Campus Alive

ഫൈസ് അഹ്മദ് ഫൈസ്: മുസ്‌ലിം വിപ്ലവകാരിയുടെ അപഇസ്‌ലാമീകരണം

പ്രസിദ്ധ ഉറുദു കവിയായ ഫൈസ് അഹമ്മദ് ഫൈസിനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പുരോഗമന സാഹിത്യ വൃത്തങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് കവിയായാണ് കാണുന്നത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഫൈസിന്റെ കവിതകളെ ആഘോഷിക്കുകയും അവരുടെ ആശയപ്രചാരണത്തിനു വേണ്ടിയുള്ള നിരവധി മുദ്രാവാക്യങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ നിന്ന് ഉപയോഗിക്കുകയും ചെയ്തവരാണ്. മുഖ്യധാരാ ഇടതുപക്ഷം തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടി ഫൈസിനെ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. പുരോഗമന ആക്ടിവിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഫൈസിന്റെ സാമൂഹിക നീതിയിൽ അധിഷ്ഠിതമായ കവിതകൾ വിപ്ലവാത്മകമായ അവരുടെ ചിന്താസരണികൾക്ക് എന്നും ഒരു മുതൽകൂട്ടായിരുന്നു. ബോൽ കെ ലബ് ആസാദ് ഹെ തേരെ, ഹം ദേഖേങ്കെ, യെ ദാഗ് ദാഗ് ഉജാല തുടങ്ങിയ ഫൈസിന്റെ കവിതകൾ വിപ്ലവ ചിഹ്നങ്ങൾ പ്രചരിപ്പിക്കാൻ ഉപഭൂഖണ്ഡത്തിലുടനീളം ഉപയോഗിച്ചവയാണ്.

ഖുർആനിക വ്യവഹാരങ്ങൾ ഗ്രഹിച്ച ഏതൊരാൾക്കും അറിയാവുന്ന ഒരു സാങ്കേതിക പദമാണ് ‘ലൗഹേ അസൽ’ എന്നത്. ആദ്യാവസാനം വരെയുള്ള സർവ്വപ്രപഞ്ചത്തിന്റെയും ദൈവകൽപിതത്തെ അടയാളപ്പെടുത്തുന്ന ഒരു ശാശ്വത സ്ഥിതിയെയാണ് ഖുർആൻ ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്. കൂടാതെ, ഇത് ഖുർആൻ പരിരക്ഷിക്കപ്പെട്ട സ്ഥിതി അഥവാ ലൗഹേ മെഹ്ഫൂസ് എന്നതിനെക്കൂടി  വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദമാണ്. അദ്ദേഹത്തിന്റെ ഹം ദേഖേങ്കെ എന്ന കവിതയിലെ ആദ്യ ഖണ്ഡത്തിൽ, ഫൈസ് ലൗഹേ അസലിൽ വാഗ്ദാനം  ചെയ്യപ്പെട്ട ആ ദിവസത്തിന് നാം സാക്ഷിയാകും എന്നാണ് പ്രഖ്യാപിക്കുന്നത്. ഈ വരികൾ വായിക്കുമ്പോൾ ഒരുപക്ഷെ ഉയരുന്ന ചോദ്യമിതാവാം: ആര് വാഗ്ദാനം ചെയ്തത്? എവിടെ വാഗ്ദാനം ചെയ്തത്? അതിനുള്ള ഉത്തരം രണ്ടാമത്തെ ഖണ്ഡത്തിൽ സ്പഷ്ടമാക്കുകയാണ് കവി.

ഒരു പഞ്ഞിക്കൂട്ടത്തെ പോലെ പാറിപോകുന്ന പർവതങ്ങൾ, മനുഷ്യകാൽപാദത്തിനടിയിൽ വിറകൊള്ളുന്ന ഭൂമി, ശിരസ്സിനെ വിറപ്പിക്കുന്ന മിന്നൽപിണരുകൾ; നിശ്ചിതമായ ലോകാവസാനത്തേയും തുടർന്ന് വരുന്ന അന്ത്യദിനത്തിൽ വിധിദിവസത്തേയും കുറിക്കുവാൻ വേണ്ടി ഖുർആൻ ഉപയോഗിച്ച സുപ്രധാനമായ മൂന്ന് ആലങ്കാരിക പ്രയോഗങ്ങളാണ് ഇവ.

ഉദാഹരണത്തിന്: ” ജനം ചിതറിയ പാറ്റകൾപോലെയും പർവതങ്ങൾ ബഹുവർണത്തിലുള്ള കടഞ്ഞിട്ട കമ്പിളിപോലെയും ആയിത്തീരുന്ന ദിവസമത്രെ അത്” (ഖുർആൻ 101: 4-5)

“ഭൂലോകം ഭീകരമായി വിറപ്പിക്കപ്പെടുമ്പോൾ, ഭൂമി അതിനുള്ളിലെ ഭാരങ്ങൾ പുറം തള്ളുമ്പോൾ, അതിനെന്തു പറ്റിപ്പോയി! എന്ന് മനുഷ്യൻ വിലപിക്കുമ്പോൾ, അന്നാളിൽ അത്, അതിന്റെ (പൂർവ)കഥകൾ വിവരിക്കുന്നതാകുന്നു” (ഖുർആൻ 99: 1-4)

ശേഷം വരുന്ന ഖണ്ഡത്തിൽ, പ്രവാചകത്വത്തിന്റ അവസാന നാളുകളിൽ മക്ക വിജയത്തിന്  ശേഷം കഅ്ബാലയത്തിന്റെ അകത്തു നിന്നും നൂറുകണക്കിന് വിഗ്രഹങ്ങൾ വൃത്തി ആക്കുന്ന ഒരു ചിത്രമാണ് കവി തന്റെ വരികളിലൂടെ നൽകുന്നത്. മർദൂദ്-എ-ഹറം അഥവാ വിശുദ്ധ ഗേഹത്തിൽ നിന്നും നിഷേധിക്കപ്പെട്ടവൻ എന്ന വാക്ക് സൂചിപ്പിക്കുന്നത് വിഗ്രഹാരാധന ഇസ്ലാമികമായി എതിർത്തതിന്റെ പേരിൽ 8 വർഷങ്ങൾക്ക് മുൻപ് മക്കയിൽ നിന്നും പുറത്താക്കിയ പ്രവാചകനെയും സ്വഹാബിവര്യന്മാരെയുമാണ്. എന്നാൽ, അതേ മർദൂദ്-എ-ഹറം തന്നെയാണ് വിജയശ്രീലാളിതനായി മക്കയിലേക്ക് തിരിച്ചുവന്ന് മക്കയിലെ വിഗ്രഹാരാധകരെ തോൽപ്പിക്കുന്നത്!

ചെങ്കോലിന്റെയും  സിംഹാസനത്തിന്റെയും കാവൽക്കാരായ വ്യാജ വിഗ്രഹങ്ങളാൽ അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ വിമുക്തിയെയാണ് ഫൈസ് വിഭാവനം ചെയ്യുന്നത്. അതിന്റെ സാക്ഷാൽകാരമെന്നോണം പറയുന്ന വിഗ്രഹമുക്തമാക്കപ്പെട്ട ഫൈസിന്റെ ലോകവും ഇസ്ലാമിന്റെ അടിസ്ഥാന ശിലയായ ലാ ഇലാഹ ഇല്ലല്ലായും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ഉപമകൾ വിപ്ലവാത്മകമായ ഉറുദു സാഹിത്യത്തിൽ ഉടനീളം കാണാം. ഉദാഹരണത്തിന് ഇഖ്ബാൽ ആധുനികതയുടെ ബിംബങ്ങളായ ദേശീയതയെയും മുതലാളിത്തത്തെയും തകർക്കുവാൻ മുസ്ലിംകളെ ക്ഷണിക്കുന്നുണ്ട്.

ഫൈസ് മനുഷ്യന്റെയും മനുഷ്യസമൂഹങ്ങളുടെയും നശ്വരതയെ കുറിച്ച് പറയുകയാണ് പിന്നീട്. സൃഷ്ടാവ് അല്ലാത്ത സകലതും  തകർന്നടിയുമെന്ന ഓർമപ്പെടുത്തലാണ് അത് നൽകുന്നത്. വൈരുധ്യങ്ങളിലൂടെയാണ് ഫൈസ് അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്. കാണാൻ സാധിക്കുകയില്ലെങ്കിലും സന്നിഹിതനായിരിക്കുന്നവൻ, ഒരേസമയം പ്രദർശനവും പ്രദർശിപ്പിക്കുന്നവനും ആകുന്നവൻ എന്ന് തുടങ്ങി. അവസാനത്തെ ഈരടികളിലാവട്ടെ, ഫൈസ് ഇസ്ലാമിക ചരിത്രത്തിലെ ഐതിഹാസികമായ സൂഫി ചിന്താധാരയെയാണ് പ്രദർശിപ്പിക്കുന്നത്; അനൽ ഹഖ്. അഥവാ ഞാനാണ് സത്യം. ഫൈസിന്റെ ഇസ്ലാമിക ഭാവനയിൽ, ഖുർആൻ വളരെ വ്യക്തമായി ധ്യാനത്തെ തള്ളുന്നതുകൊണ്ടുതന്നെ വ്യക്തികൾ തന്നെ  ഇസ്ലാമിന്റെ ആധ്യാത്മിക വിജ്ഞാനത്തിന്റെയും ജ്ഞാനോദയത്തിന്റെയും കേന്ദ്രങ്ങളായി മാറി.

വിവിധ ഭാഷകളിൽ ഉള്ള നീണ്ട ചരിത്രം പരിശോധിച്ചാൽ മനസിലാകും ഇസ്ലാമിന്റെ കവികൾ ഉടനീളം ഇസ്ലാമിന്റെ ആധാരശിലയായ തൗഹീദിനെ കേന്ദ്ര സങ്കൽപമായി കണ്ടവരും പ്രവാചകനെ എക്കാലത്തെയും വലിയ വിപ്ലവകാരിയായും ഹുസൈനിനെ ധീരരക്തസാക്ഷിയായും ആണ് കണ്ടിട്ടുള്ളത്. ഏകത്വത്തിലുള്ള  വിശ്വാസം ഒരുവനെ വിഗ്രഹങ്ങളെയും  അന്ധവിശ്വാസങ്ങളെയും തള്ളാൻ ബാധ്യസ്ഥനാകുന്നു. അതുകൊണ്ടുതന്നെ വംശം, വർഗം, തുടങ്ങിയ ബിംബങ്ങളെ തകർക്കൽ ഒരു വിശ്വാസിയുടെ ബാധ്യതയാണ്. മറ്റൊരുതരത്തിൽ നിഷേധത്തിലൂടെയാണ് അഥവാ തിരസ്കരണത്തിലൂടെയാണ് തൗഹീദ് എന്ന സിദ്ധാന്തം സാക്ഷാത്കരിക്കപ്പെടുന്നത്. 1917 നു ശേഷം ലോകം മാർക്സിസ്റ്റ് സിദ്ധാന്തങ്ങളുടെ കലഹിച്ചു തുടങ്ങിയപ്പോൾ ഈ കവികൾ വർഗ സമരം പോലെയുള്ള ഇടതുപക്ഷ ആശയങ്ങൾ അവരുടെ കവിതകളിൽ സമന്വയിപ്പിച്ചു തുടങ്ങി.

ഫൈസ് തന്റെ കാലഘട്ടത്തിലെ അവസാന ഇസ്ലാമിക ചിന്തകൻ എന്ന് വിശേഷിപ്പിച്ച, ഇഖ്ബാലിനെ പോലെയുള്ള ചിലർ മാർക്സിസ്റ്റുകളുമായി സംവാദം നടത്തി കാണിച്ചുകൊണ്ട് മറ്റുള്ളവർക്ക് പാത തെളിയിച്ചു കൊടുത്തവരാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകരിൽ ഒരാളായ ഹസ്രത്, ഫൈസ് തുടങ്ങിയവരാവട്ടെ മാർക്സിസ്റ്റുകളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നവരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരും ആയിരുന്നു. എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്തുടരുന്നു എന്ന് അദ്ദേഹത്തോടു ചോദിച്ചപ്പോൾ ഫൈസ് പറഞ്ഞത് ഇസ്ലാമിക വ്യവസ്ഥ കമ്മ്യൂണിസത്തെക്കാൾ മികച്ചതാണെങ്കിലും ഒരു രാഷ്ട്രവും ഇപ്പോൾ അത് പിന്തുടരുന്നില്ല എന്നാണ്. ഇസ്ലാമിക വ്യവസ്ഥിതി പൂർണാർത്ഥത്തിൽ നടപ്പിൽ വരുത്തുകയാണെങ്കിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് ഉണ്ടാക്കാവുന്നതിനേക്കാൾ മികച്ച ഫലമായിരിക്കും അതുണ്ടാക്കുക.

ഫൈസ് ഒരു സ്വയം പ്രഖ്യാപിത മുസ്ലിം കവിയായിരുന്നു. ഒരു മുസ്ലിം കുടുംബത്തിൽ വളരുകയും വളരെ ചെറുപ്പത്തിൽ തന്നെ ഇസ്ലാമിക വ്യവഹാരങ്ങളിൽ പ്രാവീണ്യം നേടുകയും ചെയ്തു അദ്ദേഹം. ഖുർആൻ മനഃപാഠമാക്കാൻ അദ്ദേഹം തുടങ്ങിയെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പാതി വഴിയിൽ ഉപേക്ഷിച്ച അദ്ദേഹം ആ ദൗത്യം നിറവേറ്റാത്തതിൽ ജീവിതത്തിലുടനീളം ദുഖിതനായിരുന്നു. അദ്ദേഹം തന്റെ മുർഷിദ് ആയി, അഥവാ ആധ്യാത്മിക-ദാർശനിക മാർഗദർശി ആയി കണക്കാക്കിയത് ഐതിഹാസിക മുസ്ലിം വാഗ്മിയും കവിയുമായിരുന്ന മൗലാന റൂമിയെ ആയിരുന്നു. ഫൈസിന്റെ കവിതകളിൽ ഉടനീളം ഇസ്ലാമിക പ്രമേയങ്ങളും ലക്ഷ്യങ്ങളും രൂപകങ്ങളും ഉപമകളും കാണാം.

‘റുദാദ്-എ-ഖഫസ്’ എന്ന കൃതിയിൽ ഫൈസിന്റെ സുഹൃത്ത് ആയിരുന്ന മേജർ ഇസ്ഹാഖ് പറയുന്നത് അവർ ഒരുമിച്ചു ജയിലിൽ ആയിരുന്നപ്പോൾ ഫൈസ് ജയിലിലെ കൂട്ടാളികൾക്ക് ഖുർആൻ പഠിപ്പിച്ചു കൊടുക്കുമായിരുന്നു എന്നാണ്. ഫൈസ് തന്നെ ഒരിടത്ത്  പറയുന്നത് ഒരു നിരീശ്വരവാദിയായ താൻ എന്തിനാണ് ഖുർആൻ പഠിപ്പിക്കുന്നത് എന്ന് ഒരു കേണൽ ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് ഞാനൊരു മുസ്ലിം ആണെന്നാണ്. മുസ്ലിമാണെന്ന അദ്ദേഹത്തിന്റെ ഉത്തരം കേട്ട കേണൽ ഫൈസിന്റെ ഖുർആൻ പഠിപ്പിച്ചു കൊടുക്കുന്ന ഉദ്യമത്തെ പ്രശംസിക്കുകയും ചെയ്തു.

ഫലസ്തീനിയൻ ജനതയോടുള്ള അദ്ദേഹത്തിന്റെ ഐക്യദാർഢ്യം (സത്യം എത്തിച്ചേർന്നിരിക്കുകയും അസത്യം തകരുകയും ചെയ്തിരിക്കുന്നു എന്ന ഖുർആനിക സംജ്ഞയിലാണ്  അദ്ദേഹം ഇത് പ്രഖ്യാപിച്ചത്), ഇസ്ലാമിക വിപ്ലവത്തിന് വേണ്ടി രക്തം നൽകിയ ഇറാനിയൻ വിദ്യാർത്ഥികളെ അദ്ദേഹം അഭിനന്ദിച്ചത്, പേർഷ്യനിൽ അദ്ദേഹം എഴുതിയ പ്രവാചകസ്തുതിഗീതം, ഹുസൈനെ പറ്റിയുള്ള വിലാപകാവ്യം; ഇവയെല്ലാം ഫൈസിന്റെ കവിതയിലും  വിപ്ലവോർജത്തിലും ഉൾച്ചേർന്നിരിക്കുന്ന ഇസ്ലാമിക ദർശനത്തിന്റെ ഉത്തമ മാതൃകകളാണ്.

ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത ഒരു നിരീശ്വരവാദിയായ കവിയാണ് ഫൈസ് അഹമ്മദ് ഫൈസ് എന്ന അബദ്ധധാരണ പിൽകാലത്താണ് ഉദയം ചെയ്തത്. മുസ്ലിംകൾക്കിടയിൽ ഫൈസിന്റെ സ്വീകാര്യത ഇല്ലാതാക്കാനായി യാഥാസ്ഥിക മുസ്ലിംകളാണ് അത് ചെയ്തത്. യാഥാസ്ഥിക മുസ്ലിംകൾക്ക് മുസ്ലിമല്ലാത്ത വിപ്ലവ കവികളേക്കാൾ ഭയം മുസ്ലിം കവികളെയായിരുന്നു. അതുകൊണ്ടു തന്നെ ഫൈസിനെ കാഫിർ, ദാഹിർ എന്നൊക്കെയാണ് വിശേഷിപ്പിച്ചിരുന്നത്. നിർഭാഗ്യവശാൽ, ഈ യാഥാസ്ഥിക വാള്യങ്ങളിൽ നിന്നുള്ള കുപ്രചരണം മുസ്ലിംകളെയും പുരോഗമന ലിബറൽ ഇടങ്ങളിലെ ആളുകളെയും ഒരേപോലെ വിശ്വാസത്തിലെടുക്കുകയാണ് ഉണ്ടായത്. ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത നിരീശ്വരവാദിയായ ഫൈസ് അഹമ്മദ് ഫൈസ് എന്ന ധാരണ മാറ്റുവാനും അദ്ദേഹവും ഇസ്ലാമും ആയി ഉള്ള ബന്ധത്തെ കുറിച്ചും  ആവർത്തിച്ചു പറയേണ്ട സമയമാണിത്.

(2017ൽ  Two Circle.net പ്രസിദ്ധീകരിച്ചത്, വിവർത്തനം: ബിലാൽ ഇബ്നു ശാഹുൽ)

ശർജീൽ ഇമാം/സാഖിബ് സാലിം