Campus Alive

ബോള്‍ഷെവിക് വിപ്ലവത്തിന്റെ നൂറു വര്‍ഷങ്ങള്‍: ഒരു ‘ചീത്ത മുസ്‌ലിമിന്റെ’ വിയോജന കുറിപ്പ്‌

ആഗോള റാഡിക്കല്‍ ഇടത് പക്ഷത്തിന് ചില പുനരാലോചനകള്‍ അനിവാര്യമാണ്. അവരുടെ തന്നെ ക്രിട്ടിക്കല്‍ തിയറി ഉപയോഗിച്ച് പുറത്തേക്ക് മാത്രമല്ല ഇടക്കെങ്കിലും അകത്തേക്ക് നോക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ബോള്‍ഷെവിക് വിപ്ലവത്തെയും അതിന്റെ തുടര്‍ച്ചയായുള്ള സോവിയറ്റ് പ്രൊജക്ടിനെയും പറ്റിയുള്ള അധീശ ചരിത്രവായനകളെ വിമര്‍നാത്മകമായി സമീപിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിനകത്തു നിന്നു തന്നെ പലരും അത് നിര്‍വ്വഹിച്ചിട്ടുണ്ട്, പക്ഷേ വിശാല ഇടതു വ്യവഹാരത്തിനകത്ത് അത് അരികായിപ്പോയെന്ന് മാത്രം. ഞാനൊരു ഇടതുപക്ഷാനുകൂലിയോ അതിന്റെ അന്ധവിര്‍ശകനോ അല്ല, മറിച്ച് ഇടതുപക്ഷത്തിനകത്ത് അന്തര്‍ലീനമായിട്ടുള്ള പടിഞ്ഞാറന്‍ മതേതര അധീശത്വത്തോട് സങ്കീര്‍ണ്ണമായ ബന്ധമാണെനിക്കുള്ളത്. മുസ്‌ലിംകളോടും ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുമുള്ള ഇടതു പക്ഷത്തിന്റെ ബന്ധങ്ങളെ സ്വയം നവീകരിക്കേണ്ടതിന് ബോള്‍ഷെവിക് വിപ്ലവത്തെയും സോവിയറ്റ് പ്രൊജക്ടിനെയും കുറിച്ചുള്ള യൂറോ കേന്ദ്രീകൃതമായ അധീശ വായനകളെ അപകോളനീകരിക്കേണ്ടതുണ്ട്‌ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ബോള്‍ഷെവിക് വിപ്ലവത്തിന്റെ ഓരങ്ങള്‍

ബോള്‍ഷെവിക്ക് വിപ്ലവത്തിന്റെ തുടക്കം മുതല്‍ തന്നെ അതിനു ചില ഓരങ്ങള്‍ ഉണ്ടായിരുന്നു. അത് റഷ്യന്‍ കോളനികളിലേ മുസ്‌ലിംകളാല്‍ നിറക്കപ്പെട്ടതായിരുന്നു എന്ന് കാണാം. മുസ്‌ലിം ‘പ്രേതം’ നാസ്തികനായ സോവിയറ്റ് പുരുഷന്റെ സെക്കുലര്‍ അടിത്തറകളെ എപ്പോഴും ആകുലപ്പെടുത്തിയിരുന്നു. സത്യത്തില്‍ സോവിയറ്റ് പുരുഷന്റെ ഏറ്റവും വലിയ ആകുലത മുസ്‌ലിം സ്ത്രീയായിരുന്നു. അവരുടെ വംശപരവും ലിംഗപരവും വര്‍ഗ്ഗപരവുമായ അപരത്വം സോവിയറ്റ് പുരുഷന്റെ അനശ്വര ശത്രുവായി പ്രതിഷ്ഠിക്കപ്പെട്ടു.


സോവിയറ്റ് പ്രോജക്റ്റ്, അതിനകത്തുള്ള തദ്ദേശ മുസ്‌ലിംകള്‍ക്ക്‌ അവരുടെ അസ്തിത്വത്തിന്റെയും അറിയലിന്റെയും അധികാരത്തിന്റെയും മരണമായിരുന്നു. അതൊരു മരണത്തിന്റെ നാഗരികതയായിത്തീര്‍ന്നു, ഒപ്പം യൂറോ കേന്ദ്രീകൃത ലോകത്തിന്റെ കമ്മ്യൂണിസ്റ്റ് വിപുലീകരണവും. മുതലാളിത്തമായാലും കമ്മ്യൂണിസമായാലും അത് 500 വര്‍ഷത്തോളം പാശ്ചാത്യ സാമ്രാജത്വം കോളനിവല്‍ക്കരിച്ച ഇസ്‌ലാമിക നാഗരികതയെ  വിഴുങ്ങുവാനും അടിച്ചമര്‍ത്തുന്നതിനും മെരുക്കുന്നതിനും വേണ്ടിയാണ് നിലകൊണ്ടത്.

പല തരത്തിലും ആധുനിക കൊളോണിയല്‍ ലോകക്രമത്തിന്റെ ഉല്‍ഭവം മുസ്‌ലിം ലോകവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മുസ്‌ലിം ആഫ്രിക്കയിലെ അധിനിവേശം മുതല്‍  അല്‍ അന്തലൂസിന്റെ ധ്വംസനം, ദക്ഷിണ- ദക്ഷിണ പൂര്‍വ്വ ഏഷ്യയിലെ സ്പാനിഷ്- പോര്‍ച്ചുഗീസ് അധിനിവേശം,  ഇസ്‌ലാമിക മധ്യേഷ്യയില്‍ പതിനാറാം നൂറ്റാണ്ടിലെ റഷ്യന്‍ ‘സാര്‍ ചക്രവര്‍ത്തി’ ഭരണത്തിന്റെ വളര്‍ച്ച വരെ.  ഈയൊരു കൊളോണിയല്‍ ലോകക്രമത്തിന്റെ രൂപീകരണത്തില്‍ ഇസ്‌ലാമോഫോബിയ എന്നത് സുപ്രധാനമായൊരു അടിസ്ഥാന ഘടകമാണ്. മുസ്‌ലിം വിരുദ്ധ വംശീയത ജന്മം കൊളളുന്നത് പാശ്ചാത്യ ക്രൈസ്തവ ലോകത്തിന്റെ  ‘മുസ്‌ലിം ശത്രു’ വിനെതിരായ കുരിശു യുദ്ധങ്ങളില്‍ നിന്നാണ്, പിന്നീടത്‌ പാശ്ചാത്യേതരായി കണക്കാക്കപ്പെട്ട എല്ലാ അപരര്‍ക്കുമെതിരായുള്ള ‘മതേതര കുരിശുയുദ്ധമായി’ വികസിക്കുകയാണുണ്ടായത്.

നല്ല മുസ്‌ലിം ചീത്ത മുസ്‌ലിം

‘നല്ല മുസ്‌ലിം’, ‘ചീത്ത മുസ്‌ലിം’ എന്ന ദ്വന്ദം സാധാരണയായി ചിത്രീകരിക്കപ്പെടുന്നത് ശീതയുദ്ധാനന്തരം ഉണ്ടായിവന്ന ഒരു പ്രശ്‌നമായാണ്. ഇത് പരിമിതവും ചരിത്രപരമായി ഇടുങ്ങിയതും കൃത്യതയില്ലാത്തതുമാണ്. ഞാന്‍ വാദിക്കുന്നത്, ‘നല്ല മുസ്‌ലിം’, ‘ചീത്ത മുസ്‌ലിം’  എന്ന ബൈനറിയെ നമ്മള്‍ കാണേണ്ടത്‌ കൊളോണിയല്‍ ആധുനികതയിലെ പാശ്ചാത്യ കര്‍തൃത്വത്തിനും  മുസ്‌ലിം ഒബ്ജക്ടിനും ഇടയിലുളള ഓണ്‍ടോളജികല്‍ ഡിഫറന്‍സിന്റെ അടിത്തറിയായിട്ടാണ് എന്നാണ്. മുതലാളിത്തമായാലും കമ്മ്യൂണിസമായാലും, പാശ്ചാത്യ ആധിപത്യ പ്രൊജക്ടുകള്‍ മുസ്‌ലിമിനെ ‘സുഹൃത്തുക്കളും’ ‘ശത്രുക്കളുമാ’യി വേര്‍തിരിച്ചിട്ടുണ്ട്.


ബോള്‍ഷെവിക് വിപ്ലവാനന്തര സന്ദര്‍ഭത്തെ പരിശോധിച്ചാല്‍ ഇസ്‌ലാമോഫോബിയയുടെ യുക്തി ഈ ‘ലോക വിപ്ലവ’ത്തിന്റെ അടിത്തറയായി വര്‍ത്തിച്ചതായി കാണാം. തങ്ങളുടെ ഭാവി ആഗോള തൊഴിലാളി വര്‍ഗവുമായി ബന്ധിതമാണ് എന്ന് തിരിച്ചറിഞ്ഞ സോവിയറ്റ് കോളനികളിലെ മുസ്‌ലിംകള്‍, സോവിയറ്റ് റിപ്പബ്ലികുമായി ചങ്ങാത്തത്തിലാവാനും തങ്ങളുടേതായ തദ്ദേശീയവും പാന്‍ ഇസ്‌ലാമികവുമായ രീതിയില്‍ കമ്മ്യൂണിസത്തെ നടപ്പാക്കാനും പരിശ്രമി ച്ചു. എന്നാല്‍ കമ്മ്യൂണിസത്തെ തദ്ദേശവല്‍ക്കരിക്കുവാനുള്ള മുസ്‌ലിം ശ്രമങ്ങളെ സോവിയറ്റ് സാമ്രാജ്യത്വം തള്ളിക്കളയുകയാണുണ്ടായത്. വളരേയധികം പൗരസ്ത്യവും ഇസ്‌ലാമികവുമാണത്‌ എന്നായിരുന്നു കാരണം. സോവിയറ്റ് പദ്ധതിക്കെതിരാവാന്‍ സാധ്യതയുള്ള ഇസ്‌ലാമിനെയും മുസ്‌ലിമിനെയും നിര്‍വീര്യമാക്കാന്‍ ബലപ്രയോഗത്തിലൂടെയുള്ള സോവിയറ്റ് വല്‍ക്കരണത്തിന്റെയും റഷ്യന്‍ വല്‍ക്കരണത്തിന്റെയും പദ്ധതിയാണ് അവര്‍ തിരഞ്ഞെടുത്തത്.

മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നിരോധിച്ചു, വന്‍തോതില്‍ പളളികള്‍ അടച്ചു പൂട്ടിക്കാന്‍ കൂട്ടുനിന്നു, വഖ്ഫ് പോലുളള സാമ്പത്തിക വ്യവസ്ഥകളെ നശിപ്പിച്ചു, മതവിരുദ്ധവും ഇസ്‌ലാം വിരുദ്ധവുമായ വ്യാജപ്രചരങ്ങള്‍ക്ക് നേതൃത്വം നല്‍കി, പ്രത്യേക മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യം വെച്ച് പല തവണകളിലായി വംശഹത്യ ശ്രമങ്ങള്‍, അറബി ഭാഷാ നിരോധനം, മുസ്‌ലിംകള്‍ക്കു മേലുളള സിറിലിക്(Cyrillic) ഭാഷാ കോളനീകരണം,  ഇങ്ങനെ പോകുന്നു മുസ്‌ലിം വിരുദ്ധ സോവിയറ്റ് പദ്ധതിയുടെ ചരിത്രം. ഇന്നത്തെ ചെച്‌നിയ, അസര്‍ബൈജാന്‍, ഇറാന്‍, തജികിസ്ഥാന്‍, ഇസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ നാടുകളില്‍ നിന്നുളള മുസ്‌ലിംകളാണ് നിരന്തരമായ ഇത്തരം സോവിയറ്റ് നയങ്ങള്‍ക്ക് ഇരകളായത്.

റഷ്യന്‍ വംശീയതയുടെ ആഴം നേരത്തേ തന്നെ തിരിച്ചറിഞ്ഞ ഇമാം ശാമിലിനെ പോലുള്ള നിരവധി കൊളോണിയല്‍ വിരുദ്ധ മുജാഹിദുകളുടെ ആത്മീയ പ്രേരണയില്‍ മുസ്‌ലിംകള്‍ അതിജീവിക്കുകയും തിരിച്ചടിക്കുകയും ചെയ്തു. നേരത്തെയുണ്ടായിരുന്ന ‘സാര്‍’ ഭരണത്തിന്റെ മതകീയ മുസ്‌ലിം വിരുദ്ധത സോവിയറ്റ് യൂണിയന്റെ മതേതര മുസ്‌ലിം വിരുദ്ധതയായി മാറുകയാണുണ്ടായത്. അഥവാ സോവിയറ്റ് യൂണിയനും നല്ല മുസ്‌ലിംകളും ചീത്ത മുസ്‌ലിംകളുമുണ്ടായിരുന്നു. സോവിയറ്റ് പദ്ധതിയെ അംഗീകരിക്കുന്ന നല്ല മുസ്‌ലിമും അതിനെ വിമര്‍ശിക്കുകയും ബദലന്വേഷിക്കുകയും ചെയ്യുന്ന ചീത്ത മുസ്‌ലിമും.

ഒക്ടോബര്‍ വിപ്ലവത്തിന്‌ മുന്‍പും ശേഷവും, സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗമാവാന്‍ ആഗ്രഹിച്ച ദേശീയ മുസ്‌ലിം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിലനിന്നിരുന്നു.  എന്നാല്‍, അവരും മുസ്‌ലിംകള്‍ക്ക് മത-സംസ്‌കാരിക സ്വയം നിര്‍ണ്ണായവകാശവും തങ്ങളുടെതായ പാന്‍ ഇസ്‌ലാമിക്‌ മാതൃകയില്‍ കമ്മ്യൂണിസത്തെ തദ്ദേശവല്‍ക്കാനുളള അവകാശവും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ദേശീയ മുസ്‌ലിം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അഭിലാഷങ്ങള്‍ നിരന്തരം അടിച്ചമര്‍ത്തപ്പെട്ടു. അന്നത്തെ പ്രധാന മുസ്‌ലിം കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായ സുല്‍ത്താന്‍ ഗലീവ് (Sulthan Galiev) പറയുന്നത്:

“ഒന്നര ബില്ല്യണ്‍ വരുന്ന പൗരസ്ത്യ ജനഞ്ചയത്തെ പാശ്ചാത്യ യൂറോപ്യന്‍ ബൂര്‍ശ്വാസികള്‍ അടിമകളാക്കിവെച്ചത് ബോള്‍ഷെവിക് നേതാക്കള്‍ മറന്നു കളഞ്ഞു. അന്താരാഷ്ട്ര വര്‍ഗ സമരത്തിന്റെ അലയൊലികള്‍ കിഴക്കിനെ സ്പര്‍ശിക്കാതെത കടന്നുപോയി… കിഴക്കിനെ കുറിച്ച അജ്ഞതയും അതുല്‍പാദിപ്പിച്ച ഭയവും കാരണം പൗരസ്ത്യ വിപ്ലവകാരികള്‍ ലോക വിപ്ലവത്തിന്റെ ഭാഗമാവുക എന്ന ആശയം തന്നെ വ്യവസ്ഥാപിതമായി തഴയപ്പെട്ടു.”

Sulthan Galiev

സുല്‍ത്താന്‍ ഗലീവും മറ്റു ദേശീയ മുസ്‌ലിം കമ്മ്യൂണിസ്റ്റ് നേതാക്കളും, മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും മോസ്‌കോവിലേക്ക് ഒഴുകുന്നവരോട്, റഷ്യന്‍ കമ്മ്യൂണിസം ആന്തരികമായി റഷ്യന്‍ സാറിസത്തില്‍ നിന്ന് വ്യത്യസ്തമല്ലെന്നും അത് ക്രമേണ റഷ്യന്‍ സാമ്രാജ്യത്തിന്റെ ഒരു ഉപകരണമായി തീരുമെന്നും മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

സോവിയറ്റ് സാമ്രാജ്യത്വ പദ്ധതിയുടെ അവസാനകാലത്ത്, കമ്മ്യൂണിസ്റ്റ് അടിച്ചമര്‍ത്തലിനു കീഴില്‍ ദുരിതമനുഭവിക്കുന്ന ബോസ്‌നിയന്‍ മുസ്‌ലിംകളുടെ സ്വയം നിര്‍ണയാവകാശത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഇസ്‌ലാമിസ്റ്റ് ചിന്തകന്‍ അലിജാ ഇസ്സത്ത് ബെഗോവിച്ചിനെ യൂഗോസ്ലാവിയന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം പല തവണയാണ് ജയിലിലടച്ചത്. ജയിലിലായിരിക്കുമ്പോള്‍ സോവിയറ്റ് പദ്ധതിയെക്കുറിച്ച് അദ്ദേഹം രചിച്ച മെറ്റീരിയലും മെറ്റാഫിസിക്കലുമായ നിരൂപണങ്ങള്‍ ‘വിപ്ലവത്തിന് 100 വര്‍ഷങ്ങള്‍ക്കും ശേഷവും’ ഒരു അപകോളനീകരണ മുസ്‌ലിം എതിര്‍വായനക്കുളള നിലമൊരുക്കാന്‍ സഹായകമാണ്. സ്റ്റാലിനിസത്തിന്റെ മാത്രമല്ല. ലെനിനിസത്തിന്റെയും മുസ്‌ലിം വിരുദ്ധതയുടെ ആഘാതത്തെക്കുറിച്ച് ബെഗോവിച്ച് എഴുതുന്നുണ്ട്:

“USSR ഭീകരത ആരംഭിക്കുന്നത് സ്റ്റാലിനെക്കൊണ്ടല്ല, ലെനില്‍ തൊട്ടാണ്. സോള്‍ജനിറ്റ്‌സ്യന്‍ (Solzhenitsyn) ഗുലാഗിന്റെ സൃഷ്ടാവായി കണക്കാക്കുന്നത് ലെനിനെയാണ്. അദ്ദേഹം പറയുന്നത്, അത്തരം ക്യാമ്പുകള്‍ നിര്‍മ്മിക്കാനുളള (വ്യാജ) സിദ്ധാന്തം എന്നത് ലെനിനെതിരെ നടന്ന പരാജിത വധശ്രമമാണെന്നും ആ പേരു പറഞ്ഞ് കൊടിയ നിഷ്ഠൂരതയ്ക്കും കൂട്ടക്കുരിതിക്കുമാണ് ബോള്‍ഷെവിക് നേതാവ് അനുവാദം ഒപ്പിട്ടുകൊടുത്തത് എന്നുമാണ്. ക്യാമ്പുകളുടെ സംസ്ഥാപനത്തെ ലെനിന്‍ വിശദീകരിച്ചത് ‘എല്ലാത്തരം ഉപദ്രവകരമായ കീടങ്ങളില്‍ നിന്നും റഷ്യന്‍ മണ്ണിനെ ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്’ എന്നു പറഞ്ഞുകൊണ്ടാണ്. ‘Cleansting’ (ശുദ്ധീകരിക്കുക). ‘Purges’ (പുറന്തളളുക) എന്നീ വാക്കുകള്‍ ഉപയോഗിച്ച് കുറ്റം ചമത്തപ്പെട്ടവരെയെല്ലാം മനുഷ്യര്‍ക്ക് പകരം കീടങ്ങളാക്കി മാറ്റി. കണക്കുകള്‍ പ്രകാരം 1920-ന്റെ അവസാനത്തില്‍ റഷ്യന്‍ റിപ്പബ്ലിക്കില്‍ മാത്രം 84 ക്യാമ്പുകളിലായി 50,000-ലധികം ആളുകള്‍ തടവിലടക്കപ്പെട്ടിരുന്നു. അവിടുന്നങ്ങോട്ട് ക്യാമ്പുകളുടെയും തടവുകരാരുടെയും എണ്ണം സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. സോള്‍ജനിറ്റ്‌സ്യന്‍ പറയുന്നത് പ്രകാരം ബോള്‍ഷെവിക് ആധിപത്യകാലത്ത് 55 മില്ല്യണിലധികം ആളുകളെ കാണാതായിട്ടുണ്ട്. മറ്റു ചില സ്രോതസുകള്‍ പ്രകാരം, താരതമ്യേന ഇതിലും കുറഞ്ഞ എണ്ണമാണെങ്കിലും ഒരു കണക്കും 15 മില്ല്യണില്‍ താഴെ പറയുന്നില്ല.”

ജനസംഖ്യാപരമായും ഭാവശാസ്ത്രപരമായും, മുസ്‌ലിംകളായിരുന്നു സോവിയറ്റ് പുരുഷ്യന്റെ ഏറ്റവും വലിയ ഭീഷണികളിലൊന്ന്.  ചുവപ്പ് ഗ്രഹത്തില്‍ (Red Planet) നിന്നും തുടച്ചുനീക്കപ്പെടേണ്ട അണുക്കളായും കീടങ്ങളായും അവരെ കൈകാര്യം ചെയ്ത സോവിയറ്റ് പുരുഷന്റെ വംശീയ യുക്തിയില്‍ മില്ല്യണ്‍ കണക്കിനാണ് അവര്‍ പീഢിപ്പിക്കപ്പെട്ടത്. മുസ്‌ലിം അപരനെതിരെ സോവിയറ്റ് പുരുഷനെ നിര്‍വ്വചിച്ച ചില പ്രയോഗങ്ങലൂടെ ബെഗോവിച്ച് സോവിയറ്റ് പദ്ധതിയുടെ അതിഭൗതിക സ്വഭാവത്തെ കണ്ടെത്തുന്നുണ്ട്, ‘Lenin is more alive than all the living’ or ‘Lenin is more human than all humans’- സമാനമായ മുദ്രാവാഖ്യങ്ങള്‍ USSR-ല്‍ അങ്ങോളമിങ്ങോളം കാണാന്‍ കഴിയുമായിരുന്നു. പിന്നീടത് സ്റ്റാലിനെക്കുറിച്ചായി, പിന്നീട് ക്രൂഷ്‌ചേവ്, ശേഷം ബ്രഷ്‌നേവ്’. തുടക്കം മുതല്‍ ഒടുക്കം വരെ, ഭൗതികമായും അതിഭൗതികമായും  ഏതാനും ആളുകള്‍ക്കുവേണ്ടിയുളള ഒരു ‘ലോക വിപ്ലവം’ മാത്രമല്ല ബോള്‍ഷെവിക് പ്രൊജക്ട് നിര്‍മ്മിച്ചെടുത്തത്; മറിച്ച്, മുസ്‌ലിംകള്‍ക്ക് സോവിയറ്റ് ഭരണത്തിനു കീഴിലുള്ള അധികാര നഷ്ടമാണത്. അവരുടെ നൂറു വര്‍ഷങ്ങള്‍ അത്ര മഹത്തരമായിരുന്നില്ല താനും.

അതിന്റെ നിയോ സാറിസ്റ്റ്‌ കോളനികള്‍ക്ക് പുറത്തുളള സെക്യുലര്‍ ദേശീയ മുസ്‌ലിംകളെ സോവിയറ്റ് യൂണിയന്‍ ‘സുഹൃത്തുക്കള്‍’ ആയി കണ്ടു. യൂറോപ്യന്‍ മുതലാളിത്ത കൊളോണിയല്‍ ശക്തികള്‍ക്കെതിരായ അവരുടെ സമരങ്ങള്‍ കയ്യയച്ച് സഹായിക്കുകയുമുണ്ടായി. ഈ മുസ്‌ലിംകളായിരുന്ന സോവിയറ്റ് സഖാക്കളുടെ കണ്ണില്‍ ‘നല്ല മുസ്‌ലിംകള്‍’. എന്നാല്‍ പല രാജ്യങ്ങളും ചുവപ്പ് ശക്തിയുമായുളള ഈ അസന്തുലിത ബന്ധത്തെ മനസ്സിലാക്കുകയും, ഇരു- സോവിയറ്റ്,അമേരിക്കന്‍- സാമ്രാജ്യത്വ സാന്നിദ്ധ്യത്തിന്റെയും താല്‍പര്യങ്ങളെ അവരുടെ സമരങ്ങളില്‍ വെല്ലുവിളിക്കുകയും ചെയ്തു. ഇന്തോനേഷ്യ, ഈജിപ്ത് പോലുളള ഇത്തരം സെക്യുലര്‍-ദേശീയ മുസ്‌ലിം രാഷ്ട്രങ്ങള്‍ മൂന്നാംലോക രാജ്യങ്ങളിലെ അവരുടെ പങ്കാളികളുമായി ചേര്‍ന്ന് 1955-ലെ ബാന്ദുങ്ങ്‌ സമ്മേളനത്തിനു ശേഷം ചേരി ചേരാ പ്രസ്ഥാനത്തിലൂടെ കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ നേതൃത്വത്തിലേക്കെത്തപ്പെട്ടു. ആഫ്രിക്കയിലും ഏഷ്യയിലും നിന്നുള്ള ലോകത്തിലെ ‘ഇരുണ്ട’ 50 ശതമാനം ജനസംഖ്യയെ ഉള്‍ക്കൊള്ളുന്ന NAM ന്റെ മുദ്രാവാക്യം ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകര്‍നോ വ്യക്തമാക്കിയതു പോലെ ‘neither capitalism nor communism, but decolonisation’ എന്നതായിരുന്നു.

Erdogan, Dr. Alija izetbegovic and their teacher Dr. Al-Fateh Ali Hassanein

ഞാന്‍ വാദിക്കുന്നത്, ഈ തരത്തില്‍ ‘വളരെയധികം സൗഹൃദത്തിലുള്ളതും’ അല്ലെങ്കില്‍ ‘ബാന്ദുങ്ങ്‌ ടൈപ്പ്’ സൗഹൃദപരവുമായ നല്ല മുസ്‌ലിംകള്‍ക്കുള്ള സോവിയറ്റ് യൂണിയന്റെ പിന്തുണ തന്നെയും, അതിന്റെ വംശീയവും സോവിയറ്റ് നാഗരികതയുടെ ആധിപത്യത്തിലൂന്നിയതും അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതുമായിരുന്നു എന്നാണ്. ശീത യുദ്ധ കാലത്ത് സോവിയറ്റ് ബ്ലോക്ക് ഈ പദ്ധതി നടപ്പിലാക്കിയെങ്കില്‍, ശീതയുദ്ധാനന്തരം പടിഞ്ഞാറന്‍ ശക്തികള്‍ ഇത് പിന്തുടര്‍ന്നു. മേഖലയിലെ സോവിയറ്റ് സ്വാധീനത്തെ വെല്ലുവിളിക്കാന്‍ ശീതയുദ്ധത്തിന്റെ അവസാന കാലത്ത് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ മുസ്‌ലിം ‘സുഹൃത്തു’ക്കളെ കണ്ടെത്തി. ശീതയുദ്ധകാലത്ത് അഫ്ഗാനിസ്ഥാനിലും പുറത്തും സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടിയ മദ്ധ്യേഷ്യയിലെ മുസ്‌ലിംകളുടെ കര്‍ത്യത്വത്തെ നിരാകരിക്കുകയല്ല എന്റെ ഉദ്ദേശം. മറിച്ച്, 1980-കളില്‍ അഫ്ഗാനിലെ മുസ്‌ലിംകളുമായി ചങ്ങാത്തം ഉണ്ടാക്കുകയും, 1990-കളില്‍ അതേ മുസ്‌ലിംകള്‍ ശത്രുക്കളായി മാറുകയും ചെയ്യുന്ന പടിഞ്ഞാറന്‍ ബ്ലോക്കിന്റെ ‘നല്ല മുസ്‌ലിം’ ‘ചീത്ത മുസ്‌ലിം’ ദ്വന്ദം ഒരുപോലെ മുസ്‌ലിം വിരുദ്ധ വംശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയാണ്.

ഉപസംഹാരം

സെഡ്രിക് റോബിന്‍സണ്‍ (Cedric Robinson) വംശീയ മുതലാളിത്തം (Racial Capitalism) എന്ന് ആധുനിക ലോകക്രമത്തെ വിശദീകരിക്കുന്നതു പോലെ, മുസ്‌ലിംകളും മറ്റു പാശ്ചേത്യതരരുമായി ബന്ധപ്പെടുത്തി കമ്മ്യൂണിസ്റ്റ് പദ്ധതിയെയും പ്രസ്ഥാനങ്ങളെയും വംശീയ കമ്മ്യൂണിസം എന്ന് വിളിക്കാവുന്നതാണ്.  മാര്‍ക്‌സും ഏംഗല്‍സും മറ്റു ഇടതുബുദ്ധിജീവികളും മുന്നോട്ടു വെച്ച കമ്മ്യൂണിസമെന്നത് യൂറോ കേന്ദ്രീകൃത ലോക ബോധത്തിന്റെ മറ്റൊരു യൂറോ കേന്ദ്രീകൃത വിമര്‍ശമാണ്. അവരൊക്കെ തന്നെയും മുസ്‌ലിംകളെ താഴ്ന്ന ജനതയായും ഇസ്‌ലാമിന്റെ ഭാഷയിലൂടെ മുതലാളിത്തത്തെ വെല്ലുവിളിക്കാന്‍ കഴിവില്ലാത്തവരായുമാണ് മനസ്സിലാക്കിയത്.

പാശ്ചാത്യവല്‍കൃത സെക്യുലര്‍ കൊളോണിയല്‍ ഇടതിന്റെ മുസ്‌ലിം വിരുദ്ധ വംശീയതയിലുളള പങ്കിനെക്കുറിച്ച എന്റെ വിമര്‍ശനത്തെ ഒരു പിന്തിരിപ്പന്‍ മാര്‍ക്സിസ്റ്റായോ ഇടതു-വിരുദ്ധ നിലപാടായോ കാണരുത്. അതിലപ്പുറം, പാശ്ചാത്യവല്‍കൃത സെക്യുലര്‍ ഇടതിനോട് അതിന്റെ യോറോകേന്ദ്രീകൃത പാശ്ചാത്യാധിഷ്ഠിത ചട്ടക്കൂടിലൊതുങ്ങി നില്‍ക്കാത്ത, മുസ്‌ലിംകളുമായുളള സങ്കീര്‍ണമായ ബന്ധത്തെ ഒന്നുകൂടി കൃത്യമായി മനസ്സിലാക്കാനുളള നിര്‍ദ്ദേശമായാണ് കാണേണ്ടത്. ‘The Soal of Black Folsk’ (1989)-ല്‍ Du Bois നിരീക്ഷിക്കുന്നത്, ബോള്‍ഷെവിക് വിപ്ലവം ആഗോളവര്‍ണ്ണ കല്‍പനയെ (Colour line) തകര്‍ക്കുന്നതിന് സഹായിച്ചിട്ടുണ്ട്. അത് കോളനികളിലെ ജനതക്ക് കൊളോണിയന്‍ ശക്തികള്‍ക്കെതിരെ സമരം ചെയ്യുന്നതിനുളള ബാഹ്യ പിന്തുണയും അനുവദിച്ചിട്ടുണ്ട്. പക്ഷേ അത് സാര്‍വ്വ ലൗകികമായ ഒരു പരിഗണയായിരുന്നില്ല. ചുവപ്പ് പ്രവാഹം (Red Tide) പലര്‍ക്കും വിപ്ലവകരമായിരുന്നു എന്നതില്‍ സംശയവുമില്ല, എന്നാല്‍ ബോള്‍ഷെവിക് വിപ്ലവം മുസ്‌ലിംകളുടെ കാര്യത്തില്‍, നിലനിന്നിരുന്ന മുസ്‌ലിം വിരുദ്ധ വര്‍ണ കല്‍പനയെ ദൃഢീകരിക്കുകയാണ് ഉണ്ടായത്. ആഗോള ഇടതുപക്ഷം ആന്തരികവല്‍ക്കരിച്ചിട്ടുള്ള ഒട്ടും വിമര്‍ശനാത്മകമല്ലാത്ത എസ്സന്‍ഷ്യലിസ്റ്റ് നരേറ്റീവില്‍ നിന്ന് പുറത്തു കടക്കാന്‍ അവര്‍ സന്നദ്ധമാവുകയാണെ്ങ്കില്‍ അവര്‍ക്ക് മുസ്‌ലിംകളെ കണ്ടെത്താന്‍ സാധിക്കും. ബോള്‍ഷെവിക് വിപ്ലവത്തിന്ന്‌ നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം സോവിയറ്റാനന്തര, ഭീകരതെക്കെതിരായ യുദ്ധത്തിന്റെ ലോക ക്രമത്തില്‍ നമുക്ക് കാര്യങ്ങളെ കൂടുതല്‍ തെളിമയോടും വിമര്‍ശനാത്മകമായും കാണേണ്ടിയിരിക്കുന്നു.

വിവര്‍ത്തനം: റഖീബ് പൊന്നാനി

അലക്‌സാണ്ടര്‍ അബ്ബാസി