Campus Alive

ഹലാൽ ലൗ സ്റ്റോറി: ഒരു ‘പൊതു’ അല്ലാത്ത ആസ്വാദനം

“പേര് സിറാജാണെന്നേ ഉള്ളൂ ആള് പൊതുവാണ്”. സൂക്ഷ്മമായി രാഷ്ട്രീയം പറയുന്ന സിനിമയാണ് ‘ഹലാൽ ലൗ സ്‌റ്റോറി’. സിറാജിന് പൊതുവാകാൻ കഴിയുന്നതിന്റെ സാധ്യത എത്രത്തോളമാണ് എന്നതാണ് ഇവിടുത്തെ രാഷ്ട്രീയ ചോദ്യം! സമാന സന്ദർഭത്തിൽ തന്നെ പൊതു ധാരയിലുള്ള സംവിധായകരെക്കുറിച്ച് പറയുന്ന രംഗത്തിൽ ശശി, ഷാജി, ജോഷി, സത്യൻ,  ഫാസിൽ എന്നൊക്കെയുള്ള സംവിധായകരെ സൂചിപ്പിക്കുമ്പോൾ ഫാസിലിനെ അതിൽ നിന്ന്  മാറ്റി “ഏ ഫാസിലല്ല” എന്ന് പറയുന്ന ഒരു രംഗവുമുണ്ട്. കേരളീയ സാംസ്കാരിക  വിമർശനത്തിന്റെ മൂന്നക്ഷരം എന്ന ഖ്യാതിയുള്ള കെ.ഇ.എൻ മാഷുടെ പിറകിൽ ഒരു ‘കുഞ്ഞഹമ്മദു’ണ്ട് എന്ന് കണ്ടെത്തിയ ബൗദ്ധിക പരിസരമാണ് നമ്മുടേത് എന്നാണ് ഇവിടെ ഓർക്കാൻ കഴിയുന്ന പ്രസക്തമായ ഒരു കാര്യം. ജീവിതത്തിൽ മതം പ്രാക്റ്റീസ് ചെയ്യാത്ത തികഞ്ഞ ദൈവ നിഷേധിയായിരുന്നിട്ടും കുഞ്ഞഹമ്മദ് എന്ന സൂചനയും (Signifier) അതിന്റെ വിവിധങ്ങളായ സൂചകങ്ങളും  (Signified) സവിശേഷമായ ഒരു പൊതുബോധത്തിനകത്ത് എങ്ങനെയാണ് നിലനിൽക്കുന്നത് എന്നത് ഇവിടെ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. കുഞ്ഞഹമ്മദ് പ്രതിനിധാനം ചെയ്യുന്ന പ്രത്യേകമായ ചില അർത്ഥങ്ങളാണവ.

സി.ജെ തോമസിന്റെ ‘ധിക്കാരിയുടെ കാതൽ’ എന്ന പുസ്തകത്തിൽ അദ്ദേഹം ഗ്രീക്ക് മിത്തോളജിയിൽ നിന്നും ഒരു കഥ ഉദ്ധരിക്കുന്നുണ്ട്. പണ്ട് പ്രോക്സ്റ്റസ് എന്നു പേരായ ഒരു രാക്ഷസന് ഒരു കട്ടിലുണ്ടായിരുന്നു. അയാള്‍ വഴിപോക്കരെ പിടിച്ചുകൊണ്ടുപോയി തന്റെ കട്ടിലില്‍ കിടത്തും. വഴിപോക്കന് കട്ടിലിനേക്കാള്‍ നീളം കുറവാണെങ്കില്‍ അവനെ അയാള്‍ വലിച്ചുനീട്ടിക്കൊല്ലും. നീളം കൂടുതലാണെങ്കില്‍ രണ്ടറ്റവും ഛേദിച്ചുകളയും. കട്ടിലിന്റെ നീളം കൃത്യമായിരുന്ന ഹെര്‍ക്കുലീസ് അയാളെ കൊന്നു. അതോടെ സമത്വത്തിനു വേണ്ടി ആദ്യത്തെ രക്തസാക്ഷിയുണ്ടായി എന്ന് സി.ജെ പറയുന്നു. വലിച്ചു നീട്ടിയും കഷ്ണിച്ചുമൊക്കെ നിലനിൽക്കുന്ന ‘പൊതു’വിനെ വളരെ സറ്റയറിക്കലായാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.

ടി. ദാമോദരദരന്റെയൊക്കെ  തിരക്കഥകളിൽ പിറന്നു വീണ നല്ല മുഴുത്ത സവർണ സിനിമകളിലൂടെയാണ് (ആര്യൻ, മഹാത്മ, etc…) ഈ ലേഖകന്റെയൊക്കെ കേരളീയ ‘പൊതു’വിനെക്കുറിച്ച  ധാരണകളൊക്കെ രൂപപ്പെടുന്നത്. എന്നാൽ പിൽക്കാലത്ത് അതിലെ വിഷമയമായ സംഭാഷണങ്ങളിലൂടെ ഒന്നുകൂടി  സഞ്ചരിച്ചപ്പോഴാണ് ഇതേ ടി.ദാമോദരൻ തന്നെയല്ലേ ‘1921’ എന്ന സിനിമയ്ക്കും തിരക്കഥ എഴുതിയത് എന്ന് കൗതുകപ്പെട്ടത്. എന്നാൽ, അതിലെ മമ്മൂട്ടിയുടെ കഥാപാത്രം എത്ര ചരിത്രപരമാണ് എന്ന ആലോചനയാണ് പിന്നീട് കൗതുകത്തെ ശമിപ്പിച്ചത്.

സവർണ്ണ ഭാവുകത്വം, സംവരണ വിരുദ്ധത, ഇസ്‌ലാമോഫോബിയ തുടങ്ങിയ ചരിത്രപരമായുള്ള മലയാള സിനിമയിലുള്ള ‘പൊതു’വിനോടും പതിവുകളോടുമുള്ള പുതിയ കാല മലയാള സിനിമകളുടെ പ്രതികരണത്തിന്റെ തുടർച്ചയിലോ അല്ലെങ്കിൽ കുറച്ചു കൂടി കടന്ന് പുതിയൊരു ഭാവുകത്വത്തെ തന്നെ സംഭാവന ചെയ്യുന്നുണ്ട് ‘ഹലാൽ ലൗ സ്‌റ്റോറി’ എന്ന് തന്നെ പറയാം എന്നതിനാണ് ഇത്രയും സൂചിപ്പിച്ചത്.

ദൈനംദിന ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്ന് ഭിന്നമായും പലപ്പോഴും അതിന് വിരുദ്ധമായും മാത്രം മലയാള സിനിമയിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളതാണ് മുസ്‌ലിം  സാമൂഹിക ജീവിതം എന്നുള്ളത്. അത്തരത്തിലുള്ള ഒരു സവിശേഷ വാർപ്പ് മാതൃകയിൽ നിന്ന് മാറി  മുസ്‌ലിം  സാമൂഹിക ജീവിതത്തിന്റെ  മനോഘടനയെയും ആന്തരികവും ബാഹ്യവുമായ  ഭാവങ്ങളെയും പ്രതിഫലിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഹലാൽ ലൗ സ്റ്റോറിയുടെ വിജയം. ഒരു പുരോഗമന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമായി സിനിമ പിടിക്കാനിറങ്ങുന്ന തൗഫീഖിന്റെയും റഹീം സാഹിബിന്റെയും സുഹറയുടെയും ശരീഫിന്റെയുമൊക്കെ കഥയാണിത്. മതം പ്രാക്റ്റീസ് ചെയ്യുന്നവരും വിശ്വാസികളും അതോടൊപ്പം പ്രസ്ഥാന പ്രവർത്തകരുമാണ് എന്നതിനാൽ തങ്ങളുടെ നൈതികവും ധാർമ്മികവുമായ ബോധ്യങ്ങളോട് രാജിയാവാൻ അവർക്ക് കഴിയില്ല. പ്രഫഷണലിസത്തിനും മതജീവിതത്തിനുമിടക്കുള്ള കഥാപാത്രങ്ങളുടെ ധാർമിക പ്രതിസന്ധിയെയാണ് സിനിമ ധാരാളമായി അഭിസംബോധന ചെയ്യുന്നത്. അതിനാലാണ് യഥാർത്ഥ ഭാര്യാഭർത്താക്കന്മാരായിരിക്കെ തന്നെ സിനിമക്കുള്ളിലെ സിനിമയിൽ കെട്ടിപ്പിടിക്കുന്നതിനെക്കുറിച്ച് അവർ വ്യാകുലപ്പെടുന്നത്. പ്രസിദ്ധ ഇറാനിയൻ സംവിധായകർ അസ്ഗർ ഫർഹാദിയുടെ ‘ദ സപറേഷൻ’ എന്ന സിനിമയും  സമാനമായ ഒരു ആശയം പങ്കുവെക്കുന്നുണ്ട്. വൃദ്ധനായ ഒരു മനുഷ്യനെ പരിചരിക്കാൻ ഫത്‌വ ചോദിക്കുന്ന ഒരു സ്ത്രീ കഥാപാത്രമാണത്. അര മണിക്കൂറിലധികമായി തന്റെ വസ്ത്രത്തിൽ മൂത്രവും വിസർജ്ജ്യവുമായി പ്രയാസപ്പെടുന്ന ഒരു രോഗിയായ വൃദ്ധനെ അയാളോടൊപ്പം സഹായിക്കാൻ ആരുമില്ലാത്ത ഒരു അവസരത്തിൽ  വസ്ത്രം മാറാൻ സഹായിക്കാൻ മതപരമായി അനുവാദമുണ്ടോ എന്നതായിരുന്നു അവരുടെ ചോദ്യം. പ്രമാണപരമായും വെളിപാടിനകത്തും സാമൂഹിക ജീവിതത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് വിശ്വാസി നടത്തുന്നത്. വെളിപാട് നിർണ്ണിതമായി വിധികൾ പറയാത്ത  ഇടങ്ങളിൽ നൈതികമായൊരു ചട്ടക്കൂട് മതം  സമ്മാനിക്കുന്നതായാണ് അവർ തിരിച്ചറിയുന്നത്. ഫത്‌വയുടെ മതപരവും സാമൂഹികവുമായ പ്രസക്തിയാണ് ഇവിടെ അനാവൃതമാകുന്നത്.

സിനിമയിൽ സംഘടനാ പ്രവർത്തരുടെ പ്രാദേശിക യോഗത്തിൽ സമാപിപ്പിച്ചു കൊണ്ട് സംസാരിക്കുന്ന കഥാപാത്രം ഉദ്ധരിക്കുന്ന പ്രവാചക വചനം വിശ്വാസികളുടെ  നൈതികമായ ബോധ്യത്തെക്കുറിച്ചാണ്.  ഷെർമൻ ജാക്സൻ തന്റെ ‘ഇസ്‌ലാമിക് സെക്യുലർ’ എന്ന പ്രബന്ധത്തിൽ അഡ്രസ്സ് ചെയ്യാൻ ശ്രമിക്കുന്നതും ഇതുപോലെ വെളിപാട് കൊണ്ട് സ്ഥാപിതമാകാത്ത എന്നാൽ മുസ്‌ലിം  ജീവിതത്തിന് ഇടപെടേണ്ടി വരുന്ന സാമൂഹിക ജീവിതത്തിലെ ഇടങ്ങളെക്കുറിച്ചാണ്. ശരീഅത്തിന്റേത്, ശരീഅത്തേതരം എന്നിങ്ങനെയാണ് അദ്ദേഹം കാര്യങ്ങളെ തരംതിരിക്കുന്നത്.

ബഹുസ്വരതയെക്കുറിച്ച ഉപരി സൂചിത പുരോഗമന സംഘടനയുടെ ബോധ്യത്തേയും സിനിമ ട്രോളുന്നതായി കാണാൻ കഴിയും. പൊതുബോധത്തിനകത്ത്  സൃഷ്ടിക്കപ്പെടുന്ന സൂക്ഷ്മമായ വയലൻസുകളിൽ നിന്ന് മാറി സഞ്ചരിക്കാനും അക്കാദമികവും രാഷ്ട്രീയവുമായ ധീരത കൈവരിക്കാനുമുള്ള ആഹ്വാനവും വിമർശനവുമുണ്ടതിൽ. ബഹുസ്വര സമൂഹത്തിൽ ‘പൊതു’വായി നിൽക്കാനുള്ള വല്ലാത്ത  ത്വര സ്വയം റദ്ദ് ചെയ്യുന്നിടത്തേക്ക് പോയ്പ്പോവുമെന്ന സന്ദേശമാണത് ‘ഒളിച്ചു കടത്തുന്ന’ത്.

“ഇവിടെ ചിലത് കാണാൻ പാടില്ല എന്നും ചിലത് കേൾക്കാൻ പാടില്ല എന്നും വിശ്വസിക്കുന്ന ചില ആൾക്കാരുണ്ട്” എന്ന് ശരീഫ് സിറാജിനോട് പറയുന്ന ഒരു രംഗമുണ്ട്. ഇത് സാധ്യമാക്കുന്നത് ഇസ്‌ലാമികമായി അല്ലെങ്കിൽ ഇസ്‌ലാമിനോട് വിരുദ്ധമാവാത്ത വിധം (ആത്യന്തികമായി അതും ഇസ്‌ലാമികമാണ്) എങ്ങനെ സിനിമയെടുക്കാം എന്ന മൗലികമായ ഒരാലോചനയാണ്. കേവലമായ കല അഥവാ, ‘കല കലക്ക് വേണ്ടി’ എന്നതിൽ നിന്ന് അത് ഗുണാത്മകമായ സന്ദേശത്തെ ഉൾക്കൊള്ളേണ്ടതുണ്ടോ എന്ന ഒരു ചോദ്യം അതിലുണ്ട്. നല്ല സന്ദേശം കൈമാറുക എന്നത് ചിത്രത്തിലെ കഥാപാത്രങ്ങളുടെ ലക്ഷ്യവുമാണ്, ആ നിലയിൽ കേവലം കാൽപ്പനികമായിരിക്കുന്നതിൽ നിന്നും രക്ഷപ്പെട്ട് സന്ദേശം കൈമാറാനും ഹലാൽ ലൗ സ്റ്റോറിക്ക് കഴിയുന്നുണ്ട്. മദ്യം നശിപ്പിച്ച കുടുംബാന്തരീക്ഷത്തെ ദൃശ്യവൽക്കരിക്കുന്നതിലൂടെ, സ്വയം വിമർശനപരമായ സംഭാഷണങ്ങളിലൂടെ, സിനിമാ നിർമാണത്തിന് പലിശയുടെ പണം നിരസിക്കുന്നതിലൂടെയൊക്കെ സിനിമ അത് സാധ്യമാക്കുന്നുണ്ട്. ലൈംഗികതയിലേക്ക് നയിക്കാതെയുള്ള ഒരു ആലിംഗനവും ദാമ്പത്യത്തിൽ സാധ്യമാവത്തതിനെക്കുറിച്ച സുഹറയുടെയും ശരീഫിന്റെയും സംഭാഷണം  വൈവാഹിക ജീവിതം വരണ്ടതാവരുതെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്. അതിനെ പരിഹരിച്ചു കൊണ്ടായിരിക്കാം സിനിമ അവസാനിക്കുമ്പോൾ അവർ ചേർന്ന് നിൽക്കുന്നതും സ്റ്റെപ്പിറങ്ങി വന്ന് കുട്ടികൾ ‘ആക്ഷൻ’ പറയുന്നതും എന്ന് തോന്നുന്നു.

ഇന്നലത്തേതിനേക്കാൾ ഇന്നിനേയും ഇന്നിനേക്കാൾ നാളെയും മെച്ചപ്പെടുത്താൻ വിശ്വാസി പരീക്ഷിക്കുന്ന മെക്കാനിസങ്ങളെ സിനിമ അനാവരണം ചെയ്യുന്നുണ്ട്. ഉറങ്ങുന്നതിന് മുമ്പ് സ്വയം വിചാരപ്പെട്ട് കടമകളൊക്കെയും നിർവഹിച്ചെന്ന് ഉറപ്പു വരുത്തുന്ന ശെരീഫിലാണ് നമ്മളത് കാണുന്നത്. അഭിനയത്തിന് സെലക്ഷൻ കിട്ടാതെ മടങ്ങുമ്പോൾ ശാന്തമായി “നമ്മളെ പ്രതിഫലം ഒക്കെ അങ്ങ് ആഖിറത്തിലല്ലേ” എന്ന് പറയുന്ന കഥാപാത്രത്തിന്റെ വാചകത്തിലാണ് സിനിമയുടെ തിയോളജി. അങ്ങനെ നമ്മുടെയൊക്കെ ഇടയിലെ ജീവിതങ്ങൾക്കപ്പുറമുള്ള ഒന്നുമാവുകയാണ്  ‘ഹലാൽ ലൗ സ്റ്റോറി’. നമുക്ക് ചുറ്റുമുള്ളതിനോട് റിലേറ്റ് ചെയ്യാൻ കഴിയുന്നതിലൂടെ  അതു തന്നെയാണ് അതിന്റെ സാധ്യതയും.

വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ രംഗങ്ങൾ കാണിച്ചുകൊണ്ട്  തുടങ്ങുന്ന സിനിമ “ഇസ്‌ലാമും മുസ്‌ലിംകളും ഏറെ തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ സിനിമക്ക് ഏറെ പ്രസക്തിയുണ്ട്” എന്ന തൗഫീഖ് സാഹിബിന്റെ നിഷ്കളങ്കമായ ഡയലോഗിനെ അതിന്റെ സൂക്ഷ്മത്തിലും സ്ഥൂലത്തിലും സാധ്യമാക്കുന്നു. ‘ഞാനിന്നൊരു നന്മ ചെയ്തു പക്ഷേ അതൊരു തിന്മയായിപ്പോയോ എന്നൊരു സംശയം’ എന്ന് റഹീം സാഹിബ് പറയുന്നതും പ്രത്യേകമായൊരു പശ്ചാത്തലത്തിലാണ്. ആ പ്രതികരണമാവട്ടെ വിശ്വാസപരമായ ഒരനുഭവതലവുമാണ്. “ഇങ്ങള് തെറ്റീഫാവാൻ റെഡിയാവുമ്പോൾ എന്നോട് മിണ്ടാൻ വന്നാൽ മതി”, “അങ്ങനെ പുറത്ത് നിന്ന് ഒരു അമേരിക്ക ഇടപെടേണ്ട പശ്ചിമേഷ്യ ഒന്നും ഞങ്ങൾക്കിടയിലില്ല” എന്നിങ്ങനെയുള്ള സംഭാഷണങ്ങൾക്കൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ സിനിമ മലയാള സിനിമക്ക് പരിചയമില്ലാത്തൊരു അനുഭവത്തെ നൽകിയ മികച്ചൊരു ദൃശ്യവിരുന്ന് തന്നെയാണെന്ന് പറയാം.

ഹാമിദ് മഞ്ചേരി