Campus Alive

ഹജജ്: മുസ്‌ലിം സമൂഹവും ആഗോള ബന്ധവും

റിഷാദ് ചൗധരിയുടെ  Hajj across Empires: Pilgrimage and Political Culture after the Mughals, 1739–1857 എന്ന പുസ്തകത്തിൻ്റെ വായന


മുസ്‌ലിംകളുടെ ആഗോള ബന്ധങ്ങൾ ഊർജിതമാക്കുന്നതിൽ ഹജ്ജ് യാത്രകൾക്ക് സുപ്രധാന പങ്കാണുള്ളത്. പ്രാദേശിക ഇസ്ലാമിക നവജാഗരണത്തിനും നവോത്ഥാനത്തിനും ഹജ്ജ് യാത്രകളും അതിലൂടെ ലഭിച്ച നവാനുഭവങ്ങളും പ്രധാന കാരണങ്ങളാണ്. വിവിധ മുസ്ലിം പ്രദേശങ്ങളിൽ നിന്നുള്ള ഹജ്ജ് യാത്രകൾ ആ പ്രദേശങ്ങളിലെ മുസ്ലിംകളുടെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങൾക്കും നിദാനമായിട്ടുണ്ട്.  ഹജ്ജിന്റെ സാമൂഹിക രാഷ്ട്രീയ മാനം മനസ്സിലാക്കിക്കൊണ്ടുതന്നെ സമകാലിക ഭരണകൂടങ്ങളും അക്കാലഘട്ടങ്ങളിലെ കൊളോണിയൽ ശക്തികളും സുപ്രധാന നയതന്ത്ര മാധ്യമമായി ഹജ്ജിനെ ഉപയോഗിച്ചതായി കാണാം. ഹജ്ജ് തീർത്ഥാടന യാത്രകളെക്കുറിച്ച് നിരവധി പഠനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ആ കാലഘട്ടങ്ങളിലെ പ്രധാന സാമൂഹിക-രാഷ്ട്രീയ ചാലകശക്തി എന്ന നിലയിലാണ് ഹജ്ജിനെ ഗ്രന്ഥകർത്താക്കൾ പരിചയപ്പെടുത്തുന്നത്.

16 മുതൽ 21 -ആം നൂറ്റാണ്ടുകൾക്കിടയിലുള്ള ബോസ്നിയൻ മുസ്ലിംകളുടെ ഹജ്ജ് യാത്രകളെ കുറിച്ചുള്ള പഠനങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ ഗവേഷണ കൃതിയാണ് സെനിത്ത കാരിചിന്റെ Bosnian Hajj Literature: Multiple Paths to the Holy (2022 ). ഉഥ്മാനീ കാലഘട്ടം മുതൽ ആധുനിക കിഴക്കൻ യൂറോപ്യൻ ഭാഗങ്ങളിലെ ട്രാവലോഗുകൾ, റിപ്പോർട്ടുകൾ, ഡയറികുറുപ്പുകൾ, കത്തുകൾ  പഠനങ്ങൾ, കവിതകൾ തുടങ്ങി വിവിധ മേഖലകളിലെ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ ബോസ്നിയൻ മുസ്ലിംകളുടെ ഹജ്ജ് അനുഭവങ്ങളെ വിശദമായി പഠിക്കുന്ന ആദ്യ രചനയാവാം ഇത്. ബാൽക്കൻ പ്രദേശങ്ങളിലെ മുസ്ലിംകളുടെ മുസ്ലിം പ്രദേശങ്ങളുമായി ബന്ധപ്പെട്ട ജീവിതാനുഭവങ്ങളെയും ഈ രചനയിൽ നമുക്ക് കാണാം. മൈക്കൽ ക്രിസ്റ്റഫർ ലോ എഴുതിയ ‘ഇംപീരിയൽ മക്ക ഓട്ടോമൻ അറേബ്യ ആൻഡ് ഇന്ത്യൻ ഓഷ്യൻ ഹജ്ജ് (2020 )’ ഉഥ്മാനീ-ഹിജാസ് പ്രദേശങ്ങളിലെ റെയിൽവേ ബന്ധം എങ്ങനെയാണ് ഹാജിമാരുടെ വരവുപോക്കുകളെ സഹായിച്ചത് എന്നും അതിലൂടെ ആധുനികതയുടെ സ്വാധീനം ഈ പ്രദേശങ്ങളിൽ തുടക്കമിട്ടു എന്നുമുള്ള അന്വേഷണമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യൻ മഹാസമുദ്രത്തിലും ചെങ്കടലിലും ചെലുത്തിയ നാവിക സ്വാധീനത്തെയും ഈ രചനയിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്ര തീരങ്ങളുടെയും ഉഥ്മാനീ കാലഘട്ടത്തിലെ അറേബ്യൻ ഭൂപ്രദേശങ്ങളുടെയും സവിശേഷമായ ഭൗമരാഷ്ട്രീയത്തിന്റെ ചലനങ്ങൾ അന്വേഷിക്കുന്ന രചന കൂടിയാണ് ഇംപീരിയൽ മക്ക ഓട്ടോമൻ അറേബ്യ ആൻഡ് ഇന്ത്യൻ ഓഷ്യൻ ഹജ്ജ്.

മധ്യേഷ്യൻ ഹാജിമാരുടെ അറേബ്യൻ പ്രദേശങ്ങളുമായുള്ള ബന്ധവും ഉഥ്മാനി കാലഘട്ടത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെയും വിശദീകരിക്കുന്ന രചനയാണ്‌ ലാലി ജാൻ എഴുതിയ Spiritual Subjects: Central Asian Pilgrims and the Ottoman Hajj at the End of Empire (2020). ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ മധ്യേഷ്യൻ ഭാഗങ്ങളിൽ നിന്നും മുസ്ലിംകളുടെ ഹജ്ജ് യാത്രകൾ, അതിൻ്റെ സാംസ്‌കാരിക-രാഷ്ട്രീയ സവിശേഷതകൾ, ഉഥ്മാനീ ഖിലാഫത് മധ്യേഷ്യൻ മുസ്ലിംകളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം എന്നിവയെല്ലാം ഈ രചനയിൽ കാണാം.  ഹജ്ജിൻ്റെ രാഷ്ട്രീയമാനങ്ങൾ, ഹജ്ജ് മുസ്ലിംകൾക്ക് നൽകുന്ന ആഗോള ബന്ധം, പാശ്ചാത്യ കൊളോണിയൽ ശക്തികൾ മുസ്ലിം ലോകത്ത് സ്വാധീനത്തിനും ആധിപത്യത്തിനും വേണ്ടി നടത്തിയ പരിശ്രമങ്ങൾ തുടങ്ങിയവയെ ചർച്ചചെയ്യുന്ന കൃതിയാണ് ഉമർ റിയാദ് എഡിറ്റു ചെയ്ത The Hajj and Europe in the Age of Empire (2016). ഈ കൃതി പതിനഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും സമുദ്ര മേഖലയിൽ സംഭവിച്ച അധികാരമാറ്റങ്ങളിലൂടെ യൂറോപ്യർക്കു  രാഷ്ട്രീയത്തിലും വ്യാപാരത്തിലും സാംസ്കാരിക വിനിമയങ്ങളിലും ലഭിച്ച ആധിപത്യത്തെ വിശകലനം ചെയ്യുന്നു. സാമ്രാജ്യങ്ങളുടെ ഈ യുഗത്തിൽ ഹജ്ജ് തീർത്ഥാടനത്തെ മുൻനിർത്തി, കോളണീകരണത്തിനു മുമ്പും കൊളോണിയൽ കാലത്തും ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന യൂറോപ്യൻ ആധിപത്യം മുസ്ലിം മതകീയതയോടും ഇസ്‌ലാമിക ചലനാത്മകതയോടും എങ്ങനെ സമീപിച്ചു എന്നാണ് ഈ കൃതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഹജ്ജ് ഒരു ആഗോള പ്രവർത്തനമാണ്, ബഹുവിധ സാംസ്‌കാരിക ചരിത്രനിമിഷങ്ങൾ ഉൾകൊള്ളുന്ന ഒരു ആഗോള പ്രവർത്തിയാണ് ഹജ്ജ് എന്ന് ഈ കൃതി നിരീക്ഷിക്കുന്നു.

1865 -1956 കാലങ്ങളിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൊളോണിയൻ വ്യാപന പശ്ചാത്തലത്തിലുള്ള ഹജ്ജ് തീർത്ഥാടന യാത്രകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് ജോൺ സ്ലൈറ്റിന്റെ The British Empire and the Hajj, 1865–1956 ( 2015). 1860 കൾ മുതൽ 1956ലെ സൂയസ് കനാൽ പ്രതിസന്ധി വരെ നീണ്ടുനിൽക്കുന്ന രാഷ്ട്രീയ ചരിത്രത്തെ ഹജ്ജിന്റെ പശ്ചാത്തലത്തിൽ കൈകാര്യം ചെയ്യുന്ന രചനയാണിത്. വിക്ടോറിയൽ കാലഘട്ടം, എഡ്‌വേർഡ് രാജാവിൻറെ ഭരണഘട്ടത്തിലെ ഹജ്ജ് ,1914 മുതൽ 1918 വരെയുള്ള ഒന്നാംലോക യുദ്ധവും അതിനോടനുബന്ധിച്ചുണ്ടായ അറേബ്യൻ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലുള്ള ഹജ്ജ് യാത്രകൾ, സൗദി അറേബ്യയുടെ രാജ്യരൂപീകരണം മുതൽ 1939 വരെയുള്ള രാഷ്ട്രീയ പശ്ചാത്തലത്തിലെ ഹജ്ജ് യാത്രകൾ, 1939 മുതൽ 1956 വരെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാലത്തെ ഹജ്ജും മറ്റ് മുസ്ലിം അറേബ്യൻ യാത്രകളുടെയും വിശദമായ ചരിത്രാഖ്യാനം എന്നിവ ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

സാറിസ്റ്റ് റഷ്യയുടെ കാലഘട്ടത്തിലെ ഹജ്ജ് തീർത്ഥാടകരുടെ അനുഭവ വിശദീകരണം ഉൾക്കൊള്ളുന്നതാണ് ഐലീൻ കെയ്ൻ എഴുതിയ Russian Hajj: Empire and the Pilgrimage to Mecca (2015). മുസ്ലിംകളുടെ ആരാധനാരീതികളോട് പ്രതിലോമകരമായ സമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും മുസ്ലിം ലോകവുമായുള്ള രാഷ്ട്രീയബന്ധം  സാമ്രാജ്യത്തിന് ഉപകാരപ്രദമാകും എന്നു ബോധ്യപ്പെട്ട സാറിസ്റ്റ് ഭരണകൂടം ഹജ്ജിനെ പ്രധാന നയതന്ത്ര മാധ്യമമായി ഉപയോഗപ്പെടുത്താൻ തുടങ്ങിയെന്നു ഐലീൻ കെയ്ൻ നിരീക്ഷിക്കുന്നു. സാറിസ്റ്റ് റഷ്യ ഹജ്ജുമായി ബന്ധപ്പെട്ടുണ്ടാക്കിയ അടിയന്തര സൗകര്യങ്ങളെല്ലാം ഹജ്ജിനെ നിയന്ത്രിക്കുക എന്നതിലുപരി അവരുടെ തന്നെ സാമ്രാജ്യത്വ താത്പര്യങ്ങൾക്ക്  ഉപകാരപ്രദമാകുന്ന തരത്തിൽ  കൈകാര്യം ചെയ്യുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. സാറിസ്റ്റ് സാമ്രാജ്യത്വ വ്യാപനത്തെ ഇസ്ലാമിക ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് സാധൂകരിക്കാനുള്ള ശ്രമവും ഇതിൻറെ ചേതോവികാരമായിരുന്നതായി ഐലീൻ കെയ്ൻ എഴുതുന്നു. ദക്ഷിണപൂർവേഷ്യൻ മുസ്ലിംകളുടെ ഹജ്ജ് യാത്രകളെ കുറിച്ചുള്ള പഠനമാണ് എറിക് താഗ്ലിയകോസൊയുടെ The Longest Journey: Southeast Asians and the Pilgrimage to Mecca ( 2013 ). മലായ് പ്രവിശ്യയിലെ മുസ്ലിംകളുടെ ഹജ്ജ് യാത്രകളും അതിനോടനുബന്ധിച്ച് അവർ നേരിട്ട പ്രയാസങ്ങളെയും വെല്ലുവിളികളെയും കൂടാതെ ആ കാലഘട്ടത്തിലെ മുസ്ലിം രാഷ്ട്രീയമാനങ്ങളെയും വിശദമായി കൈകാര്യം ചെയ്യുന്ന കൃതിയാണിത്. ഹജ്ജ് സഞ്ചാര സാഹിത്യം എന്നത് ഇസ്‌ലാമിക സാഹിത്യ മേഖലയിലെ സുപ്രധാന ഭാഗമാണ്. മക്ക ലക്ഷ്യമാക്കിയ തീർത്ഥാടനം എന്നതിലുപരി മുസ്‌ലിം ലോകത്തിന്റെ ആഗോളബന്ധത്തിന്റെ ചരിത്ര നിമിഷങ്ങളും കൂടിയാണ് ഈ രചനകൾ. ആത്മീയ ഉന്നമനം, കച്ചവടം, ഉഭയകക്ഷി ബന്ധങ്ങൾ, നയതന്ത്ര ഇടപാടുകൾ, നാവികമേഖലകളിലെ ശാക്തിക സന്തുലനം, ഇസ്‌ലാം വ്യാപനം എന്ന് തുടങ്ങി വിവിധ വിഷയങ്ങൾ ഹജ്ജ് സാഹിത്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മുസ്‌ലിം ലോകത്തു നിർണായക സ്ഥാനം ലഭിച്ച ഈ കൃതികളെക്കുറിച്ച ലഖുപരിചയം ലേഖകന്റെ ‘ഹജജ്: സഞ്ചാര സാഹിത്യവും മുസ്ലിം സമൂഹവും'( ശബാബ് വാരിക, 2023 -ജൂൺ-23) എന്ന പഠനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചക്കും ബ്രിട്ടീഷ് അധിനിവേശത്തിന്റെ തുടക്കത്തിനും സാക്ഷ്യം വഹിച്ച 1739 മുതൽ  1857 വരെയുള്ള കാലങ്ങളിലെ ഇന്ത്യൻ മഹാ സമുദ്ര തീരങ്ങളിലെ സാമ്രാജ്യങ്ങളുടെ ബാന്ധവങ്ങളെ കുറിച്ചുള്ള റിഷാദ് ചൗധരിയുടെ പഠനമാണ് Hajj across Empires: Pilgrimage and Political Culture after the Mughals, 1739–1857. മുഗൾ കാലഘട്ടത്തിലെ ഹജ്ജ് തീർത്ഥാടന യാത്രകളുടെ പ്രാദേശിക-ആഗോള മാനങ്ങൾ വിശകലനം ചെയ്യുന്ന ഏറ്റവും പുതിയ പഠനമാണ് ഈ കൃതി. അക്കാലങ്ങളിലെ മുസ്‌ലിം രാഷ്ട്രീയഗതിമാറ്റങ്ങൾക്കു എങ്ങനെയാണു ഹജ്ജ് കാരണമായതെന്നും കൊളോണിയൽ ശക്തികളുടെ അവയോടുള്ള  നയവും അദ്ദേഹം വിശകലവിധേയമാക്കുന്നു. വിവിധ ഭാഷകളിലെ സ്രോതസുകളുപയോഗിച്ചു ഉഥ്മാനികളുടെ അധീനതയുള്ള പശ്ചിമേഷ്യൻ പ്രദേശങ്ങളും ഇന്ത്യൻ ഉപഭൂഖണ്ഡവും തമ്മിലുള്ള സാംസ്‌കാരിക രാഷ്ട്രീയ വിനിമയങ്ങളിലും ഹജ്ജിനും തീർത്ഥാടകർക്കും ഉള്ള പ്രാധാന്യത്തെ ഗ്രന്ധകർത്താവ് ഉയർത്തിക്കാണിക്കുന്നു. ദക്ഷിണേഷ്യയിൽ ആധുനിക മുസ്‌ലിം രാഷ്ട്രീയ പാരമ്പര്യം രൂപപ്പെടുത്തുന്നതിൽ ഹജ്ജിനു സുപ്രധാന പങ്കുണ്ടെന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്. വ്യത്യസ്ത സാമ്രാജ്യങ്ങൾക്കിടയിൽ സംഭവിച്ച വിപ്ലവങ്ങൾക്കും ഭരണ മാറ്റങ്ങൾക്കും ഹാജിമാരുടെ പങ്ക് പ്രകടമാണ്. വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിം അധികാര കേന്ദ്രങ്ങൾ തകർച്ച നേരിടുന്ന പശ്ചാത്തലങ്ങളിൽ ഇസ്ലാമിക രാഷ്ട്രീയ രീതികൾക്ക് സംഭവിച്ച പരിവർത്തനങ്ങളെയും റിഷാദ് ചൗധരി അവലോകനം ചെയ്യുന്നു. ഉഥ്മാനികൾ മുഗളന്മാരുടെ തകർച്ചയെ എങ്ങനെ നോക്കി കണ്ടു എന്നും അദ്ദേഹം വിശദീകരിക്കുന്നു,

വലിയ മുസ്‌ലിം രാഷ്ട്രീയശക്തികളുടെ തകർച്ചയോടെ വിവിധ പ്രദേശങ്ങളിൽ ഇസ്ലാമിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ വന്ന മാറ്റത്തെക്കുറിച്ചാണ് ഈ രചനയിൽ പ്രധാനമായും കൈകാര്യം ചെയ്തിരിക്കുന്നത്. കൂടാതെ ഈ കാലഘട്ടങ്ങളിൽ ദക്ഷിണേഷ്യൻ ഭാഗങ്ങളിലുള്ള ഹജ്ജ് തീർത്ഥാടകർക്കു ഉഥ്മാനികളുമായുള്ള ബന്ധത്തിൻറെ ആഴവും പുതിയ പ്രാദേശിക രാജഭരണകൂടങ്ങളുടെ ഉദയവും ബ്രിട്ടീഷ് അധിനിവേശശക്തി ഈ പ്രദേശങ്ങളിലെല്ലാം ചെലുത്തുന്ന സ്വാധീനവും ഈ രചനയിൽ ഗ്രന്ഥകർത്താവ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങൾക്കപ്പുറം മുസ്‌ലിം പ്രാദേശിക യാഥാർത്ഥ്യങ്ങളിലേക്ക് നീതിപൂർവ്വമായുള്ള ഒരു ശ്രമം ഈ രചനയിൽ നടത്തുന്നതായി കാണാം. വിവിധ രാജഭരണകൂടങ്ങൾക്കിടയിൽ നിലനിന്നിരുന്ന ആദാനപ്രദാനങ്ങളെയും പ്രാദേശികശക്തികൾ തമ്മിലുള്ള ബന്ധങ്ങളെയും ഈ രചനയിൽ അദ്ദേഹം അവലോകനം ചെയ്യുന്നു.

മുസ്ലീങ്ങളുടെ ചലനാത്മകതയുടെ ചരിത്രം വിശദീകരിക്കുന്നതിനപ്പുറം വിവിധ സാമ്രാജ്യങ്ങൾ ഹജ്ജ് തീർത്ഥാടകരോട് കാണിച്ച സമീപനവും  ഗ്രാമപ്രദേശങ്ങളിലുള്ള സൂഫിദർഗകളും തീർത്ഥാടന കേന്ദ്രങ്ങളുമെല്ലാം ഹാജിമാരുടെ അഭയസ്ഥാനം ആയി മാറിയതും സൂഫി ധാരകൾക്ക് അക്കാലഘട്ടങ്ങളിലെ രാഷ്ട്രീയ ഘടനയോടുള്ള ബാന്ധവവും ഈ രചനയിൽ കാണാവുന്നതാണ്. മുഗൾ കാലഘട്ടത്തിലെ തീർത്ഥാടകരിൽ പലരും സൂഫികേന്ദ്രങ്ങളിൽ തങ്ങിയിരുന്നതായും അദ്ദേഹം പരാമർശിക്കുന്നുണ്ട്. കൂടാതെ ബ്രിട്ടീഷ് അധിനിവേശത്തിൽനിന്ന് രാഷ്ട്രീയാഭയം ലക്ഷ്യം വെച്ചു കൊണ്ടും ഉഥ്മാനി തലസ്ഥാനത്തേക്ക് എത്തിയ പല തീർത്ഥാടകരുടെ ചരിത്രവും അദ്ദേഹം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഹജ്ജ് തീർത്ഥാടകരുടെ പഠനത്തിലൂടെ ദക്ഷിണേഷ്യൻ മുസ്ലിംകളുടെ പശ്ചിമേഷ്യൻ  ഭാഗങ്ങളിലുള്ള പ്രതീകാത്മകവും സാമ്പത്തികപരവുമായ വിനിമയങ്ങളെയും റിഷാദ് ചൗധരി കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യൻ തീർത്ഥാടകർ ഇന്ത്യക്കകത്തും പുറത്തും സ്ഥാപിച്ച വിവിധ സംരംഭങ്ങളെ സർവ്വേ ചെയ്തുകൊണ്ട്  പ്രാദേശികമായും അക്കാലഘട്ടത്തിലെ വിവിധ സാമ്രാജ്യങ്ങൾക്കധീനതയിൽ ഉണ്ടായിരുന്ന പ്രദേശങ്ങളിലുമെല്ലാം അവർ ചെലുത്തിയ സ്വാധീനത്തെയും വിശകലനം ചെയ്യുന്നത് കാണാം. മുസ്ലിംകളുടെ ആത്മീയയാത്ര എന്നതിലുപരി സമകാലിക സാമ്രാജ്യങ്ങൾക്കിടയിലെ രാഷ്ട്രീയ പ്രതിനിധാനങ്ങളെയും വരച്ചു കാണിക്കുന്നുണ്ട് ഈ ഹജ്ജ് യാത്രകൾ. സാമ്പ്രദായിക മുസ്ലിം രാഷ്ട്രീയസ്വത്വത്തിന്റെ തകർച്ചയിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലിംകളുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾക്കും വിശിഷ്യാ ഹജ്ജ് യാത്രകളിലെ രാഷ്ട്രീയ ഉദ്ദേശങ്ങൾക്കും ഗ്രന്ഥകർത്താവ് ഈ രചനയിൽ സവിശേഷമായ സ്ഥാനം നൽകുന്നുണ്ട്. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അധിനിവേശം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വർധിക്കുന്നതോടു കൂടി ഹജ്ജ് തീർത്ഥാടകരുടെ ആധുനികതയുമായുള്ള കൊള്ളക്കൊടുക്കലുകളെയും റിഷാദ് ചൗധരി വിശകലനം ചെയ്യുന്നുണ്ട്.

സാമ്രാജ്യങ്ങൾക്ക് മധ്യേയുള്ള ഹജ്ജ് തീർത്ഥാടന യാത്രകൾ പുതിയ പ്രാദേശിക ബന്ധങ്ങൾക്കും ഇസ്ലാമിക രാഷ്ട്രീയ ചലനങ്ങൾക്കും പ്രത്യയശാസ്ത്ര വളർച്ചയ്ക്കും കാരണമായതായി ഗ്രന്ഥകർത്താവ് ചൂണ്ടിക്കാട്ടുന്നു. മുസ്ലിം സാമ്രാജ്യങ്ങളുടെയും രാജഭരണകൂടങ്ങളുടെയും തകർച്ച ഇസ്ലാമിക ആശയങ്ങൾക്കും ചിന്തകൾക്കും ഒരു കുറവും വരുത്തിയിട്ടില്ല എന്ന ഒരു നിരീക്ഷണം അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്. വിവിധ സാമ്രാജ്യങ്ങൾക്കിടയിലുള്ള  പ്രധാന  രാഷ്ട്രീയവിനിമയമായി ഹജ്ജ് മാറിയതും മുസ്ലിംകളുടെ പ്രത്യയശാസ്ത്ര നവജാകരണത്തിന് അത് വഴിയൊരുക്കിയതായും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഹജ്ജ് യാത്രകൾ ആഭ്യന്തര- ആഗോള ബന്ധങ്ങളിൽ ചെലുത്തിയ സ്വാധീനം വിവരിക്കുന്ന ഈ കൃതിയിൽ സമകാലിക രാഷ്ട്രീയ-ഭരണനിർവഹണ നയങ്ങളെയും നിരീക്ഷണവിധേയമാക്കുന്നുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ന്യൂനപക്ഷമായ മുസ്ലിംകളുടെ ഭരണ-രാഷ്ട്രീയ നയങ്ങളിലും പൊതുസമൂഹത്തോടുള്ള സമീപനങ്ങളിലും സൂഫിധാരകൾ സ്വാധീനം ചെലുത്തിയതായും സഹിഷ്ണുതാപരമായ സാമൂഹിക രാഷ്ട്രീയ നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ അവർക്കു പങ്കുണ്ടെന്നും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ഔറംഗസേബിന്റെ ഭരണപരിഷ്‌കാരങ്ങൾ പോലെ പതിനെട്ടാം നൂറ്റാണ്ടിലെ മുഗൾ സാമ്രാജ്യത്തിന്റെ മതകീയതയും ഭരണത്തിൽ സംഭവിച്ച മാറ്റങ്ങളും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ഹജ്ജ് യാത്രകളുടെ വിശകലനം എന്നതിലുപരി പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളിലെ മുസ്‌ലിം സാമൂഹിക- രാഷ്ട്രീയ മാറ്റങ്ങളെ പഠനവിധേയമാക്കുന്ന ഈ കൃതി ചരിത്രവിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമാണ്.

 

ഡോ: സൈഫുദ്ദീൻ കുഞ്ഞ്. എസ്