Campus Alive

കൊളോണിയലിസം, വംശീയത, രാഷ്ട്രീയ ദൈവശാസ്ത്രം: ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ പുനരാലോചിക്കേണ്ട വിധം

(എസ് ഐ ഒ കേരള സംഘടിപ്പിക്കുന്ന ‘സയൻസ് ആൻഡ് ടെക്നോളജി ഫെസ്റ്റി’ന്റെ പ്രഖ്യാപന സമ്മേളനത്തിൽ ഡോ. സൈദ് മുസ്തഫ അലി നടത്തിയ പ്രഭാഷണം.)

ആദ്യമായി ഇത്തരമൊരു സംസാരത്തിന് വേദിയൊരുക്കിയ എസ്. ഐ. ഓവിന് നന്ദി രേഖപ്പെടുത്തട്ടെ. സയൻസ് ആൻഡ് ടെക്നോളജി ഫെസ്റ്റിന്റെ പ്രമേയം വായിച്ചതിന് ശേഷം എന്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടത് എന്നതായിരുന്നു എൻ്റെ ചിന്ത മുഴുവനും. ഒടുവിൽ ഞാൻ എത്തിച്ചേർന്ന വിഷയം, മനുഷ്യനിർമ്മിത ബുദ്ധിയെയും ഇസ്ലാമിനെയും ബന്ധപ്പെടുത്തി എങ്ങനെയൊക്കെ ചിന്തിക്കാം എന്നതിനൊപ്പം തന്നെ എങ്ങനെയൊക്കെ ചിന്തിക്കാതിരിക്കാം എന്നതു കൂടിയാണ്. ഇവിടെ ചിന്തക്കൊപ്പം തന്നെ ചിന്തയുടെ നിരാകരണം കൂടി വരുന്നത് ഈ വിഷയത്തെ സങ്കീർണമാക്കുന്നുണ്ട്. 

എൻ്റെ സംസാരവിഷയത്തെ രണ്ട് ഭാഗങ്ങളാക്കി തരം തിരിക്കാം: ഒന്ന്, ഇസ്ലാമുമായി സ്വാഭാവികമായും ബന്ധപ്പെട്ടിരിക്കുന്ന മുസ്ലിം വ്യവഹാരങ്ങളും  അതിനോട് മുസ്ലിംകൾ, ആക്ടിവിസ്റ്റുകൾ, ബുദ്ധിജീവികൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരെല്ലാം ഇടപഴകുന്ന രീതിയും. രണ്ട്, ഇവയോടുള്ള വിമർശനത്തിനൊപ്പം കഴിഞ്ഞ എട്ട് വർഷങ്ങളായി ഞാൻ നടത്തിയ ചില അന്വേഷണങ്ങളെ മുൻനിർത്തി ഇസ്ലാമും മനുഷ്യ നിർമിത ബുദ്ധിയെയും കുറിച്ച് ഒരു ബദൽ ചിന്താരീതി അവതരിപ്പിക്കാനുള്ള ശ്രമങ്ങളും. ഇൻഷാ അല്ലാഹ്.

ഇസ്ലാമിനെയും മനുഷ്യനിർമ്മിത ബുദ്ധിയെയും കുറിച്ച് എങ്ങനെ ചിന്തിക്കാതിരിക്കാം എന്ന് ചില ഉദാഹരണങ്ങളിലൂടെ നമുക്ക് പരിശോധിക്കാമെന്ന് തോന്നുന്നു. അച്ചടി പ്രസിദ്ധീകരണങ്ങൾ തന്നെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. കഴിഞ്ഞ മാസമാണ് “ദി ഡിപ്ലോമാറ്റ്” മാഗസിനിൽ  “എ. ഐ ഇസ്ലാം സ്വീകരിക്കേണ്ടതുണ്ടോ?” (Should Ai Convert to Islam?) എന്ന വിചിത്രമായ ശീർഷകത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രസ്തുത ലേഖനത്തിൻ്റെ ഉപശീർഷകത്തിൽ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ടെക്നോളജിയിൽ ഇസ്ലാമിക മൂല്യങ്ങൾ ചേർക്കാൻ പ്രോഗ്രാമർമാരോട് ആഹ്വാനം ചെയ്തതിനെ കുറിച്ച് സൂചിപ്പിക്കുന്നുന്നതും കാണാം. മുസ്ലിം കാർമ്മികത്വത്തിൽ നടന്ന കോൺഫറൻസുകളാണ് വേറൊന്ന്. ഇൻഡോനേഷ്യയിൽ ആണെന്ന് തോന്നുന്നു, “Transformation of Pesantren: Synergy of Al and Endowment (Waqf) to Enhance the Quality of Education, Innovation, Science, and Technology” എന്ന പേരിൽ നടന്ന കോൺഫറൻസ് മറ്റൊരു ഉദാഹരണമാണ്.

യു. കെ യിലും മുസ്ലിംകൾ പല പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അടുത്തിടെയാണ് മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ മനുഷ്യനിർമിത ബുദ്ധിയും മുസ്ലിം സമുദായവും (Ai and Muslim Community) എന്ന തലക്കെട്ടിൽ ഒരു മുഴുദിന പരിപാടി സംഘടിപ്പിച്ചത്. അതിലെ ഒട്ടുമിക്ക സംസാരങ്ങളുടെയും കേന്ദ്ര പ്രമേയം മസ്ജിദുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു. ഒപ്പം മുസ്ലിം പ്രവർത്തനക്ഷമത ഉയർത്തുന്നത് ലക്ഷ്യം വെച്ച് കൊണ്ട്  ഇസ്ലാമിനെ എ ഐ യുമായി ബന്ധപ്പെടുത്താനുമുള്ള ശ്രമങ്ങളിൽ പ്രാദേശിക കൂട്ടായ്മകൾ പങ്കുചേരുന്നുണ്ട്. ന്യൂയോർക്കിൽ “ഹബീബി ടെക്” പോലുള്ള മുസ്ലിം ടെക് ഫെസ്റ്റിവലുകൾ നടക്കുന്നു… അവസാനമിതാ എസ്. ഐ. ഓ “Let’s Ai It”  എന്ന പേരിൽ Ai ശില്പശാല സംഘടിപ്പിക്കുന്നു… യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ ചാറ്റ് ബോട്ടുകൾ പോലുള്ള  ഉപകരണങ്ങൾ വഴി ഇസ്ലാമിനെ ഓൺലൈനിൽ പരിചയപ്പെടുത്തുന്ന പ്രവർത്തനം വ്യാപിപ്പിക്കുന്നു. യഖീൻ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വിഷയകമായ പോസ്റ്ററിൽ ഇങ്ങനെ കാണാം:  “നിങ്ങളുടെ ബോട്ട് നിങ്ങളുടെ ശൈഖ് അല്ല. ദീൻ, പണ്ഡിതന്മാരുടെ അടുക്കൽ നിന്നും പഠിക്കൂ. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വിശദീകരണങ്ങൾ തേടാൻ നിങ്ങൾക്കിതാ ഞങ്ങളുടെ എ. ഐ അസിസ്റ്റൻറ് –  ‘അഖ്സ'” (Your Ai is not your sheikh  Learn your religion from scholars  Use our Ai assistant to guide you to answers from resources that you can trust)

ടെക്നോളജിയിൽ മറഞ്ഞിരിക്കുന്ന വിപത്തുകൾ- വിശിഷ്യാ, ഇസ്ലാമിക വിധി പറയുമ്പോഴും ഹദീസുകളെയും ഖുർആൻ ആയത്തുകളെയും തെറ്റായി അവലംബിക്കുമ്പോഴും – നമ്മൾ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഹലാൽ – ഹറാം വിധികളുമായി ബന്ധപ്പെട്ട് ടെക്നോളജിക്ക് വരുന്ന ശരികേടുകൾ നമ്മൾ നിത്യേന കാണുന്നതാണ്. ഉമർ സുലൈമാൻ ഒരു ജുമുഅ ഖുതുബയിൽ ഈ വിഷയകമായി സ്വീകരിക്കേണ്ട നൈതിക നിലപാടിനെ കുറിച്ച് സംസാരിച്ചതിൻ്റേയും ശൈഖ് ഹംസ യൂസുഫ് റോം കോൾ ഫോർ എ. ഐ എത്തിക്സ് എന്ന പരിപാടിയിൽ സംസാരിച്ചത്തിൻ്റെയും ചിത്രങ്ങളാണ് ഞാൻ സ്‌ക്രീനിൽ പ്രദർശിച്ചിപ്പിച്ചിട്ടുള്ളത്. അടുത്തിടെയാണ് എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ശുഹൈബ് അഹമ്മദ് മാലിക് “ഇസ്ലാമും മനുഷ്യനിർമ്മിത ബുദ്ധിയും: സാധ്യതകളും ഭീഷണികളും”(Islam and AI: Opportunities and Threats) എന്ന തലക്കെട്ടിൽ സംവദിച്ചത്. ടെക്നോളജിയുടെ വളർച്ച മുതൽ നിർമ്മിത ബുദ്ധിക്ക് അഞ്ച് നേരം നമസ്കരിക്കാമോ എന്ന രസകരമായ ചർച്ചകളിലേക്ക് വരെ ഈ സംസാരം ചെന്നെത്തുന്നുണ്ട്. ശുഹൈബ് മാലിക്കും മുഫ്തി മുഹമ്മദ് ഇബ്‌നു കൗസറും ചേർന്ന് അൽ ബലാഗ് അക്കാദമിയുടെ കീഴിൽ തുടങ്ങിയ കോഴ്സാണ് ഇസ്ലാമിനെ എ. ഐ യുമായി ബന്ധപ്പെടുത്തിയുള്ള ആദ്യത്തെ ബൃഹത് പാഠ്യപദ്ധതിയായി കണക്കാക്കുന്നത്. പതിമൂന്ന് ഘട്ടങ്ങളുള്ള ഈ പാഠ്യപദ്ധതിയിൽ യുക്തിവാദവും ദൈവികതയും തമ്മിലുള്ള സംവാദത്തിൽ എ. ഐ ക്കുള്ള പങ്ക്, എ. ഐ യും നൈതികതയും, എ. ഐ യും രാഷ്ട്രീയ ബലതന്ത്രവും അവയിൽ പണ്ഡിത ലോകത്തിൻറെ ഇടപാടുകളും തുടങ്ങി കാലികമായ പല ഉള്ളടക്കങ്ങളുമുണ്ട്. 

ഇസ്ലാമും എ. ഐയുമായി ബന്ധപ്പെട്ട് വരുന്ന അക്കാദമിക് പ്രസിദ്ധീകരണങ്ങളുടെ ഒരു വലിയ നിര നമുക്ക് ലഭ്യമാണ്. അവയിൽ ചിലത് ഞാനിവിടെ സൂചിപ്പിച്ച് പോകാം. ഈ വർഷമാണ് ഒന്നിലധികം ലേഖകർ ചേർന്ന് എഴുതിയ “Islam in the midst of AI: Between opportunities and threats” എന്ന ലേഖനം ഇന്തോനേഷ്യയിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇതേ വർഷം ഇറങ്ങിയ മറ്റൊരു അന്വേഷണമാണ് “maqasidu sharia and ethics of artificial intelligence: contemporary challenges” എന്നത്. എൻ്റെ ഓർമ ശരിയാണെങ്കിൽ, അൽ അസ്‌ഹർ യൂണിവേഴ്സിറ്റി പ്രഫസർ മുഹമ്മദ് ജമാൽ അബ്ദുന്നൂർ Artificial Intelligence and Islamic Theology of Technology എന്ന ലേഖനം പ്രസിദ്ധപ്പെടുത്തിയത് 2024 ൽ ആണ്. ഇന്തോനേഷ്യയിൽ നിന്നു തന്നെ പുറത്തു വന്ന മറ്റൊരു ലേഖനമാണ് “Ai in Islam: Building Ethics and Solutions based on Tawhid”  (എ ഐ ഇസ്ലാമിൽ: തൗഹീദ് കേന്ദ്രീകൃത പരിഹാരവും ധാർമിക പുനർനിർമ്മാണവും). തുടർന്ന്  “Islamic Ethics and AI: An Evaluation of Existing Approaches to AI Using Trusteeship Ethics”,  എന്നോട് അവലോകനം ചെയ്യാൻ ആവശ്യപ്പെട്ട “Redefining Reality : An Islamic Metaphysical Critique of AI’s Data-Centric Worldview”, എൻ്റെ സഹപ്രവർത്തകൻ ഡോ. യാഖൂബ് ചൗധരി കേംബ്രിഡ്ജിൽ അവതരിപ്പിച്ച “The furture and the artificial: an islamic perspective”… തുടങ്ങി അനവധി വൈജ്ഞാനിക ശ്രമങ്ങൾ അടുത്ത കാലത്തായി ലേഖന രൂപത്തിൽ നമുക്ക് മുന്നിലെത്തിയതായി കാണാം.

ഡോ യാഖൂബ് ഖുർആനിലെ മൂസ-ഫിർഔൻ കഥയെ മുൻനിർത്തി എ.ഐ യെ സ്വർണ്ണപ്പശുവായി സങ്കൽപ്പിച്ചു കൊണ്ട് ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട് (കഴിഞ്ഞ വർഷം ട്വിറ്ററിലൂടെ ഞാനും സമാനമായ ഒരു നിരീക്ഷണം പങ്കുവെച്ചിരുന്നു). ഖുർആനിലെ രൂപകം ഉപയോഗിച്ച് എ. ഐയെ വിശകലനം ചെയ്തു എന്നതാണ് ഈ പേപ്പറിനെ ശ്രദ്ധേയമാക്കുന്നത്. പക്ഷേ യാഖൂബ് ഇതിൽ വിട്ട് പോയ ഒരു കാര്യമുണ്ട് – കഥയുടെ പര്യവസാനം. സ്വർണം കൊണ്ട് നിർമ്മിച്ച ആ പശു ബിംബത്തെ മൂസാ നബി കത്തിച്ച് ചാമ്പലാക്കി കടലിലേക്കെറിയുകയല്ലേ ചെയ്തത്? എ. ഐ യുടെ പശ്ചാത്തലത്തിൽ മനസ്സിൻറെ അപകോളനീകരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന മൂന്ന് ലേഖനങ്ങൾ ഈയടുത്ത് “ദി ലോങ് വ്യൂ” എന്ന ജേർണലിൽ യു. കെയിലെ ഇസ്ലാമിക മനുഷ്യാവകാശ സമിതി (Islamic Human Rights Council) പ്രസിദ്ധീകരിച്ചിരുന്നു. ഇവയ്ക്കും സൈദ്ധാന്തികമായ ചില അപര്യാപ്തതകൾ  ഉള്ളതായിട്ടാണ് മനസ്സിലാകുന്നത്. ഇത്രയും അന്വേഷണങ്ങളെ ഇതുവരെ ഇസ്ലാം – എ. ഐ വിഷയത്തിൽ വന്ന പ്രസിദ്ധീകരണങ്ങളുടെ ഒരു പൊതു ചിത്രമായി സംഗ്രഹിക്കാമെന്ന് തോന്നുന്നു.

ഇസ്ലാമുമായി ബന്ധപ്പെടുത്തി ചിന്തിക്കരുതാത്ത വഴികളെ കുറിച്ചാണ് ഇതുവരെ പറയാൻ ശ്രമിച്ചത്. പൊതുവിൽ തന്നെ സമകാലിക മുസ്ലിംകൾ ഇവ്വിഷയികമായി ചിന്തിക്കുന്ന രീതി പക്ഷെ ഇത് തന്നെയാണെന്ന് കാണാം. ഇവ്വിധമല്ലെങ്കിൽ ഇനി ചിന്തിക്കാൻ അനുയോജ്യമായ രീതി ഏതാണ്? ഞാൻ ഇനി ഇവിടെ അവതരിപ്പിക്കാൻ പോകുന്ന പ്രബന്ധത്തിന്റെ ഉള്ളടക്കം അതിന് മറുപടിയാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. മാർട്ടിൻ ഹൈഡഗറുടെ ജ്ഞാനമണ്ഡലത്തിൽ ചോദ്യമെന്നാൽ (questioning) ചിന്തയുടെ (thinking) ഒരു പ്രധാന മാർഗ്ഗമാവുന്നതിനൊപ്പം ചിന്തയുടെ തന്നെ ഭക്ത്യനുഭവവുമാവുന്നു (piety). ഇസ്ലാമിക്കേറ്റ് ഭാഷാപ്രയോഗങ്ങളിൽ, piety എന്നതിനെ തഖ്‌വ എന്ന് തർജ്ജമ ചെയ്യുമ്പോൾ ‘തഖ്‌വ’യിൽ ഉള്ളടങ്ങിയ ആത്മരക്ഷ, ആത്മസംരക്ഷണം എന്ന അർത്ഥസൂചകങ്ങളുമായി അത് ചേർന്നു പോകണമെന്നില്ല. ഇതാണ് ഞാൻ ഉദ്ദേശിച്ച ‘ചിന്തിക്കരുതാത്ത’ വഴി. സ്വാഭാവികമായും തുടർന്ന് പറയാൻ പോകുന്ന ഭാഗങ്ങളിൽ ഇസ്ലാം – എ.ഐ ബന്ധത്തെക്കുറിച്ച് മുസ്ലിംകൾ ചിന്തിച്ചു പോരുന്ന രീതിയോട് എതിരായിരിക്കും എന്റെ സംസാരം.

സമയപരിധി മൂലം എൻറെ ചർച്ച ഞാൻ മൂന്ന് വിഷയങ്ങളിലേക്ക് ചുരുക്കുന്നുണ്ട്. ഒന്ന്, അനിവാര്യത (inevitability); രണ്ട്, ഗ്രാഹ്യത (assimilability); മൂന്ന്, നിഷ്പക്ഷത (neutrality). ആദ്യമായി, എ. ഐ അനിവാര്യമാണോ? അഭികാമ്യം ആണോ? എ. ഐയോടുള്ള പ്രതിരോധം നിരർത്ഥകമാണോ? എന്നത് പരിശോധിക്കാം. എന്നെ സംബന്ധിച്ചിടത്തോളം, ടെക്നോളജി നിർണയവാദവും കൊളോണിയൽ ആധുനികതയുടെ പുരോഗമം (progress) എന്നതിനെയും മുസ്ലിംകൾ ഒരു വിമർശനവും കൂടാതെ പിൻപറ്റിയെന്നത് വളരെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതുപോലെ തന്നെയാണ് നവീകരണം (innovation) എന്ന ആശയത്തിന് കൽപ്പിക്കുന്ന മൂല്യവും എ. ഐ വിപ്ലവം വരാനിരിക്കുന്നു എന്ന വിചാരവും. വ്യവസായ വിപ്ലവത്തിലേക്ക് വൈകിയെത്തിയവരാണ് മുസ്ലിംകൾ എന്ന പ്രസ്താവന ഈയടുത്തുപോലും നമ്മൾ കേട്ടതാണ്. ചൂഷണത്തിന്റെയും അമിതോത്ഖനനത്തിന്റെയും വേരുകൾ, അറ്റ്ലാൻഡിക് അടിമക്കച്ചവടം, ഫോസിൽ ഇന്ധനത്തിൻ്റ അമിതോപഭോഗവും അതിൻ്റെ ഉത്പന്നമായ മനുഷ്യനിർമിത കാലാവസ്ഥാ ദുരന്തം, എന്നിവയുമായിട്ടുള്ള വ്യവസായ വിപ്ലവത്തിൻ്റെ ചരിത്രപരമായ ബന്ധത്തെ ഇത്തരം വീക്ഷണങ്ങൾ സൗകര്യപൂർവ്വം അവഗണിക്കുകയാണ്.

അതുപോലെ ഗ്രാഹ്യതയെ കുറിച്ച് ആലോചിക്കുമ്പോൾ മുസ്ലിംകളുടെ പ്രശ്‌നവത്കരിക്കേണ്ട ചില മനോഭാവങ്ങളുണ്ട്; സമൂഹത്തിലേക്ക് എന്തെങ്കിലും നൽകുന്നതിനെപ്പറ്റി അവർ നിരന്തരം ചിന്തിക്കും. എന്നാൽ പ്രസ്തുത സമൂഹത്തെയും അതിൻറെ ലോകക്രമത്തെപ്പറ്റിയും അവർ ചിന്തിക്കുന്നേയില്ല. ഈ ലോകക്രമത്തിലേക്ക് കയറിപ്പറ്റാൻ മുസ്ലിംകൾ പാടുപെടുന്നു എന്ന വീക്ഷണം പരിശോധിക്കുക; പാടുപെടേണ്ടിവന്നേക്കാം. എങ്കിലും എന്ത് തരത്തിലുള്ള ലോകക്രമത്തിലേക്കാണ് അവർ കയറിപ്പറ്റേണ്ടത്? അവർ ആദ്യമേ ഈ വ്യവസ്ഥയിൽ ഉണ്ട് എന്ന് എന്തുകൊണ്ട് പറയാൻ പറ്റുന്നില്ല? ഇതിനുമപ്പുറമാണ്, മുന്നോട്ട് പോക്കിന് വേണ്ടി, മാറ്റത്തിനായി മുസ്ലിംകൾ ഒരുങ്ങി നിൽക്കണമെന്ന വാദം. അതായത് മുസ്ലിംകൾ എ. ഐ മത്സരത്തിൽ പങ്കുചേർന്നേ പറ്റൂ എന്ന ധാരണ. മുസ്ലിംകൾക്ക് ഇതു മാത്രമാണോ വഴി? മത്സരത്തിൽ പങ്കുചേരാതിരിക്കാൻ അവർക്ക് പറ്റില്ലേ? ടെക്നോളജിയെ മുസ്ലിംകൾ പാടെ തള്ളിക്കളയണം എന്ന ലഡ്ഡൈറ്റ് വാദമല്ല ഞാൻ പറഞ്ഞുവന്നത്. മറിച്ച്, ടെക്നോളജിയുടെ ചില പ്രത്യേക രൂപങ്ങളെ യോഗ്യമായ വിധത്തിൽ നിരസിക്കേണ്ടതിനെ പറ്റി നാം ആലോചിക്കേണ്ടതുണ്ട് എന്നതാണ്. ഏറ്റവും കുറഞ്ഞത്, എ. ഐ യുടെ സമകാലീനമായ അധീശത്വ രൂപത്തെയെങ്കിലും. പുരോഗമനം അതിൻ്റെ കൂടെത്തന്നെ അധോഗമനത്തെയും കൊണ്ടുവരും എന്നിരിക്കെ, ഈ പുരോഗമന ആശയത്തെ മുസ്ലിംകൾ ഏറ്റെടുക്കണം എന്ന് പറയുന്നത് എത്രത്തോളം സാധ്യമാണ്? ആന്ദ്രെ ഗുണ്ടർ ഫ്രാങ്കും വാൾട്ടർ റോഡ്നിയും ചൂണ്ടിക്കാണിച്ച പോലെ വികസനവും അവികസനവും തമ്മിലുള്ള ബന്ധം മുൻനിർത്തി ആലോചിക്കുമ്പോൾ ഇത്തരം വികസന ആശയങ്ങളോട് മുസ്ലിംകൾ ചേർന്ന് നിൽക്കൽ എത്രത്തോളം സാധ്യമാണ്? മൂന്ന് പതിറ്റാണ്ട് മുൻപ് തുനീഷ്യൻ ചരിത്രകാരനും തത്വചിന്തകനുമായ ഹിഷാം ജെയ്റ്റിൻ്റെ പ്രസ്താവന ഇവിടെ പ്രസക്തമാണ്, അദ്ദേഹം പറയുന്നു : “ഒരു ദിവസം പശ്ചാത്യലോകം തൻറെ കൂട്ടത്തിനോട് ഇടഞ്ഞ് വഴിപിരിഞ്ഞു ഓടിപ്പോയി. മുന്നോട്ടു ഓടുംതോറും അത് സ്വന്തത്തെയും തന്റെ കൂട്ടത്തെയും  തളർത്തിക്കൊണ്ടേയിരുന്നു. ഈ ഓട്ടത്തിന്റെ കുത്സിത നിയമപ്രകാരം, എതിരാളിയുടെ ശ്വാസം ഞെരുക്കി മാത്രമേ ഒരാൾക്ക് മുന്നോട്ട് കുതിക്കാൻ പറ്റൂ. പിന്തള്ളപ്പെട്ടവൻ്റെ തകർച്ച സുനിശ്ചിതവുമാണ്. ഇങ്ങനെ പിന്തള്ളപ്പെട്ടവരുടെ ശ്വാസത്തിൻ്റെ മേലാണ് പശ്ചാത്യലോകം അതിൻ്റെ ഗതിയും ഭൂമികയും ലക്ഷ്യവുമെല്ലാം പണിതത്.”

ഇനി നിഷ്പക്ഷതാവാദത്തിലേക്ക് വരാം. ടെക്നോളജി സ്വയം തന്നെ നല്ലതോ ചീത്തതോ അല്ല എന്ന ഉപകാരണാത്മക ബോധം മുസ്ലിം പണ്ഡിതവൃത്തങ്ങളിൽ വളരെ വ്യാപകമാണ്. അതായത്, ടെക്നോളജിയുടെ നന്മയും തിന്മയും അതിന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കിയാകും എന്ന ധാരണ. ഈ ബോധ പരിസരത്തിൽ നിന്നാണ് ധാർമികത (അഖ്‌ലാഖ്), ശരീഅഃ, നിയമം (ഫിഖ്ഹ്), ദൈവശാസ്ത്രം (കലാം) മെറ്റാഫിസിക്സ് (ഫൽസഫ) തുടങ്ങിയ സങ്കേതങ്ങൾ ഇസ്ലാം – എ.ഐ സംഘട്ടനത്തിൽ ശരിയായ വഴി തിരഞ്ഞെടുക്കാൻ ഉപാധി നൽകുന്നു എന്ന് പറയപ്പെടുന്നത്.  ഇവയെല്ലാം എ ഐ യുമായുള്ള ഇസ്ലാമിൻറെ ഇടപെടലിന് അനിവാര്യമാണെങ്കിലും ഇവകൊണ്ട് മാത്രം മതിയാകുന്നില്ല. മുസ്ലിം – എ ഐ നൈതിക ചോദ്യങ്ങളും ഇസ്ലാമിക നിയമക്രമവും പരിശോധിക്കുക. അധീശത്വ ശക്തി (hegemony) കൊണ്ട് പരമാധികാരം വ്യവഹരിക്കപ്പെടുന്ന അവസ്ഥകളിൽ (ഉദാഹരണത്തിന്, യുഎസ് മാരകായുധ വികസനത്തിനും വിതരണത്തിനും നിരോധനം ഏർപ്പെടുത്താൻ വേണ്ടിയുള്ള അന്താരാഷ്ട്ര ഉടമ്പടി നിരസിക്കുന്നു) ഈ സങ്കേതങ്ങൾ കൊണ്ട് നമുക്ക് എത്രത്തോളം ഇടപെടൽ സാധ്യമാകും?

ടെക്നോളജി സ്വയം തന്നെ നല്ലതോ ചീത്തയോ നിഷ്പക്ഷമോ അല്ലെന്ന് പറയുന്ന ക്രാൻസ് ബർഗിൻ്റെ ഒന്നാം സാങ്കേതിക വിദ്യാനിയമത്തെ രാഷ്ട്രീയ തത്വചിന്തകൻ ലാങ്സ്റ്റൺ വിന്നർ തൻറെ do artefacts have politics? എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പരിശോധിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ നിഷ്പക്ഷതയെ പറ്റി ആഴത്തിൽ ആലോചിക്കുമ്പോൾ, വീണ്ടും എനിക്ക് ഹൈഡഗറിലേക്ക് തിരിയേണ്ടതായി വരും. Question Concerning technology എന്ന തൻറെ ലേഖനത്തിൽ അദ്ദേഹം “എല്ലായിടത്തും നമ്മൾ അസ്വാതന്ത്ര്യരും സാങ്കേതികവിദ്യയുമായി കൂടിപ്പിണഞ്ഞ് കിടക്കുന്നവരുമാണ്” എന്ന് നിരീക്ഷിക്കുന്നു. ഇത് നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി, സാങ്കേതികവിദ്യ നിക്ഷ്പക്ഷമാണെന്ന് പറയുക വഴി നമ്മളെത്തുക ഒരു തെറ്റായ നിഗമനത്തിലാണ്. നമ്മൾ അനായാസം സ്വീകരിക്കുന്ന ഈ നിഗമനം പക്ഷേ, സാങ്കേതികവിദ്യയുടെ സത്തയെ (essence of technology) കാണുന്നതിൽ നിന്നും നമ്മെ അന്ധരാക്കുമെന്നും” അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

മാർട്ടിൻ ഹൈഡഗർ

എന്നിരുന്നാലും, എന്താവും സാങ്കേതികവിദ്യയുടെ സത്ത? ഒട്ടൊക്കെ വ്യംഗ്യമായ രീതിയിലാണെങ്കിലും ഹൈഡഗർ വാദിക്കുന്നത് സാങ്കേതികവിദ്യയുടെ സത്ത സാങ്കേതികമായ ഒന്നല്ല എന്നാണ്. കേവലമായൊരു ഉപകരണത്തിനും സംവിധാനത്തിനുമപ്പുറം സാങ്കേതികവിദ്യയെന്നത് ഉണ്മയെ വെളിപ്പെടുത്തുന്ന ഒരു വഴിയാണ്; അഥവാ, ഉൺമ പ്രത്യക്ഷപ്പെടുന്നത്തിൻ്റെയും അഭിമുഖീകരിക്കപ്പെടുന്നതിൻ്റെയുമായ ഒരു വഴി.

ആധുനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ആശയങ്ങളെ – ‘എൻ ഫ്രേമിംഗ്’ (en-framing) അഥവാ ജർമ്മനിൽ ‘ഗെസ്റ്റൽ’ (gestell) –  ഹൈഡഗർ കരകൗശലം പോലുള്ള മുൻകാല സാങ്കേതികവിദ്യകളിൽ നിന്ന് വ്യത്യസ്തമായാണ് മനസിലാക്കുന്നത്. സർഗാത്മകമായ എന്തെങ്കിലും മുന്നോട്ട് വെക്കുന്നതിന് പകരം ആധുനിക സാങ്കേതികവിദ്യ എപ്പോഴും മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളെയും വസ്തുനിഷ്ഠമാക്കാനും, അളക്കാനും  ക്രമീകരിക്കാനും കണക്കുകൂട്ടാനും സംഭരിക്കാനും കഴിയുന്ന കേവല ശേഖരമായാണ് സമീപിക്കുന്നത്. വെറും ‘സ്റ്റാൻഡിംഗ് റിസർവായി’ (standing reserve) – ജർമ്മൻ ഭാഷയിൽ ‘ബിഷാൻ’ (bestand) –  എല്ലാത്തിനെയും പരിഗണിക്കുമ്പോൾ ചൂഷണവും ആർത്തിയും തികഞ്ഞ വെല്ലുവിളിയുടെ (challenging forth) രൂപം അതിന് കൈവരുന്നു.  സമകാലികത്തിലെ Al പരീക്ഷണങ്ങൾ സ്ഥിതിവിവരക്കണക്കുകളിൽ അധിഷ്ഠിതമായ മെഷീൻ –  ഡീപ് ലേണിംഗിൽ ശ്രദ്ധ ക്രേന്ദീകരിക്കുമ്പോൾ ഇത് അനന്തമായ ചൂഷണമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മാർട്ടിൻ ഹൈഡിഗറുടെ ‘ദി ക്വസ്റ്റ്യൻ കൺസേണിംഗ് ടെക്നോളജി’ എന്ന പുസ്‌തകത്തിൻ്റെ ആമുഖത്തിൽ വിവർത്തകനായ വില്യം ലോവിറ്റിൻ്റെ നിരീക്ഷണം ശ്രദ്ധേയമാണ്. “ആധുനിക സാങ്കേതികവിദ്യയുടെ സത്ത എന്ന നിലയിലുള്ള ‘എൻ ഫ്രേമിംഗിൻ്റെ’ ആധിപത്യവും അതോടൊപ്പമുള്ള ‘സ്റ്റാൻഡിംഗ് റിസർവിൻ്റെ’ സാന്നിധ്യവും ഏറ്റവും വ്യക്തമായി കാണുന്നത് മെഷീൻ ടെക്നോളജിയിലാണ്.  അവിടെ ഒരു വസ്തുവിനും തനതായ പ്രാധാന്യമില്ല. ഊർജ്ജവും സ്ഥിതിവിവരക്കണക്കുകളും മുതൽ യന്ത്രങ്ങളും വ്യക്തികളും വരെ എല്ലാറ്റിനെയും ക്രമീകരിക്കാനുള്ള കഴിവിന് (orderability) മാത്രമാണ് പ്രസക്‌തിയുള്ളതെന്ന്” അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്..  

ഉൺമ വെളിപ്പെടുത്തുന്ന ഒരു വഴിയോ രീതിയോ ആയി സാങ്കേതികവിദ്യയെ മനസ്സിലാക്കുന്നതിലൂടെ അത് കേവലം പ്രായോഗിക ശാസ്ത്രം (applied science) മാത്രമാണെന്ന പൊതു വീക്ഷണത്തെ ഹൈഡഗർ നിരസിക്കുന്നു. അദ്ദേഹത്തിന്റെ വായനയിൽ, ആധുനിക ശാസ്ത്രം സാധ്യമാകുന്നത് അത് ഇതിനകം തന്നെ സാങ്കേതികമായതിനാലാണ്. ആധുനിക ശാസ്ത്രത്തിന് യാഥാർത്ഥ്യമെന്നാൽ വസ്തുനിഷ്ഠമാക്കാവുന്നതും, അളക്കാവുന്നതും, ക്രമീകരിക്കാവുന്നതും, ഗണിതവൽക്കരിക്കാവുന്നതും, പിന്നീട് ഡാറ്റയും (datified) അൽഗോരിതവുമായി (algorithmized) മാറ്റാവുന്നതാണെന്നുമുള്ള നിരീക്ഷണത്തിലൂന്നിയാണ് ഹൈഡഗർ ഈ വാദം മുന്നോട്ട് വെക്കുന്നത്.  

ആധുനിക ശാസ്ത്രം പലപ്പോഴും യാഥാർത്ഥ്യത്തിന്റെ സിദ്ധാന്തമായി സ്വയം അവതരിക്കാറുണ്ട്.  ഹൈഡഗർ തൻ്റെ 1954-ലെ ‘സയൻസ് ആൻഡ് റിഫ്ലക്ഷൻ’ എന്ന പ്രബന്ധത്തിൽ (‘ദി ക്വസ്റ്റ്യൻ കൺസേണിംഗ് ടെക്നോളജി’യുടെ പ്രസിദ്ധീകരണത്തിന് ഒരു വർഷം മുമ്പ്) ചൂണ്ടിക്കാണിക്കുന്നതു പോലെ, “ശാസ്ത്രീയമായ പ്രതിനിധാനത്തിന് (Scientific representation), അതിൻ്റെ വസ്തുനിഷ്ഠതയിലൂടെ  (objectness) പ്രകൃതിയുടെ സത്ത മറഞ്ഞു പോവുകയാണോ അതോ അതിൻ്റെ സാന്നിധ്യം മൂലം  മറഞ്ഞിരിക്കുന്നവ കൂടി പൂർണ്ണമായും വെളിപ്പെടുകയാണോ എന്ന് ഒരിക്കലും തീരുമാനിക്കാൻ കഴിയില്ല. അതിലുപരി ശാസ്ത്രത്തിന് ഈ ചോദ്യം ഉന്നയിക്കാൻ പോലും സാധ്യമല്ല. കാരണം, ഒരു ‘സിദ്ധാന്തം’ (theory) എന്ന നിലയിൽ ‘വസ്തുനിഷ്ഠത’ (objectness) എന്ന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മാത്രമേ കാര്യങ്ങളെ സമീപിക്കൂ എന്ന് അത്  മുൻകൂട്ടി തീരുമാനിച്ചു കഴിഞ്ഞു”. ഈ നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ, ഹൈഡഗർ ഒട്ടൊക്കെ പ്രകോപനപരമായി തന്നെ വാദിക്കുന്നത് “ശാസ്ത്രം ചിന്തിക്കുന്നില്ല” (science does not think) എന്നാണ്. ഇത് ശാസ്ത്രത്തെക്കുറിച്ചുള്ള ഒരു വിമർശനമല്ല, മറിച്ച് ‘ശാസ്ത്രീയ ചിന്ത മാത്രമാണ് യാഥാർത്ഥ്യത്തിലേക്ക് എത്തുന്ന ചിന്താരീതി’ എന്ന വാദത്തിനോടുള്ള വിയോജിപ്പാണ്. 1954-ൽ പ്രസിദ്ധീകരിച്ച ‘വാട്ട് ഈസ് കോൾഡ് തിങ്കിംഗ്’ (What is called Thinking) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ – “ചിന്തയെന്നാൽ (thinking) എന്താണ്?” എന്ന ചോദ്യത്തെ നാല് വ്യത്യസ്തവും എന്നാൽ പരസ്പരബന്ധിതവുമായ രീതികളിൽ ചർച്ച ചെയ്യുന്നുണ്ട്. ആഴത്തിലുള്ള വിശകലനത്തിനൊടുവിൽ ഹൈഡഗർ ഊന്നിപ്പറയുന്നത് ഇത് സമകാലിക ലോകത്തിന്റെ അസ്‌തിത്വത്തെയും പ്രകൃതത്തെയും കുറിച്ച് അന്വേഷിക്കാൻ പ്രേരിപ്പിക്കുന്ന  ആഗോള-ചരിത്രപരമായ (world-historical) ചോദ്യമാണെന്നാണ്.

ആധുനിക കാലത്ത് ലാഭം ഉപാധിയാവുന്നതിലൂന്നി ഹൈഡഗർ രൂപപ്പെടുത്തിയ ‘എൻ ഫ്രേമിംഗിനെ’ (en-framing) മാർക്സ് തുടങ്ങി വെച്ച മുതലാളിത്ത വിമർശനത്തിലേക്ക് ചേർത്ത് വെക്കാറുണ്ട്. തുടർന്ന് വന്ന വംശീയ-കൊളോണിയൽ വിരുദ്ധ ചിന്തകരും വികസിപ്പിക്കാൻ ശ്രമിച്ച മുതലാളിത്ത വിരുദ്ധ വിമർശന സംഭാഷണങ്ങളിൽ ഈ ആശയങ്ങൾ കാണാം. ആയതിനാൽ സമകാലിക ലോകത്തെ വംശീയ മുതലാളിത്ത ആധുനിക കൊളോണിയൽ ലോകക്രമം ആയി മനസ്സിലാക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു.

ഈ ലോകം എങ്ങനെയാണ് ഉണ്ടായത്? ലോകം നിലകൊള്ളുന്നത് ഉണ്മയുടെ വെളിപ്പെടുത്തലിലൂടെയാണെന്നും മനുഷ്യരാൽ നിർമ്മിക്കപ്പെടുന്നതല്ലെന്നും ഹൈഡഗർ വാദിക്കുന്നുണ്ട്. എന്നിരുന്നാലും, ലോകങ്ങളെ നിർമ്മിക്കുന്നതിൽ അധികാരശക്തികൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെയും, ലോകനിർമ്മാണം (worldmaking) എന്നത് ആകസ്മികവും മാറ്റാൻ സാധിക്കുന്നതുമാണ് (contingency) എന്ന സത്യത്തെയും മറച്ചുവെക്കുന്ന, ഒരുപക്ഷേ നിഗൂഢവൽക്കരിക്കുന്നതോ (mystifying) അനാവശ്യമായി മഹത്വവൽക്കരിക്കുന്നതോ (fetishizing) ആയ ഒരു സമീപനമായാണ് ഞാൻ ഇതിനെ കാണുന്നത്.

ഡേവിഡ് ഗ്രേബർ

ഈ വിഷയത്തിൽ, അന്തരിച്ച അരാജകവാദിയായ നരവംശശാസ്ത്രജ്ഞൻ ഡേവിഡ് ഗ്രേബറുടെ (David Graeber) നിലപാട് പിന്തുടരാനാണ് ഞാൻ താല്പര്യപ്പെടുന്നത്. “ഈ ലോകത്തിന്റെ ആത്യന്തിക-നിഗൂഢ സത്യമെന്നത് നമ്മൾ നിർമ്മിക്കുന്ന ഒന്നാണ്. വലിയ പ്രയാസമില്ലാതെതന്നെ നമുക്കിത് മറ്റൊരു രീതിയിൽ നിർമ്മിക്കാൻ കഴിയുമായിരുന്നുവെന്നുമാണ്” അദ്ദേഹം നിരീക്ഷിക്കുന്നത്.  അങ്ങനെ ഈ ലോകം നിർമ്മിക്കപ്പെട്ടതാണെങ്കിൽ, ആരാണ് അത് നിർമ്മിച്ചത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. 

എങ്കിലും, 2023-ൽ മാറ്റിസ് മാസ്സ് (Matis Mass) രചിച്ച ‘എ ഐ രൂപകങ്ങളെക്കുറിച്ചുള്ള ഒരു സാഹിത്യ അവലോകനവും നയരൂപീകരണത്തിൽ അവയുടെ പ്രാധാന്യവും’ (a literature review of AI metaphors and why they matter for policy) എന്ന തലക്കെട്ടുള്ള ഒരു പ്രബന്ധം, എ ഐ സാങ്കേതികവിദ്യയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിട്ടുള്ള അൻപത്തിയഞ്ചോളം ഉപമകളുടെ (analogies) ഒരു പട്ടിക നമുക്ക് നൽകുന്നുണ്ട്. ഇതൊരു സമഗ്ര പട്ടികയല്ലെന്നത് (non-exhaustive) പ്രത്യേകം ശ്രദ്ധിക്കുക.

പ്രസ്തുത പട്ടികയിൽ എനിക്ക് രസകരമായി തോന്നിയതും പ്രത്യേകം പരാമർശിക്കേണ്ടതുമായ ചില ഉപമകൾ ഉണ്ടായിരുന്നു. അവയിൽ ഒന്ന് എഐ ഒരു അമാനുഷിക ശക്തിയാകുന്നു (ദൈവത്തെപ്പോലുള്ളതോ പൈശാചികമോ ആയ ഒന്ന്) എന്നതാണ്. മറ്റു ഉപമകൾ മറഞ്ഞിരിക്കുന്ന മനുഷ്യ പ്രയത്നം, നമ്മുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന ഒരു വസ്തു അഥവാ കണ്ണാടി, അല്ലെങ്കിൽ ‘നമ്മുടെ സൃഷ്ടി’ എന്നിങ്ങനെ നീണ്ട് പോകുന്നു. പക്ഷെ ‘നമ്മുടെ സൃഷ്ടി’ എന്ന് പറയുമ്പോൾ ആരാണ് ഈ ‘നമ്മൾ’? ആ പട്ടികയിലെ മറ്റ് ചില ഉപമകളിൽ എ ഐ യെ ഒരു ആയുധം അഥവാ കൊലയാളി റോബോട്ട് ആയും, ഒരു വൻ നശീകരണ ആയുധമായും, വൈദ്യുതി, തീ, അല്ലെങ്കിൽ ഇന്റേണൽ കംബസ്ഷൻ എഞ്ചിൻ പോലെ പൊതുവായ മാറ്റങ്ങൾക്ക് കഴിവുണ്ടാക്കുന്ന ഒരു സാങ്കേതികവിദ്യയായും, അവസാനമായി, ഒരു പാരിസ്ഥിതിക മലിനീകാരിയായും വരെ വിശേഷിപ്പിക്കുന്നുണ്ട്. എ ഐ യെ (AI) പലതരം ഉപകരണങ്ങളായി (tools) കാണുന്നതിന് പകരം, അതിനെ ജലവിതരണ ശൃംഖല, വൈദ്യുതി ഗ്രിഡ്, ഹൈവേ സംവിധാനം, അല്ലെങ്കിൽ (ഒരുകാലത്ത് ‘വിവര അതിവേഗ പാത’ എന്ന് വിശേഷിപ്പിക്കപ്പെട്ട) ഇന്റർനെറ്റ് പോലെയുള്ള ഒരു പൊതു ഉപയോഗ സംവിധാനമായോ (utility) അടിസ്ഥാന സൗകര്യമായോ (infrastructure) കണക്കാക്കിയാൽ എന്തായിരിക്കും അതിന്റെ പ്രത്യാഘാതങ്ങൾ?

തീർച്ചയായും എ ഐ യെ (AI) നമുക്ക് പല രീതികളിൽ മനസ്സിലാക്കാം. ഒരാൾക്ക് എ ഐ യെ പൊതുവായി (അതിന്റെ റോബോട്ടിക് രൂപങ്ങൾ ഉൾപ്പെടെ) പരിഗണിക്കാവുന്നത് പോലെ മറ്റു ചിലർക്ക് മെഷീൻ ലേണിംഗ് പോലുള്ള പ്രത്യേക സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. എങ്ങനെയാണെങ്കിലും ഈ പ്രതിഭാസത്തെ സാമൂഹിക-സാങ്കേതിക (sociotechnical) സംജ്ഞകളിൽ കൂടി പരിഗണിക്കേണ്ടതുണ്ട്.  എ ഐ യെ കേവലം ഒരു ‘സാങ്കേതിക’ (technical) വിഷയമായി മാത്രം കാണുന്നതും സാങ്കേതിക പദങ്ങളിൽ മാത്രം ചിന്തിക്കുന്നതും ഗൗരവമേറിയ പ്രശ്നമാണ്. മറിച്ച് അതിനെ ഒരു ‘സാമൂഹിക-സാങ്കേതിക’ (sociotechnical) വിഷയമായിട്ട് കൂടെ കാണേണ്ടതുണ്ട്. സാങ്കേതികമായി മാത്രം ചിന്തിക്കുമ്പോൾ പ്രസ്തുത മനുഷ്യ-യന്ത്ര സംവിധാന (human-machine assemblage)  സാങ്കേതികവിദ്യ ഉയർന്നുവരുന്ന സാമൂഹിക പശ്ചാത്തലത്തെ നാം അവഗണിക്കുകയോ മാറ്റിനിർത്തുകയോ ചെയ്യുന്നു. 

കുറച്ച് കൂടി സൂക്ഷ്മമായി വായിക്കുകയാണെങ്കിൽ ‘സാമൂഹിക പശ്ചാത്തലം’ എന്നത് പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ഘടകങ്ങൾ ചേർന്നതാണ്. അതിനാൽ, എ ഐ യെയും അതുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളെയും നാം ‘സാങ്കേതികവിദ്യയുടെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ’യുടെ (political economy of technology) അടിസ്ഥാനത്തിൽ കൂടെ മനസിലാക്കേണ്ടതുണ്ട്. അതിനോടൊപ്പം സാങ്കേതികവിദ്യകളെ തന്നെ ആധുനിക കൊളോണിയൽ ലോക വ്യവസ്ഥയിൽ നിലനിൽക്കുന്ന അസന്തുലിതമായ വിഭവ-ഊർജ്ജ കൈമാറ്റത്തിന്റെ (asymmetric metabolic flow) സാഹചര്യത്തിൽ നിന്ന് കൊണ്ട് നാം വിശകലന വിധേയമാക്കണം. ഇതിലൂടെ നാം ‘രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ’ എന്നതിലുപരി ‘രാഷ്ട്രീയ പാരിസ്ഥതികത’യുടെ (political ecology) പ്രാധാന്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

‘ആർട്ടിഫിഷ്യൽ വൈറ്റ്‌നെസ്: പൊളിറ്റിക്‌സ് ആൻഡ് ഐഡിയോളജി ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന തന്റെ പുസ്തകത്തിൽ, യാർഡ് കാറ്റ്സ് (Yar[d] Katz) എ.ഐയുടെ രാഷ്‌ട്രീയ മാനങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. സാമ്രാജ്യത്വ, കൊളോണിയൽ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു രാഷ്ട്രീയ-സാമ്പത്തിക ഉപകരണം എന്നതിനൊപ്പം വംശീയതയുടെ, പ്രത്യേകിച്ചും ‘വെള്ളനിറത്തിന്റെ’ (whiteness) അസ്ഥിരവും അവ്യക്തവുമായ ഘടനയെ അനുകരിക്കുന്ന ഒരു പ്രത്യയശാസ്ത്രം (ideology) എന്ന നിലയിലും എ ഐ യെ (AI) നാം മനസിലാക്കണമെന്ന് അദ്ദേഹം വാദിക്കുന്നു. ഇവിടെ ‘വെള്ളനിറം’ (whiteness) എന്നതിനെ രണ്ട് അർത്ഥങ്ങളിൽ മനസ്സിലാക്കണം: ഒന്നാമതായി, മറ്റ് വംശീയ അടയാളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആധിപത്യം പുലർത്തുന്ന ഒരു സാമൂഹിക സ്വത്വം എന്ന നിലയിൽ. രണ്ടാമതായി, സമൂഹത്തിൽ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന, അദൃശ്യവും ചോദ്യം ചെയ്യപ്പെടാത്തതുമായ ഒരു ‘സാധാരണ’ നിലവാരമായും (tacit invisible background standard).

എ ഐ (AI) എന്നത് സഹജമായി കൊളോണിയൽ സ്വഭാവമുള്ള ഒന്നല്ല എന്ന വാദത്തെ തത്വത്തിൽ അംഗീകരിക്കാവുന്നതാണ്. പക്ഷെ അത് കേവലം ഒരു സാങ്കേതികവിദ്യക്കപ്പുറം പ്രത്യേക ചരിത്ര സാമൂഹിക സാഹചര്യങ്ങൾ കൂടിച്ചേർന്നുണ്ടായ ഒരു സാമൂഹിക-സാങ്കേതിക നിർമ്മിതിയാണല്ലോ (sociotechnical assemblage). സമകാലിക എ.ഐ യുടെ സ്ഥാപനത്തിലും സ്വാഭാവികമായും ഭാവി വികാസങ്ങളിലും പ്രധാന പങ്ക് വഹിക്കുന്നത് ആധുനിക കൊളോണിയൽ ലോക വ്യവസ്ഥയിലെ പ്രബല ശക്തികളാണ്. പ്രസ്തുത ശക്തികൾ നൽകുന്ന ദിശയും വേഗതയും പരിഗണിക്കുമ്പോൾ, എ ഐ യുടെ മുഖ്യധാരാ രൂപങ്ങൾ തീർച്ചയായും കൊളോണിയൽ സ്വഭാവമുള്ളതാണ്. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. എ ഐ – പ്രത്യേകിച്ചും മെഷീൻ ലേണിംഗ് പോലുള്ള പുതിയ രൂപങ്ങളിൽ – പ്രവർത്തിക്കുന്നത് അതിവിപുലമായ ഡാറ്റാ സെറ്റുകളെ ആശ്രയിച്ചാണ്. ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT) പോലെയുള്ള, നമ്മുടെ ചുറ്റുമുള്ള സർവ്വവ്യാപിയായ കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഈ വിവരശേഖരണം സാധ്യമാക്കുന്നത്. പോൾ ഡോറിഷ്, സ്കോട്ട് മെയിൻവെയറിംഗ് തുടങ്ങിയ ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്, ഇത്തരത്തിലുള്ള കമ്പ്യൂട്ടിംഗ് രീതിയുടെ അടിസ്ഥാന പ്രേരണ തന്നെ കൊളോണിയൽ  (colonial impulse) ആണ് എന്നാണ്. അങ്ങനെ വരുമ്പോൾ, എഐയും സ്വാഭാവികമായും കൊളോണിയൽ ആയിത്തീരുന്നു.

എ ഐ യുടെ ചരിത്രപരമായ വികാസം പരിശോധിച്ചാൽ അതിനെ സാമ്രാജ്യത്വത്തിന്റെയും കൊളോണിയലിസത്തിന്റെയും ഒരു ഉപകരണമായും പ്രത്യയശാസ്ത്രമായും വിലയിരുത്തുന്നതിൽ തെറ്റില്ല. എ ഐ ഒരു ‘ഉപകരണം’ മാത്രമാണെന്ന മിഥ്യാധാരണ തിരുത്തപ്പെടേണ്ടതുണ്ട്.  അതൊരു ‘സാമൂഹിക-സാങ്കേതിക സംവിധാനമാണ്’ അഥവാ ‘അടിസ്ഥാന സൗകര്യമാണ്’ (infrastructure) എന്ന് നാം തിരിച്ചറിയണം. അതിനുമപ്പുറം, ഞാൻ മുന്നോട്ടുവെക്കാൻ ആഗ്രഹിക്കുന്ന ഒരു ആശയം കൂടിയുണ്ട്: എ ഐ എന്നത് ‘വെള്ളക്കാരുടെ ആധിപത്യത്തിന്’ (white supremacy) നേരെയുണ്ടാകുന്ന, വെള്ളക്കാരല്ലാത്തവരുടെ ചെറുത്തുനിൽപ്പുകളോടുള്ള (non-white contestation) ഒരു പ്രതികരണമായിരിക്കാം എന്നതാണത്.  തങ്ങളുടെ ആഗോള ആധിപത്യം (white hegemony) നിലനിർത്താനും, വികസിപ്പിക്കാനും കൂടുതൽ ശക്തമാക്കാനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായും ഇതിനെ മനസിലാക്കാം.

ഡാൻ മക്മില്ലൻ തന്റെ ‘റെസിസ്റ്റിംഗ് എ ഐ: ആൻ ആന്റി-ഫാസിസ്റ്റ് അപ്രോച്ച് ടു ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന പുസ്തകത്തിൽ നടത്തുന്ന ചില നിരീക്ഷണങ്ങൾ ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. എ. ഐ എന്നത് സാമൂഹിക സംഘാടന മാതൃകയും രാഷ്ട്രീയ പദ്ധതിയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അത് നിലവിലുള്ള ഘടനാപരവും സാംസ്കാരികവുമായ അക്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും (condenser) മക്മില്ലൻ കൂട്ടിചേർക്കുന്നുണ്ട്. ഈ വാദങ്ങളെല്ലാം അംഗീകരിക്കുമ്പോൾ തന്നെ,എ ഐ യെ ഒരു ‘ലോകാവസാന’ (apocalyptic) ശക്തിയായി കാണുന്നതിന് പകരം, അതിനെ അതിശക്തമായ ഒരു ‘ഉദ്യോഗസ്ഥ സംവിധാനം’ (supercharged bureaucratic) ആയാണ് മനസ്സിലാക്കേണ്ടത് എന്ന അദ്ദേഹത്തിന്റെ നിലപാടിനോട് എനിക്ക് വിയോജിപ്പുണ്ട്. തീർച്ചയായും എ ഐ യെ ഒരു ഉദ്യോഗസ്ഥ സംവിധാനമായി കാണുന്ന വായനകൾക്ക് അതിന്റേതായ മൂല്യവും പ്രാധാന്യവുമുണ്ട്. പ്രത്യേകിച്ചും, ഭരണകൂട സംവിധാനങ്ങളുമായി (state formations) എ ഐ സാങ്കേതികവിദ്യക്ക് ‘ജൈവരാഷ്ട്രീയ’ (biopolitical) തലത്തിലും ‘മരണരാഷ്ട്രീയ’ (necropolitical) പരമായുമുള്ള സങ്കീർണ്ണമായ ഈടപാടുകളെ (entanglement) കണക്കിലെടുക്കുമ്പോൾ പ്രസ്‌തുത വായനകൾ പ്രസക്‌തവുമാണ്.

ഇവിടെ ഞാൻ മുന്നോട്ട് വെക്കുന്ന ആശയമെന്തെന്നാൽ, നമ്മൾ രാഷ്ട്രീയത്തിൽ – കൂടുതൽ വ്യക്തമായി പറഞ്ഞാൽ ‘പരമാധികാരം’ (sovereignty) എന്ന വിഷയത്തിൽ –  ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അത് നമ്മെ ‘രാഷ്ട്രീയ ദൈവശാസ്ത്രവുമായി (political theology) ഇടപെടുവാൻ നിർബന്ധിതരാക്കുമെന്നതാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ (times of crisis) ഈ ‘രാഷ്ട്രീയ ദൈവശാസ്ത്രം’ എന്നത് കേവലം ഒരു സിദ്ധാന്തമായി ഒതുങ്ങാതെ, യഥാർത്ഥ രാഷ്ട്രീയ രൂപങ്ങൾ (political form) കൈവരിക്കുമെന്നതും പ്രധാനമാണ്.

എ ഐ യെ (AI) പോലെ തന്നെ, ‘രാഷ്ട്രീയ ദൈവശാസ്ത്രത്തെയും (political theology) പല രീതികളിൽ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും സാധിക്കും. അതിൽ മുൻമാതൃകകളും നമുക്കുണ്ട്. കാൾ ഷ്മിറ്റിന്റെ (Carl Schmitt) പ്രശസ്‌തമായ കൃതി – ‘പൊളിറ്റിക്കൽ തിയോളജി: ഫോർ ചാപ്റ്റേഴ്സ് ഓൺ ദി കോൺസെപ്റ്റ് ഓഫ് സോവറിൻറ്റി’ (Political Theology: Four Chapters on the Concept of Sovereignty) മുന്നോട്ട് വെച്ച രണ്ട് വാദങ്ങൾ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു.

ഒന്നാമത്തേത് പരമാധികരത്തെ കുറിച്ച വിവക്ഷയാണ്. “അസാധാരണ സാഹചര്യത്തിൽ (the exception) ആരാണോ തീരുമാനം എടുക്കുന്നത്, അവനാണ് പരമാധികാരിയെന്ന് (sovereign)” ഷ്മിറ്റ് വാദിക്കുന്നു. രണ്ടാമത്തേത് ആധുനിക ഭരണകൂട സിദ്ധാന്തത്തിലെ (modern theory of the state) എല്ലാ സുപ്രധാന ആശയങ്ങളും (significant concepts) മതേതരവൽക്കരിക്കപ്പെട്ട (secularized) ദൈവശാസ്ത്ര ആശയങ്ങളാണ് (theological concepts)”  എന്ന നിരീക്ഷണമാണ്. അഥവാ, ലൗകിക കാര്യങ്ങളിൽ (worldly affairs) പണ്ട് ദൈവത്തിനുണ്ടായിരുന്ന അതേ സ്ഥാനമാണ് ഇന്ന് ഭരണകൂട പരമാധികാരം (state sovereign) ഏറ്റെടുക്കുന്നത്. ലോകക്രമത്തെ മാറ്റിമറിച്ച കൊളംബസിന്റെ 1492 CE മുതൽക്കുള്ള അധിനിവേശ യാത്രകളെ കുറിച്ച് ഷ്മിറ്റ് തന്റെ പിൽക്കാല കൃതികളിൽ ചർച്ച ചെയ്യുന്നുണ്ട്. അദ്ദേഹം പ്രസ്തുത കൃതികളിൽ ‘കറ്റക്കോൺ’ (katechon) എന്ന ഒരു ക്രിസ്തീയ സങ്കല്പം ഉപയോഗിക്കുന്നതായി കാണാം.  അന്തിക്രിസ്തുവിന്റെ (antichrist) ശക്തികളെ തടഞ്ഞുനിർത്തുന്ന ഭൗതിക ലോകത്തെ അധികാരിയെയാണ് (worldly authority) ‘കറ്റക്കോൺ’ എന്ന് വിശേഷിപ്പിക്കുന്നത്.

1492-നെക്കുറിച്ചുള്ള ഷ്മിറ്റിന്റെ വിശകലനം അതിനു മുമ്പേ നിലനിന്നിരുന്നതും പരസ്പരം ബന്ധമുള്ളതുമായ രണ്ട് പ്രധാന പ്രതിഭാസങ്ങളെ കാണാതെ പോകുന്നുണ്ട്. ‘സഹസ്രാബ്ദവാദം’ (millennialism), ‘കുരിശുയുദ്ധ മനോഭാവം’ (crusading) എന്നിവയുമായി 1492-ലെ അധിനിവേശങ്ങൾക്കുണ്ടായിരുന്ന ഇടപാടുകൾ (entanglement) അദ്ദേഹം പരിഗണിക്കുന്നേയില്ല. ഈ രണ്ട് ആശയങ്ങളാകട്ടെ, സാക്ഷാൽ ക്രിസ്റ്റഫർ കൊളംബസിന്റെ തന്നെ രാഷ്ട്രീയ-ദൈവശാസ്ത്രപരമായ നിലപാടുകളെ (political theological orientation) രൂപപ്പെടുത്തിയവയുമാണ്.

സ്ലോവേനിയൻ ചരിത്രകാരനായ തോമസ് മസ്നാക്കും (Thomas Masnak) മറ്റു പ്രമുഖ പണ്ഡിതരും ചൂണ്ടിക്കാട്ടിയതു പോലെ ഇസ്‌ലാം വിരുദ്ധതയാണ് കുരിശുയുദ്ധങ്ങൾക്ക് (crusading)  അടിസ്ഥാനമായി വർത്തിച്ചത്. 1095-ൽ ആരംഭിച്ച കുരിശുയുദ്ധങ്ങളുടെ ഇസ്ലാം-വിരുദ്ധമായ (anti-Islamicate) അടിത്തറ, ക്രിസ്തീയ രാഷ്ട്രീയ രൂപീകരണത്തിൽ വഹിച്ച (Christian polity formation) പങ്കുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ വളരെ നിർണ്ണായകമായ പ്രാധാന്യമുള്ളവയാണ് (decisive significance). ഈ ക്രിസ്തീയ രാഷ്ട്രീയ രൂപീകരണം തുടർന്ന് ‘ക്രൈസ്തവലോകവും’ (Christendom), അതിൽ നിന്ന് ‘യൂറോപ്പും’, പിന്നീട് ‘പാശ്ചാത്യലോകവുമൊക്കെയായി (the West) മാറുന്നുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ അതിനെ  ‘ഗ്ലോബൽ നോർത്ത്’ (the Global North) എന്നും വിളിക്കാവുന്നതാണ്.പിൽക്കാല സാമ്രാജ്യത്വ കൊളോണിയൽ സംരംഭങ്ങൾക്ക് (later imperial colonial ventures) മുൻ മാതൃകകൾ (template) നൽകാൻ കുരിശുയുദ്ധങ്ങൾക്ക് സാധിച്ചുവെന്നതും ചേർത്ത് മനസിലാക്കുക.

സമകാലിക സാങ്കേതികവിദ്യയിൽ കേന്ദ്രീകൃതമായി (technocentric) ആധുനിക കൊളോണിയൽ ലോകക്രമത്തിനുള്ളിൽ ഉടലെടുക്കുന്ന സംരംഭങ്ങൾ ഇതിൻ്റെ തുടർച്ചയാണ്. ഈ ലോകക്രമം വിപുലമായ ഡാറ്റാവത്ക്കരണത്തിനും (expansionist datification), അൽഗോരിതവത്ക്കരണത്തിനുമൊപ്പം (algorithmization) വിവിധ മേഖലകളിലെ നിരീക്ഷണത്തിനും (sectoral surveillance), സുരക്ഷാവൽക്കരണത്തിനും (securitization) സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ AI-യുടെയും ഇന്റർനെറ്റ് ഓഫ് തിംഗ്സ് പോലുള്ള അനുബന്ധ സാങ്കേതികവിദ്യകളുടെയും വികസനവും വിന്യാസവുമായി കെട്ടുപിണഞ്ഞുകിടക്കുകയും അവയാൽ ശാക്തീകരിക്കപ്പെടുകയും ചെയ്യുന്നു.  

ഇസ്ലാമോഫോബിയ എന്നത് കുരിശുയുദ്ധങ്ങളുടെ ഒരു തുടർച്ചയോ വളർച്ചയോ (outgrowth) ആണെന്ന് ഞാൻ മറ്റ് പല സന്ദർഭങ്ങളിലായി സൂചിപ്പിച്ചിട്ടുണ്ട്. ‘ഭീകരതയ്‌ക്കെതിരായ യുദ്ധ’മെന്ന (War on Terror) സമകാലിക ആഗോള പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമോഫോബിയയുടെ അർത്ഥം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഈയൊരു കാഴ്ചപ്പാട് (framing) നമ്മെ സഹായിക്കുന്നുവെന്നതിനാൽ പ്രസ്തുത നിരീക്ഷണത്തിന് പ്രസക്തിയുണ്ടെന്നും (utility) ഞാൻ കരുതുന്നു.

സഹസ്രാബ്ദവാദ’ത്തെക്കുറിച്ച് (millennialism) ചർച്ച ചെയ്യുമ്പോൾ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടവും കത്തോലിക്കാ ആബട്ടായിരുന്ന ജോക്കിം ഓഫ് ഫിയോറിന്റെ (Joachim of Fiore)  സിദ്ധാന്തത്തിലേക്കും ശ്രദ്ധ ക്ഷണിക്കേണ്ടതുണ്ട്. ലോകാവസാനത്തിന് തൊട്ടുമുമ്പായി, ഈ ഭൂമിയിൽ തന്നെ ‘ആനന്ദത്തിന്റെ യുഗം’ (an age of earthly bliss) വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. അന്ത്യവിധി ഉടൻ തന്നെ ഈ ലോകത്ത് സംഭവിക്കും (full immanentization) എന്നൊരു വാദമായിരുന്നില്ല അതെങ്കിലും, കാലക്രമേണ (in the course of time) അന്ത്യവിധിയെ (escaton) പ്രതീക്ഷിക്കാനുള്ള സാധ്യത ഫിയോർ തുറന്നിട്ടു. ത്രിത്വത്തെ (trinity) പിതാവിന്റെ യുഗം, പുത്രന്റെ യുഗം, ആത്മാവിന്റെ യുഗം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി തിരിച്ച ശേഷം അവ ചരിത്രത്തിൽ തന്നെ വെളിപ്പെടുമെന്നും  (unfolding in history) അദ്ദേഹം വാദിച്ചു. 

ഞാൻ മുമ്പും വാദിച്ചിട്ടുള്ളതുപോലെ  പാശ്ചാത്യ ക്രിസ്തുമത ചരിത്രത്തിൽ ജോക്കിം ഓഫ് ഫിയോറിന് (Joachim of Fiore) നിർണ്ണായകമായ സ്ഥാനമുണ്ട്. അതിന് പല കാരണങ്ങളുണ്ടെങ്കിലും അവയിൽ രണ്ടെണ്ണം ഇവിടെ ഏറെ പ്രസക്തമാണ്.  ഒന്നാമതായി, അദ്ദേഹത്തിന്റെ ദൈവശാസ്ത്രമാണ് ക്രിസ്റ്റഫർ കൊളംബസിൻ്റെ അധിനിവേശ യാത്രകൾക്ക് പ്രചോദനമായത്. ‘പുതിയ ലോകം’ കീഴടക്കാൻ (new world conquest) ഇറങ്ങിപ്പുറപ്പെട്ട കൊളംബസ് ‘മിശിഹയുടെ കുരിശുയോദ്ധാവായാണ്’ (messianic crusader) സ്വയം തന്നെ കണ്ടിരുന്നത്. മുസ്‌ലിം ‘അവിശ്വാസികളിൽ’ (infidel) നിന്ന് ജെറുസലേം മോചിപ്പിക്കുക എന്നതായിരുന്നു അയാളുടെ ആത്യന്തിക ലക്ഷ്യം. രണ്ടാമതായി, ജോക്കിമിന്റെ ‘മൂന്ന് യുഗങ്ങളെ’ക്കുറിച്ചുള്ള സിദ്ധാന്തമാണ് (doctrine of the three ages). ചരിത്രകാരനായ ഡേവിഡ് എഫ്. നോബിൾ (David F. Noble) ‘സാങ്കേതികവിദ്യയുടെ മതം’ (religion of technology) എന്ന് വിശേഷിപ്പിക്കുന്നതുമായി അത് ആഴത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. ജോക്കിമിന്റെ സിദ്ധാന്തത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ ‘ആത്മാവിന്റെ യുഗം’ (age of the spirit), എ ഐ (AI) ഉയർന്നുവന്ന സമകാലിക ‘വിവര സാങ്കേതികവിദ്യാ യുഗത്തെ’ (contemporary information age) മുൻകൂട്ടി സൂചിപ്പിച്ച ഒന്നാണെന്ന് വാദിക്കാവുന്നതാണ്.

ഡേവിഡ് എഫ്. നോബിൾ

നോബിളിന്റെ അഭിപ്രായത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ മധ്യകാലങ്ങളിൽ സാങ്കേതികവിദ്യ ഉയർന്നുവന്ന കാലം മുതൽക്കേ അത് മതവുമായി –  പ്രത്യേകിച്ചും ക്രിസ്തുമതവുമായി –  കുറഞ്ഞത് രണ്ട് രീതിയിലെങ്കിലും ബന്ധപ്പെട്ടിരുന്നു. ഒന്നാമതായി, മനുഷ്യന്റെ പതനത്തിനു മുമ്പ് (pre-lapsarian) ആദാമിനുണ്ടായിരുന്ന പൂർണ്ണതയുടെ അവസ്ഥയിലേക്ക് – അതായത് ആ പഴയ അറിവിന്റെയും ഉണ്മയുടെയും അവസ്ഥയിലേക്ക് – മനുഷ്യരാശിയെ തിരികെ എത്തിക്കാനുള്ള ക്രിസ്തീയ ആഗ്രഹങ്ങളിൽ സാങ്കേതികവിദ്യക്ക് സ്ഥാനമുണ്ടായിരുന്നു (ഈ ലക്ഷ്യം പതിനേഴാം നൂറ്റാണ്ട് ആവുമ്പോഴേക്കും  ദൈവികത തന്നെ കൈവരിക്കുക എന്നതിലേക്ക് വഴിമാറുന്നുണ്ട്). രണ്ടാമതായി, പതിമൂന്നാം നൂറ്റാണ്ട് മുതൽ യേശുവും തിന്മയുടെ ശക്തികളായ അന്തിക്രിസ്തുവും തമ്മിലുള്ള അന്തിമമായ പോരാട്ടത്തിൽ സാങ്കേതികവിദ്യ അനിവാര്യമാണെന്ന് കരുതപ്പെട്ടു. ഈ യുദ്ധത്തിന്റെ വിജയമായിരിക്കും നിത്യമായ സ്വർഗ്ഗരാജ്യത്തിന് (eternal heavenly kingdom) തുടക്കമിടുന്നതെന്നും വാദങ്ങളുണ്ടായിരുന്നു. പാശ്ചാത്യ ക്രിസ്ത്യൻ ചരിത്രത്തിൽ അന്തിക്രിസ്തുവായി പലരെയും (ഉദാഹരണത്തിന്, കത്തോലിക്കാ മാർപ്പാപ്പയെ) അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇസ്‌ലാമിക ചരിത്രത്തിലെ പ്രവാചകൻ മുഹമ്മദ് (സ), സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി തുടങ്ങിയവരെയും മുസ്‌ലിംകളെ പൊതുവായും  ലോകാവസാന രൂപമായ അന്തിക്രിസ്തുവായി (apocalyptic figure of the antichrist) സ്ഥിരമായി ചിത്രീകരിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടത് നിർണായകമാണ്.

സാങ്കേതികവിദ്യ – വിശേഷിച്ചും അതിന്റെ പ്രബലമായ പാശ്ചാത്യ രൂപം- ‘ദൈവവൽക്കരണത്തെ’ (divinization) ആഗ്രഹിക്കുന്നതിനാപ്പം (ദൈവത്തെപ്പോലെയാകാനല്ല, മറിച്ച് ദൈവം തന്നെ ആകാനുള്ള അഭിലാഷം) അന്തിക്രിസ്തുവിനെതിരായ യുദ്ധത്തെക്കുറിച്ചും സ്വപ്നം കാണുന്നുവെങ്കിൽ, മുസ്‌ലിംകളെ അന്തിക്രിസ്തുവായി ചിത്രീകരിക്കുന്ന ആ പഴയ ചരിത്ര പശ്ചാത്തലം ഒരു നിർണ്ണായക ഘടകമാണ്. പ്രത്യേകിച്ചും വംശഹത്യ നടക്കുന്ന (genocidal moment) നമ്മുടെ ഈ കാലഘട്ടത്തിൽ എ ഐ യെ (AI) നാം ഷ്മിറ്റിന്റെ ‘കറ്റക്കോൺ’ (katechon) എന്ന ആശയവുമായി ചേർത്തുവെച്ച് മനസ്സിലാക്കേണ്ടതുണ്ട്.

സാങ്കേതികവിദ്യയിൽ കേന്ദ്രീകൃതമായ ഈ കൊളോണിയൽ ആധുനികതയിൽ (late technocentric colonial modernity), എ ഐ എന്നത് ‘വൈറ്റ് ക്രൈസിസ്’ (white crisis) പ്രതിഭാസത്തോടുള്ള അപോകലിപ്റ്റിക് (apocalyptic) പ്രതികരണമായാണ് നാം മനസിലാക്കേണ്ടത്. വെള്ളക്കാരുടെ ആധിപത്യത്തെ (hegemony of whiteness) വെല്ലുവിളിക്കുന്ന വെള്ളക്കാരല്ലാത്തവരുടെ ചെറുത്തുനിൽപ്പുകൾക്കെതിരെ (non-white contestation) അധീശത്വ ശക്തികൾ (dominant power) ഉപയോഗിക്കുന്ന സങ്കീർണ്ണമായ ഒരു ‘മനുഷ്യ-യന്ത്ര സംവിധാനമായി’ (entangled human-machine assemblage) അത് രൂപാന്തരപ്പെടുന്നുണ്ട്.  എല്ലാത്തിലുമുപരി ഇസ്‌ലാമോഫോബിയയിലൂടെ മുസ്‌ലിംകൾക്കെതിരെയാണ് അത് ആത്യന്തികമായി തിരിയുന്നത്.

തത്വചിന്തകനായ മാർട്ടിൻ ഹൈഡഗറുടെ (Martin Heidegger) ‘ഓന്റോ-തിയോളജി’ (onto-theology) എന്ന ആശയത്തെ അടിസ്ഥാനമാക്കി  എ ഐ യെ (AI) ‘വംശീയവൽക്കരിക്കപ്പെട്ട രാഷ്ട്രീയ ദൈവശാസ്ത്ര’മായി (racialized political theology) കാണണമെന്ന് ഞാൻ വാദിച്ചിട്ടുണ്ട്. ‘ഓന്റോ-തിയോളജി’ അഥവാ അതിഭൗതികശാസ്ത്രമെന്നത് (metaphysics) ചരിത്രപരമായി വെളിപ്പെട്ടുവന്ന (historically disclosed) ‘ഉണ്മ’യുടെ (being) പൊതുരീതിയാണ്. ഈ ‘ഉണ്മ’കളുടെ ശ്രേണിയിൽ (hierarchy of beings) ഏറ്റവും മുകളിൽ ദൈവിക പദവിയുള്ള (divine standing) ഒരു അസ്തിത്വം – അതായത് ഒരു ദൈവം – നിലകൊള്ളുന്നു. എങ്കിലും, ഈയിടെയായി എന്റെ ചിന്ത മാറിയിട്ടുണ്ട്. എ ഐ എന്നത് തികച്ചും മാനുഷികമായ (human, all too human) പ്രവർത്തനങ്ങളെ മറച്ചുവെക്കുന്ന ഒരു ‘ഫെറ്റിഷ്’ (fetish masking ) മാത്രമായാണ് ഞാനിപ്പോൾ അതിനെ കാണുന്നത്.

ഈ പശ്ചാത്തലത്തിൽ, ഷ്മിറ്റിന്റെ ‘കറ്റക്കോൺ’ (katechon) എന്ന ആശയത്തിലേക്ക് (അന്തിക്രിസ്തുവിന്റെ ശക്തികളെ തടഞ്ഞുനിർത്തുന്ന ഭൗതിക അധികാരിഎന്ന സങ്കല്പത്തിലേക്ക്) നമുക്ക് മടങ്ങിവരാം. ഈ ‘കറ്റക്കോൺ’ എന്ന ആശയത്തെ ‘സൈബർനെറ്റിക്സ്’ (cybernetics), ‘രാഷ്ട്രീയ ദൈവശാസ്ത്രം’ (political theology) എന്നിവയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ചരിത്രകാരനായ ഡേവിഡ് ബേറ്റ്സ് (David Bates) വളരെ പ്രസക്തമായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അദ്ദേഹം പറയുന്നു : 

“‘കറ്റക്കോൺ’ എന്നത് ഒരിക്കലും ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനമായിരുന്നില്ല (system of centralized control and command). അതുകൊണ്ടുതന്നെ ‘അസാധാരണ തീരുമാനങ്ങൾ’ (exceptional decision) എടുക്കാനോ, ഒരു അധികാര കേന്ദ്രമാകാനോ, എന്തിനേറെ, ആ വ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് ഒരു വിമർശനം (critique) ഉന്നയിക്കാൻ പോലുമോ അതിന് കഴിഞ്ഞിരുന്നില്ല. ആയതിനാൽ ‘കറ്റക്കോൺ’ ഒരിക്കലും ഒരു ‘അതി-പരമാധികാരി’ (super sovereign) ആയിരുന്നേയില്ല.ഇതുപോലെ തന്നെയാണ് എ ഐ യെ ഒരു ‘ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റലിജൻസ്’ (artificial super intelligence) ആയി കാണുന്ന വാദവും”.

ഇതിനർത്ഥം സമകാലിക നിയോ-സൈബർനെറ്റിക് യുഗത്തിൽ (neocybernetic era), ‘കറ്റക്കോണി’നെ (katechon) പൂർണ്ണമായും കണക്കുകൂട്ടലുകളെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അൽഗോരിതമിക് സംവിധാനത്തിലൂടെ (purely calculative or algorithmic assemblage) നടപ്പിലാക്കാൻ സാധ്യമല്ല എന്നതാണ്. കാൾ ഷ്‌മിറ്റ് ചൂണ്ടിക്കാണിക്കുന്നത് പോലെ രാഷ്ട്രീയപരമായ അർത്ഥങ്ങളുള്ള തീരുമാനങ്ങളെ (decision in the political sense) ഒരിക്കലും കേവലം ഒരു യന്ത്രപ്രക്രിയയായോ (mechanism) അൽഗോരിതമിക് കണക്കുകൂട്ടലായോ (algorithmic computation) ചുരുക്കാനാവില്ല 

എൻ്റെ അഭിപ്രായത്തിൽ എ ഐ (AI) ഒരു ‘കറ്റക്കോൺ’ ആയി (cataconic) പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് സ്വന്തമായി നിലനിൽക്കുന്ന ഒരു ശുദ്ധ സാങ്കേതിക വസ്തുവല്ല (autonomous purely technical entity). മറിച്ച് അതൊരു ‘സാമൂഹിക-സാങ്കേതിക സംവിധാനമാണ് (socio technical assemblage).അതായത്, അതൊരു ‘സൈബോർഗ്’ (cyborg) ആവുന്നു.

എസ് ഐ ഒ കേരളയുടെ ‘സയൻസ് ആൻഡ് ടെക്നോളജി ഫെസ്റ്റി’ന്റെ പ്രഖ്യാപന സമ്മേളനത്തിൽ ഡോ. സൈദ് മുസ്തഫ അലി സംസാരിക്കുന്നു.

എ ഐ ഒരു ‘സാമൂഹിക-സാങ്കേതിക സംവിധാനമാണ്’ എന്ന വാദത്തിലും പ്രശ്നങ്ങളുണ്ട്. പ്രസ്തുത സംവിധാനത്തിന്റെ ‘സാമൂഹിക’ ഘടനക്കുള്ളിൽ (social component) തന്നെ വിവിധ മനുഷ്യ വിഭാഗങ്ങൾക്ക് വ്യത്യസ്തമായ സ്ഥാനങ്ങളാണുള്ളത് (differential position). എല്ലാ മനുഷ്യരെയും ‘സമൂഹം’ എന്ന ഒരൊറ്റ അവ്യക്തമായ വിഭാഗത്തിൽ (lumpen category) പെടുത്തി സംസാരിക്കുന്നതിലൂടെ, നിലനിൽക്കുന്ന അധികാര അസമത്വങ്ങളെ (asymmetries of power) അത് സാധാരണവത്കരിക്കുകയോ (flattens out / levels) അവഗണിക്കുകയോ ചെയ്യുന്നുവെന്ന് വാദിക്കാവുന്നതാണ്. ആത്യന്തികമായി സാമൂഹിക വിഭജനങ്ങളെ മറച്ചു വെക്കാനുള്ള പ്രവണത ഈ വിലയിരുത്തലിനുണ്ട്.

മേൽ പരാമർശിത പ്രശ്‌നം  “എ ഐ ഒരു സാമൂഹിക-സാങ്കേതിക സംവിധാനമാണ്” (AI as socio technical assemblage) എന്ന വാദത്തിലുള്ളത് കൊണ്ട് പ്രസ്തുത വാദം കൂടുതൽ വ്യക്തമായി നിർവചിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നു. അഥവാ എ ഐ യെ  സമൂഹത്തിൽ പല രീതിയിൽ അടിച്ചമർത്തപ്പെട്ട സ്ഥാനങ്ങളിൽ (differentially subordinate position) നിൽക്കുന്നവരിൽ നിന്ന് – “ലോകത്തിലെ പതിതരിൽ നിന്ന് ” (wretched of the earth) – അറിവിനെ (intelligence) കവർന്നെടുക്കുകയും (appropriating) സംഭരിക്കുകയും (accumulating) ചെയ്യുന്ന അൽഗോരിതമിക് ഫെറ്റിഷ് ഇടനിലക്കാരനും അടിസ്ഥാന സൗകര്യമായി പ്രവർത്തിക്കുന്ന കൃത്രിമ അവയവവുമായി (infrastructural prosthesis) വ്യാഖ്യാനിക്കാവുന്നതാണ്. ഇപ്രകാരം സമൂഹത്തിൽ ആധിപത്യം പുലർത്തുന്നവരുടെ – ആഗോള വെള്ളക്കാരുടെ ആധിപത്യത്തിന്റെ (global white supremacy) – അറിവും കഴിവും (intelligence) വർദ്ധിപ്പിക്കാനും (amplification) വികസിപ്പിക്കാനും (augmentation) അതിന് കഴിയുന്നു.

അവസാനമായി, ഇത്തരം സംഭവവികാസങ്ങളെ അഭിമുഖീകരിക്കുമ്പോൾ നാം സ്വീകരിക്കുന്ന നിലപാട് എന്താവണം?  വംശീയ കൊളോണിയലിസത്തെയും (racial colonialism) വംശീയ മുതലാളിത്തവുമായി (racial capitalism) അതിനുള്ള ഇടപാടുകളെയും  (entanglement) കുറിച്ചുള്ള രാഷ്ട്രീയ ദൈവശാസ്ത്രപരമായ (political theological) വായനയ്ക്ക് നിലനിൽപ്പുണ്ടെന്ന് നാം പറഞ്ഞു കഴിഞ്ഞു. അതോടൊപ്പം  എ ഐ (AI) എന്നത് യഥാർത്ഥത്തിൽ ‘വെള്ളനിറ’ത്തിന്റെ (whiteness), അഥവാ ‘വെള്ളക്കാരുടെ ആധിപത്യ’ത്തിന്റെ (white supremacy) പുതു ആവർത്തനമാണെന്നതും നമ്മൾ വിശദീകരിച്ചു (iteration).  അപ്രകാരമെങ്കിൽ എ ഐ യെ ഏറ്റവും നന്നായി മനസ്സിലാക്കേണ്ടത് രാഷ്ട്രീയ ദൈവശാസ്ത്രവുമായി ബന്ധപ്പെടുത്തിത്തന്നെയാവുന്നു. മാത്രമല്ല, ഈ പറയുന്ന രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ വേരുകൾ ചെന്നെത്തുന്നത് കുരിശുയുദ്ധങ്ങളുടെ ദീർഘമായ ചരിത്രത്തിലാണ് (long durée of the crusades). സ്വാഭാവികമായും ‘സാങ്കേതിക കുരിശുയുദ്ധ പ്രതിഭാസം’ (technological crusader phenomenon) എന്ന് വിശേഷിപ്പിക്കാവുന്ന എ ഐ യോടുള്ള ശക്തമായ പ്രതികരണങ്ങൾ (response) തികച്ചും അനിവാര്യമായിരിക്കുന്നു (is warranted).

ചരിത്രപരമായി കുരിശുയുദ്ധങ്ങളോടുള്ള മുസ്‌ലിം പ്രതികരണം ജിഹാദായിരുന്നു. അങ്ങനെയെങ്കിൽ, ഒരുപക്ഷേ എ ഐ-ക്കെതിരെ (AI) ഒരു ജിഹാദ് നടത്തേണ്ട സമയമായോ?, അങ്ങനെ പറയുന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? കാരണം, ‘ജിഹാദ്’ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ആളുകൾ സാധാരണയായി ചിന്തിക്കുന്നത് (associate), ഭരണകൂടങ്ങളോ അല്ലാത്ത മറ്റ് ശക്തികളോ (state and or non-state actors) നിശ്ചയിക്കുന്ന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി മുസ്‌ലിം സൈന്യങ്ങൾ നടത്തുന്ന യുദ്ധങ്ങളെക്കുറിച്ചാണ് – അത് പ്രതിരോധപരമോ അല്ലാത്തവയോ ആകാം. (defensive and other wise)

ജിഹാദിനെക്കുറിച്ചുള്ള പൗരാണികവും (classical) ആധുനികവുമായ പണ്ഡിത സാഹിത്യം (scholarly literature) അതിവിപുലമായ ഒന്നാണ്. സ്വാഭാവികമായും ഈ സംഭാഷണത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രസ്തുത സാഹിത്യങ്ങളെ ആഴത്തിൽ ചർച്ച ചെയ്യുക അസാധ്യവുമാണ്. ഒരു വാക്കിന്റെ അർത്ഥത്തെ അതിന്റെ മൂലപദത്തിലേക്ക് മാത്രമായി ചുരുക്കുന്നു (etymological reductionism) എന്നൊരു അപകടസാധ്യതയെ മുൻനിർത്തിക്കൊണ്ട് തന്നെ ‘ജിഹാദ്’ എന്ന പദത്തിന്റെ ഭാഷാപരമായ അർത്ഥം (linguistic meaning) മാത്രം ഞാൻ ഇവിടെ ലളിതമായി ഉപയോഗിക്കുകയാണ്.  അതായത്, ‘സമരം’ (struggle), അല്ലെങ്കിൽ ‘പരിശ്രമം’ (striving), ‘കഠിന പ്രയത്നം’ (exertion of effort) എന്നിങ്ങനെയുള്ള അതിന്റെ അനുബന്ധ (cognates) അർത്ഥങ്ങൾ.

ഈയൊരു ഭാഷാപരമായ അർത്ഥത്തിന്റെ അടിസ്ഥാനത്തിലും, കൊളോണിയൽ കാലഘട്ടത്തിന് ശേഷം (postcolonial era) വെള്ളക്കാരുടെ ആധിപത്യത്തിനെതിരെ (white supremacy) ‘ജിഹാദ്’ (സമരം) നയിച്ച ശഹീദ് മാൽക്കം എക്സിന്റെ (അൽഹാജ് മാലിക് ഷബാസ്) പാരമ്പര്യത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ചും ഞാൻ മുന്നോട്ട് വെക്കുന്ന നിലപാട് ഇതാണ്:  എ ഐ-ക്കെതിരായ ജിഹാദ് ആശയപരമായും (discursively) ഭൗതികമായുമുള്ള (materially) സമരരൂപങ്ങൾ കൈകൊള്ളണം. ചുരുക്കിപ്പറഞ്ഞാൽ,ഏത് വിധേനയും പൊരുതണം (by any means necessary).

നന്ദി

ഡോ. സൈദ് മുസ്തഫ അലി