Campus Alive

DeConquista മുസ്ലിമത്വത്തെ പുനർവിഭാവന ചെയ്യലും ജ്ഞാനാധികാരത്തെ പുനരാലോചിക്കലുമാണ്

“നമുക്ക് നക്ഷത്രങ്ങളുടെ ഉയരത്തിന്റെ അളവ് ഉണ്ട്, പക്ഷേ അവർക്കതില്ല. നാം നാവിഗേറ്റ് ചെയ്യുന്ന രീതി അവർക്ക് മനസ്സിലാക്കാൻ കഴിയില്ല, പക്ഷേ അവർ ചെയ്യുന്ന രീതി നമുക്ക് മനസ്സിലാക്കാൻ കഴിയും; നമുക്ക് അവരുടെ സംവിധാനം ഉപയോഗിക്കാനും അവരുടെ കപ്പലുകളിൽ സഞ്ചരിക്കാനും കഴിയും. ഇന്ത്യൻ മഹാസമുദ്രം എല്ലാം ഉൾക്കൊള്ളുന്ന സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല നമ്മുടെ കൈവശം ശാസ്ത്രഗ്രന്ഥങ്ങൾ ഉണ്ട്, അവർക്ക് കോമ്പസും ജീവനില്ലാത്ത കണക്കുകൂട്ടലും മാത്രമേ ഉള്ളൂ. നമുക്ക് അവരുടെ കപ്പലുകളിലും കടലിലും എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയും, അതിനാൽ അവർക്ക് നമ്മളോട് വലിയ ബഹുമാനമുണ്ട്, നമ്മിലേക്കവർ നോക്കുന്നു. കടലിനെയും നാവിഗേഷനെയും നക്ഷത്രങ്ങളുടെ ജ്ഞാനത്തെയും കുറിച്ച് നമുക്ക് മികച്ച അറിവുണ്ടെന്ന് അവർ സമ്മതിക്കുന്നു.”

(അഹ്മദ് ഇബ്നു മാജിദ്)

പതിനഞ്ചാം നൂറ്റാണ്ടിൽ കടലിന്റെ സിംഹം എന്നറിയപ്പെട്ടിരുന്ന അഹ്മദ് ഇബ്നുമാജിദ് പോർച്ചുഗീസ് സഞ്ചാരികളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് മുകളിലുള്ളത്. വാസ്കോഡഗാമക്ക് മലബാർ തീരത്തേക്ക് വഴി കാണിച്ചു കൊടുത്തത് ഇബ്നു മാജിദ് ആണെന്നും അല്ലെന്നുമുള്ള അഭിപ്രായം ചരിത്രകാരന്മാർക്കിടയിലുണ്ട്. ഇബ്നു മാജിദ് ഗാമക്ക് വഴി കാണിച്ചു കൊടുത്തോ ഇല്ലയോ എന്ന തർക്കം പ്രധാനമാവുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ചരിത്രത്തിലെ സാന്നിധ്യവും വാക്കുകളും ഇന്ന് ഒരു പുതു ലോകത്തെ വിഭാവന ചെയ്യുമ്പോൾ സുപ്രധാനമായ സംഗതിയാണ്.
ലോകത്ത് ശാസ്ത്രവും വിജ്ഞാനവും യൂറോ കേന്ദ്രീകൃതമായി അധികാരം കൈയ്യാളുമ്പോൾ പതിനഞ്ചാം നൂറ്റാണ്ടിലെ മുസ്‌ലിം നാവിക വിദഗ്ധൻ പോർച്ചുഗീസുകാരെക്കുറിച്ച് അവർക്ക് വിജ്ഞാനമില്ലെന്നും ശാസ്ത്രമില്ലെന്നും ശാസ്ത്രമുള്ളത് നമ്മുടെ കൈയ്യിലാണെന്നും പറയുന്നത് അപകോളനീകരണ ശ്രമങ്ങൾക്കുള്ള ശക്തമായ ഒരു സാധ്യതയാണ്. യൂറോപ്പിന്റെ അധിനിവേശ പദ്ധതിയും അതുമൂലം ഉണ്ടാകുന്ന ലോക നിർമ്മിതിയും ആരംഭിക്കുന്നത് പോർച്ചുഗീസ് അധിനിവേശത്തിലൂടെയാണ്. മുസ്‌ലിം സ്പെയിനിൽ കിരാതമായ കൂട്ടക്കൊലകളിലൂടെയും വംശഹത്യ കളിലൂടെയും ആരംഭിച്ച തങ്ങളുടേതായ രീതിയിൽ ലോകത്തെ മാറ്റി തീർക്കുന്ന യൂറോപ്യൻ അധിനിവേശ പദ്ധതി ഇന്നോളം ഉള്ള ആധുനിക ലോകത്തെ നിർണയിക്കുന്നുണ്ടെന്ന് നമുക്ക് കാണാൻ കഴിയും.

അത്തരത്തിൽ ലോക ചരിത്രത്തിലെ തന്നെ നിർണായകമായ വർഷമാണ് 1492. ‘ഗ്രാനഡയുടെ തകർച്ച’ എന്ന പേരിൽ അറിയപ്പെടുന്ന മുസ്‌ലിം ഐബിരിയയിൽ കാസ്റ്റീലിയൻ, യൂറോപ്യൻ അധിനിവേശത്തിന്റെ അധ്യായമാണ് 1492 നമ്മോട് പറയുന്നത്. കേവലമായ രാഷ്ട്രീയ സൈനിക ആക്രമണം എന്നതിലുപരി ലോകചരിത്രത്തിലെ നിർണായകമായ സംഭവമായി ഇത് മാറാൻ കാരണം പിന്നീടുള്ള ലോകത്തിന്റെ കൊളോണിയൽ അധികാര ക്രമത്തിന്റെ ഒരർത്ഥത്തിൽ ഉള്ള ആരംഭം ആയിരുന്നു. ‘ഗ്രാനഡയുടെ തകർച്ച’ Reconquesta എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ അധിനിവേശ പദ്ധതി ഉമവികൾ ഭരണം കയ്യാളിരുന്ന സ്പെയിനിനെ തിരിച്ചു പിടിക്കുക എന്ന ഉദ്ദേശത്തിൽ ഉള്ളതായിരുന്നു. ഈ Reconquesta യുടെ ഭാഗമായാണ് ഐബിരിയയിൽ ക്രൂരമായ വംശഹത്യകളും നിർബന്ധിത മതപരിവർത്തനങ്ങളും യൂറോപ്പ്യൻ അധിനിവേശകർ നിർവഹിച്ചത്. മഹ്‌മൂദ് മംദാനിയെ പോലുള്ള ചിന്തകരുടെ അഭിപ്രായത്തിൽ ഈ അധിനിവേശ പദ്ധതിയാണ് രാഷ്ട്രീയ ആധുനികതയുടെ ആരംഭ ബിന്ദു.മുസ്‌ലിംങ്ങളെയും ജൂതരെയും കൂട്ടക്കൊല നടത്തി മതപരിവർത്തനം ചെയ്ത് ഒരു ഏകതാനമായ ദേശത്തെ നിർമ്മിച്ച് എടുക്കാനുള്ള ശ്രമവും അതിലൂടെ ഭൂരിപക്ഷ ന്യൂനപക്ഷ നിർമ്മിതിയും അവിടം തൊട്ടേ നമുക്ക് കാണാൻ കഴിയും. കൊളോണിയലിസത്തിന്റെ ആരംഭവും പല പണ്ഡിതരുടെയും അഭിപ്രായത്തിൽ Reconquesta യിലൂടെയാണ്. അങ്ങനെ വരുമ്പോൾ സമകാലികമായ പ്രതിസന്ധികളെ വിമർശനാത്മകമായി നോക്കിക്കാണാൻ ഈ ചരിത്ര ബിന്ദുവിനെ കേന്ദ്രീകരിച്ച പുനരന്വേഷണങ്ങൾ അനിവാര്യമാണ്. 1492 ലെ ‘ഗ്രാനഡയുടെ തകർച്ച’ക്ക് തൊട്ടുപിന്നാലെ 1498 വാസ്കോഡ ഗാമ കോഴിക്കോട് കാപ്പാട് കപ്പൽ ഇറങ്ങുന്നു. മലബാറിലേക്ക് എത്തുന്ന പോർച്ചുഗീസ് അധിനിവേശകരോട് വിമതത്വത്തിന്റെയും പ്രതിരോധത്തിന്റെയും പണ്ഡിതശബ്ദങ്ങൾ ഉയരുന്നു. ഇത് കേവലമായ യാദൃശ്ചികതകൾക്കപ്പുറം സമകാലികമായ രാഷ്ട്രീയ സാമൂഹ്യ നിർമ്മിതികളെ പുന:സങ്കൽപ്പിക്കുന്നതിൽ അനിവാര്യമായ പശ്ചാത്തലങ്ങൾ നമുക്ക് നൽകുന്നുണ്ട്. അത്തരം അധിവേശത്തിന്റെ തുടർച്ചയിലെ നിർമ്മിതികളെ അപനിർമ്മിക്കാനും അപകോളനീകരണ ചിന്തയെ ശക്തിപ്പെടുത്താനും മലബാർ ഒരു വിമർശന സാധ്യത തുറക്കുന്നുണ്ട്.

DeConquista എന്ന നാമകരണത്തിലൂടെ ഈ വൈജ്ഞാനിക പദ്ധതി അത്തരമൊരു ദീർഘ ചരിത്രത്തോട് വിമർശനാത്മകമായി കണ്ണിചേരുകയാണ്. ചരിത്രവൽകരണത്തിന്റെയും അപനിർമ്മാണത്തിന്റെയും വിമർശനോപാധികളെ പ്രയോജനപ്പെടുത്തി സമകാലികതയിൽ പുതിയൊരു ഭാവിയെ പുനർവിഭാവന ചെയ്യുകയാണ്. സമകാലിക ലോകത്ത് ഭാവനകളും കാമനകളും തുടങ്ങി രാഷ്ട്രീയ സാമൂഹിക രൂപീകരണങ്ങളെല്ലാം യൂറോ കേന്ദ്രീകൃത അധികാര പദ്ധതിയാൽ ക്രമീകരിക്കപ്പെട്ടതിനാൽ അവയോടുള്ള നിശിതവിമർശനങ്ങളിലൂടെ ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തെ പുനരന്വേഷിച്ച് പുതിയൊരു ജീവിതത്തെയും ലോകത്തെയും അഭിലഷിക്കുകയാണ് ഈ പദ്ധതി. അഥവാ യൂറോ കേന്ദ്രീകൃതത്വത്തിൽ നിന്നുള്ള കുതറിമാറലും ഇസ്‌ലാമികമായ ഭാവനകളെ പുനരുജ്ജീവിപ്പിക്കലുമാണ് DeConquista

ആഗോള അധികാരബന്ധങ്ങളിലും രാഷ്ട്രീയത്തിലും സമൂഹത്തിന്റെ നാനാതുറകളിലും വിപുലമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഈ മാറ്റങ്ങള്‍ കേവലമായ ഒരു മേഖലയിൽ പരിമിതമല്ല, ജ്ഞാനശാസ്ത്രപരവും രാഷ്ട്രീയപരവും ഭൗതികശാസ്ത്രപരവുമായ തുടര്‍ച്ചയായ മാറ്റങ്ങളാണത്. ഇത് ആധുനികതയുടെ കടന്നു വരവും അതിനു ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്ന വിപുലവും വേഗതയാര്‍ന്നതുമായ മാറ്റങ്ങളാണ്. ഈ മാറ്റങ്ങള്‍ കേവല സാങ്കേതികമായ സംഗതികൾ മാത്രമല്ല, മറിച്ച് ജ്ഞാനശാസ്ത്രപരവും സങ്കല്‍പപരവുമായ പരിവര്‍ത്തനങ്ങൾ കൂടി ഇതില്‍ സംഭവിക്കുന്നുണ്ട്. ആധുനികത എന്ന ബൃഹദ് പദ്ധതിയുടെ കടന്നു വരവ് മാത്രമല്ല, അതിനുശേഷവും സംഭവിക്കുന്ന രാഷ്ട്രീയത്തിലെയും അധികാരബന്ധങ്ങളിലെയും വൈജ്ഞാനികമണ്ഡലങ്ങളിലെയും മാറ്റങ്ങളെ സവിശേഷമായി അഭിമുഖീകരിക്കേണ്ടതുണ്ട്. ഇത്തരം മാറ്റങ്ങളെയാണ് Epochal Change എന്ന് ഡോ. ഒവാമിർ അഞ്ജും വിശേഷിപ്പിക്കുന്നത്.

ആധുനികതയോടുള്ള അഭിമുഖീകരണം എങ്ങനനെയായിരിക്കണം എന്നതില്‍ തുടക്കം മുതലേ ഇസ്‌ലാമിക ചിന്തയിലും മുസ്‌ലിം ലോകത്തും സങ്കീര്‍ണ്ണതകൾ നിലനില്‍ക്കുന്നുണ്ട്. ആധുനികത മുസ്‌ലിം ജീവിതങ്ങളെയും ഇസ്‌ലാമിക ചിന്തയെയും പലരീതിയില്‍ ക്രമീകരിച്ചിട്ടുമുണ്ട്. ഈ പ്രശ്‌ന മേഖലയില്‍ നിന്നുകൊണ്ടുള്ള സംവാദങ്ങള്‍ക്ക് ധാരാളം പരിമിതികളും സാധ്യതകളും ഉണ്ട്. ആധുനികത എന്ന പ്രതിഭാസവും ആധുനികലോകക്രമവും നിരന്തരമായ പരിവര്‍ത്തനങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രൂപപ്പെട്ട ഇസ്‌ലാമിക ചിന്ത, ഈ നൂറ്റാണ്ടിലെത്തുമ്പോള്‍ ഫലപ്രദമായ ഇടപെടലുകള്‍ക്ക് പലപ്പോഴും പര്യാപ്തമല്ല. ആധുനിക ദേശരാഷ്ട്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയും വംശീയ രാഷ്ട്രീയം വിപുലമാവുകയും ആഗോള അധികാര ബന്ധങ്ങളില്‍ പുതിയ ശക്തികള്‍ ഉയര്‍ന്നു വരികയും ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ അഭൂതപൂര്‍വമായ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്ത് കൊണ്ടിരിക്കുകയാണ്. ഖിലാഫത്തിന്റെ തകര്‍ച്ചക്ക് ശേഷമുള്ള മുസ്‌ലിം അരക്ഷിതാവസ്ഥ ആഗോളതലത്തില്‍ ശക്തിപ്പെടുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം സവിശേഷമായ സന്ദര്‍ഭത്തില്‍ മുസ്‌ലിം സ്വത്വത്തെക്കുറിച്ചും ഇസ്‌ലാമിക വിജ്ഞാനത്തെക്കുറിച്ചുമുള്ള പുനര്‍വിഭാവന അനിവാര്യമായിത്തീരുന്നു. ആഗോളതലത്തില്‍ തന്നെ ഇസ്‌ലാം, മുസ്‌ലിം പഠനങ്ങളില്‍ സംഭവിച്ചിട്ടുള്ള പിളര്‍പ്പുകളും പുതു സംവാദങ്ങളും ഈ പുനര്‍വിഭാവനയെ സഹായിക്കുന്നതാണ്. മുസ്‌ലിമത്വത്തെക്കുറിച്ച വിമര്‍ശനപഠനങ്ങള്‍, ആഗോള സാമ്രാജ്യത്വ വിമര്‍ശനത്തിലൂടെയും വംശീയത ഉള്‍പ്പടെയുള്ള സംവര്‍ഗങ്ങളെ പുനരന്വേഷിച്ചും നിര്‍വഹിക്കുന്ന ക്രിട്ടിക്കല്‍ മുസ്‌ലിം സ്റ്റഡീസ് (CMS) പോലുള്ള പദ്ധതികളും ഡീ കൊളോണിയല്‍ പഠനങ്ങളുള്‍പ്പെടുന്ന ധാരകളും ഇത്തരം പുനര്‍വിഭാവനകളെ ശക്തിപ്പെടുത്തുന്നതാണ്. മതേതരത്വം കൈവശം വെക്കുന്ന ജ്ഞാനാധികാരത്തെയും രാഷ്ട്രീയാധികാരത്തെയും അതിന്റെ തന്നെ ദൈവശാസ്ത്ര വഴികളെയും പ്രശ്‌നവത്കരിച്ച് ചോദ്യം ചെയ്യുന്ന തലാല്‍ അസദിനെപ്പോലെയുള്ള ചിന്തകരും പോസ്റ്റ് സെക്കുലറിസം പഠനങ്ങളും ‘ആഗോള ഉമ്മ’ എന്ന അഭിലാഷത്തെ പുനരുജ്ജീവിപ്പിക്കുന്ന ഉമ്മാറ്റിക് സ് പോലുള്ള പദ്ധതികളും ഈ ശ്രമത്തെ സഹായിക്കാനുതകുന്നതാണ്.

ഈ മാറ്റങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുള്ള പുനര്‍വിഭാവന പ്രധാനമായും മൂന്ന് ഊന്നലുകളിലൂടെ നിര്‍വഹിക്കാനാണ് ഈ വൈജ്ഞാനിക പദ്ധതി ശ്രമിക്കുന്നത്. ഒന്നാമതായി ഇത്തരം അഭൂതപൂര്‍വ്വമായ മാറ്റങ്ങളെ അഭിമുഖീകരിക്കാനും, സാമൂഹ്യ പരിവര്‍ത്തനങ്ങളെ അഭിസംബോധന ചെയ്യാനും ഇസ്‌ലാമിക വ്യാവഹാരിക പാരമ്പര്യത്തിന്റെ പൂര്‍ണാര്‍ഥത്തിലുള്ള ഇടപെടല്‍ അനിവാര്യമാണ്. അതിനായി ഇസ്‌ലാമിനെ കേവലമായ നിയമ ചട്ടക്കൂടുകളായി മാത്രം കാണുന്നതില്‍ നിന്ന് മാറി നിയമം, രാഷ്ട്രീയം, ദൈവശാസ്ത്രം, സാമൂഹികത തുടങ്ങിയവ തമ്മിലുള്ള പരസ്പര ബന്ധത്തെ കൂടി അഭിമുഖീകരിക്കേണ്ടതുണ്ട്. കൊളോണിയല്‍ അധിനിവേശത്തിലൂടെയും സ്ഥാനപനങ്ങളിലൂടെയും രാഷ്ട്രീയമായ അധികാരം മാത്രമായിരുന്നില്ല, സമൂല മേഖലകളിലെയും സ്വയം നിര്‍ണയാവകാശം മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുക കൂടിയാണ് സംഭവിച്ചത്. കൊളോണിയല്‍ കാലഘട്ടത്തിലെ അധികാര സ്ഥാപനങ്ങളും ഇസ്‌ലാം പഠനങ്ങളും മതം എന്ന സംവര്‍ഗത്തിലേക്ക് ഇസ്‌ലാമിനെ ചുരുക്കുന്നതില്‍ മുഖ്യമായ പങ്കു വഹിച്ചിട്ടുണ്ട്. ഇത് ഇസ്‌ലാമിക പാരമ്പര്യത്തെ കേവലമായ ദൃഢീകരിക്കപ്പെട്ട ഗ്രന്ഥ ശേഖരങ്ങളായി മാത്രം മനസ്സിലാക്കുന്നതിലേക്കും നിയമ വ്യാകരണത്തില്‍, അഥവാ മതം എന്നതിനകത്ത് മാത്രം സ്വയം പരിമിതപ്പെടുത്തുന്ന സമീപനങ്ങളാണ് ഇസ്‌ലാമിക ചിന്തയില്‍ നിർമ്മിച്ചത്. ഇതിനെ മറികടക്കുന്ന ചിന്തകളും വിമര്‍ശനങ്ങളും ഇസ്‌ലാമിക ലോകത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും അവക്കൊന്നും തുടര്‍ച്ചകള്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ചിന്ത എന്നത് കേവലമായ നിയമ വ്യാകരണം എന്നതിനേക്കാള്‍ ഇന്റർ ഡിസിപ്ലനറിയായ സമീപനത്തിലൂടെ സാമൂഹ്യശാസ്ത്രം, മാനവിക പഠനങ്ങള്‍ എന്നിവയോടുള്ള സംവാദം ഇസ്‌ലാമികമായ ജ്ഞാനാടിത്തറകളില്‍ നിന്നുകൊണ്ട് സംവാദം സാധ്യമാകേണ്ടതുണ്ട്. ഇത്തരം പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് സമകാലികതയെ അഭിമുഖീകരിക്കാനുതകുന്ന പുതിയ സങ്കല്‍പങ്ങളെ രൂപപ്പെടുത്താനാവുക. വിജ്ഞാനങ്ങളുടെയും സങ്കല്‍പങ്ങ ളുടെയും ജ്ഞാനശാസ്ത്രവും ഭവശാസ്ത്രവും മാത്രമല്ല, സാമൂഹികതയും അധികാരബന്ധങ്ങളും തിരിച്ചറിഞ്ഞുകൊണ്ടുള്ള വിമര്‍ശനാത്മക സമീപനത്തിലൂടെ മാത്രമാണ് ആധുനിക സെക്കുലര്‍ ലിബറല്‍ ലോകക്രമത്തില്‍ ഇസ് ലാമികമായ ഒരു പുനര്‍വിഭാവന സാധ്യമാവുകയുള്ളൂ.

രണ്ടാമതായി സമകാലികതയിലെ മുസ്‌ലിം ഐഡന്റിറ്റികളെയും മുസ്‌ലിമത്വത്തെയും കുറിച്ച ആലോചനകള്‍ പ്രധാനമാണെന്ന് കരുതുന്നു. മുസ്‌ലിമത്വം ഒരു പ്രശ്‌നസ്ഥലിയായി സമകാലിക ലോകത്ത് രൂപപ്പെട്ടതിനെക്കുറിച്ച് ചരിത്രവത്കരിച്ചുകൊണ്ടുള്ള അന്വേഷണം അനിവാര്യമാണ്. അത് സ്വാഭാവികമായും ചെന്നെത്തുക പതിനഞ്ചാം നൂറ്റാണ്ടിലെ മുസ്‌ലിം സ്‌പെയിനില്‍ യൂറോപ്പ് നടത്തിയ കൂട്ടക്കൊലയിലേക്കും കൊര്‍ദോവയുടെ പതനത്തിലേക്കുമാണ്. അഥവാ യൂറോപ്പ്, അതിന്റെ ചിന്താപദ്ധതികളെ സാര്‍വലൗകികവത്കരിക്കാനും അതിന്റെ അധികാരത്തെ വ്യാപിപ്പിക്കാനും തുടങ്ങിയത് മുസ്‌ലിമത്വത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളിലൂടെയാണ്. യൂറോപ്യന്‍ കൊളോണിയലിസം ലോകത്തിന്റെ അധികാരം പിടിച്ചത് ലോകത്ത് മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന വാണിജ്യപരവും വൈജ്ഞാനികവുമായ അധികാരത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു. അഥവാ ആധുനിക ലോകക്രമം രൂപപ്പെടുന്നതില്‍ ഒരു മുസ്‌ലിമത്വത്തോടുള്ള ബഹിഷ്‌കരണം നമുക്ക് കാണാന്‍ കഴിയും. അതു കൊണ്ട് തന്നെ ആധുനിക ലോകക്രമത്തില്‍ മുസ്‌ലിമത്വത്തിന് ഒരു വിമര്‍ശന സ്ഥാനം ഉണ്ട്. ലോകക്രമത്തോട് മാത്രമല്ല, ദേശീയത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ സങ്കല്‍പങ്ങളോടും വംശം, ലിംഗം, ന്യൂനപക്ഷ സ്ഥാനങ്ങള്‍ തുടങ്ങിയ സംവര്‍ഗങ്ങളോടും വിമര്‍ശനാത്മകമായ ഒരു ഇടപാട് മുസ്‌ലിമത്വത്തിന് സാധ്യമാണെന്ന് കാണാം. ഇവിടെ മുസ്‌ലിമത്വം എന്നത് ഒരു സത്താപരമായ വിഷയമായിട്ടല്ല എടുക്കുന്നത്, മറിച്ച് ഒരു ക്രിട്ടിക്കല്‍ സബ്ജക്ട് എന്ന നിലക്കാണ്. ഈ സമീപനം എസ്സന്‍ഷ്യലിസത്തെ മറികടക്കുകയും പുതിയ അന്വേഷണങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഇത് സമകാലിക രാഷ്ട്രീയാവസ്ഥയില്‍ ഒരു പുതുസമീപനം രൂപപ്പെടുത്താനും മുസ്‌ലിം രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനും സഹായിക്കും. ആഗോളം, പ്രാദേശികം എന്ന വിഭജനത്തിലൂടെ കാണുന്നതിലുപരി ആഗോളവും പ്രാദേശികവുമായ മുസ്‌ലിം അനുഭവങ്ങളെയും ആശയങ്ങളെയും ഇടപാടുകളെയും ഉള്‍കൊണ്ടു കൊണ്ടാണ് മുസ്‌ലിമത്വത്തെക്കുറിച്ച ആലോചനകള്‍ വികസിക്കേണ്ടത്. ഇവിടെ മുസ്‌ലിമത്വം എന്നത് ഒരു വിമര്‍ശനസ്ഥാനമായും വിമര്‍ശന സങ്കേതമായും വികസിക്കുന്നു.

മുമ്പ് സൂചിപ്പിച്ചതു പോലെ 1492ലാണ് ഗ്രാനഡയുടെ തകര്‍ച്ച സംഭവിക്കുന്നതെങ്കില്‍ ആറു വര്‍ഷം കഴിഞ്ഞ് പോര്‍ചുഗീസ് അധിനിവേശകനായ വാസ്‌കോഡ ഗാമ കോഴിക്കോട് കപ്പലിറങ്ങിയത് 1498 ലാണ്. ഇവകള്‍ തമ്മിലുള്ളത് യാദൃശ്ചികമായ ബന്ധമല്ല, മറിച്ച് ഒരു അധിനിവേശ പദ്ധതിയുടെ ബന്ധമാണ്. മലബാറിന് സവിശേഷമായ ഒരു കൊളോണിയല്‍ ചരിത്രമുണ്ട്. മുസ്‌ലിം ഐഡന്റിറ്റികളെക്കുറിച്ചും ഇസ്‌ലാമിക വിജ്ഞാനത്തെക്കുറിച്ചുമുള്ള പുനര്‍വിഭാവനക്ക് മലബാർ സവിശേഷമായ പശ്ചാത്തലം ഒരുക്കുന്നുണ്ട്. പോര്‍ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ കൊളോണിയല്‍ ഇടപെടലുകളും അതിനു മുമ്പേ ഉള്ള അറബ് പേര്‍ഷ്യൻ ലോകങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളും ഇന്ത്യന്‍ ഓഷ്യനിലൂടെയുള്ള ആഗോള ഇടപാടുകളും മലബാറിനെ സവിശേഷമാക്കുന്നു.

കൊളോണിയല്‍, കൊളോണിയല്‍ വിരുദ്ധം എന്ന ദ്വന്ദത്തില്‍ നിന്ന് മാറി ചരിത്രത്തെയും സങ്കല്‍പങ്ങളെയും അപകോളനീകരണ സമീപനത്തിലൂടെ നോക്കിക്കാണുകയാണ് വേണ്ടത്. പതിനാലാം നൂറ്റാണ്ട് മുതലുള്ള മലബാറിന്റെ ചരിത്രത്തെ വിശകലനം ചെയ്തുകൊണ്ട് പരമാധികാരം, രാഷ്ട്രീയം, ന്യൂനപക്ഷം, മതം, ആത്മയീത, നിയമം, സമുദായം തുടങ്ങിയ സംവര്‍ഗങ്ങളെ അപോകളനീകരണ വായനയിലൂടെ പുനർവിഭാവന സാധിക്കും. ലോകാധികാരത്തിലേക്ക് യൂറോപ്പ് കടന്നുകയറിയതിന്റെ കൊളോണിയല്‍ വഴികളെയും അനുഭവങ്ങളെയും മലബാറിലൂടെ നോക്കിക്കാണാന്‍ കഴിയുമ്പോള്‍ തന്നെ മലബാര്‍ എന്നത് ചരിത്രത്തില്‍ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ സ്ഥിരനാമം എന്നതിനേക്കാള്‍ പലതരത്തില്‍ ഉപയോഗിക്കപ്പെട്ട ഇന്ത്യന്‍ ഓഷ്യന്റെ ഒരുപാട് ഭാഗങ്ങളെ ഉള്‍ക്കൊണ്ടിരുന്ന ഒരു വാക്കാണ്. അഥവാ, ഒരു പ്രദേശപരതയില്‍ കവിഞ്ഞ തലങ്ങള്‍ മലബാറിനുണ്ട്. പോര്‍ചുഗീസ് അധിനിവേശം മുതലുള്ള കൊളോണിയല്‍ ബന്ധങ്ങള്‍ മാത്രമല്ല, പിന്നീട് രൂപപ്പെട്ട ഗവണ്‍മെന്റാലിറ്റികളും ജാതി ഐഡന്റിറ്റികളും സമുദായ രൂപീകരണങ്ങളും തുടങ്ങിയ സാമൂഹ്യ രാഷ്ട്രീയ രൂപീകരണങ്ങളെ അപകോളനീകരണ വായനയിലൂടെ പുനരന്വേഷിക്കുന്നത് വഴി സമകാലികതയുടെ അധികാര രൂപങ്ങളെ അപനിര്‍മിക്കാനാവും. ഇവിടെ മലബാര്‍ എന്നത് ഒരു പ്രദേശം എന്നതിനേക്കാള്‍ അപകോളനീകരണ വായനക്ക് അനേകം സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുന്ന ഒരിടമാണ്. യൂറോ കേന്ദ്രീകൃത ലോകക്രമത്തോട് സവിശേഷമായ വിമര്‍ശനം ഉന്നയിക്കാന്‍ ചരിത്രപരമായി മലബാറിന് സാധിക്കുന്നു. അതുകൊണ്ടു തന്നെ മുസ്‌ലിം ഐഡന്റിറ്റിയെയും ഇസ്‌ലാമിക വിജ്ഞാനത്തെയും സംബന്ധിച്ച പുനര്‍വിഭാവനക്കും ലോകത്തിന്റെ അപോകളനീകരണ പ്രക്രിയയിലേക്കുള്ള ശ്രമങ്ങൾക്കും മലബാറിന്റെ അപകോളനീകരണ വായനക്ക് ധാരാളം സംഭാവനകളര്‍പ്പിക്കാനുണ്ട്. ഈ വൈജ്ഞാനിക ഇടപെടലുകളെ കേവലമായ ആശയചര്‍ച്ചയായിട്ടല്ല സമീപിക്കാനാഗ്രഹിക്കുന്നത്. സിദ്ധാന്തം, പ്രയോഗം എന്ന സാമ്പ്രദായിക വിഭജനത്തെ മറികടന്നാണ് ഈ ആലോചന സംഭവിക്കേണ്ടത്. ഇസ്‌ലാമിക പണ്ഡിതരും മറ്റു അക്കാദമിക വിദഗ്ധരും ആക്ടിവിസ്റ്റുകളും തമ്മിലുള്ള സജീവമായ സംവാദവും സംഭാഷണങ്ങളും ഈ പ്രക്രിയക്ക് അനിവാര്യമാണ്. അതിനാല്‍ തന്നെ അത്തരത്തിലുള്ള വൈssജ്ഞാനിക ഇടപാടുകളാണ് DeConquista യിലൂടെ നമ്മളാഗ്രഹിക്കുന്നത്.

മുഹമ്മദ് സഈദ് ടി.കെ