Campus Alive

കോവിഡ് കാലത്തെ നൈതിക ചോദ്യങ്ങൾ

കോവിഡനുഭവത്തിന്റെ പശ്ചാത്തലത്തിൽ അതിനോടുള്ള സവിശേഷമായ ചില പ്രതികരണങ്ങളെ ദൈവശാസ്ത്രപരമായ ഒരു പ്രതലത്തിൽ നിന്നും അഭിമുഖീകരിക്കാനുള്ള ശ്രമമാണിത്. ‘മുതലാളിത്തതിന് അതിന്റേതായ പരിമിതികൾ ഉണ്ട്’ എന്ന ശീർഷകത്തിൽ ജൂഡിത്ത് ബട്‌ലറിന്റെതായി വന്ന പ്രതികരണം അതിൽ ശ്രദ്ധേയമായ ഒന്നാണ്. കടുത്ത ധാർമ്മിക അപചയത്തിന്റേതായ ഒരു ലോക ക്രമത്തിൽ വിവേചന രഹിതമായി ഇടപെടുന്ന വൈറസിനെ സൂചിപ്പിച്ചാണ് അദ്ദേഹം ആരംഭിക്കുന്നത്. കാൾ ലോട്ടൻബാർഗ് എന്ന ഒരു ജർമൻ രാഷ്ട്രീയതന്ത്രജ്ഞനെയാണ് ബട്‌ലർ ഉദ്ധരിക്കുന്നത്, “അമേരിക്കക്ക് മാത്രമായി ഫലപ്രദമായ വാക്സിൻ നൽകുന്നത് എല്ലാ നിലയിലും തടയപ്പെടണം, മുതലാളിത്തത്തിന് അതിന്റേതായ പരിമിതികളുണ്ട്” എന്നാണ് അദ്ദേഹം പറയുന്നത്. ദേശീയത, അപരഭീതി, വംശീയത, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തുടങ്ങി വിവിധങ്ങളായ ധാർമിക പ്രശ്നങ്ങളെയും ബട്‌ലർ പറഞ്ഞു വെക്കുന്നുണ്ട്. തങ്ങൾക്കു മാത്രമായി വാക്സിൻ ലഭ്യമാക്കുക വഴി എന്താണ് ട്രംപ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ദേശരാഷ്ട്രത്തിന്റേതായ സ്വേച്ഛാധിപത്യപരമായ ഒരു ജനായത്ത ഹിംസയെയാണ്(populist authoritarian violence) ബട്‌ലർ അഭിമുഖീകരിക്കാൻ ശ്രമിച്ചതെന്നാണ് മനസ്സിലാവുന്നത്.

ജൂഡിത്ത് ബട്ലര്‍

അതോടൊപ്പം ചേർത്തുവായിക്കേണ്ട ഒരു കാര്യം ഇത്തരമൊരു അപകടകരമായ ഘട്ടത്തിലും കൊറോണയെ ‘ചൈനീസ് വൈറസ്’ എന്ന് വിളിക്കുന്ന ട്രംപിനെയാണ് ലോകം കാണുന്നത് എന്നതാണ്. അമേരിക്കക്കെതിരിൽ ഗൂഢാലോചനാ സിദ്ധാന്തം ഉന്നയിക്കുന്നവർ ചോദിക്കുന്നത് സ്പാനിഷ് ഫ്ലൂവിന്റെയും H1N1 ന്റെയും ഉത്ഭവസ്ഥലം അമേരിക്കയായിരുന്നില്ലേ എന്നാണ്. ഇവിടെ ഉത്ഭവം ചെയ്ത രാജ്യത്തെ കുറ്റപ്പെടുത്തേണ്ടതിന്റെ പശ്ചാത്തലം രൂപപ്പെടുന്നതെങ്ങനെയാണ്? ഇവ നമ്മെ നൈതികതയുടേതായ ഒരു ചോദ്യത്തിലേക്ക് നയിക്കുന്നുണ്ട്!

യുവാൽ നോഹ ഹരാരിയുടേതാണ് മറ്റൊരു പ്രധാന നിരീക്ഷണം അദ്ദേഹം മനുഷ്യന്റെ ബയോമെട്രിക് വിവരങ്ങൾ ഭരണകൂടങ്ങൾക്ക് ശേഖരിക്കാൻ കഴിയും വിധമുള്ള സാങ്കേതികവിദ്യയുടെ സാധ്യതയെക്കുറിച്ചും അതിന്റെ ശരിയല്ലാത്ത വിനിയോഗം വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങളെയുമാണ് ഓർമ്മിപ്പിക്കുന്നത്.

യുവാല്‍ നോഹ ഹരാരി

ചിരിയും കരച്ചിലും പോലും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാവുമ്പോൾ പൗരനെ മെച്ചപ്പെടുത്താൻ കഴിയുന്ന രീതിയിലേക്ക് അത്തരം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. ആഗോള തലത്തിൽ രൂപപ്പെടേണ്ട ഒരു പരിശ്രമത്തെയാണ്(Global effort) അദ്ദേഹം പരിഹാരമായി ആലോചിക്കുന്നത്. 2008-ലെ സാമ്പത്തിക പ്രതിസന്ധിയില്‍, 2014-ലെ എബോള പകര്‍ച്ചാവ്യാധിയുടെ സമയത്ത് തുടങ്ങി പല ആഗോള പ്രതിസന്ധി ഘട്ടങ്ങളിലും യുഎസ് നെടുനായകത്വം ഏറ്റെടുത്തതിനെ പരാമർശിച്ച് നിലവിലെ യു.എസ് ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷക്ക് വകയില്ലാത്ത വിധമാണ് കാര്യങ്ങൾ എന്നതാണ് അദ്ദേഹത്തിന്റെ വിശദീകരണത്തിൽ നിന്നും മനസ്സിലാവുന്നത്.

ഹരാരിയുടെ നിരീക്ഷണങ്ങൾ ഫൂക്കോയുടെ പനാപ്റ്റികോണിനെ(Panapticon) ഓർമ്മിപ്പിക്കുന്നതായി തോന്നുന്നു. ജെറമി ബെന്താമിൽ നിന്നാണ് ഫൂക്കോ ഈ ആശയം വികസിപ്പിക്കുന്നത്. യഥാർത്ഥത്തിൽ പനാപ്റ്റികോൺ എന്നു പറയുന്നത് ജയിലുകളുടെ മധ്യത്തിൽ സ്ഥാപിക്കപ്പെടുന്ന ഒരു ടവറാണ്. അതിനുള്ളിൽ നിൽക്കുമ്പോൾ തടവുപുള്ളികളെ നിരീക്ഷിക്കാൻ കഴിയും. തടവുപുള്ളികൾക്കാകട്ടെ തങ്ങൾ നിരീക്ഷിക്കപ്പെടുന്നത് കാണാനും കഴിയില്ല (Seeing without being seen). ഇത്തരമൊരു ഡിസിപ്ലിൻ മെക്കാനിസമാണ് ആധുനികവും ഭൗതികവുമായ അധികാര ഘടനകൾക്കകത്തു നിന്ന് നമുക്ക് കാണാൻ കഴിയുന്നത്. പ്രത്യേകമായൊരു ധാർമ്മികതയെ നിർബന്ധിതമായി സ്വീകരിക്കാനാണ് പൗരനെ ഇത് നിർബന്ധിക്കുന്നത്.

Michel Foucault’s panopticon

മറ്റൊരിടത്ത് കോവിഡുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ മുൻ നോബേൽ പ്രൈസ് ജേതാവും സാമ്പത്തിക വിദഗ്ദനുമായ ജോസഫ് സ്റ്റിറ്റിഗ്ലിറ്റ്സ് ആവർത്തിച്ചു സൂചിപ്പിക്കുന്നത് കൂട്ടായ ഒരു പരിശ്രമത്തിന്റെ അനിവാര്യതയെക്കുറിച്ചാണ്. നാം വിചാരിക്കുന്നതിനേക്കാൾ പരസ്പരബന്ധിതമാണ് ലോകം എന്ന് തിരിച്ചറിയേണ്ടതിനെക്കുറിച്ച് പറയുന്ന സ്റ്റിറ്റിഗ്ലിറ്റ്സ് ലിബറൽ ജനാധിപത്യത്തിന്റെ രണ്ട് സവിശേഷതകൾ സൂചിപ്പിക്കുന്നുണ്ട്. ഒന്ന് കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയാണെങ്കിൽ രണ്ടാമത്തേത് ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്രത്തെ ഹനിക്കുന്നതിനെക്കുറിച്ചാണ്.

ജോസഫ് സ്റ്റിറ്റിഗ്ലിറ്റ്‌സ്

ലിബറൽ ജനാധിപത്യത്തിൽ എല്ലാവരുടെയും സ്വാതന്ത്രം സംരക്ഷിക്കുന്നതിന് നിയമങ്ങൾ ഉണ്ടാകും എന്നതാണത്. ഉദാഹരണമായി അദ്ദേഹം ഇറ്റലിയിലെ ‘നോ വാക്സ്’ മൂവ്മെന്റിനെ ചൂണ്ടിക്കാണിക്കുന്നു. “നിങ്ങൾ നിങ്ങളുടെ കുഞ്ഞിന് വാക്സിനേഷൻ നൽകുന്നില്ലെങ്കിൽ അത് മറ്റൊരു കുഞ്ഞിനെ അപകടപ്പെടുത്തുന്നതാണ്”. ചൈനയിൽ രോഗബാധയുമായി ബന്ധപ്പെട്ട് വീട്ടിലിരിക്കാൻ നിർബന്ധിക്കുന്നതിനെയും അദ്ദേഹം ഉദാഹരിക്കുന്നുണ്ട്. ഇത് ലിബറൽ ജനാധിപത്യത്തിന്റെ വിജയ പ്രതീക്ഷയാണ് എന്നാണ് അദ്ദേഹം കൂട്ടിച്ചേർക്കുന്നത്.

ഇമ്മാനുവേല്‍ കാന്റ്

ഇതും നൈതികതയുടെ ഒരു ചോദ്യത്തെ രൂപപ്പെടുത്തുന്നുണ്ട്. ഇമ്മാനുവേൽ കാന്റിന്റെ categorical imperative (സാർവ്വത്രിക അനുപേക്ഷണീയത) സിദ്ധാന്തവുമായി സദൃശപ്പെടുത്താവുന്നതാണ് സ്റ്റിറ്റിഗ്ലിറ്റ്സിന്റെ ആലോചനകൾ എന്ന് തോന്നുന്നു. “നിങ്ങളുടെ പ്രവൃത്തിയിലേക്ക് നിങ്ങളെ നയിച്ച യുക്തി (maxim) സാർവത്രിക നിയമമായി തീർന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കാൻ കഴിയും വണ്ണം മാത്രം പ്രവർത്തിക്കുക” എന്നാണ് കാന്റ് കാറ്റഗറിക്കൽ ഇംപരേറ്റീവിലൂടെ അവതരിപ്പിക്കുന്ന സിദ്ധാന്തം. ഇതിൽ മതകീയല്ലാതെയുള്ള ഒരു ഒബ്ജക്റ്റീവ് മൊറാലിറ്റിയുടെ സാധ്യതയുണ്ടോ? അങ്ങനെയുണ്ടെങ്കിൽ മനുഷ്യൻ അത്തരം പ്രവർത്തനം(act) നിലനിർത്തുന്നതിന്റെ പ്രചോദനം എന്താവും? ബെഗോവിച്ച് ലളിതമായൊരു ഉദാഹരണത്തിലൂടെ മതരഹിതമായ ധാർമികതയുടെ അസാധ്യതയെ പറഞ്ഞു വെക്കുന്നുണ്ട്. “ഒരാൾ തന്റെ ജീവിതം അപായപ്പെടുത്തിക്കൊണ്ട് കത്തിയെരിയുന്ന വീട്ടിൽ നിന്ന് അയൽവാസിയുടെ കുഞ്ഞിനെയെടുക്കാൻ ഒരുങ്ങുകയും മരിച്ച കുഞ്ഞുമായി വരികയും ചെയ്താൽ വിജയകരമല്ലാത്തതിനാൽ അയാളുടെ പ്രവർത്തനം അയോഗ്യമാണെന്ന് നാം പറയുമോ?” അദ്ദേഹം തുടരുന്നു, “ഈ ലോകത്തിൽ നീതിയുടെയും സദാചാരത്തിന്റെയും ഭാഗത്ത് നിൽക്കുകയും തോൽക്കുകയും ചെയ്ത ഒരു വീരനായകന്റെ പ്രവൃത്തി എന്ത് കാരണങ്ങളാലാണ് ന്യായീകരിക്കാനാവുക? സ്ഥല-കാലങ്ങളിലാണ് ഈ ലോകം നിലനിൽക്കുന്നതെങ്കിൽ, ഈ സ്വഭാവം നീതിയെക്കുറിച്ചും അനീതിയെക്കുറിച്ചും ഉദാസീനമാണെങ്കിൽ വീരനായകന്റെ ത്യാഗം വങ്കത്തമാണ്. നാമതു നിഷ്ഫലമാണെന്നു കണക്കാക്കുന്നില്ലെങ്കിലോ, അത് ദൈവത്തെക്കുറിച്ച വെളിപാടായി മാറുന്നു. അത് ഈ ലോകത്തിന് വിപരീത സ്വഭാവമുള്ള മറ്റൊരു ലോകത്തിന്റെ മാനമായി മാറുന്നു” കാറ്റഗറിക്കൽ ഇംപരേറ്റീവിന് പ്രയോഗപരമായ ന്യായം നൽകുന്നത് മതമാണ് എന്നതിലേക്ക് ബെഗോവിച്ചിന്റെ ഉദാഹരണം ഉചിതമാണെന്നാണ് മനസ്സിലാവുന്നത്.

അലീജാ ഇസ്സത്ത് ബെഗോവിച്ച്

കൂട്ടായ പ്രവർത്തനങ്ങൾക്കും പൗരബോധ(Civic Sense) ത്തിനും ലാഭ നഷ്ടങ്ങളുടെ ഭൗതികമായ വിശദീകരണങ്ങളേക്കാൾ ദൈവശാസ്ത്രപരമായ ആലോചനകളുടെ അനിവാര്യതയാണിത് പ്രകാശിപ്പിക്കുന്നത്. പൗരബോധം എന്നത് പോലും ദേശരാഷ്ട്രത്തിനകത്ത് ഒരു പ്രത്യേക ധാർമികതയെ സൃഷ്ടിക്കുന്ന സന്ദർഭത്തിൽ ദൈവികവും വിവേചനരഹിതവുമായൊരു ധാർമികതയുടെ വീണ്ടെടുപ്പ് ഏറെ പ്രസക്തമാവുകയാണ്.

ജോർജിയോ അഗമ്പന്റെ നിരീക്ഷണങ്ങൾ ദേശം, അടിയന്തരാവസ്ഥ, അബോധ മനസ്സിൽ ഭരണകൂടം സൃഷിടിക്കുന്ന ഭയം എന്നിവയിലാണ് വിഷയീഭവിക്കുന്നത്. ദേശരാഷ്ട്രത്തിന്റെ ധാർമ്മികത എന്താണ്? ഭൂമിശാസ്ത്രപരമായ അതിരുകൾക്കകത്ത് സവിശേഷമായി സൃഷ്ടിക്കപ്പെടുന്ന ധാർമികത ദേശത്തെ അഭൗതികമായി സ്ഥാനപ്പെടുത്തുകയും അതിന് അധികാരങ്ങൾ കൽപിക്കുകയുമാണ് ചെയ്യുന്നത്. സ്‌റ്റേറ്റ് അപ്രമാദിത്യമുള്ള അധികാരമാവുന്ന സന്ദർഭത്തിലാണ് വ്യക്തിപരമായി അനുഷ്ഠിക്കുകയും, സാമൂഹികവും രാഷ്ട്രീയവുമായി സങ്കൽപ്പിക്കുകയും, ക്രമ പ്രവൃദ്ധമായി സ്ഥാപിക്കപ്പെടുകയും ചെയ്യേണ്ടുന്ന ഖിലാഫത്തിനെ ഓർത്തെടുക്കാൻ കഴിയുന്നത്.

വാഇല്‍ ഹല്ലാഖ്

പോസിറ്റീവിസത്തിന്റെ ആവിഷ്ക്കരമായാണ് വാഇൽ ഹല്ലാഖ് സ്‌റ്റേറ്റിനെ നിരീക്ഷിക്കുന്നത്. എന്നാൽ ഖിലാഫത്ത് ദൈവിക താൽപ്പര്യമാണ്. അത് വ്യക്തിയിൽ നിന്ന് തങ്ങളുടെ കഴിവുകളുടെ വിനിയോഗം ആവശ്യപ്പെടുന്നു. ഖലീഫമാർ (ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധികൾ ഖുർആൻ 2:30 ) ധാർമികതയെ കണ്ടെടുക്കുന്നത് ദൈവിക വെളിപാടിൽ നിന്നാണ്. വെളിപാടാകട്ടെ അതിന്റെ അടിസ്ഥാന പാഠങ്ങളോട് വിരുദ്ധമാകാത്തിടത്തോളം വൈവിധ്യത്തെ സ്വീകരിക്കാൻ തക്കവണ്ണം ഇലാസ്തികവുമാണ്. ശാസ്ത്രത്തിന്റെയും മതത്തിന്റെയും വിമോചനത്തിന്റെയും(Liberation) മോക്ഷത്തിന്റെയും(Salvation) സംഗമസ്ഥലിയാണത്. നൈതികതയുടെ വീണ്ടെടുപ്പ് ഇവ സന്തുലിതമായി സംഗമിക്കുന്നിടത്ത് കൂടിയാണ് സാധ്യമാവുന്നത്. ആഗോള പരിശ്രമത്തെക്കുറിച്ച വാചാലതകളുടെ പ്രയോഗം കൂടിയാണത്.

ഹാമിദ് മഞ്ചേരി