“ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലെ”, “വഖ്ഫിന്റെ കൈയിലുള്ള മിക്കവാറും എല്ലാ ഭൂമികളും ഏതെങ്കിലും രാജകുടുംബത്തിന്റെയോ ഇല്ലത്തിന്റെയോ ആയിരിക്കും” തുടങ്ങിയ കമന്റുകൾ യൂട്യൂബ് വിഡിയോകൾക്ക് താഴെ വലിയ തോതിൽ വരുന്നതായി കാണാം.
വഖഫുകളെക്കുറിച്ചുള്ള ചർച്ചകൾ ഭൂമിക്ക് മേലുള്ള അധികാരവും അവകാശവുമായി ബന്ധപ്പെട്ട വ്യത്യസ്ത വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ചർച്ചകളിൽ കടന്നുവരുന്ന രജിസ്ട്രേഷൻ, കുടിയാൻമാരുടെ വിഷയം തുടങ്ങി അനേകം കാര്യങ്ങൾ കഴിഞ്ഞ രണ്ടോ മൂന്നോ നൂറ്റാണ്ടുകൾക്കിടയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിട്ടുള്ള ഭൂബന്ധങ്ങളിലും അധികാരങ്ങളിലും സംഭവിച്ച മാറ്റങ്ങളുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതായി കാണാം. അതുകൊണ്ട് തന്നെ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ സങ്കല്പങ്ങളെക്കുറിച്ചുള്ള ധാരണകളും ചരിത്രപരമായ പരിവർത്തനങ്ങളെക്കുറിച്ചുള്ള ധാരണകളും സമകാലിക വഖഫുകളെക്കുറിച്ചുള്ള ചർച്ചകളിൽ പ്രധാനമാണ്.

പ്രധാനമായും മൂന്ന് തരത്തിലുള്ള സങ്കല്പങ്ങളാണ് ഈ ചർച്ചകളിൽ കാണാൻ കഴിയുക:
1. ഇന്ത്യയിൽ പൂർവാധുനിക കാലഘട്ടത്തിൽ നിലനിന്നിരുന്ന പരമ്പരാഗത സമ്പ്രദായം. കേരളത്തിൽ ജന്മാവകാശം എന്നോ ജന്മി-കുടിയാൻ സമ്പ്രദായം എന്നോ അറിയപ്പെട്ടു.
2. ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം കൊണ്ടുവന്ന പാശ്ചാത്യ സ്വത്ത് ഉടമാവകാശവുമായി ബന്ധപ്പെട്ട പ്രൈവറ്റ്, പബ്ലിക് തുടങ്ങിയ നിർവചനങ്ങൾ.
3. വഖ്ഫ്.
ജന്മാവകാശം
കേരളത്തിലെ പൂർവാധുനിക ഭൂവുടമസ്ഥത വ്യത്യസ്തവും കാലാകാലങ്ങളായുള്ള ആചാരങ്ങളും പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടതുമാണ്. ജന്മി-കുടിയാൻ സമ്പ്രദായം അല്ലെങ്കിൽ ജന്മം-കാണം മര്യാദ (ഗണേഷ്, 1991) എന്നാണ് ഇത് അറിയപ്പെടുന്നത്. ജന്മി എന്ന പദം ഒരു ഭൂവുടമയെ സൂചിപ്പിക്കുന്നു. ഇത് മിക്കവാറും ‘ജന്മം’ എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാകാനാണ് സാധ്യത. അതായത്, ഒരു ജാതിയിൽ ജനിക്കുന്നതുവഴി പാരമ്പര്യമായി കിട്ടുന്ന അവകാശം. ഒരാൾക്ക് ഭൂമിക്ക് മേൽ ഉടമാവകാശം ലഭിക്കുമോ ഇല്ലയോ എന്നത് അയാൾ ഏത് ജാതിയിൽ ജനിക്കുന്നു എന്നത് നിർണയിക്കുന്ന സമ്പ്രദായം. അതുകൊണ്ടുതന്നെ, ഒരു ജന്മിക്ക് തന്റെ അവകാശം നിലനിർത്തുന്നതിനായി നികുതിയോ കുടിശ്ശികയോ മറ്റൊരു ഉയർന്ന അധികാരിക്ക് നൽകേണ്ടാത്ത വ്യവസ്ഥ. ഈ അർത്ഥത്തിൽ ഭൂമിക്ക് മേൽ സവർണരുടെ ഒരു പരമാധികാരം ആയിരുന്നു നിലനിന്നത്. ജന്മി തന്റെ ഭൂമി കൈമാറ്റം ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ പോലും പുതിയ ഉടമ വാടകയോ കുടിശ്ശികയോ നൽകേണ്ടിവരും, കാരണം അയാൾക്ക് ജന്മാവകാശമായി ഭൂമി സ്വന്തമാക്കാൻ കഴിയുന്നില്ല.
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭൂമിയുടെ അവകാശത്തിന്റെ/ഉടമസ്ഥതയുടെ അടിസ്ഥാന ഘടന ഇപ്രകാരമായിരുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരുന്ന നടുവാഴി പ്രമാണിമാരോടൊപ്പം ക്ഷേത്രങ്ങളും ബ്രാഹ്മണരും ലഭ്യമായ മിക്ക ഭൂമിയും (വയലുകളും പറമ്പുകളും) സ്ഥിരമായ പാരമ്പര്യ അവകാശമായി കൈവശം വച്ചിരുന്നു. അത്തരം ഭൂമികളെ യഥാക്രമം ദേവസ്വം, ബ്രഹ്മസ്വം, ചേരിക്കൽ എന്നിങ്ങനെ തരംതിരിച്ചിരുന്നു.
കേരളത്തിലെ കുടികിടപ്പ്/ജന്മി-കുടിയാൻ വ്യവസ്ഥകളുടെ പ്രത്യേകത, ഭൂമിയുടെ ഉടമകൾക്കും കൃഷി ചെയ്യുന്ന കുടിയാൻമാർക്കും ഇടയിൽ വലിയ ഇടനിലക്കാരുടെ ശൃംഖല നിലനിന്നിരുന്നു എന്നതാണ്. പരമ്പരാഗത ഭൂവുടമകളായ ജന്മികൾക്ക്, അവരുടെ ഭൂമിയിൽ കൃഷി ചെയ്യുകയോ മേൽനോട്ടം വഹിക്കുകയോ ചെയ്യുന്നത് സ്ഥാനത്തിന് ചേർന്നതായി കാണാതിരുന്നതിനാൽ, ഉടമസ്ഥാവകാശം വിട്ടുകൊടുക്കാതെ കൃഷി തുടരുന്നതിനായി പുതിയ ഭൂബന്ധങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു. അതിനാൽ ജന്മം ഭൂമികളെ സംരക്ഷക വിഭാഗമായ നായർ സമൂഹത്തിന് നോക്കിനടത്താൻ വേണ്ടി നൽകുകയാണ് ചെയ്തത് (രാഘവൻ, 1992: 71). ഈ കൈകാര്യ അധികാരമാണ് കാണാവകാശം എന്ന് അറിയപ്പെട്ടത്. സാധാരണയായി, കാണാവകാശങ്ങൾ സമൂഹത്തിലെ സംരക്ഷക വിഭാഗമായ നായർമാർക്ക് നൽകപ്പെട്ടു. കൃഷി അവരുടെ സാമൂഹിക പദവിക്ക് വളരെ താഴ്ന്ന ജോലിയായതിനാൽ, നായർമാർ അവരുടെ കാണം ഭൂമി മുസ്ലിംകളോ തിയ്യർ പോലുള്ള താഴ്ന്ന ജാതിക്കാർക്കോ വീതിച്ചു നൽകുകയായിരുന്നു. അവർ ഉടമസ്ഥാവകാശമില്ലാതെ ഭൂമിയിൽ കൃഷി ചെയ്തു പോന്നു. പകരമായി, അവർ വിളവിന്റെ ഒരു പങ്ക് പട്ടയമായോ പാട്ടമായോ യജമാനന്മാർക്ക് നൽകേണ്ടിവന്നു. ഇത് പട്ടയം എന്ന മറ്റൊരു കാലാവധി സമ്പ്രദായത്തിന്റെ ഉത്ഭവത്തിലേക്ക് നയിച്ചു.
ഒരുവശത്ത് ക്ഷേത്രങ്ങൾ, ബ്രാഹ്മണ ഭൂവുടമകൾ, ഭരണകുടുംബത്തിലെ വിഭാഗങ്ങൾ എന്നിവർ ഭൂമിയുടെ മേൽ ആചാരപരമായ ഉടമസ്ഥാവകാശം നിലനിർത്തിയിരുന്നു. ഇടനിലക്കാരായ ഭൂവുടമകൾക്ക് ആചാരപരമായ അവകാശങ്ങളൊന്നുമില്ലെങ്കിലും യഥാർത്ഥത്തിൽ നിയന്ത്രണ അവകാശങ്ങൾ അവരുടെ കയ്യിലായിരുന്നു. ആചാരപരമായ ഉടമസ്ഥതയും യഥാർത്ഥ നിയന്ത്രണവും തമ്മിലുള്ള ഈ ദ്വന്ദ്വത കേരളത്തിലുടനീളം കാണപ്പെടുന്നുവെന്ന് കെ എൻ ഗണേഷ് (1991) നിരീക്ഷിക്കുന്നുണ്ട്.
മധ്യകാല ഭൂവുടമസ്ഥതക്ക് ഗുരുതരമായ പ്രതിസന്ധികൾ രൂപപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിലാണ്. തിരുവിതാംകൂറിലും കൊച്ചിയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ രീതി, മധ്യകാല ഭൂബന്ധങ്ങളിലെ ഉടമസ്ഥാവകാശ/നിയന്ത്രണ ദ്വന്ദ്വാവസ്ഥയിൽ പുതിയ മാറ്റങ്ങൾ രൂപപ്പെടാൻ തുടങ്ങി. ഉടമസ്ഥാവകാശ-നിയന്ത്രണ ദ്വന്ദ്വാവസ്ഥ എന്നത് സ്റ്റേറ്റിന്റെ ഉടമസ്ഥതയിലേക്കും നിയന്ത്രണത്തിലേക്കും വഴിമാറുന്നതായി കാണാം. ഇതോടുകൂടെ ഭൂ ഉടമകൾക്ക് മീതെ സ്റ്റേറ്റിന്റെ അധികാരം എന്ന ഒരു ഘടന കൂടെ രൂപപ്പെട്ടു. മലബാറിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. കുന്നുകളും താഴ്‌വരകളും ഉയർന്ന പ്രദേശങ്ങളുമുള്ള മലബാറിലെ ഭൂപ്രകൃതി കാർഷികമായ വികസനത്തിന് പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു എന്നതിനാലാവാം ഈ വ്യത്യാസം. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പോലും വടക്കൻ മലബാറിലെ കരയുടെ മൂന്നിൽ രണ്ട് ഭാഗവും വനങ്ങളാൽ നിറഞ്ഞിരുന്നു.
മൈസൂർ പടയോട്ടം സൃഷ്‌ടിച്ച മാറ്റങ്ങൾ
മലബാറിൽ സമ്പ്രദായികമായി നിലനിന്ന ഭൂ അധികാരങ്ങൾ മൈസൂർ ഭരണാധികാരികളുടെ കടന്നു വരവോടെ വലിയ തോതിൽ പരിവർത്തനങ്ങൾക്ക് വിധേയമായി. ആദ്യമായി മലബാറിൽ ഒരു സംഘടിത ഭൂമി വരുമാന സംവിധാനം കൊണ്ടുവന്നത് മൈസൂർ ഭരണാധികാരികളാണ്. ഇത് ജുമാബന്ദി എന്ന പേരിലറിയപ്പെട്ടു. ഹൈദർ അലിയുടെയും ടിപ്പുവിന്റെയും കീഴിലുള്ള റവന്യൂ പരിഷ്‌കാരങ്ങൾ കൃഷിക്കാരുടെ മേൽ ഒരു റവന്യൂ അസസ്മെന്റ് ഏർപ്പെടുത്തി. ഓരോ ഉടമസ്ഥരുടെയും സ്വത്തിന്റെ മൂല്യം പരിശോധിച്ച ശേഷം മൈസൂരിയക്കാർ ഒരു നിശ്ചിത തുക ജുമ്മ ചുമത്തി. ഭൂമിയുടെ മേലുള്ള കൃഷിക്കാരന്റെ അവകാശങ്ങൾ ആദ്യമായി അംഗീകരിക്കപ്പെട്ടത് ഈയൊരു ഘട്ടത്തിലാണ്. ഈ നടപടി പരമ്പരാഗത പണമടയ്ക്കലുകളും ബാധ്യതകളും ഇല്ലാതാക്കുക മാത്രമല്ല, ജന്മിമാരെ കുടിശ്ശിക അടയ്ക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. ഇത് ജന്മം/ ജന്മാവകാശം എന്ന പരമ്പരാഗത ആശയത്തിന് വിരുദ്ധമായിരുന്നു. പുതിയ നികുതി സമ്പ്രദായം നിലവിൽ വന്നതോടെ ജന്മിമാരുടെ സ്ഥിതി അനിശ്ചിതത്വത്തിലായി. ഭൂമിയുടെ യഥാർത്ഥ നിയന്ത്രണം പിടിച്ചെടുത്താൽ മാത്രമേ അവർക്ക് അതിജീവിക്കാൻ കഴിയൂ എന്ന അവസ്ഥ വന്നു.

മൈസൂർ ഭൂസമ്പ്രദായത്തിലെ ഒരു പ്രധാന വശം കൃഷിക്കാരന്റെ അവകാശത്തെ അംഗീകരിച്ചതായിരുന്നു. ഇത് മലബാറിലെ മാപ്പിള കർഷകർക്കും കുടിയാൻമാർക്കും അനുകൂലമായി. തൽഫലമായി, ഭൂവുടമകൾക്ക് ഭൂമിയുടെ മേലുള്ള പതിവ് അധികാരം ക്ഷയിക്കുകയും മലബാറിലെ ഭൂനിയന്ത്രണം മാപ്പിള മുസ്ലീം കൃഷിക്കാരുടെയും കുടിയാൻമാരുടെയും കൈകളിലേക്ക് കടന്നു വരികയും ചെയ്തു. (എബ്രഹാം 2014:381). ഈ പുതിയ റവന്യൂ സംവിധാനം നിലവിൽ വന്നതിന്റെ ഭാഗമായി സർക്കാരിനും കൃഷിക്കാരനും ഇടയിലുള്ള ഇടനിലക്കാരെ ഇല്ലാതാക്കുകയും, ഭൂമി അളന്നുതിരിക്കുകയും സർക്കാരിന്റെ വിഹിതം നിശ്ചയിക്കുകയും ചെയ്തു. എല്ലാറ്റിനുമുപരി, സർക്കാർ കുടിയാന്മാരുമായി നേരിട്ട് ബന്ധം സ്ഥാപിച്ചു. ഫ്യൂഡൽ പ്രഭുക്കന്മാരുടെ അധികാരങ്ങളിൽ വിള്ളലുകൾ വീണ പ്രഥമ ഘട്ടമായി ഈ ചരിത്ര സന്ദർഭം മനസിലാക്കാം. മലബാറിലെ ഉൽപാദനത്തിലും അതിന്റെ വിലയിരുത്തലിലും സ്റ്റേറ്റിന്റെ നേരിട്ടുള്ള ഇടപെടൽ ആരംഭിച്ചത് ഈ കാലഘട്ടം മുതലാണ്. അതേസമയം, ബ്രിട്ടീഷ് അധിനിവേശം, ജന്മിമാരെ പരമ്പരാഗത ഭൂവുടമകളിൽ നിന്ന് നിയമപരമായ ഭൂവുടമകളാക്കി മാറ്റുന്നതായി കാണാം.

തദ്ദേശീയ ഭൂബന്ധങ്ങളെക്കുറിച്ചുള്ള ഓറിയന്റലിസ്റ്റ് ധാരണകളും കൊളോണിയൽ ഇടപെടലുകളും.
മലബാറിലെ ബ്രിട്ടീഷ് അധിനിവേശം പ്രദേശത്തിന്റെ രാഷ്ട്രീയ ക്രമത്തിലും സാമൂഹിക ഘടനയിലും സമ്പദ്‌വ്യവസ്ഥയിലും ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ഭൂമിയെ അടിസ്ഥാനമാക്കിയുള്ള നികുതിയാണ് പ്രധാന വരുമാന സ്രോതസ്സ് എന്നതിനാൽ, കൊളോണിയൽ ഭരണാധികാരികൾ നിലവിലുള്ള ഭൂവുടമസ്ഥതയുടെ ഘടന മനസ്സിലാക്കാൻ ശ്രമിച്ചതായി കാണാം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ബ്രിട്ടീഷ് അധികാരികളുടെ വിലയിരുത്തലുകൾ പലപ്പോഴും പരസ്പരം ചേർന്ന് നിൽക്കാത്ത നിരീക്ഷണങ്ങളായിരുന്നു എന്നും കാണാം. ഫ്രാൻസിസ് ബുക്കാനൻ, മേജർ വാൾക്കർ, വില്യം ലോഗൻ എന്നിവരുടെ ഇത് സംബന്ധിച്ച വിലയിരുത്തലുകളിൽ ഈ വ്യത്യാസങ്ങൾ പ്രകടമായിരുന്നു.
അവരുടെ വീക്ഷണങ്ങൾ എന്തുതന്നെയായാലും, ഈ മേഖലയിൽ ബ്രിട്ടീഷുകാർ ചെയ്തത് മുൻകാല മാതൃകയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ്. അത് ഈ പ്രത്യേക പ്രദേശത്ത് ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. കമ്മീഷണർമാരായി നിയമിതരായ ബ്രിട്ടീഷ് ഭരണാധികാരികൾ, ജന്മിമാരാണ് ഭൂമിയുടെ യഥാർത്ഥ ഉടമകൾ എന്ന് ‘കണ്ടെത്തി’. യൂറോപ്യൻ കോടതികൾ ഈ പുതിയ ഭൂവുടമസ്ഥ വർഗ്ഗത്തെ അംഗീകരിക്കുകയും മറ്റുള്ളവർ സമ്പ്രദായികമായി അനുഭവിച്ചു പോന്നിരുന്ന, ഭൂമിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തു. ജന്മി ഭൂമിയുടെ സമ്പൂർണ്ണ ഉടമസ്ഥനാണെന്ന ആശയത്തെ മിക്കവാറും എല്ലാ ആദ്യകാല കൊളോണിയൽ ഭരണാധികാരികളും പിന്തുണച്ചിരുന്നതായി കാണാം.

ഗൂഢാലോചനകൾ, യുദ്ധങ്ങൾ, ഉടമ്പടികൾ എന്നിവയിലൂടെ സ്ഥാപിതമായ കൊളോണിയൽ രാഷ്ട്രത്തിന്റെ നിലനിൽപ്പിനായി സ്ഥിരമായ ഒരു മാർഗമായി ഭൂമിയെ മാറ്റിയെടുക്കുക എന്നത് കോളോണിയൽ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ഭൂമിയെ വിൽക്കാവുന്നതും പണയപ്പെടുത്താവുന്നതും പാട്ടത്തിന് നൽകാവുന്നതുമായ ഒരു ചരക്കായി സൃഷ്ടിക്കുക എന്ന ദൗത്യത്തിൽ, ഉടമസ്ഥാവകാശം നിർണയിക്കപ്പെടുക എന്നത് ഒരു അനിവാര്യതയായിരുന്നു. ആധിപത്യത്തിന്റെയും അതിന്റെ ചരിത്രരേഖകളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ, ഇന്ത്യയിൽ എല്ലായിടത്തും ബ്രിട്ടീഷുകാർ തദ്ദേശീയ പ്രഭുക്കന്മാരെ ഇന്ത്യയിലെ ഭൂമിയുടെ “സ്വാഭാവിക ഉടമസ്ഥരായി” മാറ്റിയെന്ന് രൺജിത് ഗുഹ നിരീക്ഷിക്കുന്നുണ്ട് (ഗുഹ 1998). പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലും അതിനുശേഷവും കേരളത്തിൽ, (പ്രത്യേകിച്ച് മലബാറിൽ) രൂപം കൊണ്ട ദീർഘകാല സംഘർഷങ്ങളുടെ കാരണങ്ങളിലൊന്ന് നമുക്ക് ഇവിടെ കണ്ടെത്താനാകും.

കൊളോണിയൽ നയം ജന്മികൾക്ക് ഉടമാവകാശവും, ഭൂമിയുടെ കൈമാറ്റങ്ങളും ത്വരിതപ്പെടുത്തുകയും ഭൂമിയിൽ നിന്ന് കൃഷിക്കാരായ കുടിയാൻമാരെ കുടിയിറക്കാൻ അനുവദിക്കുകയും ചെയ്തതിനാൽ ഉയർന്ന വാടക ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ കുടിയാൻമാരെ എളുപ്പത്തിൽ പുറത്താക്കാൻ കഴിയുന്ന സാഹചര്യവും രൂപപ്പെട്ടു. വാടക വർദ്ധിപ്പിക്കാനുള്ള അവകാശവും നിയമപരമായ കുടിയൊഴിപ്പിക്കലും ഉൾപ്പെടെയുള്ള പുതിയ അവസരങ്ങൾ അവരെ പലപ്പോഴും ഒരു വലിയ അധികാരമുള്ള വിഭാഗം ആയി നിലനിർത്താനും അവരുടെ സ്ഥാനം മെച്ചപ്പെടുത്താനും സാധ്യത ഒരുക്കി. ഭൂവുടമകൾ അടിച്ചമർത്തുന്ന തരത്തിൽ പെരുമാറുന്നതായി തോന്നിയ പ്രധാന രൂപങ്ങളിലൊന്ന് കോടതികൾ അംഗീകരിച്ച കുടിയിറക്കൽ അധികാരങ്ങൾ ഉപയോഗിക്കുന്നതായിരുന്നു. ഈ അധികാര വിനിയോഗം വലിയ തോതിൽ അമർഷം വിളിച്ചു വരുത്തി. മലബാർ കലാപങ്ങളുടെ കാലഘട്ടത്തിൽ ജന്മികൾ വലിയ തോതിൽ ഈ രീതി ഉപയോഗിച്ചു. മെൽചാർത്തുകൾ എന്നാണ് ഇത് അറിയപ്പെട്ടത്. അതിലൂടെ ജന്മി തന്റെ കുടിയാൻമാരിൽ ഒരാളെ പുറത്താക്കാനും പകരം വയ്ക്കാനുമുള്ള അവകാശം മൂന്നാം കക്ഷിക്ക് (ചിലപ്പോൾ അക്ഷരാർത്ഥത്തിൽ ലേലത്തിന് വയ്ക്കുന്നതിലൂടെ) നൽകി.
സാമൂഹിക ഇടങ്ങളാവുന്ന വഖ്ഫുകൾ
ജന്മാവകാശം, പ്രൈവറ്റ് ഓർ പബ്ലിക് ഓണർഷിപ്പ് തുടങ്ങിയ സങ്കല്പങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് വഖ്ഫ്. ഉടമാവകാശം എന്നെന്നേക്കുമായി ദൈവത്തിങ്കൽ അർപ്പിതമാക്കിക്കൊണ്ട് അന്ത്യനാൾ വരെ നിർണയിക്കപ്പെട്ട ലക്ഷ്യങ്ങൾക്ക് വേണ്ടി അതിന്റെ ഫലങ്ങൾ ചിലവഴിക്കപ്പെടുക എന്നതാണ് വഖഫിന്റെ ലക്ഷ്യം. വഖഫിന്റെ കാര്യത്തിൽ ചരിത്രപരമായി സുപ്രധാനമായ ഒന്ന് അതിന്റെ നടത്തിപ്പ് രീതിയും അതിൻറെ ഗുണഭോക്താക്കളും ആരായിരുന്നു എന്നതാണ്. പ്രത്യേകിച്ചും ഭൂമിയുടെ ഉടമസ്ഥതയും അതിൻറെ ഭൗതികമായ നേട്ടങ്ങളും സവർണ്ണ ജാതികളിൽ പരിമിതമാക്കപ്പെട്ട നമ്മുടെ മുൻകാലം പരിഗണിക്കുമ്പോൾ വഖ്ഫിന്റെ ഗുണഭോക്താക്കൾ ആരായിരുന്നു എന്നതും അതിലേക്ക് ആർക്കൊക്കെ ഇടം കിട്ടി എന്നതും സുപ്രധാനമാണ്.

ഒരു സ്വത്ത് അല്ലെങ്കിൽ ഭൂമി വഖ്ഫ് ആക്കുന്നതോടുകൂടി സംഭവിക്കുന്നത് അത് ഏതെങ്കിലും വ്യക്തിയും കുടുംബവും അതിൻറെ ഫലങ്ങൾ അനുഭവിക്കുന്നു എന്ന ഇടത്തുനിന്നും സമൂഹത്തിലെ അല്ലെങ്കിൽ ഒരു പ്രദേശത്തെ വലിയൊരു ജനവിഭാഗത്തിന് ഇടമുള്ള/ ഗുണമുള്ള ഒന്നായി മാറുന്നു എന്നതാണ്. ഖബർസ്ഥാനുകൾ അത്തരമൊരു ഉദാഹരണമാണ്. മരിച്ചാൽ സംസ്കരിക്കപ്പെടാൻ പോലും ഒരിഞ്ചു ഭൂമിയില്ലാത്ത, വീടിൻറെ അകം പൊളിച്ചു സംസ്കരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാവുന്ന നമ്മുടെ നാട്ടിൽ ആറടിമണ്ണ് ഓരോരുത്തർക്കും മാറ്റിവയ്ക്കപ്പെടുക എന്നത് തന്നെയും വലിയൊരു സാമൂഹിക മാറ്റമായി കാണേണ്ടതാണ്. അതുകൊണ്ടുതന്നെ, വഖഫുകൾ ആയിരിക്കാം ജന്മാവകാശം എന്ന തലത്തിൽ ഭൂമിക്കുമേൽ അധികാരം നിലനിന്ന ഈ നാട്ടിൽ അത്തരമൊരു വ്യവസ്ഥയെ ആദ്യമായി ഭേദിച്ച ഒരു രീതി എന്നും പറയാം.
വഖഫുകളുടെ ആധാരങ്ങളിലൂടെ കടന്നുപോയാൽ മനസ്സിലാക്കാൻ കഴിയുന്ന മറ്റൊരു കാര്യം സമുദായത്തിന് നൽകപ്പെട്ടിട്ടുള്ള പ്രാധാന്യമാണ്. ഒരു വസ്തു ചെയ്യപ്പെട്ടാൽ അത് അതിൻറെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് അനുസൃതമായി നടത്തപ്പെടുന്നു എന്നും അതിൽ നിന്ന് വ്യതിചലനങ്ങൾ സംഭവിക്കുന്നുണ്ടോ എന്ന കാര്യത്തിൽ അഭിപ്രായം പറയാനുമുള്ള അധികാരം സമുദായത്തിലെ അതിന്റെ ഗുണഭോക്താക്കൾ ആയ ഓരോ വിശ്വാസിക്കും നൽകുന്നതായി കാണാം. അതുകൊണ്ട് തന്നെയാണ് പലപ്പോഴും പല വഖഫുകളുമായി ബന്ധപ്പെട്ട് തർക്കങ്ങൾ രൂപപ്പെടുന്നതും. അഭിപ്രായങ്ങൾക്കോ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് നടത്തിപ്പിൽ ഇടം നൽകാത്തതോ ആയ അടഞ്ഞ സംവിധാനങ്ങളിൽ നാം അത് പ്രതീക്ഷിക്കേണ്ടതില്ല.
അതുകൊണ്ടുതന്നെ വഖഫുകളെ, ഭൂമിയുമായി ബന്ധപ്പെട്ട ഒരു ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമായാണ് യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ടത്. അത്തരത്തിൽ വലിയ ജനവിഭാഗത്തിന് ഇടം നൽകാത്ത ജന്മം അടിസ്ഥാനമാക്കി അധികാരവും അവകാശം നിർണയിക്കപ്പെടുന്ന സങ്കല്പങ്ങൾക്കും വിഭാഗങ്ങൾക്കും വേണ്ടി ഉയർത്തപ്പെടുന്ന മുറിവിളികളെ നാം കരുതിയിരിക്കേണ്ടിയിരിക്കുന്നു.