Campus Alive

താരിഖ് റമദാനും ഇസ്‌ലാമോഫോബിയയും ഫ്രഞ്ച് ജയിലുകളുടെ വംശീയവല്‍ക്കരണവും

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആദരിക്കപ്പെടുന്ന പ്രൊഫസറും പണ്ഡിതനുമായ താരിഖ് റമദാന്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി വടക്കന്‍ ഫ്രാന്‍സിലെ ഫ്‌ലൂറി മാര്‍ഗ്രിസ്‌ (Flury-Margris) ജയിലില്‍ ഏകാന്ത തടവിലാണ്. ഭാര്യയ്ക്കും മക്കള്‍ക്കും ബന്ധപ്പെടാനുളള അവകാശമോ ആവശ്യമായ ആരോഗ്യ പരിചരണമോ അദ്ദേഹത്തിന് ലഭ്യമാകുന്നില്ല. പലപ്പോഴായുണ്ടായ അസുഖം (Sclerosis) കാരണം ഫെബ്രുവരി മാസത്തില്‍ പല ദിവസങ്ങളിലും അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റായി. ഈ അവസ്ഥയില്‍ തടവില്‍ വെക്കാന്‍ കഴിയില്ല എന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ പറഞ്ഞെങ്കിലും ആരോഗ്യപരമായ കാരണത്താല്‍ അദ്ദേഹത്തെ വിട്ടയക്കണമെന്ന അഭ്യര്‍ത്ഥന കോടതി തളളുകയായിരുന്നു. #MeToo കാംപയിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന ലൈംഗികാരോപണങ്ങളാലാണ് അദ്ദേഹം കോടതി നടപടി നേരിടുന്നത്. വളരെ ഗുരുതരമായ ഈ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിക്കുന്നുണ്ട്. അദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍ ഭീകരതക്കെതിരായ യുദ്ധ (War on Terror) വുമായി ബന്ധപ്പെട്ടതല്ലെങ്കിലും അദ്ദേഹത്തോടുളള അനീതിപരമായ നടപടികള്‍, സെപ്റ്റംബര്‍ 11-ന് ശേഷം മുസ്‌ലിംകള്‍ക്കു നേരെ ആരംഭിച്ച യുദ്ധത്തിലൂടെ പ്രകോപിതമായ ഓറിയന്റിലസത്തിന്റെ രീതിശാസ്ത്രങ്ങള്‍ തന്നെയാണ് പിന്തുടരുന്നത്.

താരിഖ് റമദാനെതിരായ ആരോപണങ്ങള്‍ ഗൗരവപരവും തെളിയിക്കപ്പെട്ടാല്‍ അദ്ദേഹം നീതിയെ നേരിടേണ്ടതുമാണ്. ലൈംഗികമായ അതിക്രമങ്ങള്‍ക്ക് ഒരു അറുതിയുണ്ടാവേണ്ടതുണ്ട്. BBC റിപ്പോര്‍ട്ട് പറയുന്നത് എട്ടിലൊന്ന് ഫ്രഞ്ച് വനിതയും പീഢിപ്പിക്കപ്പെടുന്നുണ്ട് എന്നാണ്. പക്ഷേ ഇതു വരെയുളള താരിഖ് റമദാനിതിരായുളള നടപടികള്‍ ഇതേപോലുളള മറ്റു ഉന്നതര്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ഫ്രഞ്ച് അധികാരികള്‍ കൈകാര്യം ചെയ്തിട്ടുളളത്. MeToo കാമ്പയ്‌ന്റെ ഫ്രഞ്ച് പതിപ്പായ ‘Balance Ton Porc’ (Expose Your pig) കാമ്പയ്ന്‍ കാലത്ത് (1997) ഫ്രഞ്ച് ബജറ്റ് മന്ത്രി ജെറാള്‍ഡ് ഡര്‍മാനി (Gerald Dermanin)നെതിരായി ബലാല്‍സംഘാരോപണമുയരുകയുണ്ടായി. പരിസ്ഥിതി മന്ത്രി നികോളസ് ഹുലോട്ട് (Nicolas Hulot) മുന്‍ പ്രധാനമന്ത്രി ഫ്രാന്‍കോയിസ് മിറ്ററാന്‍ഡി (Francois Mitterrand)ന്റെ പേരക്കുട്ടിയെ പീഢിപ്പിച്ചു എന്നും ആരോപണമുയര്‍ന്നു. അധികാരികളുടെ പ്രതികരണമെന്തായിരുന്നു? അന്നത്തെ പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പെ ‘കുറ്റം തെളിയുന്നതുവരെ നിരപരാധി’ എന്ന തത്വം പാലിക്കാനോര്‍മിപ്പിച്ചു. കുറ്റം ചാര്‍ത്തപ്പെടുന്നതു വരെ അവര്‍ ജോലിയില്‍ തുടരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുളള മറ്റൊരു പരിഗണനാര്‍ഹമായ ഉദാഹരണമാണ് ഐ.എം.എഫിന്റെ മുന്‍ തലവനും ഫ്രഞ്ച് പ്രസിഡന്റാവുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന ഡോമിനിക് ട്രോസ് ഖാന്റേത് (Dominique Strauss Kahn). 2015 ല്‍ അദ്ദേഹത്തിനെതിരായ ‘പിമ്പിംഗ്’ ആരോപണങ്ങള്‍ക്കിടെ രണ്ടു ലൈംഗിക തൊഴിലാളികള്‍ അവര്‍ക്ക് സമ്മതമല്ലാതെ ലൈംഗികവൃത്തി ചെയ്യാന്‍ അവരെ നിര്‍ബന്ധിച്ചു എന്ന് വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ കൂട്ടരതിയോടുളള ആസക്തിയെയും അവര്‍ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ അദ്ദേഹം ഒരിക്കല്‍ പോലും ജയിലിലടക്കപ്പെട്ടില്ല എന്ന് മാത്രമല്ല, കോടതി അദ്ദേഹത്തേയും ഒരാളൊഴികെയുളള മുഴുവന്‍ കൂട്ടുപ്രതികളെയും കുറ്റവിമുക്തരാക്കുകയും ചെയ്തു. മുമ്പ് 2011ല്‍ പീഢനാരോപണത്തെ തുടര്‍ന്ന് സ്‌ട്രോസ് ഖാന്‍ നാലു ദിനങ്ങള്‍ മാത്രമാണ് ന്യൂയോര്‍ക്ക് ജയിലില്‍ കഴിഞ്ഞത്.

Dominique Strauss Kahn

ഏകാന്തതടവ് വളരെ അപൂര്‍വ്വമാണ് യൂറോപ്പില്‍. ഫ്രാന്‍സും ബെല്‍ജിയവും നെതര്‍ലാന്റും ഈയടുത്തായി ഭീകരവാദ കേസുകളില്‍ ആരോപിക്കപ്പെട്ടവരെയും തെളിയിക്കപ്പെട്ടവരെയും ഒറ്റയ്ക്ക് പാര്‍പ്പിക്കുന്നുണ്ട്. സഹതടവുകാര്‍ റെഡികലൈസ് ചെയ്യപ്പെടുന്നത് തടയാനാണത്. ഫ്രാന്‍സിലെ മൊത്തം 67500 തടവുകാരില്‍ 283 പേര്‍ ഭീകരവാദകേസുകളുമായി ബന്ധപ്പെട്ടവരാണ് എന്നാണ് ജയില്‍ അധികൃതരുടെ കണക്ക്. പക്ഷേ റമദാന്‍ ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളിലല്ല അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്: മാത്രവുമല്ല രണ്ട് മാസമായിട്ടും അദ്ദേഹത്തെ വിചാരണക്ക് വിധേയനാക്കാന്‍ പോലും മതിയായ തെളിവുകള്‍ ഇനിയും ലഭ്യമായിട്ടില്ലാത്ത പ്രോസിക്യൂട്ടറുമായിട്ട് അദ്ദേഹം എല്ലാ നിലക്കും സഹകരിക്കുന്നുമുണ്ട്. കസ്റ്റഡിയിലെടുക്കുന്നതിന് വളരെ മുമ്പ് തന്നെ, റമദാന്റെ കൂടി സമ്മതത്തോടെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അദ്ദേഹത്തെ ലീവില്‍ അയച്ചിട്ടുണ്ട്. എങ്കിലും അന്നുമുതല്‍ അദ്ദേഹത്തിന്റെ അക്കാദമികമായ യോഗ്യതകള്‍ വരെ നിരന്തരമായി ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

അപ്പോള്‍ ആദരണീയനായൊരു ഇസ്‌ലാമിക പണ്ഡിതനെതിരായ നടപടികള്‍ വളറെ വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണ്?

2017 ന്റെ അവസാനത്തില്‍ ഹാര്‍വി വിന്‍സ്റ്റനെതിരായി ഡസന്‍ കണക്കിന് ആരോപണങ്ങളുയര്‍ന്നു വന്നപ്പോള്‍, അത് ഹോളിവുഡിനകത്തെ അധികാരത്തിന്റെ ദുരുപയോഗമായാണ് വിലയിരുത്തപ്പെട്ടത്, താരിഖ് റമദാന്റെതാവട്ടെ ഇസ്‌ലാമിന്റെ കുഴപ്പമായും. എല്ലാ ലൈംഗികാരോപണങ്ങളും ഗൗരവത്തില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പക്ഷേ വിന്‍സ്റ്റീനും നേരത്തെ പരാമര്‍ശിക്കപ്പെട്ട ഫ്രഞ്ച് ഒഫിഷ്യല്‍സിനും ഏതൊരു സാധാരണ പൗരനും ലഭ്യമാവാറുളള അവകാശങ്ങള്‍ റമദാന് നിഷേധിക്കപ്പെടുകയാണ്.

Paul Silverstein

യൂറോപ്പിലെ പുതിയ ആന്റിസെമിറ്റിസമാണോ ഇസ്‌ലാമോഫോബിയ എന്ന ചോദ്യത്തെ നേരിട്ടുക്കൊണ്ടിരിക്കുകയാണ് പല പണ്ഡിതന്മാരും. സില്‍വര്‍സ്റ്റീന്‍ (Paul Silverstein) വാദിക്കുന്നത് ആന്റിസെമിറ്റിക്ക്, ഇസ്‌ലാമോഫോബിക്‌ അതിക്രമങ്ങളൊക്കെയും ഫ്രഞ്ച് പില്‍ക്കാല ആധുനികതക്കകത്തെ ഘടനാപരമായ പിരിമുറുക്കത്തില്‍ നിന്നാണ് രൂപപ്പെടുന്നത് എന്നാണ്: ‘ ഫ്രഞ്ച് പോസ്റ്റ്‌കൊളോണിയാലിറ്റിയില്‍ ആഴ്ന്നിട്ടുളളതാണത്; അഥവാ  ഉത്തരാഫ്രിക്കയുടെ കോളണിവല്‍ക്കരണത്തില്‍ നിന്ന്, ഒന്നുകൂടെ വ്യക്തമാക്കിയാല്‍ ഫ്രഞ്ച് റിപ്പബ്ലിക്കിനെ കഷ്ണങ്ങളാക്കിയ അപകോളനീകരണ യുദ്ധങ്ങളില്‍ നിന്ന് രൂപം കൊണ്ട ഫ്രഞ്ച് ദേശീയതയിലുളള ചേരലിനെകുറിച്ചുളള അപരിഹൃതവും നീണ്ടുനില്‍ക്കുന്നതുമായ സംഘര്‍ഷങ്ങളിലാണ് അതിന്റെ വേരുകളുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ ജൂത പൗരത്വം ഫ്രഞ്ച് ദേശീയതയോട് ചേര്‍ന്ന് പോവില്ല എന്ന് കരുതപ്പെട്ടിരുന്നു, അക്കാലം മുതല്‍ തന്നെ മുസ്‌ലിംകളും തുല്യമായി സംശയിക്കപ്പെട്ടു.

ഇന്ന് യൂറോപ്പ്യന്‍ സമൂഹത്തിലെ ഭൂരിഭാഗവും ചോദിക്കുന്നത് മുസ്‌ലിംകള്‍ക്ക് നല്ല പൗരന്മാരാവാന്‍ കഴിയുമോ എന്നാണ്? സല്‍മാന്‍ സയ്യിദ് പറയുന്നത് ‘പടിഞ്ഞാറന്‍ മതേതരത്വം’ മുസ്‌ലിംകളെ സ്ഥിരമായി അതിക്രമകാരികളായ വിഷയിയെന്ന നിലയിലാണ് കണക്കാക്കുന്നത് എന്നാണ്. അവരുടെ മതപരമായ സത്ത, രാഷ്ട്രീയത്തോടുളള പ്രലോഭനത്താല്‍ സ്ഥിരമായി അട്ടിമറിക്കുന്നവരാണവര്‍; ഇവിടെ രാഷ്ട്രീയമെന്നത് പടിഞ്ഞാറന്‍ മതേതരത്വത്തെ വെല്ലുവിളിക്കുന്ന എന്തുമാവാം. ബ്രൗണ്‍ (Wendy Brown) പറയുന്നതുപോലെ: മതേതരത്വം അതിന്റെ ഏതാണ്ട് പൊരുളും കണ്ടെത്തുന്നത് ഇസ്‌ലാമെന്ന ഭാവനാത്മകമായ വിപരീതത്തിലാണ്. അങ്ങനെ പടിഞ്ഞാറന്‍ പബ്ലിക് ലൈഫിന്റെ മതപരമായ രൂപത്തെയും ഉളളടക്കത്തെയും അതിന്റെ സാമ്രാജ്യത്വരൂപകല്‍പനയെയും മറച്ചുവെക്കുകയും ചെയ്യുന്നു.

അതിന്റെ ഫലം രൂക്ഷമാണ്‌. റമദാനടക്കമുളള പടിഞ്ഞാറിലെ മുസ്‌ലിംകള്‍, രാഷ്ട്രീയപരമായ ഒരു അവകാശവാദവും ഉന്നയിക്കാത്തിടത്തോളമാണ്, അഥവാ അവരുടെ മതത്തെ സ്വകാര്യതയില്‍ സംരക്ഷിക്കുന്നിടത്തോളമാണ് പൊറുക്കപ്പെടുക. യൂറോപ്പ്യന്‍ മുസ്‌ലിംകള്‍ രാഷ്ട്രീയമായി സജീവമാവുന്നിടത്ത് ഇസ്‌ലാമോഫോബിയ ‘പുഷ്പിക്കും’. അടുത്ത് നടന്ന വോട്ടെടുപ്പ് കണ്ടെത്തിയത് അഭിപ്രായമാരാഞ്ഞ 55 ശതമാനമാളുകളും എല്ലാ കുടിയേറ്റങ്ങളും അവസാനിപ്പിക്കണം എന്ന അഭിപ്രായക്കാരാണ് എന്നാണ്.

Salman Sayyid

The Economist (2016) പറയുന്നത് ഫ്രാന്‍സിലെ മുസ്‌ലിം ജനസംഖ്യ 8-10 ശതമാനം വര്യമെന്നാണ് (മതപരമായ കണക്കുകള്‍ ശേഖരിക്കുന്നത് നിരോധിക്കപ്പെട്ടതിനാല്‍ ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല). എന്നാല്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ടനുസരിച്ച് ജയിലുകളില്‍ ഏതാണ്ട് 60 ശതമാനത്തോളം അവരാണ്. എങ്കിലും 1470 ജയില്‍ പുരോഹിതരില്‍ 178 പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. മിക്ക മുസ്‌ലിം തടവുകാരും വേറെ പാര്‍പ്പിക്കപ്പെടുകയോ, നേരത്തെ സൂചിപ്പിച്ചതുപോലെ ഏകാന്ത തടവിലോ ആണ്. 2014 ല്‍ ഫ്രാന്‍സിലും ഓസിനിയിലും അതേ പോലെ റമദാനെ ഇപ്പോള്‍ പാലിച്ചിരിക്കുന്ന ഫ്‌ലൂറി മാര്‍ഗ്രിസിലും മുസ്‌ലിംകള്‍ക്ക് വേറിട്ട യൂണിറ്റുകള്‍ രൂപീകരിച്ചിട്ടുണ്ട്.

ഫ്രഞ്ച് ജയിലുകളില്‍ മുസ്‌ലിംകള്‍ക്ക് പൗരന്മാരെന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. റമദാനെതിരെയുളള ആരോപണങ്ങളെന്തു തന്നെയായാലും, അതെത്ര തന്നെ ഗൗരവമുളളതായാലും അത് തെളിയിക്കപ്പെടേണ്ടതായുണ്ട്. യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തിന് റമദാനെതിരെ കേസുണ്ടോ എന്നുപോലും വ്യക്തമല്ല, അതിപ്പോഴും അന്വേഷണത്തിലാണ്. അപ്രാകാരം, ഒന്നും തന്നെ മതിയായ ചികിത്സയും കുടുംബവുമായുളള ബന്ധവും ലഭ്യമല്ലാത്ത ഏകാന്ത തടവിന് ന്യായമല്ല. എന്നാല്‍ ‘രാഷ്ട്രീയ മുസ്‌ലിമെന്ന നിലക്ക്, സ്വാധീനമുളള നേതാവെന്ന നിലയില്‍ യൂറോപ്പ്യനുമായ റമദാന്‍ നിലവില്‍ തന്നെ പൊതുബോധത്തിന്റെ വിചാരണക്കും വിധിക്കും വിധേയമായി കഴിഞ്ഞിട്ടുണ്ട്.

ഡോ. സാറ മര്‍സേഖ്‌