Campus Alive

കാമ്പസ് അലൈവ് എന്ന രാഷ്ട്രീയ വ്യവഹാരം

(കാമ്പസ് അലൈവ് സാധ്യമാക്കിയ രാഷ്ട്രീയ വ്യവഹാരങ്ങളെക്കുറിച്ച് എഴുതിയ ദീർഘ ലേഖനത്തിന്റെ ആദ്യ ഭാഗം)

കാമ്പസ് അലൈവ് കേരളത്തിന്റെ സാംസ്‌കാരികലോകത്ത് പത്തുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പുതിയ സാമൂഹിക-രാഷ്ട്രീയ ചിന്തകളില്‍ വിശകലനാത്മകമായി ഇടപെടുന്ന മാഗസിനായാണ് കാമ്പസ് അലൈവിന്റെ തുടക്കം. പിന്നീടത് വെബ് പോര്‍ട്ടലായി മാറി. ആദ്യത്തെ അഞ്ച് വര്‍ഷം പ്രിന്റ് മാഗസിനായി പുറത്തിറങ്ങിയെങ്കിലും പിന്നീട് വെബ് എഡിഷനിലേക്ക് കൂടുമാറുകയായിരുന്നു. ഈയൊരു സംരംഭത്തിന്റെ ആദ്യത്തെ അഞ്ചു വര്‍ഷം ഉള്ളടക്കവും ശൈലിയും രാഷ്ട്രീയപരമായ നിലപാടും രൂപപ്പെടുത്തുന്ന അനേകം സൂക്ഷ്മ ചര്‍ച്ചകളില്‍ നേരിട്ടു തന്നെ  ഇടപെട്ടതിന്റെ അനുഭവത്തിലാണ് ഈ കുറിപ്പെഴുതുന്നത്. പിന്നീടുള്ള അഞ്ചു വര്‍ഷങ്ങളില്‍ കാമ്പസ് അലൈവിന്റെ പുതിയ എഡിറ്റര്‍മാരുടെ സ്വാശ്രയത്വത്തെ മാനിക്കാനാണ് വ്യക്തിപരമായി ശ്രമിച്ചത്.

കാമ്പസ് അലൈവും പിന്നീട് ഞാന്‍ തന്നെ എഡിറ്റ് ചെയ്ത, കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ‘ക്ലാസ്‌മേറ്റ്‌സ് ‘ എന്ന പുസ്തകവും നല്‍കിയ തിരിച്ചറിവുകള്‍ ഒരു പുതിയ രാഷ്ട്രീയ വ്യവസ്ഥയുടെ സാധ്യതകളും പ്രതിസന്ധികളും ഉള്ളടങ്ങിയതായിരുന്നു. സലീം പൂപ്പലം, ഷിഹാബ് പൂക്കോട്ടൂര്‍, ഉബൈദു റഹ്മാന്‍, മുനീഫ് ഹമീദ്, സാദിഖ് പി. കെ, ആബിദ് അബൂബക്കര്‍, ഹാഷിര്‍ കെ. മുഹമ്മദ്, കെ. പി. സൽവ, എ. മുഹമ്മദ് അസ്ലം, അബ്ദുല്‍ കബീര്‍ തുടങ്ങിയവര്‍ പല കാലത്ത് കാമ്പസ് അലൈവിന്റെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയവരാണ്. ജെനി റൊവീന, കെ. കെ. ബാബുരാജ് തുടങ്ങിയവര്‍ കാമ്പസ് അലൈവിന്റെ ആശയ രൂപീകരണ ചര്‍ച്ചകളില്‍ പല നിലക്കും സജീവമായിരുന്നു.

എസ്.ഐ.ഒ വിന്റെ പിന്തുണയുള്ള, എന്നാല്‍ സംഘടനാപരമായല്ലാതെയാണ് കാമ്പസ് അലൈവ് സ്വയം കണ്ടിരുന്നത്. വ്യാവഹാരിക സ്വഭാവമുള്ള മാഗസിന്‍ എന്ന രീതിയിലാണ് സ്വയം പെരുമാറിയിരുന്നത്. സംഘടനക്കല്ല, വ്യവഹാരത്തിനാണ് കാമ്പസ് അലൈവ് പ്രാധാന്യം നല്‍കിയത്. ആദ്യം വ്യവഹാരം, പിന്നെ സംഘടന എന്നതായിരുന്നു മുന്‍ഗണന.

വിദ്യാര്‍ഥി എന്നതൊരു പരിമിതിയായി കാണാന്‍ തയ്യാറാവാത്തവരുടെ ഒരു കൂട്ടായ്മ സാധ്യമാക്കി എന്നതാണ് കാമ്പസ് അലൈവിന്റെ എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്ന്. വിദ്യാര്‍ഥി എന്ന പ്രശ്‌നത്തെ ശിശുവല്‍കരിക്കപ്പെട്ട ഒരാശയം എന്ന നിലയില്‍നിന്നു മാറി ഒരു സവിശേഷ രാഷ്ട്രീയ ശരീരമായി മനസ്സിലാക്കാനാണ് കാമ്പസ് അലൈവ് ശ്രമിച്ചത്. അതിനാല്‍ തന്നെ വിദ്യാര്‍ഥി മാഗസിന്‍ എന്നതിലുപരി പുതിയ വൈജ്ഞാനിക രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുന്ന ഒന്നായാണ് കാമ്പസ് അലൈവ് വിഭാവന ചെയ്യപ്പെട്ടത്.

എസ്. എഫ്. ഐ പുറത്തിറക്കിയിരുന്ന ‘സ്റ്റുഡന്റ്’ പോലുള്ള മാസികകളാണ് കാമ്പസ് അലൈവ് തുടങ്ങുന്ന കാലത്ത് ഇവിടെയുണ്ടായിരുന്നത്. ഒരു പാര്‍ട്ടി ബുള്ളറ്റിന്‍ എന്ന പരിമിതിയോടൊപ്പം തന്നെ വിദ്യാര്‍ഥി രാഷ്ട്രീയം എത്തിപ്പെട്ട ആശയപരമായ പ്രതിസന്ധികള്‍ കൂടി അത് പ്രതിഫലിപ്പിച്ചിരുന്നു. കുറച്ച് കഥകള്‍, പിന്നെ കവിതകള്‍, ലേഖനങ്ങള്‍ ഇവയായിരുന്നു പ്രസ്തുത മാഗസിന്റെ ഉള്ളടക്കം. അതാവട്ടെ ആവര്‍ത്തന വിരസവും മുദ്രാവാക്യങ്ങളാല്‍ നിറഞ്ഞതുമായിരുന്നു. ആ പഴയ മാതൃക പൂര്‍ണമായും കൈയൊഴിയാനും വ്യത്യസ്തമായ ചില എഴുത്തു/രാഷ്ട്രീയ പരീക്ഷണങ്ങള്‍ സ്വയം തുടങ്ങാനും തീരുമാനിച്ചപ്പോഴാണ് കാമ്പസ് അലൈവ് സാധ്യമായത്. മുനീഫ് ഹമീദിന്റെ ഡിസൈനിംഗ് പരീക്ഷണങ്ങള്‍ കാമ്പസ് അലൈവിന്റെ ദൃശ്യരാഷ്ട്രീയത്തെ സമ്പന്നമാക്കിയിരുന്നു.

പരമ്പരാഗത വിദ്യാര്‍ഥി/മാഗസിന്‍ രാഷ്ട്രീയത്തിന്റെ അഭിരുചികളോട് പൂര്‍ണമായും വിട പറയാനാണ് കാമ്പസ് അലൈവ് ശ്രമിച്ചത്. എസ്. ഐ. ഒ തന്നെ പുറത്തിറക്കിയിരുന്ന ‘ദിശ’ എന്ന കാമ്പസ് ബുള്ളറ്റിന്റെ മുന്‍ മാതൃക കാമ്പസ് അലൈവിന് വേണ്ടായെന്ന തീരുമാനം ഉണ്ടായിരുന്നു. മുഖ്യധാരാ വിദ്യാര്‍ഥി രാഷ്ട്രീയത്തിനു പുറത്ത് മറ്റൊരു സ്വതന്ത്ര രാഷ്ട്രീയ വ്യവഹാരം എന്ന നിലയില്‍ കാമ്പസ് അലൈവ് സാന്നിധ്യമുറപ്പിച്ചതങ്ങനെയാണ്.

ഒരു വിദ്യാര്‍ഥി പ്രസ്ഥാനം പുറത്തിറക്കുന്ന പ്രസിദ്ധീകരണം എന്നതിനപ്പുറം പുതിയ സാമൂഹിക ചിന്തകളും രാഷ്ട്രീയ വ്യവഹാരങ്ങളും മുസ്‌ലിം പ്രശ്‌നങ്ങളെയും കീഴാള മണ്ഡലത്തെയും മുന്‍നിര്‍ത്തി പരിചയപ്പെടുത്തുക എന്ന നിലയിലാണ് കാമ്പസ് അലൈവ് പ്രവര്‍ത്തനമാരംഭിച്ചത്. മാത്രമല്ല, അക്കാലത്ത് നിലവിലുണ്ടായിരുന്ന വിദ്യാര്‍ഥി പ്രസിദ്ധീകരണങ്ങളും കോളേജ് മാഗസിനുകളും കഥകളും കവിതകളും കാമ്പസ് അനുഭവങ്ങളും ഒക്കെ വളരെ നിരപേക്ഷമായ സ്വഭാവത്തിലാണ് സ്വയം കണ്ടിരുന്നത്. ഇത്തരമൊരു കാലത്ത് സാഹിത്യമെഴുത്തിന്റെയും ഗദ്യമെഴുത്തിന്റെയും മേഖലയില്‍ മലയാളി വിദ്യാര്‍ഥികള്‍ സ്വീകരിക്കുന്ന പ്രബല മാതൃകകളെ പൂര്‍ണമായും നിരാകരിച്ചുകൊണ്ടും പുതിയ സാമൂഹിക സിദ്ധാന്തങ്ങളെയും രാഷ്ട്രീയ സങ്കല്‍പ്പനങ്ങളെയും മാത്രം ലക്ഷ്യം വെച്ചുകൊണ്ടും ഒരു കാമ്പസ് പ്രസിദ്ധീകരണം എന്നത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയുണ്ടായി.

സിദ്ധാന്തവും സാഹിത്യവും 

യഥാര്‍ഥത്തില്‍ വിദ്യാര്‍ഥി സംഘടനാരംഗത്തു തന്നെ കാമ്പസ് അലൈവ് ഒരു ഷോക്കായിരുന്നു. കവിതകളും കഥകളും എഴുതുന്നവരാണ് കാമ്പസിലെ ബൗദ്ധിക ചര്‍ച്ചകളുടെ കേന്ദ്രം എന്ന അക്കാലത്തെ പ്രബലമായ ബോധത്തിനപ്പുറം അവയെ എല്ലാം ഒഴിവാക്കിക്കൊണ്ടുള്ള ഒരു കാമ്പസ് പ്രസിദ്ധീകരണം എന്നത് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. സിദ്ധാന്തം (theory) എന്നത് പരമ്പരാഗത ശൈലിയിലുള്ള സാഹിത്യത്തേക്കാള്‍ പ്രധാനമാണെന്നൊരു സങ്കല്‍പം കാമ്പസ് അലൈവിന്റെ ഭാഗമായവര്‍ വിശ്വസിച്ചിരുന്നു. പഴയ എഴുത്തു ഭാഷ വേണ്ടെന്നു വെച്ചു. പരീക്ഷണങ്ങള്‍ വേണമെന്നു വാശി പിടിക്കാനും അതിനായി എഡിറ്റര്‍മാരെ സംഘര്‍ഷപ്പെടുത്താനും ശ്രമങ്ങള്‍ നടന്നു. ഒരു കൂട്ടായ്മ തന്നെ രൂപപ്പെട്ടു.

ചരിത്രം, സാഹിത്യം എന്നിവയ്ക്ക് പരസ്പര ബന്ധമുണ്ടായിരിക്കെത്തന്നെ അവ സ്വതന്ത്രമായി നിൽക്കുന്നുണ്ടല്ലോ. ഇത്തരം പഠനമേഖലകളെ വിശ്ലേഷണം ചെയ്യാനുള്ള ഉപകരണമാണ് സിദ്ധാന്തം എന്നു കരുതിപ്പോന്നിരുന്നു. എന്നാൽ അങ്ങനെയല്ല; സിദ്ധാന്തത്തിന് ഉപകരണ യുക്തിക്കപ്പുറം സ്വതന്ത്രമായ നിലനിൽപ്പുണ്ട്. ഇത് സത്താവാദാനന്തരം സാമൂഹ്യ പഠനത്തിലുണ്ടായ പുതുസമീപനമാണ്. സിദ്ധാന്തത്തിന്റെ ഈ സ്വതന്ത്രത കാമ്പസ് അലൈവ് രാഷ്ട്രീയമായിത്തന്നെ ഉയർത്തിപ്പിടിച്ചു. മുസ്‌ലിം രാഷ്ട്രീയത്തിന് സാമൂഹിക പഠനപരമായ മാനം ആഗോളതലത്തിൽ സാധിച്ചിരുന്നുവെന്ന് ഈ ഇടപെടലിലൂടെ, കാമ്പസ് അലൈവ് പറയാൻ ശ്രമിച്ചു.

സാഹിത്യ വായനയ്ക്ക് മേല്‍ക്കൈയുള്ള കാമ്പസ് സമൂഹത്തിന്റെ ഭാഗമായതിനാല്‍ എസ്. ഐ. ഒവിനകത്ത് ഈ നിലപാടുകളോട് പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. കഥയും കവിതയും നിര്‍ണായകമല്ലെന്ന തീരുമാനം പലരെയും പ്രയാസപ്പെടുത്തി. അരാജകവാദികളെന്നും കുഴപ്പക്കാരെന്നും അച്ചടക്കമില്ലാത്തവരെന്നും പേര് വീണു. മാത്രമല്ല, സിദ്ധാന്ത ഭാഷ സാധാരണ വിദ്യാര്‍ഥികള്‍ക്കും ബഹുജനങ്ങള്‍ക്കും പ്രാപ്യമല്ലെന്നും വിമര്‍ശനമുണ്ടായി. ഇപ്പോള്‍ നാം സംസാരിക്കുന്ന ഭാഷ പഴയ സിദ്ധാന്തമാണ്, പുതിയ സിദ്ധാന്തം പുതിയ ഭാഷ സംസാരിക്കുന്നുവെന്നാണ് അന്നൊക്കെ മറുപടി നല്‍കിയത്. എഡിറ്റിംഗിലെ കുറവുകള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് വസ്തുതാപരമായ പിന്‍ബലം നല്‍കിയെങ്കിലും കാമ്പസ് അലൈവ് എന്ന ആശയം ഏറെ വ്യത്യസ്തമായിരുന്നു.

എഴുത്തിലെയും ചിന്തയിലെയും പുതിയ മാറ്റങ്ങളാണ് കാമ്പസ് അലൈവ് അറിയാനും പ്രതിഫലിപ്പിക്കാനും ശ്രമിച്ചത്. പ്രബലരായ ചില എഴുത്തുകാരെ അണിനിരത്തുക എന്നതിലപ്പുറം വ്യത്യസ്തമായൊരു സാമൂഹിക വീക്ഷണം ഉന്നയിക്കാനാണ്  കാമ്പസ് അലൈവ് ശ്രമിച്ചത്. എത്ര പ്രബലനായ/അധികാരമുള്ള ആളാണെങ്കിലും മികച്ച വാദം (good argument) മാത്രമായിരുന്നു പ്രസിദ്ധീകരണത്തിന്റെ മാനദണ്ഡം. അതിനാല്‍ തന്നെ വേറൊരു ഭാഷയും ജ്ഞാനമണ്ഡലവും സാധ്യമാണെന്ന അന്വേഷണം കാമ്പസ് അലൈവിനെ സാഹസികമായൊരു പരിസരത്തിലേക്ക് നയിച്ചു. ഇടത്/വലത്, മതം/മതേതരത്വം, പാരമ്പര്യം/ആധുനികത, ഭാഷ/യഥാര്‍ഥ്യം, ജനപ്രിയം/വരേണ്യം, പുരോഗമനം/യാഥാസ്തികം, തുടങ്ങിയവയെക്കുറിച്ചുള്ള അധീശ വീക്ഷണങ്ങളെ പുനരാലോചന നടത്താനുള്ള ശ്രമം കാമ്പസ് അലൈവ് നടത്തി.

അക്കാദമിക പഠനങ്ങള്‍ക്കപ്പുറം 

കാമ്പസ് അലൈവിന്റെ സൈദ്ധാന്തിക പ്രവര്‍ത്തനങ്ങളുടെ മറ്റൊരു പ്രത്യേകത, പലപ്പോഴും അത് സര്‍വ്വകലാശാല വിദ്യാര്‍ഥികളുടെ ഗവേഷണ പഠനങ്ങളുടെ പ്രസിദ്ധീകരണ ഇടം ആയിരുന്നില്ല എന്നതാണ്. ഔപചാരിക പഠനങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്ന, പല കാരണങ്ങളാല്‍ അത്തരം അവസരങ്ങള്‍ നിഷേധിക്കപ്പെട്ട, പ്രവിലേജുകളില്ലാത്ത മുസ്‌ലിം വിദ്യാര്‍ഥികള്‍ ഏറെ ത്യാഗങ്ങളിലൂടെ നടത്തിയ, സ്വതന്ത്രമായ സാമൂഹികാന്വേഷണങ്ങളിലൂടെ രൂപപ്പെട്ട, പഠനങ്ങളുടെ വേദിയായിരുന്നു കാമ്പസ് അലൈവ്. സ്വന്തമായൊരു സിലബസ് ഉണ്ടാക്കി പഠിക്കുന്ന, സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായ വിദ്യാഭ്യാസ സംസ്‌കാരമാണ് കാമ്പസ് അലൈവ് ഉയര്‍ത്തിപ്പിടിച്ച സൈദ്ധാന്തിക അന്വേഷണങ്ങളുടെ ശക്തി. അത് കേവല അക്കാദമിക താല്‍പര്യങ്ങള്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു രീതിയായിരുന്നു. ഇത് പക്ഷേ, പിന്നീട് കേന്ദ്ര/ദേശീയ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥികള്‍ കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഉന്നത ഗവേഷണ മേഖലയിലുണ്ടായിട്ടുള്ള മുരടിപ്പിനെയും കേരളത്തില്‍ പ്രത്യേകിച്ചും ഇടത് ചിന്താഗതിയുടെ ആധിപത്യം പ്രസ്തുത മേഖലയില്‍ ഉണ്ടാക്കിയെടുത്ത ശൈഥില്യത്തെയും ചെറുക്കാനുള്ള മറ്റൊരു ശ്രമം കൂടിയായിരുന്നു കാമ്പസ് അലൈവ് നടത്തിയിട്ടുള്ളത്. സൈദ്ധാന്തിക അന്വേഷണങ്ങളുടെ ഒരു രാഷ്ട്രീയ മാനമാണിത്.

കാമ്പസ് അലൈവിന്റെ ഭാഗമായിട്ടുള്ള ചില വിദ്യാര്‍ഥികള്‍ ജെ.എന്‍.യുവും ഹൈദരാബാദ് യൂണിവേഴ്സിറ്റിയും ഡല്‍ഹി സര്‍വകലാശാലയും പോലുള്ള ഇടങ്ങളില്‍  ആ രാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ട് മുന്നോട്ട് വന്നിരുന്നുവെന്നത് ഒരു പില്‍ക്കാല വികാസമാണ്. കാരണം ഒരു അക്കാദമിക പരിശീലന കളരി എന്നതിലപ്പുറം കേരളത്തിലെ നവ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായുള്ള ഒരു ഇടം എന്ന അര്‍ഥത്തിലാണ് തുടക്കം മുതലേ കാമ്പസ് അലൈവ് ചിട്ടപ്പെടുത്തിയിരുന്നത്.

എന്നാല്‍, വിദ്യാര്‍ഥികളുടെ സംരംഭമായതിനാല്‍ കാമ്പസ് അലെവിന് വ്യവസ്ഥാപിതമായ ഒരു ഘടന ഉണ്ടായിരുന്നില്ല. ഒരു സര്‍വ്വകലാശാല മാഗസിന്റെയോ അക്കാദമിക് ജേര്‍ണലിന്റെയോ മാഗസിന്റെയോ എഡിറ്റിംഗ് രീതികള്‍ അതിന് സ്വായത്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്തരം കഴിവുകളുള്ള വിദ്യാര്‍ഥികള്‍ അവരുടെ അക്കാദമിക അന്വേഷണങ്ങളില്‍ മുഴുകിയിരുന്നതിനാല്‍ കാമ്പസ് അലൈവുമായി സഹകരിക്കാന്‍ വിസമ്മതിച്ചിരുന്നുവെന്നതും യാഥാര്‍ഥ്യമാണ്.

ഇതെല്ലാം – കാമ്പസ് അലൈവിന്റെ  പരിമിതികള്‍ ധാരാളമുള്ളപ്പോള്‍ തന്നെ – ഒരു പ്രത്യേകതയായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ പ്രത്യേകത ഒരേസമയം അക്കാദമിക വരേണ്യതക്കെതിരെയുള്ള വിമര്‍ശനമായും അതേസമയം കേരളത്തിലെ വൈജ്ഞാനിക പ്രസിദ്ധീകരണങ്ങള്‍ അനുഭവിക്കുന്ന രാഷ്ട്രീയ സ്തംഭനാവസ്ഥയെ മറികടക്കുന്ന ഒരു പരീക്ഷണമായും കാമ്പസ് അലൈവിനെ വേറിട്ടു കാണാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതാവട്ടെ സൈദ്ധാന്തിക/വൈജ്ഞാനിക നിലവാരത്തെ ബാധിക്കരുതെന്ന നിര്‍ബന്ധത്തോടെയാണ് നിര്‍വഹിക്കപ്പെട്ടത്.

അനുഭവവും വിജ്ഞാനവും 

മറ്റൊരു പ്രധാന കാര്യം, സിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുന്ന മാഗസിന്‍ എന്നതിനപ്പുറമാണ് കാമ്പസ് അലൈവ് സ്വയം വിഭാവന ചെയ്തത്. അക്കാലത്തെ കേരളത്തിലെ കാമ്പസുകളില്‍ നിലനിന്നിരുന്ന മുസ്‌ലിം അപരവത്കരണത്തിന്റെ അനുഭവങ്ങളെപ്പറ്റി ചിന്തിക്കുമ്പോഴാണ് ഇതു കൂടുതല്‍ വ്യക്തമാവുക.

സൈദ്ധാന്തികാന്വേഷണങ്ങള്‍ കേവല ബൗദ്ധിക ചര്‍ച്ചകളായിരുന്നില്ല. ഉദാഹരണമായി പറഞ്ഞാല്‍, മതേതരത്വത്തെ പുനരാലോചിച്ചുകൊണ്ടുള്ള പതിപ്പ് കാമ്പസ് അലൈവിന്റെ പ്രധാന ഇടപെടലായിരുന്നു. നിരവധി മുസ്‌ലിം വിദ്യാര്‍ഥികളുടെ വ്യക്തി അനുഭവങ്ങള്‍ പലപ്പോഴും മതേതരത്വത്തെക്കുറിച്ചുള്ള വൈജ്ഞാനിക അന്വേഷണങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ തന്നെ ഒരനുഭവം പറയുന്നതാവും ഉചിതമെന്നു തോന്നുന്നു.

ഞാന്‍ ഡിഗ്രി ചെയ്തത് കോഴിക്കോട്ടെ ഒരു കോളജിലായിരുന്നു. അന്ന് പ്രധാനമായും മൂന്ന് വിദ്യാര്‍ഥി സംഘടനകളായിരുന്നു ആ കാമ്പസിലുണ്ടായിരുന്നത്. എസ്. എഫ്. ഐയും എസ്. ഐ. ഒയും എം. എസ്. എഫും ആയിരുന്നു ആ മൂന്നു സംഘടനകള്‍. കാമ്പസിലെ സമഗ്രാധിപത്യ വിദ്യാര്‍ഥി ശബ്ദം എപ്പോഴും എസ്. എഫ്. ഐ ആയിരുന്നു. ഇലക്ഷനുകളിലും മറ്റെല്ലാ കാര്യങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും അവര്‍ മാത്രമേ ചിത്രത്തിലുണ്ടാവൂ. എസ്. ഐ. ഒവിനെ മതേരതത്വത്തിന്റെ പരിധികള്‍ക്ക് പുറത്ത് കൃത്യമായ അതിര്‍ത്തികള്‍ സ്ഥാപിച്ചുകൊണ്ട് പ്രതിഷ്ഠിച്ചും എം. എസ്. എഫിനെ മുസ്‌ലിം വിദ്യാര്‍ഥികളുടെ ഭൂമികയായി മാത്രം ചിത്രീകരിച്ചും ആണ് എസ്. എഫ്. ഐ ആധിപത്യം സാധിച്ചെടുത്തത്. ആയിടക്കാണ് കാമ്പസ് ഫ്രണ്ട് അവിടെ യൂണിറ്റ് തുടങ്ങുന്നത്. അപ്പോള്‍ അവിടെയുണ്ടായിരുന്ന എസ്. എഫ്. ഐ സുഹൃത്തുക്കള്‍ ഞാനടക്കമുള്ളവരുടെ അടുത്ത് വരികയും കാമ്പസ് ഫ്രണ്ട് വര്‍ഗ്ഗീയ സംഘടനയാണെന്നും അവരെ വളരാന്‍ അനുവദിക്കരുതെന്നും അവര്‍ വളര്‍ന്നാല്‍ എസ്. എഫ്. ഐയിലെ കുറെ ആളുകള്‍ ചേര്‍ന്ന് എ.ബി.വി.പി യൂണിറ്റ് തുടങ്ങുമെന്നും സൂചിപ്പിച്ചു.

ഞാനന്ന് ആലോചിച്ചത് പക്ഷേ, മറ്റൊരു കാര്യമാണ്, എങ്ങനെയാണ് എ. ബി. വി. പി ചായ്‌വുള്ളവര്‍ക്ക്‌ മതേതരവാദികളായി എസ്. എഫ്. ഐയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക? എ. ബി. വി. പി മനസ്സുള്ളവര്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന മതേതര സംഘടനയായ എസ്. എഫ്. ഐക്ക് എങ്ങനെയാണ് മുസ്‌ലിം വര്‍ഗ്ഗീയതയെ പറ്റി സംസാരിക്കാന്‍ കഴിയുക? ആര്‍ക്കാണ് മതേതരത്വവും മതവും വര്‍ഗീയതയും തീരുമാനിക്കാനുള്ള അധികാരം? ആരാണ് ഇതിന്റെ നിര്‍വചനങ്ങള്‍ സാധ്യമാക്കിയത്? ഇത്തരം പ്രശ്നങ്ങളെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് മതേതരത്വം, വര്‍ഗീയത, മതം തുടങ്ങിയവയെക്കുറിച്ചുള്ള ആധിപത്യ പരികല്‍പ്പനകള്‍ മുസ്‌ലിം രാഷ്ട്രീയ പ്രശ്നങ്ങളെ നിര്‍വചിക്കുന്ന രീതികള്‍ തിരിച്ചറിയാന്‍ ശ്രമങ്ങള്‍ നടന്നത്.

എസ്. എഫ്. ഐ ആവട്ടെ ഓണം പോലുള്ള ദേശീയ സവര്‍ണ ആഘോഷങ്ങളുടെ നടത്തിപ്പുകാരും സവര്‍ണ സമുദായങ്ങളില്‍ പെട്ട ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളുടെയും സാംസ്‌കാരിക മൂലധനങ്ങളുടെ പ്രകാശനത്തിന്റെ വേദിയും സ്ത്രീ വിരുദ്ധതയും ന്യൂനപക്ഷ- കീഴാള വിരുദ്ധതയും വെച്ചുപുലര്‍ത്തിയിരുന്ന സ്ഥാപനവും ആയിരുന്നു. ഈ സാഹചര്യത്തിലാണ് മതേതരത്വം/വര്‍ഗീയത എന്ന ബൈനറിയെക്കുറിച്ച് പഠിക്കാനും വിലയിരുത്താനും സ്വതന്ത്രമായ റീഡിംഗ് ലിസ്റ്റുകള്‍ വികസിപ്പിക്കാനും വ്യക്തിപരമായി ശ്രമിക്കുന്നത്. പിന്നീട് കാമ്പസ് അലൈവിന്റെ ചര്‍ച്ചകളില്‍ ഈ അനുഭവങ്ങള്‍ വളരെ വലിയ അളവില്‍ സ്വാധീനിച്ചു എന്നു പറയാം.

മുസ്‌ലിം വിദ്യാര്‍ഥികളുടെ മതപരത, മുസ്‌ലിംകള്‍ അടക്കമുള്ള പിന്നാക്ക വിഭാഗക്കാരുടെ സാമൂഹിക-വൈജ്ഞാനിക അന്വേഷണങ്ങള്‍ ഇവയെയൊക്കെയും അധമവല്‍കരിക്കാനും പൈശാചികവല്‍കരിക്കാനും എസ്.എഫ്.ഐ നയിച്ച മതേതര വ്യവഹാരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. മതേതരത്വത്തിന് ഇത്തരമൊരു ശക്തി നല്‍കിയത് എന്താണ്? മതേതരത്വത്തെപ്പറ്റിയുള്ള രാഷ്ട്രീയപരവും ചരിത്രപരവും സൈദ്ധാന്തികവുമായ പുനരന്വേഷണങ്ങള്‍ക്ക് മാത്രമാണ് ഈയൊരു ചോദ്യത്തെ അഭിമുഖീകരിക്കാന്‍ കഴിയുകയെന്നും കാമ്പസ് അലൈവിലൂടെ വിലയിരുത്തലുണ്ടായി.

പറഞ്ഞുവരുന്നത് കാമ്പസുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ അനുഭവിച്ച വ്യക്തിപരമായ അനുഭവങ്ങള്‍, കാമ്പസുകളിലെ പൊതുകൂട്ടായ്മകളിലും ചര്‍ച്ചാവേദികളിലും മുസ്‌ലിം പേരിനാലും രാഷ്ട്രീയത്താലും മതപരതയാലും ചിന്താരീതികളാലും അനുഭവിച്ച അന്യവത്കരണത്തിന്റെയും അകല്‍ച്ചയുടെയും പ്രശ്‌നങ്ങള്‍- ഇവയൊക്കെ മതേതരത്വത്തെപ്പറ്റിയുള്ള പുനരന്വേഷണങ്ങള്‍ സാധ്യമാക്കിയ സംഭവങ്ങളാണ്.

കാമ്പസുകളുടെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കു തോന്നിയത് വ്യത്യസ്ത രീതികളിലുള്ള സൗഹൃദങ്ങളാണ്. എന്നാല്‍ സുഹൃത്തുക്കള്‍ മതേതരത്വത്തിന്റെ പേരില്‍ ഒരാളെ സംശയിക്കുന്നതിന്റെ ആഘാതം വളരെ വലുതായിരുന്നു. ന്യൂനപക്ഷ വിരുദ്ധതയും അതിന്റെ മേല്‍പ്പുരയായി വര്‍ത്തിച്ച സൗഹൃദത്തിന്റെ നിഷേധവും എന്ന പ്രശ്‌നം വ്യക്തി എന്ന നിലയില്‍ തന്നെ ഏറെ ആലോചനകള്‍ക്ക് കാരണമായി. ഇത്തരം അനുഭവങ്ങളാണ് പുതിയ അന്വേഷണങ്ങളിലേക്ക് നയിച്ചത്. മുസ്‌ലിം സ്വത്വത്തെ മറച്ചുവയ്ക്കാതെ തന്നെ കാമ്പസുകളില്‍ പുതിയൊരു സാഹോദര്യ ജീവിതം സാധ്യമാകുമോ എന്നുള്ള അന്വേഷണം കൂടിയായിരുന്നു ഇവയെല്ലാം.

സൈദ്ധാന്തികമായ അന്വേഷണം എന്നതിലപ്പുറം സിദ്ധാന്തവും പ്രയോഗവും തമ്മില്‍ കലഹമില്ലാതെ തന്നെ അവ രണ്ടിനെയും വ്യത്യസ്തതകളോടെ സ്ഥാപിക്കാന്‍ കാമ്പസ് അലൈവ് ശ്രമിച്ചിരുന്നുവെന്നാണ് മനസ്സിലാവുന്നത്. നേരത്തെ സൂചിപ്പിച്ചതു പോലെ രാഷ്ട്രീയ ഇടപെടലും സൈദ്ധാന്തിക അന്വേഷണവും പരസ്പരം റദ്ദു ചെയ്യാതെ നില്‍ക്കുന്ന അനുഭവമായി കാമ്പസ് അലൈവ് മാറ്റിയെടുത്തു.

ലോകത്തുള്ള എല്ലാ അനുഭവങ്ങളെയും വിശകലനം ചെയ്യാനുള്ള ഒരു സിദ്ധാന്തമില്ല. അത് സാധ്യവുമല്ല. നേരെ മറിച്ച് അനുഭവത്തെ പ്രത്യേക രീതിയില്‍ ഉള്‍ക്കൊള്ളാന്‍ ഉതകുംവിധമുള്ള സിദ്ധാന്തം ഉണ്ടായിത്തീരുന്നുണ്ട്. സിദ്ധാന്തവും അനുഭവവും തമ്മിലുള്ള ഈ വിടവിനെ എളുപ്പത്തില്‍ അടച്ചുകളയാനല്ല മറിച്ച് സര്‍ഗാത്മകമായി ഉള്‍കൊള്ളാനാണ് കാമ്പസ് അലൈവിന്റെ തുടക്കത്തില്‍ ശ്രമങ്ങളുണ്ടായത്.

(തുടരും)

കെ അഷ്‌റഫ്‌