യൂണിവേഴ്സിറ്റി ജ്ഞാന വ്യവഹാരങ്ങളും ജനാധിപത്യ നിയമ നിർമ്മാണ പ്രക്രിയയും തമ്മിലുള്ള അന്തർലീന ബന്ധത്തെപ്പറ്റി ( Immanent relation) ഹേബർ മാസ് പ്രതിപാദിക്കുന്നുണ്ട്. യൂണിവേഴ്സിറ്റികൾ കേവല സാങ്കേതിക വിദ്യകളുടെ കേന്ദ്രങ്ങൾ ആണെന്നും അവിടെ നടക്കുന്ന അക്കാദമിക് വ്യവഹാരങ്ങൾ രാഷ്ട്രീയ ഭൂമികക്കപ്പുറത്താണെന്നുമുള്ള ലിബറൽ വാദങ്ങളെ തള്ളിക്കളയുന്ന ഹേബർ മാസിന്റെ അന്തർലീന വാദത്തെ ഉൾവഹിച്ചുകൊണ്ടാണ് ഇന്ത്യയിലെ ന്യൂനപക്ഷ പദവി ഉള്ള യൂണിവേഴ്സിറ്റികളുടെ വ്യവഹാര ചരിത്രത്തിലേക്കുള്ള ഗൗട്ടിയറുടെ അന്വേഷണം ആരംഭിക്കുന്നത്.
സ്വാതന്ത്ര്യനന്തര ഇന്ത്യയിലെ പ്രധാന മുസ്ലിം കർതൃത്വ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളായ അലീഗഢ് മുസ്ലിം സർവകലാശാല, ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല എന്നിവയുടെ വ്യാവഹാരിക ചരിത്രത്തെ അനാവരണം ചെയ്യുന്ന പഠനമാണ് ലോറൻസ് ഗൗട്ടിയറുടെ Between Nation and Community എന്ന പുസ്തകം. നെഹ്റുവിയൻ ഘട്ടം മുതൽ 1990-കൾ വരെയുള്ള ചരിത്ര ഘട്ടത്തെ സവിശേഷമായി വിശകലന വിധേയമാക്കുന്ന ഈ പഠനം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തൽ ആണെന്നതു പോലെ തന്നെ വർത്തമാനകാല മുസ്ലിം ചോദ്യങ്ങളുടെ വൈവിധ്യമാർന്ന തലങ്ങളെയും അതുയർത്തുന്ന സങ്കീർണതകളെയും ചരിത്രപരമായി സമീപിക്കുകയാണ് ചെയ്യുന്നത്.
രാഷ്ട്ര രൂപീകരണത്തോടൊപ്പം രൂപപ്പെടുന്നതാണ് രാഷ്ട്രത്തിന്റെ സത്തയിൽ (core) നിന്ന് വ്യതിരിക്തത പുലർത്തുന്നവരുടെ അപരത്വം. ഈ അപരരുടെ രാഷ്ട്രത്തോടുള്ള കൂറ്, തങ്ങൾക്ക് നേരിട്ട് കാണിക്കാൻ കഴിയില്ലെന്ന് തലാൽ അസദ് പറയുന്നു. രാഷ്ട്ര സത്തയെ നിർണയിക്കുന്നവരുടെ കാർമികത്വത്തിൽ തങ്ങളുടെ അപരത്വം മാറ്റിവെച്ച് രാഷ്ട്ര സത്തയിൽ അലിയാൻ കഴിഞ്ഞാലേ തങ്ങൾക്ക് രാഷ്ട്ര പൗരന്മാരാകാൻ കഴിയൂ എന്ന് യൂറോപ്പ്യൻ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് അസദ് പറയുന്നതിനെ ഗൗട്ടിയർ ഇന്ത്യൻ പശ്ചാത്തലത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. വിഭജനം ഉണ്ടാക്കിയ മുറിവിൽ നിന്നും മുസ്ലിം യൂണിവേഴ്സിറ്റികളെ ഇന്ത്യയുടെ ദേശീയ ശരീരത്തിലേക്ക് ലയിപ്പിക്കാനുള്ള നെഹ്റൂവിയൻ ശ്രമങ്ങളെയും അതിനെ തങ്ങളുടെതായ രൂപത്തിൽ സവിശേഷതകളെ മാറ്റിവെക്കാതെ സമീപിച്ച പ്രസ്തുത കലാലയങ്ങളുടെ ചരിത്രവും ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഗ്രന്ഥകാരി സമീപിക്കുന്നത്.
ലയന ശ്രമങ്ങൾക്കിടയിലും തങ്ങളുടെതായ ഒരു ദേശഭാവനക്കായി ശ്രമിക്കുന്ന കലാലയ വ്യവഹാരങ്ങളെ ഭൂരിപക്ഷ ദേശ സങ്കൽപനങ്ങൾക്ക് അനുസൃതമായി നിർവചിക്കാൻ ശ്രമിക്കുമ്പോഴുള്ള സ്വാഭാവികമായ സംഘർഷങ്ങളെ പുസ്തകം കൃത്യമായി വരച്ചു കാണിക്കുന്നു. ഇത് ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രകടമാണ്. ന്യൂനപക്ഷ പദവിയുള്ള കലാലയങ്ങളെ തങ്ങളുടേതായ ഇടമായി കാണാൻ ശ്രമിക്കുന്ന മുസ്ലിം സമുദായവും ദേശത്തിന്റെ ‘പൊതുവായ സമ്പത്തായി’ കാണാൻ ശ്രമിക്കുന്ന ‘സെക്കുലർ ഉദ്ഗ്രഥന ഭരണകൂടവും ‘( Integrationist Govt.) സംഘർഷപ്പെടുമ്പോൾ തന്നെ സമുദായത്തോട് സംവദിക്കാനും മറ്റും ഇതേ കലാലയ ഇടങ്ങളെ ഉപയോഗപ്പെടുത്തുന്നതിലുള്ള വൈരുദ്ധ്യത്തെ ഗ്രന്ഥകാരി ചൂണ്ടികാണിക്കുന്നു . വിഭജനാനന്തരം അസാധൂകരിക്കപ്പെട്ട (De-Legitimise) ചെയ്യപ്പെട്ട മുസ്ലിം രാഷ്ട്രീയ ശ്രമങ്ങളെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട പോരാട്ടങ്ങൾ എങ്ങനെ പുനർനിർണ്ണയിച്ചു എന്നും ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ അഭാവത്തിലും മുസ്ലിം സംഘടനകൾ (ജമാഅത്തെ ഇസ്ലാമി, ജംഈയത്ത്, സിമി ) എങ്ങനെ ഇവക്ക് നേതൃത്വം നൽകിയെന്നും പ്രശ്ന കേന്ദ്രീകൃതമായി ഒരുമിക്കുന്ന മുസ്ലിം രാഷ്ട്രീയ ശ്രമങ്ങൾക്ക് എങ്ങനെയാണ് പുതിയ പശ്ചാത്തലം ഒരുക്കിയതെന്നും ഗൗട്ടിയർ സവിശേഷമായി പരിശോധിക്കുന്നു. ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെ വർഗീയ വാദ ആരോപണം ഉന്നയിച്ച് അടിച്ചിരുത്തുന്നതിൽ ഭരണകൂടം മാത്രമല്ല ഇന്ത്യയിലെ സെക്കുലർ ഇടതുപക്ഷവും അവരുടെ ബുദ്ധിജീവി വർഗ്ഗവും വഹിച്ച പങ്കിനെപ്പറ്റി വിശദമായി പ്രതിപാദിക്കുമ്പോൾ തന്നെ അതിനെ ചുറ്റിപ്പറ്റി മുസ്ലിം സമുദായത്തിനുള്ളിൽ നടന്ന ദേശീയ തലത്തിലുള്ള പോരാട്ടങ്ങളെയും അവ 1960 കൾക്കു ശേഷം രൂപപ്പെട്ട ലിറ്റിൽ സെൽഫുകളുടെ ഉയർച്ചകളിൽ, ജെഫർലോട്ടടക്കം നിശബ്ദ വിപ്ലവം( Silent revolution)എന്നു വിളിച്ച ഈ മുന്നേറ്റത്തെ, ഏതർത്ഥത്തിൽ സ്വാധീനം ചെലുത്തി എന്നും ഗൗട്ടിയർ പ്രതിപാദിക്കുന്നുണ്ട്..
പാക്കിസ്ഥാൻ വാദത്തിന്റെ പ്രധാന കേന്ദ്രമായി അലീഗഡ് സർവകലാശാലയെ വ്യവഹരിക്കുന്ന ദേശീയ-ഇടതുപക്ഷ മതേതര ചരിത്ര രചനകളിൽ നിന്ന് വിത്യസ്തമായി അങ്ങനെയൊന്നു രൂപപ്പെടാൻ ഉണ്ടായ സാഹചര്യങ്ങളുടെ സംഘർഷ ചരിത്രത്തിലേക്കും അതിന്റെ കരണീയരായ ശക്തികളോടുള്ള ചെറുത്ത് നിൽപ്പും പാകിസ്ഥാൻ എന്ന കേവല ഭൗമ പ്രദേശത്തിനുമപ്പുറം അങ്ങനെയൊന്നിനെ അനിവാര്യമാക്കി തീർത്ത രാഷ്ട്രീയസാഹചര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞുവെക്കുന്നത് അലീഗഢിന്റെ വർത്തമാന കർതൃത്വത്തിന്റെ കൂടി നൈതികതയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതാണ്.
ആദ്യ ചാപ്റ്ററിൽ ജാമിഅയുടെ സംസ്ഥാപനവുമായി ബന്ധപ്പെട്ട സംഘർഷ ചരിത്രത്തെ സവിശേഷമായി സമീപിക്കുന്നു. അലീഗഢിന്റെ കൊളോണിയൽ വിധേയത്വ നിലപാടിനോടും ഫ്യൂഡൽ ഘടനയോടും ഇടഞ്ഞുകൊണ്ട് ജാമിയ മില്ലിയ ഇസ്ല്ലാമിയ എന്ന ഗാന്ധിയൻ കോൺഗ്രസ് നിലപാടുകളോട് സമാനതയുള്ള സംയുക്ത ദേശീയതയുടെ (Combosite Nationalism) ഇടത്തെ രൂപപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഹൈഫനേറ്റഡ് പൗരന്മാരുടെ ( Hyphenated citizens) പ്രതിനിധാനങ്ങൾ മാത്രമായി ഇത്തരം ശ്രമങ്ങളെ കാണുകയും സാമ്പത്തികമായ വിവേചനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നതിന്റെ കാരണങ്ങൾ ഭൂരിപക്ഷ ദേശ ഭാവനയുടെ ഹിംസാത്മകതയുടെ ദൃഷ്ടാന്തം ആയാണ് ഗൗട്ടിയർ വിലയിരുത്തുന്നത്. അലീഗഢിൽ ഉള്ളതുപോലെയുള്ള റിലീജിയസ് സ്റ്റഡീസിനെ (വിദ്യാർത്ഥികളെ പരിമിതമായി മാത്രം സ്വാധീനിക്കുന്ന ഡോമയിൻ കേന്ദ്രീകൃതമായിട്ട് പോലും) വിമർശിച്ച് കൊണ്ട് രൂപപ്പെടുത്തിയ ബഹുസ്വരമായിട്ടുള്ള മതപഠനരീതിയാണ് ജാമിഅയിൽ ഉണ്ടായത്. പാശ്ചാത്യ സ്വാധീനത്താൽ വ്യത്യസ്തമായ ഒരു പാഠ്യപദ്ധതി രൂപീകരിക്കുകയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തന്നെ വിദ്യാഭ്യാസപരമായ മുസ്ലിം കർതൃത്വത്തിന്റെ പരീക്ഷണശാലയായി ജാമിഅ സർവകലാശാലയെ വിശേഷിപ്പിക്കുമ്പോൾ തന്നെ ഹിംസാത്മകമായി മാറിയ ദേശബോധത്തിൽ സവിശേഷതകളെ മുൻനിർത്തി മറ്റൊരു ദേശ വ്യാഖ്യാനം സാധ്യമാക്കുന്നത് നെഹ്റുവിയൻ സെക്കുലർ മതേതര ബോധത്തിന്റെ വിമർശനം എന്നതിലുപരി അതിന്റെ ഹിംസാത്മകവും വിവേചനാത്മകവുമായ തലങ്ങളെ വെളിവാക്കുന്നുമുണ്ടെന്ന് ഇവിടെ സൂചിപ്പിക്കുന്നു.
രണ്ടാമത്തെ അദ്ധ്യായത്തിൽ സ്വാതന്ത്ര്യാനന്തര നെഹ്റുവിയൻ വ്യവഹാരങ്ങളിൽ അലീഗഢും മുസ്ലിങ്ങളും എപ്രകാരമാണ് പ്രതിനിധീകരിക്കപ്പെട്ടതെന്ന അന്വേഷണമാണ്.
അലീഗഢിന്റെ ചരിത്രത്തിലേക്ക് സവിശേഷമായ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് ദേശീയ വ്യവഹാരവും അലീഗഢും തമ്മിലുള്ള സങ്കീർണ്ണമായ ഇതിവൃത്തത്തെ അനാവരണം ചെയ്യുന്നു. ‘മുസ്ലിം ആയുധപ്പുര’ എന്ന് ഒരുവേള വിശേഷിപ്പിച്ചിരുന്ന അലീഗഢിനെ ”ഇന്ത്യൻ ദേശീയതയുടെ” ഭാഗമാക്കി നോക്കിക്കാണാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ തന്നെ അപരവത്കരണവും വർഗീയവത്കരണവും ശക്തമായി നടന്നതായി സൂചിപ്പിക്കുന്നു. 1950-കളോടെ അലിഗഢിന്റെ മുസ്ലിം സ്വഭാവത്തിൽ വരുത്തിയ മാറ്റം ഏതർത്ഥത്തിൽ മുസ്ലിം സമുദായത്തെ സ്വാധീനിച്ചുവെന്നും ഗൗട്ടിയർ പറഞ്ഞ് അന്വേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുസ്ലിം അപരവത്കരണത്തിനെതിരെ ഉയർന്നുവന്ന സവിശേഷമായ മുസ്ലിം പ്രതിനിധാനങ്ങളെ ദേശീയ ഭരണകൂടങ്ങൾ എപ്രകാരം കൃത്യമായി തിരിച്ചറിയുകയും റദ്ദു ചെയാൻ ശ്രമിക്കുകയും ചെയ്തു എന്ന് പുസ്തകം അന്വേഷിക്കുന്നുണ്ട്.
മൂന്നാമത്തെ അധ്യായത്തിൽ 1960-കൾ മുതൽ 1980-കൾ വരെയുള്ള കാലയളവിൽ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട നയങ്ങളെയും പോരാട്ടങ്ങളെയും ഉൾപ്പെടുത്തിയ വ്യവഹാരങ്ങളെ ഇതിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നു. അസാധുവത്കരിക്കപ്പെട്ട മുസ്ലിം രാഷ്ട്രീയ കർതൃത്വത്തെ, അലീഗഡിന്റെ സവിശേഷമായ ന്യുനപക്ഷ പദവിയുമായി ബന്ധപ്പെട്ട പോരാട്ടങ്ങൾ ഏതർത്ഥത്തിൽ പുനരാവിഷ്‌ക്കരിച്ചുവെന്നും പ്രബലമായി നിലനിന്ന ദേശീയ രാഷ്ട്രീയ സമവാക്യങ്ങളെ പൊളിച്ച് എഴുതുന്നതിൽ അവ എത്രമാത്രം സ്വാധീനം ചെലുത്തി എന്നും പറയുന്നു.
നാലാമത്തെ അദ്ധ്യായത്തിൽ ജാമിഅയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തെ അപഗ്രഥിക്കുകയാണ് ഗ്രന്ഥകാരി. ന്യൂനപക്ഷ പദവിയേക്കാൾ ഉർദു ഭാഷയെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു വികസന ശ്രമമാണ് ജാമിഅയിൽ നടന്നത്. ഉറുദുവിനെ ട്രാൻസ്നാഷണൽ ഭാഷയായി കണ്ട് ദേശീയ രൂപീകരണത്തിൽ പങ്കാളിയാക്കുവാനുള്ള ശ്രമങ്ങളെ ഹിന്ദി-ഹിന്ദു സമവാക്യങ്ങൾ ഉയർത്തിക്കൊണ്ട് പ്രതിരോധിക്കുവാനുള്ള ഭൂരിപക്ഷ ശ്രമങ്ങളെ ഇതിൽ അനാവരണം ചെയ്യുന്നു.
അഞ്ചാമത്തെ അദ്ധ്യായത്തിൽ 1970 കളിൽ ആരംഭിക്കുന്ന വികസന കേന്ദ്രീകൃതമായ മുസ്ലിം രാഷ്ട്രീയ മാറ്റങ്ങളെ അനാവരണം ചെയ്യുന്നു. പസ്മന്താ രാഷ്ട്രീയവും സമാനമായ പിന്നാക്ക സമുദായ മുന്നേറ്റങ്ങളും ശക്തിപ്പെട്ടതോടെ നിലനിന്നിരുന്ന പ്രബല മുസ്ലിം രാഷ്ട്രീയ സ്വഭാവത്തെ പുനർനിർണയിക്കാൻ കഴിഞ്ഞതായി പുസ്തകം സൂചിപ്പിക്കുന്നു. ഈ മുന്നേറ്റങ്ങൾ ദേശീയ ഉദ്ഗ്രഥനത്തെ വെല്ലുവിളിച്ചുകൊണ്ട് സാമൂഹിക നീതിയുടെയും സാമ്പത്തിക തുല്യതയുടെയും സമവാക്യങ്ങളെ ശക്തിപ്പെടുത്തുന്നതിൽ ശക്തമായ സ്വാധീനം ചെലുത്തിയതായി കാണാം. അതേസമയം മുസ്ലിം സമുദായത്തെ ഒഴിച്ചുകൂടാൻ ആവാത്ത ഒരു പിന്നാക്ക ന്യൂനപക്ഷമായി കണക്കാക്കുന്നതിൽ ഈ മുന്നേറ്റങ്ങൾക്ക് വലിയ പങ്കുള്ളതായും പുസ്തകം നിരീക്ഷിക്കുന്നുണ്ട്.
ആറാമത്തെ ചാപ്റ്ററിൽ 1980 മുതലുള്ള ഇസ്ലാമിസ്റ്റ് മൂവ്മെന്റുകളുടെ ഇടപെടലുകളിലെ സവിശേഷതകളെ ഗൗട്ടിയർ അടയാളപ്പെടുത്താൻ ശ്രമിക്കുന്നു. വർഷങ്ങളായി നിലനിന്നിരുന്ന മുസ്ലിം പ്രസ്ഥാനങ്ങളുടെ പൊതുവായ സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായി അവകാശങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള പോരാട്ടങ്ങളിലേക്ക് സമുദായത്തിന്റെ ശ്രദ്ധ കൊണ്ട് വരുന്നതിൽ സിമിയെ പോലെയുള്ള പ്രസ്ഥാനങ്ങൾ നൽകിയ പങ്ക് ഇതിൽ വിവരിക്കുന്നു.
ബാബരി മസ്ജിദും ഷാബാനു കേസും ഉണ്ടാക്കിവെച്ച സങ്കീർണതകളും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയും മുസ്ലിം രാഷ്ട്രീയ കർതൃത്വത്തെ വർഗീയവൽക്കരിക്കുവാനുള്ള ശ്രമങ്ങൾ ശക്തമായ സാഹചര്യത്തിലും സിമിയെ പോലെയുള്ള ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങൾ നടത്തിയ പ്രതിരോധങ്ങൾ ഏതർത്ഥത്തിൽ സർ സയ്യിദിന്റെ കേവലമായ കൗമി രാഷ്ട്രീയത്തിൽ നിന്ന് വ്യതിരിക്തമാകുന്നു എന്നും ഇവിടെ സൂചിപ്പിക്കുന്നു. നെഹ്റുവിയൻ ബോധ്യങ്ങളുടെ തകർച്ചയായി ഇവയെ സെക്യുലർ വ്യവഹാരങ്ങൾ വിലയിരുത്തുമ്പോൾ തന്നെ സിമിയെപ്പോലുള്ള പ്രസ്ഥാനങ്ങളുടെ ഉയർച്ചയുടെ കാരണങ്ങളിലേക്ക് വിരൽചൂണ്ടുകയാണ് ഈ അദ്ധ്യായത്തിൽ.
അവസാന ചാപ്റ്ററിൽ ഇരു യൂണിവേഴ്സിറ്റികളിലെയും മുസ്ലിം സ്ത്രീ പ്രതിനിധാനങ്ങളെ കുറിച്ചുള്ള വിശകലനമാണ്. പരിമിതമാണെങ്കിലും യൂണിവേഴ്സിറ്റി ഇടങ്ങളും അതിനുചുറ്റുമുള്ള സാധ്യതകളെയും ഉപയോഗപ്പെടുത്തി തങ്ങളുടെതായ ഇടം നിർമ്മിക്കാൻ ഇരു യൂണിവേഴ്സിറ്റികളിലെയും വിദ്യാർത്ഥിനികൾക്ക് കഴിഞ്ഞതായി എഴുത്തുകാരി പറയുന്നു. പുരുഷ കേന്ദ്രീകൃതമായി ഉയർന്നുവന്ന സ്ഥാപനങ്ങൾ ആണെങ്കിലും സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷകരായി എങ്ങനെയാണ് സ്ത്രീകൾ ഉയർന്നുവന്നത് എന്നതിനെക്കുറിച്ച് ഗൗട്ടിയർ പ്രത്യേകം പറയാൻ ശ്രമിക്കുന്നു. ഷാബാനു കേസുമായി ബന്ധപ്പെട്ട ചർച്ചകളിലും മറ്റു ന്യൂനപക്ഷ പോരാട്ടങ്ങളിലും മുസ്ലിം സ്ത്രീ എങ്ങനെയാണ് സ്വയം അടയാളപ്പെടുത്തിയതെന്നതിനെക്കുറിച്ച് കൃത്യമായി പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. ഹിന്ദുത്വ ഫാസിസ്റ്റ് കാലത്തെ ശക്തമായ ചെറുത്ത് നിൽപ്പുകളായ പൗരത്വ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന ചരിത്ര ഘട്ടത്തിലേക്ക് മുസ്ലിം സ്ത്രീ കടന്നുവന്നതിന്റെ വ്യാവഹാരിക ചരിത്രത്തിന്റെ അടരുകളെകൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.
മറ്റെല്ലാ തരം സെൽഫ് ഐഡന്റിഫിക്കേഷനെക്കാളും മേലെ രാഷ്ട്രത്തിന്റെ ഐഡന്റിറ്റി പ്രധാനമാകുന്നതിനെപ്പറ്റി അസദ് പറയുമ്പോൾ ഇവ രാഷ്ട്രത്തിന്റെ പൊതു നന്മക്കായുള്ള പൗരന്റെ പ്രധാനമായ ഉത്തരവാദിത്തവും കടമയുമായി ദേശ രാഷ്ട്രങ്ങൾ വിലയിരുത്തുന്നതിനെയും അവിടെ രാഷ്ട്ര നന്മയുടെ പേരിൽ തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷ സ്വത്വങ്ങളെ കുറിച്ചും അതുയർത്തുന്ന രാഷ്ട്ര നന്മയുടെ ഹിംസാത്മകമായ തലങ്ങളെ കുറിച്ചും ഇരു യൂണിവേഴ്സിറ്റികളുടെയും ചരിത്രത്തെ മുൻനിറുത്തി നമ്മെ ബോധ്യപ്പെടുത്തുകയാണ് ഗ്രന്ഥകാരി. പ്രസ്തുത രാഷ്ട്ര നന്മകൾ പലപ്പോഴും അപരനിർമാണത്തിന്റെ സൂചകങ്ങൾ ആകുന്നതോടൊപ്പം തന്നെ പരസ്പര ബഹുമാനത്തോടെ രൂപീകരിക്കുന്നതിന് പകരം ഇവ പലപ്പോഴും മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്ന രൂപത്തിലാണെന്നും ഗൗട്ടിയർ നിരീക്ഷിക്കുന്നു. 1960-കളിൽ നടന്ന ന്യൂനപക്ഷ അവകാശ സമരങ്ങളെ നെഹ്റുവിയൻ രാഷ്ട്രബോധത്തിന് എതിരെയുള്ള പുറത്തുനിന്നുള്ള വിമർശനം എന്നതിനപ്പുറം ഇന്ക്ലൂസിവായ ഒരു രാഷ്ട്ര ഭാവനയെ നിർമ്മിക്കാൻ കഴിയാതിരുന്നതിനെതിരെയുള്ള സ്വാഭാവികമായ വിമർശനമായും രാഷ്ട്രങ്ങളുടെ അടിച്ചേൽപ്പിക്കപ്പെടുന്ന ഏകാത്മക പൊതു രാഷ്ട്ര നന്മയെ കൂടുതൽ ഉൾക്കൊള്ളൽ ഉളവാക്കുന്നതും വൈവിധ്യം നിറഞ്ഞതുമാക്കുന്നതിൽ AMU, JMI എന്നീ സ്ഥാപനങ്ങൾ അനല്പമായ പങ്കു വഹിക്കുന്നതായി ഗ്രന്ഥകാരി വിലയിരുത്തുന്നു.
രേഖീയമായ ദേശീയ ഭാവനകളോടുള്ള കലഹപ്രതലങ്ങളായിട്ടാണ് മുസ്ലിം കലാലയങ്ങളെ ഗൗട്ടിയർ കാണുന്നത്. നാനാത്വത്തിൽ ഏകത്വം എന്ന ഏകാത്മകമായ ചരിത്രനിർമ്മിതിയോട് കലഹിച്ച് കൊണ്ട് വൈവിധ്യങ്ങളുടെ സഹകരണാത്മക നിലനിൽപ്പിന്റെ ഭൂമികയായി ജനാധിപത്യത്തെ ഭാവന ചെയ്യുന്ന ബഹുസ്വരവൽക്കരണത്തിന്റെ ഇടങ്ങളായി ന്യൂനപക്ഷ സർവകലാശാലകളെ ഭാവന ചെയ്യാൻ ഈ പഠനം നമ്മെ പ്രചോദിപ്പിക്കുന്നു. ബട്ളാ ഹൗസിനും സി.എ.എ സമരത്തിനും ശേഷം രൂപാന്തരം വന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്, പ്രത്യേകിച്ചും മുസ്ലിം ന്യൂനപക്ഷ പദവി ഇത്രകണ്ട് ചർച്ച ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ, മുസ്ലിം സാമുദായിക വൈജ്ഞാനിക രാഷ്ട്രീയത്തിന്റെ വർത്തമാന ചരിത്രത്തെ ഏകാത്മകമായ ഹിന്ദു ബോധത്തിനപ്പുറം നിന്നുകൊണ്ട് ജനാധിപത്യത്തിന്റെ വൈവിധ്യവൽക്കരണത്തിന്റെ പുതിയ നൈതിക ഭാവനയിൽ നിന്ന് നോക്കിക്കാണാൻ ഗൗട്ടിയർ നമ്മോട് ആവശ്യപ്പെടുന്നു.