(യംങ് ഇന്ത്യ റിസേർച്ച് കൗൺസിൽ ‘Sovereignty and Hindu Muslim Friendship In India’ എന്ന ടൈറ്റിലിൽ തന്റെ പുതിയ പുസ്തകമായ ‘Perilous Intimacies: Debating Hindu-Muslim Friendship After Empire’ മായി ബന്ധപെട്ട് നടത്തിയ പരിപാടിയിൽ ഷേർ അലി തരീൻ നടത്തിയ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം.)
ഈ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം ഇന്റർ റിലീജിയസ് വിവർത്തനത്തെ കുറിച്ചാണ്. മധ്യകാലം മുതൽ ആദ്യഘട്ട ആധുനിക കാലത്തിന്റെ ആരംഭം വരെയുള്ള കാലഘട്ടത്തിൽ മുസ്‌ലിം പണ്ഡിതന്മാർ നടത്തിയിട്ടുള്ള ഹിന്ദുയിസ വിവർത്തനങ്ങളെ ഈ ഭാഗത്ത് പരിശോധിക്കുന്നു. അൽ ബിറൂനി, ദാരാ ഷിഖോ, അമീർ ഖുസ്‌റു തുടങ്ങിയവരുടെ വിവർത്തന ശ്രമങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്. പാശ്ചാത്യ അക്കാദമിക ലോകത്ത് ഒട്ടും ചർച്ച ചെയ്യപെടാത്ത വ്യക്തിത്വവും ഹുജ്ജത്തുൽ ഹിന്ദ് എന്ന പേർഷ്യൻ ഗ്രനത്ഥത്തിൻ്റെ രചയിതാവുമായ ഉമർ മെഹറബിയെ പോലുള്ള സുപരിചിതരല്ലാത്ത ചില പണ്ഡിതരെയും ഇവിടെ ഉൾപ്പെടുതിയിട്ടുണ്ട്. ആദ്യമായാണ് ഞാൻ ആ രചന വിശകലനം ചെയ്യുന്നത്. എന്നാൽ, 1781 ൽ മരണപെട്ട മുസ്‌ലിം പണ്ഡിതനും നക്ഷ്ബന്ദി സൂഫി സരണിയുടെ 18ആം നൂറ്റാണ്ടിലെ ഡൽഹി ഗുരുവും ഉർദു പേർഷ്യൻ കവിയുമായ മിർസ മസർ ജാനേ ജനാൻ ആണ് ഈ അദ്ധ്യായത്തിലെ ശ്രദ്ധാകേന്ദ്രവും പ്രധാന വ്യക്തിയും. ഹിന്ദുയിസത്തെ കുറിച്ച തൻ്റെ പ്രബന്ധത്തിൽ ഒട്ടും സങ്കുചിതത്വം പുലർത്താതെ, ഉദാരമായാണ് മിർസ മസർ ജാനേ ജനാൻ ഹിന്ദുയിസത്തെ വായിക്കുന്നത്. അപ്പോഴും അദ്ദേഹം മുസ്‌ലിം അസാധാരണത്വ (exceptionalism) കാഴ്ചപ്പാട് സ്വീകരിച്ചിരുന്നതായി കാണാൻ കഴിയുന്നതാണ്. 7ആം നൂറ്റാണ്ടിൽ ഇസ്‌ലാം കടന്ന് വരുന്നതിന് മുമ്പുണ്ടായിരുന്ന ഹിന്ദുക്കൾ മാത്രമായിരുന്നു ഇത്തരത്തിൽ ബൗദ്ധിക ഉദാരത പ്രകടിപ്പിച്ചിരുന്നത്. ഇസ്‌ലാമിൻ്റെ ആവിർഭാവത്തോട് കൂടി ഹിന്ദുയിസം ഒരു പിൻവാങ്ങപ്പെട്ട വിശ്വാസമായി എന്നതാണ് അദ്ദേഹത്തിൻ്റെ നിലപാട്. മതങ്ങൾ തമ്മിലുള്ള സൗഹൃദവും മതാന്തര പരിഭാഷയും തമ്മിലുള്ള ബന്ധമാണ് അടിസ്ഥാനപരമായി ഈ അദ്ധ്യായത്തിൻ്റെ പ്രമേയം. മുസ്‌ലിം അസാധാരണത്വം ഉയർത്തിപ്പിടിക്കുന്ന ഒരു മുസ്‌ലിം സാമ്രാജ്യത്വ പരമാധികാര സങ്കല്പത്തിൽ മറ്റൊരു മതത്തെ കുറിച്ചുള്ള ഉദാര വായന സാധ്യമാകുന്നതിനെ കുറിച്ച് കൂടിയാണ് ഈ അദ്ധ്യായം. ഇവിടെ വീണ്ടും ഇൻക്ലൂസീവ്, എസ്ക്ലൂസിവ് തുടങ്ങിയ ബൈനറികൾ അലങ്കോലപ്പെടുകയാണ്.
രണ്ടാമത്തെ അദ്ധ്യായം 19ആം നൂറ്റാണ്ടിൽ ഷാജഹാൻപൂർ ജില്ലയിലെ ചന്ദൻപൂർ ഗ്രാമത്തിൽ നടന്ന മുബാഹേ ശഹർ ഷാജഹാൻപൂർ എന്ന വളരെ രസകരവും ആകർഷകവുമായ വാദപ്രതിവാദ ഉത്സവത്തെ കുറിച്ചാണ്. 1875ലും 1876ലുമായി നടന്ന ഈ സംഭവം ദയൂബന്ദ് മദ്രസയുടെ സ്ഥാപകനായ മൗലാനാ മുഹമ്മദ് ഖാസിം നാനൂതവിയും ഹിന്ദുപക്ഷത്തെ പ്രധാന പണ്ഡിതനായ ആര്യ സമാജത്തിൻ്റെ സ്ഥാപകൻ സ്വാമി ദയാനന്ദ സരസ്വതിയും തമ്മിലുള്ള സംവാദമായിരുന്നു. ഈ സംവാദത്തിന്റെ രണ്ടാം പതിപ്പ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം 1877ൽ ഖാസിം നാനൂതവി മരണപെടുന്നുണ്ട്. ഹിന്ദു ഭൂവുടമയായ മുൻഷി പ്യാരേലാൽ എന്ന കബീർ പന്തിയുമായി സഹകരിച്ച് ബ്രിട്ടീഷ് ഭരണകൂടം സംഘടിപ്പിച്ച ഈ വാദപ്രതിവാദ ഉത്സവത്തെ ഈ അദ്ധ്യായം നോക്കി കാണുന്നു. രണ്ട് തുടർച്ചയായ വർഷങ്ങളിൽ നാല് വീതം ദിവസങ്ങളിലായി ഈ സംവാദം അരങ്ങേറിയിട്ടുണ്ട്. ബ്രിട്ടീഷ് മിഷണറിമാർ, മൗലാനാ ഖാസിം നാനൂതവിയും കൂടെയുള്ള മുസ്‌ലിം പണ്ഡിത സംഘവും, പണ്ഡിത് ദയാനന്ദ സരസ്വതിയും കൂടെയുള്ള ആര്യ സമാജത്തിലെ പണ്ഡിത സംഘവും തുടങ്ങിയവർ സംബന്ധിച്ച സംവാദത്തിൽ ഏകദൈവാരാധന, ലോകം സൃഷ്ടിക്കാൻ ദൈവം ഉപയോഗിച്ച വസ്തുവെന്ത്, തിന്മയുടെ പ്രശ്നങ്ങൾ, ആധികാരിക വേദങ്ങൾ ആരുടേത്, അല്ലാത്തവ ആരുടേത് തുടങ്ങിയ കാര്യങ്ങൾ ആയിരുന്നു വിഷയീഭവിച്ചത്.
ഈ കൗതുകകരമായ സംഭവത്തിന്റെ ചരിത്ര ആഖ്യാനം വിവരിക്കുന്നതോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ നടന്ന സംവാദങ്ങളുടെ അവലോകനവും ഈ അദ്ധ്യായത്തിൻ്റെ ഉള്ളടക്കമാണ്. അതിൽ തന്നെ പ്രവാചകരുടെ അമാനുഷിക സംഭവങ്ങൾ എന്ന സംവാദ വിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആരുടെ അത്ഭുതങ്ങളാണ് ഏറ്റവും അത്ഭുതകരം എന്നത് വിവാദോത്സവത്തിൽ ചർച്ച ചെയ്യപ്പെട്ട പ്രധാന ചോദ്യമായിരുന്നു. സംവാദത്തിന് രസകരമായ ഒരു രൂപരേഖ നൽകുന്നതിന് ഈ ചോദ്യം കാരണമായിട്ടുണ്ട്. അമാനുഷിക സംഭവങ്ങളെ കുറിച്ചുള്ള മൗലാനാ ഖാസിം നാനൂതവിയുടെയും ദയാനന്ദ സരസ്വതിയുടെയും വ്യവഹാരങ്ങൾ ഈ അദ്ധ്യായത്തിൽ പരിശോധിക്കപ്പെടുന്നു. ആധുനികതയും ബ്രിട്ടീഷ് കൊളോണിയൽ ശക്തികളും മുന്നോട്ട് വെക്കുന്ന ആധുനികവത്കരണം, മതേതരവത്കരണം എന്നിവയെ ഈ സംവാദങ്ങൾ ഉൾകൊള്ളുന്നുണ്ടോ എന്ന മൗലിക ചോദ്യവും ഈ അദ്ധ്യായത്തിൽ പരിശോധിക്കുന്നു. മൗലാനാ ഖാസിം നാനൂതവിയെ പോലുള്ള ഒരാൾ മുസ്‌ലിം സാമ്രാജ്യത്വ പരമാധികാരത്തിന്റെ പാരമ്പര്യ രീതികൾ കൊണ്ട് ബ്രിട്ടീഷ് കൊളോണിയൽ അധികാരത്തെയും അതിന്റെ ആധുനിക രീതികളെയും എതിർക്കുന്നതിനെ കുറിച്ചും, മറ്റു പാരമ്പര്യങ്ങളെ അപേക്ഷിച്ച് ഇസ്‌ലാമിനുളള ശ്രേഷ്ഠത കാണിക്കാൻ വേണ്ടി വാദപ്രതിവാദ ഉത്സവത്തിൽ പ്രവാചക അത്ഭുതങ്ങളെ ചർച്ച ചെയ്യുന്നിടത്ത് ഈ എതിർപ്പ് ദൃശ്യമാവുന്നതിനെ കുറിച്ചും ഈ അദ്ധ്യായം ചർച്ച ചെയ്യുന്നുണ്ട്.
അടുത്ത രണ്ട് അധ്യായങ്ങൾ ഖിലാഫത്ത് പ്രസ്ഥാനത്തെ കുറിച്ചും 19ആം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി മുസ്‌ലിം പണ്ഡിതന്മാരും മുസ്‌ലിം ബഹുജനങ്ങളും ഒരു പോലെ പ്രാധാന്യം കൽപ്പിക്കുകയും കേന്ദ്രീകൃതമായി കാണുകയും ചെയ്ത ഇൻട്ര മുസ്‌ലിം സംവാദങ്ങളെ കുറിച്ചുമുള്ള പ്രബലമായ ചോദ്യങ്ങളെയാണ് വിശദീകരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ പ്രധാന വ്യക്തിത്വവും ഖിലാഫത് പ്രസ്ഥാനത്തിന്റെ തുടക്കകാരിൽ പ്രമുഖനുമായ മൗലാനാ അബുൽ കലാം ആസാദിൻ്റെയും ബറേൽവി വിഭാഗത്തിൻ്റെ സ്ഥാപകനായ മൗലാന അഹമദ് റസാ ഖാന്റെയും മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ (മുആലാത്) കുറിച്ച വീക്ഷണങ്ങളും ഇവയുമായി ബന്ധപ്പെട്ട സംവാദങ്ങളിലുമാണ് മൂന്നാമത്തെ അദ്ധ്യായം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓട്ടോമാൻ രാഷ്ട്രത്തിനെതിരെ (അഥവാ ഖിലാഫത്ത്) നില കൊള്ളുന്ന ബ്രിട്ടീഷ് കൊളോണിയൽ ശക്തിക്കെതിരായി ഒരു സഖ്യം ഉണ്ടാക്കാൻ ഹിന്ദുക്കളുടെയും, ഗാന്ധിയുടെയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഒപ്പം ചേരാമോ. അങ്ങനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഹിന്ദുക്കളുടെയും ഒപ്പം ചേരുന്നത് മുസ്ലിം വ്യതിരക്തതയുടെ അടയാളങ്ങൾ (ശആഇരി ഇസ്‌ലാം) പൊതുമണ്ഡലത്തിൽ നിന്നും മാഞ്ഞുപോവാൻ കാരണമാകുമോ എന്നിവയാണ് ഇതിലെ പ്രധാന ചോദ്യം. മുസ്‌ലിംകളെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന അമുസ്‌ലിംകൾ എന്ന് ഖുർആൻ പ്രതിപാദിക്കുന്ന വിഭാഗത്തെ പോലെയാണ് ബ്രിട്ടീഷുകാരും എന്ന ന്യായം ഉയർത്തിക്കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ഒന്നിക്കണമെന്ന സോഫിസ്റ്റിക്കേറ്റഡാ വാദമാണ് അബുൽ കലാം ആസാദ് ഉന്നയിച്ചത്.
അതേ സമയം അഹമദ് റസ ഖാൻ ഇതേപോലെ സോഫിസ്റ്റിക്കേറ്റഡായതും അനുനയപരവുമായ ഒരു എതിർവാദം ഉന്നയിക്കുന്നുണ്ട്. ഖുർആനും ശരീഅത്തും പരിശോധിക്കുമ്പോൾ ഹിന്ദു സമുദായത്തോട് സൗഹൃദവും അനുകമ്പയും കാണിക്കേണ്ടതില്ല മറിച്ച് അവരോട് നീതിപൂർവമായ ഒരു ക്രയവിക്രയ ഇടപാട് സ്വീകരിച്ചാൽ മതി എന്നാണ് അദ്ദേഹം ഉന്നയിക്കുന്നത്. ബ്രിട്ടീഷുകാരുമായുള്ള ബന്ധത്തെ കുറിച്ച് പറയാൻ അദ്ദേഹം ഉപയോഗിച്ച വാക്കുകൾ മുആമലാത്, മുജർറദെ മുആമലാത് എന്നിവയാണ്. ബ്രിട്ടീഷുകാരിൽ നിന്നും മുസ്‌ലിം സ്കൂളുകൾക്കു വേണ്ടി സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കാനും ബ്രിട്ടീഷ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാനും അദ്ദേഹം അനുമതി നൽകുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ അതൊരിക്കലും മതത്തെ നിഷേധിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുകയില്ല. എന്നാൽ ഹിന്ദുക്കളുമായുള്ള സൗഹൃദത്തിൽ കൂടുതൽ അടുപ്പം കാണിക്കുന്നത് പൊതു മണ്ഡലങ്ങളിൽ നിന്ന് മുസ്‌ലിം വ്യതിരക്തതയുടെ അടയാളങ്ങൾ മായ്ക്കപ്പെടാൻ കാരണമാവും എന്നതിനാൽ അവരുടെ കാര്യത്തിൽ ഖുർആനിലെ മുംതഹിന സൂറത്തിലെ 8,9 ആയത്തുകളാണ് അദ്ദേഹം പ്രാഥമികമായി പരിഗണിച്ചത്. ഈ ആയത്തുകൾ സ്വന്തത്തോട് അക്രമത്തിൽ ഏർപ്പെടാത്തവരും കയ്യേറ്റം നടത്താത്തവരുമായ അമുസ്‌ലിംകളോട് അനുകമ്പയോടെയും സൗഹാർദത്തോടെയും ഇടപെടാനുള്ള അനുമതി നൽകുന്നുണ്ട്. പക്ഷേ അക്രമാസക്തരായവരോട് സൗഹൃദം കാണിക്കാൻ പാടില്ല. അപ്പോൾ ഇവിടുത്തെ പ്രധാന ചർച്ച വിഷയം അനുകമ്പയും സൗഹൃദവും പുലർത്താൻ കഴിയുന്ന അമുസ്‌ലിംകൾ ആരൊക്കെയാണ്, ആരൊക്കെയല്ല എന്നതാണ്. ഈ കാര്യത്തിൽ ഭിന്നാഭിപ്രായങ്ങൾ പുലർത്തുന്ന ഈ രണ്ട് പണ്ഡിതന്മാരുടെയും വാദങ്ങൾ ആഴത്തിലും വിശദമായും വിലയിരുത്താനാണ് ശ്രമിച്ചിട്ടുള്ളത്.
ഖിലാഫത്ത് പ്രസ്ഥാനത്തിനെ കുറിച്ചുളള അടുത്ത അദ്ധ്യായം പശു ബലിയെ പറ്റിയുള്ള വാദങ്ങൾ ഉൾകൊള്ളുന്നതാണ്. ഇതൊരു ഇൻട്ര മുസ്‌ലിം സംവാദ വിഷയമാണ്. ഇവിടെ ഒരു വശത്ത് മൗലാനാ അഹ്മദ് റസാ ഖാനും മറുവശത്തു മൗലവി അബ്ദുൽ ബാരിയുമാണുള്ളത്. പാശ്ചാത്യ അക്കാദമിക പാണ്ഡിത്യ മണ്ഡലത്തിൽ ആദ്യമായാണ് മൗലവി അബ്ദുൽ ബാരിയെ പറ്റി ഒരു വിപുലമായ വായന ഉണ്ടാവുന്നതെന്ന് തോന്നുന്നു. ഫിറങ്ങി മഹൽ സ്കൂളിന്റെ പ്രധാന പണ്ഡിതനായ ഇദ്ദേഹം ഈ ഒരു സങ്കീർണമായ വാദത്തെ പരമാവധി ചുരുക്കാൻ ശ്രമിച്ചിട്ടുണ്ട്. മൗലവി അബ്ദുൽ ബാരി പശു ബലിയെ കുറിച്ച് പറയുന്നത് ഖിലാഫത്തുമായി ബന്ധപ്പെടുത്തിയാണ്. ഹിന്ദുക്കളുടെ സമ്മർദ്ദത്താൽ അല്ലാതെ തങ്ങളുടെ തന്നെ ഇഷ്ടപ്രകാരം മുസ്‌ലികൾ പെരുന്നാളിന് പശുവിനെ അറുക്കാതിരിക്കലുണ്ട്. ഇത് മതത്തെ ദോഷകരമായി ബാധിക്കുകയില്ല. ഖിലാഫത്തിനെ സംരക്ഷിക്കുക എന്ന കൂടുതൽ പ്രധാനപെട്ട പദ്ധതിയെ അത് സഹായിക്കുകയും ചെയ്യും. മുസ്‌ലിം വ്യതിരിക്തതയുടെ പ്രധാന അടയാളമായി അദ്ദേഹം ഖിലാഫത്തിനെയാണ് കണ്ടിരുന്നത്. ഹിന്ദുക്കളുടെയോ ഗാന്ധിയുടെയോ സമ്മർദത്തിന് വഴങ്ങി പശുവിനെ ബലി അറുക്കാതെ നിൽക്കരുതെന്നും നമ്മുടെ തന്നെ തീരുമാനത്തിൻ്റെ ഭാഗമായി നടത്താമെന്നുമാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. ഇതിനോട് കിടപിടിക്കുന്ന മറ്റൊരു വീക്ഷണമായിരുന്നു അഹമദ് റസാ ഖാന് ഈ വിഷയത്തിൽ ഉണ്ടായിരുന്നത്. ഇസ്‌ലാമിൽ പശു ബലിയുടെ വിധി അനുവദനീയമാണ് (മുബാഹാത്). അഥവാ അത് നിർബന്ധമാക്കിയതോ വിലക്കപ്പെട്ടതോ അല്ല. എന്നാൽ കൊളോണിയൽ ഇന്ത്യയുടെ പ്രത്യേക പശ്ചാത്തലത്തിൽ അത് നിർബന്ധമാണ്. കാരണം പൊതു മണ്ഡലത്തിലെ മുസ്‌ലിം വ്യതിരിക്തതയുടെ അടയാളമാണത്. അതുകൊണ്ട് തന്നെ അമുസ്‌ലിംകൾക്ക് മുന്നിൽ മുസ്‌ലിംകൾക്കുള്ള അധികാരവും, പരമാധികാരവും അടയാളപ്പെടുത്തുന്ന പ്രധാന ഘടകവുമാണത്. അതുകൊണ്ട് ദൈനംദിന ജീവിതത്തിലോ ഈദ് ദിനത്തിലോ മറ്റേതെങ്കിലും അവസരത്തിലോ ബലി നടത്താതിരിക്കുന്നത് അനുവദനീയമല്ല. ഗാന്ധിയുടെയോ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയോ സമ്മർദത്തിലോ നിർബന്ധത്തിലോ അത് നടത്താതിരിക്കുമ്പോൾ അത് വിശ്വാസത്തിന് ഹാനികരമാവുകയും ചെയ്യും. ഇതാണ് അദേഹത്തിൻ്റെ വാദത്തിന്റെ ചുരുക്കം. തീർച്ചയായും കാര്യങ്ങൾ കൂടുതൽ സങ്കീർണമാണ്. ആ സങ്കീർണതകൾ പുസ്തകത്തിലുമുണ്ട്.
അവസാനത്തെ രണ്ട് അദ്ധ്യായം തശബ്ബുഹിനെ കുറിച്ചാണ് പറയുന്നത്. മറ്റൊരു മതത്തിൻ്റെ ആക്ഷേപാർഹ അനുകരണമാണ് തശബ്ബുഹ്. “ഒരു ജനതയെ അനുകരിക്കുന്നവർ അവരിൽ പെട്ടവരാണ്” എന്ന ഹദീസാണ് ഇതിൻ്റെ അടിസ്ഥാനം. മുസ്ലിം ഉലമ–ബൗദ്ധിക പാരമ്പര്യങ്ങളിലെ പ്രമുഖരായ വ്യക്തിത്വങ്ങളുടെ ഇവ്വിഷയകമായി വന്ന അഭിപ്രായങ്ങളുടെ അവലോകനമാണ് അഞ്ചാമത്തെ അദ്ധ്യായം. 19ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിലെ അഹ്മദ് റസാ ഖാൻ, ഷാ മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ മുതൽ ദയൂബന്ദ് മദ്രസ സ്ഥാപകൻ മൗലവി മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി, ഷിബിലി നൂമാനി, ഷാ അബ്ദുൽ അസീസ് തുടങ്ങിയ നിരവധി പണ്ഡിതന്മാരുടെ മറ്റു മതങ്ങളെ അനുകരിക്കുന്നതിനെ കുറിച്ചുള്ള സൂക്ഷ്മവും രസകരവുമായ സങ്കൽപ്പങ്ങളെ ഈ അദ്ധ്യായത്തിൽ വിശദീകരിക്കുന്നു. ആധുനികതക്ക് മുമ്പുള്ള അൽ ഗസ്സാലി, ഇബ്നു തൈമിയ്യ തുടങ്ങിയ ചില പണ്ഡിതന്മാരെയും ഈ അദ്ധ്യായം പരിശോധിക്കുന്നുണ്ട്. മൗലവി നാസർ അഹ്മദ് ഇബ്നുൽ വഖ്ത്ത് എന്ന നോവലാണ് ഈ അദ്ധ്യായത്തിലെ ശ്രദ്ധാകേന്ദ്രം. ശക്തരായ ഇതരമതസ്ഥരുടെ അനുകരണം സ്വന്തത്തെ വെടിയുന്നതിന് കാരണമാവുന്നതെങ്ങനെ എന്നതാണ് ഈ നോവലിന്റെ പ്രധാന ഉള്ളടക്കം. വളരെ സൂക്ഷ്മമായി ഈ നോവൽ വായിച്ച് കൊണ്ട് ഇതര മതങ്ങളെ അനുകരിക്കുന്ന പ്രവണതയോടുള്ള നാസിർ അഹ്മദിൻ്റെ നിരീക്ഷണങ്ങളെ ഈ അദ്ധ്യായം താല്പര്യത്തോടെ നോക്കിക്കാണുന്നു.
അലിഗഢ് ദയൂബന്ദ് വിഭജനത്തെ കുറിച്ചാണ് അവസാനത്തെ അദ്ധ്യായം. ഈ അദ്ധ്യായത്തിൽ അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി സ്ഥാപകനായ സർ സയ്യിദ് അഹ്മദ് ഖാന്റെയും അദ്ദേഹത്തിന്റെ സമകാലികനും ദയൂബന്ദ് സ്കൂളിന്റെ സ്ഥാപകരിൽ പ്രമുഖനുമായ മൗലവി ഖാസിം നാനൂതവിയുടെയും വ്യവഹാരങ്ങളെ നോക്കി കാണുന്നു. പക്ഷെ ഈ അദ്ധ്യായത്തിന്റെ പ്രധാന ശ്രദ്ധ തശബ്ബുഹിനെ കുറിച്ച് മുസ്‌ലിം ദക്ഷിണേഷ്യയിൽ രചിക്കപ്പെട്ട മൗലാന ഖാരി ത്വയ്യിബിന്റെ വിശദവും വിപുലവുമായ ഗ്രന്ഥമാണ്. മൗലാനാ ഖാരി ത്വയ്യിബ് മൗലവി ഖാസിം നാനൂതവിയുടെ ചെറുമകനാണ്. തശബ്ബുഹിനെ കുറിച്ചുള്ള സർ സയ്യിദ് അഹ്മദ് ഖാന്റെ നിരീക്ഷണങ്ങൾക്കെതിരെയുള്ള ഒരു തുറന്ന പോരാട്ടമായിരുന്നു അദേഹത്തിൻ്റേത്. സർ സയ്യിദ് ഈ പ്രശ്നത്തെ പാടെ നിരസിക്കുകയാണ് ചെയ്യുന്നത്. ഇത് സാംസ്കാരിക പുരോഗതിയുടെ മുഴുവൻ അനുശാസനകൾക്കും എതിരാണ് എന്നാണ് അദ്ദേഹത്തിൻ്റെ വിലയിരുത്തൽ. അദ്ദേഹത്തിൻ്റെ പ്രസിദ്ധീകരണമായ തഹ്സീബുൽ അഖ്‌ലാഖ് പരിശോധിച്ചപ്പോൾ അക്കാലത്തെ ഇന്ത്യൻ മുസ്‌ലിംകളെ സംബന്ധിച്ച് ധാർമിക പ്രാധാന്യം ഉള്ള ഒരു കാര്യമായ തശബ്ബുഹിനെ നിരാകരിക്കാൻ കഴിഞ്ഞതെങ്ങനെ എന്നത് ഞാൻ നോക്കി കണ്ടു. ആധുനികതയുടെ വ്യവസ്ഥിതിയിൽ നിന്നു കൊണ്ടു മുസ്‌ലിം പാരമ്പര്യത്തിന്റെ സ്ത്രോതസ്സുകളെ കുറിച്ച് ആലോചിക്കേണ്ടത് എങ്ങനെ എന്ന വിഷയത്തിൽ സയ്യിദ് അഹ്‌മദ് ഖാനും ഖാസിം നാനൂതവിയും തമ്മിൽ ഏർപ്പെട്ട വളരെ സങ്കീർണവും സാന്ദ്രവുമായ സംവാദങ്ങളിലേക്കും അദ്ധ്യായം നോക്കുന്നുണ്ട്.
പുസ്തകത്തിന്റെ ആറാം അദ്ധ്യായത്തിൽ ഞാൻ ആ പഠനത്തിന്റെ ഒരു ഹ്രസ്വ വിശകലനം നടത്തിയിട്ടുണ്ട്. സർ സയ്യിദ് അഹ്‌മദ് ഖാനും ഖാസിം നാനൂതവിയും തമ്മിലുള്ള ഈ സംവാദത്തെ കുറിച്ച് ഏകദേശം 49 പേജുകളോളം വരുന്ന ഒരു ലേഖനവും അതിൽ ഞാൻ എഴുതിയിട്ടുണ്ട്. പിന്നീട് ഈ അദ്ധ്യായം ഖാരി ത്വയ്യിബും സർ സയ്യിദും തമ്മിൽ ഈ വിഷയത്തിൽ ഉണ്ടായ സംവാദത്തെ പരിശോധിക്കുന്നു. ഖാരി ത്വയ്യിബിനെ സംബന്ധിച്ച് തശബ്ബുഹ് സമുദായത്തിന് വിനാശകരമായ ഒരു സംഗതിയാണ്. കാരണം ആചാരങ്ങൾ മറ്റുള്ള മതങ്ങളുടേതുമായി കൂട്ടികലർത്തുമ്പോൾ അത് ആശയകുഴപ്പത്തിലേക്ക് നയിക്കും. ഇത്തരത്തിലുള്ള ആശയക്കുഴപ്പങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ഇൽതിബാസ് ആണ്. കൂട്ടികലർത്തലുകളെ സൂചിപ്പിക്കാൻ ഇഖ്തിലാസും ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള കൂട്ടികലർത്തലുകളും ആശയകുഴപ്പങ്ങളും വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും മുസ്‌ലിം സ്വത്വം ഒഴിവാക്കപ്പെടുന്നതിന് കാരണമാകും. അവസാനമായിട്ട് എപ്പിലോഗിൽ പ്രധാന വാദങ്ങളുടെ വിവരണങ്ങൾ നൽകിയിട്ടുണ്ട്. തുടർന്ന് സമകാലിക ഇന്ത്യയിലെയും പാകിസ്ഥാനിലെയും കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ട് പുസ്തകം അവസാനിപ്പിക്കുന്നു. സമകാലിക പാകിസ്ഥാനെ കുറിച്ച് പറയാൻ ഇപ്പോഴും ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന ഇസ്‌ലാമാബാദിലെ ക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള എപ്പിസോഡാണ് ഉദ്ധരിച്ചിട്ടുള്ളത്. ഒരു ഹിന്ദു ക്ഷേത്രം പണി കഴിപ്പിക്കുന്നതിന് സ്റ്റേറ്റ് ഫണ്ട് അനുവദിക്കുന്നതിൻ്റെ നിയമസാധുതയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും ആ വിഷയത്തിൽ സമുധായത്തിനകത്തുള്ള സംവാദങ്ങളിൽ സ്റ്റേറ്റ് ഇടപെടുന്നതിനെ കുറിച്ചും ഈ ഭാഗത്ത് ചർച്ച ചെയ്യപ്പെടുന്നു. കൂടാതെ ദയൂബന്ദ്, ബറേൽവി ഉലമകളുടെ പിൻവാങ്ങലും ഈ ഭാഗത്ത് ചർച്ച ചെയ്യുന്നുണ്ട്. പാകിസ്ഥാനിലെ മുസ്‌ലിം അമുസ്‌ലിം ബന്ധത്തെ കുറിച്ചുള്ള മുഫ്തി മുനീബു റഹ്മാന്റെയും ജാവേദ് അഹ്മദ് ഹാമിദിയുടെയും മറ്റു പണ്ഡിതന്മാരുടെയും നിരീക്ഷണങ്ങളും പരിശോധിക്കുന്നു. അവസാനമായി ചർച്ച ചെയ്യുന്നത് ഷർജീൽ ഇമാമിനെയും അദ്ദേഹത്തിന്റെ തടവിനു കാരണമായ പ്രഭാഷണങ്ങളെയും, ഹിന്ദു മുസ്‌ലിം സൗഹൃദത്തെ കുറിച്ചും ബലിയെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ പറ്റിയുമാണ്. ഇത് ഒരർത്ഥത്തിൽ അഹമ്മദ് റസാ ഖാന്റെ ആശയങ്ങളെ പരാമർശിക്കുന്നു. ‘ചരിത്രം ഇതു വരെയും എഴുതപെട്ടിട്ടില്ല, ചരിത്രം ഇനിയും എഴുതപെടാൻ ബാക്കി ആയിട്ടുള്ളതാണ്’ എന്ന ഷർജീൽ ഇമാമിന്റെ ഒരു വാചകത്തെ ഈ അദ്ധ്യായത്തിൽ ഉദ്ധരിക്കുന്നുണ്ട്. ചില മുസ്‌ലിം പണ്ഡിത വീക്ഷണങ്ങൾക്കും, ചില മുസ്‌ലിം ചരിത്രങ്ങൾക്കും മാത്രം പാഠ്യപദ്ധതികളിലും അക്കാദമിക മേഖലയിലും മാധ്യമങ്ങളിലും ജനപ്രിയ വ്യാവഹാരങ്ങളിലും കൂടുതൽ എയർ ടൈം ലഭിക്കുന്നത് എന്തു കൊണ്ട് എന്നറിയാൻ ഞാൻ മേൽപറഞ്ഞ വാചകത്തെയാണ് കൂട്ടുപിടിക്കുന്നത്. മുഴുവൻ മുസ്‌ലിം വംശീയ വാദങ്ങളെയും എതിർക്കണമെന്ന പ്രധാന വാദവും ഞാൻ അതിനോടൊപ്പം പറഞ്ഞു വെക്കുന്നു.
ഇന്ത്യയിലോ മറ്റു എവിടെയെങ്കിലുമോ നിലനിൽക്കുന്ന മുസ്‌ലിം വംശീയതയെയും ഇസ്‌ലാമോഫോബിയയെയും എതിരിടാൻ ആഗ്രഹിക്കുന്നവർ ആധുനിക ലിബറൽ സെക്കുലർ മതേതര ബഹുസ്വര സങ്കൽപ്പങ്ങളുമായി പൊരുത്തപെടാത്ത ഇസ്‌ലാമിൻ്റെ ആന്തരിക യുക്തിയോടും അവയുടെ സങ്കീർണതകളോടും ഇടപെടാനും മൽപ്പിടിത്തത്തിലേർപ്പെടാനും തയാറാവേണ്ടതുണ്ട്. നല്ല മുസ്‌ലിമിനെ കുറിച്ച ലിബറൽ സെക്കുലർ സങ്കൽപ്പത്തോട് പുറം തിരിഞ്ഞ് നിൽക്കാതെയും പശു ബലി പോലുള്ള വിഷയങ്ങളിൽ അഭിപ്രായം പറയുന്ന അഹ്മദ് റസാ ഖാനെ പോലെയുള്ള പണ്ഡിതന്മാരെയും അവരുടെ ആശയങ്ങളെയും പരിഗണിക്കാതെയും പാരമ്പര്യവുമായി സംവദിക്കാൻ കഴിയില്ല. നല്ല മുസ്‌ലിമിനെയും മോശം മുസ്‌ലിമിനെയും കണ്ടെത്താൻ ശ്രമിക്കുന്ന മുമ്പുണ്ടായ ശ്രമങ്ങളിൽ നിന്നെല്ലാം പിന്മാറണം. അതേ പോലെ ഈ പണ്ഡിതന്മാരെ കുറിച്ച് അറിയാൻ ശ്രമിക്കുമ്പോൾ അവർ നിങ്ങൾക്കറിയാവുന്നതിനേക്കാൾ സങ്കീർണമായിരുന്നു എന്നും മനസ്സിലാക്കണം. ഉദാഹരണത്തിന്, ബ്രിട്ടീഷ്കാർക്കെതിരെ ജിഹാദ് ചെയ്യൽ ഓരോ ഇന്ത്യൻ മുസ്‌ലിമിനും നിർബന്ധമാണെന്ന് അബുൽ കലാം അസാദ് പറയുന്നുണ്ട്. അതേപോലെ ഓട്ടോമൻ കാലിഫേറ്റിന്റെ പതനത്തിന് ശേഷം വഹാബികളെ അദ്ദേഹം പിന്തുണച്ചിട്ടുമുണ്ട്. എന്നാൽ, നോമ്പും നമസ്കാരവും കൃത്യമായി പിൻപറ്റിയാലും കാലിഫേറ്റ് ഇല്ലെങ്കിൽ അവക്കൊന്നും ഫലമുണ്ടാവില്ലെന്നും അദ്ദേഹം തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ഹിന്ദു മുസ്‌ലിം സൗഹൃദത്തിനെ കുറിച്ച് പറഞ്ഞവരിൽ പ്രധാനിയായ അബുൽ കലാം ആസാദിന്റെ സങ്കൽപ്പങ്ങൾ ഹിന്ദു മുസ്‌ലിം സൗഹൃദം മുസ്‌ലിം വ്യതിരിക്തതയെ തന്നെ ഇല്ലാതാക്കാൻ കാരണമാവുമെന്ന് പറയുന്ന അഹമദ് റസാ ഖാനെക്കാൾ സങ്കീർണമാണ്. നിങ്ങളെ നശിപ്പിക്കാൻ കഴിയുന്ന ബ്രിട്ടീഷുകാരുമായി ഇടപെടുമ്പോൾ കൂടുതൽ പ്രായോഗികമായി ചിന്തിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. മത സ്വാതന്ത്രത്തെ ഗൗരവമായി കാണുന്നുണ്ടെങ്കിൽ മുസ്‌ലിം വ്യതിരിക്തതയുടെ പ്രധാന അടയാളമായി കരുതുന്ന പശു ബലി സ്വതന്ത്രമായി ചെയ്യാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. ഈ മുസ്ലിം പണ്ഡിതന്മാരൊക്കെയും സങ്കീർണമായിരുന്നു എന്നതാണ് ഓരോ അദ്ധ്യായത്തിലും ഞാൻ മനസ്സിലാക്കുന്നത്. നല്ല മുസ്‌ലിം – മോശം മുസ്‌ലിം, ഇൻക്ലൂസീവ് – എകസ്ക്ലൂസീവ് എന്നീ തരം തിരിക്കലിനപ്പുറം സങ്കീർണമായിരുന്നു അവർ. മുസ്‌ലിം വംശീയതയും ഇസ്‌ലാമോഫോബിയയും ഇല്ലാതാക്കുവാൻ നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ലിബറൽ സെക്കുലർ പ്രതീക്ഷകളുമായി പൊരുത്തപെടാത്ത അതിന്റെ തന്നെ രീതികളും സംഗതികളും ഉപയോഗിച്ച് ഗൗരവമായി ഏർപെടണമെന്നാണ് ഞാൻ പറയുന്നത്. അങ്ങനെയൊരു വലിയ രാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോൾ രണ്ട് പുസ്തകങ്ങളും സാമ്യം ഉള്ളതാണ്.
(അവസാനിച്ചു)
ഒന്നാം ഭാഗം വായിക്കുവാൻ ക്ലിക്ക് ചെയ്യുക.
തയ്യാറാക്കിയത്: ഹിശാം, ഹാജിറ ടി പി എസ്.