Campus Alive

ഓർമ്മ ദിനം: കറുത്ത മരണം ഡമസ്കസിലെ ജനങ്ങളെ എങ്ങനെയാണ് ഒരുമിപ്പിച്ചത്

കൊറോണ എന്ന മഹാമാരിയുടെ ഈ കാലത്ത്, പകർച്ചവ്യാധികളുടെ മറ്റു കാലങ്ങളിലേക്ക് ഉള്ള നോട്ടവും അവ എങ്ങനെയാണ് സമൂഹത്തെയും, നിത്യ ജീവിത രീതിയെയും സ്വാധീനിച്ചത് എന്നും അറിയൽ വിവേകമുള്ള ഒരു കാര്യമാണ്. ബ്ലാക്ക് ഡെത്ത് എന്ന് വിളിക്കപ്പെടുന്ന മനുഷ്യചരിത്രത്തിലെ വിനാശകാരിയായ പ്ലേഗ് ചില ഔദ്യോഗിക കണക്കുകൾ പ്രകാരം യൂറോപ്പിലെ 50 ശതമാനം ജനസംഖ്യയെ തുടച്ച് കളഞ്ഞ മഹാമാരിയാണ്‌. 1348-50 കാലഘട്ടങ്ങളിലാണ് പ്ലേഗ് അതിന്റെ ഉത്തുംഗതയിലെത്തിയത് എങ്കിലും, പൂർവ്വാധുനിക കാലത്ത് അത് വീണ്ടും ഉയർന്നു വന്നിരുന്നു. പ്ലേഗിനെ കുറിച്ചുള്ള വർക്കുകൾ യൂറോപ്പിനെ കേന്ദ്രീകരിച്ചുണ്ടെങ്കിലും, പകർച്ചവ്യാധി (പ്ലേഗ്) പശ്ചിമേഷ്യയിലും, ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും അതിന്റെ വികൃതമുഖം കാണിച്ചിട്ടുണ്ട്.

പ്രമുഖ ചരിത്രകാരനും, ഖുർആൻ വ്യാഖ്യാതാവുമായ ഇബ്നു കസീർ (774/1373) തന്റെ ചരിത്ര ഗ്രന്ഥമായ ‘അൽ ബിദായത്തു വന്നിഹായ’ എന്ന കൃതിയിൽ തന്റെ നാടായ ഡമസ്കസിൽ എങ്ങനെയാണ് പ്ലേഗ് പ്രതിഫലിച്ചത് എന്ന് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥം മനുഷ്യ ചരിത്രത്തിന്റെ ആരംഭം മുതൽ അദ്ദേഹത്തിന്റെ കാലഘട്ടം വരെയുള്ള സംഭവ വികാസങ്ങളുടെ ചരിത്രവിവരണമാണ്. ഗ്രന്ഥത്തിന്റെ അധിക ഭാഗങ്ങളിലും ചരിത്ര വിശകലനമാണ് നടത്തിയിട്ടുള്ളത് എങ്കിലും, അവസാന ഭാഗത്തിൽ താൻ ജീവിച്ച കാലഘട്ടത്തിലെ സംഭവങ്ങളെ അധികരിച്ചുള്ള തന്റെ നിരീക്ഷണങ്ങളും, നിഗമനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.

അൽ ബിദായത്തു വന്നിഹായ

ഡമസ്കസിലെ ഭയം

749/1348-49 കാലഘട്ടങ്ങളിൽ ഡമസ്കസിൽ എങ്ങനെയാണ് പ്ലേഗ് ബന്ധപ്പെട്ടതെന്നും, അതിന്റെ ഭീതിതമായ മുഖം എങ്ങനെയായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, 1348 ജൂൺ 5 വെള്ളിയാഴ്ച ദിനം (റബീഉൽ അവ്വൽ 7/749) ജുമുഅ നിസ്കാരത്തിനു ശേഷം പണ്ഡിതന്മാരും, ഒരു കൂട്ടം ജനങ്ങളും പൊതുയോഗം ചേരുകയും, അവിടെ നിന്നും ഹദീസ് ഗ്രന്ഥമായ ബുഖാരി പാരായണം ചെയ്ത് മഹാമാരിയെ നാട്ടിൽ നിന്നും ഉയർത്താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു. നഗരത്തിന്റെ പരിസര പ്രദേശങ്ങളിൽ പ്ലേഗ് റിപ്പോർട്ട് ചെയ്യപ്പെട്ട അവസരത്തിൽ ഡമസ്കസിലേക്കും അടുത്തിടെ തന്നെ അത് എത്തുമെന്ന് ജനങ്ങൾ ഭയപ്പെട്ടു. രണ്ട് ദിവസങ്ങൾക്ക് ശേഷം ഉമയ്യദ് മോസ്കിലെ ‘മിഅ്റാബ് അൽ സഹാബയിൽ’ ജനങ്ങൾ ഒരുമിച്ചുകൂടുകയും സൂറത്ത് നൂഹ് 3336 തവണ പാരായണം ചെയ്യുകയും ചെയ്തു. ഒരാൾ സ്വപ്നത്തിൽ പ്രവാചകനെ ദർശിക്കുകയും, അവിടുത്തെ നിർദ്ദേശ പ്രകാരവുമാണ് അത്ര എണ്ണം പാരായണം ചെയ്തത് എന്ന് അദ്ദേഹം പറയുന്നുണ്ട്.

പ്ലേഗിന്റെ വ്യാപനത്തെ തുടർന്ന് മരണനിരക്ക് ദിനംപ്രതി നൂറ്, ഇരുനൂറ്, മുന്നൂറ് കണക്കുകളിലേക്ക് ചെന്നെത്തി. ഇബ്നു കസീർ വിശദീകരിക്കുന്നു, മരണത്തിന്റെ കണക്കുകൾ അധികമായിരുന്നു. വീട്ടുകാർ തങ്ങളുടെ ബന്ധുക്കളിൽ മരിച്ചവരുടെ ശരീരങ്ങൾ നീക്കം ചെയ്യാൻ ശ്രമിക്കുകയും, എന്നാൽ ഒടുവിൽ അവരും മരിച്ച് പോകുന്ന ഒരു അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്(അത് കൊണ്ട് തന്നെ മരണാനന്തര ക്രിയകൾ പൂർത്തിയാക്കാൻ വരെ സാധിച്ചിരുന്നില്ല). പ്ലേഗ് കാണപ്പെട്ടതിന്റെ ഏകദേശം ഒരു മാസത്തിനു ശേഷം ജൂലൈ 14 തിങ്കളാഴ്ച പ്രാദേശിക അധികാരികൾ സാധാരണ ആരാധനകളിൽ ‘ഖുനൂത്’ നിർദ്ദേശിച്ചിരുന്നു.  നാട്ടിൽ നിന്നും മഹാമാരിയെ ഉയർത്താൻ വേണ്ടി  ജനങ്ങൾ എന്നെത്തെക്കാളും ദൈവത്തിനോട് അടുക്കുകയും, ആരാധനാ കർമ്മങ്ങളിൽ നിരതരാവുകയും ചെയ്തു. ഇബ്നു കസീർ തന്നെ തന്റെ വിവരണത്തിൽ ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ (2/156) എന്ന സൂക്തത്തെ ഉദ്ധരിക്കുന്നുണ്ട്.

ഒരു ഓർമ്മ ദിനം’

പ്രമുഖ സഞ്ചാരിയായ ഇബ്നു ബത്തൂത്തയും ഡമസ്കസിലെ ബ്ലാക്ക് ഡെത്ത് നേരിട്ട് കാണുകയും, ജനങ്ങൾ പ്രാർത്ഥനയ്ക്ക് വേണ്ടി ഒരുമിച്ചുകൂടിയത് നേരിട്ട് അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ്. പ്ലേഗ് എങ്ങനെയാണ് നഗരത്തെ ഒരുമിപ്പിക്കുകയും, ആത്മീയതയുടെ ഏകീകൃത ബോധം സൃഷ്ടിക്കുകയും ചെയ്തതെന്ന് ഒരു പ്രത്യേക സംഭവം വ്യക്തമാക്കുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. ജൂലൈ 21 ഒരു തിങ്കളാഴ്‌ച ദിനം (1348) പ്രാദേശിക വാസികളെല്ലാം മൂന്ന് ദിവസം ഉപവാസമനുഷ്ടിക്കണമെന്നും, വെള്ളിയാഴ്ച എല്ലാവരും പുറത്ത് വന്ന് നഗരത്തിൽ നിന്നും മഹാമാരിയെ ഉയർത്താൻ പ്രാർത്ഥിക്കണമെന്നും ഒരു അറിയിപ്പുണ്ടായി. തുർന്നുള്ള മൂന്ന് ദിനങ്ങളിൽ ജനങ്ങൾ ഉപവാസമനുഷ്ടിക്കുകയും ചിലർ പളളികളിൽ തന്നെ ഉറങ്ങുകയും, റമദാനിലെന്ന പോലെ രാത്രിയിൽ പ്രാർത്ഥനാ നിരതരാവുകയും ചെയ്തു.

വെള്ളിയാഴ്ച ദിനം ജനങ്ങൾ പള്ളികളിലേക്ക് ഒഴുകിയെത്തി. ഖുർആനിലെ ഒരു സൂക്തം പറയുന്ന പോലെ, ‘ആഴത്തിലുള്ള പർവ്വതനിരകളിൽ നിന്നു വരെ’ (22:27) ജനങ്ങൾ അവിടെ എത്തി. ഡമസ്കസിലെ മുഴുവൻ ജനങ്ങളും അവിടെ തടിച്ചുകൂടിയിരുന്നു. അതിരാവിലെയുള്ള പ്രാർത്ഥനകൾക്കു ശേഷം എല്ലാവരും നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ‘മോസ്ക് ഓഫ് ദി ഫൂട്ട്’ എന്ന പള്ളിയിലേക്ക് പുറപ്പെട്ടു. ഇബ്നു ബത്തൂത്തയുടെ അഭിപ്രായത്തിൽ മുഹമ്മദ് നബിയുടെ(സ്വ) ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിൽ മൂസ നബിയുടെ ഖബർ ആ പ്രദേശത്താണെന്നും, അവിടെയുള്ള പാറയിലെ കാൽപാദം അവരുടെതാണെന്നുമുള്ള നിഗമനത്തിലാണ് ആ പേര് വന്നത്. അങ്ങനെ ആ പള്ളി ഒരു ഇന്റർ ഫെയ്ത്ത് ഇടമാവുകയും, വ്യത്യസ്ത മേഖലയിലുള്ള ജനങ്ങൾ അവിടെ ഒരുമിച്ചുകൂട്ടുകയും ചെയ്തു. ആ പള്ളിയിൽ നിന്നും രാവും പകലും പ്രാദേശിക വാസികൾ ദൈവത്തെ വിളിച്ചുകൊണ്ടിരുന്നു. ഇബ്നു കസീർ ഈ ദിവസത്തെ ഓർമ്മ ദിനം (യൗമുൻ മശ്ഹൂദ്) എന്ന് വിളിച്ചു. The BIack Deth In The Middle East എന്ന മീഖാഈൽ ഡബ്ല്യൂ ഡോൾസിന്റെ (Michael W. Dols) പുസ്തകം പശ്ചിമേഷ്യയിലെ പ്ലേഗിന്റെ ചരിത്രം പറയുന്ന പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ്. അദ്ദേഹം അതിൽ പറയുന്നത്, പ്ലേഗ് ആഗോളതലത്തിൽ സ്വാധീനം ചെലുത്തിയ യൂറോപ്പിലാണ് സ്കോളേഴ്സ് ഭൂരിഭാഗവും ശ്രദ്ധ ചെലുത്തിയത് എന്നാണ്.

ഇബ്നു ബത്തൂത്ത

ഒരുമിച്ചുകൂടലിലെ സമത്വബോധത്തെയും ഇബ്നു ബത്തൂത്ത വിശദീകരിച്ചിട്ടുണ്ട്. “സാധാരണക്കാരും, ന്യായാധിപന്മാരും, ഭരണാധികാരികളും ഉമയ്യത്ത് മസ്ജിദിൽ ഒരുമിച്ചു കൂടി. അങ്ങനെ രാത്രി മുഴുവൻ അവരവിടെ താമസിച്ചു. അവരിൽ പ്രാർത്ഥിക്കുന്നവരും, ദൈവത്തെ ഓർക്കുന്നവരും, അലറി വിളിക്കുന്നവരുമുണ്ടായിരുന്നു.” ഒരുമിച്ചുകൂടിയവരിൽ ജൂതന്മാരും ക്രിസ്ത്യാനികളുമുണ്ടായിരുന്നു. അവരെല്ലാം കൈകളിൽ അവരുടെ വേദഗ്രന്ഥവുമായാണ് വന്നത്. ആ സംഭവത്തിനു ശേഷം നഗരത്തിലെ മരണനിരക്ക് കൈറോ പോലുള്ള നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവായിരുന്നു എന്ന് ഇബ്നു ബത്തൂത്ത വിശദീകരിക്കുന്നുണ്ട്. ഇതിൽ നിന്നും മനസ്സിലാകുന്നത് മുസ്‌ലിംകൾ റമദാനിലെ പോലെ ആത്മീയമായി വളരെ പുരോഗതി കാണിക്കുകയും, അല്ലാഹുവിനോട് വളരെ അടുക്കുകയും ചെയ്തിരുന്നു ആ സമയത്ത് എന്നാണ്. മുസ്‌ലിംകളുടെ ആരാധന കർമ്മമായ ഹജജിനെയും, വലിയ ജനാവലി ഒരുമിച്ചുകൂടുന്ന അറഫ സംഗമത്തെയും ഉദാഹരിച്ചു കൊണ്ട് ഇബ്നു കസീറും ഇത് വിശദീകരിക്കുന്നുണ്ട്. വ്യത്യസ്ത ജനവിഭാഗങ്ങളായിരുന്ന ഡമസ്കസിലെ ജനങ്ങളെ ഒരു കോമൺ ത്രഡിനെതിരെ ഒരുമിപ്പിക്കുകയാണ് പ്ലേഗ് ചെയ്തത്.

പ്ലേഗ് ഒരു വിഭാഗത്തിനോടും വിവേചനം കാണിക്കാത്തതുപോലെ എല്ലാ മതക്കാരെയും ഒരുമിച്ചുകൂട്ടുകയും, ഒരേ ഇടത്തിൽ പ്രാർത്ഥനകൾ നിർവ്വഹിക്കാൻ കാരണമാവുകയും ചെയ്തു. ജൂതന്മാരെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്, കാരണം യൂറോപ്പിൽ അതിവേഗം അത് പടർന്നു പിടിക്കുകയും ജൂതന്മാർ ബലിയാടുകളായി മാറുകയും ചെയ്തിരുന്നു. ഇബ്നു ബത്തൂത്തയും ഇബ്നു കസീറും ഉറപ്പിച്ചു പറയുന്ന മറ്റൊരു കാര്യം, എങ്ങനെയാണ് അത്രയും ജനങ്ങൾ അവിടെ ഉയർന്നു വന്നത് എന്നാണ്. പാവപ്പെട്ടവരും, പണക്കാരനും, ബലഹീനരും ശക്തിയുള്ളവരും എല്ലാം ഒരുമിച്ചു നിന്നു. എല്ലാവരും ബലഹീനരാണെന്ന ബോധമാണ് അവരെ ഒരുമിപ്പിച്ച് നിർത്തിയത്. ഇത്തരം സാമുദായിക പ്രതികരണങ്ങൾ എങ്ങെനെയാണ് ജനങ്ങൾ വിശ്വാസത്തിൽ സ്വാന്തനം കണ്ടെത്തിയത് എന്ന് നമുക്ക് കാണിച്ചുതരുന്നുണ്ട്.

വിവർത്തനം: വാസ്വിൽ മുജീബ്

യൂനുസ് വൈ മിർസ