Campus Alive

നോമ്പിന്റെ ലക്ഷ്യവും പ്രയോജനങ്ങളും

(ഇമാം ഇബ്‌നുല്‍ ഖയ്യിമിന്റെ സാദുല്‍ മആദ്, അൽവാബിലുസ്വൈബ് മിനല്‍ കലിമിത്ത്വയ്യിബ് എന്നീ ഗ്രന്ഥങ്ങളിലെ ഭാഗങ്ങള്‍)


ആഗ്രഹങ്ങളില്‍ നിന്നും ഇച്ഛകളില്‍ നിന്നും വികാരങ്ങളില്‍ നിന്നും സ്വന്തത്തെ തടഞ്ഞുനിര്‍ത്തുക, പതിവ് ചിട്ടകളില്‍ നിന്നും ആസ്വാദനങ്ങളില്‍ നിന്നും മനസ്സിനെയും ദേഹത്തെയും സ്വതന്ത്രമാക്കുക, സൗഭാഗ്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും ഉന്നതി എത്തിപ്പിടിക്കാനും ശാശ്വത ജീവിതത്തെ സ്ഫുടം ചെയ്‌തെടുക്കാനുമുള്ള വൈകാരികവും മാനസികവുമായ ശക്തി ആര്‍ജ്ജിക്കുക, അഗതികളായ സഹജീവികളുടെ അവസ്ഥകള്‍ ഓര്‍മിക്കും വിധം വിശപ്പിന്റെയും ദാഹത്തിന്റെയും മൂര്‍ച്ചയും കാഠിന്യവും മനസ്സിലാക്കുക… ഇതെല്ലാമാണ് നോമ്പിന്റെ ലക്ഷ്യമായി പ്രവാചക ജീവിതമാതൃകയില്‍ നമുക്ക് കാണാനാവുക.

തീറ്റയും കുടിയും കുറക്കുന്നതിലൂടെ നോമ്പ് മനുഷ്യരില്‍ പിശാചിന് സ്വാധീനിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കും. അവയവങ്ങളെ നിയന്ത്രിക്കുന്നതിലൂടെ തെറ്റുകളിലേക്ക് ചായാനുള്ള അവയുടെ പ്രകൃതിയെ നിയന്ത്രിക്കാനാകുന്നു.  ഇഹത്തിലും പരത്തിലും ഉപദ്രവങ്ങളായിത്തീരുന്ന കാര്യങ്ങള്‍ തടയപ്പെടുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളും അടങ്ങി ഒതുങ്ങി നില്‍ക്കുകയും എല്ലാ അതിരുകടക്കലുകളെയും തടയുന്ന തരത്തില്‍ അവയെ കടിഞ്ഞാണിടുകയും ചെയ്യുന്നു. നോമ്പ് സൂക്ഷ്മാലുക്കളുടെ കടിഞ്ഞാണാണ്. പോരാളികളുടെ പരിചയാണ്. സല്‍സ്വഭാവികളുടെയും ദൈവസാമീപ്യം സിദ്ധിച്ചവരുടെയും വിനോദവുമാണ്.

മറ്റെല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വ്യത്യസ്തമായി നോമ്പ് വിധാതാവിന് മാത്രമുള്ളതാണ്. ഒരു നോമ്പുകാരന്‍ ചെയ്യുന്നതെല്ലാം അവന്റെ റബ്ബിന് വേണ്ടി മാത്രമാണ്. തന്റെ വികാരങ്ങളും വിചാരങ്ങളും ഭക്ഷണപാനീയങ്ങളും ഉപേക്ഷിക്കുന്നത് അവന്റെ മാത്രം പ്രീതിയുദ്ദേശിച്ചാണ്. അല്ലാഹുവിന്റെ സ്‌നേഹത്തിനും പ്രീതിക്കും മുന്‍ഗണന നല്‍കി, സ്വന്തത്തിനും മനസ്സിനും ഇഷ്ടപ്പെട്ട കാര്യങ്ങളെയും അവയുടെ ആനന്ദങ്ങളെയും ഉപേക്ഷിക്കലാണ് നോമ്പ്. അത് വിധാതാവിനും അടിമക്കും ഇടയിലുള്ള രഹസ്യമാണ്. മറ്റൊരാള്‍ക്കും അത് കാണാനാവില്ല. നോമ്പിനെ മുറിക്കുന്ന പ്രത്യക്ഷമായ കാര്യങ്ങള്‍ ചിലപ്പോള്‍ ആളുകള്‍ക്ക് കാണാന്‍ സാധിക്കും. എന്നാല്‍ ഭക്ഷണപാനീയങ്ങളും വികാരങ്ങളും അവയോടുള്ള മനസ്സിന്റെയും ആത്മാവിന്റെയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും പോലും വിധാതാവിന്റെ തൃപ്തി മാത്രം ലക്ഷ്യംവെച്ച് ഒഴിവാക്കുന്നത് മറ്റൊരാള്‍ക്കും കാണാനാവില്ല. ഇതാണ് നോമ്പിന്റെ യാഥാര്‍ഥ്യം.

സാദുല്‍ മആദ്

മനുഷ്യാവയവങ്ങളുടെ പ്രത്യക്ഷ പ്രവര്‍ത്തനങ്ങളെയും ആന്തരിക ചൈതന്യത്തെയും ശക്തിപ്പെടുത്തുന്നതില്‍ നോമ്പിന് അത്ഭുതകരമായ സ്വാധീനമുണ്ട്. സ്വാധീനം നേടിക്കഴിഞ്ഞാല്‍ മനുഷ്യനെ നശിപ്പിക്കുന്ന ചില ഘടകങ്ങള്‍ അവന്റെ പ്രകൃതിയിലുണ്ട്. അവയെ വഴിതെറ്റലുകളില്‍ നിന്ന് രക്ഷിക്കാനും അവയെ ആരോഗ്യകരവും നല്ലതുമായ വഴികളില്‍ ഉപയോഗപ്പെടുത്താനും നോമ്പ് സഹായിക്കുന്നു. ഹൃദയത്തെയും അവയവങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കാനും, വികാരങ്ങളും ഇച്ഛകളും മനുഷ്യരില്‍ നിന്ന് എടുത്തുകളഞ്ഞേക്കാവുന്ന നന്മകള്‍ തിരിച്ച് പിടിക്കാനും നോമ്പ് സഹായിക്കുന്നു. സൂക്ഷ്മതയെ പരിപോഷിപ്പിക്കുന്ന വലിയൊരു ഘടകവുമാണ് നോമ്പ്. ”വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.” (അല്‍ബഖറ-183)

പ്രവാചകന്‍ നോമ്പിനെ കുറിച്ച് അത് പരിചയാണെന്ന് പറഞ്ഞിട്ടുണ്ട്. ലൈംഗിക വികാരങ്ങള്‍ നിയന്ത്രിക്കാന്‍ വിശ്വാസി വിവാഹം കഴിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അതിന് സാധിക്കാത്തവര്‍ നോമ്പെടുക്കണമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്. വികാരങ്ങളുടെ തെറ്റായ ഉപയോഗങ്ങളില്‍ നിന്ന് അവന് അതൊരു പരിചയായി മാറുമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്.

നോമ്പിന്റെ മേന്മകളും ഗുണങ്ങളും നേരായ ബുദ്ധിക്കും ചൊവ്വായ പ്രകൃതിക്കും മനസ്സിലാകുന്ന തരത്തില്‍ വ്യക്തമാണ്. അടിമകളോടുള്ള കാരുണ്യത്തിന്റെ ഭാഗമായാണ് അല്ലാഹു അത് നിയമമാക്കിയത്. അവര്‍ക്ക് നന്മയുടെ പൂര്‍ത്തീകരണവും സുരക്ഷയും പരിചയുമാണത്.

നോമ്പുമായി ബന്ധപ്പെട്ട് പ്രവാചകന്റെ അധ്യാപനങ്ങള്‍ അതിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കാനുതകുന്നതാണ്. അവ മനസ്സുകള്‍ക്ക് പെട്ടെന്ന് ഉള്‍കൊള്ളാനുമാകും. വികാരങ്ങളില്‍ നിന്നും ഭക്ഷണപാനീയങ്ങള്‍ പോലുള്ള ശാരീരികാവശ്യങ്ങളില്‍ നിന്നുമുള്ള വിട്ടുനില്‍ക്കല്‍ വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ നോമ്പ് നിര്‍ബന്ധമാക്കപ്പെടുന്നത് പ്രവാചകത്വം ലഭിച്ച് കുറെ കഴിഞ്ഞ് ഹിജ്‌റക്ക് ശേഷമാണ്. അപ്പോള്‍ വിശ്വാസികളുടെ ഹൃദയങ്ങളില്‍ തൗഹീദ് അടിയുറക്കുകയും ഖുര്‍ആന്റെ കല്‍പനകളോട് ഹൃദയങ്ങള്‍ ഇണക്കപ്പെടുകയും ചെയ്തിരുന്നു.

ഹിജ്‌റ രണ്ടാം വര്‍ഷമാണ് നോമ്പ് നിര്‍ബന്ധമാക്കിയത്. ഒമ്പതു റമദാനുകളില്‍ നോമ്പെടുത്ത ശേഷമാണ് പ്രവാചകന്‍ അല്ലാഹുവിലേക്ക് യാത്രയായത്. ആദ്യകാലത്ത് ആളുകള്‍ക്ക് പ്രയാസം ലഘൂകരിക്കാനായി നോമ്പെടുക്കുകയോ അല്ലെങ്കില്‍ പകരം ഒരു അഗതിക്ക് ഭക്ഷണം നല്‍കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പിന്നീട് ഈ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എടുത്തുകളയുകയും നോമ്പ് എല്ലാ വിശ്വാസികള്‍ക്കും നിര്‍ബന്ധമാക്കുകയും ചെയ്തു. നോമ്പെടുക്കാന്‍ സാധിക്കാത്ത വൃദ്ധര്‍ അഗതികള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ മതിയെന്ന നിയമം നിലനിര്‍ത്തി. അവര്‍ക്ക് നോമ്പ് മുറിക്കുകയും അഗതിക്ക് ഒരു ദിവസത്തെ ഭക്ഷണം നല്‍കുകയും ചെയ്യാം. യാത്രക്കാര്‍ക്കും രോഗികള്‍ക്കും നോമ്പ് മുറിക്കാനും അത് നോറ്റുവീട്ടാനുമാണ് ഇളവുള്ളത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം നോമ്പ് ഒഴിവാക്കേണ്ടി വന്നാല്‍ നോമ്പ് ഉപേക്ഷിക്കുകയും നോറ്റുവീട്ടുകയും ചെയ്യാം. എന്നാല്‍ കുട്ടികളുടെ ആരോഗ്യപ്രശ്‌നം ഭയന്നാണ് നോമ്പ് ഒഴിവാക്കുന്നതെങ്കില്‍ അവര്‍ നോമ്പ് നോറ്റുവീട്ടുകയും അഗതിക്ക് ഭക്ഷണം നല്‍കുകയും ചെയ്യണം. കാരണം അവരുടെ രോഗമല്ല, കുട്ടിയുടെ ആരോഗ്യത്തെ കുറിച്ച ആശങ്കയാണിവിടെ നോമ്പ് ഉപേക്ഷിക്കാന്‍ കാരണമാകുന്നത്.

റമദാന്‍ മാസത്തില്‍ നോമ്പിന് പുറമേ മറ്റു ആരാധനാ കര്‍മങ്ങളും സല്‍പ്രവൃത്തികളും അധികരിപ്പിക്കുന്നതും പ്രവാചകന്റെ ചര്യയില്‍പെട്ടതാണ്. റമദാനില്‍ പ്രവാചകനെ ജിബ്‌രീല്‍ ഖുര്‍ആന്‍ പ്രത്യേകം പഠിപ്പിക്കാറുണ്ടായിരുന്നു. ജിബ്‌രീലിനെ കാണുന്ന റമദാന്‍ മാസത്തില്‍ പ്രവാചകന്‍ അഴിച്ചുവിട്ട കാറ്റിനെപോലെ ചെലവഴിക്കുമായിരുന്നെന്ന് അനുചരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദാനധര്‍മങ്ങള്‍, സല്‍പ്രവൃത്തികള്‍, ഖുര്‍ആന്‍ പാരായണം, നമസ്‌കാരങ്ങള്‍, ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, ഇഅ്തികാഫ് എല്ലാം ഈ മാസം അധികരിപ്പിക്കേണ്ടതാണ്.

നോമ്പുകാരന്റെ വായിലെ സുഗന്ധം

‘നോമ്പുകാരന്റെ വായിലെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയെക്കാള്‍ നല്ലതാണ്’ എന്ന് പ്രവാചകന്‍ പഠിപ്പിച്ചതിന്റെ ഉദ്ദേശമെന്താണ്?..

ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ‘നിങ്ങള്‍ക്ക് നോമ്പ് കല്‍പിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഉദാഹരണം ഒരു യാത്രാസംഘത്തില്‍ കസ്തൂരിയടങ്ങിയ ഭാണ്ഡവുമായി യാത്രചെയ്യുന്നവനെ പോലെയാണ്. അവര്‍ക്കെല്ലാവര്‍ക്കും അതിന്റെ സുഗന്ധം അനുഭവിക്കാം. നോമ്പിന്റെ മണം അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയെക്കാള്‍ പരിശുദ്ധമാണ്.’  ഇവിടെ പ്രവാചകന്‍ നോമ്പിനെ ഭാണ്ഡത്തിനുള്ളിലെ കസ്തൂരിയോടാണ് ഉപമിക്കുന്നത്. ഭാണ്ഡത്തിനുള്ളില്‍ മറക്കപ്പെട്ട കസ്തൂരി സഹയാത്രികര്‍ക്ക് ആര്‍ക്കും കാണാനാവില്ല. എന്നാല്‍ അവര്‍ക്ക് അനുഭവിക്കാനാവും. അതുപോലെയാണ് നോമ്പുകാരനും. അവന്റെ നോമ്പ് ആളുകള്‍ക്ക് കാണാനാവില്ല. പഞ്ചേന്ദ്രീയങ്ങള്‍ക്ക് അനുഭവിക്കാനുമാവില്ല. എന്നാല്‍ അതിന്റെ ഗുണങ്ങളും ഫലങ്ങളും ചുറ്റുമുള്ളവര്‍ക്കും അനുഭവിക്കാനാകും, നോമ്പുകാരന്റെ പ്രവൃത്തികളിലൂടെ.

അൽവാബിലുസ്വൈബ് മിനല്‍ കലിമിത്ത്വയ്യിബ്

ആരുടെ അവയവങ്ങള്‍ തിന്മകളില്‍ നിന്നും, നാവ് കള്ളങ്ങളില്‍ നിന്നും മ്ലേഛസംസാരങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും, വയറ് തീറ്റയില്‍ നിന്നും കുടിയില്‍ നിന്നും, ശരീരം വികാരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നുവോ അവനാണ് നോമ്പുകാരന്‍. അവന്‍ സംസാരിക്കുകയാണെങ്കില്‍ അവന്റെ നോമ്പിനെ പരിക്കേല്‍പ്പിക്കുന്നതൊന്നും സംസാരിക്കില്ല. നോമ്പിനെ ഇല്ലാതാക്കുന്നതൊന്നും അവന്‍ ചെയ്യില്ല. അവന്‍ സംസാരിക്കുന്ന ഓരോ വാക്കും ഉപകാരമുള്ളതും നല്ലതുമായിരിക്കും. അതുപോലെയാകും അവന്റെ പ്രവൃത്തികളും. ഇതെല്ലാം ഒരു കസ്തൂരി കച്ചവടക്കാരന്റെ കൂട്ടുകാരന് അവനില്‍നിന്ന് ലഭിക്കുന്ന അനുഭവങ്ങള്‍ പോലെയാണ്. അപ്പോള്‍ കൂടെയിരിക്കുന്നവന് നോമ്പുകാരന്‍ കസ്തൂരിവാഹകനെ പോലെയാണ്. അവന്റെ കൂടെയിരിക്കുന്നതുകൊണ്ട് ആളുകള്‍ക്ക് പ്രയോജനം മാത്രമേ ഉണ്ടാവൂ. ചീത്തയും കള്ളവും അധര്‍മവും അക്രമവും ഒരിക്കലും അവനില്‍നിന്ന് ഭയപ്പെടേണ്ടതായി വരില്ല.

ഇതാണ് അല്ലാഹു നിര്‍ബന്ധമാക്കിയ യഥാര്‍ഥ നോമ്പ്. അല്ലാതെ വെറും അന്നപാനീയങ്ങളുടെ വെടിയലല്ല അത്. അതുകൊണ്ടാണ് ‘ആരെങ്കിലും അസത്യവാക്യങ്ങളും പ്രവൃത്തികളും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരു നിര്‍ബന്ധവുമില്ല’ എന്ന് പ്രവാചകന്‍ പഠിപ്പിച്ചത്. മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ‘എത്രയെത്ര നോമ്പുകാരാണ്, അവരുടെ നോമ്പ് അവര്‍ക്ക് വിശപ്പും ദാഹവുമല്ലാതെ ഒന്നും നല്‍കുന്നില്ല!’

നോമ്പ് അവയവങ്ങളുടെ തെറ്റുകളില്‍ നിന്നുള്ള നോമ്പാണ്. അതോടൊപ്പം ഭക്ഷണപാനീയങ്ങളില്‍ നിന്നുള്ള വയറിന്റെ നോമ്പുമാണ്. അപ്പോള്‍ ഭക്ഷണവും വെള്ളവും നോമ്പിനെ ഇല്ലാതാക്കുന്നതുപോലെ തെറ്റുകള്‍ അതിന്റെ പ്രതിഫലം ഇല്ലാതാക്കുകയും ഫലങ്ങള്‍ ചീത്തയാക്കുകയും ചെയ്യും. അപ്പോള്‍ അവന്‍ നോമ്പെടുക്കാത്തവനെ പോലെയായിത്തീരും.

നോമ്പുകാരന്റെ വായിലെ സുഗന്ധം ഇഹത്തിലാണോ പരത്തിലാണോ എന്നതിനെ കുറിച്ച് പണ്ഡിത്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഈ വിഷയത്തില്‍ ധാരാളം പണ്ഡിതന്മാര്‍ പരസ്പരം തെളിവുകള്‍ സംഹിതം സംവദിക്കുകയും ചെയ്യുന്നുണ്ട്. ചര്‍ച്ചയുടെ ചുരുക്കമിതാണ്, എല്ലാറ്റിനും പ്രതിഫലം നല്‍കപ്പെടുന്ന പരലോകത്ത് സുഗന്ധം പരത്തുന്നവനായിരിക്കും വിശ്വാസി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിശ്വാസി എവിടെയുണ്ടോ അവിടെ അവന്‍ സുഗന്ധം പരത്തുമെന്നത് ഇഹലോകത്തെ കുറിച്ചും സത്യമാണ്. സുഗന്ധവും ഉപകാരങ്ങളുമായിരിക്കും വിശ്വാസി ചുറ്റും പ്രസരിപ്പിക്കുക. ഇതെല്ലാം ചേര്‍ന്നതാണ് നോമ്പുകാരന്റെ വായിലെ സുഗന്ധം.

 

ഇമാം ഇബ്നുൽ ഖയ്യിം