Campus Alive

ഫുട്‌ബോളും ഫിലോസഫിയും; പെപിന്റെ ബാര്‍സയെ പറ്റി…

(TAKE THE BALL PASS THE BALL എന്ന ഡോക്യുമെന്ററിയെ മുന്‍നിര്‍ത്തിയുള്ള ആലോചനകള്‍)

ഗ്രഹാം ഹണ്ടറിന്റെ Barça: The Making of the Greatest Team in the World എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഡങ്കന്‍ മക്മത്ത്(Duncan Mcmath) സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് Take the ball Pass the ball. പെപ് ഗ്വാര്‍ഡിയോള എന്ന പ്രതിഭാധനനായ പരിശീലകന്റെ കീഴില്‍ 2008 മുതല്‍ 2012 വരെയുള്ള നാലു വര്‍ഷങ്ങളില്‍ എഫ്.സി ബാര്‍സലോണ എന്ന സ്പാനിഷ് ക്ലബ് ലോക ഫുട്‌ബോളിന് കാണിച്ചുകൊടുത്ത സമ്പൂര്‍ണ ഫുട്‌ബോളിന്റെ സൗന്ദര്യത്തെ കുറിച്ചാണ് ഡോക്യുമെന്ററി സംസാരിക്കുന്നത്. മെസ്സിയും സാവിയും ഇനിയസ്‌റ്റയും ഹെന്റിയുമടക്കം പെപിന്റെ(പെപ് ഗ്വാര്‍ഡിയോള) ബാര്‍സയിലുണ്ടായിരുന്ന പ്രഗല്‍ഭരായ കളിക്കാരെയും ഗ്വാര്‍ഡിയോളയടക്കമുള്ള പരിശീലകരെയും ഫുട്‌ബോള്‍ നിരീക്ഷകരെയുമെല്ലാം ഉള്‍ക്കൊള്ളിച്ച്‌ സാങ്കേതികമായും ഉള്ളടക്കത്തിലും മികച്ച രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഡോക്യുമെന്ററിയെ മുന്‍നിര്‍ത്തി, ചില ആലോചനകള്‍ പങ്കുവെക്കാനാണ് ശ്രമിക്കുന്നത്.

ഡച്ച് ഫുട്‌ബോളിന്റെ ഇതിഹാസ താരമായിരുന്ന യോഹാന്‍ ക്രൈഫ് ബാര്‍സലോണയുടെ പരിശീലകനായെത്തുന്നതോടെയാണ് ലോകഫുട്‌ബോളില്‍ ടിക്കി-ടാക്ക എന്ന പുതിയ കളിശൈലി ജന്മമെടുക്കുന്നത്. ഡച്ച് ഫുട്‌ബോളിന് സുപരിചിതമായിരുന്ന ടോട്ടല്‍ ഫുട്‌ബോളിന്റെ പിതൃത്വത്തില്‍ രൂപംപ്രാപിച്ച ടിക്കി-ടാക്ക പിന്നീടിങ്ങോട്ട് പല രൂപാന്തരങ്ങള്‍ക്കും വിധേയപ്പെട്ടിട്ടുള്ളതായി കാണാം. താത്വികമായി ടിക്കി-ടാക്ക എന്നത് പന്തും ടീമും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പന്ത് കളിക്കാരന്റെ കാലില്‍ എന്നതിനപ്പും ഒരു ടീമിന്റെ മുഴുവന്‍ വരുതിയിലായിരിക്കുക എന്നതാണ് ടിക്കി-ടാക്കയില്‍ സംഭവിക്കുന്നത്. വ്യക്തി എന്നത് പലപ്പോഴും അപ്രസക്തമായി ഇവിടെ കാണാം. അഥവാ പന്ത് പരമാവധി കളിക്കാരന്റെ വരുതിയില്‍ വെച്ചുകൊണ്ട് കളിമെനയുന്ന ആക്രമണ ഫുട്‌ബോളിന് പകരം നിരന്തരമായി പന്ത് കൈമാറിക്കൊണ്ടുള്ള പൊസഷന്‍ ഫുട്‌ബോളാണ് ടിക്കി-ടാക്കയില്‍ കാണുന്നത്. അത് ഒരു തരം വ്യക്തിരഹിതമായ(selfless) അന്തരീക്ഷം കളിക്കളത്തിലുടനീളം ഉണ്ടാകുന്നതായി കാണാം. അതേസമയം തന്നെ മറ്റൊരര്‍ഥത്തിലും ടിക്കി-ടാക്ക വ്യക്തിരഹിതമാവുന്നുണ്ട്. അഥവാ ഫുട്‌ബോള്‍ കളത്തില്‍ പരമ്പരാഗതമായി കളിക്കാരന്റെ മേല്‍ ചാര്‍ത്തപ്പെടുന്ന പൊസിഷനെ കേന്ദ്രീകരിച്ചുള്ള ഉത്തരവാദിത്തം എന്നത് ടിക്കി-ടാക്കയിലെത്തുമ്പോള്‍ ഇല്ലാതായിത്തീരുന്നതായി കാണാം. അഥവാ ഒരേ സമയം പ്രതിരോധനിരക്കാരന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുകയും അതേസമയം സ്‌ട്രൈക്കര്‍മാര്‍ പോലും പ്രതിരോധനിരക്കാരന്റെ സ്ഥാനത്ത് കളിക്കുന്നതും കാണാം. ജെറാര്‍ഡ് പിക്വെയെ പോലുള്ള സെന്റര്‍ ബാക്ക് പലപ്പോഴും ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങുന്നത് ബാര്‍സലോണ പോലുള്ള ഒരു ടീമില്‍ മാത്രമേ നമുക്ക് കാണാന്‍ കഴിയൂ. കളിക്കാരന്റെ ഉത്തരവാദിത്തത്തെ നിര്‍ണിതമായി മനസ്സിലാക്കുന്ന പരമ്പരാഗത ഫുട്‌ബോളിന്റെ രീതികളെ മറികടക്കുന്ന ഈ ശൈലിക്ക് ടോട്ടല്‍ ഫുട്‌ബോളുമായി വലിയ ബന്ധമുണ്ട്.

യോഹാന്‍ ക്രൈഫ്‌

ഇനി പെപിന്റെ ബാര്‍സയിലേക്ക് തിരിച്ചുവരാം. മുകളില്‍ വിവരിച്ച ടിക്കി-ടാക്കയുടെ താത്വികമായ അടിത്തറകളെ ഏറ്റവും മനോഹരമായി ആവിഷ്‌കരിക്കുകയാണ് ഗ്വാര്‍ഡിയോള ചെയ്തത്. അതേസമയം തന്നെ ഗ്വാര്‍ഡിയോളയുടെ ആവിഷ്‌കാരങ്ങൾ സ്വയം ഒരു ഫിലോസഫിയായി നിലനില്‍ക്കുന്നുമുണ്ട്. ഒന്നാമതായി പെപിന്റെ ബാര്‍സ എപ്പോഴും ചലിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണെന്ന് കാണാന്‍ കഴിയും. അഥവാ ടീമിലെ ഓരോ കളിക്കാരും പരസ്പര പൂരകമായി ആദ്യാവസാനം ഓടിക്കൊണ്ടിരിക്കുന്നതായി കാണാം. ഡോക്യുമെന്ററിയില്‍ സാവി ബാര്‍സയുടെ പാസിംഗ് ഗെയിമിനെ പറ്റി പറയുന്നുണ്ട്. അഥവാ ഒരു കളിക്കാരന്‍ ബോള്‍ വരുതിയിലാക്കിക്കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ പന്ത് പാസ് ചെയ്യാന്‍ 3 സാധ്യതകള്‍ അയാള്‍ സ്വയം അന്വേഷിക്കുകയും അതേസമയം മൊത്തം ടീമും ആ മൂന്ന് സാധ്യതകള്‍ക്കായി ടീമിനെ ക്രമീകരിക്കുകയും ചെയ്യുന്നു. അഥവാ ബുണ്ടസ് ലീഗയിലും(ജര്‍മന്‍) പ്രീമിയര്‍ ലീഗിലെ(ഇംഗ്ലീഷ്) പല ടീമുകളിലും നാം കാണുന്നത് പോലെ ഒരൊറ്റ സാധ്യതയിലൂടെ മുന്നേറുക എന്നതിനപ്പുറം നിരന്തരമായി സാധ്യതകളെ ഉണ്ടാക്കിയെടുത്തുകൊണ്ട് ലക്ഷ്യത്തിലേക്കെത്തുക എന്ന ശൈലി പെപിന്റെ കാലത്തും ഇന്നും ബാര്‍സലോണ സ്വീകരിച്ചതായി കാണാം. അത് ഒരേസമയം മുഴുവന്‍ ടീമിനെയും പ്രവചനാതീതമായി നിലനിര്‍ത്തുന്നുണ്ട്. ആര്‍ക്കാണ് ബോള്‍ പാസ് ചെയ്യുക എന്ന് ഒരു നിലക്കും പ്രവചിക്കാന്‍ കഴിയാത്തവിധം ഗോള്‍കീപ്പര്‍ മുതലുള്ള കളിക്കാര്‍ നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുന്നതായി കാണാം. അത് പോലെ തന്നെയാണ് അവരുടെ മുന്നേറ്റവും. കാരണം മുന്നേറ്റം എന്നത് സാധാരണയായി എതിര്‍ ഗോള്‍വല ലക്ഷ്യമാക്കിയുള്ള മുന്നോട്ടുള്ള കുതിപ്പാണ് ഫുട്‌ബോളില്‍. എന്നാല്‍ ടിക്കി-ടാക്കയില്‍ മുന്നോട്ട് എന്നതിന് പകരം വശങ്ങളിലേക്കും പിറകിലേക്കുമടക്കം കളിക്കളത്തിന്റെ അതിര്‍വരമ്പുകള്‍ക്കകത്ത് മുഴുവനും ബാര്‍സ താരങ്ങള്‍ സാധ്യതകള്‍ കണ്ടെത്തുന്നതായി കാണാം. ഇവിടെ കളിക്കാരുടെ റോളിനെ പറ്റി പറയേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. ഡോക്യുമെന്ററിയില്‍ അന്നത്തെ ഗോള്‍ കീപ്പര്‍ വിക്റ്റര്‍ വാല്‍ഡസ് ഒരു കഥ പറയുന്നുണ്ട്. പെപ് കോച്ചായി വന്ന് ആദ്യമായി വാല്‍ഡസ് അദ്ദേഹത്തിന്റെ ഓഫീസില്‍ കാണാന്‍ പോകുന്നു. അവിടെ വെച്ച് സെന്റര്‍ ഡിഫന്റര്‍മാരുടെ പൊസിഷന്‍ പെപ് കാണിച്ചുകൊടുക്കുന്നത് ഗോള്‍കീപ്പറുടെ വശങ്ങളിലായാണ്! അഥവാ പാസിംഗ് ഗെയിം അല്ലെങ്കില്‍ അറ്റാക്കിംഗ് തുടങ്ങുന്നത് ഗോള്‍ കീപ്പറില്‍ നിന്നുമാണെന്നര്‍ഥം. രസകരമായ കാര്യമായി ഇവിടെ ഞാന്‍ മനസ്സിലാക്കുന്നത് ഗോള്‍ കീപ്പറിനും പാസിടാന്‍ വശങ്ങളിലേക്കും മുന്നോട്ടുമായി 3 സാധ്യതകള്‍ ഘടനാപരമായി പെപ് രൂപപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. അവിടന്നങ്ങോട്ട് പ്രവചനാധീതമായാണ് ബാര്‍സയുടെ പാസിംഗ് മുന്നോട്ടു പോകുന്നത്. വിംഗ് ബാക്കുകളായി കളിക്കുന്ന കളിക്കാര്‍ പന്തുമായി കുതിച്ചുപായുന്നതിനു പകരം അതിവേഗത്തിലുള്ള പാസിംഗ് ഗെയിമുമായി അവര്‍ കളം നിറയുന്നു. അവര്‍ മറ്റു ടീമുകളിടെ വിംഗ് ബാക്കുകളില്‍(റയലിലെ മാര്‍സലോ ഒഴിച്ച്) നിന്നും വ്യത്യസ്തമായി എതിര്‍ ടീമിന്റെ ബോക്‌സിലേക്ക് ധൈര്യപൂര്‍വ്വം കടക്കുകയും ഗോള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്യുന്നു. ആ സമയത്തൊക്കെ മിഡ്ഫീല്‍ഡിലെ കളിക്കാര്‍ പിറകോട്ടു പോകാന്‍ റെഡിയായി നില്‍ക്കുകയും ചെയ്യുന്നു.

സാവി ഹെര്‍ണാണ്ടസ്‌

പെപിന്റെ ബാര്‍സയില്‍ ഏറ്റവും ശക്തമായ സാന്നിധ്യമായി ഞാന്‍ മനസ്സിലാക്കുന്നത്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെയാണ്. ഒരേസമയം അവര്‍ പ്രതിരോധത്തിലും മധ്യനിരയിലും ചിലപ്പോഴെല്ലാം പെപിന്റെ ബാര്‍സയില്‍ അറ്റാക്കിംഗിനും കേന്ദ്രമായി മാറുന്നുണ്ട്. അത് കൊണ്ടുതന്നെ പെപ് ഗ്വാര്‍ഡിയോള നിര്‍മ്മിച്ചെടുത്ത ഏറ്റവും മികച്ച കളിക്കാരനായി ഞാന്‍ കണക്കാക്കുന്നത് സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനെയാണ്. ബുസ്‌ക്വെറ്റ്‌സിന്റെ കളി കണ്ടുനോക്കുക. ഇന്ന് ബാര്‍സയില്‍ ഏറ്റവും മനോഹരമായി ടാക്കിളിംഗിലൂടെ പന്ത് നേടിയെടുക്കുന്ന താരമാണ് ബുസ്‌ക്വി. അതേസമയം തന്നെ മധ്യനിരയില്‍ മൊത്തം കളിയുടെ ഒഴുക്കിനെ തന്നെ പൊളിച്ചടുക്കാന്‍ അദ്ദേഹത്തിന്റെ പാസുകള്‍ക്കും അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ടേണുകള്‍ക്കും പലപ്പോഴും സാധിക്കാറുണ്ട്. എന്നാല്‍ അതിനെല്ലാമുപരി അദ്ദേഹത്തിന്റെ അസാമാന്യമായ ത്രൂപാസുകളും ലോംഗ് ബാള്‍ അസിസ്റ്റുകളും ബാര്‍സയുടെ സൗന്ദര്യാത്മക ഫുട്‌ബോളിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളാണ്. അത് കൊണ്ടുതന്നെ ടിക്കി-ടാക്കയെ അതിന്റെ തന്നെ സാധ്യതകളുപയോഗിച്ച് ആ ശൈലിയെ ബ്രേക്ക് ചെയ്യാന്‍ കെല്‍പ്പുള്ള രണ്ടു പേരില്‍ ഒരാളാണ് ബുസ്‌ക്വി. മറ്റൊരാള്‍ ലയണല്‍ മെസ്സിയും. അതിലേക്ക് പിന്നീട് വരാം.

സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും ലയണല്‍ മെസ്സിയും

ടിക്കി-ടാക്കയിലെ മിഡ്ഫീല്‍ഡര്‍മാരുടെ റോളിനെ പറ്റി ധാരാളമായി എഴുതിക്കാണാറുണ്ട്. അവരാണ് യഥാര്‍ഥത്തില്‍ ടിക്കി-ടാക്കയിലെ കേന്ദ്രങ്ങള്‍. നേരത്തെ പറഞ്ഞ പാസിനാവശ്യമായ മൂന്ന് സാധ്യതകളെ പറ്റിത്തന്നെ അവരെ കുറിച്ച് പറയുമ്പോള്‍ പറയാമെന്ന് തോന്നുന്നു. പെപിന്റെ ബാര്‍സയിലെ സാവിയെയും ഇനിയെസ്‌റ്റയെയും എടുക്കാം, അവര്‍ രണ്ടുപേരും പന്ത് കാലില്‍ ഹോള്‍ഡ് ചെയ്ത് കളിക്കുന്നതില്‍ നിപുണരായ ആളുകളാണ്. അപ്പോഴും അക്കാലത്ത് ഏറ്റവുമധികം പാസിങുകളും അവരില്‍ നിന്നു തന്നെയായിരുന്നു. അപ്പോള്‍ ഒരേസമയം പന്തിനെ അസാമാന്യമാം വിധം നിയന്ത്രിച്ചുനിര്‍ത്തുകയും അതേസമയം തന്നെ പൊടുന്നനെയുള്ള പാസുകള്‍ നല്‍കാനും അവര്‍ ശീലിച്ചത് പെപിന്റെ ടാക്റ്റിക്‌സിലൂടെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇവിടെ നേരത്തെ പറഞ്ഞ
വ്യക്തിയില്ലായ്മ(selflessnes) ഒന്നുകൂടെ വിശദീകരിക്കാമെന്ന് തോന്നുന്നു. ഇനിയസ്‌റ്റയും സാവിയും പന്ത് കൈവശം വെക്കുന്നതില്‍ മിടുക്കരാണെങ്കില്‍ പോലും പന്തുമായി മുന്നോട്ട് കുതിക്കുന്ന സ്വഭാവം അവര്‍ക്കില്ല. കൈവശം വെക്കുന്ന സമയത്തൊക്കെയും ഏറ്റവും അനുയോജ്യമായ സ്ഥലത്തേക്ക്‌ ബോള്‍ പാസ് ചെയ്യുന്നതിനായി നില്‍ക്കുന്ന സ്ഥലത്തുനിന്നുതന്നെ അവര്‍ സ്‌പേസുണ്ടാക്കുന്നതായി കാണാം. പ്രീമിയര്‍ ലീഗില്‍ ആര്‍സനല്‍ കളിക്കുന്നതുപോലുള്ള പൊസസീവ് അറ്റാക്കിംഗ് പോലുമല്ല അത്. ആര്‍സനല്‍ നിരന്തരം പാസിംഗിലൂടെ മനോഹരമായി മുന്നോട്ട് ചലിക്കുന്നുണ്ടെങ്കില്‍ ബാര്‍സയെ സംബന്ധിച്ചിടത്തോളം മുന്നോട്ട് ചലിക്കുക എന്നതിനപ്പുറം കളം മുഴുവന്‍ സാധ്യതകള്‍ അന്വേഷിക്കുക എന്നതാണ് പ്രധാനം. ഈ സാധ്യതകളാണ് യഥാര്‍ഥത്തില്‍ വ്യക്തിയെ കളിക്കളത്തില്‍ അസാന്നിധ്യനാക്കുന്നതും. ഡോക്യുമെന്ററിയില്‍, ഹെന്റിയും യായാ ടൂറെയും എറ്റുവും കഴിവുറ്റ കളിക്കാരാണെങ്കിലും ബാര്‍സയില്‍ അവര്‍ മികച്ചവരായിരുന്നില്ല എന്ന് സാവി പറയുന്നുണ്ട്. അഥവാ സ്വയം പന്തുമായി കുതിച്ച് കളിയുടെ ഗതിയെ തന്നെ മാറ്റുവാന്‍ കെല്‍പുള്ള മഹാനായ കളിക്കാരനാണ് ഹെന്റി. എങ്കിലും ബാര്‍സയില്‍ ഹെന്റി
പ്രധാനതാരമായിരുന്നില്ല. ഇവിടെയാണ് ആര്‍സനലും ബാര്‍സയും തമ്മിലുള്ള പ്രധാനവ്യത്യാസത്തെ ഞാന്‍ അടയാളപ്പെടുത്തുന്നത്(ആര്‍സനലിനെ ഉദാഹരിക്കുന്നത് ലോകത്ത് ഏറ്റവും മനോഹരമായി അറ്റാക്കിംഗ് നടത്തുന്ന ടീം ആര്‍സനലാണ് എന്ന് ഞാന്‍ കരുതുന്നതിനാലും ബാര്‍സയുടെ ശൈലിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നതുകൊണ്ടുമാണ്). ബാര്‍സ എന്നത് ടീം എന്ന നിലയില്‍, കളത്തിനകത്തും കളത്തിന് പുറത്തും വ്യക്തിരഹിതമായ ആശയം പ്രാക്റ്റീസ് ചെയ്യുന്ന ടീമാണ്. സഹതാരം എറിക് അബിദാലിന് കരള്‍ പകുത്തുനല്‍കാന്‍ സന്നദ്ധത കാണിച്ച ഡാനി ആല്‍വസ് ഒരുകാലത്ത് ലോകമാധ്യമങ്ങളുടെ സംസാരവിഷയമായിരുന്നു. അത് പോലെ തന്നെയാണ് അബിദാലിന്റെ രോഗം സ്ഥിരീകരിക്കപ്പെട്ടതിന് ശേഷം, ബാര്‍സ ചാമ്പ്യന്‍സ് ലീഗ് നേടിയപ്പോള്‍ ക്യാപ്റ്റനായിരുന്ന പുയോള്‍ അബിദാലിനെ കൊണ്ട് കപ്പ് ഉയര്‍ത്തിച്ചത്. ഇവിടെ പുയോള്‍ സ്വയം നിരാകരിച്ച് ക്യാപ്റ്റന്‍ പോലുമല്ലാതായിത്തീരുകയാണ്. മറ്റൊരവസരത്തില്‍ സഹതാരമായിരുന്ന റൊണാള്‍ഡീന്യോയെ അദ്ദേഹത്തിന്റെ ടീമായ എ.സി മിലാനെ തോല്‍പ്പിച്ചതിന് ശേഷമുള്ള ടീം ഫോട്ടോയില്‍ ഉള്‍പ്പെടുത്തി ടീമിനെ മൊത്തം selfless ആക്കാന്‍ പുയോളിന് കഴിയുന്നുണ്ട്.
പെപിന്റെ ബാര്‍സയില്‍ മെസ്സിയുടെ റോളാണ് ഇനി ആലോചിക്കേണ്ടത്. യഥാര്‍ഥത്തില്‍ മെസ്സി ഒരേസമയം ബാര്‍സയുടെ പാസിംഗ് ഫുട്‌ബോള്‍ കളിക്കുകയും അതേസമയം തന്നെ തൻേറതായ അസാമാന്യ കഴിവുമായി വേറിട്ടു നില്‍ക്കുകയും ചെയ്യുന്നുണ്ട്. കളിക്കളത്തില്‍ വ്യക്തിയെ പ്രത്യേകമായി അടയാളപ്പെടുത്തുന്ന സോളോ ഗോളുകളിലും മാജിക്കല്‍ അസിസ്റ്റുകളിലും മൊത്തം കളിയുടെ ഗതി നിര്‍ണ്ണയിക്കുന്ന കീ പാസുകളിലുമെല്ലാം മെസ്സി അദ്ദേഹത്തിന്റെ സ്വന്തത്തെ അടയാളപ്പെടുത്തുന്നുണ്ട്. അഥവാ മെസ്സി സ്വയം ഒരു സമ്പൂര്‍ണ്ണ ഫുട്‌ബോളറാണ്. എന്നാല്‍ ആര്‍ക്കും ഒരു നിലക്കും ‘സ്വയം ഒരു കളിക്കാരന്‍’ ആവാന്‍ കഴിയാത്ത ബാര്‍സയുടെ ടിക്കി-ടാക്കയില്‍ മെസ്സി എന്നത് മൊത്തം കളിയെ നിര്‍ണ്ണയിക്കാന്‍ ആവശ്യമായ തുറുപ്പുശീട്ടായാണ് ഗ്വാര്‍ഡിയോള വെക്കുന്നത്. അഥവാ പെപിന്റെ ബാര്‍സയില്‍ മെസ്സി പലപ്പോഴും ഒരു കളിക്കാരന്‍ അല്ലായിരുന്നു. മറിച്ച് പെപിന്റെ ഒരു തന്ത്രമായി കളം മുഴുവന്‍ നിറയുകയും പ്രവചനാതീതമായി എതിര്‍കളിക്കാരെ നിരന്തരം ആശയക്കുഴപ്പത്തിലാക്കിക്കൊണ്ടേയിരിക്കുന്ന ഒന്നുമായിരുന്നു. അതിനാല്‍ തന്നെ അക്കാലത്തെ ബാര്‍സയുടെ കളികള്‍ പരിശോധിക്കുക. വളരെ കുറച്ചു സമയങ്ങളില്‍ മാത്രമാണ് മെസ്സിക്ക് പന്ത് ലഭിക്കുന്നത്. ലഭിക്കുന്ന പന്താവട്ടെ മൊത്തം കളിയുടെ ഗതി നിര്‍ണ്ണയിക്കുന്നതുമായിരിക്കും! ഡോക്യുമെന്ററിയില്‍ സാവി ഇത്തരമൊരു മെസ്സിയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അഥവാ മെസ്സിയെ പ്രത്യേക കഴിവുകളുള്ള ഒരാളായാണ് സാവി കണക്കാക്കുന്നത്. അപ്പോഴും ബാക്കി കളിക്കാരില്‍ നിന്നും അടിസ്ഥാനപരമായി മെസ്സിയെ മാറ്റി വായിക്കാന്‍ സാവി ശ്രമിച്ചുകൊണ്ടിരിക്കുന്നുമുണ്ട്‌. ഇതിനെയാണ് ഞാന്‍ നേരത്തെ പറഞ്ഞ ടിക്കി-ടാക്ക ക്കകത്ത് നിന്നുകൊണ്ട് തന്നെ അതിനെ അസ്ഥിരപ്പെടുത്താന്‍ മെസ്സിക്ക് കഴിയുന്നത്.

പെപ് ഗ്വാര്‍ഡിയോള

Take the ball pass the ball എന്ന ഡോക്യുമെന്ററിയെ കുറിച്ചെഴുതണമെന്ന് വിചാരിച്ചതിന് പ്രധാന കാരണം എന്നത്, ഡോക്യുമെന്ററിയില്‍ മെസ്സിയും സാവിയും ബുസ്‌ക്വെറ്റ്‌സുമടക്കമുള്ള താരങ്ങള്‍ ഫിലോസഫിയെ പറ്റിയാണ് സംസാരിക്കുന്നത് എന്നതിലെ അസാധാരണത്വത്തെ പറ്റി ആലോചിച്ചതാണ്. പ്രായോഗികതലത്തില്‍ അടിസ്ഥാനപരമായി വിനോദം മാത്രമായ ഒരു കായിക ഇനത്തിലെ കളിക്കാര്‍ തങ്ങള്‍ പരിശീലിച്ചതിനെ എന്തുകൊണ്ടാണ് ഫിലോസഫിയായി മനസ്സിലാക്കുന്നത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്ന് തോന്നുന്നു. ലോകഫുട്‌ബോളില്‍ ബാര്‍സലോണയെ പറ്റി മാത്രമാണ് അങ്ങനെയൊരു പദം കേള്‍ക്കാറുള്ളത്. തത്വചിന്തക്ക് അതിന്റെ ആരംഭം മുതല്‍ യാഥാര്‍ഥ്യത്തിന് വേണ്ടിയുള്ള അന്വേഷണം എന്ന അര്‍ഥമാണുള്ളത്. അഥവാ ബാര്‍സ എന്ന പ്രായോഗിക പ്രതിഭാസം എന്താണ് കളിക്കളത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് എന്നതിലെ യാഥാര്‍ഥ്യത്തെ പറ്റിയുള്ള അന്വേഷണത്തെ പറ്റിയാണ് മെസ്സിയും സാവിയും ബുസ്‌ക്വെറ്റ്‌സും പറഞ്ഞുകൊണ്ടിരിക്കുന്നത്!
യോഹാന്‍ ക്രൈഫിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു!.

 

അസ്ഹര്‍ അലി