Campus Alive

ദേശരാഷ്ട്രത്തിനുമപ്പുറം

ദേശരാഷ്ട്രത്തെ ഒരു സ്വാഭാവിക രാഷ്ട്രീയക്രമമാക്കി മാറ്റിയ വെസ്റ്റ്ഫാലിയൻ മിത്തിന്റെ മറുവായന


I

അന്തർദേശീയ രാഷ്ട്രീയത്തെക്കുറിച്ച് ഇന്ന് സാധാരണയായി ഉന്നയിക്കപ്പെടുന്ന അവകാശവാദങ്ങളിലൊന്ന് ‘വെസ്റ്റ്ഫാലിയൻ’ യുഗത്തിൽ നിന്ന് ‘വെസ്റ്റ്ഫാലിയനാനന്തര’ യുഗത്തിലേക്കുള്ള അതിന്റെ പരിവർത്തനത്തെ സംബന്ധിച്ചുള്ളതാണ്. മാധ്യമ-അക്കാദമിക മേഖലകളിൽ നിന്നുള്ള അനേകം എഴുത്തുകാർ ഭാവിയുമായി ബന്ധപ്പെട്ട ചില നിർണായക ചോദ്യങ്ങളുന്നയിക്കുന്നതിനായി ഈ വെസ്റ്റ്ഫാലിയൻ-വെസ്റ്റ്ഫാലിയനാനന്തര ചട്ടക്കൂടിനെ ഉപയോഗിക്കാറുണ്ട്; ദേശാന്തരീയ കോർപ്പറേഷനുകളുടെ മനുഷ്യാവകാശ സംബന്ധിയായ ഉത്തരവാദിത്തങ്ങളെന്തൊക്കെയാണ്? 21-ാം നൂറ്റാണ്ടിലെ യുദ്ധമുഖം തുറക്കപ്പെടുന്നതെങ്ങനെയായിരിക്കും? യൂറോപ്പ്യൻ യൂണിയൻ, ഐക്യരാഷ്ട്ര സഭ തുടങ്ങിയ അന്തർദേശീയ സംഘടനകൾ സമഗ്രാധിപതികളായി മാറുന്നുണ്ടോ?

ആഗോള രാഷ്ട്രീയത്തെക്കുറിച്ചുള്ള നിയമത്തിന് കീഴിൽ തുല്യരായ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളുടെ സംവിധാനം എന്ന സങ്കല്പനത്തെയാണ് വെസ്റ്റ്ഫാലിയൻ ക്രമം അർത്ഥമാക്കുന്നത്. 1648-ലെ വെസ്റ്റ്ഫാലിയൻ സമാധാന ഉടമ്പടികളിൽ നിന്ന് തുടങ്ങി, യൂറോപ്പിലെ അതിന്റെ ശാക്തീകരണം, തുടർന്ന് ലോകത്തൊട്ടാകെയുള്ള അതിന്റെ വ്യാപനം, ഒടുവിൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിക്കുന്ന ആന്തരികമായ അതിന്റെ അപചയം എന്നിവയൊക്കെയാണ് ഈ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് ജനകീയപ്രചാരത്തിലുള്ള കഥയുടെ ഉള്ളടക്കം. ഈ വീക്ഷണപ്രകാരം ഒരു കാലത്ത് രാഷ്ട്രങ്ങൾ കൈവശംവെച്ചിരുന്ന അധികാരങ്ങളിൽ ഭൂരിഭാഗവും മറ്റ് രാഷ്ട്രേതര സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമായി പുനർവിതരണം ചെയ്യപ്പെടുകയുണ്ടായി. ഐക്യരാഷ്ട്ര സഭ, യൂറോപ്പ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ തുടങ്ങിയ പ്രശസ്തമായ അന്താരാഷ്ട്ര സംഘടനകൾ മുതൽ ഐ.എസ്.ഐ.എസ്, ബോക്കോ ഹറാം, താലിബാൻ തുടങ്ങിയ ഹിംസ മാർഗ്ഗമാക്കിയ സംഘടനകളും ആഗോള സാമ്പത്തിക ശക്തികളായ ഫേസ്ബുക്ക്, ആമസോൺ, ഗൂഗ്ൾ തുടങ്ങിയ കോർപ്പറേറ്റുകൾ വരെ ഈ രാഷ്ട്രേതര ശക്തികളിൽപ്പെടും. 20-ാം നൂറ്റാണ്ടിലെ ആഗോള രാഷ്ട്രീയ സംവിധാനത്തിലുപരി മധ്യകാല യൂറോപ്പിലേതിന് സമാനമായ ഒരു അന്തർദേശീയ രാഷ്ട്രീയ ക്രമത്തിലേക്കാണ് ഈ പരിതസ്ഥിതി ചെന്നെത്തുകയെന്ന തരത്തിലാണ് ഈ കഥ പലപ്പോഴും പുരോഗമിക്കാറുള്ളത്. 

ഈ ‘വെസ്റ്റാഫാലിയനാനന്തര’ ക്രമത്തോട് വ്യാഖ്യാതാക്കൾ വിയോജിക്കാറുണ്ടെന്ന് മാത്രമല്ല, രാഷ്ട്ര കാര്യങ്ങളിൽ അന്താരാഷ്ട്ര സംഘടനകൾ ഇടപെടുന്നത് അഭിലഷണിയമാണോയെന്ന ചോദ്യം തന്നെ വലിയൊരു സംവാദവിഷയമാണ്. അപ്പോഴും, പ്രസ്തുത കഥയുടെ ഭാഗമായി സമകാലീന സന്ദർഭത്തിലേക്ക് ലോകത്തെ എത്തിച്ചുവെന്ന് കരുതപ്പെടുന്ന സംഭവവികാസങ്ങളുടെ കാര്യത്തിൽ വ്യാപകമായ അഭിപ്രായൈക്യം നിലനിൽക്കുന്നുമുണ്ട്. ചുരുക്കത്തിൽ, ആഗോള രാഷ്ട്രീയ ക്രമത്തെ വിശദീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതിന്റെ അടിത്തറയായി വർത്തിക്കുന്നത് ഈ വെസ്റ്റ്ഫാലിയൻ മിത്താണ്.

പലഭാഗങ്ങളും പ്രകടമായിത്തന്നെ തെറ്റാണെന്നതാണ് ഈ കഥയുടെ പ്രാഥമികമായ പ്രശ്നം. വെസ്റ്റ്ഫാലിയൻ കഥയും ചരിത്രപരമായ തെളിവുകളും തമ്മിലുള്ള പൊരുത്തക്കേടുകളെ ആഗോള ലോകക്രമത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠനം നടത്തുന്ന പണ്ഡിതന്മാരിൽ പലരും കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാം പലപ്പോഴും കരുതുന്നപോലെ ദേശരാഷ്ട്രം അത്രയൊന്നും പഴയതല്ല; അതങ്ങനെ സ്വാഭാവികമായി ആയിത്തീർന്നതുമല്ല. ഈ ചരിത്രത്തെ ശരിയായ രീതിയിൽ കണ്ടെടുക്കുക എന്നതിനർത്ഥം, മറ്റൊരു ബദൽ ഭാവിയിലേക്ക് വഴിതെളിയിക്കുന്ന അന്താരാഷ്ട്ര രാഷ്ട്രീയ ക്രമത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വേറിട്ട മറ്റൊരു കഥ പറയുക എന്നതു കൂടിയാണ്. 

ഇന്നത്തെ കാലത്ത് ഈ പ്രശ്നങ്ങൾ സവിശേഷമായ അടിയന്തര ശ്രദ്ധയർഹിക്കുന്നുണ്ട്. ശീതയുദ്ധാനന്തരം രാഷ്ട്രേതര സംഘടനകളുടെ വൻ തോതിലുള്ള വളർച്ചക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് നേരാണെങ്കിലും, ഈയടുത്ത കാലങ്ങളിലായി അധികാരത്തിലേറിയ വലതുപക്ഷ നേതൃത്വങ്ങൾ ദേശരാഷ്ട്രത്തിന്റെ സ്വാധീനത്തെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. ബ്രെക്സിറ്റ്, ഡൊണാൾഡ് ട്രംപ്, നരേന്ദ്ര മോദി, ജെയ്ർ ബോൾസനാരോ, വിക്തോർ ഓർബൻ എന്നീ രാഷ്ട്രീയ നേതാക്കളുടെ അധികാരാരോഹണം തുടങ്ങിയ ദേശീയതയുടെ പുനരുജ്ജീവനം വെസ്റ്റ്ഫാലിയൻ ലോകക്രമം അവസാനിച്ചിട്ടില്ലെന്ന അനുമാനത്തിലേക്കാണ് ചിലരെ നയിച്ചത്. അതേസമയം മറ്റുചിലരാകട്ടെ, ഇത് തകർന്നുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തിന്റെ കേവല വികാരവിസ്ഫോടനങ്ങൾ മാത്രമാണെന്ന അനുമാനത്തിൽ അടിയുറച്ച് നിൽക്കുകയും ചെയ്യുന്നു. രാഷ്ട്ര സമ്പ്രദായത്തിന്റെ ചരിത്രത്തിന്റെ ശരിയാം വിധത്തിലുള്ള പുനരാഖ്യാനം ഈ രണ്ടു നിലപാടുകളുടെ കാര്യത്തിലും നിർണായകമായ സ്വാധീനങ്ങളുണ്ടാക്കും.

II

ഇന്ന് ആഗോളതലത്തിലാകെ പ്രചരിച്ചിരിക്കുന്ന രാഷ്ട്രീയ ക്രമത്തിന്—നിയമപരമായി (ഭൗതികമായി അല്ല) തുല്യരായ പരമാധികാര രാഷ്ട്രങ്ങളുടെ സംവിധാനം— രൂപം കൊടുത്ത ഒരു പാൻയൂറോപ്പ്യൻ ചാർട്ടർ എന്ന നിലയിലാണ് 1648-ലെ വെസ്റ്റ്ഫാലിയൻ സമാധാന ഉടമ്പടിയെ ഇന്റർനാഷണലൽ റിലേഷൻസിലെ വിദ്യാർത്ഥികൾ തലമുറകളായി മനസ്സിലാക്കിയിരിക്കുന്നത്. ഈ കഥ പ്രകാരം, നോൺ ഇന്റർവെൻഷൻ നയങ്ങൾ, ഭൗമാതിർത്തിയുടെ സംരക്ഷണം, മതസഹിഷ്ണുത എന്നുതുടങ്ങി അധികാര സന്തുലനമെന്ന സങ്കല്പം, ബഹുരാഷ്ട്ര യൂറോപ്പ്യൻ നയതന്ത്രം വരെയുള്ള ദേശരാഷ്ട്രത്തിന്റെ സവിശേഷതകൾ പ്രസ്തുത രാഷ്ട്രീയ ക്രമത്തിന്റെ അനുബന്ധങ്ങളായി വരുന്നവയാണ്. ഇപ്രകാരം, ആധുനിക ലോകത്തിന്റെ ചരിത്രഗതിയുടെ ആരംഭഘട്ടത്തെ മാത്രമല്ല വെസ്റ്റ്ഫാലിയൻ ഉടമ്പടി പ്രതിനിധീകരിക്കുന്നത് മറിച്ച്, ആധുനിക ലോകത്തിന്റെ ഒരു തരം അടിത്തറ തന്നെയതാണ്. രാഷ്ട്രീയാധുനികതയിലേക്ക് സ്വയം കാലെടുത്ത് വെക്കുകയും ഇതര ലോകത്തിന് അനുകരണീയമായൊരു മാതൃക പ്രദാനം ചെയ്യുകയുമായിരുന്നു വെസ്റ്റ്ഫാലിയയിലൂടെ യൂറോപ്പ് ചെയ്തത്. 

കഴിഞ്ഞ കുറച്ച് ദശകങ്ങളിലായി ആഗോള ചരിത്രം, അന്താരാഷ്ട്ര ബന്ധങ്ങൾ, അന്താരാഷ്ട്ര നിയമം എന്നുതുടങ്ങി വിവിധ വിജ്ഞാനശാഖകളെ പ്രതിനിധീകരിക്കുന്ന പണ്ഡിതർ ഈ ആഖ്യാനം തെറ്റാണെന്ന് മാത്രമല്ല, ചരിത്രയാഥാർത്ഥ്യത്തിന് കടകവിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വാസ്തവത്തിൽ, ഈ ആഖ്യാനത്തെ പൊളിച്ചെഴുതുന്ന ഒരേയൊരു കൃതിയായ ആന്ദ്രേസ് ഒസിയാന്തറുടെ പ്രശസ്തമായ Sovereignty, International Relations and the Westphalia Myth എന്ന പ്രബന്ധം 20 വർഷം പൂർത്തീകരിക്കുകയാണ് ഈ വർഷം. ഈ പണ്ഡിതർ ചൂണ്ടിക്കാട്ടിയ പോലെ, യൂറോപ്പിനെ കാലങ്ങളായി താറുമാറാക്കിയ മുപ്പതുവർഷ യുദ്ധങ്ങൾക്ക് (1618–1648) അന്ത്യം കുറിച്ചു കൊണ്ട് നിലവിൽ വന്ന വെസ്റ്റ്ഫാലിയൻ സമാധാന ഉടമ്പടി യൂറോപ്പ്യൻ രാഷ്ട്രീയ സംവിധാനത്തിന്റെ പുനഃസംഘാടനം പോയിട്ട്, രാഷ്ട്ര പരമാധികാരത്തെക്കുറിച്ചോ നോൺ-ഇന്റർവെൻഷൻ പോളിസിയെക്കുറിച്ചോ പ്രതിപാദിക്കുന്നുപോലുമില്ല. 1555-ലെ ഓഗ്സ്ബെർഗ് സമാധാന ഉടമ്പടിയിലൂടെ നിലവിൽ വന്ന cuius regio eius religio (ആരുടെ മണ്ഡലമാണോ അവിടെ അവന്റെ മതം) എന്നറിയപ്പെട്ടിരുന്ന  ‘മതകീയമായ സഹിഷ്ണുത’ എന്ന തത്വത്തെ ഉൾക്കൊള്ളുന്നതിന് പകരം, സകല അസ്വസ്ഥതകളുടെയും കാരണം ഈ തത്വമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അതിനെ അട്ടിമറിക്കുകയാണ് വെസ്റ്റ്ഫാലിയൻ ഉടമ്പടി ചെയ്തത്. അധികാര സന്തുലന സങ്കല്പത്തെ കുറിച്ചും ഈ ഉടമ്പടികൾ പ്രതിപാദിക്കുന്നില്ല. പരമാധികാര രാഷ്ട്ര സങ്കല്പത്തിന് പകരം, ഒരു കേന്ദ്ര ഭരണകൂടമില്ലാതെ തന്നെ സ്വതന്ത്ര രാഷ്ട്രീയ യൂണിറ്റുകൾക്ക് ഒരു വിശാല രാഷ്ട്രീയ സമുച്ചയം (‘സാമ്രാജ്യം’) രൂപീകരിക്കാൻ അനുവാദം നൽകുന്ന ഹോളി റോമൻ സാമ്രാജ്യത്തിന്റെ സങ്കീർണമായ നിയമവ്യവസ്ഥിതിയെ (landeshoheit) അടിസ്ഥാനപ്പെടുത്തിയുള്ളൊരു ബന്ധവ്യവസ്ഥയെയാണ് വെസ്റ്റ്ഫാലിയൻ ഉടമ്പടികൾ വാസ്തവത്തിൽ ശാക്തീകരിച്ചത്. 

1648-ൽ ഒപ്പുവെക്കപ്പെട്ട സുപ്രധാനമായ എല്ലാ സമാധാന ഉടമ്പടികളെയും ഒറ്റപ്പേരിൽ ഒന്നായി മനസ്സിലാക്കുന്നു എന്നതാണ് ഈ ആശയക്കുഴപ്പത്തിന്റെ ഒരു കാരണം. നാം വെസ്റ്റ്ഫാലിയ എന്ന് വിളിക്കുന്ന ഉടമ്പടി യഥാർത്ഥത്തിൽ രണ്ട് വ്യത്യസ്ത ഉടമ്പടികളെയാണ് സൂചിപ്പിക്കുന്നത്: 1648 മെയ്, ഒക്ടോബർ മാസങ്ങളിലായി ഹോളി റോമൻ സാമ്രാജ്യവും അവരുടെ രണ്ട് പ്രധാന പ്രതിയോഗികളായ ഫ്രാൻസുമായും (Treaty of Münster) സ്വീഡനുമായും (Treaty of Osnabrück) ഒപ്പുവെച്ച കരാറുകളാണവ. ഹോളി റോമൻ സാമ്രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ഫ്രാൻസും സ്വീഡനുമായുള്ള ഭൂപ്രദേശങ്ങളുടെ ചെറിയ ചെറിയ ഇടപാടുകളെ അഭിസംബോധന ചെയ്യുന്നതുമായിരുന്നു ഓരോ കരാറും (ഈ രണ്ട് കരാറുകൾക്ക് പുറമേ, എൺപതുവർഷ യുദ്ധങ്ങൾക്ക് അന്ത്യം കുറിച്ചു കൊണ്ട് സ്പാനിഷും ഡച്ചും തമ്മിൽ ജനുവരിയിൽ ഒപ്പുവെച്ച മറ്റൊരു മുൺസ്റ്റർ ഉടമ്പടിയും ഉണ്ടായിരുന്നു. പക്ഷേ ഹോളി റോമൻ സാമ്രാജ്യത്തിന്റെ കരാറുകളുമായി ഇതിന് പ്രത്യേകിച്ച് ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് മാത്രം).

ഇതിനെയൊക്കെ അതിജയിച്ച് വെസ്റ്റ്ഫാലിയൻ കഥ എങ്ങനെ ഇത്ര ജനകീയമായി മാറി? സ്വന്തം ലോകവീക്ഷണത്തിന് സഹായകരമാവും വിധം കഥകൾ മെനഞ്ഞെടുക്കുകയെന്ന ലക്ഷ്യത്തോടെ യൂറോപ്പ്യൻ ചരിത്രകാരന്മാർ ആധുനികതയുടെ ആദ്യകാലഘട്ടങ്ങളിലേക്ക് നോക്കാൻ തുടങ്ങിയ 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് ഈ ഉടമ്പടികൾ കാര്യമായും മിത്തുവൽക്കരിക്കപ്പെട്ടത്. റിച്ചാർഡ് ദെവ്ദക്, എഡ്വേഡ് കീനി തുടങ്ങിയ പണ്ഡിതർ വിശദീകരിച്ച പോലെ, പിൽക്കാലത്ത് നെപ്പോളിയൻ സാമ്രാജ്യത്വ ഭീഷണി നേരിടേണ്ടി വന്ന, പരസ്പര ബഹുമാനവും നിയന്ത്രണങ്ങളും കൈമുതലായുള്ള അടുക്കും ചിട്ടയുമുള്ള ഒരു രാഷ്ട്ര വ്യവസ്ഥയായി 1789-ന് മുമ്പുള്ള യൂറോപ്പ്യൻ ഭൂഖണ്ഡത്തെ അവതരിപ്പിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു അക്കാലഘട്ടത്തിലെ യാഥാസ്ഥിക ചരിത്രകാരന്മാർ; ഗോട്ടിഞ്ജൻ കേന്ദ്രീകരിച്ചുള്ള ജർമ്മൻ ചരിത്രകാരന്മാർ പ്രത്യേകിച്ചും. രാഷ്ട്ര വ്യവസ്ഥിതിയുടെ ഉയർച്ചക്കും ആഗോള യൂറോപ്പ്യൻ ശക്തിയെ രേഖീയവും, അവിഭാജ്യവും, ശ്ലാഘനീയവുമായൊരു പ്രക്രിയയായി അവതരിപ്പിക്കാനും വേണ്ടിയുള്ള ഒരു വിശാല പ്രവണതയുടെ ഭാഗമായിരുന്നു ആദ്യകാല യൂറോപ്പ്യൻ ചരിത്രത്തിന്റെ ഈ പുനരാവിഷ്കാരങ്ങൾ. ഇന്ന് ഈ പ്രവണത ഒരുപാട് പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. രാഷ്ട്രീയ സംഘാടനത്തിന്റെ കാര്യത്തിൽ യൂറോപ്പ്യന്മാർ അനന്യമാം വിധം ആധുനികമാണെന്നും ഈ ഗുണം ലോകത്തിന്റെ ഇതരഭാഗങ്ങൾക്കും യൂറോപ്പ് പ്രദാനം ചെയ്യുമെന്നുമുള്ള നിലയിലായിരുന്നു പ്രസ്തുത കഥയുടെ ആഖ്യാനഗതി. 

എഡ്വേഡ് കീനി & റിച്ചാർഡ് ദെവ്ദക്

ഒസൈന്തർ വിശദീകരിക്കുന്നതു പോലെ, 17-ാം നൂറ്റാണ്ടിലെ പ്രോപ്പഗണ്ടയെ പുനരവതരിപ്പിക്കുന്നതിലൂടെ ഈ പുതിയ ചരിത്രാഖ്യാനത്തിൽ വെസ്റ്റ്ഫാലിയൻ സമാധാന ഉടമ്പടി ഒരു ആദരണീയസ്ഥാനം കൈവരിച്ചു. സാമ്രാജ്യത്വാധിപത്യത്തിനെതിരിൽ പരമാധികാരത്തിനായി പോരാടുന്ന രാഷ്ട്രങ്ങളെക്കുറിച്ചുള്ള കഥകൾ തിരഞ്ഞുനടന്ന 19-ാം നൂറ്റാണ്ടിലെ ചരിത്രകാരന്മാർക്ക്, മുപ്പതുവർഷയുദ്ധത്തിന്റെ വേളയിൽ ഫ്രഞ്ച്, സ്വീഡിഷ് രാജഭരണകൂടങ്ങൾ വ്യാപകമായി പ്രചരിപ്പിച്ച ഹാബ്സ്ബേർഗ് വിരുദ്ധ വ്യാജപ്രമാണങ്ങൾക്ക് ഉചിതമായൊരു കഥ തന്നെ കണ്ടെടുക്കാനായി. 

20-ാം നൂറ്റാണ്ടിലെ ചരിത്രകാരന്മാർ ഇതിനെ കൂടുതൽ വിപുലീകരിച്ചു. മൗലികമായ മറ്റേതൊരു മിഥ്യാകഥകളെയും പോലെത്തന്നെ വളരെയധികം സ്വാധീനം ചെലുത്തിയ ഒരു ലേഖനം ഇവ്വിഷയത്തിലുമുണ്ടായിരുന്നു, പ്രത്യേകിച്ച് അന്താരാഷ്ട്ര ബന്ധങ്ങളും അന്താരാഷ്ട്ര നിയമവുമായി ബന്ധപ്പെട്ട പഠനമേഖലയിൽ; ലിയോ ഗ്രോസ്സിന്റെ 1948-ൽ American Journal of International Law പ്രസിദ്ധീകരിച്ച The Peace of Westphalia: 1648–1948 എന്ന പ്രബന്ധമായിരുന്നു അത്. യുദ്ധാനന്തരം ഉയർന്നുവന്ന രാഷ്ട്രീയ ക്രമത്തെ അർത്ഥവത്താക്കുന്നതായിരുന്നു അക്കാലത്ത് “കാലാതിവർത്തി”, “മൗലികരചന” എന്നൊക്കെ വാഴ്ത്തപ്പെട്ട പ്രസ്തുത പ്രബന്ധം. 1945-ലെ യു.എൻ ചാർട്ടറിനെ വെസ്റ്റ്ഫാലിയൻ സമാധാനക്കരാറുമായി താരതമ്യം ചെയ്തുകൊണ്ട്, സ്വാതന്ത്ര്യം, സമത്വം, നോൺ-ഇന്റർവെൻഷൻ, തുടങ്ങി ദേശീയ പരമാധികാരത്തെ പുനഃപ്രതിഷ്ഠിക്കാൻ ആവശ്യമെന്ന് കരുതുന്ന മറ്റെല്ലാ മൂല്യങ്ങളുമായി ബന്ധപ്പെട്ടൊരു കഥ പൊടിതട്ടിയെടുക്കുകയായിരുന്നു ഗ്രോസ് ഈ പ്രബന്ധത്തിലൂടെ. വെസ്റ്റ്ഫാലിയൻ ഉടമ്പടികളുടെ ഉള്ളടക്കത്തിൽ അക്ഷരാർത്ഥത്തിൽ ഈ ആശയങ്ങളൊന്നും കാണാനാവില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ടെങ്കിലും, കരാറുകളെ സ്വാധീനിച്ച പൊതുതത്വങ്ങൾ ഇവയായിരിക്കാം എന്ന അനുമാനത്തിലെത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തെ ഉദ്ധരിച്ച പിൻഗാമികൾ ഈ മിത്തുരൂപീകരണത്തെ കൂടുതൽ മുന്നോട്ടു കൊണ്ടുപോവുകയാണ് ചെയ്തത്. ഹോളി റോമൻ സാമ്രാജ്യത്തിന്റെ ആന്തരിക കാര്യങ്ങളുമായി ബന്ധപ്പെട്ട കരാറിലെ ചില വകുപ്പുകൾ മാത്രം അടർത്തിയെടുത്ത് പുതിയ പാൻയൂറോപ്പ്യൻ ക്രമത്തിന്റെ അടിസ്ഥാനീയങ്ങളായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. വെസ്റ്റ്ഫാലിയൻ ഉടമ്പടികളിലെ ഉള്ളടക്കവും വെസ്റ്റ്ഫാലിയൻ കഥയും തമ്മിലുള്ള അന്തരത്തെ പാടേ അവഗണിക്കുകയാണ് അവർ പലപ്പോഴും ചെയ്തത്. 

III

വെസ്റ്റ്ഫാലിയൻ മിത്തിന് വ്യക്തവും ശക്തവുമായൊരു ബദൽ ആഖ്യാനം അവതരിപ്പിക്കാൻ കഴിയാതെ പോകുന്നു എന്നതുകൊണ്ടാണ് അതിനെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങളൊക്കെയും പരജായപ്പെടുന്നതെന്ന നിഗമനത്തിലാണ് ഞാനെത്തിച്ചേർന്നിരിക്കുന്നത്. ചരിത്രപരമായ കൃത്യതയിലധിഷ്ഠിതമായതും ആധുനിക അന്തർദേശീയ ക്രമത്തിന്റെ രൂപീകരണപ്രക്രിയയുടെ സങ്കീർണതകളെ ഉൾക്കൊള്ളുന്നതുമായ ഒരു ബദൽ ആഖ്യാനം മുന്നോട്ടുവെക്കുന്നതിലാണ് വെസ്റ്റ്ഫാലിയൻ മിത്തിന്റെ തകർച്ചയുടെ പരിഹാരം നിലകൊള്ളുന്നത്. 

അപൂർണമെങ്കിലും താരതമ്യേന മെച്ചപ്പെട്ട ഒരു കഥ ഇപ്രകാരമാണ്: 19-ാം നൂറ്റാണ്ട് വരെ വിവിധ രാജ്യങ്ങളാൽ തുന്നിക്കെട്ടിയുണ്ടാക്കിയ ഒന്നായിരുന്നു അന്തർദേശീയ ക്രമം. യൂറോപ്പ്യൻ ഭൂഖണ്ഡവും ഇതരമേഖലകളും തമ്മിൽ പലപ്പോഴും വേർതിരിക്കപ്പെടാറുണ്ടെങ്കിലും, 19-ാം നൂറ്റാണ്ടുവരെ യൂറോപ്പ്യൻ രാജ്യങ്ങളും വൈജാത്യങ്ങൾ നിറഞ്ഞവയായിരുന്നുവെന്ന് സമീപകാല ഗവേഷണങ്ങൾ ഓർമ്മപ്പെടുത്തുന്നു. ഇവയിൽ ചിലതൊക്കെ പരമാധികാര രാഷ്ട്രങ്ങളായിരുന്നുവെങ്കിൽ, മറ്റുള്ളവ ഹോളി റോമൻ സാമ്രാജ്യം, പോളിഷ്-ലിഥ്വാനിയൻ കോമൺവെൽത്ത് തുടങ്ങിയ രാഷ്ട്രീയ മിശ്രണങ്ങളായിരുന്നു. ഇത്തരം രാഷ്ട്രീയ രൂപീകരണങ്ങളിലാവട്ടെ പരമാധികാരം ഏറെ സങ്കീർണമാം വിധമായിരുന്നു വിതരണം ചെയ്യപ്പെട്ടിരുന്നത്. 

അന്തർദേശീയ സംവിധാനത്തിന്റെ സ്വാഭാവിക രൂപമെന്ന നിലയിൽ നാം സ്വീകരിക്കുന്നവയിൽ മിക്കതും സമീപകാലത്തുണ്ടായവയാണെന്നതാണ് യാഥാർത്ഥ്യം. ഹോളി റോമൻ സാമ്രാജ്യം പോലുള്ള രാഷ്ട്രീയ സമുച്ചയങ്ങൾ ജർമ്മനിയെ പോലുള്ള പരമാധികാര രാഷ്ട്രങ്ങൾക്ക് വഴിമാറിയ 19-ാം നൂറ്റാണ്ടിൽ മാത്രമാണ് പരമാധികാര രാഷ്ട്രം യൂറോപ്പിൽ ഒരു സ്വാഭാവികതയായി മാറിത്തുടങ്ങിയത്. ഈ വീക്ഷണത്തിൽ പലപ്പോഴും വായിക്കപ്പെട്ടിട്ടില്ലെങ്കിലും, അക്കാലഘട്ടത്തിലെ കൊളോണിയൽ വിരുദ്ധ വിപ്ലവങ്ങളുടെ ഫലമായി ലാറ്റിനമേരിക്കയും പരമാധികാര രാഷ്ട്രങ്ങളുടെ വ്യവസ്ഥയായി പരിണമിച്ചു. ലോകത്താകമാനമുള്ള സാമ്രാജ്യങ്ങളുടെ സ്ഥാനത്ത് പരമാധികാര രാഷ്ട്രങ്ങൾ നിലവിൽവന്ന 1950-കളിലും 70-കളിലുമുണ്ടായ അപകോളനീകരണത്തോടെ ഈ വ്യവസ്ഥ അന്താരാഷ്ട്ര ക്രമത്തിന്റെ സ്വാഭാവികതയായി  മാറി. ഈ പരിവർത്തനത്തിന്റെ ഘട്ടത്തിൽ മറ്റുപല ബദൽ മാതൃകകളും പരിഗണിക്കപ്പെട്ടിരുന്നു; 1950-കൾ വരെ മറവിയിലായിരുന്ന ഫെഡറേഷനുകളുടെയും കോൺഫെഡറേഷനുകളുടെയും വിവിധ രൂപങ്ങളും ഇത്തരം ബദൽ മാതൃകകളുടെ ഭാഗമായിരുന്നു. കഴിഞ്ഞ കുറച്ച് ദശകങ്ങൾ കൊണ്ട് ഉചിതമായ ഒരേയൊരു അന്താരാഷ്ട്ര വ്യവസ്ഥയെന്ന നിലയിൽ രാഷ്ട്ര മാതൃക വിജയം കൈവരിക്കുക മാത്രമല്ല ചെയ്തത്, അതിലുപരി ലോകകാര്യങ്ങളുടെ സ്വാഭാവികമായ ക്രമീകരണം 1648 മുതൽ ഈ വ്യവസ്ഥയാണെന്ന വിശ്വാസത്തിലേക്ക് നമ്മുടെ സംഘടിത ഭാവനക്ഷമതയെ പുനഃസംഘടിപ്പിക്കാനും അതിന് സാധിച്ചിട്ടുണ്ട്. 

1800-ൽ പോലും കിഴക്കൻ യൂറോപ്പിലെ ഫ്രഞ്ച് അതിർത്തി പ്രദേശങ്ങൾ സമകാലിക രൂപവുമായി യാതൊരു ബന്ധവുമില്ലാത്തതായിരുന്നു. ചരിത്രകാരൻ പീറ്റർ എച്ച്. വിൽസൺ തന്റെ Heart of Europe (2020) എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നതു പോലെ, ദേശരാഷ്ട്രത്തിന്റെ ചരിത്രകാരന്മാർ പലപ്പോഴും അവഗണിക്കുന്ന ഹോളി റോമൻ സാമ്രാജ്യം അക്കാലമാവുമ്പോഴേക്കും ആയിരം വർഷങ്ങൾ തികച്ചിരുന്നു. അതിന്റെ സുവർണ കാലഘട്ടത്തിൽ കോണ്ടിനെന്റൽ യൂറോപ്പിന്റെ മൂന്നിലൊന്നും ഹോളി റോമൻ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. 1800-ന് ശേഷം ആറ് വർഷങ്ങൾക്കിപ്പുറം നെപ്പോളിയന്റെ ആക്രമണം വരെ റോമൻ സാമ്രാജ്യം നിലനിന്നുപോന്നു. തുടർന്ന് ഫ്രഞ്ച് അധീന റൈൻ കോൺഫെഡറേഷനും (1806-1813) പിന്നീട് ജർമൻ കോൺഫഡറേഷനും (1815-1866) തൽസ്ഥാനം പിടിച്ചെടുത്തു.

ഹോളി റോമൻ സാമ്രാജ്യവുമായി ഒട്ടേറെ സാമ്യതകളുള്ളതായിരുന്ന ജർമൻ കോൺഫെഡറേഷൻ; ഒരു ദേശരാഷ്ട്ര മാതൃകയുമായി വളരെ വിരളമായ സാദൃശ്യം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. സാധാരണയായി പൂർവ്വാധുനിക രൂപം എന്ന് വിശേഷിപ്പിക്കാറുള്ള രീതിയിൽ ജർമ്മൻ കോൺഫെഡറേഷന്റെ അതിർത്തികളിൽ നല്ലൊരു ഭാഗവും ഹാബ്സ്ബർഗ് മൊണാർക്കിയുടെ അതിർത്തികളുമായി ഇടകലർന്നായിരുന്നു നിലനിന്നിരുന്നത്. ഹോളി റോമൻ സാമ്രാജ്യത്തിനേക്കാളും മുന്നേ അധികാര കേന്ദ്രീകരണ പ്രക്രിയ ആരംഭിച്ച, എന്നാൽ 19-ാം നൂറ്റാണ്ടിന്റെ അവസാനം വരേക്കും ഒരു ദേശരാഷ്ട്ര രൂപം പ്രാപിച്ചിട്ടില്ലാത്ത രാഷ്ട്രങ്ങളുടെ മറ്റൊരു കൂട്ടമായിരുന്നു (collection of polities) അക്കാലത്ത് ഹാബ്സ്ബർഗ് മൊണാർക്കിയും. ജർമ്മൻ കോൺഫെഡറേഷൻ ആദ്യം ഓസ്ട്രിയൻ സാമ്രാജ്യവും (1804-1867), പിന്നീട് ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യവുമായി (1867-1918) രൂപാന്തരം പ്രാപിച്ചെങ്കിലും, 1867-ലെ അധികാരം പങ്കുവെക്കൽ കരാർ ഹംഗറിക്ക് സ്വയംഭരണാധികാരവും ഒരു ചെറുസാമ്രാജ്യമായി പ്രവർത്തിക്കാനുള്ള അനുവാദവും നൽകി. അതേസമയം, ആധുനിക ഇറ്റലിയെന്ന് നാമിന്ന് വിളിക്കുന്ന ദക്ഷിണ ഭാഗത്ത് രാജഭരണപ്രദേശങ്ങളും (സർഡീനിയ, രണ്ട് സിസിലകൾ, ഓസ്ട്രിയൻ രാജഭരണത്തിന് കീഴിലുള്ള ലൊമ്പാർഡ്-വെനീതിയ), ഡച്ചികളും (പർമ, മൊഡേണ, ടസ്കാനി), പാപ്പൽ രാഷ്ട്രങ്ങളുമൊക്കെച്ചേർന്ന് തുന്നിക്കൂട്ടിയ ഒരു സംവിധാനമായിരുന്നു അപ്പോഴും നിലനിന്നിരുന്നത്. കിഴക്കൻ പ്രദേശങ്ങളാവട്ടെ ഒട്ടോമൻ ഭരണത്തിന് കീഴിലുമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടം വരെ യൂറോപ്പ്യൻ ഭൂപടത്തിന്റെ ഉള്ളടക്കം ദേശരാഷ്ട്രങ്ങളുടെ കൂട്ടങ്ങളേ ആയിരുന്നില്ല. 1830-ലാണ് ഗ്രീസും ബെൽജിയവും പ്രത്യക്ഷപ്പെടുന്നതെങ്കിൽ, 1871-ഓടെ മാത്രമാണ് ഇറ്റാലിയൻ, ജർമ്മൻ ഏകീകരണം പൂർണമാവുന്നത്. 

സമ്പൂർണ പരമാധികാര രാഷ്ട്രങ്ങളുടെ സംഘടിത സംവിധാനത്തിന്റെ പ്രഥമ ചരിത്ര സന്ദർഭമായി യൂറോപ്പിനെയാണ് നാം മനസ്സിലാക്കാറുള്ളത്. എന്നാൽ, ഏതാണ്ട് അതേ കാലത്ത് തന്നെയാണ് ലാറ്റിനമേരിക്ക പ്രസ്തുത രാഷ്ട്രീയ സംഘാടന രൂപത്തിലേക്ക് മാറുന്നത്. മൂന്ന് നൂറ്റാണ്ടോളം നീണ്ടു നിന്ന സാമ്രാജ്യത്വാധിനിവേശത്തിന് ശേഷം, 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും രൂപം കൊണ്ട അറ്റ്ലാന്റിക് വിപ്ലവമുന്നേറ്റങ്ങളോടെ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയ ഭൂമിശാസ്ത്രം പൂർണമായും മാറ്റിവരക്കപ്പെട്ടു. യുനൈറ്റഡ് സ്റ്റേറ്റ്സിന്റെയും ഹെയ്ഥിയുടെയും പാത പിന്തുടർന്ന് കൊണ്ട്, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധങ്ങളുടെ ഒരു പരമ്പരക്ക് തന്നെ ഈ മേഖല സാക്ഷ്യം വഹിച്ചു. തൽഫലമായി 1826 ഒക്കെ ആവുമ്പോഴേക്കും സ്പാനിഷ്, പോർച്ചുഗീസ് സാമ്രാജ്യങ്ങൾ അവിടെ നിന്നും സമ്പൂർണമായും പുറത്താക്കപ്പെട്ടു. തീർച്ചയായും, അനൗപചാരിക സാമ്രാജ്യം എന്ന് വിളിക്കപ്പെടുന്ന നയതന്ത്രപരവും സാമ്പത്തികപരവുമായ നടപടികളിലൂടെയുള്ള ഈ പ്രദേശങ്ങളിലെ വ്യാപാര നിയന്ത്രണങ്ങൾ ബ്രിട്ടൻ അപ്പോഴും കയ്യടക്കിവെച്ചിരുന്നു. പക്ഷേ അതിനോടകം നിലവിൽ വന്നു കഴിഞ്ഞ പരമാധികാര രാഷ്ട്രങ്ങളുമായായിരുന്നു ബ്രിട്ടന്റെ ഔദ്യോഗികമായ ഇടപാടുകളൊക്കെയും. 

ആ നൂറ്റാണ്ടിന്റെ ബാക്കിയുള്ള കാലയളവിൽ സ്വാതന്ത്ര്യാനന്തരം ഉയർന്നുവന്ന ഗ്രാൻ കൊളമ്പിയ (1819–1831), ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് സെൻട്രൽ അമേരിക്ക (1823–1841), യുണൈറ്റഡ് പ്രൊവിൻസ് റിയോ ദെ ലാ പ്ലാത്ത (1810–1831) തുടങ്ങിയ പരമാധികാര രാഷ്ട്രങ്ങളുടെ സംയുക്ത ഘടനകൾ നൂറ്റാണ്ടുകൾ നീണ്ടുന്ന രക്തരൂശിതമായ പൗരയുദ്ധങ്ങളിലൂടെ തകർന്നടിയുകയും പ്രദേശങ്ങളെ കേന്ദ്രീകൃത ഭരണകൂടങ്ങൾക്ക് എതിരാക്കി മാറ്റുകയും ചെയ്തു. അതേസമയം തന്നെ ഈ രാഷ്ട്രീയ മിശ്രണ ഘടനകളുടെ പുനഃസ്ഥാപനത്തിനായുള്ള നിരവധി ശ്രമങ്ങൾക്കും അക്കാലയളവ് സാക്ഷ്യം വഹിച്ചു. അങ്ങനെ, 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ പാശ്ചാത്യൻ യൂറോപ്പിനെ പോലെ തന്നെ ഈ പ്രദേശവും ഇന്ന് നാം ആവർത്തിക്കുന്നതു പോലൊരു ദേശരാഷ്ട്ര വ്യവസ്ഥയായി മാറിയിട്ടുണ്ടായിരുന്നില്ല. ഈയർത്ഥത്തിൽ നോർത്തമേരിക്കയെ കുറിച്ചും ഏറെക്കുറെ സമാനമായ കഥ കണ്ടെടുക്കാൻ കഴിയുമെന്ന് തോന്നുന്നു. ചരിത്രകാരൻ റേച്ചൽ സയ്ന്റ് ജോൺസണിന്റെ The Imagined States of America: The Unmanifest History of Nineteenth-century North America എന്ന പുസ്തക പ്രൊജക്ട് ഇവ്വിഷയകമാണ്. 

റേച്ചൽ സയ്ന്റ് ജോൺസൺ

ദേശരാഷ്ട്രങ്ങളുടെ ജനകീയത വർദ്ധിക്കുമ്പോഴും സാമ്രാജ്യങ്ങൾ അതിജീവിച്ചിരുന്നുവെന്നത് നേരാണ്. രണ്ടാം ലോക മഹായുദ്ധം വരെ ലോകം സാമ്രാജ്യങ്ങളുടെയും അവർ സൃഷ്ടിച്ചിരുന്ന വിവിധ രാഷ്ട്രീയ അധികാര ഘടനകളുടെയും അധീശത്വത്തിന് കീഴിലായിരുന്നു. 1945-ന് ശേഷം അപകോളനീകരണ മുന്നേറ്റങ്ങൾ ആരംഭിച്ച ഘട്ടത്തിൽ ലഭ്യമായ ഒരേയൊരു മാതൃകയായിരുന്നില്ല ദേശരാഷ്ട്രം. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വ്യത്യസ്ത സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ നേതാക്കൾ ഒരു പ്രാദേശിക യൂണിയൻ ഓഫ് ആഫ്രിക്കൻ സ്റ്റേറ്റ്സും, കരീബിയയിൽ ഒരു വെസ്റ്റിന്ത്യൻ ഫെഡറേഷനും രൂപീകരിക്കാനുള്ള ചർച്ചകൾ നടത്തിയതിനെ ഇംഗ്ലീഷ് സംസാരിക്കുന്ന ആഫ്രിക്കയിലെ “ഫെഡറൽ മുമന്റ്” എന്ന് ആദം ഗെറ്റാച്യൂ അദ്ദേഹത്തിന്റെ Worldmaking after Empire (2019) എന്ന പുസ്തകത്തിൽ വിശേഷിപ്പിക്കുന്നുണ്ട്. വിജയകരമായ സാമ്രാജ്യാനന്തര ഫെഡറേഷന്റെ ഉത്തമോദാഹരണമായി യുണൈറ്റഡ് സ്റ്റേറ്റ്സിനെ വീക്ഷിച്ച ആഫ്രിക്കൻ നേതൃത്വം ഒരു കേന്ദ്രീകൃത സംയുക്ത രാഷ്ട്ര സംവിധാനം (Federative system) എന്ന ആശയത്തെ പരിഗണിക്കാൻ ശ്രമിച്ചെങ്കിലും, ക്രമേണ തീരുമാനങ്ങളെടുക്കാനുള്ള പരമാധികാരം ഓരോ രാഷ്ട്രത്തിനും അനുവദിക്കുന്ന അയഞ്ഞ ഫെഡറൽ സംവിധാനത്തെ പിന്തുണക്കുന്നവരുമായി അവർക്ക് വിയോജിക്കേണ്ടി വന്നു. 

ഫ്രഞ്ച് സംസാരിക്കുന്ന ആഫ്രിക്കൻ കോളനികളുടെ ദേശരാഷ്ട്ര മാതൃകയിൽ നിന്നുള്ള വിച്ഛേദനം കൂടുതൽ മൗലികമായിരുന്നു. ഫ്രഡറിക് കൂപ്പർ തന്റെ Citizenship between Empire and Nation (2014) എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നതു പോലെ, ഫ്രഞ്ച് ഭരണകൂടവും അപകോളനീകരണ മുന്നേറ്റങ്ങളെ നയിക്കുന്ന ആഫ്രിക്കൻ നേതൃത്വവും (സെനഗലിലെ പ്രഥമ പ്രധാനമന്ത്രി മമദൂ ദിയ, നെഗ്രിറ്റ്യൂഡ് സൈദ്ധാന്തികരിൽ പ്രധാനിയായ ലിയോപോൾഡ് സെദാർ സെൻഗോർ എന്നിവരുൾപ്പെടുന്ന) തമ്മിലുള്ള വിയോജിപ്പുകളായിരുന്ന ഈ പ്രദേശങ്ങളിൽ ദേശരാഷ്ട്ര മാതൃകം വിജയം കൈവരിക്കാൻ കാരണം. സാമ്രാജ്യങ്ങളുടെയോ ദേശരാഷ്ട്ര മാതൃകകളുടെയോ രൂപഘടനയിലല്ലാത്ത, ഒരു കൂട്ടം അവകാശങ്ങൾ വാഗ്ദത്തം ചെയ്യുന്ന സങ്കല്പമെന്ന നിലയിൽ പൗരത്വത്തെ വിഭാവന ചെയ്യുകയും അതേസമയം ദേശീയത ഒരു അനിവാര്യഘടകമല്ലാത്തതുമായ ഫെഡറേഷനുകൾക്കും കോൺഫെഡറേഷനുകൾക്കും വേണ്ടിയുള്ള സംസാരങ്ങളായിരുന്നു ആരംഭഘട്ടത്തിൽ പ്രധാനമായും നടന്നിരുന്നത്. യുനൈറ്റഡ് സ്റ്റേറ്റ്സിലേതു പോലെ, ഒരു ദേശമെന്ന നിലയിലുള്ള ഫെഡറേഷൻ എന്നതിലുപരി ദേശങ്ങളുടെ ഫെഡറേഷൻ എന്ന സങ്കല്പത്തിലേക്കാണ് ഈ ആശയം പരിണമിച്ചിരുന്നത്. ഫെഡറേഷനിലെ ഓരോ രാജ്യങ്ങൾക്കും സ്വന്തം സ്വത്വവും ഭരണകൂടവും ഉണ്ടായിരിക്കും, പക്ഷേ ഒരു ബഹുദേശീയ രാഷ്ട്ര സംവിധാനത്തിനകത്ത് അവ ഒന്നിച്ചു പ്രവർത്തിക്കുകയും സമാന സ്വഭാവമുള്ള പൗരത്വം പ്രദാനം ചെയ്യുകയും ചെയ്യും. 

ഈ ‘ദേശീയതാവിരുദ്ധ കൊളോണിയൽ വിരുദ്ധത’ കൊളോണിയൽ തലസ്ഥാനത്തിന്റെ വിഭവങ്ങളെ വ്യത്യസ്ത പൗരന്മാർക്കിടയിൽ വിതരണം ചെയ്യാനുള്ള ഫ്രഞ്ച് വിമുഖതക്ക് മുന്നിൽ ക്രമേണ ഇല്ലാതായി. പക്ഷേ, ഗൗരവതരമായി പരിഗണിക്കപ്പെട്ടിരുന്ന ഒരു മാതൃകയായിരുന്നു ഇതെന്ന വസ്തുത സവിശേഷ ശ്രദ്ധയർഹിക്കുന്നുണ്ട്. കോളനിവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ ദേശരാഷ്ട്ര മാതൃകയുടെ വിജയം ദീർഘകാലങ്ങളായുള്ള മർദ്ദകശക്തികൾക്കെതിരെയുള്ള കോണനിവൽകൃത ജനതകളുടെ വിജയത്തെയാണ് തീർച്ചയായും പ്രതിനിധീകരിക്കുന്നത്. എന്നാൽ, ഈ വിജയം പൊതുവായ ചരിത്രം പങ്കുവെക്കുന്ന പ്രദേശങ്ങളെ പരസ്പരം വിച്ഛേദിച്ചുവെന്ന് മാത്രമല്ല, പുതിയതരം മർദ്ദകശൈലികൾക്കും അത് രൂപം നൽകി; പ്രത്യേകിച്ച് തങ്ങളുടേതായൊരു രാഷ്ട്രം രൂപീകരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട തദ്ദേശീയ വിഭാഗങ്ങളും, രാഷ്ട്രരഹിത ദേശീയതകളും, ന്യൂനപക്ഷങ്ങളുമടങ്ങുന്ന ജനതകളുടെ കാര്യത്തിൽ. യുനൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ തുടങ്ങിയ കുടിയേറ്റ കോളനികളിലെ തദ്ദേശീയ ജനവിഭാഗങ്ങളെ പൂർണമായും തുടച്ചുനീക്കിയ രാഷ്ട്രനിർമ്മാണ പ്രക്രിയയുടെ മർദ്ദക ശക്തി രാഷ്ട്രനിർമ്മാണത്തെ കൊളോണിയലിസത്തിനെതിരെയുള്ള ആയുധമാക്കി ഉപയോഗിച്ച സാഹചര്യങ്ങളിലും അനുഭവേദ്യമായിരുന്നു. അത്തരം സന്ദർഭങ്ങളിൽ വിജയം വരിച്ചത് ഒരുപക്ഷേ ദുർബ്ബല വിഭാഗങ്ങളായിരിക്കാം, പക്ഷേ ചില ഘട്ടങ്ങളിൽ അവരേക്കാളും ദുർബ്ബലരായ വിഭാഗങ്ങളെ ചവിട്ടുമെതിച്ചു കൊണ്ടായിരുന്നു അത്. 

ഈ സ്ഥിതിവിശേഷം വ്യത്യസ്തമാവുമായിരുന്നോ? ചരിത്രപരമായ ആലോചനയിൽ ഇത്തരം ചിന്താശൈലി (Counterfactuals) അപകടകരമാണ്. പക്ഷേ സുവ്യക്തമായ സംഗതിയെന്തെന്നാൽ, വെറും 70 വർഷങ്ങൾക്ക് മുമ്പ് വരെ രാഷ്ട്രീയ സമുദായങ്ങളുടെ സംഘാടനത്തിന്റെ സ്വാഭാവികമായ ശൈലിയെന്ന് നാം ഇന്ന് കരുതുന്ന ദേശരാഷ്ട്ര മാതൃക നമ്മുടെ ഭാവനയ്ക്ക് ലഭ്യമായിരുന്ന അനേകം സാധ്യതകളിൽ ഒന്ന് മാത്രമായിരുന്നു. 

IV

ആധുനിക അന്താരാഷ്ട്ര ക്രമത്തിന്റെ രൂപീകരണത്തെ പറ്റിയുള്ള ഈ ബദൽ കഥാഖ്യാനത്തിന് ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ ചിന്താശൈലിയിൽ ഗൗരവതരമായ ഫലങ്ങൾ സൃഷ്ടിക്കാനാവും. സമാനമായി, സമകാലികതയെക്കുറിച്ചുള്ള നമ്മുടെ ആലോചനയെയും സ്വാധീനിക്കാൻ അതിന് കഴിയും. 

ഒന്നാമതായി, അന്താരാഷ്ട്ര സ്ഥിരതയുടെ ഉറവിടങ്ങളെക്കുറിച്ച് പുനരാലോചിക്കാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. പരമാധികാര രാഷ്ട്രങ്ങളുടെ വ്യവസ്ഥയുമായാണ് അന്താരാഷ്ട്രീയ ക്രമത്തെ സാമ്പ്രദായിക ആഖ്യാനങ്ങൾ ബന്ധിപ്പിക്കുന്നതെങ്കിൽ, വൈജാത്യങ്ങൾ നിറഞ്ഞ രാജ്യരൂപങ്ങളുടെ ഉല്പതിഷ്ണുതയായിരുന്നു 1648-ന് ശേഷമുള്ള കാലഘട്ടത്തിന്റെ സവിശേഷത എന്നാണ് ഈ ബദൽ കഥ മുന്നോട്ടുവെക്കുന്നത്. യൂറോപ്പ്യൻ ഭൂഖണ്ഡത്തിലെ അത്തരമൊരു രാജ്യമായിരുന്നു വിശാലമായ ഹോളി റോമൻ സാമ്രാജ്യം. 1806-ലെ അതിന്റെ തകർച്ചയുടെ ഘട്ടം വരേക്കും പലതലങ്ങളിലായി പരന്നുകിടക്കുന്ന പരമാധികാരത്തെ റോമൻ സാമ്രാജ്യം പരീക്ഷിച്ചു. അതിനാൽ 1648-ന് ശേഷം ഉണ്ടായിരുന്ന താരതമ്യേന സ്ഥിരതയുള്ള രാഷ്ട്രീയ പരിസ്ഥിതിക്ക് കാരണം ഒരുപക്ഷേ പരമാധികാര രാഷ്ട്രങ്ങളുടെ വ്യവസ്ഥയെന്ന ഭാവനയേക്കാളുപരി യൂറോപ്പ്യൻ ഭൂഖണ്ഡത്തിൽ ഉണ്ടായിരുന്ന രാജ്യങ്ങളുടെ വൈജാത്യമായിരിക്കാം. യൂറോപ്പിനപ്പുറമുള്ള ആഗോള സാമ്രാജ്യ നിർമ്മാണ പ്രദേശങ്ങളിലെ വൈജാത്യം, രാഷ്ട്രീയ സംഘാടന രൂപങ്ങളിലൂടെ സമാനമായി രാഷ്ട്രീയ സ്ഥിരത കൈവരിച്ചതിനെ മറ്റ് ചില പണ്ഡിതരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആൻഡ്ര്യൂ ഫിലിപ്സ്, ജെ.സി. ഷർമൻ എന്നിവരുടെ ഇന്ത്യൻ മഹാസമുദ്രത്തെക്കുറിച്ചുള്ള International Order in Diversity (2015) എന്ന ഗ്രന്ഥം അത്തരമൊരു പഠനമാണ്. അത്തരത്തിൽ, അധികാരം വ്യത്യസ്ത തരം ശക്തികൾക്കിടയിൽ വിതരണം ചെയ്യുന്നൊരു അന്താരാഷ്ട്ര സംവിധാനം താരതമ്യേന കൂടുതൽ സുസ്ഥിരമായിരിക്കും എന്നാണ് ഈ ചരിത്രഘട്ടം സൂചിപ്പിക്കുന്നത്. 

രണ്ടാമതായി, സമകാലികലോകത്തെ രാഷ്ട്രേതര പ്രവർത്തകരുടെ സ്വാധീനത്തെക്കുറിച്ചുള്ള നമ്മുടെ സംസാരിളെ പുനരാലോചിക്കാനും ഈ ബദൽ കഥാഖ്യാനം നമ്മെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്, ഫേസ്ബുക്ക്, ഗൂഗ്ൾ, ആമസോൺ, ആപ്പ്ൾ പോലുള്ള സമകാലീനലോകത്തെ ശക്തരായ ബഹുരാഷ്ട്ര കോർപ്പറേറ്റുകളുടെ ഔദ്യോഗിക അധികാരം, 19-ാം നൂറ്റാണ്ടിലെ മദ്ധ്യത്തിൽ വരെ അന്താരാഷ്ട്രക്രമത്തിലെ കേന്ദ്ര ശക്തികളായിരുന്ന പ്രശസ്ത വാണിജ്യ കമ്പനികളുടേതിനെക്കാൾ പരിമിതമാണ്. 1600-ൽ സ്ഥാപിതമായ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും 1602-ൽ സ്ഥാപിതമായ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയും 200 വർഷങ്ങൾ കൊണ്ട് അസാമാന്യമായ അധികാരം കയ്യടക്കിവെക്കുകയും യൂറോപ്പ്യൻ സാമ്രാജ്യ വ്യാപനത്തിന്റെ സുപ്രധാന ശക്തിയായി മാറുകയും ചെയ്തിരുന്നു. ഏഷ്യയുടെ ലാഭകരമായ കച്ചവടശൃംഖലയിലേക്ക് പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വ്യാപാര സമുച്ചയങ്ങൾ മാത്രമായാണ് ഈ കമ്പനികൾ രൂപം കൊണ്ടതെങ്കിലും, ക്രമേണ കൂടുതൽ വലിയ ലക്ഷ്യങ്ങൾക്ക് വേണ്ടി അവ പ്രവർത്തിച്ചു തുടങ്ങുകയും തുടക്കത്തിൽ ഇന്ത്യയും ഇന്തോനേഷ്യയും മാത്രം ഔട്ട്പോസ്റ്റുകളായി ഉണ്ടായിരുന്ന അവർ പലയിടങ്ങളിലായി സ്വന്തം രാജ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഇന്ന് പല പണ്ഡിതരും വാദിക്കുന്നതു പോലെ പ്രജകളെ അടക്കിഭരിക്കാനും, നാണയമച്ചടിക്കാനും, യുദ്ധം നയിക്കാനും നിമയപരമായി അവകാശമുള്ള പൊതു-സ്വകാര്യ കൂട്ടുകെട്ടിലുള്ള ശക്തികളായിരുന്ന “കമ്പനി രാഷ്ട്രങ്ങൾ” എന്നായിരുന്നു ഈ രാജ്യങ്ങൾ അറിയപ്പെട്ടിരുന്നത്. ഈ വീക്ഷണ പ്രകാരം, സമകാലിക അന്താരാഷ്ട്ര ലോകക്രമത്തിലെ മറ്റെല്ലാ ശക്തികളേക്കാളും ഔപചാരികാധികാരങ്ങൾ കയ്യാളുന്ന രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ രാഷ്ട്രേതര ശക്തികൾ ദുർബ്ബലരാണ്. 

ബഹുരാഷ്ട്രക്കമ്പനികളുടെ അധികരിച്ചുകൊണ്ടിരിക്കുന്ന അധികാരങ്ങൾ ആശങ്കയുണ്ടാക്കുന്നില്ലെന്നല്ല ഇതിന്റെ അർത്ഥം. തീർച്ചയായും അത് ആശങ്കക്ക് വകനൽകുന്നത് തന്നെയാണ്. പക്ഷേ, ഈ കോർപ്പറേറ്റ് കമ്പനികളുടെ ഹാനികരമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനായി, അഭൂതപൂർവ്വമാം വിധം അധികാര ശോഷണം സംഭവിച്ച രാഷ്ട്രങ്ങളാണ് ഇതിന്റെ കുറ്റക്കാരെന്നും അതിനാൽ രാഷ്ട്രങ്ങളുടെ അധികാരം കൂടുതൽ വിപുലീകരിക്കലാണ് പരിഹാരമാർഗ്ഗമെന്നും നിർദ്ദേശിക്കുന്നതിനെ തൊട്ട് നാം ശ്രദ്ധ പുലർത്തണം എന്നതാണെന്റെ വാദം. ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ മറ്റ് ഭരണസമ്പ്രദായങ്ങളുടെ സാധ്യത അന്വേഷിക്കാനുള്ള അവസരങ്ങൾ കൂടുതൽ കൃത്യമായ ചരിത്രവീക്ഷണം പ്രദാനം ചെയ്യുന്നു. 

മൂന്നാമതായി, രാഷ്ട്ര സമ്പ്രദായം 400 വർഷം പഴക്കമുള്ള ചരിത്രപരമായ അനിവാര്യതയാണെന്ന ആഖ്യാനത്തിന് എതിര് നിൽക്കുന്ന ചരിത്രപരമായ തെളിവുകളെ തുടച്ചുമാറ്റുന്നതാണ് വെസ്റ്റ്ഫാലിയൻ മിത്ത്. 1648-ന് ശേഷം സുപ്രധാനമായൊരു ശക്തിയായിരുന്നു നിസ്സംശയമായും രാഷ്ട്രങ്ങൾ; പക്ഷേ, വാണിജ്യക്കമ്പനികൾ മുതൽ അർദ്ധ പരമാധികാര രാജ്യങ്ങളും ഏറെക്കുറെ ഔപചാരിക ഘടനകളുള്ള പലതരം സാമ്രാജ്യങ്ങളുമടങ്ങുന്ന മറ്റ് ശക്തികളും സമാനമാം വിധം സുപ്രധാനമായിരുന്നു. ഈ സമ്പ്രദായം പൂർണമായും പ്രത്യക്ഷപ്പെടുന്നത് 19-ാം നൂറ്റാണ്ടിൽ മാത്രമാണ്, അതിന്റെ പ്രധാന സവിശേഷതകൾ ഇരുപതാം നൂറ്റാണ്ടിലും നിലനിന്നുപോരുകയും ചെയ്തു. ഈ പരിപ്രേക്ഷ്യ പ്രകാരം, വെസ്റ്റ്ഫാലിയൻ ക്രമം എന്നത് അക്കാലത്തെ സ്വാഭാവികാവസ്ഥയെന്നതിനെക്കാൾ അസാധാരണത്വമായിരുന്നു.

രാഷ്ട്രത്തിന്റെ വികേന്ദ്രീകരണത്തെക്കുറിച്ച് ആലോചിക്കുന്നതിനായി ഇനി പറയുന്ന ചരിത്രപരമായ ഉദാഹരണമെടുക്കുക. കേവലം 60 വർഷങ്ങൾക്ക് മുൻപ് വരെ, സ്വയം രാഷ്ട്രങ്ങളല്ലാത്ത കോളനിവൽകൃത ജനങ്ങൾ തങ്ങൾ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന രാഷ്ട്രത്തിനെതിരെ യാതൊരു അന്താരാഷ്ട്ര അവകാശങ്ങളും അവർക്കുണ്ടായിരുന്നില്ലെന്ന കാരണത്താൽ അവരുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിൽ നേരിട്ട വെല്ലുവിളികൾ കൂടുതൽ ദുർഘടമായി മാറി. സർവ്വോപരി, അധിനിവേശകർക്കെതിരെ ബലം പ്രയോഗിക്കാനുള്ള അനുവാദവും അവർക്കുണ്ടായിരുന്നില്ല. അങ്ങനെ ചെയ്താൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നവർ എന്നതിന് പകരം അന്താരാഷ്ട്ര-ആഭ്യന്തര നിയമങ്ങൾ അവരെ കുറ്റവാളികളായായിരുന്നു പരിഗണിച്ചിരുന്നത്. അവരുടെ പോരാട്ടലക്ഷ്യം എത്രതന്നെ സാധുതയുള്ളതായാലും, ദേശീയ വിമോചന പ്രസ്ഥാനങ്ങളുടെ സങ്കീർണ ശൃംഖലകളിൽ സ്വയം സംഘടിക്കാൻ ശേഷിയുള്ളവരാണ് അവരെങ്കിലും ഈ നിയമയുക്തി അവർക്ക് മേൽ പ്രയോഗിച്ചിരുന്നു. ഭൂരിഭാഗം സന്ദർഭങ്ങളിലും സ്വാതന്ത്ര്യം കൈവരിക്കാനും സ്വന്തം രാഷ്ട്രം സ്ഥാപിക്കാനും ആഗോള നയതന്ത്ര ശൃംഖലയിൽ ഇടം നേടാനും അത്തരം ജനതകൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും, സംഘടിത ശക്തികളെന്ന നിലയിൽ അടിസ്ഥാനപരമായ അവകാശങ്ങളെങ്കിലും അവർക്ക് ലഭിച്ചിരുന്നുവെങ്കിൽ സ്വാതന്ത്ര്യത്തിലേക്കുള്ള അവരുടെ പാത ദുർഘടരഹിതമാവുകയും കൂടുതൽ നേരത്തെതന്നെ അവർ സ്വാതന്ത്ര്യം കൈവരിക്കുകയും ചെയ്തേനെ. 

V

ഈയൊരു ചരിത്രാഖ്യാനവുമായി ഇടപെടുമ്പോൾ, ആഗോള രാഷ്ട്രീയക്രമത്തിൽ രാഷ്ട്രസംവിധാനത്തിനുണ്ടെന്ന് കരുതപ്പെടുന്ന കേന്ദ്രീയത നൂറ്റാണ്ടുകൾ പഴക്കമുള്ളതും തകർച്ചയുടെ വക്കിലെത്തി നിൽക്കുന്നതുമായ ഒന്നെന്നതിലുപരി അത്രയൊന്നും പഴയതല്ലാത്ത പുതിയൊരു സംഗതിയായി കാണാൻ കഴിയുന്നു. യൂറോപ്പ്യൻ യൂണിയൻ പോലുള്ള രാഷ്ട്ര സംഘടനകൾക്കകത്തെ പരമാധികാരത്തിന്റെ പാളികളായുള്ള നിലനിൽപ്പ്, കോർപ്പറേറ്റുകളുടെ വളർന്നുകൊണ്ടിരിക്കുന്ന അധികാരം, രാഷ്ട്രങ്ങളായി പരിഗണിക്കപ്പെടാത്ത ഹിംസാത്മക സംഘങ്ങളുടെ പ്രാമുഖ്യം തുടങ്ങിയ സംഭവവികാസങ്ങളൊന്നും കഴിഞ്ഞ 373 വർഷങ്ങളായുള്ള അന്താരാഷ്ട്രലോക ക്രമത്തിന്റെ പ്രവർത്തനശൈലിക്ക് അപവാദമായി നിൽക്കുന്നവയല്ല. പകരം, ഒരു ദീർഘകാല ചരിത്രരചനാ (longue durée) പരിപ്രേക്ഷ്യ പ്രകാരം, ലോകത്താകമാനം രാഷ്ട്രസംവിധാനം നേടിയ വിജയവും, ദേശരാഷ്ട്രങ്ങൾക്കോ ദേശരാഷ്ട്രസംഘാടനങ്ങൾക്കോ അപ്പുറം നിന്നുകൊണ്ട് ലോക സംഘാടനത്തെ വിഭാവന ചെയ്യാനുള്ള നമ്മുടെ കഴിവില്ലായ്മയുമാണ് പുതിയതായി സംഭവിച്ചിട്ടുള്ളത്. 

ഫ്രാൻസിസ് ഫുക്കുയാമ

Noema മാഗസിനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച രാഷ്ട്രീയ മീംമാസകൻ ഫ്രാൻസിസ് ഫുക്കുയാമയുടെ അഭിമുഖം ഈ വിഷയത്തിൽ പ്രസക്തമാണ്. അടിയന്തരമായ ആഗോള പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിൽ ദേശരാഷ്ട്രം അപര്യാപ്തമാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് “രാഷ്ട്രങ്ങൾക്ക് വ്യക്തിഗതമായി അത്തരം പ്രതിസന്ധികൾ പരിഹരിക്കുക സാധ്യമല്ല” എന്ന് അദ്ദേഹം അംഗീകരിക്കുന്നു. “നിലവിലെ രാഷ്ട്രങ്ങൾ തമ്മിലുള്ള മികച്ച സഹകരണങ്ങളിലൂടെ അതിലെത്ര പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കഴിയുമായിരുന്നു?” ഫുകുയാമ തുടർന്ന് ചോദിക്കുന്നു. ഇനിപറയുന്ന ചിന്ത പങ്കുവെച്ചു കൊണ്ടാണ് മാഗസിൻ അഭിമുഖം ഉപസംഹരിക്കുന്നത്; “പ്രാപഞ്ചികമായ പ്രതിസന്ധികളുടെ ഘട്ടത്തിൽ പ്രശ്നവും പരിഹാരവും ദേശരാഷ്ട്രങ്ങൾ തന്നെയാണ്.” ദേശരാഷ്ട്രത്തിന്റെ പരിമിതികൾ തിരിച്ചറിയുന്ന ചിന്തകന്മാർക്ക് പോലും സമകാലിക രാഷ്ട്രീയ ഭാവനയിൽ പിടിമുറുക്കിയിരിക്കുന്ന ദേശരാഷ്ട്ര മാതൃകയിൽ നിന്ന് വിടുതൽ നേടാൻ കഴിയുന്നില്ലെന്ന് തോന്നുന്നു. രാഷ്ട്രങ്ങൾക്കാണോ കൂടുതൽ അധികാരം നൽകേണ്ടത് അതല്ല രാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അന്താരാഷ്ട്ര സംഘടനകൾക്കാണോ? എന്നുതുടങ്ങിയ രാഷ്ട്രാധിഷ്ഠിത ദേശാന്തരീയ സ്ഥാപനങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും ഈ ഇടുങ്ങിയ ചിന്താധാരക്കകത്ത് തന്നെ ചെന്നുപതിക്കുന്നു. കോവിഡും പാരിസ്ഥിക അടിയന്തരാവസ്ഥകളുമടക്കമുള്ള ആഗോള പ്രതിസന്ധികളുടെ ഘട്ടത്തിൽ നമ്മുടെ പഴഞ്ചൻ പരിഷ്കരണ വീക്ഷണങ്ങൾക്ക് ബദലുകൾ കാണേണ്ടത് അനിവാര്യമായിരിക്കുന്നു. 

അന്താരാഷ്ട്ര ക്രമത്തെ കുറിച്ചുള്ള നമ്മുടെ സംസാരങ്ങളിൽ ചരിത്രപരമായ അസന്ദിഗ്ധതകളെക്കാൾ മറ്റൊരുപാട് അപകടങ്ങളുമുണ്ട്. ദേശീയതാ കൂറിനോട് കടപ്പാടില്ലാത്ത ആഗോള കോർപ്പറേഷനുകളുടെ നിയന്ത്രണത്തിൽ രാഷ്ട്രരഹിതമായ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുന്ന ലോകത്തിന്റെ രക്ഷകരായി സ്വയം അവതരിപ്പിക്കുന്ന ദേശീയതാവാതികളായ പ്രബലർക്ക് രാഷ്ട്രസംവിധാന ചരിത്രത്തിന്റെ തെറ്റായ പ്രതിനിധാനം ഒരു മുതൽക്കൂട്ടാണ്. വിശാലാർത്ഥത്തിൽ പറഞ്ഞാൽ, ഈ ചരിത്രത്തെ ശരിയാക്കിയെടുക്കുക എന്നതിനർത്ഥം ശരിയായ സംഭാഷണങ്ങൾ ആരംഭിക്കുകയെന്നത് കൂടിയാണ്. രാഷ്ട്രേതര ശക്തികൾക്ക് അധികാരം നൽകുകയെന്നത് എല്ലായ്പ്പോഴും ഒരു ശരിയായ കാര്യമാവണമെന്നില്ല. പക്ഷേ, ഒരു വശത്ത് ദേശീയതാവാദത്തെയും മറുവശത്ത് ജനാധിപത്യപരമല്ലാത്ത രൂപങ്ങളെയും പ്രതിഷ്ഠിക്കുന്ന തെറ്റായ തിരഞ്ഞെടുപ്പ് സാധ്യതകളെ നാം ചെറുക്കേണ്ടതുണ്ട്. 

ഈയർത്ഥത്തിൽ, നശീകരണാത്മകമല്ലാത്തൊരു ഭാവിയെക്കുറിച്ച് വിഭാവനചെയ്യാൻ ഭൂതകാലത്തെക്കുറിച്ചുള്ള കൂടുതൽ കൃത്യമായ ധാരണയുണ്ടാക്കിയെടുക്കേണ്ട നിർണായക സമയമാണിത്. നമ്മുടെ പരിണാമപഥത്തെക്കുറിച്ച് മറ്റൊരു ചരിത്രാഖ്യാന്യം അനായാസമായ പരിഹാരക്രിയകളൊന്നും പ്രദാനം ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, വിവിധങ്ങളായ രാജ്യരൂപങ്ങൾക്ക് ഇടമുള്ളതും രാഷ്ട്രങ്ങളുടെ അവകാശങ്ങളും ഇതര സംഘങ്ങളുടെ അവകാശങ്ങളും തമ്മിലുള്ള സന്തുലിതത്വം പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര ലോകക്രമത്തെക്കുറിച്ച് വിഭാവന ചെയ്യാനുള്ള വഴി ഈ ബദലാഖ്യാനം തുറന്നിടുന്നുണ്ട്. തദ്ദേശീയ ജനവിഭാഗങ്ങളും ദേശാന്തരീയ സാമൂഹിക പ്രസ്ഥാനങ്ങളും പോലുള്ള മറ്റേതൊരു സംഘാടനത്തെക്കാളും, രാഷ്ട്രങ്ങളാണെന്ന ഒറ്റക്കാരണത്താൽ ഏറ്റവും കൂടുതൽ അവകാശങ്ങൾ കയ്യാളുന്നത് രാഷ്ട്രങ്ങളാണ് എന്നതാണ് ഇന്നത്തെ സാമാന്യധാരണ. എന്നാൽ ലോകത്തിന്റെ പൊതുഭാവനയ്ക്കുപയോഗിക്കാവുന്ന ഒരേയൊരു ചട്ടക്കൂട് ഇത് മാത്രമായിരിക്കേണ്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമേയല്ല. ഏറെക്കാലം മുന്നേ തന്നെ പൊളിച്ചെഴുതപ്പെട്ട രാഷ്ട്ര സംവിധാനത്തെക്കുറിച്ചുള്ള ചരിത്രാഖ്യാനമാണ് അതിന്റെ സാധുതയുടെ അടിസ്ഥാനമെങ്കിൽ പ്രത്യേകിച്ചും. അതിർത്തികൾക്കപ്പുറം സഞ്ചരിക്കുകയും അയൽരാജ്യങ്ങൾ, ഗ്രാമങ്ങൾ, നഗരങ്ങൾ തുടങ്ങി അന്താരാഷ്ട്ര സ്ഥാപനങ്ങൾ വരെയുള്ള ഭരണകൂട സംഘങ്ങളെ അതിജയിക്കുകയും ചെയ്യുന്ന അടിയന്തിരമായ ആഗോള പ്രതിസന്ധികളെ എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച് ക്രിയാത്മകമായി ആലോചിക്കാനുള്ള നമ്മുടെ ശേഷിയിൽ ഗുരുതരമായ പരിക്കേൽപ്പിക്കാൻ വെസ്റ്റ്ഫാലിയൻ മിത്തിന് സാധിച്ചിട്ടുണ്ട്.

ലോകസംഘാടനത്തിന്റെ കൂടുതൽ സുസ്ഥിരമായ മാർഗ്ഗങ്ങളെക്കുറിച്ച് പുനരാലോചിക്കാനുള്ള സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണ്. മിത്തുകളെ മാറ്റിവെച്ച് മെച്ചപ്പെട്ടതിനെ നാം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.


(‘Beyond the Nation-State’ എന്ന ശീർഷകത്തിലുള്ള ഈ പ്രബന്ധം 2021-ൽ Boston Review ആണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇന്റർനാഷണൽ റിലേഷൻ പഠനങ്ങളിൽ സ്വതന്ത്ര ഗവേഷകയും, ലീഡൻ യൂണിവേഴ്സിറ്റി മുൻ അസിസ്റ്റന്റ് പ്രൊഫസ്സറും, War, States, and International Order: Alberico Gentili and the Foundational Myth of the Laws of War എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ് ലേഖിക. വിവർത്തനത്തിന് അനുവാദം നൽകിയ ലേഖികക്ക് കൃതജ്ഞത. All images were added by Campus Alive and are not the responsibility of the author)

കടപ്പാട്: ബോസ്റ്റൺ റിവ്യൂ

വിവർത്തനം: മൻഷാദ് മനാസ്

ക്ലെയർ വെർഗേറിയോ