ആധുനിക രാഷ്ട്രത്തിന്റെ കഥ പല തരത്തിൽ പറയാൻ കഴിയും. എന്നാൽ, അതിന്റെ ആവിർഭാവത്തെ വംശാവലിപരമായി പുനർനിർമിക്കാൻ ശ്രമിക്കുമ്പോൾ നമ്മളനുഭവിക്കുന്ന പ്രധാന പ്രശ്നം ആധുനികതയിൽ നിന്ന് അനന്തരമെടുത്ത ഭാഷയിലൂടെ തന്നെയാണ് നമ്മളെപ്പോഴും സംസാരിക്കുന്നത് എന്നതാണ്. അതുകൊണ്ടുതന്നെ നിലനിൽക്കത്തക്കതായ വിമർശനങ്ങളുടെ എല്ലാ സാധ്യതകളുമടയുന്നു. ‘പരമാധികാരം’ (sovereignty) പോലെയുള്ള ആധുനിക ആശയങ്ങളുടെ അടിത്തറകളെ കുറിച്ച് നാം സംസാരിക്കുന്ന രീതികളിൽ ഇതു കൂടുതൽ പ്രകടമാവുന്നുണ്ട്. ആരുടെ പരമാധികാരം എന്നന്വേഷിക്കുന്നതിനു പകരം ആ ആശയത്തെ തന്നെ നാം വിമർശനാത്മകമായി പുനഃപരിശോധിക്കേണ്ടതുണ്ട്. പരമാധികാരം പോലുള്ള ആശയങ്ങളെ കുറിച്ച് ആഖ്യാനിക്കുമ്പോൾ തന്നെ, ‘പരമാധികാര’ രഹിതമായ ഒരു രാഷ്ട്രീയത്തിന്റെ സാധ്യതകളെ കുറിച്ചും, അത്തരമൊരു രാഷ്ട്രീയത്തിന് വിമോചനാത്മക രാഷ്ട്രീയത്തിലുള്ള (liberatory politics) സ്വാധീനങ്ങളെക്കുറിച്ചും നമുക്ക് ആലോചിക്കാവുന്നതാണ്. ആധുനിക പരമാധികാരത്തിന്റെ കഥ ആഖ്യാനം ചെയ്യുന്നതു വഴി, എങ്ങനെയാണ് അതൊരു യൂറോ-കേന്ദ്രീകൃത അതിഭൗതികഭാവനയുടെ ഉത്പന്നമാവുന്നത് എന്നതിലേക്ക് വെളിച്ചം വീശാനാകും. എന്നിരിക്കെ, ഇനി നമ്മുടെ മുന്നിലുള്ള ചോദ്യങ്ങൾ ഇതൊക്കെയാണ്; പരമാധികാരം എന്ന ആശയത്തെ അതിന്റെ ആരംഭത്തിൽ തന്നെ ചിന്തനീയമാക്കിയ മെറ്റാഫിസിക്കൽ അനുമാനങ്ങൾ എന്തൊക്കെയാണ്? രണ്ടാമത്തേത്, പരമാധികാരത്തെ കൂടാതെയുള്ള ഒരു രാഷ്ട്രീയത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനാവുമോ?
ഈ വിമർശനത്തിനായി രാഷ്ട്രീയ ദൈവശാസ്ത്രത്തെ എന്തുകൊണ്ടും ഉപയോഗപ്പെടുത്താൻ കഴിയും. കാരണം, ആഡം കോട്സ്കൊ (Adam Kotsko) അഭിപ്രായപ്പെടുന്നതു പോലെ, ഒരു രാഷ്ട്രീയ അധികാരം/രി അനുസരണമാവശ്യപ്പെടുന്ന അടിസ്ഥാന സ്രോതസ്സുകളെ വിമർശനാത്മകമായി പരിശോധിക്കുക എന്നതാണ് ‘രാഷ്ട്രീയ ദൈവശാസ്ത്ര’ത്തിന്റെ അടിയന്തര ദൗത്യം. ‘വംശാവലിയെ’ (ജീനിയോളജി) ഒരു വിമർശനോപാദിയായി ഉപയോഗിക്കുന്നത് കൊണ്ടുതന്നെ രാഷ്ട്രീയ ദൈവശാസ്ത്രം തീർച്ചയായും പ്രയോജനപ്രദമാണ്. ആധുനികതയുടെ സാകല്യവത്കരണ -ആസക്തിവത്കരണ വാദങ്ങൾ (totalization and fetishization claims) കേവലം സ്വയം സ്ഥാപനത്തിന്റെയും, തികച്ചും പോസ്റ്റ്-മെറ്റാഫിസിക്കലായ ലോകത്ത് യുക്തിയുടെ പരമാധികാരം സ്ഥാപിക്കപ്പെടുന്നതിന്റെയും അവസരങ്ങളല്ലാതെ മറ്റൊന്നുമല്ല എന്നുമാണ് അതിന് (ആധുനികതക്ക്) സാധുത നൽകികൊണ്ട് നിലനിൽക്കുന്ന ആഖ്യാനങ്ങൾ എപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നത്, അതുകൊണ്ട് തന്നെ മറ്റൊരു തുടക്കം നമുക്കാവശ്യമാണ്. ഈയൊരു വാദത്തിന്റെ പ്രശ്നമെന്തെന്നാൽ, അത്തരമൊരു വിഷയം (ഉദാ: യുക്തി) നേരത്തേ നിലനിന്നിരുന്നുവെങ്കിൽ വീണ്ടുമത് കണ്ടുപിടിക്കപ്പെടുകയും സാധൂകരിക്കപ്പെടുകയും ചെയ്യുന്നതിന്റെ ആവശ്യകതയെന്താണ്? കാരണം, മാർക്ക് ലൊമ്പാർഡോ വ്യക്തമാക്കിയതു പോലെ, അത് ആദ്യമേ അവിടെ ഉണ്ടായിരുന്നില്ല, അതുകൊണ്ടതിനെ നിർമിച്ചെടുക്കേണ്ടി വന്നു! അപ്രകാരം, പരമാധികാരം എങ്ങനെയാണ് ആദ്യമായി കണ്ടുപിടിക്കപ്പെടുകയും സാധൂകരിക്കപ്പെടുകയും ചെയ്തത് എന്നു വിവരിക്കുന്ന മറ്റൊരു കഥ നമുക്കാവശ്യമാണ്.
ജോസഫ് അൽബെർണാസും (Joseph Albernaz) കിറിൾ ചെപുറിനും (Kirill Chepurin) മറ്റൊരു തുടക്കം നൽകുന്നുണ്ട്; കേവലം മനുഷ്യരുടെ സ്വയംസ്ഥാപനത്തിന്റെയോ യുക്തിയുടെ പരമാധികാരത്തിന്റെയോ പദ്ധതി എന്നതിൽ കവിഞ്ഞ ഒന്നാണ് ആധുനികത എന്ന് ഇവർ അഭിപ്രായപ്പെടുന്നു. മനുഷ്യരുടെ സ്വതന്ത്രമായ സ്വയംസ്ഥാപനം (self-aasertion) സാധ്യമാകുന്നത് ദൈവത്തിന്റെ പരമാധികാരത്തെ ലോകത്തിന്റെ പരമാധികാരമായി ആധുനികത പുനഃസ്ഥാപിക്കുന്നതു കൊണ്ടു മാത്രമാണെന്നാണ് ‘ദ് സോവറൈനിറ്റി ഓഫ് ദി വേൾഡ്: ടുവാർഡ്സ് എ പൊളിറ്റിക്കൽ തിയോളജി’ എന്ന പുസ്തകത്തിൽ അവർ വാദിക്കുന്നത്. അതീന്ദ്രീയതയെ (transcendence) യഥാർത്ഥത്തിൽ ആധുനികത നിരാകരിക്കുന്നില്ല, മറിച്ച് ‘ലോകത്തി’ലേക്ക് അതിനെ പുനഃരാരോപിക്കുകയാണ് ചെയ്യുന്നത്. “സാധ്യതകളുടെ സാകല്യമുള്ള” (totality of possibilities) ഒന്നായി ലോകത്തെ തിരിച്ചറിയുന്നു എന്നതാണ് ആധുനികതയുടെ അനിവാര്യമായ സ്വഭാവം. കൂടാതെ, ഈ വ്യവസ്ഥ/ക്രമം പ്രകൃതിപരമോ സ്ഥായിയോ അല്ല, മറിച്ച് സർവവ്യാപിയായ അരക്ഷിത ബോധത്തോടുള്ള ചരിത്രപരമായ പ്രതികരണമായിരുന്നുവെന്നും അവർ വാദിക്കുന്നു. സത്താപരമായ ഈ അരക്ഷിതത്വം ഉണ്ടായിവരുന്നതിന് അനേകം ഘടകങ്ങൾ കാരണമാകുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് നാമമാത്രവാദത്തിന്റെ (nominalism) ഉയർച്ചയാണ്. നാമമാത്രമായ ദൈവം എന്നത് അന്യമാണ്, അപ്രാപ്യവും അഗോചരവുമാണ്. ലോകത്തിൽ നിന്ന് അങ്ങേയറ്റം അന്യാധീനപ്പെട്ട് നിലനിൽക്കുന്ന ദൈവം എന്നത് പ്രയോഗികമായി മരിച്ചതിനു തുല്യമാണെന്നതാണ് അതിന്റെ ആശയം. പ്രമാദമായ ഈ അനിശ്ചിതത്വത്തിന്റെയും അന്യാധീനപ്പെടലിന്റെയും സന്ദർഭത്തിൽ വെച്ച്, രണ്ടു തലങ്ങളിലായി ഒരു ‘പ്രതിലോകം’ സൃഷ്ടിക്കാൻ മനുഷ്യർ നിർബന്ധിക്കപ്പെടുന്നു; അതിൽ ഒന്നാമത്തേത്, തനി അധികാരത്തിന്റെ ഇടം എന്ന നിലക്ക് ഇപ്പോൾ മനസ്സിലാക്കപ്പെടുന്ന ഭൗതിക ലോകത്തിന്റെ തലത്തിലാണെങ്കിൽ, രണ്ടാമത്തേത്, പ്രകൃതിയുടെ നിയമരഹിത നില എന്ന നിലക്ക് ഇപ്പോൾ മനസ്സിലാക്കപ്പെടുന്ന രാഷ്ട്രീയ ലോകത്തിന്റെ തലത്തിലാണ്. ആധുനികതയിലൂടെ ഉരുവം കൊള്ളുന്ന പരമാധികാര രാഷ്ട്രം അതിന്റെ തന്നെ പ്രതിലോകമെന്ന നിലയിലുള്ള പ്രകൃതിമാത്ര ഘട്ടത്തിന്റെ (State of Nature) അനിശ്ചിതത്വങ്ങളെയും ക്രമരാഹിത്യങ്ങളെയും മറികടക്കാനുള്ള പ്രാഥമികമായ വഴിയായി രൂപപ്പെടുന്നു.
ഈ രാഷ്ട്രീയ പ്രതിലോകത്തിന്റെ (counter world) ഉത്ഭവങ്ങൾ ഏതൊക്കെയാണ്? എന്താണ് അതിന്റെ തത്വശാസ്ത്രപരമായ ന്യായവാദങ്ങൾ? ഇതിന്റെ ഉത്തരം രണ്ടു പ്രതിലോകങ്ങൾ തമ്മിലുള്ള ബന്ധമാണ്; തനി അധികാരത്തിന്റെ ഇടമായ ഒരു ലോകവും ആ ലോകത്തിന്റെ ഭാഗമായ രാഷ്ട്രീയ ഇടവും. എന്നാൽ ആധുനികതയെ കുറിച്ചുള്ള പ്രബല ആഖ്യാനങ്ങൾ ഈ കഥകളല്ല നമുക്കു പറഞ്ഞു തരാറ്. അതുകൊണ്ടു തന്നെയാണ് ഇവ ചോദ്യം ചെയ്യപ്പെടേണ്ടതും. ആചാരബദ്ധവും അതീന്ദ്രീയരായ ദൈവങ്ങൾ നിറഞ്ഞതുമാണെന്ന് കരുതപ്പെടുന്ന ലോകത്തിൽ മതത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും കെട്ടുപാടുകളിൽ നിന്നും മോചിതരാവുന്നതോടെ എത്തിച്ചേരുന്ന ശുദ്ധമായ മനുഷ്യ കേന്ദ്രമാണ് ‘സെക്കുലർ’ എന്നതാണ് ഏറ്റവും പൊതുവായ അതിന്റെ ആഖ്യാനം. അന്ധവിശ്വാസങ്ങളാലും പൂർവാധുനിക പാരമ്പര്യവാദങ്ങളാലും വലയുന്ന ഒന്നായി ആധുനിക ലോകത്തെ പരിമിതപ്പെടുത്തുന്ന ഈ സിദ്ധാന്തം ‘സബ്സ്ട്രാക്ഷൻ തിസീസ്’ എന്നും അറിയപ്പെടുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പ്രമാണങ്ങ തത്വങ്ങൾക്കു മേൽ മനുഷ്യ യുക്തിചിന്തയെ സ്ഥാപിക്കുമ്പോൾ (സൃഷ്ടിക്കപ്പെടുന്ന എന്നതിലുപരി) കണ്ടെടുക്കപ്പെടുന്ന ഒന്നാണ് ‘സെക്കുലർ’. “ഒരിക്കൽ, സെക്കുലർ എന്നത് ഉണ്ടായിരുന്നേയില്ല” എന്നും സൈദ്ധാന്തികവും പ്രായോഗികവുമായി പിന്നീട് ആലോചിക്കപ്പെടുകയും ഉണ്ടാക്കപ്പെടുകയും ചെയ്തതാണ് അതെന്നും ‘തിയോളജി ആൻഡ് സോഷ്യൽ തിയറി: ബിയോണ്ട് സെക്കുലർ റീസൺ’ എന്ന പുസ്തകത്തിൽ ജോൺ മിൽബാങ്ക് (John Millbank) ഓർമ്മപ്പെടുത്തുന്നുണ്ട്. സെക്കുലറിന്റെ നിർമിതി മതപരതയെ ഉപേക്ഷിക്കുന്നതിലല്ല, മറിച്ച് ലോകത്തെ തന്നെ പരമമാക്കുന്നതിലും അതിൽ ദിവ്യത്വം ആരോപിക്കുന്നതിലുമാണ് കലാശിച്ചതെന്ന് ആഞ്ചെലാ ഇറാൻസോ ദോസ്ദാദ് (Angela Iranzo Dosdad) സൂചിപ്പിക്കുന്നുണ്ട്. മിൽബാങ്ക് തുടർന്ന് പറയുന്നതു കാണുക: “ഈ നിർമാണ പ്രക്രിയകൾക്കിടയിൽ മൂന്ന് സ്വാധികാര വസ്തുക്കളെ അതിനു പരിചയപ്പെടുത്തേണ്ടി വന്നു. ഒന്ന്, പ്രകൃതി നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ‘പ്രകൃതിപരമായവ’ (natural). ഈ സ്വതന്ത്രാധികാര പ്രക്രിയ പ്രകൃതിലോകത്തിലോ അറിവിന്റെ മേഖലകളിലോ സാമൂഹിക സിദ്ധാന്തങ്ങളിലോ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, മറിച്ച് “തനി അധികാരത്തിന്റെ” ഇടം എന്ന നിലക്ക് രാഷ്ട്രീയപരതയെന്ന (political) പുതിയ സ്വാധികാര വസ്തുവിലേക്ക് വ്യാപിച്ചു കിടക്കുന്നതും അതിനെ നിർമിക്കുന്നതുമാണ്.
‘രാഷ്ട്രീയപരത’ എന്നത് നേരത്തേ ഉണ്ടായിരുന്ന സ്വതന്ത്രാധികാരമുള്ള ഒരു ഇടമായിരുന്നില്ല എന്നതാണ് ഇവിടെ നിർണായകം. അതിന്റെ സ്വതന്ത്രാധികാരം അത് കൈവശപ്പെടുത്തപ്പെടുന്നതിനോ അത് അതിലേക്കു തന്നെ പരിമിതപ്പെടുന്നതിനോ മുൻപേ വിഭാവന ചെയ്യപ്പെടേണ്ടതാണ്. അതിനു പുറമെ, അൽബെർനാസും ചെപുറിനും നിരീക്ഷിക്കുന്നതു പോലെ ദൈവത്തിൽ നിന്നും വേർപെട്ട് നിലനിൽക്കുന്ന ലോകത്തോടുള്ള പ്രതികരണത്തെ സ്വാധീനിച്ച അരക്ഷിത ബോധം രാഷ്ട്രീയ ഇടത്തിലേക്കും ആരോപിക്കപ്പെട്ടു. അവിടെ രാഷ്ട്രീയ ഇടം എന്നത് ഭൗതിക ലോകത്തെ പോലെ മനസ്സിലാക്കപ്പെടാനും കൈകാര്യം ചെയ്യാനും സാധിക്കുന്ന ഒന്നായി മാറി. ശുദ്ധമായ അധികാരത്തിന്റെ മേഖലയിൽ നിന്നും രാഷ്ട്രീയപൂർവ ലോകത്തിനെതിരെ ഒരു ക്രമം രൂപപ്പെടുത്തുന്നതിന്റെ ആവശ്യകതയിൽ നിന്നുമാണ് പരമാധികാരം എന്ന ആശയം രൂപപ്പെടുന്നത്. അത് സവിശേഷമായും ഒരു യൂറോ-കേന്ദ്രീകൃത ആശയമാണ് എന്ന് തിരിച്ചറിയുന്നതിലുപരി ഏതൊരു പ്രതീകാത്മക ക്രമത്തിൽ നിന്നും ഒഴിച്ചുകൂടാനാവത്ത ഒന്നാണ് അതെന്ന പ്രതീതി സൃഷ്‌ടിക്കുകയാണ് ഇവിടെയുണ്ടായത്. ആധുനികതയുടെ അതിഭൗതികതയിൽ നിന്നും പരമാധികാരത്തിന്റെ രാഷ്ട്രീയത്തെ വേർപെടുത്തുക സാധ്യമല്ല. ഒരു രാഷ്ട്രീയ തത്വമെന്ന നിലക്ക് ആധുനികത പരമാധികാരത്തെ നിർമ്മിച്ചുവെന്നു മാത്രമല്ല, ലോകൈകമായ പരമാധികാരത്തിന്റെ സാധ്യതയെ കുറിച്ചും അത് ആദ്യമായി ആലോചിച്ചു എന്നു കൂടിയാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്. ചുരുക്കത്തിൽ, ലോകത്തെ തനി അധികാരത്തിന്റെ ഇടമായും (ഭൗതിക ലോകത്തെ പോലെ) കൈകാര്യസിദ്ധിയുള്ള ഒന്നായി രാഷ്ട്രീയത്തെയും ഉയർത്തിക്കാട്ടുന്ന ഒന്നാണ് പരമാധികാരം.
പരമാധികാരം എന്ന ആശയത്തെ അടയാളപ്പെടുത്തുന്ന മെറ്റാഫിസിക്കൽ അനുമാനങ്ങളെ രാഷ്ട്രീയ ദൈവശാസ്ത്രം എവ്വിധം തുറന്നു കാട്ടുന്നു എന്നു നാം കണ്ടു കഴിഞ്ഞു. രാഷ്ട്രീയപരതയുടെ ഘടനാപരമായ അടിസ്ഥാനം എന്നതിലുപരി തികച്ചും യൂറോകേന്ദ്രീകൃതമായ ഉത്ഭവമാണ് അതിനുള്ളതെന്നും രാഷ്ട്രീയ ദൈവശാസ്ത്രം തുറന്നു കാട്ടുന്നു. ഇത് നാം മുൻചൊന്ന ചോദ്യത്തെ വീണ്ടും ഉന്നയിക്കാൻ പ്രേരിപ്പിക്കുന്നു; പരമാധികാര രഹിതമായ ഒരു രാഷ്ട്രീയത്തെ സങ്കല്പിക്കുക സാധ്യമാണോ? വിമോചനാത്മക രാഷ്ട്രീയത്തിൽ അതിനുള്ള സ്വാധീനങ്ങളെന്തൊക്കെയാണ്? ടൊസാൾഡിന്റെ അഭിപ്രായത്തിൽ അപ്രകാരം ആലോചിക്കുക സാധ്യമല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. കാരണം, ഉണ്മയുടെ അതീന്ദ്രീയ തലങ്ങളുമായി (transcendental dimension of being) യാതൊരു ബന്ധവുമില്ലാത്ത നേർരേഖയാക്കി ലോകത്തെ അന്തർലീകരിക്കുന്ന (immanentization) പ്രക്രിയകൾ രാഷ്ട്രീയത്തെ ചുരുക്കിയിട്ടുണ്ട്. പുതുതായി കണ്ടെത്തപ്പെട്ട സെക്കുലറിന്റെ അതിഭൗതിക മാനങ്ങൾക്കു കീഴിൽ ദൈവത്തിലൂടെയുള്ള അതീന്ദ്രീയത അസാധ്യമാണ്. തനി അധികാരത്തിന്റെ സെക്കുലർ ഇടങ്ങൾ പരമാധികാരത്തിന്റെ ഇടങ്ങളാകുന്നു, അവിടെ സ്ഥലപരവും ലൗകികവുമായ തലങ്ങളിൽ അധികാരം അടിച്ചമർത്തലിന്റെ രൂപങ്ങളായി പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു.
ഇനി നമ്മളുടെ മുൻപിലുള്ള ചോദ്യം ഇതാണ്; സെക്കുലറിനും പരമാധികാരത്തിന്റെ രാഷ്ട്രീയത്തിനുമപ്പുറം ഒരാലോചന എങ്ങനെ സാധ്യമാവും? ഇത് മറ്റൊരു ചോദ്യത്തെ കൂടി സാധ്യമാക്കുന്നു; മനുഷ്യാവസ്ഥയുടെ പ്രതിസന്ധികളോടും അനിശ്ചിതത്വങ്ങളോടും ഇടപെടാനുള്ള ബദൽ മാർഗങ്ങൾ എന്തൊക്കെയാണ്? രാഷ്ട്രീയ ദൈവശാസ്ത്രം എന്നത് പ്രധാനമായും ഒരു പശ്ചാത്യൻ വ്യവഹാരമാവുകയും, അതുകൊണ്ടുതന്നെ രാഷ്ട്രീയപരതയെക്കുറിച്ച ബദൽ സങ്കല്പനങ്ങളുടെ അടിസ്ഥാനങ്ങളെയും നമ്മുടെ അന്വേഷണങ്ങളെയും പരിമിതപ്പെടുത്തുകയും ചെയ്യുമ്പോൾ, ഈ ചോദ്യങ്ങൾ സ്തംഭവനാവസ്ഥയിലേക്ക് നമ്മെ എത്തിക്കുന്നുണ്ട്. ഒരുപക്ഷേ, മറ്റൊരിടത്തേക്ക് കൂടി നാം നോക്കേണ്ടി വരും; അഥവാ ഇസ്‌ലാമിക പാരമ്പര്യങ്ങളിലേക്ക്. ഇത് രണ്ടാമത്തെ ഒരു കൂട്ടം വിമർശനങ്ങളിലേക്ക് നമ്മെ എത്തിക്കുന്നു. നമ്മുടെ വംശാവലിപരമായ വിമർശനങ്ങൾക്ക് ഉപോൽബലകമായ ഖുർആനിക പാരമ്പര്യങ്ങളിലൂന്നിക്കൊണ്ടുള്ള സാമ്പ്രദായികമായ വിമർശനങ്ങളാണ് അതിലൊന്ന്. ഇസ്‌ലാമിന്റെ വിമർശനാത്മക പരിപ്രേക്ഷ്യമനുസരിച്ച് പരമാധികാരത്തിന്റെ കണ്ടുപിടുത്തത്തെ ത്വരിതപ്പെടുത്തിയ സാഹചര്യങ്ങൾ ഒരു രണ്ടാം സൃഷ്‌ടാവിന്റെ (second-creators) ഉയർച്ചക്കും കാരണമാകുന്നുണ്ട്. അവ സൃഷ്‌ടിക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക യാഥാർഥ്യങ്ങൾ ‘ദൈവ ദത്തമായ’ ആത്മത്തിൽ നിന്നും ആദ്യ സൃഷ്ടാവിൽ നിന്നും മനുഷ്യനെ അകറ്റുന്നു. ഖുർആനിൽ, താഗൂത്ത് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്, അതിന്റെ ഭാഷർത്ഥം അതിലംഘിക്കുന്നവർ എന്നുമാണ്. “സൃഷ്‌ടിയെന്ന ബോധം നഷ്ടപ്പെട്ടത്” എന്നാണ് തോഷികോ ഇസൂത്സു ത്വാഗൂത്തിനെ വിശേഷിപ്പിക്കുന്നത്, അപ്രകാരം അത് ദൈവിക ക്രമത്തിൽ നൽകപ്പെട്ട സ്ഥാനത്തെ മറികടക്കുകയും ചെയ്യുന്നു. ഖുർആൻ ഈ അതിരുകടക്കലിനെ ഇസ്തിഗ്നാ എന്നാണ് വിളിക്കുന്നത്, ദൈവേതരമായ ഒരു ലോകത്തിലെ പരമസ്വാതന്ത്ര്യത്തെയും സ്വയംപര്യാപ്തതെയും സംബന്ധിച്ച മിഥ്യാ സങ്കല്പത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.
നിത്യമായ ഒന്നിനെ പ്രതിഫലിപ്പിക്കുന്ന പ്രതീകാത്മക ക്രമത്തിനു വേണ്ടിയുള്ള ആവശ്യകതയിൽ നിന്നാണ് ഒരു രാഷ്ട്രീയ സിദ്ധാന്തമെന്ന നിലക്ക് പരമാധികാരം ആവിർഭവിക്കുന്നത്. ഈ പ്രതിഫലനത്തിനിടക്ക്, മനുഷ്യന് ദൈവത്തോട് സാമ്യപ്പെടേണ്ടിവരുന്നു. “ദൈവം പ്രപഞ്ചത്തെ അതിവർത്തിച്ചു നിൽക്കുന്നതു പോലെ, രാഷ്ട്രീയത്തെ അതിവർത്തിച്ചു നിൽക്കുന്നവൻ” എന്നാണ് പരമാധികാരിയെക്കുറിച്ച് ജാക്വസ് മാർട്ടിൻ നൽകുന്ന വിശദീകരണം. “എന്നാൽ, ആ അധികാരം മുഴുവൻ രാഷ്ട്ര ശരീരത്തെയും മുകളിൽ നിന്ന് നിയന്ത്രിക്കുന്നതുമാണ്”. അൽബെർനാസിന്റെയും ചെപുറിന്റെയും അഭിപ്രായത്തിൽ “പ്രകൃത്യാ നൽകപ്പെട്ട ക്രമത്തെ പുനസൃഷ്‌ടിക്കുന്നതിനു പകരം” മനുഷ്യർ അതിനു മേൽ ആരോപിക്കുന്ന ഒരു ക്രമത്തിലേക്ക് പ്രകൃതിയെ അവർ ചുരുക്കുന്നു. പരമാധികാരത്തെക്കുറിച്ച് ബദൽ രാഷ്ട്രീയ രൂപങ്ങളിലൂടെ ചിന്തിക്കുമ്പോൾ, മുസ്‌ലിം ചിന്തകരായ ഷെർമുൻ ജാക്സണെ പോലുള്ളവർ നൽകിയ താക്കീതുകളെ ജാഗ്രതയോടെ വീക്ഷിക്കാൻ നമ്മൾ നിർബന്ധിതരാവും. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ‘മനുഷ്യാവസ്ഥയുടെ പ്രതിസന്ധികളോടുള്ള ശരിയായ പ്രതികരണം അതിനെ മറികടക്കാൻ ശ്രമിക്കുക എന്നതല്ല, മറിച്ച് അതിനെ ചെറുത്തുനിൽക്കുകയും, വിഷയി എന്ന നിലക്കും വിഷയം എന്ന നിലക്കും മിഥ്യാവാദങ്ങളെ എതിർക്കുകയും ചെയ്യുക എന്നതുമാണ്’. ആധുനികതയുടെ വംശാവലിപരമായ ഉത്ഭവങ്ങളിലൂടെ ചിന്തിക്കുകയും, വിമർശനത്തിന്റെ ബദൽ ഇടപാടുകളെ പരിഗണിക്കുകയും ചെയ്യുമ്പോൾ ഇതുവരെ അചിന്തനീയമായിരുന്നത്- അഥവാ, പരമാധികാരത്തെ കൂടാത്ത രാഷ്ട്രീയം- സാധ്യതയുടെ മണ്ഡലങ്ങളിലേക്ക് ചേക്കേറുന്നു.
വിവർത്തനം: അഫ്സൽ ഹുസൈൻ