലും മറ്റു ഇസ്‌ലാമിക അനുഷ്ഠാനങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത സ്വീകാര്യത പൊതുവിടങ്ങളിൽ ഇഫ്താറുകൾക്ക് ലഭിക്കുന്നുണ്ട്. നമസ്കാരങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന പൊതുവിടങ്ങൾ ഇഫ്താറുകൾക്ക് മുന്നിൽ തുറക്കപ്പെട്ടത് എന്ത് കൊണ്ടാവും? ഇഫ്താറുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയെ സാധ്യതയായി കാണാം. എന്നാൽ ചില ഇസ്‌ലാമിനെ മാത്രം അനുവദിക്കുകയും മറ്റുള്ളവയോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്ന സെക്കുലർ സമീപനത്തെ പ്രശ്‌നവൽകരിക്കേണ്ടതുമുണ്ട് എന്ന് തോന്നുന്നു. എന്നല്ല, പൊതുവിടങ്ങളിലേക്കുള്ള ഇഫ്താറുകളുടെ പ്രവേശനം യഥാർഥത്തിൽ എളുപ്പമായിരുന്നോ? യൂണിവേഴ്സിറ്റി സ്പേസിലെ ഇഫ്താറുകൾ പല ആലോചനകൾ തുറന്ന് തരുന്നുണ്ട്.

ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന ഇഫ്താർ പാർട്ടിയുടെ പോസ്റ്റർ

യൂണിവേഴ്സിറ്റിയിലെ വിത്യസ്ത ഡിപ്പാർട്ട്മെന്റുകൾ അനൗദ്യോഗികമായി കാമ്പസിനു പുറത്ത് റൂമുകളുടെ ടെറസുകളിലും പൊതു പാർക്കുകളിലുമൊക്കെയായി നോമ്പുതുറകൾ സംഘടിപ്പിക്കാറുണ്ട്. മുസ്‌ലിംകളല്ലാത്ത സുഹൃത്തുക്കളടക്കം നോമ്പെടുത്തുകൊണ്ട് ഒരുമിച്ച് ഭക്ഷണമുണ്ടാക്കി ഇഫ്താർ നടത്തുന്നു. ഒരു മാസം മുഴുവൻ തുടർച്ചയായി നോമ്പെടുക്കുന്ന മുസ്‌ലിം വിദ്യാർഥികളെ കൗതുകത്തോടെയും, ആശ്ചര്യത്തോടെയുമാണ് മറ്റു വിദ്യാർഥികൾ നോക്കികാണുന്നത്. ഈ നോമ്പ് തുറകളിലേക്ക് ചില അമുസ്‌ലിം വിദ്യാർഥികളും നോമ്പെടുത്തു വരുകയും ബാങ്കിന്റെ സമയമായാൽ ഒരുമിച്ച് മുസ്‌ലിം സുഹൃത്തുക്കളോടൊത്ത് നോമ്പ് മുറിക്കുകയും ചെയ്യുന്നു. ഇഫ്താറിനുശേഷം ഭക്ഷണം കഴിക്കാൻ മുസ്‌ലിം വിദ്യാർത്ഥികൾ മഗ്‌രിബ് നമസ്കരിച്ചു കഴിയുന്നവരെ അവർ കാത്തിരിക്കുന്നു. കൂട്ടത്തിലെ മുസ്‌ലിം വിദ്യാർഥികളുടെ നേതൃത്വത്തിൽ തന്നെ ഈ പരിപാടികൾ നടക്കണമെന്ന ഒരലിഖിത നിയമമാണ്. വ്യത്യസ്ത സാമൂഹിക സാംസ്കാരിക അതിർത്തികളുള്ള വിദ്യാർഥികളെ  പരസ്പരം കൂട്ടിയിണക്കാൻ ഇഫ്താറുകൾക്ക് സാധിക്കാറുണ്ട് എന്നത് പോസിറ്റീവാണ്. ഇസ്‌ലാമിനെ അടുത്തറിയാനും മുസ്‌ലിംകളുമായി കൂടുതൽ ഇണങ്ങാനും ഈ അവസരങ്ങൾ വേദിയൊരുക്കുന്നു.

കാമ്പസിനകത്ത്‌  ഇഫ്താറുകൾ സംഘടിപ്പിക്കാനുള്ള വിദ്യാർഥികളുടെ ശ്രമങ്ങൾ പലപ്പോഴും വിഫലശ്രമമായി പരിണമിക്കാറാണുള്ളത്. ഓപ്പൺ ഇഫ്താർ വിരുന്ന് നടത്താൻ അനുമതി ആവശ്യപ്പെട്ട് ലോ ഫാക്കൽറ്റിയിലെ ഒരു കൂട്ടം മുസ്‌ലിം വിദ്യാർഥികൾ ഡീനിനെ സമീപിച്ചിരുന്നു. മതാംശമുള്ള പരിപാടികൾക്ക് കാമ്പസിനകത്ത്‌ അനുമതി തരാൻ കഴിയില്ല എന്നാണ് അദ്ദേഹം നേരിട്ടറിയിച്ചത്. അതേസമയം ഓണവും ദീപാവലിയും ഹോളിയും ആഘോഷിച്ച കാമ്പസിനകത്താണ് ഇതെന്നോർക്കണം. രാമപ്രതിഷ്ഠ ദിനത്തിൽ കൊടികളും തോരണങ്ങളുമായി കാമ്പസ് മുഴുവൻ അലങ്കരിച്ചിരുന്നു. ആർട്സ് ഫാക്കൽറ്റിയുടെ ഹൃദയത്തിൽ പൂജയും തത്സമയ സ്‌ക്രീനിങ്ങും ഉണ്ടായിരുന്നു. ജാട്ട് സമുദായത്തിന്റെയും ഗുജ്ജർ വിഭാഗത്തിന്റെയും വ്യത്യസ്ത പരിപാടികൾ ഇടയ്ക്കിടെ കാമ്പസിൻ്റെ അകത്തളങ്ങളിൽ നടക്കാറുണ്ട്. മുസ്‌ലിം ആഘോഷങ്ങൾ മതപരവും മറ്റുള്ളവയെല്ലാം സാംസ്കാരികവും പൊതുവുമാവുന്ന വൈരുധ്യം വർത്തമാന ഇന്ത്യയുടെ പ്രതിഫലമെന്നോണം ഇവിടെയും തെളിഞ്ഞ് കാണാൻ സാധിക്കുന്നുണ്ട്. ഇഫ്താറിനെ സാംസ്കാരിക പരിപാടിയായി വ്യാഖ്യാനിച്ചുകൊണ്ട്  അനുമതിക്കായി ഡീനിനെ വീണ്ടും സമീപിക്കാനുള്ള പരിശ്രമത്തിലാണ് നിലവിൽ വിദ്യാർഥികൾ. സാക്കിർ ഹുസൈൻ ഈവെനിംഗ് കോളേജിൽ മുസ്‌ലിം വിദ്യാർഥികളുടെ കാർമികത്വത്തിൽ നടന്ന ഇഫ്‌താറനുഭവം ഇവയ്ക്കിടയിലും വേറിട്ടുനിൽക്കുന്നു. നൂറിലധികം വിദ്യാർഥികളാണ് ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത്. നോമ്പുതുറന്ന ശേഷം മഗ്‌രിബ് നമസ്കാരവും ജമാഅത്തായി കാമ്പസ് മധ്യത്തിൽ തന്നെ നടക്കുകയും ചെയ്തു. എല്ലാ വർഷവും ജൂബിലി ഹാളിൽ വെച്ചു നടക്കാറുള്ള ജൂബിലി ഹോസ്റ്റൽ സ്റ്റുഡന്റസ് യൂണിയന്റെ ഇഫ്താറാണ് മറ്റൊരനുഭവം. ആർ.എസ്.എസ് പോഷക സംഘടനയായ മുസ്‌ലിം രാഷ്ട്രിയമഞ്ച്’ ന്റെ പ്രവർത്തക സംഗമമായാണ് ഇതിനെ കാണേണ്ടത്. ആർ.എസ്.എസ് കാര്യകർത്തയും ബി.ജെ.പി ദേശിയ സെക്രട്ടറിയുമായ ഇന്ദ്രേഷ് കുമാറായിരുന്നു മുൻവർഷത്തെ മുഖ്യാതിഥി. അദ്ദേഹം തന്നെയാണ് ഇത്തവണയും പങ്കെടുക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രധാനപ്പെട്ട ഹാളിൽ വെച്ചുനടക്കുന്ന ഈ പരിപാടിയിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള പ്രൊഫസർമാരും നിരവധി വിദ്യാഥികളും പങ്കെടുക്കാറുണ്ട്.

സാകിർ ഹുസൈൻ കോളേജിൽ നടന്ന ഇഫ്താർ

വിവിധ മുസ്‌ലിം സംഘടനകൾ ഡൽഹിയിൽ ഒരുക്കുന്ന ഇഫ്താർ പാർട്ടികളും  ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥികളെ കൊണ്ട് നിറഞ്ഞിരിക്കും. പരസ്പരമുള്ള ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതിനും കാമ്പസിനു പുറത്തെ മുസ്‌ലിം സാമൂഹിക നിർമിതിയിലും ഇത്തരം ഇഫ്താറുകൾ നിർണായക പങ്കുവഹിച്ചുവരുന്നു. ലോധി ഗാർഡനും സമീപമുള്ള ഇന്ത്യൻ ഇസ്‌ലാമിക് കൾച്ചറൽ സെന്ററും കേരളാ മുസ്‌ലിം വെൽഫെയർ സെന്ററും സാക്ഷ്യം വഹിക്കുന്ന ഇത്തരം ഇഫ്താറുകളിൽ സംഘടനാഭേദമന്യേ ഉണ്ടാവാറുള്ള പങ്കാളിത്തവും ശ്രദ്ധേയമാണ്.

റമദാനിലെ മുസ്‌ലിം ഡൽഹി

കാമ്പസ് അന്തരീക്ഷത്തിൽ നിന്ന് കൊണ്ട്  റമദാനിനെ പൂർണ്ണാർഥത്തിൽ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്നത് പലരും പ്രകടിപ്പിക്കാറുള്ള വിഷമമാണ്. റമദാനുകളെ നിറമുള്ളതാക്കാൻ സാംസ്കാരിക വശങ്ങൾ തേടിപോവുക എന്നത് ഡൽഹിയിലെ മുസ്‌ലിം വിദ്യാർഥികളുടെ പതിവാണ്. ഡൽഹിയിലെ പരമ്പരാഗത മുസ്‌ലിം സാംസ്കാരികതയെ സെഗ്രെഗേറ്റഡ് ആയി കിടക്കുന്ന ജനങ്ങളിൽ നിന്നും ചികഞ്ഞു കണ്ടുപിടിക്കേണ്ട സ്ഥിതിവിശേഷമാണുള്ളത്. ഓൾഡ് ഡൽഹി, ഓഖ്‌ല, ഷഹീൻബാഗ്, നോർത്ത് ഈസ്റ്റ് ഡൽഹി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് മുസ്‌ലിം സമൂഹം തിങ്ങിപ്പാർക്കുന്നത്. റമദാനിൽ അണിഞ്ഞൊരുങ്ങുന്ന ഈ സ്ഥലങ്ങളിൽ കാണാൻ സാധിക്കുന്ന മുസ്‌ലിം സാംസ്കാരികതയുടെ അടരുകൾ തേടിയാണ് വിദ്യാർഥികൾ പോവുന്നത്. പാതിരാത്രിയിലും ഉണർന്നിരിക്കുന്ന ഡൽഹി ജമാമസ്ജിദ്, സാക്കിർനഗർ ഭാഗങ്ങളിൽ ഒരുങ്ങുന്ന ഭക്ഷണ വിരുന്ന്, വസ്ത്ര വിപണി, ഇതിനിടയിലും സദാ സമയം സജീവമായ പള്ളികൾ തുടങ്ങിയവ റമദാനിനെ പൊലിവുറ്റതാക്കുന്നു. ആത്മീയതയുടെ സുഗന്ധം നുകരാൻ വരുന്നവരെയും മുസ്‌ലിം സാംസ്കാരിക പൈതൃകം അനുഭവങ്ങളായി പരിവർത്തിപ്പിക്കാൻ എത്തുന്നവരെയും സ്വീകരിക്കാൻ ഒരേസമയം ഈ സ്ഥലങ്ങൾക്കാകുന്നു. വറ്റിവരണ്ട അന്തരീക്ഷത്തിൽ നിന്നും തെളിനീരുകുടിക്കാൻ ഇടയ്ക്കിടെ അവിടേക്കു യാത്രചെയ്തു പോകുന്ന വിദ്യാർഥികൾ ധാരാളമാണ്. മുസ്‌ലിം സംസ്‍കാരം അന്യമായി നിൽക്കുന്ന ഇടങ്ങളിൽ നിൽക്കെ റമദാനിന്റെ ബാഹ്യ അനുഭൂതികളെ കണ്ടെത്തി എടുക്കാനുള്ള മുസ്‌ലിം വിദ്യാർഥികളുടെ ശ്രമങ്ങളാണിവ.

ഷാഹിദ് അഷ്ഫാഖ്, നവീദ് ശമാസ്