(കാമ്പസ് അലൈവ് സാധ്യമാക്കിയ രാഷ്ട്രീയ വ്യവഹാരങ്ങളെക്കുറിച്ച് എഴുതിയ ദീർഘ ലേഖനത്തിന്റെ അവസാന ഭാഗം…)
രോഹിത് വെമുലക്കു ശേഷമാണ് പുതിയ കീഴാള വിദ്യാര്‍ഥി രാഷ്ട്രീയം പൊതുഭാവനയുടെ ഭാഗമായിത്തീരുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ ചില ഐക്കണുകളും മുദ്രാവാക്യങ്ങളും മാത്രമായാണ് ആ വിദ്യാര്‍ഥി മുന്നേറ്റങ്ങളെ അടയാളപ്പെടുത്തിയത്. എന്നാല്‍ ഇന്ന് നമുക്കറിയുന്നതു പോലെ മണ്ഡലാനന്തര കാമ്പസ് വിദ്യാര്‍ഥിത്വം, പ്രത്യേകിച്ചും ദലിത്-മുസ്ലിം-ബഹുജന്‍-കീഴാള വിദ്യാര്‍ഥികള്‍, സാഹിത്യ സമൂഹം എന്നതിനപ്പുറം സൈദ്ധാന്തിക രാഷ്ട്രീയമായാണ് കാമ്പസുകളില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
എം.ടി അന്‍സാരിയുടെ ‘മലബാര്‍: ദേശീയതയുടെ ഇടപാടുകള്‍, ചരിത്ര സാഹിത്യ പാഠങ്ങൾ’ എന്ന പുസ്തകം ഭാഷയിലും സിദ്ധാന്തത്തിലും സാധ്യമാക്കിയ മാറ്റം എസ്. ഐ. ഒ കോഴിക്കോട്ട് നടത്തിയ ഒരു പുസ്തകച്ചര്‍ച്ചയില്‍ കൂടുതല്‍ അടുത്തു നിന്നറിയാന്‍ സാധിച്ചു. ഇത്തരമൊരു മാറ്റം പരമ്പരാഗത ഭാഷാപടുക്കളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചെങ്കിലും അതവഗണിക്കാനാണ് തോന്നിയത്. ഈ അനുഭവാത്മക തിരിച്ചറിവ് കാമ്പസ് അലെെവില്‍ അണിനിരന്നവര്‍ പുലര്‍ത്തിയിരുന്നു. മലയാളത്തിലെ കാമ്പസെഴുത്തിന്റെ മാറിയൊരു വ്യാകരണത്തെ തന്നെയാണ് കാമ്പസ് അലൈവ് നിര്‍മിച്ചത്.
പുതിയ വൈജ്ഞാനിക-രാഷ്ടീയ പ്രശ്നങ്ങളെയൊക്കെ ബന്ധിപ്പിച്ചുകൊണ്ടാണ് കാമ്പസ് അലൈവ് മുന്നോട്ട് പോയത്. ആ അര്‍ഥത്തില്‍ ഇന്ത്യന്‍ കാമ്പസുകളിലുണ്ടായിട്ടുള്ള കീഴാള വിദ്യാര്‍ഥി ചലനങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് അത്തരം വ്യവഹാരങ്ങളെ കേരളത്തിലെ പൊതുഇടങ്ങളില്‍ മുന്നോട്ടുവെക്കാനുമുള്ള ശ്രമങ്ങളാണ് പരിമിതികളും പ്രയാസങ്ങളും ഉള്ളതോടൊപ്പം തന്നെ കാമ്പസ് അലൈവ് നടത്തിയത്.
സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നം, വിദ്യാര്‍ഥികളുടെ ഫീസ് പ്രശ്‌നം, വിദ്യാഭ്യാസ വികസന പ്രശ്‌നം, കോളേജുകളുടെ നയപരമായ പ്രശ്‌നം തുടങ്ങിയ രീതിയില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങളെ കാണുന്ന രീതിയും അതിനനുസരിച്ച എഴുത്തു രീതിയുമാണ് മുഖ്യധാരാ കാമ്പസ് എഴുത്തില്‍ ഉണ്ടായിരുന്നത്. ‘മാധ്യമം’ ദിനപത്രത്തില്‍ സ്ഥിരമായി എഴുതിയിരുന്ന എ. ഐ. ഡി. എസ്. ഒയുടെ നേതാവായ ഷാജര്‍ ഖാന്‍ ഈയൊരു ശൈലിയുടെ മുഖ്യ അവലംബം ആയിരുന്നു.
കാതലായ വിദ്യാഭ്യാസ പ്രശ്നങ്ങളെപറ്റി സംസാരിക്കുമ്പോഴും വിദ്യാര്‍ഥി എന്നതൊരു ഏക യൂണിറ്റായാണ് ഈ വിശകലനങ്ങളില്‍ കടന്നു വന്നിരുന്നത്. അതിനോടു വിയോജിച്ചു കൊണ്ട്, കാമ്പസ് എഴുത്തില്‍ വിദ്യാര്‍ഥികളുടെ ശാരീരികാനുഭവത്തിന്റെയും സാമുദായികാനുഭവത്തിന്റെയും ആത്മീയാനുഭവത്തിന്റെയും തലം പ്രധാനമാണെന്നു വാദിച്ച മാഗസിനായിരുന്നു കാമ്പസ് അലൈവ്. ഭക്ഷണം, സംഗീതം, കായികം തുടങ്ങിയ പതിപ്പുകള്‍ കാമ്പസ് അലൈവ് പുറത്തിറക്കുന്നതിനു പിന്നില്‍ വിദ്യാര്‍ഥി അനുഭവത്തെ കൂടുതല്‍ വൈവിധ്യമാര്‍ന്ന സാമൂഹിക അനുഭവമായി കാണാനുള്ള ശ്രമം കൂടിയുണ്ടായിരുന്നു. വിദ്യാര്‍ഥികളെ വര്‍ഗ/ദേശീയ രാഷ്ട്രീയത്തിന്റെ ഉപഗണമായി കാണാന്‍ വിസമ്മതിക്കുകയും ചിതറിയ ലോകത്തിന്റെ ഭാഗമായി കാണുകയും ചെയ്യാന്‍ ധാരാളം ശ്രമങ്ങള്‍ ഉണ്ടായി. പരമ്പരാഗത വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ വക്താക്കളെ ഇത് പ്രതിസന്ധിയിലാക്കിയിരുന്നു.
മുസ്ലിം വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ മുഖ്യധാരയെയും കാമ്പസ് അലൈവ് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുസ്ലിം സ്ത്രീ പതിപ്പ് മുസ്‌ലിം വിദ്യാര്‍ഥിനികളുടെ എഡിറ്റോറിയലിനു കീഴില്‍ കാമ്പസ് അലൈവ് സാധ്യമാക്കിയത് ആണ്‍കേന്ദ്രീകൃതമായ എസ്. ഐ. ഒ ഭാവുകത്വത്തിന്റെ വിമര്‍ശനത്തിന്റെ ഭാഗമായിരുന്നു. ഫാസില എ. കെ, നാജിയ പി. പി, നൗഷബ നാസ്, മലിക മറിയം, ഉമ്മുല്‍ ഫായിസ, സംറ അബ്ദുല്‍ റസാഖ്, ജസീല സി. വി, നജ്ദ എ, സഹ്‌ല നെച്ചിയില്‍, റംസിയ അഷ്‌റഫ് തുടങ്ങിയ നിരവധി മുസ്ലിം സ്ത്രീ എഴുത്തുകാര്‍ കാമ്പസ് അലൈവിന്റെ ഭാഗമായി. ഡികൊളോണിയല്‍ ഫെമിനിസം, ഇസ്ലാമിക ഫെമിനിസം, ദലിത് ബഹുജന്‍ ഫെമിനിസം ഇവയൊക്കെ പിന്നീട് കാമ്പസ് അലൈവിന്റെ വായനയുടെ ഭാഗമായി മാറി.
ഇടതുപക്ഷാനന്തര കാമ്പസ്
ഇടതുപക്ഷം-വലതുപക്ഷം എന്ന വിഭജനം മറികടക്കുന്ന തരത്തില്‍ പുതിയ സാമൂഹിക വിഭാഗങ്ങളുടെയും രാഷ്ട്രീയ നിര്‍വാഹകരുടെയും കൂട്ടായ്മയുടെ ഭാഗമാണെന്ന അവബോധം കാമ്പസ് അലൈവ് പുലര്‍ത്തിയിരുന്നു. ആ അര്‍ഥത്തില്‍ വിദ്യാര്‍ഥി പ്രശ്നങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന പ്രസിദ്ധീകരണം എന്നതിനപ്പുറം വിദ്യാര്‍ഥി വിദ്യാഭ്യാസ പ്രശ്നങ്ങളെ സമൂഹത്തെയും രാഷ്ട്രീയത്തെയും പറ്റിയുള്ള അന്വേഷണങ്ങളുടെ വേദിയാക്കി മാറ്റാന്‍ കാമ്പസ് അലൈവിന് കഴിഞ്ഞിട്ടുണ്ട്.
കാമ്പസ് അലൈവിലെ ഓരോ ലക്കത്തിലും മുസ്ലിം എഴുത്തുകാരുടെ മാത്രമല്ല, മറ്റു ന്യൂനപക്ഷ സമുദായങ്ങളിലെയും വ്യത്യസ്ത സാമൂഹിക കൂട്ടായ്മകളിലെയും പ്രതിരോധ പ്രവര്‍ത്തകരുടെയും രാഷ്ട്രീയ ചിന്തകരുടെയും പങ്കാളിത്തം ഒരടവു നയം എന്നതിലുപരി ഉള്‍പ്പെടുത്താനും അത്തരം സംവാദങ്ങള്‍ ഏറെ സൂക്ഷ്മതയോടെ നിലനിറുത്താനും ശ്രമിച്ചിരുന്നു. ആ അര്‍ഥത്തില്‍ വ്യത്യസ്തതകളെയും വിമതത്വത്തെയും വൈവിധ്യങ്ങളെയും കുറിച്ചുള്ള ഒരു പുതുരാഷ്ട്രീയ സമീപനം സാധ്യമാക്കാന്‍ കാമ്പസ് അലൈവിന് കഴിഞ്ഞിട്ടുണ്ട്. ഒരു മുസ്ലിം സ്വാഭിമാന പ്രസ്ഥാനം എന്നതിലപ്പുറം വ്യത്യാസം, അപരത്വം, നൈതികത എന്നിവയെ കുറിച്ച് ചിന്തിക്കുന്ന ഒരു മുസ്ലിം രാഷ്ട്രീയ ഭാവനയെ വീണ്ടെടുക്കുന്ന ധാരാളം സാധ്യതകള്‍ കാമ്പസ് അലൈവ് ആദ്യ ഘട്ടത്തില്‍ തുറന്നു വെച്ചിരുന്നു. പിന്നീടതിന് തുടര്‍ച്ചകളുണ്ടായോ എന്നതു മറ്റൊരു കാര്യമാണ്.
പതിനഞ്ചു വര്‍ഷം മുമ്പ് ഇന്ത്യയിലെ കാമ്പസുകളില്‍ പ്രത്യേകിച്ചും ഇഫ്ലു (EFLU) പോലുള്ള കാമ്പസുകളില്‍ ചെറിയ തോതിലെങ്കിലും വികസിച്ചുതുടങ്ങിയിരുന്ന ദലിത്-ആദിവാസി-മത/ലിംഗ/ലൈംഗിക ന്യൂനപക്ഷ ഐക്യവുമായൊക്കെ കൂട്ടിവായിക്കേണ്ടുന്ന ഒന്നാണ് കാമ്പസ് അലൈവിന്റെ രാഷ്ട്രീയ ഐക്യമുന്നണിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍. രോഹിത് വെമുല പ്രസ്ഥാനത്തോടുകൂടി വികാസം പ്രാപിച്ചിട്ടുണ്ടെങ്കിലും ഇഫ്ളു പോലുള്ള കാമ്പസ് അനുഭവങ്ങള്‍ കാമ്പസ് അലൈവിന്റെ മുന്നോട്ടുപോക്കില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പക്ഷേ, ഇത്തരം ഐക്യമുന്നണികളെപ്പറ്റി തുറന്ന ചര്‍ച്ചകള്‍ പലപ്പോഴും കാമ്പസ് അലൈവിന് നടത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇന്നുള്ളതുപോലുള്ള പൊതുസ്വീകാര്യത കീഴാള രാഷ്ട്രീയ ഐക്യങ്ങള്‍ക്ക് അന്ന് ഇല്ലായിരുന്നു.
ഫാസിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും ഇടതുപക്ഷ എഴുത്തുകാരും പ്രാസംഗികരും മുസ്ലിം വേദികളില്‍ വന്ന് സംസാരിച്ചു പോകുന്നു എന്നതില്‍ കവിഞ്ഞ് രാഷ്ട്രീയ ഐക്യങ്ങളില്‍ തുല്യത, കര്‍തൃത്വം, നീതി തുടങ്ങിയ സവിശേഷ ഘടകങ്ങള്‍ വേണമെന്ന സമീപനം എസ്. ഐ. ഒവില്‍ അടക്കം ചെറിയ രീതിയില്‍ മാത്രമെ സംവാദവിധേയമായി തുടങ്ങുന്നുണ്ടായിരുന്നുള്ളു.
വൈവിധ്യങ്ങളും വ്യത്യസ്തതകളും ഉള്‍ക്കൊള്ളുന്ന രീതിയിലായിരുന്നു കാമ്പസ് അലൈവിന്റെ ഓരോ ലക്കങ്ങളും ചിട്ടപ്പെടുത്തിയിരുന്നത്. കേരളത്തിലെ കീഴാള ചിന്തകര്‍ക്കും കീഴാള പഠനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന തരത്തിലുള്ള ആലോചനകളും ചിന്തകളുമാണ് കാമ്പസ് അലൈവ് പ്രസിദ്ധീകരിച്ചിരുന്നത്. അത്തരമൊരു നിര്‍ബന്ധബുദ്ധി പുതിയൊരു രാഷ്ട്രീയ ഭാവനയെ തേടുന്ന പരിശ്രമങ്ങളില്‍ പെട്ടതായിരുന്നു.
ഇസ്‌ലാമും പുതിയ സാമൂഹിക ചിന്തയും
അതുപോലെ തന്നെ സമകാലിക ഇസ്ലാമിക ചിന്തയുടെ മണ്ഡലത്തില്‍ ചില പുതുപ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന ധാരണ എസ്. ഐ. ഒ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്കിടയിലുണ്ടായിരുന്ന ഘട്ടത്തിലാണ് കാമ്പസ് അലൈവ് കടന്നുവരുന്നത്. മാറിയ കാലത്തെ ഇസ്ലാമിക ചിന്തയെയും അതിന്റെ ബഹുസ്വരതയെയും കാമ്പസ് അലെെവിന് അഭിമുഖീകരിക്കാന്‍ സാധിച്ചിരുന്നു. നവോഥാനം, ആധുനികത, ചരിത്രം ഇവയെക്കുറിച്ച് എസ്. ഐ. ഒവില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് എസ്. ഐ. ഒ വേദികളില്‍ തഫ്‌സല്‍ ഇ്അ്ജാസും സൈനുദ്ദീന്‍ മന്ദലാംകുന്നും തുടങ്ങി വെച്ച ആ ചര്‍ച്ചകള്‍ പിന്നീട് പല ഗതിമാറ്റങ്ങള്‍ സംഭവിച്ചു പോവുകയും സംഘടനകള്‍ തമ്മിലുള്ള തര്‍ക്കങ്ങളായി മാറുകയും പുതിയൊരു കീഴാളവൈജ്ഞാനിക മണ്ഡലം നിര്‍മ്മിക്കുന്നതില്‍ പ്രയാസം അനുഭവിക്കുകയും ചെയ്തിരുന്നു. സംഘടനകളുടെ ആത്മബോധമായി പ്രസ്തുത സംവാദങ്ങള്‍ ചുരുക്കപ്പെടുകയും ചെയ്തു.
അതുകൊണ്ട് തന്നെ ആധുനികതയെയും ചരിത്രത്തെയും നവോത്ഥാനത്തെപ്പറ്റിയുമുള്ള ആലോചനകള്‍ കുറേക്കൂടി ആഗോള ഇസ്ലാമിക ചിന്തയുടെയും നവീന മുസ്ലിം വ്യവഹാരങ്ങളുടെയും പശ്ചാത്തലത്തില്‍ നോക്കിക്കാണാനാണ് കാമ്പസ് അലൈവ് ശ്രമിച്ചത്. ഇതു കാമ്പസ് അലൈവ് സാധിച്ചെടുത്ത വളരെ ഗൗരവപ്പെട്ട ഒരു വിഛേദനമായിട്ടാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

മാറിയൊരു ചിന്തയുടെയും പുതിയൊരു രാഷ്ട്രീയ രീതിശാസ്ത്രത്തിന്റെയും പ്രശ്‌നമായാണ് ഇസ്‌ലാമിക സമൂഹങ്ങളുടെ ഭാഗമായ പ്രശ്‌നങ്ങളെ കാമ്പസ് അലൈവ് വിലയിരുത്തിയത്. 9/11 ന് ശേഷം ഇസ്ലാമിക ചിന്തയുമായി ബന്ധപ്പെട്ട രണ്ട് തരത്തിലുള്ള ധാരകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അയാന്‍ ഹിര്‍സി അലി, ഇര്‍ഷാദ് മഞ്ചി, റസ അസ്ലാന്‍ പോലുള്ള എഴുത്തുകാര്‍ മുന്നോട്ട് വെച്ച അമേരിക്കന്‍ സാമ്രാജ്യത്വ വേരുകളുള്ള മുസ്ലിം മോഡറേറ്റ് പ്രോജക്റ്റുകള്‍ ഒരുവശത്ത് കേരളത്തിലടക്കം സ്വാധീനങ്ങളുണ്ടാക്കിയിരുന്നു. ലിബറല്‍ മുസ്ലിം സാഹിത്യ ആലോചനകളും ഇസ്ലാമിനെക്കുറിച്ചുള്ള പലവിധത്തിലുള്ള മാധ്യമവത്കൃത സമീപനങ്ങളും അക്കാലത്ത് പൊതുമണ്ഡലത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. ഭീകരവാദം അടക്കമുള്ളവയെക്കുറിച്ചുള്ള ലിബറല്‍ വായനകള്‍ ഒരു വശത്ത് മുഖ്യധാര പ്രസിദ്ധീകരണങ്ങളില്‍ യാതൊരു എതിര്‍പ്പുമില്ലാതെ വന്നുകൊണ്ടിരുന്നു.
മാത്രമല്ല, ഇസ്ലാമിക ഭീകരവാദം എന്ന സങ്കല്‍പം പൊതുബോധത്തിന്റെ ഭാഗമായി. ഇസ്ലാമിക രാഷ്ട്രീയം സമം ഇസ്‌ലാമിക ഭീകരവാദം എന്ന സമവാക്യ നിര്‍മിതി സാമൂഹ്യചിന്തയില്‍ വ്യാപകമായി. പ്രതിരോധ പ്രസ്ഥാനങ്ങളുടെ അഭാവത്തില്‍ മുസ്ലിംകള്‍ പോലും സെല്‍ഫ് സെന്‍സര്‍ഷിപ്പ് ആന്തരികവല്‍കരിക്കുന്ന സ്ഥിതിവിശേഷമുണ്ടായി.
2002-ൽ ഗുജറാത്ത് വംശഹത്യക്കു ശേഷം ഇന്ത്യന്‍ നഗരങ്ങളിലും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും സംഘപരിവാര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തിലൂടെ ആഗോള ഇസ്ലാമോഫോബിയ ദേശരാഷ്ട്രത്തിന്റെ പൊതുബോധമായി സ്ഥാപിക്കപ്പെട്ടിരുന്നു. അതിനാല്‍ സംശയാസ്പദമായൊരു സാഹചര്യം മുസ്ലിം എന്ന സാമൂഹിക സ്ഥാനത്തിനു മേല്‍ വന്നു ചേര്‍ന്നു. ലിബറല്‍ ഇസ്ലാമോഫോബിയ ബാധിച്ച മുഖ്യധാരാ മലയാള മാഗസിനുകള്‍ യാതൊരു വീണ്ടുവിചാരവുമില്ലാതെ ഇസ്ലാം വിമര്‍ശനം നടത്തുന്ന സമയമായിരുന്നു അത്. എറണാകുളം പാനായിക്കുളത്ത് തുടങ്ങി മുസ്ലിം യുവാക്കൾക്കെതിരായ ഇന്നും തുടരുന്ന ഭീകരവേട്ട, ലൗ ജിഹാദ് പ്രചാരണം, അബ്ദുന്നാസർ മഅദനിക്കെതിരായി നടന്ന ഇസ്ലാമോഫോബിക് പ്രചാരണങ്ങളും അറസ്റ്റും, മുസ്ലിം സംഘടനകൾക്കെതിരായ ഭീകരവാദാരോപണങ്ങൾ, യു. എ. പി. എ എന്ന അടിച്ചമർത്തൽ നിയമം വളരെ സെലക്ടീവായി മുസ്ലിം സമുദായത്തിനു നേരെ ഉപയോഗിച്ച രീതികൾ, ആറു പേർ കൊല്ലപ്പെടുകയും അമ്പതിലേറെ പേർ പരിക്കേൽക്കുകയും ചെയ്ത ബീമാപള്ളി പോലീസ് വെടിവെപ്പ് തുടങ്ങി നിരവധി സംഭവങ്ങൾ കാമ്പസ് അലെവിന്റെ തുടക്കകാലത്തെ നിർണയിച്ച സാമൂഹിക രാഷ്ട്രീയ സമ്മർദങ്ങളാണ്.
മറുവശത്ത്, ഇസ്ലാമോഫോബിയയെയും മുസ്ലിം വിരുദ്ധതയെയും എതിര്‍ക്കുമ്പോള്‍ തന്നെ കുറേക്കൂടെ സെക്കുലര്‍ എന്ന് പറയാവുന്ന, എഡ്വേര്‍ഡ് സൈദിനെ പോലുള്ളവരുടെ പഠനങ്ങളെയാണ് എല്ലാവര്‍ക്കും ആശ്രയിക്കേണ്ടി വന്നിരുന്നത്. അതാവട്ടെ ചുരുക്കം ചില ഇടതുപക്ഷ എഴുത്തുകാരുടെ ഒഴിവുസമയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. ഓറിയന്റലിസത്തിന്റെ വിമര്‍ശനം പക്ഷേ, ഇസ്ലാമിന്റെ നിശ്ശബ്ദത കൂടി ഉറപ്പിച്ചിരുന്നുവെന്നാണ് പില്‍ക്കാലത്ത് കാമ്പസ് അലൈവ് ഉണ്ടാക്കിയ പ്രധാന തിരിച്ചറിവ്. പോസ്റ്റ് ഓറിയന്റലിസത്തെക്കുറിച്ചുള്ള പഠനങ്ങള്‍ അങ്ങനെയാണ് കാമ്പസ് അലൈവിന്റെ ഭാഗമായി മാറിയത്.
കൂടാതെ, സിയാവുദീന്‍ സര്‍ദാര്‍, മാലിക് ബിന്നബി, ഹുസൈന്‍ നസ്വര്‍, ഇസ്മായീല്‍ റജി ഫറൂഖി തുടങ്ങിയവരുടെ പഠനങ്ങളുടെ വിവര്‍ത്തനത്തിനപ്പുറം മുസ്ലിം സാമൂഹിക ചിന്തയിലുണ്ടായ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതില്‍ കേരളത്തിലെ ഇസ്ലാമിക പഠന മേഖലയും പ്രതിസന്ധികള്‍ അനുഭവിക്കുകയായിരുന്നു. 1980കള്‍ മുതല്‍ സജീവമായ വിജ്ഞാനത്തിന്റെ ഇസ്ലാമികരണം പോലുള്ള പദ്ധതികള്‍ മൂന്നു ദശകങ്ങള്‍ക്കു ശേഷം പുതുതായൊന്നും നല്‍കാനില്ലാതെ സ്തംഭിച്ചിരുന്നു. അതിനാല്‍തന്നെ ഇസ്ലാമിക ചിന്തയുടെ സങ്കീര്‍ണതകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പുതിയ വിമര്‍ശനങ്ങള്‍ രൂപപ്പെടുത്തി എടുക്കേണ്ടതുണ്ടെന്ന ചിന്ത മാഗസിന്‍ തുടങ്ങുന്ന കാലത്ത് ഞങ്ങള്‍ക്കുണ്ടായിരുന്നു. സമകാലിക മുസ്ലിം പഠനങ്ങളുടെ രീതിശാസ്ത്രപരമായ പ്രത്യേകതകളായ പോസ്റ്റ് സെക്കുലരിസം, പോസ്റ്റ് ഓറിയന്റലിസം, പോസ്റ്റ് എസ്സന്‍ഷ്യലിസം എന്നീ മൂന്നു ധാരകളില്‍ നിന്നുമുള്ള പഠനങ്ങള്‍ പരിചയപ്പെടുത്തേണ്ടതുണ്ട് എന്ന ആലോചന തുടങ്ങുന്നത് അങ്ങനെയാണ്.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് തലാല്‍ അസദിന്റെയും ചാള്‍സ് ഹിഷ്‌കിന്ദിന്റെയും സബാ മഹ്മൂദിന്റെയും ഇർഫാൻ അഹമദിന്റെയും പോസ്റ്റ്-സെക്കുലര്‍ (എന്നു പൊതുവെ പറയാവുന്ന) പഠനങ്ങള്‍, സൂസന്‍ ബക്ക് മോസ്, വയല്‍ ഹല്ലാഖ്, ഹാമിദ് ദബാശിയടക്കമുള്ളവരുടെ പോസ്റ്റ് ഓറിയന്റലിസ്റ്റ് ചിന്തകള്‍, ഷഹാബ് അഹമ്മദ്, സാദിയ ഷൈഖ്, സല്‍മാന്‍ സയ്യിദ്, ഫരീദ് ഇസാക്ക്, ഖാലിദ് അബു അൽ- ഫദിൽ പോലുള്ളവരുടെ പോസ്റ്റ്-എസന്‍ഷ്യലിസ്റ്റ് ഇസ്ലാം വായനകള്‍ തുടങ്ങിയവ കാമ്പസ് അലൈവിലൂടെ കടന്നു വരുന്നത്. പിന്നീട് ഈ വായനകള്‍ സര്‍വകലാശാലകളിലെ മുസ്ലിം യുവ സംസ്‌കാരത്തിന്റെയും ബദല്‍ ബോധന ശാസ്ത്രത്തിന്റെയും ഭാഗമായി മാറിയെന്നു വിലയിരുത്താവുന്നതാണ്.
അതിനു മുമ്പ് തന്നെ ഞങ്ങളില്‍ പലരും കേരളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും മുസ്ലിം പ്രസിദ്ധീകരണങ്ങളിലും ഇത്തരം ആലോചനകള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കാമ്പസ് അലൈവിലൂടെയാണ് അതിന് സ്വതന്ത്രമായ ഇടം തുറന്നുകിട്ടുന്നത്. അത് വളരെ പ്രധാനപ്പെട്ട മാറ്റമായിരുന്നു. പിന്നീട് അക്കാദമിക പഠന രംഗത്ത് കാമ്പസ് അലൈവ് തന്ന വായനയുടെ അനുഭവങ്ങള്‍ രാഷ്ട്രീയമായി തന്നെ ഉപയോഗപ്പെട്ടു. പലരുടെയും ഗവേഷണ പ്രോജക്റ്റുകളുടെ ഭാഗമായി ഈ ബദല്‍ വായന മാറി.
ഇസ്ലാമിക ചിന്തയില്‍ മാത്രമല്ല, ആഗോളതലത്തില്‍ വിമര്‍ശന സിദ്ധാന്തത്തിന് വലിയ അളവില്‍ ഇടം ലഭിച്ച സമയത്ത് സൂസന്‍ ബക്ക് മോസിനെയും സ്ലാവോയ് സിസെക്കിനെയും അലന്‍ ബദ്യൂവിനെയും ജൂഡിത് ബട്ട്ലറെയും കാമ്പസ് അലൈവില്‍ ചര്‍ച്ച ചെയ്തിരുന്നു. വിശിഷ്യാ, അറബ് വസന്തത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ട് യൂറോപ്യന്‍ നവ ഇടതുപക്ഷത്തിന്റെ മുസ്‌ലിംകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളുടെ പരിമിതികള്‍ കാമ്പസ് അലൈവ് ഉന്നയിക്കാന്‍ ശ്രമിച്ചിരുന്നു. പോസ്റ്റ് സെക്കുലര്‍ ഇടതുപക്ഷത്തിന്റെ നവീന ധാരകളുമായുള്ള സംവാദം കാമ്പസ് അലൈവിന്റെ വായനയുടെ ഭാഗമായി മാറി. രാഷ്ട്രീയ ദൈവശാസ്ത്രത്തിലും മനോവിശ്ലേഷണത്തിലും നടന്ന പുതിയ പഠനങ്ങള്‍ കാമ്പസ് അലൈവിലൂടെ ചര്‍ച്ചക്ക് വന്നിരുന്നു.
അതുപോലെ തന്നെ പോള്‍ ഗില്‍റോയി, സ്റ്റുവര്‍ട്ട് ഹാള്‍, അഷില്‍ ബെംബെ, മഹ്മൂദ് മംദാനി, ബെല്‍ ഹൂക്‌സ്, സദിയ ഹാർട്ട്മാൻ തുടങ്ങിയവരുടെ ബ്ലാക്ക്/ആഫ്രിക്കന്‍ സാമൂഹിക രാഷ്ട്രീയ ചിന്തകളും പഠനങ്ങളും എൻറികെ ഡ്യുസൽ, റമോണ്‍ ഗ്രോസ്ഫുഗലടക്കമുള്ളവരുടെ ലാറ്റിനമേരിക്കന്‍ ഡികൊളോണിയല്‍ വായനകളും കാമ്പസ് അലൈവില്‍ പ്രസിദ്ധീകരിച്ചുവന്നു. ആഗോള ചിന്താ മണ്ഡലങ്ങളുമായി കേരളത്തിലെ പുതു വിദ്യാര്‍ഥിത്വത്തിന് സംവദിക്കാനുള്ള ഇടം ഒരുക്കിക്കൊടുത്തതില്‍ കാമ്പസ് അലൈവിന് വലിയ പങ്കുണ്ട്.
പ്രബോധനം വാരിക, മാധ്യമം ആഴ്ചപ്പതിപ്പ്, പച്ചക്കുതിര മാസിക ഇവയൊന്നും ഇസ്ലാമിക ചിന്തയിലും സാമൂഹിക പഠനങ്ങളിലുമുണ്ടായ ഈ മാറ്റങ്ങളെ പത്തു വര്‍ഷം മുമ്പ് ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കാമ്പസ് അലൈവിന്റെ ഇടപെടല്‍ പുതിയൊരു കാന്‍വാസായി മാറുകയായിരുന്നു. അത് നമ്മുടെ മാഗസിന്‍ അജണ്ടകളെ പുനര്‍നിര്‍ണയിക്കുന്നതില്‍ ചെറുതല്ലാത്ത ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
ഒരു പോരാട്ടത്തിന്റെ ബാക്കിപത്രം
വേറൊരു രീതിയില്‍ പറഞ്ഞാല്‍ ദേശീയതക്കും സാമുദായികാവബോധത്തിനും ഇടയില്‍ പിളര്‍ക്കപ്പെട്ട മുസ്ലിം ന്യൂനപക്ഷത്തിന്റെ ഇരട്ട ബോധം കാമ്പസ് അലൈവിനെയും നിര്‍ണയിച്ചിരുന്നു. കാമ്പസ് അലൈവിന്റെ മുഴുവന്‍ പൊട്ടന്‍ഷ്യലും പുറത്തെടുക്കുന്നതില്‍ അത് പലപ്പോഴും തടസ്സമായി വന്നിട്ടുണ്ട്. സൈദ്ധാന്തിക പ്രശ്നങ്ങളും അഭിപ്രായ ഭിന്നതകളുമടക്കം വലിയ തരത്തിലുള്ള പ്രതിസന്ധികള്‍ കാമ്പസ് അലൈവ് നടത്തിക്കൊണ്ട് പോകുന്നതില്‍ അനുഭവിച്ചിട്ടുണ്ട്. ഇത്തരം പ്രതിസന്ധികള്‍ക്കിടയില്‍ നിന്നുകൊണ്ടുതന്നെ വലിയ തരത്തിലുള്ള രാഷ്ട്രീയ-സാമൂഹിക വ്യാവഹാരിക മണ്ഡലത്തെ ഏറ്റെടുക്കാന്‍ കാമ്പസ് അലൈവ് ശ്രമിച്ചു. പുതിയ നിരവധിയാളുകള്‍ കാമ്പസില്‍ നിന്ന് എഴുത്തുകാരായി മാറി.
പരിമിതികളുടെ വലിയ ഭാരങ്ങള്‍ കാമ്പസ് അലൈവിനെ വീര്‍പ്പുമുട്ടിച്ചിട്ടുണ്ട്. എഡിറ്റോറിയല്‍ അശ്രദ്ധകള്‍ അതിന്റെ കാരണങ്ങളിലൊന്നാണ്. അത്തരം പിഴവുകള്‍ പരിഹരിക്കാന്‍ കാതലായ ശ്രമങ്ങള്‍ ഉണ്ടായില്ല എന്നതൊരു വസ്തുതയുമാണ്.
കാമ്പസ് അലൈവ് അഭിമുഖീകരിച്ചിരുന്നത് ഒരു ചെറിയ വിഭാഗത്തെ ആയിരുന്നു എന്നതാണ് ഏറ്റവും വലിയ വിമര്‍ശനം. അഥവാ ഇത്തരം കാര്യങ്ങളൊന്നും മനസ്സിലാവാത്ത വലിയൊരു വിഭാഗം പുറത്തുണ്ടായിരുന്നു.
നോവല്‍, ചെറുകഥ, കവിത ഒക്കെ എഴുതുന്ന ഒരാള്‍ ( സവര്‍ണ പുരുഷന്‍മാര്‍ വിശേഷിച്ചും) ലോകത്തിലെ എല്ലാ സാമൂഹിക പ്രശ്നങ്ങളെപ്പറ്റിയും അഭിപ്രായം പറയേണ്ടതുണ്ടെന്നു മലയാളികള്‍ പൊതുവെ കരുതുന്നു. മതപ്രമാണങ്ങള്‍ വായിച്ച് മതപണ്ഡിതനായ ഒരാള്‍ക്ക് വ്യത്യസ്തമായ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുമെന്നുള്ള മിഥ്യാധാരണ കേരളത്തിലെ മുസ്ലിം സമുദായ നേതൃത്വത്തിലെ പലരും വെച്ചുപുലര്‍ത്തിപ്പോരുന്നു.
ഇതില്‍ നിന്ന് വേറിട്ട്, സവിശേഷത, വൈദഗ്ധ്യം, സൂക്ഷ്മ രാഷ്ട്രീയ ജാഗ്രത ഇവയെ പ്രധാനമാക്കി സൈദ്ധാന്തികവും സാമൂഹ്യ-രാഷ്ട്രീയപരവുമായ പ്രശ്‌നങ്ങളെ പഠിക്കാനുള്ള ശ്രമമുണ്ടാവേണ്ടതുണ്ടെന്നാണ് കാമ്പസ് അലൈവ് മുന്നോട്ടുവെച്ച നിര്‍ദേശം. ഇതൊരു പുതിയ രാഷ്ട്രീയ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ചർച്ചയാണ്. സാഹചര്യത്തിന്റെ പണ്ഡിതന്‍മാര്‍ (scholars of the context) എന്നു താരീഖ് റമദാന്‍ പറയുന്ന ഒരു പ്രശ്‌നമാണിത്. മതപ്രമാണം (text) അറിയുന്നവരെപ്പോലെ തന്നെ സാമൂഹികസാഹചര്യം ( context) അറിയുന്നവരും പ്രധാനമാണെന്നാണ് റമദാനെപ്പോലുള്ള ഇസ്‌ലാമിക ചിന്തകര്‍ കരുതുന്നത്.
മതത്തെപ്പറ്റിയും മതേതരത്വത്തെപ്പറ്റിയും ലിംഗ രാഷ്ട്രീയത്തെപ്പറ്റിയും ദലിത് ബഹുജന്‍ ഐക്യഅധികാരത്തെപ്പറ്റിയും ചിന്തിക്കാനും അഭിപ്രായങ്ങള്‍ രൂപീകരിക്കാനും ശ്രമങ്ങളുണ്ടായപ്പോള്‍ തീര്‍ച്ചയായും മുസ്ലിംകള്‍ക്കിടയിലും പുറത്തുമുള്ള പരമ്പരാഗതമായ എല്ലാ അധികാര കേന്ദ്രങ്ങളും അതിനെ വിമര്‍ശിക്കുകയുണ്ടായി. വെറുപ്പും ഒറ്റപ്പെടുത്തലും ഏറ്റുവാങ്ങിയ നിരവധി മുസ്‌ലിം യുവതീ യുവാക്കള്‍ കാമ്പസ് അലൈവിന് ചുറ്റുമുണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. മാനസികമായി ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചവരുണ്ട്. ദുഷ്‌പേരുകള്‍ വാങ്ങി തളര്‍ന്നു പോയവരെ ഈ അര്‍ഥത്തില്‍ നാം സ്മരിക്കേണ്ടതുണ്ട്. മേല്‍വിലാസമില്ലാത്തവരുടെയും തോറ്റുപോയവരുടെയും അധ്വാനം കൂടിയായിരുന്നു കാമ്പസ് അലൈവ് എന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. അത്തരമൊരു നൈതിക ബോധ്യത്തിന്റെ അഭാവത്തില്‍ കാമ്പസ് അലൈവ് പങ്കുവെക്കുന്ന രാഷ്ട്രീയം പൂര്‍ണമാകുമെന്നു തോന്നുന്നില്ല.
* ബാവ ചേന്നരയുടെ എഡിറ്റിംഗ് നിർദേശങ്ങൾക്ക് കടപ്പാട്