Campus Alive

ഷാഹിദ്: സിനിമയും ജീവിതവും

In the name of father (1993) എന്ന സിനിമ ഗില്‍ഡോര്‍ട്ട് ഫോര്‍ഡ് എന്ന ഐറിഷ് യുവാവിന്റെ ജീവചരിത്ര (Biopicfilm) മാണ്, 1975ല്‍ ബ്രിട്ടണില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ ഗില്‍ഡോര്‍ട്ട് ഫോര്‍ഡിനെ പോട്ട (Prevension of Terrerisom Atc) ചുമത്തി അറസ്റ്റ് ചെയ്യുന്നു. പതിനാറ് വര്‍ഷം ജയിലിലടക്കുകയും നീണ്ട നിയമ യുദ്ധത്തിന് ശേഷം മോചിപ്പിക്കപ്പെടുന്നതുമാണ് സിനിമ. ലോകത്ത് ബ്രിട്ടീഷ് ലീഗില്‍ സിസ്റ്റം വികസിപ്പിച്ചെടുത്ത കരിനിയമങ്ങള്‍, കൊളോണിയല്‍ അടിമത്തം പേറിയ രാജ്യത്ത് അവര്‍ വ്യാപിപ്പിച്ചു.  ഐറിഷ് ജനതക്കെതിരായ കരിനിയമങ്ങള്‍ തന്നെയാണ് ഇന്ന് ഇന്ത്യന്‍ ഭരണകൂടം പിന്തുടര്‍ന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ടാഡ, പോട്ട നിയമങ്ങള്‍ ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധതയുടെ ഭാഗമായാണ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ മഅ്ദനിയടക്കം അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ നിയമവ്യവസ്ഥയുടെ പരാജയവും കൊളോണിയല്‍ പാരമ്പര്യത്തെ അരക്കെട്ടുറപ്പിക്കുന്നതുമാണ്.

ബോളിവുഡില്‍ വന്ന പുതിയ രണ്ട് ജീവ ചരിത്ര സിനിമകളായിരുന്ന ബാഗ് മില്‍കാ സിങ് ബാഗ്, പാന്‍ സിങ് ടോമര്‍. ബാഗ് മില്‍കാ സിങ് ബാഗ് എന്ന സിനിമയില്‍ പറക്കും സിങ് എന്നറിയപ്പെടുന്ന മില്‍കാ സിങിനെ അവതരിപ്പിക്കുന്നത് ഫര്‍ഹാന്‍ ഖാന്‍ ആണ്. ഈ സിനിമയുടെ അവസാനം പാക്കിസ്ഥാന്‍ അത്‌ലറ്റിനോട് മത്സരിച്ച് ജയിക്കുന്ന മില്‍കാ സിങ് ദേശത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതാണ് കഥ. പാന്‍ സിങ് സ്‌ട്രോമര്‍ എന്ന സിനിമയില്‍ ഇര്‍ഫാന്‍ ഖാന്‍ അഭിനയിക്കുന്ന പാന്‍ സിങ് എന്ന പട്ടാളക്കാരന്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്ത് സ്വന്തം നാട്ടിലെ ജമീന്ദര്‍ക്കെതിരെ ആയുധം എടുത്ത് പോരാടി കൊലപ്പെടുത്തുന്നതുമാണ് കഥ. ഈ സിനിമക്ക് ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ഇത്തരം ദേശീയതയെ ഉത്തേജിപ്പിക്കുന്ന രണ്ട് സിനിമകള്‍ക്ക് ശേഷം ബോളിവുഡില്‍ രംഗപ്രവേശനം ചെയ്യുന്ന ജീവചരിത്ര സിനിമയാണ് ശാഹിദ്.

ശാഹിദ് സിനിമ തുടങ്ങുന്നതിന് മുമ്പ് എല്ലാ സിനിമ സംവിധായകരും എഴുതിക്കാണിക്കുന്നതുപോലെ, ഈ സിനിമ സാങ്കല്‍പ്പികവും പുനസൃഷ്ടിച്ചതുമാണ് എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്, അതായത് ഇന്ത്യന്‍ ഫാഷിസത്തിന്റെ ക്രൂരമായ കൊലപാതകത്തിന്‌ ഇരയാക്കപ്പെട്ട ശാഹിദ് അസ്മിയുടെ ജീവിതം സാങ്കല്‍പ്പികമാകുന്നിടത്ത് നിന്നാണ് സിനിമയുടെ പ്രശ്‌നം തുടങ്ങുന്നത്. സിനിമയുടെ തുടക്കത്തില്‍ തന്നെ മുബൈ കലാപത്തിന്റെ പശ്ചാതലത്തില്‍ മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നത് കണ്ടിട്ട് ശാഹിദ് അസ്മി ജിഹാദിയാവാന്‍ കാശ്മീരിലേക്ക് പോവുകയും അവിടെ നിന്ന് ഒരു മനുഷ്യനെ കൊല്ലുന്നത് കണ്ട് ഓടിപ്പോരുകയും ചെയ്യുന്നു. ഇതിന്റെ പേരില്‍ ശാഹിദിനെ പോലീസ് പിടിച്ച് തീഹാര്‍ ജയിലില്‍ അടക്കുന്നു എന്നതാണ് നമ്മുടെ സാങ്കല്‍പ്പിക കഥ. ശാഹിദ് അസ്മിയുടെ യഥാര്‍ത്ഥ ജീവിത കഥയിലേക്ക് സിനിമ കടക്കുന്നത് ഈയൊരു സാങ്കല്‍പ്പിക കഥയില്‍ നിന്നാണ്, അതുകൊണ്ട് തന്നെ അസ്മിയുടെ യഥാര്‍ത്ഥ ജീവിതത്തെ ‘സാങ്കല്‍പ്പികത’ അട്ടിമറിക്കുകയാണ് ചെയ്തത്. ശാഹിദ് അസ്മി ഏറ്റവും കൂടുതല്‍ പൊരുതി നിന്നത് ഇന്ത്യന്‍ ദേശീയത നിര്‍മ്മിച്ചെടുത്ത മുസ്‌ലിം ജീവിതത്തെ കുറിച്ച വാര്‍പ്പുമാതൃകകളെ തകര്‍ക്കാനാണ്. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്ന കൊളോണിയല്‍ നിയമങ്ങളും ആ നിയമങ്ങള്‍ പുലര്‍ത്തുന്ന മുസ്‌ലിം വിരുദ്ധതക്കും, ടാഡയും പോട്ടയും അടക്കമുളള കരിനിയമങ്ങള്‍ക്കെതിരെ ശക്തമായി നിലനിന്ന രക്തസാക്ഷിയാണ് ശാഹിദ് അസ്മി. കാശ്മീരില്‍ നിലനില്‍ക്കുന്ന എ.എഫ്.എസ്.പി.എ(AFSPA) പോലുളള കരിനിയമങ്ങളും അതില്‍ ഏറ്റവും കൂടുതല്‍ ഇരകളായ കാശ്മീരി മുസ്‌ലിങ്ങളാണ് ഇതില്‍ ഭീകരന്‍മാരാകുന്നത് എന്നത് തന്നെയാണ് ഈ സിനിമയുടെ പരാജയം. ഇങ്ങനെ ഇന്ത്യന്‍ ദേശീയ സിനിമകള്‍ തുടരുന്ന പ്രതിനിധാന ഹിംസ തന്നെയാണ് കാശ്മീര്‍ മുസ്‌ലിം ജീവിതത്തെ കാണിക്കുന്നതിലൂടെ ഈ സിനിമ ചെയ്തത്. ശാഹിദിന്റെ ലഘുജീവ ചരിത്രമാണ് ഇവിടെ നല്‍കുന്നത്. ഈ ചരിത്രം അറിയുന്നവരെ ഈ സിനിമയിലെ മേല്‍പറഞ്ഞ പ്രതിനിധാനങ്ങള്‍ അലസോരപ്പെടുത്തുക തന്നെ ചെയ്യും. മുബൈ കുര്‍ളയില്‍ തന്റെ ഓഫീസില്‍ വെച്ച് ഫാഷിസ്റ്റുകളുടെ വെടിയേറ്റാണ് ശാഹിദ് കൊല്ലപ്പെട്ടത്. മലേഗാവ് ബോംബ് സ്‌ഫോടനത്തില്‍ പ്രതിയാക്കപ്പെട്ട ഹക്കീം അന്‍സാരിയുടെ കേസാണ് ശാഹിദ് അസ്മി അവസാനമായി വാദിച്ചത്. ശാഹിദ് അസ്മി ജനിച്ചുവളര്‍ന്നത് ടി.ഐ.എസ്.എസ് എന്ന പേരിലറിയപ്പെടുന്ന സബര്‍ബ് ദിനറിലാണ്. അദ്ദേഹത്തിന്റെ കുടുംബം അഅ്‌സംഗഡിലാണ്. 1994ല്‍, ഒരു രാഷ്ട്രീയ നേതാവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തി എന്ന കേസിലാണ് ശാഹിദ് അസ്മി തന്റെ പതിനാഴാമത്തെ വയസ്സില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. തീഹാര്‍ ജയിലില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. തടവറയില്‍ വെച്ച് ശാഹിദ് അസ്മി തന്റെ ഉപരിപഠനം തുടരുകയും അതോടൊപ്പം സഹതടവുകാരെ നിയമപോരാട്ടത്തില്‍ സഹായിക്കുകയും ചെയ്തിരുന്നു. 2001ല്‍ ജയില്‍ മോചിതനായതിന് ശേഷം പത്ര പ്രവര്‍ത്തനം, നിയമം എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കി. മൂന്ന് വര്‍ഷം ഡിഫന്‍സ് ലോയര്‍ മജീദ് മേമെന്റകൂടെ എഡിറ്ററായി ജോലി ചെയ്തു. അതിന് ശേഷം സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. ഏഴ് വര്‍ഷം മാത്രമാണ്‌ ശാഹിദ് അസ്മിയുടെ അഭിഭാഷക ജീവിതം നീണ്ട് നിന്നത്. നീതിക്ക് വേണ്ടി ശബ്ദിച്ചത് കൊണ്ട് ഒരേ സമയം പ്രശസ്തനാകുകയും കുപ്രസിദ്ധനാവുകയുമായിരുന്നു അസ്മി. മഹാരാഷ്ട്ര ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഓര്‍ഗനൈസേഷന്‍ ശാഹിദ് അസ്മിയുടെ കേസെടുത്തിരുന്നു. എന്നാല്‍ കോടതി ഈ കേസ് തളളികളയുകയായിരുന്നു. ഉത്തരേന്ത്യയില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ അവിടുത്തെ മുസ്‌ലിങ്ങളായ അഭിഭാഷകരാണ് ഹാജരായിരുന്നത്. തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് വേണ്ടി വാദിക്കുന്നവരും തീവ്രവാദ മുദ്ര ചാര്‍ത്തികൊടുത്തിരുന്നു, ഈയൊരു സ്ഥിതി വിശേഷത്തിന്റെ ഒന്നാമത്തെ രക്തസാക്ഷിയായിരുന്നു അഡ്വ: ശാഹിദ് അസ്മി.

തീഹാര്‍ ജയിലില്‍ വെച്ച് കാശ്മീരില്‍ നിന്നുളള വാര്‍ സാബ് (കെ.കെ മേനോന്‍) എന്ന വ്യക്തിയെ പരിചയപ്പെടുന്നുണ്ട്, അയാള്‍ കൊടുക്കുന്ന ഉപദേശമാണ് നിങ്ങള്‍ ഈ സിസ്റ്റത്തെ മാറ്റണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്റെ ഭാഗമാവുകയാണ് വേണ്ടത് എന്ന്. ശാഹിദ് നിയമം പഠിക്കുകയും സിസ്റ്റത്തിന്റെ ഭാഗമാവുകയും ചെയ്യുകയും ജയിലില്‍ കഴിയുന്ന നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് വേണ്ടി പണിയെടുക്കുകയും ചെയ്തു. ഈ സിസ്റ്റം എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നതെന്ന് അതിന്റെ ഭാഗമായി തന്നെ ശാഹിദ് അനുഭവിച്ചറിയുന്നുണ്ട്. കോടതിയില്‍ വെച്ച് ശിവസേനക്കാര്‍ ശാഹിദിനെ അക്രമിക്കുന്ന രംഗം സിനിമയില്‍ ‘സാങ്കല്‍പ്പിക’മല്ലാതെ തന്നെ സംഭവിക്കുന്നുണ്ട്. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്ന ന്യൂനപക്ഷ വിരുദ്ധതയെ കുറിച്ച് മുകുല്‍ സിന്‍ഹയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ശാഹിദ് അസ്മി രക്തസാക്ഷി ദിനമായിരുന്ന ഫെബ്രുവരി 11ന് മുബൈയില്‍ മറാത്തി പത്രകാര്‍ സംഘ് ഓഫീസില്‍ വെച്ച് നടന്ന ശാഹിദ് അസ്മി അനുസ്മരണ (‘Shahid Azmi Memorial Lecture’) പരിപാടിയില്‍ അഹ്മദാബാദില്‍ നിന്നുളള പ്രശസ്ത അഭിഭാഷകനും ആക്ടിവിസ്റ്റുമായ മുകുല്‍ സിന്‍ഹയാണ് പ്രഭാഷണം നിര്‍വഹിച്ചത്. ഇന്ത്യന്‍ മതേതരത്വം എന്നത് ഹിന്ദു മതേതരത്വമാണ് എന്ന് പറഞ്ഞ്‌കൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിക്കുന്നത്. മുകുല്‍ എന്നതിന് പകരം മുഖ്താര്‍ എന്നായിരുന്നുവെങ്കില്‍ ഇവിടെ ഈ പേപ്പര്‍ അവതരിപ്പിക്കാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല..

മുകുല്‍ സിന്‍ഹ

‘യൂറോപ്യന്മാര്‍ നമുക്ക് സംഭാവന നല്‍കിയ രണ്ട് വാക്കുകളാണ് ‘ടെററിസം, സെക്യുലറിസം’, ഇവ രണ്ടും എങ്ങനെയാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ടെററിസം എപ്പോഴും ഒരു പ്രത്യേക സമുദായത്തെ ഉന്നം വെച്ചുകൊണ്ടാണ് വളര്‍ന്ന് വന്നത്. അതുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക് ജിഹാദ് എന്ന വാക്കുണ്ടാക്കി ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ചു. അങ്ങിനെ ഇതിലൂടെ പോലീസ് അറസ്റ്റ് ചെയ്തവരെയെല്ലാം രാജ്യത്തിന്റെ ശത്രുക്കളാക്കി. 1976ലെ അടിയന്തിരാവസ്ഥയില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ‘മതേതരത്വം’ കൊണ്ട് വരുന്നത് സംഘ്പരിവാര്‍ ശക്തികളുടെ വളര്‍ച്ചക്കുളള കാരണമായി. നമ്മളിവിടുത്തെ കലാപങ്ങള്‍ എടുത്തുനോക്കുകയാണെങ്കില്‍ ഇവിടുത്തെ മതേതരത്വം ന്യൂനപക്ഷ വിരുദ്ധമാണ് എന്ന് പറയേണ്ടിവരും. 1983ല്‍ ആസാമില്‍ 5000 മുസ്‌ലിങ്ങളെ വംശീയപരമായി ഉന്മൂലനം ചെയ്തു. ഇതില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഇതുവരെ ഒരു പ്രതികളും ശിക്ഷിക്കപ്പെട്ടിട്ടില്ല. 1989ല്‍ ബഗല്‍പൂര്‍-അഹ്മദാബാദ് കലാപത്തില്‍ ഒരു വില്ലേജിലെ 160 മുസ്‌ലിങ്ങളെ കൊന്നു. ഇതിലും ഒരാളും ശിക്ഷിക്കപ്പെട്ടിട്ടില്ല, 1984ല്‍ നടന്ന സിഖ് കൂട്ടക്കൊലയിലും ഒരാളും ശിക്ഷിക്കപ്പെട്ടിട്ടില്ല. 2002ല്‍ നടന്ന ഗുജറാത്ത് വംശീയ കൂട്ടക്കൊല നമുക്കറിയാം. മോഡിയോട് ഹാജരാകാന്‍ പറഞ്ഞെങ്കിലും ഇതുവരെ മോഡി ഹാജരായിട്ടില്ല. കണ്ഠമാലില്‍ കൃസ്ത്യാനികള്‍ക്കെതിരെ നടന്ന കലാപത്തിലും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നു പറയാം. അതുകൊണ്ടുതന്നെ ഇവിടുത്തെ മതേതരത്വം ന്യൂനപക്ഷ വിരുദ്ധമാണ്. ശാഹിദ് അസ്മി എന്ന അഭിഭാഷകനെ വെടിവെച്ചുകൊന്നിട്ടും ഇന്ത്യന്‍ ബാര്‍കൗണ്‍സില്‍ ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല. കാരണം അവര്‍ നമ്മള്‍ ഈ പറയുന്ന മതേതരത്വത്തിന്റെ അടിമകളാണ്. ഗോള്‍വള്‍ക്കര്‍ മുന്നോട്ട് വെച്ചത് ജര്‍മന്‍ ഫാഷിസത്തിന്റെ മാതൃകയാണ്. ‘ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തില്‍ പ്രവര്‍ത്തിക്കാന്‍ വരുന്നവര്‍ക്ക് ജര്‍മനി ഒരു മാതൃകയാണ്. എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് ഹിറ്റ്‌ലര്‍ നമുക്ക് കാണിച്ചുതന്നു. ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തിന് വേണ്ടി എങ്ങനെയാണ് മാറ്റി പണയേണ്ടതെന്ന് ഹിറ്റലര്‍ നമുക്ക് കാണിച്ച് തന്നു’.

അദ്ധ്വാനിയുടെ രഥയാത്രയും അതിനോടനുബന്ധിച്ച് ബാബരി മസ്ജിദിന്റെ തകര്‍ച്ചയും പോലുള്ള നവഫാഷിസ്റ്റ് അജണ്ടകള്‍ ഇന്ത്യയില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായാണ് സ്‌ഫോടന പരമ്പരകളും ഇന്ത്യയില്‍ സംഭവിക്കുന്നത്. മുകുല്‍ സിന്‍ഹയുടെ ശാഹിദ് അനുസ്മരണ പ്രഭാഷണത്തിന്റെ പ്രസക്തി, നീതി നിഷേധമെന്നത് മുസ്‌ലിമിന് വളരെ ആഴത്തില്‍ വേരോടി കിടക്കുന്ന ഒന്നാണ്. നിരവധി വംശഹത്യകളും അതിനോട് ഭരണകൂടം പുലര്‍ത്തിയ നിലപാടും മുസ്‌ലിമിനെ സംഘടിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. ഇങ്ങനെ സംഘടിക്കപ്പെട്ട പ്രസ്ഥാനങ്ങളെ വേട്ടയാടുന്ന തരത്തിലേക്കാണ് പുതിയ കാലത്ത് ഭരണകൂടം മുന്നോട്ട് പോകുന്നത്. വ്യവസ്ഥിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യം കാണിക്കുകയും എന്നാല്‍ അതിനോട് രാജിയാവാന്‍ സമ്മതിക്കാത്ത വ്യക്തികളെ വേട്ടയാടലും ഭരണകൂടത്തിനുളളിലെ ഫാഷിസ്റ്റുകളുടെ അജണ്ടയാണ്. കേരളത്തില്‍ ഈമെയില്‍ വേട്ടയും അഡ്വ: ഷാനവാസിനെതിരെയുളള ഭരണകൂട നടപടിയുമെല്ലാം ഇത്തരത്തിലുളള അടിച്ചമര്‍ത്തലിന്റെ ഭാഗമാണ്.

ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിനോദ പരിപാടിയായി സിനിമകള്‍ വികസിച്ച് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സിനിമകള്‍ തന്നെ നോക്കാം, സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേര്‍ വിപരീതമായതിനെയാണ് അവ മുന്നോട്ട് വെക്കുന്നത്. അതായത് അബ്ദുല്‍ നാസര്‍ മഅ്ദനിയടക്കം ജയിലില്‍ കഴിയുമ്പോള്‍ താടിയും തൊപ്പിയും വെച്ച ബാബു സേട്ടുമാരും, മുസ്‌ലിം സ്ത്രീകള്‍ ഫാഷിസ്റ്റുകളാല്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെടുമ്പോള്‍ തട്ടത്തിന്‍ മറയത്ത് പോലുളള മുസ്‌ലിം വിരുദ്ധ പടങ്ങളും സൃഷ്ടിച്ച് കേരളീയ പൊതുമണ്ഡലം വിനോദത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്.
ശാഹിദ് അസ്മി എന്ന സിനിമയിലൂടെ സംവിധായകന്‍ ബോളിവുഡ് സിനിമകളുടെ പതിവ് ശീലങ്ങളെ മാറ്റിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുസ്‌ലിങ്ങള്‍ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരാവുമ്പോഴും ബോളിവുഡിന്റെ താല്‍പര്യം പ്രണയവും മസാലപ്പാട്ടുമൊക്കെ തന്നെയാണ്. ഈ വാര്‍പ്പു മാതൃകകളെ പൊളിക്കാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. റിയാലിറ്റിയും ഫിക്ഷനും മാറിമാറി വരുന്ന സീനുകളില്‍ ചരിത്രത്തോട് നീതി പുലര്‍ത്തുന്ന രംഗങ്ങള്‍ തന്നെയാണ് പുനര്‍സൃഷ്ടിച്ചത്. ‘സങ്കല്‍പ്പങ്ങള്‍’ ഈ സിനിമയില്‍ കടന്നുവരുന്നത് ദേശീയതയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ്. നമ്മുടെ ദേശീയത നിലനില്‍ക്കുന്നത് തന്നെ മുസ്‌ലിം എന്ന അപരനിലൂടെയാണ് എന്നതിനാലാണ് കേവലം ഒരു സീനില്‍ വന്നുമറയുന്ന കാശ്മീരിലെ തീവ്രവാദിയാവുന്ന മുസ്‌ലിം എന്ന ഇമേജിലൂടെ ദേശീയതയെയും അതിന്റെ സാധ്യതകൊണ്ട് നിലനില്‍ക്കുന്ന ഫാഷിസ്റ്റുകളെയും തിരക്കഥാ രചയിതാവിന് തൃപ്തിപ്പെടുത്തേണ്ടി വരുന്നത്. ഈ സിനിമയില്‍ വരുന്ന റിയല്‍ കഥാപാത്രമാണ് മൗലാനാ ഗുല്‍സാര്‍ അസ്മി, രാഷ്ട്ര ജംഇയത്ത് ലീഗല്‍ സെല്‍ സെക്രട്ടറി. മുബൈയിലെ ഭീകരാക്രമണ കേസിലെ പ്രതി ചേര്‍ക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് വേണ്ടി സാമ്പത്തിക-നിയമ സഹായങ്ങള്‍ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് നടന്നിരുന്നത്. 2006ല്‍ ഔറംഗാബാദ് (മെയ്), മുംബൈ (ജൂലൈ), മാലേഗാവ് (സെപ്തംബര്‍) തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരെ തീവ്രവാദ കേസുകള്‍ ഫയല്‍ ചെയ്തു. ഈ കേസുകളെല്ലാം ഏറ്റെടുത്ത ശാഹിദ് അസ്മിയോട് എന്ത് കൊണ്ടാണ് നിങ്ങള്‍ ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നത്?’. എന്ന് ചോദിച്ചപ്പോള്‍ ശാഹിദ് അസ്മിയുടെ മറുപടി ‘ഞാന്‍, ഈ രാജ്യത്ത് സമാധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഞാന്‍ അന്യായമായി ജയിലില്‍ കിടന്നവനാണ്. നിഷ്‌കളങ്കരായ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കി ജയിലിലടക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ സമാധാനം തകരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അത് ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു അസ്മിയുടെ മറുപടി. ശാഹിദ് അസ്മി തന്റെ ജയില്‍ അനുഭവങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഇത്തരം കേസുകള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയത്. മാലേഗാവ് സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് കോടതി വിധിക്കുമ്പോള്‍ ശാഹിദ് അസ്മി ഏറ്റെടുത്ത കേസുകള്‍ എത്രമാത്രം ശക്തമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം.

കാമ്പസ് അലൈവ്‌ പ്രിന്റി(2013 നവംബര്‍)ല്‍ നിന്ന് പുനപ്രസിദ്ധീകരണം.

ഹാഷിര്‍ കെ മുഹമ്മദ്‌