Campus Alive

നികുതിയിലെ അശാസ്ത്രീയത: ബദലൊരുക്കുന്ന സകാത്ത്

ഇസ്‌ലാമിലെ സാമ്പത്തിക വ്യവഹാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സകാത്. നികുതി വ്യവസ്ഥയോട് സാമ്യപ്പെടുന്ന സകാത്ത്  പ്രധാനപ്പെട്ട  ഒരു ആരാധനാ കർമ്മം കൂടിയാണ്. സ്വർഗം ലഭിക്കുന്ന വിശ്വാസികളെ പരാമർശിക്കുന്നിടത്ത്  “അവർ സകാത് നൽകുന്നവരുമാണ്”(മുഅമിനൂൻ,4) എന്ന് വിശേഷിപ്പിച്ചതും നരകം ലഭിക്കുന്ന അവിശ്വാസികളെ  പരാമർശിക്കുന്നിടത്ത്  “അവർ സകാത് നൽകാത്തവരാണ്”(ഫുസ്സിലത്,7) എന്ന് വിശേഷിപ്പിച്ചതും ഇസ്‌ലാം സകാത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. വിശുദ്ധ ഖുർആനിൽ സകാത്ത് പരാമർശിച്ച മുപ്പത് ഇടങ്ങളിൽ ഇരുപത്തിയെട്ടും  നിസ്കാരത്തോട് കൂടെയാണ്  പറഞ്ഞതെന്നതും ചേർത്ത് വായിക്കേണ്ടതാണ്.

 സകാതും മുൻകാലങ്ങളിലെ  സമാന സമ്പ്രദായങ്ങളും

ഇസ്‌ലാമിന് മുമ്പ്  ലോകത്ത് പല പ്രത്യയശാസ്ത്രങ്ങളിലും പാവപ്പെട്ടവരെ പരിഗണിക്കാനും ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താനും വേണ്ടിയുള്ള  സംവിധാനങ്ങൾ നിലനിന്നിരുന്നതായി കാണാം. എന്നാൽ അതിൽ നിന്നെല്ലാം സകാത്തിനെ വ്യതിരിക്തമാക്കുന്ന അതിന്റെ ചില സ്വതന്ത്ര സവിശേഷതകളിലേക്ക് കടക്കാം.

ഒന്നാമതായി, സ്വതാൽപര്യമനുസരിച്ച്  ചെയ്യേണ്ട സത്പ്രവർത്തനങ്ങളിൽ പെട്ടതല്ല സകാത്. ഇസ്‌ലാമിലെ പഞ്ചകർമ്മങ്ങളിൽ സുപ്രധാനമായ സകാത്ത് മതം നിഷ്കർഷിക്കുന്ന ചിട്ടയിൽ തന്നെ ഓരോ വിശ്വാസിയും ചെയ്തു വീട്ടേണ്ട നിർബന്ധ ബാധ്യതയാണ്. സകാത്ത് കൃത്യമായി നൽകാത്തവർക്കെതിരെ നിയമ നടപടിയും പാടെ നിഷേധിക്കുന്നവരെ അവിശ്വാസിയായി ഗണിക്കപ്പെടാനും ഇസ്‌ലാം കാർക്കശ്യം കാണിക്കുന്നു. വ്യക്തിതാൽപര്യാനുസരണം നടന്നു വരുന്ന സന്നദ്ധ സേവനം എന്നതിലപ്പുറം ഒരു സാമൂഹിക ബാധ്യതയായി ഇസ്‌ലാം സകാത്തിനെ പരിചയപ്പെടുത്തി.

രണ്ടാമതായി, പണക്കാരുടെ ഔദാര്യമല്ല സകാത്, പാവപ്പെട്ടവരുടെ അവകാശമാണത്. നിശ്ചിത പരിണാമ (നിസാബ്)ത്തോട് കൂടെ വർഷം തികഞ്ഞാൽ പാവപ്പെട്ടവർ സകാത്തിന്റെ സമ്പത്തിൽ പങ്കാളികളാകും. അത് കൊണ്ട് തന്നെയാണ് വർഷം തികഞ്ഞ ശേഷം അതിൽ ഇടപാട് ഹറാമാകുന്നതും. സമ്പന്നന്റെ സമ്പത്തിൽ പാവപ്പെട്ടവന് അർഹത എന്നതിലുപരി അവകാശം നൽകുന്ന ഈ സംവിധാനം മുതലാളിക്കരങ്ങളിൽ സമ്പത്ത് അനർഹമായി കേന്ദ്രീകരിക്കപ്പെടുന്നത് ഇല്ലാതാക്കും. ലോകത്ത് ഇത്തരം ശ്രമങ്ങൾ ഔദാര്യമായി ചുരുങ്ങിയത് കൊണ്ടാണ് ഫലപ്രദമായ മാറ്റങ്ങൾ സമൂഹത്തിൽ നിഴലിക്കാത്തത്.

മൂന്നാമതായി, നൽകേണ്ടത്  ഇന്നതിലാണെന്നും അതെത്രയാണെന്നും മറ്റു പ്രത്യയശാസ്ത്രങ്ങൾ പരാമർശിച്ചിട്ടില്ല. “ഉള്ളവർ നൽകുക” എന്ന രീതിയാണ് കൽപിക്കപ്പെട്ടിട്ടുള്ളത്. ഇത് ആപേക്ഷികമായത് കൊണ്ട് തന്നെ മുകളിലുള്ളവരെ നോക്കി അത് തനിക്ക് ബാധകമാവില്ലെന്ന് പലരും ധരിക്കും. ‘ഉള്ളവർ’ ‘ഇല്ലാത്തവർ’ എന്ന വിഭജനം നിർണ്ണയിക്കപ്പെടാത്തതിനാൽ തന്നെ കാര്യക്ഷമമായി ഇവ പ്രയോഗവൽക്കരിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. എന്നാൽ ഇസ്‌ലാം ഇക്കാര്യം  വ്യക്തമായി ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. ഏതെല്ലാം സമ്പത്തിലാണ് സകാത്ത് നൽകേണ്ടതെന്നും അത് എത്രയായിരിക്കണമെന്നും പഠിപ്പിച്ചിട്ടുണ്ട്.

അവസാനമായി, സകാത്തിന്റെ ലക്ഷ്യം മറ്റു മതങ്ങളിലുള്ളത് പോലെ  ‘അൽപാശ്വാസം പകരലല്ല’. ദാരിദ്ര നിർമ്മാർജ്ജനവും അതിലകപ്പെട്ടവരെ കൈപിടിച്ചുയർത്താലുമാണത് ലക്ഷ്യം വെക്കുന്നത്. പാവപ്പെട്ടവർക്ക് കൊടുക്കേണ്ടതെത്ര എന്നിടത്ത്  ഭാവി ജീവിതത്തിനുതകുന്നത് (കിഫായതു ഉംറിൽ ഗാലിബ്‌) എന്ന് പണ്ഡിതന്മാർ പറയാൻ കാരണവുമിതാണ്.

സകാത്തും ആധുനിക നികുതി സമ്പ്രദായങ്ങളും

ആധുനിക നികുതി സമ്പ്രദായങ്ങളിൽ നിന്ന് സകാത് വ്യത്യസ്തമാകുന്നതെങ്ങനെ എന്ന് മനസ്സിലാക്കാൻ  രണ്ടിന്റെയും അടിസ്ഥാന തത്വങ്ങൾ (basic principle) തിരിച്ചറിഞ്ഞാൽ മതി. നികുതിയുടെ അടിസ്ഥാനത്തെ വ്യത്യസ്ത കോണുകളിൽ നിന്നാണ് ഗവേഷകർ നോക്കി കാണുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ തത്വചിന്തകന്മാർ അഭിപ്രായപ്പെടുന്നത് അത് ഭരണകൂടവും അതിലെ പൗരനും തമ്മിലുള്ളൊരു ഇടപാട് എന്ന നിലയിലാണ്. അതു തന്നെ നാല് രീതിയിലുള്ള ഇടപാടായി വിവരിക്കുന്നത് കാണാം.

കച്ചവടം

ഫ്രഞ്ച് വിപ്ലവത്തിന്റെ തുടക്ക കാല നേതാവും ഫ്രഞ്ച് രാഷ്ട്രീയ തലവനുമായ മീറാബു(Mirabeau)വാണ്  കച്ചവടത്തിന് തുല്യമായ ഇടപാടാണ് നികുതിയെന്നഭിപ്രായപ്പെട്ടത്. ഇതു പ്രകാരം “സമൂഹ സുരക്ഷ” എന്നൊരു വസ്തുവിനെ(commodity) വാങ്ങാൻ വേണ്ടി ജനങ്ങൾ നൽകുന്ന വിലയാണ്(price) നികുതി എന്ന് ചുരുക്കം.

തൊഴിലിനുള്ള വേതനം

സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന ആദം സ്മിത്താണ് ഈ ഒരു കോണിൽ നിന്ന് നികുതിയെ വീക്ഷിച്ചത്. ഭരണകൂടം പൗരന് വേണ്ടി എണ്ണമറ്റ സേവനങ്ങൾ ചെയ്യുന്നത് കൊണ്ട് തന്നെ അതിനുള്ളൊരു വേതനമാണ്(salary) നികുതി എന്നാണ് സ്മിത്ത് പറയുന്നത്. ഇതിലൂടെ ഭരണകൂടം ഒരു തൊഴിലാളിയും(labour)  നികുതി തൊഴിലിനുള്ളൊരു വേതനവും എന്ന സ്ഥിതിഗതിവിശേഷമാണ് രൂപപ്പെടുന്നത്.

ഇൻഷുറൻസ്

ഫ്രഞ്ച്  രാഷ്ട്രീയ തത്വചിന്തകനായ മൊന്തസ്ക്യൂവും  ഇംഗ്ലീഷ് തത്വചിന്തകനായ തോമസ് ഹോബ്സുമാണ്  നികുതിയെ ഇൻഷുറൻസ് ആയി വിലയിരുത്തിയത്. തന്റെ  ഉടമസ്ഥതയിലുള്ള സമ്പത്തിന്റെ സുരക്ഷക്ക് വേണ്ടി വ്യക്തി അടക്കുന്ന തുകയാണ്(premium) നികുതി എന്നാണിവർ പറയുന്നത്. വാഹന ഇൻഷുറൻസ് അടക്കുന്നത് മുഖേനെ വാഹനം കേടായാൽ സർക്കാർ സഹായം ലഭിക്കുന്നത് സുപരിചിതമാണല്ലോ. അത് പോലെ തന്നെ നികുതി നൽകുന്നതിലൂടെ നമ്മുടെ സമ്പത്ത്  സുരക്ഷിതമാവുകയും നഷ്ടപ്പെട്ടാൽ പരിഹാര മാർഗങ്ങൾ ഭരണകൂടം നൽകുമെന്നും ചുരുക്കം.

പ്രത്യുപകാരം(Reputation)

ജനീവിയൻ തത്വചിന്തകനായ ജീൻ ജാക്കസ് റൂസ്സോയാണ് ഈ ഒരാശയം മുന്നോട്ട് വെക്കുന്നത്. ഭരണകൂടം പൗരന്മാർക്ക് വേണ്ടി ധാരാളം സേവനങ്ങളും  നന്മകളും ചെയ്യുന്നത് കൊണ്ട് തന്നെ അതിനുള്ളൊരു പ്രത്യുപകാരമാണ് നികുതി എന്നാണ് റൂസ്സോ അഭിപ്രായപ്പെടുന്നത്. സഹായിച്ചവനെ തിരിച്ചു സഹായിക്കൽ മാനവികമായത് കൊണ്ട് തന്നെ ആ ഒരു പരികൽപനയേ നികുതിക്കുള്ളൂവെന്ന് ചുരുക്കം.

എന്നാൽ സകാത്, ഭരണകൂട-വ്യക്തി  ബന്ധങ്ങൾക്കുപരി ഉടമ-അടിമ എന്ന ബന്ധമാണ് വെച്ച് പുലർത്തുന്നത്. ഉടമയുടെ ഔദാര്യം എന്നതിലുപരി അടിമയുടെ അവകാശങ്ങൾക്ക് അവിടെ പ്രസക്തിയില്ല. അത്കൊണ്ട് തന്നെ ഉടമയുടെ തൃപ്തിക്കപ്പുറം മറുതൊന്നും പ്രതീക്ഷിക്കാതെയുള്ള രീതിയാണ് സകാതിൽ പ്രകടമാകുന്നതും.

പ്രതിനിധി (Representative)

വിശ്വാസിയെ സംബന്ധിച്ചിടത്തോളം സമ്പത്ത്  മുഴുവനും അള്ളാഹുവിന്റേതാണ്. അവൻ അതിന്റെ കേവല വാഹകനോ പ്രതിനിധിയോ (Representative) മാത്രം. “ആകാശ ഭൂമികളിലുള്ളത് മുഴുവനും അവന്റേതാണ്”(നജ്മ്,31), “ആകാശ ഭൂമിയിലുള്ളതും അതിനിടയിലുള്ളതും അവനുള്ളതാണ്”(ത്വാഹ,6) എന്നീ സൂക്തങ്ങൾ അടിവരയിടുന്നതും അത് തന്നെയാണ്. “നിങ്ങളെ പ്രതിനിധികളാക്കിയ സമ്പത്തിൽ നിന്ന് ചിലവഴിക്കുക”(ഹദീദ്,7) എന്ന സൂക്തം വിശദീകരിച്ചു കൊണ്ട് ഇമാം സമഖ് ശരി  തന്റെ തഫ്‌സീർ ഗ്രന്ഥമായ കഷാഫിൽ പറയുന്നതായി കാണാം: “ഇടപാട് നടത്താൻ വേണ്ടിയുള്ള പ്രതിനിധികൾ മാത്രമാണ് നിങ്ങൾ, വാസ്തവത്തിൽ അത് നിങ്ങളുടെ സമ്പത്ത്  അല്ല. വക്കീലിന്റെ സ്ഥാനം മാത്രമാണ് നിങ്ങൾക്കതിലുള്ളത്”(200/3). സമാനമായ രീതിയിൽ ഇമാം റാസി തന്റെ തഫ്‌സീറിൽ വിശദീകരിക്കുന്നത് കാണാം. “അശരണർ അല്ലാഹുവിന്റെ ബന്ധുക്കളും സമ്പന്നർ  അവന്റെ  ഖജനാവ് സൂക്ഷിപ്പുകാരുമാണ്, ഖജനാവിലുള്ളത് കൊടുക്കാൻ ഉടമക്ക് കൽപിക്കുന്നതിലെന്ത് മോശം(തഫ്‌സീറുൽ കബീർ 103/16). അത് കൊണ്ട് തന്നെ സമ്പത്ത്  മുഴുവനും അല്ലാഹുവിന്റെതും അത് ചെലവഴിക്കാൻ ഏൽപിക്കപ്പെട്ട വക്കീലുകൾ മാത്രമാണ് മനുഷ്യരെന്നും ചുരുക്കം. നികുതിയുടെ  അടിസ്ഥാനം പോലെ തിരിച്ചു നൽകുന്നൊരു പ്രത്യുപകാരമല്ല സകാത് എന്ന് സംക്ഷിപ്‌തം.

പരസ്പര സാഹോദര്യം

വ്യക്തി ജീവിതത്തിന്  സമൂഹവുമായി വലിയ കടപ്പാടുണ്ട്. അവന്റെ ഭാഷയും സംസ്കാരവും  ആചാരനുഷ്‌ടാനങ്ങളും രൂപപ്പെടുന്നത് സമൂഹത്തിൽ നിന്നാണ്. നന്മയും തിന്മയും വേർതിരിച്ചറിയുന്നതും  സമൂഹത്തിൽ ഇടപഴകുമ്പോഴാണ്. ഇവിടെ നന്മയുടെ പക്ഷത്ത്, നികുതി ഒരു സാമൂഹിക ഉത്തരവാദിത്വമായി  മാറുന്നതായി കാണാം. എന്നാൽ സകാത് ഒരു ഉത്തരവാദിത്വമെന്നതിലുപരി പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകയാണ്. സ്വീകരിക്കുന്നവരിൽ നിന്ന്  തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ളൊരു കർമ്മമാണ് സകാത്  എന്നത് കൊണ്ട് തന്നെ സ്‌നേഹബന്ധവും സൗഹൃദവും വളർത്താനുള്ളൊരു മാധ്യമമാണതെന്ന് പറയുന്നതാവും ഉചിതം.

“വിശ്വാസികൾ ഒരു ശരീരം പോലെയാണ്, ഒരവയവത്തിന് മുറിവ് സംഭവിച്ചാൽ അത് മുഴുവനായും ബാധിക്കും” എന്ന് പ്രഖ്യാപിക്കലോട് കൂടെ പരസ്പരം കെട്ടുറപ്പുള്ളൊരു കെട്ടിടം പോലെയാണ് വിശ്വാസികൾ എന്നും അത്കൊണ്ട് തന്നെ ഓരോ വിശ്വാസിയും സഹോദരന്റെ പ്രയാസം സ്വന്തം പ്രയാസമായി കാണുകയും അത് പരിഹരിക്കാൻ വേണ്ടി പ്രയത്നിക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു നബി തങ്ങൾ.

അത്കൊണ്ട് തന്നെ സകാത് എന്നത് കച്ചവടത്തിനുള്ളൊരു വിലയോ തൊഴിലിനുള്ളൊരു വേതനമോ ഉപകാരത്തിനുള്ളൊരു പ്രത്യുപകാരമോ അല്ല. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, റബ്ബിന്റെ കൽപന പിന്തുടർന്ന് കൊണ്ടുള്ള ഒരു ആരാധനാ കർമ്മം മാത്രമാണത്. ഇനി നമുക്ക് സകാത്തും നികുതിയും തമ്മിൽ വേർതിരിയുന്നിടങ്ങളെ പരിശോധിക്കാം.

സകാതും നികുതി സമ്പ്രദായങ്ങളും 

ഒന്നാമതായി, സകാത് ഒരു വിശ്വാസത്തിന്റെ ഭാഗമാണ്. സകാത് നൽകുന്നതിലൂടെ അവൻ ലക്ഷ്യം വെക്കുന്നത് ദൈവ പ്രീതിയും പ്രതിഫലവുമാണ്. സ്വർഗാവകാശികളെ പറയുന്നിടത്ത് അവർ സകാത് നൽകുന്നവരാണെന്ന് പറഞ്ഞതിലൂടെ വിശ്വാസിയുടെ ആത്യന്തിക വിജയത്തിന് അനിവാര്യമായി സകാത് മാറുന്നു. ഇസ്‌ലാമിലെ പഞ്ചകർമ്മങ്ങളിൽ പെട്ട സകാത്ത് നിർവ്വഹിക്കുന്നവർക്ക് ഉന്നതമായ പ്രതിഫലമാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിലൂടെ സകാത് എന്നത് ഒരു ബാധ്യത (liability) എന്നതിലുപരി അതൊരു ആവശ്യകതയായി മാറുകയാണ്. ഈ ഒരു സംവിധാനം നികുതി വ്യവസ്ഥയിൽ കാണാൻ കഴിയില്ല.

രണ്ടാമതായി, ആധുനിക നികുതി വ്യവസ്ഥയിൽ കണ്ടുവരുന്നൊരു നികുതിയാണ് പരോക്ഷ നികുതി (indirect tax). ചരക്ക് നികുതി(commodity tax) ആണിതിൽ പ്രധാനം. സമ്പന്നർ-പാവപ്പെട്ടവർ എന്ന വ്യത്യാസമില്ലാതെ ഉപഭോക്താക്കളെല്ലാവരും കൊടുത്തു വിട്ടേണ്ട ഒരു നികുതിയാണിത്. ദൈനംദിന ജീവിതത്തിന് വകയില്ലാത്തവനും ഇതിന് ബാധ്യസ്ഥനാകുന്നുവെന്നത് വലിയ പോരായ്മയാണ്. ഈ ഒരു സ്ഥിതി വിശേഷം തന്നെയാണ് ഫിത്ർ സകാതിലുമുള്ളതെന്ന് ചിലർ പറയാൻ ശ്രമിക്കുന്നുണ്ട്. ഇസ്‌ലാമിലെ സകാത് വ്യവസ്ഥകൾ അനീതിപരമാണെന്നും യുക്തിഭദ്രമല്ലെന്നും വരുത്തി തീർക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണത്. എന്നാൽ ഫിത്ർ സകാത് അങ്ങനെയുള്ളൊരു ഏർപ്പാടല്ല. റവാത്തിബ് സുന്നത്  ഫർള് നിസ്ക്കാരങ്ങളിൽ വന്ന വീഴ്ച്ചകളെ പരിഹരിക്കുന്നതിന് വേണ്ടി സംവിധാനിച്ചത് പോലെ നോമ്പിൽ വന്ന പാകപ്പിഴവുകളെ പരിഹരിക്കാൻ വേണ്ടിയാണ് ഫിത്ർ സകാത് നിർബന്ധമാക്കിയിട്ടുള്ളത്. ഈ ഒരു ലക്ഷ്യത്തിന് മുന്നിൽ സമ്പത്തിന്  പ്രസക്തിയില്ലല്ലോ. മാത്രമല്ല റമളാനിലെ വീഴ്ചകൾ പരിഹരിക്കപ്പെടും എന്നത് കൊണ്ട് തന്നെ ഇല്ലാത്തവനും ഇതിൽ പങ്കാളിയാവാൻ ആഗ്രഹിക്കും. നീരസത്തോടെ കൊടുത്ത് തീർക്കുന്ന നികുതിയിൽ നിന്ന് മാറി ഉള്ളത് സന്തോഷത്തോടെ ഫിത്റ് സകാത്തായി നൽകാൻ വിശ്വാസി തയ്യാറാവും. പാവപ്പെട്ടവൻ നൽകിയാലും അതവനൊരു ഭാരമാവില്ല, അവകാശി എന്ന നിലക്ക് മറ്റു മാർഗേനെ കൂടുതൽ സകാത് അവനും ലഭിക്കും. “സമ്പന്നർ അല്ലാഹുവിന് വേണ്ടി സകാത് നൽകി, പാവപ്പെട്ടവർക്ക് അവർ നൽകിയതിലേറയും സമ്പത്ത് അള്ളാഹു തിരിച്ചു നൽകുകയും ചെയ്യും” എന്ന തിരുവചനവും സകാത്ത് നിർവ്വഹണത്തിന് പ്രോത്സാസാഹനമേകുന്നതാണ്.

മൂന്നാമതായി, വരുമാനത്തിൽ നിന്ന് സ്വന്തം ചെലവും, ചെലവ് കൊടുക്കാൻ ബാധ്യസ്ഥരായവരുടെ ചെലവും കഴിച്ച ശേഷം മിച്ചം വരുന്ന സമ്പത്തിൽ വർഷാവസാനമാണ് ഇസ്‌ലാം സകാത് നിർബന്ധമാക്കുന്നത്. എന്നാൽ ആധുനിക നികുതി വരുമാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചെലവേറെയാണെങ്കിലും നിശ്ചിത തുക സമ്പാദിച്ചാൽ നികുതി കൊടുക്കാൻ ബാധ്യസ്ഥനാവുമെന്ന് ചുരുക്കം. പത്തു മക്കളുള്ള വ്യക്തിക്കും രണ്ട് മക്കളുള്ള വ്യക്തിക്കും ലഭിക്കുന്നത് 2.5 ലക്ഷം രൂപ വരുമാനമാണെങ്കിൽ ആദ്യത്തെ വ്യക്തിയുടെ ചെലവ് കൂടുതലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇവിടെ രണ്ട് പേർക്കും തുല്യ നികുതി നടപ്പിലാക്കുന്ന ആദായ നികുതി(income tax)  വ്യവസ്ഥ എങ്ങനെ നീതിയുക്തമാവും? അത് കൊണ്ട് തന്നെയാണ് വർഷാവസാനം മിച്ചം വരുന്നതിൽ മാത്രം സകാത് നിർബന്ധമാക്കിയിട്ടുള്ളതും. ഇതിലൂടെ പ്രസ്തുത വ്യക്തികൾക്ക് അർഹമായ തുകയേ നൽകേണ്ടി വരുന്നുള്ളൂ. നികുതി വ്യവസ്ഥ നീതിയുക്തമാവാൻ ഇത് അനിവാര്യമാണ്.

നാലാമതായി, Income Tax Act അനുസരിച്ച് പൗരൻമാർ നികുതി കൊടുക്കാൻ  ബാധ്യസ്ഥരാണ്. ഇന്ത്യൻ നിയമനുസരിച്ച്  2.5 ലക്ഷം മുതൽ 5 ലക്ഷം വരെ കൈവശമുള്ളവർ അഞ്ചു ശതമാനവും 5 ലക്ഷം മുതൽ 10 ലക്ഷം വരെ കൈവശമുള്ളവർ ഇരുപത് ശതമാനവും അതിന് മുകളിലുള്ളവർ മുപ്പത് ശതമാനവും നികുതി നൽകണം. വരുമാനത്തിന്റെ തോതനുസരിച്ച്  അനുപാതത്തിൽ വ്യത്യാസം ഉണ്ടാകുന്ന പുരോഗമന നികുതി (progressive tax) രീതിയാണിത്. ഒരാളുടെ വരുമാനം അയാളുടെ കഴിവിനനുസൃതമായിരിക്കുമല്ലോ. വരുമാനം വർദ്ധിക്കുന്നതിനനുസരിച്ചുള്ള ഈ ആനുപാതിക വർദ്ധനവ് വ്യക്തിയുടെ ക്രയശേഷിയെ ചൂഷണം ചെയ്യലാണ്. കൂടുതൽ അധ്വാനിച്ച്  കൂടുതൽ സമ്പാദിക്കുന്നതിനെ തൊട്ട് ജനങ്ങളെ നിരുത്സാഹപ്പെടുത്താനേ ഇത്തരം വ്യവസ്ഥകൾക്ക് സാധ്യമാവൂ. എന്നാൽ വരുമാനമനുസരിച്ച്  മാറ്റത്തിന് വിധേയമാകാത്ത flat tax രീതിയാണ് സകാത്തിലൂടെ ഇസ്‌ലാം  മുന്നോട്ട് വെക്കുന്നത്. വരുമാനത്തെ അനർഹമായി കൈകാര്യം ചെയ്യാത്ത ഈ രീതി വലിയ സാമ്പത്തിക വളർച്ചക്ക് കൂടി പ്രേരകമാവും.

അവസാനമായി, നികുതിയുടെ തുക, സമയം, ചെലവഴിക്കുന്ന മാർഗം തുടങ്ങി നികുതിയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച നികുതിദാതാവ്  ബോധവാനായിരിക്കണം. അല്ലാത്ത പക്ഷം നൽകിയ സമ്പത്ത് അവകാശികൾക്ക് ലഭിക്കുന്നുണ്ടോ അതോ അനധികൃതമായി മറ്റു മാർഗങ്ങളിൽ ചിലവഴിക്കപ്പെടുന്നുണ്ടോ എന്ന സന്ദേഹം അയാളെ അലട്ടുകയും തത്ഫലമായി നികുതിയിൽ നിന്ന് രക്ഷപെടാൻ അദ്ദേഹം തുനിയുകയും ചെയ്യും. ഈ ഒരു പ്രയാസത്തിൽ നിന്ന് സകാത് നൽകുന്നവർ പൂർണ്ണമായും മുക്തരാണ്. വിശുദ്ധ ഖുർആനിൽ വിവരിച്ച എട്ട് വിഭാഗങ്ങൾക്ക് മാത്രമേ സകാത്ത് കൊടുക്കാൻ പറ്റുകയുള്ളൂ. എന്നാൽ ആധുനിക നികുതി വ്യവസ്ഥയിൽ നികുതിയുടെ പണം ഇന്നാലിന്ന ആവശ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കണമെന്ന നിർബന്ധമില്ല. അത്കൊണ്ട് തന്നെ പണക്കാരിൽ നിന്ന് പാവപ്പെട്ടവരിലേക്ക് സമ്പത്ത് ഫലപ്രദമായി എത്തുന്നില്ല. നികുതിയുടെ പണം പല മാർഗങ്ങളിലൂടെയും കോർപറേറ്റുകളുടെ കരങ്ങളിൽ ഒതുങ്ങുന്നതും  വെട്ടിപ്പും തട്ടിപ്പും വർദ്ധിച്ചതും ഇത്തരം അശാസ്ത്രീയതയുടെ അനന്തരമായാണ് കാണേണ്ടത്. ഇസ്‌ലാമിന്റെ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ബൃഹത്തായി പ്രതിപാദിച്ചിട്ടുള്ള സകാത്ത് വിതരണം ഇവിടെ മാതൃകയാക്കാവുന്നതാണ്.

സകാത്തും മില്ലേനിയം ഡെവലപ്മെന്റ്  ഗോളും

ഐക്യരാഷ്ട്ര സഭയുടെ മില്ലേനിയം ഡെവലപ്മെന്റ്  ഗോളിൽ പ്രധാനപ്പെട്ടതാണ് ദാരിദ്ര നിർമാർജനം. യു.എൻ ഈ ലക്ഷ്യം മുന്നോട്ട് വെച്ച് രണ്ട്  പതിറ്റാണ്ടിലേറെയായിട്ടും ലോകത്ത് ദരിദ്രരുടെ എണ്ണം അസംഖ്യമാവുന്നതും പട്ടിണി മൂലം മരിച്ച് വീഴുന്നവരുടെ എണ്ണം പെരുകുന്നതുമാണ് നാം കാണുന്നത്. ലോക ദാരിദ്ര സൂചികയുടെ (world poverty clock) കണക്ക് പ്രകാരം 690 മില്യൺ ജനങ്ങളാണ് ഇപ്പോൾ ദാരിദ്രമനുഭവിച്ചു ജീവിതത്തിന് വകയില്ലാതെ കഴിയുന്നത്. ലോക്ക്ഡൗണുമായ ഈ സാഹചര്യത്തിൽ അതിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് ആലോചിക്കുകയും വേണ്ട. ഇത്രയും കാലത്തെ നമ്മുടെ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ എവിടെയും എത്തിയില്ലെന്ന് വ്യക്തം

എന്നാൽ  ഈ ഒരു ലക്ഷ്യ സാക്ഷാൽക്കാരത്തിന് ഇസ്‌ലാം കഠിനമായി പ്രയത്നിക്കുന്നതായി കാണാം. അതിന്റെ പ്രായോഗിക മാതൃകയാണ് സകാത്ത്, ഹദ്‌യ, സ്വദഖ പോലെയുള്ള വിവിധ ധനവിനിമയ മാർഗങ്ങൾ. സകാത്തിന്റെ  അവകാശികളെ വിവരിക്കുന്നിടത്ത് ആദ്യമായി പറഞ്ഞതും ചില ഹദീ‌സുകളിൽ അവകാശികളെ പാവപ്പെട്ടവരിൽ മാത്രം ചുരുക്കിയതും സകാത്തിന്റെ പ്രഥമ ലക്ഷ്യം ദാരിദ്ര നിർമ്മാർജ്ജനമാണ് എന്നതിലേക്ക് സൂചനയാണ്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഈ വ്യവസ്ഥ എല്ലാവരും ചേർത്തുപിടിക്കുകയാണെങ്കിൽ അനായാസം ഈ ലക്ഷ്യം നമുക്ക് കൈവരിക്കാം. ഉമറുബ്നു അബ്ദുൽ അസീസിന്റെ കാലഘട്ടം അതിന് സാക്ഷിയാണ്. യഹ്‌യ ഇബ്നു സയീദ് പറയുന്നതായി കാണാം “സകാത് കർമ്മത്തിന് വേണ്ടി ഉമർ(റ) എന്നെ നിയമിച്ചു, സകാത് കൈപ്പറ്റിയ ശേഷം അത് അവകാശികൾക്ക് നൽകാൻ വേണ്ടി  പാവപ്പെട്ടവരെ തിരഞ്ഞുവെങ്കിലും ഒരാളെയും കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല”(സീറത്തു ഉമറു ബ്നു അബ്ദിൽ അസിസ്സ് 59).

സകാത്തും സാമ്പത്തിക വികസനവും

പാവപ്പെട്ടവരും അഗതികളുമാണല്ലോ സകാത്തിന്റെ മുഖ്യ അവകാശികൾ. മറ്റുള്ള അവകാശികൾ അപൂർവമാണെങ്കിലും പാവപ്പെട്ടവർ എല്ലായിടത്തുമുണ്ടാവും. അത് കൊണ്ട് തന്നെ സകാത്തിന്റെ  പ്രധാന ഗുണഭോക്താക്കൾ അവരായിരിക്കും.

അത്യാവശ്യങ്ങൾ നിറവേറ്റാൻ  സമ്പത്തില്ലാത്തവരാണ് പാവപ്പെട്ടവർ എന്നത് കൊണ്ട് തന്നെ സകാത് ലഭിക്കുന്നതിലൂടെ  അവരുടെ ഇൻകം എലാസ്റ്റിസിറ്റി (income elasticity) യുടെ നില ഇലാസ്തികമായിരിക്കും(elastic). (വരുമാനം കൂടുന്ന തോതിനേക്കാളും ചോതനം കൂടുന്ന അവസ്ഥയാണ് elastic ). തുടർന്ന്  അവരുടെ ചോതനം (demand) വർധിക്കും. അധികരിച്ച ചോതനം മറികടക്കാൻ വേണ്ടി ഉത്പാദനം വർധിപ്പിക്കാൻ കമ്പനികൾക്ക് സാധിക്കുകയും തത്ഫലമായി വിതരണം(supply) വർദ്ധിക്കുകയും ചെയ്യും. വിതരണം  വർദ്ധിക്കുന്നതിലൂടെ രാജ്യത്തിന്റെ ജി.ഡി.പിയിൽ വർദ്ധനവുണ്ടാവുകയും സാമ്പത്തിക വികസനം സാക്ഷാത്കരിക്കുകയും ചെയ്യും.

സകാത്തും തൊഴിലില്ലായ്‌മയും 

ദാരിദ്ര്യമനുഭവിക്കുന്നവരിൽ ഹിംസ ഭാഗവും തൊഴിലില്ലാത്തവരും ഉള്ളതൊഴിൽ ചിലവിന് മതിയാകാത്തവരുമാണ്. കുറച്ച് ദിവസത്തേക്കുള്ള ഭക്ഷണം അല്ലെങ്കിൽ കുറച്ച് പണം ഇതാണ് നാം പാവപ്പെട്ടവർക്ക് ആശ്വാസമായി നൽകുന്നത്. ഇങ്ങനെ ദാരിദ്ര നിർമാർജ്ജന പ്രവർത്തനം സമയബന്ധിതമാകുന്നത് കൊണ്ടാണ് അൽപകാല ആശ്വാസത്തിന് ശേഷം ജനങ്ങൾ വീണ്ടും ദാരിദ്രത്തിലേക്ക് കൂപ്പു കുത്തുന്നത്. അത് കൊണ്ട് തന്നെ അൽപായുസ്സിലൊതുങ്ങുന്ന പരിഹാരമാർഗങ്ങളല്ല ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. “കച്ചവടം നടത്താൻ സാധിക്കുന്നവനാണെങ്കിൽ ലാഭം കിട്ടാനുതകുന്ന മൂലധനവും തൊഴിൽ ചെയ്യാൻ ശേഷിയുള്ളവനാണെങ്കിൽ തൊഴിലുപകരണങ്ങളുമാണ് നൽകേണ്ടത്”(ഫത്ഹുൽ മുഈൻ,178).  ഇവിടെ വ്യക്തിയുടെ ശേഷി പരിഗണിച്ച് ഉപജീവന മാർഗങ്ങൾ തുറക്കുകയാണ് ഇസ്‌ലാം. പാവപ്പെട്ടവർ എന്നും പാവപ്പെട്ടവരായി കഴിയണമെന്ന് വാശി പിടിക്കുന്ന ആധുനിക സാമ്പത്തിക നയങ്ങളിൽ നിന്ന് മാറി പാവപ്പെട്ടവർക്ക് പുതിയ ജീവിത വഴികൾ തുറക്കുകയും സ്വയം പര്യാപ്തത കൈവരിക്കാനും പഠിപ്പിക്കുകയാണ് ഇസ്‌ലാം. ഇത്തരത്തിൽ 188 മില്യൺ ജനങ്ങൾ അനുഭവിക്കുന്ന തൊഴിലില്ലായ്മ എന്ന പ്രതിസന്ധിക്ക് ഒരു വിധം  അറുതി വരുത്താൻ സകാത്തിലൂടെ കഴിയും.

സകാത്തും  ഇൻജെക്ഷൻ ലീക്കേജ് പ്രോസസും

മൊത്തചോതനവും(aggregate demand) മൊത്ത വിതരണവും(aggregate supply) ഒരുമിച്ചു നീങ്ങുന്ന രീതി കൈവരിക്കുമ്പോഴാണ് രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നത്. അല്ലെങ്കിൽ പണപ്പെരുപ്പവും(inflation) പണച്ചുരുക്കവും(deflation) പ്രകടമാവും. മൊത്തവിതരണം  കുറയുമ്പോൾ അധിക ആവശ്യകതയും (excess demand)  മൊത്ത ആവശ്യകത കുറയുമ്പോൾ അധിക ലഭ്യതയും (excess supply) രൂപപ്പെടുന്നത് കൊണ്ട് തന്നെ സാമ്പത്തിക അസ്ഥിരതക്ക് കാരണമാവും. സന്തുലിതാവസ്ഥ (equilibrium) കൈവരിക്കണമെങ്കിൽ മൊത്തചോതനവും മൊത്തവിതരണവും  തുല്യമാവണമെന്ന് ചുരുക്കം. മൊത്ത ആവശ്യകത(aggregate demand) എന്നത്  ഉപഭോഗത്തിന്റെയും നിക്ഷേപത്തിന്റെയും സമ്മിശ്രവും മൊത്ത വിതരണം(aggregate supply) എന്നത് ഉപഭോഗത്തിന്റെയും കരുതൽ നിക്ഷേപ(saving)ത്തിന്റെയും സമ്മിശ്രവുമാണ്. ഭൂരിഭാഗം സമ്പദ് വ്യവസ്ഥയിലും മൊത്തവിതരണം  കൂടുതലായത് കൊണ്ട് തന്നെ സന്തുലിതാവസ്ഥ കൈവരിക്കാൻ വേണ്ടി നടത്തുന്ന പ്രക്രിയയാണ് injection leakage process.

കുമിഞ്ഞുകൂടിയ സമ്പത്ത്  ഇറക്കി സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കലാണ് ലക്ഷ്യം. വർഷാവസാനം വരെ കയ്യിൽ കിടന്ന സമ്പത്തിലാണ് ഇസ്‌ലാം സകാത് നിർബന്ധമാക്കുന്നത് എന്നത് കൊണ്ട് തന്നെ ആ സമ്പത്  കെട്ടിക്കിടന്നതായിരിക്കും. അത്  പാവപ്പെട്ടവർക്ക് കൊടുക്കുക വഴി injection leakage process ൽ  സുപ്രധാന പങ്ക് സകാത് വഹിക്കുന്നണ്ടെന്ന് വ്യക്തം.

സുസ്ഥരിമായ രാഷ്ട്ര നിർമ്മിതിയും സുഭദ്രമായ സമ്പദ്‌വ്യവസ്ഥയുമാണ് നമ്മുടെ ലക്ഷ്യം. എങ്കിൽ ദാരിദ്ര നിർമാർജന ശ്രമങ്ങൾക്ക് പ്രായോഗിക ബദലായി സകാത്തിനെ സ്വീകരിക്കാവുന്നതാണ്. തകർന്ന് കൊണ്ടിരിക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങൾ അനിവാര്യമാണ്. നിലവിലെ നമ്മുടെ നികുതി നയത്തിന്റെ പോരായ്മകളാണ് മുകളിൽ സൂചിപ്പിച്ചത്. സകാത്തിനെ മാതൃകയാക്കി  നികുതി സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. അതിനായുള്ള ശ്രമങ്ങൾക്ക് ഈ സകാത്ത് വായന വെളിച്ചം പകരട്ടെ.

മുഹമ്മദ് കുറുവന്തേരി