Campus Alive

ഡല്‍ഹി അക്രമങ്ങള്‍: വടക്കുകിഴക്കന്‍ ഡല്‍ഹിയെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയ്ന്‍ ധ്രുവീകരിച്ചതെങ്ങനെ?

ഫെബ്രുവരി 23ന് ഞായറാഴ്ച്ച നടന്ന അക്രമങ്ങള്‍ ഏറ്റവുമധികം ബാധിച്ച ഇടങ്ങളിലൊന്നാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദ്. മുസ്ലിംകളുടെ വീടുകളും കടകളുമെല്ലാം കത്തിച്ച അക്രമികള്‍ ആ പ്രദേശത്തുണ്ടായിരുന്ന ഒരു സ്കൂളിനെ പോലും വെറുതെ വിട്ടില്ല. മുസ്തഫാബാദില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ പ്രകാരം ചില മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്ന് പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ മുസ്തഫാബാദ് സീറ്റിലെ പരാജയമായിരുന്നു ബി.ജെ.പി യെ ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചതും.  മുസ്തഫാബാദിലെ ഈ പരാജയം ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന തരത്തില്‍ ബി.ജെ.പി ദേശീയ സോഷ്യല്‍ മീഡിയ തലവന്‍ അമിത് മാളവ്യ ഒരു ട്വീറ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ സിറ്റിങ്ങ് M.L.A  ജഗ്ദീഷ് പ്രധാന് പന്ത്രണ്ടാം റൗണ്ട് വരെ ഉണ്ടായിരുന്ന വലിയ ലീഡായിരുന്നു മാളവ്യയെ ചൊടിപ്പിച്ചതെന്ന് വ്യക്തം. ഹിന്ദു-ഭൂരിപക്ഷ ബൂത്തുകള്‍ മാത്രമേ അതുവരെ എണ്ണിയിട്ടുണ്ടായിരുന്നുള്ളൂ. എന്നാല്‍ തുടര്‍ന്ന് എണ്ണിയ റൗണ്ടുകളെല്ലാം എ.എ.പിയുടെ ഹാജി യൂനുസ് തൂത്തുവാരി. 17, 19, 20, 21, 22 , 23 റൗണ്ടുകളില്‍ -മിക്കവാറും മുസ്ലിം ഭൂരിപക്ഷ പോളിങ്ങ് ബൂത്തുകളില്‍- യൂനുസ് നാല്‍പതിനായിരത്തിലധികം വോട്ടുകള്‍ നേടിയപ്പോള്‍ പ്രധാന് വെറും 900 വോട്ടുകൾ നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. 20,000 ത്തിലധികം വോട്ടുകള്‍ക്ക് യൂനുസ് വിജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം വന്ന് കഷ്ടിച്ച രണ്ടാഴ്ച്ചകള്‍ക്കിപ്പുറം, മുസ്തഫാബാദ് കത്തുകയാണ്.

2015നും 2020നും ഇടയിൽ ബി.ജെ.പി വോട്ട് ഷെയറിൽ ഉണ്ടായ വളർച്ച
2015നും 2020നും ഇടയിൽ ബി.ജെ.പി വോട്ട് ഷെയറിൽ ഉണ്ടായ വളർച്ച, Credit: The Quint

വടക്കുകിഴക്കൻ ഡല്‍ഹിയിലെ ഹിന്ദുക്കളെ ബി.ജെ.പി ഏകീകരിച്ചോ?

തിരഞ്ഞെടുപ്പിന്റെ സമയത്ത് പോലും കൃത്യമായ സമുദായിക ധ്രുവീകരണം നടന്നിരുന്നു എന്നതിന്റെ തെളിവാണ് മുസ്തഫാബാദ്. വടക്കുകിഴക്കന്‍ ഡല്‍ഹി മുഴുവനും  കിഴക്കന്‍ ഡല്‍ഹിയുടെ ചില ഭാഗങ്ങളും ഇതേപോലെ ധ്രുവീകരണങ്ങള്‍ക്ക് വിധേയമായിരുന്നു. ഫെബ്രുവരി 23ന് നടന്ന അക്രമങ്ങള്‍ പ്രധാനമായും എട്ട് നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു: സീലംപൂര്‍, ബാബര്‍പൂർ, ഗോകുല്‍പുരി, ഗോണ്ട, മുസ്തഫാബാദ്, കരവല്‍ നഗര്‍, ലക്ഷ്മി നഗര്‍, രോഹ്താസ് നഗര്‍ എന്നിവയാണവ. 2015-നെ അപേക്ഷിച്ച്, വോട്ട് ഷെയറിന്റെ കാര്യത്തില്‍ ബി.ജെ.പിക്ക് പരമാവധി നേട്ടമുണ്ടായ മണ്ഡലങ്ങളാണ് ഇതില്‍ ചിലത്. അതായത്, ഗോണ്ഡയില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതത്തില്‍ 18.6 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായപ്പോൾ, കരാവല്‍ നഗറിലും ഗോകല്‍പൂരിലും ഇത് യഥാക്രമം 16.9 ശതമാനവും 14.6 ശതമാനവുമായിരുന്നു. ഹിന്ദു വോട്ടുകളുടെ ഏകീകരണം സാധ്യമാക്കുന്നതിൽ  പാര്‍ട്ടി വിജയിച്ചു എന്നതിന്റെ സൂചനകള്‍ നല്‍കുന്നതാണ് ഈ കണക്കുകള്‍. സീലംപൂരില്‍ ഈ വളര്‍ച്ച കുറവായിരുന്നു, മറ്റുള്ളവയെ അപേക്ഷിച്ച് ഹിന്ദു വോട്ട് വിഹിതം  ഇവിടെ കുറവായതാണ് കാരണം.

ബി.ജെ.പിയുടെ വോട്ട് വിഹിതത്തിലെ വളര്‍ച്ച മാത്രമല്ല മറിച്ച് മണ്ഡലങ്ങളില്‍ നടന്ന കൃത്യമായ ധ്രുവീകരണത്തിന്റെ- ഹിന്ദുക്കൾ ബി.ജെ.പിക്ക് പിന്നിലും മുസ്ലിംകള്‍ എ.എ.പിക്ക് പിന്നിലും- വ്യക്തമായ ചിത്രം കൂടിയാണ് ഇതില്‍നിന്നും നമുക്ക് ലഭിക്കുന്നത്.

മുസ്തഫാബാദിനെ കുറിച്ച് നമ്മള്‍ മുകളില്‍ ചര്‍ച്ചചെയ്തു. ബി.ജെ.പി വിജയിച്ച – മുസ്തഫാബാദിനോട് ചേര്‍ന്ന് കിടക്കുന്ന കരവല്‍ നഗറാണ് മറ്റൊരു ഉദാഹരണം. എ.എ.പിയുടെ ദുര്‍ഗേഷ് പഥകിന് 5 മുസ്ലിം ഭൂരിപക്ഷ പോളിങ്ങ് ബൂത്തുകളില്‍ 80 ശതമാനത്തിലേറെ വോട്ട് ലഭിച്ചപ്പോള്‍, ബി.ജെ.പിയുടെ മോഹന്‍സിങ്ങ് ബിഷ്ത് ഹിന്ദു ഭൂരിപക്ഷ ബൂത്തുകളില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷം വോട്ടുകളും കരസ്ഥമാക്കി. കിഴക്കന്‍ ഡല്‍ഹിക്ക് അപ്പുറത്തേക്ക് ബി.ജെ.പി ഈ വിധത്തില്‍ വ്യക്തമായ ഹിന്ദു വോട്ട് ഏകീകരണത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. ഇത് നോക്കുക – യമുനാ നദിക്ക് കിഴക്കായി കിടക്കുന്ന പതിനാറ് സീറ്റുകളില്‍ ആറെണ്ണത്തില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ ബാക്കി വരുന്ന ഡല്‍ഹിയിലെ 54 സീറ്റുകളില്‍ വെറും രണ്ടെണ്ണം മാത്രമാണ് അവര്‍ക്ക് വിജയിക്കാനായത്. ഡല്‍ഹിയുടെ കിഴക്കുഭാഗത്താണ് ഈ ഏകീകരണം കൂടുതല്‍ വിജയം നേടിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

കിഴക്കന്‍ ഡല്‍ഹിക്ക് വര്‍ഗീയ കലാപങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട്. 1984 ലെ സിഖ് വിരുദ്ധ വംശഹത്യ ഏറ്റവും കൂടുതല്‍ ബാധിച്ചതും 2014 ല്‍ ത്രിലോക്പുരിയിലെ വര്‍ഗീയ കലാപം നടന്നതും ഇതേ ഭാഗത്തായിരുന്നു.

ബി.ജെ.പി നേതാക്കളും വിദ്വേഷ മുദ്രാവാക്യങ്ങളും

ബി.ജെ.പി വിജയിച്ച എട്ടില്‍ നാല് മണ്ഡലങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വര്‍ഗീയ കലാപം കൊടുമ്പിരി കൊള്ളുകയാണ്; കരാവല്‍ നഗര്‍ , ഗോണ്ട , റോഹ്താസ് നഗര്‍, ലക്ഷ്മി നഗര്‍ എന്നിവയാണീ മണ്ഡലങ്ങള്‍. പുറത്ത് വന്ന ഒരു വീഡിയോയില്‍ ലക്ഷ്മി നഗറില്‍ നിന്നുള്ള ബി.ജെ.പി M.L.A ആഭേയ് വര്‍മ ഇത്തരത്തില്‍ വിദ്വേഷപ്രചരണങ്ങൾ മുഴക്കികൊണ്ടുള്ള ഒരു റാലിക്ക് നേതൃത്വം കൊടുക്കുന്നത് കാണാം. എ.എ.പി എം.പി സഞ്ജയ് സിങ്ങാണ് ഈ വീഡിയോ പുറത്ത് വിട്ടത്. ‘ജോ ഹിന്ദു ഹിത് കീ ബാത്ത് കരേഗാ, വോ ഇസ് ദേശ് മേ രാജ് കരേഗാ’ (ആരാണോ ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കുന്നത്, അവരീ രാജ്യം ഭരിക്കും)  പോലീസ് കേ ഹത്തിയാരോം കോ ഗോലീ മാറോ സാലോം കോ (പോലീസുകാരനെ കൊന്നവന്മാരെ വെടിവെച്ച് കൊല്ലുക) തുടങ്ങിയ തീവ്ര മുദ്രാവാക്യങ്ങള്‍ വിളിച്ച് കൊണ്ട് അണികള്‍ക്കൊപ്പം നടന്ന് നീങ്ങുന്ന വര്‍മയെ നിങ്ങള്‍ക്ക് വീഡിയോയില്‍ കാണാനാവും. ഇതേ സംഭവം ന്യൂസ്18 ലെ പത്രപവര്‍ത്തകനായ ഉദയ് സിങ്ങ് റാണയും ശരിവെച്ചിട്ടുണ്ട്.

വിദ്വേഷപ്രസംഗങ്ങള്‍ വഴി അക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നതായി ആരോപിക്കപ്പെട്ട മറ്റൊരാള്‍ കപില്‍ മിശ്രയാണ്. ബി.ജെ.പിയില്‍ ചേര്‍ന്ന് മോഡല്‍ ടൗണില്‍ മത്സരിച്ച് പരാജയപ്പെടുന്നതിന് മുമ്പ് ഇയാള്‍ കരാവല്‍ നഗറില്‍ നിന്നുള്ള ആപ്പ് എം.എല്‍.എ ആയിരുന്നു. ഞായറാഴ്ച്ച പ്രകോപനപരമായ പ്രസംഗം നടത്തിയതായി ഇയാള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളുണ്ട്. മൂന്ന് ദിവസങ്ങളൊയി സി.എ.എ വിരുദ്ധ സമരക്കൊര്‍ തടഞ്ഞുവെച്ച ജാഫ്രാബാദ് മെയ്ന്‍ റോഡ് പോലീസ് വന്ന് നീക്കിയിട്ടില്ലെങ്കില്‍ തന്റെ അനുയായികള്‍ അത് ചെയ്തോളുമെന്ന് മിശ്ര ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അക്രമം ആരംഭിക്കുകയും ജാഫ്രാബാദ് ഇതിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായി മാറുകയും ചെയ്തു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പിയുടെ പ്രത്യേക ശ്രദ്ധ

സി.എ.എ വിരുദ്ധ സമരക്കാരെയാകെ റേപ്പിസ്റ്റുകളെന്ന് വിളിച്ചാക്ഷേപിച്ച ബി.ജെ.പി എം.പി പ്രവേശ് വര്‍മയുടെയും ‘ഗോലി മാറോം സാലോം കോ’ വിളിച്ച അനുരാഗ് താക്കൂറിന്റെയും സഹായത്തില്‍ ബി.ജെ.പി നടത്തിയ ഡല്‍ഹി ഇലക്ഷന്‍ പ്രചരണത്തിന്റെ തുടര്‍ച്ച മാത്രമാണ് കപില്‍ മിശ്രയുടെ ഭീഷണിയും  ആഭേ വര്‍മയുടെ അണികളുടെ വിദ്വേഷമുദ്രാവാക്യങ്ങളും. വര്‍ഗീയതയിൽ പൊതിഞ്ഞ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ കൂടുതലും മുസ്ലിംകളായ സി.എ.എ വിരുദ്ധ പ്രക്ഷോഭക്കാരെ ഉന്നം വെച്ചായിരുന്നു. ഈ വാചോടോപത്തിന് ഏറ്റവും മൂര്‍ച്ചയേറിയതാവട്ടെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലും.

കപിൽ മിശ്ര

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബാഭര്‍പൂരിൽ നടന്ന റാലിയില്‍ അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഇ.വി.എം ബട്ടന്‍ നിങ്ങളമര്‍ത്തുമ്പോൾ ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് അതിന്റെ ചൂട് അനുഭവപ്പെടണം എന്നാണ്.  മുസ്ലിം രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ ‘നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം’ ചെയ്യപ്പെടുകയാണെന്നും ഹിന്ദു സ്ത്രീകള്‍ ‘പീഢനങ്ങള്‍’ക്കിരയാവുകയാണെന്നുമാണ് ഗോകല്‍പുരിയിലെ റാലിയില്‍ അദ്ദേഹം പറഞ്ഞത്. തന്റെ ഊര്‍ജത്തിന്റെ ഭൂരിഭാഗവും അമിത് ഷാ ഈ പ്രദേശങ്ങളിലാണ് ചെലവഴിച്ചത്. പ്രചരണങ്ങള്‍ക്കിടയിൽ വടക്കുകിഴക്കന്‍ ഡല്‍ഹിയിൽ ഏഴോളം പരിപാടികളിൽ  അദ്ദേഹം പങ്കെടുത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കരാവല്‍ നഗറില്‍ താന്‍ അഭിസംബോധന ചെയ്ത റാലിയില്‍ വെച്ച് ‘ബോലി സേ നഹി തോ ഗോലി സേ മാനേംഗേ’ (അവര്‍ വാക്കുകള്‍ കൊണ്ട് അംഗീകരിക്കുന്നില്ലെങ്കില്‍, നമ്മുടെ പക്കൽ  ബുള്ളറ്റുകളുണ്ട്..) എന്ന് പറയുകയുണ്ടായി. അതേപോലെ, പാകിസ്ഥാന്റെ സൃഷ്ടിയിലേക്ക് നയിച്ച അതേ മനോഭാവമാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭക്കാര്‍ക്കെന്നും യോഗി പറയുകയുണ്ടായി. ഇതേപോലെ വടക്കു കിഴക്കൻ ഡൽഹിയിലെ പത്തോളം പ്രദേശങ്ങളിൽ  ബി.ജെ.പിയുടെ ഇരുപത്തഞ്ചോളം രണ്ടാംനിര നേതാക്കളും ഒരുപാട് പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.

(The Quintൽ പ്രസിദ്ധീകരിച്ച ആദിത്യ മേനോൻ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ, വിവർത്തനം: അഫീഫ്  അഹ്മദ്)

ആദിത്യ മേനോൻ