പണ്ട് കാലത്ത് അപ്പനൊക്കെ പറഞ്ഞു തന്നിരുന്ന, സമുദായത്തിൽ പണ്ട് നടന്നിരുന്ന “നരിക്കുത്ത്” എന്ന നരി വേട്ടയെ ആണ് അബിൻ ജോസഫ് എഴുതി അനുരാജ് മനോഹർ സംവിധാനം ചെയ്ത “നരിവേട്ട” എന്ന സിനിമയുടെ ടൈറ്റിൽ ആദ്യം കണ്ടപ്പോൾ ഓർമ വന്നത്. സമുദായത്തിലെ നരിക്കുത്തിനെ കുറിച്ച് പറഞ്ഞ് കേട്ടത് അതിനു ഉപയോഗിച്ചിരുന്ന സാധനങ്ങൾ വീണ്ടും കണ്ടപ്പോഴാണ്. അതുപോലെ തന്നെ തോന്നിയ മറ്റൊരു കാര്യം, മലയാളികൾക്ക് കേരളത്തിൽ നടന്ന ഒരു ചരിത്ര സംഭവത്തെ ഓർക്കാൻ (പെട്ടെന്ന് തന്നെ മറക്കുകയും ചെയ്യും) ഒരു സിനിമ വേണ്ടി വരുന്നത്. പക്ഷേ ഒരു ആദിവാസിക്ക് മുത്തങ്ങ ഭൂ സമരം എന്നത് ചരിത്രത്തിന്റെ മുറിപ്പാട് ആയി എന്നും തുടരും.
എംഫിൽ ഗവേഷണ കാലത്ത് ആണ് മുത്തങ്ങ ഭൂ സമരത്തെക്കുറിച്ച് കൂടുതൽ വായിച്ച് തുടങ്ങിയത്. അന്ന് മുതൽ മുത്തങ്ങ ഭൂ സമരം ആസ്പദമാകുന്ന സിനിമകളും മറ്റും കാണാൻ ഒരു ശ്രമം നടത്തിയിരുന്നു. മുത്തങ്ങ ഉയർത്തിയ രാഷ്ട്രീയ മുദ്രാവാക്യം കേരള സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ ആവില്ല എന്നതും ആ രാഷ്ട്രീയത്തെ തകർക്കാൻ സ്റ്റേറ്റ് എന്തും ചെയ്യുമെന്നും അതാണ് മുത്തങ്ങ വെടിവെപ്പിലേക്ക് നയിച്ചത് എന്നുമായിരുന്നു ഒരു കണ്ടെത്തൽ.
ഇനി “നരിവേട്ട”/ “നരവേട്ട” എന്ന സിനിമയിലേക്ക് വരാം. ആദിവാസികളെ കേരള സമൂഹം ‘നരനായി’ കണ്ടിരുന്നോ എന്ന കാര്യം പിന്നീട് ചർച്ച ചെയ്യാം. മറ്റ് സിനിമകളെ അപേക്ഷിച്ച് നരിവേട്ട വയനാട്ടിലെ ആദിവാസി ജീവിതങ്ങളെ അടയാളപ്പെടുത്തുന്നതിൽ നീതി പുലർത്തി എന്ന് കരുതുന്നു (ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും). സിനിമയുടെ വിഷയാവിഷ്ക്കാരവും സാങ്കേതിക വശങ്ങളും മികച്ചതായി തോന്നി. പ്രത്യേകിച്ച് അവ ആദിവാസി ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഇടങ്ങളിൽ.
നരിവേട്ട എന്ന സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയ ചില കാര്യങ്ങൾ മാത്രമാണ് ഇവിടെ കുറിക്കുന്നത്. അതിലൊന്ന് ഈ സിനിമ പറയാൻ ശ്രമിക്കുന്ന ഒരു കാര്യം പലതരത്തിൽ അരികുവത്ക്കരിക്കപ്പെട്ട ഒരു കൂട്ടം ജനങ്ങളുടെ മേൽ നമ്മുടെ വ്യവസ്ഥി നടത്തുന്ന വേട്ടയായാണ് തോന്നിയത്. അടുത്തതായി ആദിവാസികളോട് മലയാളി പൊതുബോധത്തിന്റെ കാഴ്ചപ്പാടിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നതാണ്. സിനിമയുടെ തുടക്കത്തിൽ തന്നെ കാണാം, ‘പൊതുബോധം’ ആദിവാസിയെ എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്നത്. ഒരു പാട്ടിലെ വരികളിൽ പറയുന്ന പോലെ എല്ലാം ഉള്ള “വന്തനാട്ടുകാർ” ഞങ്ങളെ അന്യരാക്കി കളളനാക്കി. പൊതു ഇടങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടവരാണ് ആദിവാസികൾ എന്ന പൊതുബോധത്തെ അടയാളപ്പെടുത്താൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. മുത്തങ്ങ ഉയർത്തിയ “വാക്ക് പാലിക്കുക” എന്നത് ജനാധിപത്യ മര്യാദയാണ്”, “ഭൂമി ഞങ്ങളുടെ ജന്മാവകാശമാണ്” എന്നിങ്ങനെയുള്ള രാഷ്ട്രീയ മുദ്രാവാക്യത്തെ കൂടുതൽ ചർച്ച ചെയ്യാൻ ഈ സിനിമയ്ക്ക് സാധിച്ചു എന്നാണ് തോന്നുന്നത്.
കക്ഷി – രാഷ്ട്രീയ ഭേദമില്ലാതെ മലയാളി പൊതു സമൂഹം എതിർത്തിരുന്ന ഒരു സമരമായിരുന്നു മുത്തങ്ങയിലെ ഭൂസമരം. അതിനു പല കാരണങ്ങൾ ഉണ്ടായിരുന്നു, അതിൽ പ്രധാനമായത് ഇന്ത്യൻ ഭരണഘടന നല്കുന്ന ജീവിക്കുവാനുള്ള അവകാശത്തിനായി ആദിവാസി സമൂഹം പോരാടി എന്നതും; അത് ഒരു രാഷ്ട്രീയമായി ഉയർന്ന് വന്നാൽ പൊതു സമൂഹം നേരിടേണ്ടി വരുന്ന വെല്ലുവിളികളെ തുടക്കത്തിൽ തന്നെ തകർക്കണം എന്ന ബോധവുമാണ്.
സിനിമയിൽ പൊലീസുകാരെ വയനാട്ടിലേക്ക് അയക്കുന്ന സീനിൽ പറയുന്ന ഒരു വാചകം ഉണ്ട്, അത് ഏകദേശം ഇങ്ങനെ ആണ് “അവിടെ ആദിവാസികൾ കാട് കയ്യേറിയെന്നോ” “അവർ എന്തോ സ്വയം ഭരണം തുടങ്ങി എന്നോ” എന്നും “അതിനാല് കൂടുതൽ ഫോഴ്സ് വേണം “എന്നിങ്ങനെ. ഇത് തന്നെയാണ് മുത്തങ്ങ ഭൂ സമരത്തെ അടിച്ചമർത്തുന്നതിന്റെ ഒരു പ്രധാനകാരണമായി തോന്നുന്നത്.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഷെഡ്യൂൾഡ് 5-ൽ പറയുന്ന ഷെഡ്യൂൾഡ് എരിയകളെ തെറ്റായി വ്യാഖ്യാനിക്കാനും അത് കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനും ആദിവാസികൾക്കെതിരെ പൊതു സമൂഹത്തെ ഒന്നിച്ച് നിർത്താൻ സ്റ്റേറ്റിന് സാധിച്ചു എന്നതുമാണ് പ്രധാനം.
ആ കാലത്തെ മീഡിയയും ആദിവാസികൾക്ക് എതിരെ നിന്നു. ഇങ്ങനെ ആദിവാസികൾ ഒന്നിച്ചാൽ അത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന് എതിരാണെന്നും, തങ്ങൾ അടിച്ചമർത്തിയ ശബ്ദം ഉയർന്നുവന്നാൽ പല ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വരുമെന്നാലും അതിലുപരി വോട്ട് ബാങ്കായി കണ്ടിരുന്ന ഒരു ജനസമൂഹം ജനാധിപത്യ രാഷ്ട്രീയത്തിൽ ഒരു ഇടം കണ്ടെത്തിയാൽ അത് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ സാമുദായിക നിലനില്പിന് ഭീഷണി ആകും എന്നതിനാലുമാണ് മുത്തങ്ങ ഭൂ സമരത്തെ ഏത് വിധേയനയും തകർക്കാൻ സർക്കാരിന് സാധിച്ചത്. മറ്റ് രാഷ്ട്രീയ, സാമുദായിക, പ്രകൃതി സംഘടനകളും ഇക്കാര്യത്തിൽ നിശബ്ദമായി സർക്കാരിന് പിന്തുണ നല്കുകയും ചെയ്തു.
വിദ്യാഭ്യാസം എന്നത് ആദിവാസി സമുദായത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ടാണ് സമര ഭൂമിയിൽ ഒരു അങ്കണവാടി തുടങ്ങാൻ സമര നേതാക്കൾ തീരുമാനിക്കുന്നത്. അവിടെ ക്ലാസുകൾ നടക്കുന്ന സമയത്തു പോലും സ്റ്റേറ്റ് അതിക്രമം തുടരുകയാണ്. ആദിവാസി മേഖലയിലെ ഇടിഞ്ഞു വീഴാനായ ഒരു സ്കൂള് കെട്ടിടം സിനിമയിൽ കാണാം. അത് തന്നെയാണ് അന്നത്തെ കാലത്തെ ആദിവാസികളുടെ വിദ്യാഭ്യാസത്തോടുള്ള സർക്കാർ നയവും.
നരിവേട്ടയിലെ വർഗീസ് സിനിമയുടെ ഒരു ഘട്ടം വരെ കേരളത്തിലെ ഒരു “സാധാരണ’ ആളുത്തന്നെയാണ്, അയാളുടെ ആദിവാസികളോടുള്ള മനോഭാവം മലയാളി പൊതുബോധം തന്നെയാണ്. അതിലേക്ക് ഒരു തിരുത്ത് നൽകാൻ ശ്രമിക്കുന്നത് ബഷീർ മാത്രമാണ്. എന്നാൽ പോലും ഒരു പരിധിവരെ അയാൾ ആ പൊതുബോധം തുടരുകയാണ്. സ്റ്റേറ്റിന്റെ നേട്ടത്തിനായി കൂടെയുള്ളവർ വരെ ആക്രമിക്കപ്പെട്ടേക്കാം എന്ന തോന്നൽ വരുന്നയിടത്തിൽ നിന്നുമാണ് വർഗീസിന് ആദിവാസികളോട് ഒരു ഹ്യൂമനിസ്റ്റിക് അപ്രോച്ച് തുടങ്ങുന്നത്. അതിനു മുൻപ് ബഷീർ മനസ്സിലാക്കിയ പോലെ സമരം ചെയ്യുന്നവരെ മനസിലാക്കാൻ അവിടെ ഉണ്ടായിരുന്ന പോലീസുകാരിൽ ആരും ശ്രമിച്ചിട്ടില്ല എന്നു കാണാം. “നമുക്ക് വീട്ടിൽ പോയാൽ കെട്ടിപ്പിടിച്ച് കെടക്കാനും ആളും വീടും ഉണ്ട്, ഇവർക്കോ?” എന്ന ഡയലോഗിൽ സമരത്തോടുള്ള ബഷീറിൻ്റെ മനോഭാവം വ്യക്തവുമാണ്. പക്ഷേ അയാളും സ്റ്റേറ്റിന്റെ ഭാഗമാണ്. അതുകൊണ്ടായിരിക്കാം അയാൾ തന്നെ കൊല്ലപ്പെടുന്നതും. ഒരു മൈനോറിറ്റി വിഭാഗത്തിൽപെടുന്ന ഒരു കഥാപാത്രത്തിൻ്റെ കൊല തന്നെ ഒരു ജനതയുടെ അവകാശ സമരത്തെ ഇല്ലാതാക്കാൻ കാരണമാക്കാം എന്നയിടത്താണ് ഈ സിനിമ ഭരണകൂടത്തിന്റെ മൈനോറിറ്റിക്ക് എതിരെയുള്ള വേട്ടയായി മാറുന്നത്.
സിനിമ അവസാനിക്കുന്ന പോലെ മുത്തങ്ങയിൽ ഭരണ വ്യവസ്ഥ കൊന്നത് ഓരാളെ അല്ല ഒരുപാട് ജീവിതങ്ങളെ ആണ്. മുറിവേൽപ്പിച്ചത് ഒരു കൂട്ടം വ്യക്തികളെ അല്ല സമുദായങ്ങളെ തന്നെയാണ്. സി കെ ജാനു ഒക്കെ പറയുന്ന പോലെ ഇന്നും ഉറ്റവരുടെ അടുത്തേക്ക് എത്തിച്ചേരാൻ പറ്റാത്ത ഒരുപാട് പേർ ഇപ്പോഴും ഉണ്ട്. മുത്തങ്ങ ബാക്കിവെച്ചത് ഒരു പാട് ജീവിക്കുന്ന രക്തസാക്ഷികളെ ആണ്. മുത്തങ്ങ സമരത്തിലെ ആദിവാസികളോട് ഉള്ള വേട്ട വെടിവെപ്പിൽ അവസാനിച്ചിരുന്നില്ല. അതിന് ഒരു തുടർച്ച ഉണ്ടായിരുന്നു അതാണ് ഇന്നും നീതി തേടി അവർ അലയുന്നത്.
നരിവേട്ടയിൽ കാണുന്ന പോലെ മുത്തങ്ങയിലെ ആദിവാസി വേട്ട പെട്ടെന്ന് സമരം അവസാനിപ്പിക്കാൻ ഭരണകൂടവും പോലീസും നടത്തിയ അക്രമവും വെടിവെപ്പും മാത്രമല്ല, കേരളത്തിൽ ഉയർന്നുവന്ന ആദിവാസി രാഷ്ട്രീയ ബോധത്തെയും, അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുന്നവരെയും അടിച്ചമർത്താനുള്ള ശ്രമം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ മുത്തങ്ങ സമരം കേരളത്തിലെ, ഇന്ത്യയിലെ തന്നെ ആദിവാസികളുടെ സമരത്തിന്റെ ചരിത്ര മുഖം കൂടിയാണ്.