Campus Alive

ഫിത്റ: ഇമാം ഇബ്‌നു ആശൂറിന്റെ ചിന്തകളിൽ

ആധുനിക മഖാസിദി പണ്ഡിതന്മാരിൽ ഏറ്റവും വിശ്രുതനാണ് ഇമാം ത്വാഹിർ ഇബ്നു ആശൂർ (റ). 1879-ൽ ജനിച്ച് 1973-ൽ വഫാത്തായ അദ്ദേഹം ഇമാം ജുവൈനി, ഇസ്സു ഇബ്നു അബ്ദുസലാം, ഇമാം ശാത്വിബി എന്നിവരോടൊപ്പം ഇൽമുൽ മഖാസിദിലെ നാല് ഇമാമുമാരിൽ ഒരാളായും ഇമാം ശാത്വിബിക്ക് (റ) ശേഷം മഖാസിദ് സാഹിത്യങ്ങളിൽ ഏറ്റവും അധികം സംഭാവന നൽകിയ പണ്ഡിതൻമാരിൽ ഒരാളായും കണക്കാക്കപ്പെടുന്നു. അറബി ഭാഷയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അഗാധമായ പാണ്ഡിത്യത്തിന് ഉടമയായിരുന്ന അദ്ദേഹം തുനീഷ്യയിലെ രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളിലെ പലവിധ നവോത്ഥാനങ്ങൾക്ക് ധിഷണാപരവും നേതൃപരവുമായ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ സുപ്രധാന കൃതിയായ മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ (Treatise on Maqasid al Sharia) എന്ന ഗ്രന്ഥം ഇമാം ശാത്വിബിയുടെ മഖാസിദീ ചിന്തകളുടെ വിപുലനവും തുടര്‍ച്ചയുമായാണ് മനസ്സിലാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ കാലത്തെ സജീവ രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളുമായി ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് തന്നെയാണ് മഖാസിദി പഠനങ്ങള്‍ അദ്ദേഹം വികസിപ്പിച്ചെടുക്കുന്നത്. അദ്ദേഹത്തിന്റെ മൗലികമായ ചിന്തകളെല്ലാം വികാസം പ്രാപിച്ചിട്ടുള്ളത് മഖാസിദുകളുടെ അടിസ്ഥാനത്തിലാണ് എന്ന് കാണാൻ സാധിക്കും. ‘ഹിഫ്ളുൽ ഫിത്റ’ അഥവാ മനുഷ്യ പ്രകൃതിയുടെ സംരക്ഷണത്തെ മുൻനിർത്തിയുള്ള മഖാസിദി വായനകളും ചിന്തകളും ഇമാം ഇബ്നു ആശൂർ എങ്ങനെയാണ് മുന്നോട്ട് കൊണ്ടു പോയത് എന്ന് മനസ്സിലാക്കിയെടുക്കാനുള്ള ശ്രമമാണ് ഈ ലേഖനം.

ഇസ്‌ലാമിക പ്രമാണങ്ങളിൽ സൂചിപ്പിക്കപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു സാങ്കേതിക ശബ്ദമാണ് ഫിത്റത്ത്. മനുഷ്യ പ്രകൃതി (Human Nature) എന്നോ ശുദ്ധ പ്രകൃതി (Natural Disposition) എന്നോ സാമാന്യമായി വിവർത്തനം ചെയ്യാവുന്ന ഈ പദം വിശുദ്ധ ഖുർആനിൽ ഒരു തവണ മാത്രമാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹുവിന്റെ ദീനിൽ എങ്ങനെയാണ് നിലകൊള്ളേണ്ടത് എന്ന് വിശദീകരിക്കുന്ന സന്ദർഭത്തിൽ, ദീനുൽ ഇസ്‌ലാമിന്റെ വിശേഷണം എന്നോണം വിശുദ്ധ  ഖുർആൻ സൂചിപ്പിക്കുന്നു:

”فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا”

“അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌”. (റൂം: 30)

തിരുവചനങ്ങളിൽ നിരവധി തവണ ആവർത്തിച്ചു വന്ന ഈ പദം ഭൂരിഭാഗം ഇടങ്ങളിലും ശുദ്ധ പ്രകൃതി എന്നോ മനുഷ്യപ്രകൃതി എന്നോ ഉള്ള അർത്ഥങ്ങളിലാണ് ആവർത്തിച്ചു വന്നിട്ടുള്ളത്. സുപരിചിതമായ ഒരു ഹദീസ് ഇങ്ങനെയാണ്:

”كلُّ مولودٍ يولَدُ على الفطرةِ فأبواه يُهوِّدانِه أو يُنصِّرانِه أو يُمجِّسانِه“

“എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധമായ പ്രകൃതിയോടെയാണ്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ ക്രിസ്ത്യാനിയോ അഗ്നിയാരാധകരോ ആക്കിത്തീർക്കുന്നത്” (ബുഖാരി, മുസ്‌ലിം).

ഇവ്വിധം വിശുദ്ധ ഖുർആനിലും ഹദീസിലും പരാമർശിക്കപ്പെട്ട ‘ഫിത്റത്ത്’ എന്ന പദം പല നിലക്ക് നിർവചിക്കാനും വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങൾ ഇസ്‌ലാമിക പാരമ്പര്യത്തിനകത്തെ പണ്ഡിതൻമാർ നടത്തിയതായി കാണാം. കർമശാസ്ത്ര പണ്ഡിതൻമാർ നൽകിയ ഫിഖ്ഹിയായ അർത്ഥ തലങ്ങൾ മുതൽ ഇമാം റാസിയെപ്പോലുള്ള ഖുർആൻ വ്യാഖ്യാതാക്കൾ നൽകിയ  ഫിലോസഫിക്കലായ നിർവചനങ്ങളും അർത്ഥ തലങ്ങളും ഫിത്റയെ മുൻനിർത്തി വികസിപ്പിച്ചെടുത്തതായി കാണാം. ഇങ്ങനെ ഫിത്ത്റത്തുമായി ബന്ധപ്പെട്ട് വ്യാഖ്യാന വൈവിധ്യങ്ങൾ ദൃശ്യമാവുമ്പോഴും ഫിത്റത്തിനെ മഖാസിദി വ്യവഹാരങ്ങൾകക്കത്ത്  സ്ഥാപിക്കുകയും അത് മുൻ നിർത്തി മഖാസ്വിദി ചിന്തകൾ വികസിപ്പിക്കുകയും ചെയ്ത ആദ്യത്തെ പണ്ഡിതൻ താഹിർ ഇബ്നു ആശൂർ (റ) ആണ്.

അദ്ദേഹം ഫിത്റത്തിനെ നിർവചിക്കുന്നത് ഇങ്ങനെയാണ്: “ഓരോ സൃഷ്ടിജാലങ്ങളിലും അല്ലാഹു ആലേഖനം ചെയ്തിട്ടുള്ള  പ്രകൃതിയും (خلقة) ഘടനയുമാണത് (نظام). ഫിത്റയെന്നത് മനുഷ്യ സൃഷ്ടിപ്പിലും അവന്റെ ബുദ്ധിയിലും ശരീരത്തിലും ആന്തരികവും(باطن) ബാഹ്യവുമായ(ظاهر) അവസ്ഥയാണ്”.

അതായത്, മനുഷ്യനെ മനുഷ്യേതര ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകമാണ് ഫിത്റത്ത്. മനുഷ്യന്റെ കർമ്മങ്ങൾ, വികാരം, ചിന്ത തുടങ്ങിയവയുടെ അടിസ്ഥാന സ്രോതസ്സാണത്. അഥവാ മനുഷ്യന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ സവിശേഷ യാഥാർത്ഥ്യങ്ങളുമായി ചൂഴ്ന്ന് നിൽക്കുകയും അതിനെ സ്വാധീനിക്കുകയും ചെയ്യുന്ന സംഗതിയാണ് മനുഷ്യന്റെ ‘ഫിത്റ’ എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസ കാര്യങ്ങളും നിയമസംഹിതയും മനുഷ്യന്റെ പ്രകൃതിപരമായ ക്രമസംവിധാനവുമായി സമ്പൂർണ്ണമായി യോജിച്ചു പോകുന്ന ഒന്നാണ് എന്ന് അദ്ദേഹം സമഖ്ശരി ഇമാമിനെ ഉദ്ധരിച്ചു കൊണ്ട് സമർത്ഥിക്കുന്നു. മേൽ ഉദ്ധരിച്ച ഫിത്റത്തുമായി ബന്ധപ്പെട്ട പരാമർശമുള്ള ആയത്തിലെ ‘ദീൻ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇസ്‌ലാം മുഴുവനായുമാണ് എന്നും അതുകൊണ്ട് തന്നെ ദീനുൽ ഇസ്‌ലാം സമ്പൂർണ്ണമായി ഫിത്‌രിയ്യായ സംവിധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അല്ലാഹുവിന്റെ അസ്തിത്വം കണ്ടെത്താൻ മാത്രം കലർപ്പില്ലാത്ത മനുഷ്യന്റെ കേവല ഫിത്റ കൊണ്ട് സാധിക്കുമെന്നുള്ള ഇബ്നു അത്വിയ്യയുടെ അഭിപ്രായത്തേയും ഇമാം ഇബ്നു ആശൂർ ശരിവെക്കുന്നു.

ഇസ്‌ലാമും മനുഷ്യന്റെ ഫിത്റത്തും ഒന്നാണെന്ന് തനിക്ക് മുന്നേ അത്ര സമർത്ഥമായി ആരും അവതരിപ്പിച്ചിട്ടില്ലെന്ന് ഇബ്നു ആശൂർ (റ) സ്വയം അവകാശപ്പെടുന്നതിനോടൊപ്പം തന്നെ ഫിത്റത്തിന്റെ നിർവചനത്തിൽ തന്നെ അതിനെ അദ്ദേഹം രണ്ടായി തരംതിരിക്കുന്നു. ഒന്ന് ഫിത്റ ജസദിയ്യയാണ് (Physical Disposition). അത് മനുഷ്യന്റെ ശാരീരികവും ഭൗതിക ഘടനയുമായി ബന്ധപ്പെട്ട പ്രകൃതമാണ്. ഉദാഹരണമായി അദ്ദേഹം മുന്നോട്ട് വെക്കുന്നത് മനുഷ്യൻ തന്റെ ഇരു കാലിൽ നടക്കാൻ ശ്രമിക്കുന്നത് ഫിത്റ ജസദിയ്യയുമായി യോജിച്ച് പോവുന്നതാണ്. എന്നാൽ, കൈ കൊണ്ട് നടക്കാൻ ശ്രമിക്കുന്നതും കാലുകൾ കൊണ്ട് സാധന സാമഗ്രികൾ എടുക്കാനും പൊക്കാനും ശ്രമിക്കുന്നതും ഫിത്റ ജസദിയക്ക് വിരുദ്ധമാണ്. രണ്ടാമതേത്ത് ഫിത്റ അഖ്ലിയ്യയാണ് (Mental Disposition). അത് മനുഷ്യന്റെ മാനസികവും ബൗദ്ധികവും ചിന്താപരവുമായ കഴിവും ശേഷിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഉദാഹരണമായി അദ്ദേഹം മുന്നോട്ട് വെക്കുന്നത്, കാര്യകാരണബന്ധങ്ങളെ തെറ്റായ രീതിയിൽ ബന്ധിപ്പിച്ച് വ്യാജമായ തീർപ്പുകളിൽ എത്തിചേരുന്നതും പഞ്ചേന്ദ്രിയ ഗോചരമായ സംഗതികളുടെ അസ്തിത്വത്തെ നിഷേധിക്കുന്നതും ഫിത്റ അഖ്ലിയക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടി കാണിക്കുന്നു. മനുഷ്യന്റെ ഫിത്റ അഖ്ലിയയും ഫിത്റ ജസദിയയും ഇസ്‌ലാമിനോട് യോജിച്ചു പോവുന്നുവെന്നും ഇസ്‌ലാമിലെ ഒരു സംഗതിയും ഫിത്റത്തുമായി എതിരിടുന്നില്ല എന്നും ഇബ്നു ആശൂർ (റ) ആണയിടുന്നു.

ഉസൂലുൽ ഫിത്‌രിയ്യ എന്നൊരു സംജ്ഞയെ കൂടി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഈ ലോകത്ത് മനുഷ്യ ജീവിതം ഏറ്റവും സുതാര്യമായി മുന്നോട്ട് കൊണ്ട് പോവാൻ അല്ലാഹു മനുഷ്യനിൽ നിക്ഷേപിച്ച മുഴുവൻ സംഗതികളെയുമാണ് ഇബ്നു ആശൂർ (റ) ഉസ്വൂലുൽ ഫിത്‌രിയ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇസ്‌ലാമിന്റെ നിയമങ്ങൾ ഉത്ഭവിക്കുന്നതും ഉസൂലുൽ ഫിത്റയെ അടിസ്ഥാനമാക്കിയാണെന്നും ഇബ്നു ആശൂർ (റ) അഭിപ്രായപ്പെടുന്നു. ഇസ്‌ലാമിക ശരിഅത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പൊതു ലക്ഷ്യങ്ങളിൽ (المقاصد العامة)  ഒന്നാമതായി അദ്ദേഹം ഫിത്റത്തിന്റെ സംരക്ഷണം മുന്നോട്ട് വെക്കാനുള്ള പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത് മനുഷ്യനിൽ ഉസൂലുൽ ഫിത്‌രിയ ഉള്ളടങ്ങിയിട്ടുണ്ട് എന്നതാണ്.

അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ ‘മഖാസിദുശ്ശരീഅ അൽ ഇസ്‌ലാമിയ’ എന്ന ഗ്രന്ഥത്തിൽ വലിയൊരു ഭാഗം മാറ്റിവെച്ചിട്ടുള്ളത് ഇസ്‌ലാമിക ശരീഅത്തിന്റെ പൊതുലക്ഷ്യങ്ങൾ അവതരിപ്പിക്കാനാണ്. പൊതുലക്ഷ്യങ്ങൾ കൊണ്ട് അർത്ഥമാക്കുന്നത്, മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു പോലെ പ്രായോഗികവൽക്കരിക്കപ്പെടുന്ന പൊതുവായ മഖാസിദി തത്ത്വങ്ങൾ എന്നാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ പൊതുലക്ഷ്യങ്ങളിൽ ഒന്നാമത്തേതായി അദ്ദേഹം എണ്ണിയത് ഹിഫ്ളുൽ ഫിത്റയാണ് (മനുഷ്യപ്രകൃതിയുടെ സംരക്ഷണം).

മനുഷ്യപ്രകൃതിയുടെ സംരക്ഷണം എന്നത് കൊണ്ട് ഇമാം ഇബ്നു ആശൂർ (റ) അർത്ഥമാക്കുന്നത്, ഫിത്റത്തിന്റെ ഭാഗമായ മുഴുവൻ ഘടകങ്ങളേയും സംരക്ഷിച്ച് നിലനിർത്തുക എന്നാണ്. അഥവാ ശുദ്ധ പ്രകൃതിയിൽ നിന്ന് മലിനമാക്കിയതിനെ ശുദ്ധീകരിച്ചും, മായ്ക്കപ്പെട്ടതിനെ പുനഃസ്ഥാപിച്ചും കയറികൂടിയതിനെ ഒഴിവാക്കിയും ഫിത്റത്തിനെ യഥാവിധി നിലനിർത്തുക എന്നതാണ് ശരീഅത്ത്  ആവശ്യപ്പെടുന്നത്.

അഥവാ മനുഷ്യനുമായി ബന്ധപ്പെട്ട അവന്റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ സവിശേഷ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അതിനെ സംരക്ഷിക്കുകയും  പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ഹിഫ്ളുൽ ഫിത്റ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

വിവാഹത്തിലൂടെ മനുഷ്യന്റെ വംശപരമ്പര സംരക്ഷിക്കുന്നതൊക്കെ മനുഷ്യന്റെ ഫിത്റത്തിന്റെ ഭാഗമാണ്. ഫിത്റത്തിനെ നശിപ്പിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്ന സംഗതികളിൽ നിന്ന് വിട്ടു നിൽക്കാനും ഹിഫ്ളുൽ ഫിത്റയുടെ ഭാഗമായി ശരീഅത്ത് കൽപിക്കുന്നു. അത്തരം സംഗതികളെല്ലാം ഹറാം ആക്കുകയും ഫിത്റത്തിനെ പുനഃസ്ഥാപിക്കുകയും നിലനിർനിർത്താനും കൽപിക്കുക കൂടി ചെയ്തു. അതേ സമയം ഫിത്റയെ നേർക്ക് നേരെ ബാധിക്കുകയോ കലർപ്പുണ്ടാക്കുകയോ ചെയ്യാത്ത സംഗതികളെ അനുവദനീയമാക്കുകയും ചെയ്തു.

ഇബ്നു ആശൂർ (റ)ക്ക് ശേഷം വന്ന നിരവധി പണ്ഡിതൻമാർ ഹിഫ്ളുൽ ഫിത്റയുമായി ബന്ധപ്പെട്ട ചിന്തകൾ ധാരാളമായി വികസിപ്പിക്കുകയുണ്ടായി. അവരിൽ പ്രധാനിയാണ് തുനീഷ്യൻ പണ്ഡിതനായ അബ്ദുൽ മജീദ് നജ്ജാർ. ഇമാം ഇബ്നു ആശൂറിന്റെ ചിന്തകൾ കുറച്ചു കൂടി വിപുലപ്പെടുത്തിയ അദ്ദേഹം ‘മഖാസിദുശ്ശരീഅ ബി അബ്ആദിൻ ജദീദ’ എന്ന തന്റെ കൃതിയിൽ ശരീഅത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായി ‘ഹിഫ്ളു ഇൻസാനിയത്തുൽ ഇൻസാൻ’ അഥവാ മനുഷ്യത്വ സംരക്ഷണത്തെ എണ്ണുന്നതായി കാണാം. മനുഷ്യത്വ സംരക്ഷണത്തിന്റെ മാർഗമായി (مسالك حفظ إنسانية الإنسان) അദ്ദേഹം മുന്നോട്ട് വെക്കുന്നത് മനുഷ്യത്വത്തിന്റെ ഭാഗമായ ഘടകങ്ങൾ സംരക്ഷിക്കാനാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. അതിൽ ഒന്നാമത്തേത് മനുഷ്യ പ്രകൃതമാണ് എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ടി.എം ഇസാം