Campus Alive

ബിലാൽ ഇബ്നു റബാഹ: അപരവിദ്വേഷത്തിന്റെ ഇസ്‌ലാമിക മാനങ്ങൾ

പല മുസ്‌ലിംകളുടെയും സാമൂഹിക അരികുവൽകരണത്തിന്റെയും കറുപ്പ് നിറത്തിന്റേയും ചർച്ചാകേന്ദ്രമാണ് ബിലാൽ ഇബ്നു റബാഹ. എന്നിരുന്നാലും പ്രവാചക നിയോഗങ്ങളോട് ദൈവികഭക്തിയോടെയും വിശ്വാസകൂർമതയോടെയും ആത്മാർത്ഥതയോടെയും സമീപിച്ചവരിൽ ബിലാൽ ഇബ്നു റബാഹയെ എണ്ണുന്നത് വളരെ വിരളമാണ്. ജനങ്ങളെ ഇത്തരത്തിലുള്ള ഊന്നലുകളിലേക്ക് കൊണ്ടെത്തിച്ചത് യൂറോപ്യൻ നവോത്ഥാനത്തിന്റെ കടന്നുവരവിന് ശേഷം ജനങ്ങളിൽ വർധിച്ച കളറിസവും അതുപോലെ അപകൃഷ്ട പ്രതിഫലനങ്ങളുടെ ഉയർന്നുവരവുമാണ്. ആധുനിക ജനത തങ്ങളുടെ സ്വഭാവ രീതികളെയും നിറങ്ങളെയും ഭാഷയെയും മാനിച്ചു കൊണ്ട് സ്വയം വിവേചിതരാവാനാണ് താൽപര്യപ്പെടുന്നത്. ഭൗമപരമായ ജനസംഖ്യയിൽ നിന്ന് തങ്ങളെ വേർതിരിച്ചറിയാൻ ബൈസന്റൈൻ, ലവന്റൈൻ, പേർഷ്യൻ എന്നിവർക്കിടയിൽ താരതമ്യേന നിറംകുറഞ്ഞ അറബികളെ ഹംറ് എന്നു വിശേഷിപ്പിച്ചത് ഇതിൽ ഉൾക്കൊള്ളുന്നില്ല. അത്തരത്തിലുള്ള വെളുപ്പ് കുറഞ്ഞ ജനവിഭാഗം വളരെ കുറച്ചു മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അബിസീനയിലെയും സുഡാനിലെയും ജനങ്ങളെ പോലെ ഉള്ളവരെ ഇളം കാപ്പി(asmar) കടും കാപ്പി(amd) എന്നിങ്ങനെ വിശേഷിപ്പിച്ചതിനെ അല്ല പറഞ്ഞുവരുന്നത്. വ്യത്യസ്ത അഭിപ്രായങ്ങളനുസരിച്ച് ബിലാൽ ഇബ്നു റബാഹയുടെ ശരീരപ്രകൃതിയോട് കുറെ അധികമൊന്നും വൈജാത്യം പുലർത്താത്തവരാണ് നബി തങ്ങളുടെ അനുചരന്മാരായ അലി (റ), സയ്ദ്(റ), ഉസാമ(റ) എന്നിവർ. തന്റെ മാതാവിന്റെ ആഫ്രിക്കൻ താഴ്‌വേരുകൾ സയ്ദ് ഇബ്നു ഉസാമയെ ആഫ്രിക്കൻ വംശജനായി ചിത്രീകരിക്കാൻ ഉതകുന്നതല്ല. മറിച്ച് ബിലാൽ ഇബ്നു റബാഹയുടെ പരന്ന മൂക്കുകൾ ആഫ്രിക്കൻ വംശത്തിലേക്ക് കൂടുതൽ വിരൽ ചൂണ്ടുന്നു. ചില അഭിപ്രായങ്ങൾ അനുസരിച്ച് ഉസാമ (റ) ന് തന്റെ പിതാവിന്റെ പോലെ പരന്ന മൂക്കും ബിലാൽ(റ)ന് തന്റെ മാതാവിന്റെ പോലെ വളഞ്ഞ മൂക്കുമാണ്. ആദ്യ കാല മുസ്‌ലിം ചരിത്രകാരന്മാർ തങ്ങളുടെ ജീവിതകാലം മുഴുവൻ ഇസ്‌ലാമിക നിയമസംഹിതകളിലും പ്രവാചക വചനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നവരായത് കൊണ്ട് ചരിത്രറിപ്പോർട്ടുകൾ കൂടുതൽ വിശ്വാസ യോഗ്യമല്ല. അതുകൊണ്ട് തന്നെ മുകളിൽ പരാമർശിച്ച റിപ്പോർട്ടുകൾ കൂടുതൽ വസ്തുനിഷ്ഠമാകാനുള്ള സാധ്യത കുറവാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രവാചക ജീവിതത്തിലെ പ്രധാനസംഭവങ്ങളും ഇസ്‌ലാമിക ചരിത്രത്തിന്റെ രൂപരേഖയും അടയാളപ്പെടുത്തി വെക്കുന്നവർക്ക് വൈയക്തിക ചരിത്രങ്ങളോട് കൂടുതൽ വസ്തുതാപരമായി സമ്പർക്കം പുലർത്താൻ സാധിക്കില്ല.

പ്രവാചക അനുചരന്മാരിൽ കറുപ്പ് നിറമുള്ളതും വംശീയ ന്യൂനപക്ഷമായി നിലനിന്നിരുന്നതും ബിലാൽ(റ) മാത്രമായിരുന്നില്ല. ബിലാലിന്റെ സഹോദരൻ ഖാലിദും സഹോദരി ജുബൈരിയയും അബിസീനിയൻ പിന്തുടർച്ച ഉള്ളവരായിരുന്നു. അറേബ്യൻ ജനതയിൽ ശരീര വിശേഷണത്തിൽ മാറ്റമുണ്ടായിരുന്ന മറ്റൊരു വ്യക്തിയാണ് പേർഷ്യൻ അടിവേരുകളുള്ള സൽമാൻ(റ). ഇവിടെ ഓർത്തിരിക്കേണ്ട ഒരു പ്രധാന കാര്യം, ഇന്ന് കാണുന്ന വംശീയ ന്യുനപക്ഷവും അന്ന് ഉണ്ടായിരുന്ന വംശീയ ന്യൂനപക്ഷവും തമ്മിൽ വളരെ അധികം അന്തരമുണ്ടെന്നതാണ്. ഒന്നാമതായി, ഇന്ന് കാണുന്ന സ്വീകാര്യത ഒന്നും അന്നത്തെ കാലത്ത് ഈ തരത്തിലുള്ള ജൈവിക നിർണയനങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഗണ നിർണ്ണയനങ്ങളിലും ഏകമതീഭാവങ്ങളിലും സമൂഹങ്ങളെ പ്രധാനമായും സ്വാധീനിച്ചിരുന്നത് ഭാഷ, ചരിത്രം തുടങ്ങിയ സാംസ്കാരികമായ വൈജാത്യങ്ങളായിരുന്നു. പ്രത്യേകമായ സമൂഹങ്ങളിൽ പൊതുവെ അപരവിദ്വേഷവും നിലനിൽക്കും. അപരവിദ്വേഷം ഏതെങ്കിലുമൊരു സമൂഹത്തിൽ മാത്രമുണ്ടായിരുന്നതല്ല.

വിവിധ അഭിപ്രായങ്ങളനുസരിച്‌ ബിലാൽ വിദേശ വംശജൻ മാത്രമായിരുന്നില്ല, അദ്ദേഹമൊരു അടിമ കൂടി ആയിരുന്നു. അറേബ്യയിൽ ഏഴാം നൂറ്റാണ്ടിൽ സാമൂഹിക അരികുവത്കരണത്തിന്റെ പ്രധാന ഘടകങ്ങളായി കണക്കാക്കുന്നത് ഈ രണ്ട് കാര്യങ്ങളുമാണ്. ഈ ലേഖനത്തിന്റെ പ്രധാന ഉദ്ദേശ്യം അറേബ്യയിൽ നിലനിന്നിരുന്ന വംശീയ ന്യൂനപക്ഷത്തെയും അതിനൊപ്പം ബിലാൽ ഇബ്നു റബാഹയെയും വിവരിക്കലാണ്. അന്നത്തെ കാലത്ത് നിലനിന്നിരുന്ന വംശീയ ന്യുനപക്ഷങ്ങൾ സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും അകറ്റിനിർത്തപ്പെട്ടവർ ആയിരുന്നില്ല. മറിച്ച് രാജ്യത്തിന്റെ പ്രധാന കാര്യങ്ങളായ സുരക്ഷ പോലുള്ള കാര്യങ്ങളിൽ അവർക്ക് സ്ഥാനമാനങ്ങളുണ്ടായിരുന്നില്ല. അക്കാലത്തെ മറ്റു സമൂഹങ്ങളിലെ പോലെ വംശീയ ന്യൂനപക്ഷങ്ങൾ ശാരീരിക കയ്യേറ്റങ്ങളിൽ നിന്നും കുറച്ചു സംരക്ഷണം ലഭിച്ചു.  യഥാർത്ഥത്തിൽ, ബിലാലും അവരെ പോലെ ഉള്ള അബിസിനിയൻ വംശജരും ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടില്ല എന്ന പോലെ ഖുറൈശികളല്ലാത്ത അറബികളും മാറ്റിനിർത്തപ്പെട്ടവരായിരുന്നു. ഇത്തരത്തിലുള്ള വിവേചനങ്ങൾ നിറങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നില്ല എന്നാണ് ഈ സംഭവം വിവരിക്കുന്നത്. അധികാര നിയന്ത്രണങ്ങൾ നിഷേധിക്കപ്പെട്ട ഖുറൈശീ ഇതര അറബികൾക്ക് ഇളം നിറമാണ്. പ്രവാചകന്റെ ആഗമന കാലത്തു തന്നെ ധാരാളം അബിസിനിയക്കാരും എത്യോപ്യക്കാരും അറേബ്യയിലുണ്ടായിരുന്നു. അതിൽ കുറച്ചധികം പേര് ഇസ്‌ലാം സ്വീകരിച്ചു. അന്നത്തെ കാലത്ത് രാഷ്ട്രീയവും സാമൂഹികവുമായ ഒഴിച്ചുനിർത്തലുകൾക്ക് പകരം പ്രവാചകർ അവരെ കൂട്ടി നിർത്തി. അതിൽ ബിലാൽ തങ്ങൾക്ക് വിവിധ ചുമതലകളുമുണ്ടായിരുന്നു.

ബിലാൽ ഇബ്നു റബാഹ

അദ്ദേഹത്തിന്റെ പിതാവിന്റെ പേരാണ് റബാഹ. ജനന സ്ഥലത്തെ പറ്റി അഭിപ്രായവ്യത്യാസം ഉള്ളത് പോലെ തന്നെ  മരണ ദിവസത്തിലും അഭിപ്രായ വ്യത്യാസം ഉണ്ട്. ചില റിപ്പോർട്ടുകൾ ജനനം അറേബ്യയിൽ ആണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ചിലർ അത് കിഴക്കൻ  അറേബ്യയിലാണെന്ന അഭിപ്രായമുള്ളവരാണ്. മക്കയിലെ ജുമാ എന്ന ഗോത്രത്തിലാണ് ജനിച്ചത് എന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്. നീണ്ടു മെലിഞ്ഞ ശരീരമുള്ള ബിലാലിന് ഇരുണ്ട നിറമാണ്. ധാരാളം മുടിയുള്ള ശരീരത്തിൽ വളരെ നേർത്ത താടിയുമാണ്. ബദ്ർ അടക്കമുള്ള പ്രധാനപ്പെട്ട യുദ്ധങ്ങളിലെല്ലാം പങ്കെടുത്ത് പ്രവാചക അനുചരന്മാരിൽ നല്ല നില നേടിയെടുത്തു. അദ്ദേഹത്തിന്റെ മാതാവ് സുകൈന എന്ന വിളിപ്പേരുള്ള ഹമാമ ഒരു അബിസിനിയക്കാരി ആയിരുന്നു. ചരിത്രാവലംബങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് റബാഹ എന്നവർ അറബി ആയിരുന്നു എന്നാണ്. നുബുവ്വത് ലഭിക്കുന്നതിന് മുമ്പോ ശേഷമോ പ്രവാചകനുമായി ഒരിക്കൽ പോലും റബാഹ കണ്ടുമുട്ടിയിട്ടില്ല. മാത്രവുമല്ല അദ്ദേഹം ഇസ്‌ലാം മത വിശ്വാസിയുമല്ല. അതുപോലെ അദ്ദേഹം ബിലാലിനോടും ഹമാമയോടും ശിഷ്ടകാലം എങ്ങനെ കഴിഞ്ഞു എന്ന വിവരണങ്ങളും ചരിത്രത്തിൽ ലഭ്യമല്ല. ബിലാൽ (റ)വിന്റെ മാതാപിതാക്കൾ യുദ്ധ തടവുകാർ ആയിരുന്നെന്നും പിന്നീട് അവർ കല്യാണം കഴിച്ച് അതിൽ ഉണ്ടായ കുട്ടിയാണ് ബിലാൽ എന്നാണ് ബാലദുരിയുടെ നിഗമനം. ഇസ്‌ലാമിക നിയമപ്രകാരം അടിമവംശത്തിൽ പെട്ട രണ്ടുപേർക്കുണ്ടാവുന്ന കുട്ടിയും അടിമഗണത്തിൽ പെടും. റബാഹ ഒരു അറബ് വംശജൻ ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ മകൻ ബിലാലും ഉമ്മയുടെ വംശം നോക്കാതെ തന്നെ അതേ ഗണത്തിൽ ഉൾപ്പെടുമായിരുന്നു. അക്കാലത്ത് അറേബ്യയിലുണ്ടായിരുന്ന അമ്മാർ ബിൻ യാസിറിനെയും ഉഖ്ബത് ഇബ്നു നാഫിയെ പോലെയും അറബികളിൽ ഒരാളായി തീരുമായിരുന്നു. ഇക്കാരണത്താലാണ് ബിലാലിന് മക്കയിൽ കൊടിയ പീഠനങ്ങൾ സഹിക്കേണ്ടി വന്നത്. റബാഹ അബിസിനിയൻ ആണെങ്കിൽ കൂടി ബിലാൽ അറേബ്യയിൽ ആണ് വളർന്നു വലുതായത്. അതുകൊണ്ട് തന്നെ സാംസ്കാരികമായി അദ്ദേഹം അറബ് ആണെന്ന്  വായിക്കുന്നതാവും കൂടുതൽ ശരി. വളരെ നല്ല ഉച്ചാരണശുദ്ധി വേണ്ട അറബി ഭാഷയിൽ ബിലാലിന് അറബി അക്ഷരമാലയിലെ ഷീൻ (ش) എന്ന പദം ഉച്ചരിക്കാൻ ബുദ്ധിമുട്ടായിരുന്നു. പകരം അദ്ദേഹം ഉപയോഗിച്ചിരുന്നത് സീൻ(س) എന്ന അറബി പദമായിരുന്നു. ഇതേ പറ്റി പ്രവാചകർ ഒരിക്കൽ പറയുകയുണ്ടായി, സൃഷ്ടാവിന്റെ അടുക്കൽ ബിലാലിന്റെ സീൻ ഷീൻ ആയി മാറും എന്ന്. മക്കയിലെ പേരുകേട്ട പ്രമാണിയായ അബ്ദുല്ലാഹ് ഇബ്നു ജാദാനിന്റെ അടിമയായിരുന്നു ബിലാൽ. മറ്റൊരു അഭിപ്രായത്തിൽ ഉമയ്യ്‌ബിനു ഖലഫിന്റെ ആണെന്നുമുണ്ട്. പ്രവാചക മുഅ്ജിസാത്തായ കറവ വറ്റിയ ആടിന്റെ അകിടിൽ നിന്നും പാൽ വന്ന സംഭവത്തിലാണ് ബിലാൽ ഇസ്‌ലാം സ്വീകരിക്കുന്നത്. ചരിത്ര സംഭവങ്ങൾ സൂചിപ്പിക്കുന്നത് പ്രവാചകരും അനുയായിയായ അബൂബക്കർ തങ്ങളും ബിലാലും ആ ആടിന്റെ പാൽ കുടിച്ചെന്നാണ്. നാലാം ദിവസം മുസ്‌ലിംകളുടെ മുഖ്യ ശത്രുവായ അബൂജഹൽ ഈ സംഭവം കണ്ടെത്തുകയും ബിലാൽ മുസ്‌ലിം ആയിട്ടുണ്ടെന്ന് അബ്ദുല്ലാഹ് ബിനു ജാദാനെ അറിയിക്കുകയും ചെയ്തു. ഒരു ദിവസം കഅ’ബയിലെ വിഗ്രഹങ്ങളുടെ അടുത്തെത്തിയ ബിലാൽ അതിലെല്ലാം തുപ്പാൻ തുടങ്ങി. ഈ വിവരം അറിഞ്ഞപ്പോൾ അബ്ദുല്ലാഹ് ബിനു ജഅദാൻ അബൂജഹ്‌ലിനും ഉമയ്യ ബിൻ ഖലഫിനും ബിലാലിനെ പീഡിപ്പിക്കാൻ സമ്മതം നൽകി. മരുഭൂമിയിൽ നട്ടുച്ച സമയത്ത്‌ ബിലാലിനെ കിടത്തി നെഞ്ചിന്റെ മുകളിൽ വലിയ പാറക്കല്ലു കയറ്റിയായിരുന്നു അബൂജഹലിന്റെ മർദനം. ബിലാൽ ഇതിന് മധുര പ്രതികരമെന്നോണം ബദ്റിന്റെ യുദ്ധഭൂമിയിൽ ഉമയ്യയെ കൊലപ്പെടുത്തിയിട്ടുമുണ്ട്. മുസ്‌ലിം ചരിത്രകാരന്മാർക്കിടയിൽ ഇന്നും വിയോജിപ്പുള്ള വിഷയമാണ് ബിലാൽ തങ്ങളുടെ മോചനത്തെ പറ്റി. ഇബ്നു സഅദിന്റെ അഭിപ്രായത്തിൽ അബൂബക്കർ (റ) ആയിരുന്നു ഇതിന് പിന്നിൽ എന്നാണ്. ഇമാം സുയൂത്വിയുടെ അഭിപ്രായത്തിൽ  അബൂബക്കർ (റ)വിന്റെ പ്രധാന വരുമാന മാർഗമായ ഫുസ്തുത് എന്ന അടിമക്ക് പകരം കച്ചവടം നടത്തിയെന്നാണ്. ഇസ്‌ലാമിന് അബിസിനിയയുമായുള്ള ബന്ധം ഫീൽ എന്ന അധ്യായത്തിലൂടെ നമുക്ക് മനസ്സിലാക്കാം. അബസീനിയായിലെ ചക്രവർത്തി കഅബയെ ആക്രമിക്കാൻ വരുന്ന ചരിത്രമാണ് അതിൽ വിവരിച്ചിട്ടുള്ളത്. പ്രവാചക ജനനത്തിന് മുമ്പെ മക്കയിൽ ആഫ്രിക്കൻ അടിമകൾ ഉണ്ടായിരുന്നു എന്ന വാദത്തിന് ഇത് ആക്കം കൂട്ടുന്നു. അതുപോലെ ചില അറബികൾ ആഫ്രിക്കൻ മാതാക്കൾക്ക് പിറന്നതിന്റെയും കാരണം ഇതാണ്.  അറബികൾക്ക് അബിസിനിയയുമായുള്ള ബന്ധം തുടങ്ങുന്നത് ക്രൂര ചക്രവർത്തിയായ അബ്രഹത്തിൽ നിന്നാണ് എന്നാണ് വസ്തുത. ആ ഒരു തെറ്റിദ്ധാരണ പ്രവാചകർ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. കിഴക്കൻ ആഫ്രിക്കൻ ഭരണപ്രദേശമായ Axum ഇലേക്ക് തന്റെ ആദ്യകാല അനുയായികളെ നിഗൂസുകളോടൊപ്പം അഭയം പ്രാപിച്ചും അതുപോലെ ക്രിസ്ത്യാനികളോട് ഐക്യപ്പെട്ടുകൊണ്ടും അത് സാധ്യമാക്കി.

ഈ സംഭവങ്ങളൊന്നും ഒരിക്കലും അറേബ്യയെ പ്രോ ബ്ലാക്ക്‌ ആയും ആന്റി വൈറ്റ് ആയും മുദ്ര കുത്തുന്നില്ല. അറേബ്യൻ സ്ഥിതി വിശേഷങ്ങളിൽ എങ്ങനെയാണ് ട്രൈബലിസവും മധ്യ കാല വംശീയ ചിന്തകളും രൂപപ്പെട്ടത് എന്ന് വിചിന്തനം ചെയ്യേണ്ടതുണ്ട്. മധ്യകാല ഇസ്‌ലാമിക സങ്കൽപങ്ങൾ ആന്റിബ്ലാക്ക് ആണെന്ന് പറയുന്നവർക്കുള്ള നിരവധി മറുപടികൾ ബിലാലിലുണ്ട്‌. ആദ്യകാല മുസ്‌ലിം സമുദായങ്ങളിൽ അരികുവൽകരണങ്ങൾ നടന്നിരുന്നു എന്ന വാദങ്ങൾക്ക് കൂടിയുള്ള മറുപടിയാണത്. അതിൽ പ്രധാനപ്പെട്ടതാണ് ബിലാലിന്റെ മുഅദ്ദിൻ സ്ഥാനം. വിശ്വാസവും നന്മയും കൊണ്ട് മറ്റു തരത്തിലുള്ള വംശീയ അധിക്ഷേപങ്ങളും മറ്റും മറികടന്നവരായിരുന്നു ആദ്യകാല മുസ്‌ലിം സമുദായം. പ്രവാചകന്റെ ആദ്യത്തെ മുഅദ്ദിൻ എന്നതിലുപരി ബൈത്തുൽമാലിന്റെ സൂക്ഷിപ്പുകാരൻ എന്ന സ്ഥാനം കൂടി ബിലാലിനുണ്ടായിരുന്നു. ബിലാൽ അവസാനമായി ബാങ്ക് വിളിച്ചത് പ്രവാചകന്റെ വിയോഗശേഷമായിരുന്നു. മേലുദ്ധരിച്ച സംഭവങ്ങളെല്ലാം ബിലാലിന് ഇസ്‌ലാം സ്വീകരിച്ചതിന്റെ ശേഷം ഒരു വിധ ബുദ്ധിമുട്ടുകളും ന്യുനപക്ഷം ആയതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ്.

വിവർത്തനം: മുബശിർ ടി വി ചെമ്പിലോട്

ഡോ അബ്ദുല്ലാഹ് ബിൻ ഹാമിദ് അലി