Campus Alive

മാൽകം എക്സിന്റെ ജീവിതം ഇന്ത്യൻ മുസ്ലിംകളോട് പറയുന്നത്

മാല്‍കം എക്‌സ് അല്ലെങ്കില്‍ ഹാജി മലിക് അശ്ശഹബാസ് ലോകചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വിപ്ലവകാരിയായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പേരിന്റെ അവസാനമുള്ള ‘X’  അദ്ദേഹം സ്വയം ചേര്‍ത്ത ഒന്നാണ്, ആഫ്രിക്കന്‍ അമേരിക്കക്കാരായ അടിമകൾ തങ്ങളുടെ ഉടമസ്ഥരുടെ നാമം പേരിന്റെ അവസാനം ചേര്‍ക്കുന്നത് വ്യാപകമായിരുന്ന കാലത്ത്, ഭൂതകാലത്തിന്റെ എല്ലാതരത്തിലുമുള്ള കെട്ടുപാടുകളില്‍ നിന്നുമുള്ള മോചനം എന്നനിലക്കാണ് അദ്ദേഹം ‘X’ എന്ന അവസാന നാമം ചേര്‍ക്കുന്നത്.

അമേരിക്കന്‍ വെള്ളക്കാരന്റെയും യൂറോപിന്റെയും അധിനിവേശത്തിൽ നിന്നുമുള്ള മോചനത്തിനായി കറുത്തവര്‍ഗ്ഗക്കാർ ആത്യന്തികമായി ആഫ്രിക്കയിലേക്ക് തിരിച്ചുപോകണമെന്നും കറുത്തവന്റെ ആധിപത്യത്തിൽ വംശീയ വേര്‍തിരിവുകളുണ്ടാവണമെന്നും വാദിക്കുന്ന റാഡിക്കല്‍ സംഘടനയുടെ(NOI-Nation of Islam) ഭാഗമായി ആദ്യകാലങ്ങളിൽ അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് അറുപതുകളുടെ തുടക്കത്തില്‍ NOI യില്‍ നിന്നും പുറത്തു വന്ന അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ഏകദേശം ആ സമയത്താണ് നിങ്ങളെനിക്ക് ഒരു മുതലാളിത്ത വാദിയെ കാണിച്ചുതരൂ, ഞാന്‍ നിങ്ങള്‍ക്ക് ഒരു രക്തദാഹിയെ കാണിച്ചുതരാം എന്ന് ഒരു പ്രസംഗത്തിനിടെ പറഞ്ഞതിന് അദ്ദേഹത്തിന്റെ കമ്യൂണിസവുമായുള്ള ബന്ധത്തെ സംശയിച്ചു കൊണ്ട് FBI അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആരംഭിച്ചത്.

ഹജ്ജ് കഴിഞ്ഞുവന്നതിന് ശേഷം വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനയിൽ പ്രവര്‍ത്തിച്ച് തന്റെ സമയം നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ അദ്ദേഹം NOI യെ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയും വേര്‍തിരിവിന് പകരം വംശീയ ഐക്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തു, അപ്പോൾ മാത്രമാണ് മാല്‍കം യഥാര്‍ഥ വിപ്ലവകാരിയാവുന്നത്. തീയില്‍ നിന്നും ചുട്ടെടുത്തത് കണക്കെയുള്ള അദ്ദേഹത്തിന്റെ വാക്കുകളെ സത്യത്തിന്റെ കാറ്റലകൾ മൂടിയിരുന്നു. അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളിൽ നിന്നുമുള്ള ഭാഗങ്ങൾ ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും പ്രാവര്‍ത്തികമാക്കാൻ സാധിക്കുന്നതുമാണ്.

‘ഒരു മേശയുടെ അടുത്തിരിക്കുന്നു എന്നതുകൊണ്ട് നിങ്ങൾ ഭക്ഷണം കഴിക്കുന്നവരാകുന്നില്ല, പ്ലേറ്റിലുള്ള ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമാണ് നിങ്ങൾ അത് ആവുന്നുള്ളൂ. ഇവിടെ അമേരിക്കയിൽ ഉള്ളതു കൊണ്ട് നിങ്ങള്‍ അമേരിക്കക്കാരൻ ആവുന്നില്ല. അമേരിക്കയില്‍ ജനിച്ചു എന്നതുകൊണ്ടും നിങ്ങൾ അമേരിക്കക്കാരനാവുന്നില്ല.’ ഒരു രാജ്യത്ത് നിങ്ങള്‍ ജനിച്ചതുകൊണ്ട് നിങ്ങൾ ആ രാജ്യത്ത് തുല്യമായി അവകാശമുള്ള പൗരൻ ആയിക്കൊള്ളണമെന്നില്ല എന്നാണ് അത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളെ അധികാരം കൈയാളുന്ന ചെറിയൊരു വിഭാഗം എല്ലാകാലത്തും അരികുവത്കരിച്ചു കൊണ്ടേയിരിക്കും. പൗരത്വത്തിലെ തുല്യതക്ക് വേണ്ടി നിങ്ങൾ നിരന്തരം കലഹിച്ചു കൊണ്ടേയിരിക്കണമെന്നാണ് മാൽകം നമ്മെ പഠിപ്പിക്കുന്നത്.

നീതിക്കു വേണ്ടി ശക്തമായി നിലകൊണ്ടിരുന്നതിനാല്‍ മാല്‍കം എക്‌സ് രോഷാകുലനായി അതിനായി വാദിക്കാറുണ്ടായിരുന്നു. ‘യാഥാര്‍ഥ്യത്തെ തിരിച്ചറിയാന്‍ കഴിയാത്ത വിധമുള്ള ദേശക്കൂറ് നിങ്ങള്‍ക്കുണ്ടാവരുത്. തെറ്റ് ആരുചെയ്താലും പറഞ്ഞാലും തെറ്റുതന്നെയാണ്’, അദ്ദേഹത്തിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസത്തിൽ നിന്നും രൂപപ്പെടുന്നതാണ്. പലപ്പോഴും ന്യൂനപക്ഷം എന്നനിലക്ക് ഭൂരിപക്ഷത്തിന്റെ താല്‍പര്യ പ്രകാരം നാം ചില പക്ഷം പിടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും അത് നമുക്കുതന്നെ എതിരായി ഭവിക്കുകയും ചെയ്യാറുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഷർജീൽ ഇമാം ആസ്സാമിലേക്കുള്ള റോഡ് തടഞ്ഞുകൊണ്ട് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സംസാരത്തിൽ തെറ്റായി ഒന്നും കണ്ടെത്താന്‍ കഴിയില്ലെന്നുള്ളതാണ് സത്യം, എന്നാല്‍ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സമാധാനപരമായ പ്രക്ഷോഭങ്ങളിൽ നിന്നും മാധ്യമങ്ങള്‍ വില്ലനെ കണ്ടെത്താൻ നിരന്തരം പരിശ്രമിക്കുകയും അതിന്റെ ഫലമായി അദ്ദേഹത്തിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുക മാത്രമല്ല അദ്ദേഹത്തെ ദേശദ്രോഹിയായി മുദ്രകുത്തുകയും ചെയ്തു.

ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഏതെങ്കിലും ഒരു ഭാഗത്ത് നില്‍ക്കേണ്ടതായിട്ടുണ്ട്; ഒന്നുകിൽ ഷര്‍ജീലിനെ തള്ളിപ്പറയുന്ന ലിബറൽ ഇന്ത്യക്കാരനോ അല്ലെങ്കിൽ അദ്ദേഹത്തെ പിന്തുണക്കുന്ന റാഡിക്കലോ ആയിരിക്കുമവര്‍. ഇന്ത്യയിലെ NRCക്കും CAA ക്കും എതിരായുള്ള സമരത്തെ വലിയതരത്തില്‍ ശക്തിപ്പെടുത്താനാണ് അദ്ദേഹം സിവിൽ നിയമലംഘനത്തിന് ആഹ്വാനം ചെയ്തത് എന്നകാര്യം അദ്ദേഹത്തെ കുറ്റപ്പെടുത്തുന്ന ലിബറലുകൾ അവഗണിക്കുന്നു. ഒരു ഭാഗം ചേരുന്നതിനായി നിങ്ങളെ നിര്‍ബന്ധിക്കുന്നതിലൂടെ സമരത്തെ വഴിതിരിച്ചുവിടാനാണ് അവർ ശ്രമിക്കുന്നത്.

തന്റെ കറുത്ത-മുസ്‌ലിം സ്വത്വത്തെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ആഫ്രിക്കന്‍ അമേരിക്കക്കാരുടെ വിമോചനത്തിനായുള്ള ഏറ്റവും ശക്തമായ വഴിയുമായാണ് മാല്‍കം എക്‌സ് മനസ്സിലാക്കിയത്. ‘നാം സ്വയം നമ്മെ അംഗീകരിക്കാത്തിടത്തോളം മറ്റുള്ളവർ നമ്മെ അംഗീകരിക്കുന്നതിനെ പറ്റി നാം ചിന്തിക്കേണ്ടതില്ല’ എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യൻ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വാക്കുകൾ നമ്മെ നേരിട്ട് അഭിസംബോധന ചെയ്യുന്നുണ്ട്. അടുത്ത കാലത്ത് ഹിന്ദുക്കളെ നിരാശപ്പെടുത്തുന്നു എന്ന കാരണത്താൽ പ്രക്ഷോഭങ്ങളിൽ നമ്മുടെ സ്വത്വത്തെ മാറ്റി നിര്‍ത്താനുള്ള ആഹ്വാനങ്ങൾ ധാരാളമായുണ്ടായിട്ടുണ്ട്. മുസ്‌ലിം സ്വത്വത്തെ മറച്ചു പിടിച്ചുകൊണ്ട് പ്രതിഷേധിക്കണമെന്ന് ഒരു പാട് ലിബറലുകളും വലതുപക്ഷക്കാരും നമ്മോട് ഉപദേശിച്ചു കൊണ്ടിരിക്കുന്നു. അത്തരം ഉപദേശങ്ങൾ അനുസരിക്കേണ്ടത് ന്യൂനപക്ഷങ്ങളുടെ ബാധ്യതയാണോ? അല്ലെങ്കില്‍ എല്ലാ അധികാരങ്ങളും കൈയ്യാളുന്ന വിഭാഗമാണോ ഞങ്ങളെ ഉപദേശിക്കേണ്ടത്? തെരുവുകളില്‍ ലാ ഇലാഹ ഇല്ലല്ലാഹ് വിളിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും ഷഹീന്‍ബാഗിലെ ഹിജാബണിഞ്ഞ പ്രതിഷേധക്കാരെ സംശയാസ്പദമായി കാണുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. എന്തുകൊണ്ട്? മനുഷ്യന്റെ അടിസ്ഥാന പരമായ സവിശേഷതകളില്‍ ഒന്നായ മതസ്വത്വത്തെ തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് ഭീഷണിയായി കാണാൻ മാത്രം ദുര്‍ബലമാണോ ലിബറൽ ഹിന്ദുസമൂഹത്തിന്റെ ധാര്‍മ്മികബോധം?

രാഷ്ട്രീയ ധാരയിൽ പോലും മുസ്‌ലിം സ്വത്വവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവയെയൊക്കെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അടുത്ത കാലത്ത് ‘കെജ്രിവാള്‍ ശഹീന്‍ ബാഗിൽ സമരം ചെയ്യുന്ന ആളുകള്‍ക്ക് ബിരിയാണി വിതരണം ചെയ്യുന്നു’ എന്ന് യോഗി ആദിത്യനാഥ് പറയുന്നതും നരേന്ദ്ര മോഡി രാഹുൽ ഗാന്ധിയെ ഇടക്കിടെ ഷഹന്‍ഷാദ് എന്ന് വിളിക്കുന്നതും അതിന് ഉദാഹരണമാണ്. മുസ്‌ലിം ചിഹ്നങ്ങളെ അപകടകരമായി ചിത്രീകരിക്കാനുള്ള സംഘടിത ഘൂഢാലോചനയുടെ ഭാഗമാണ് ഇത്തരം സംഭവങ്ങള്‍.

മാല്‍കം എക്‌സ് അമേരിക്കയിലെ ലിബറലുകളെ സംസാരത്തിലൂടെ വിമര്‍ശിക്കുന്ന ആളായിരുന്നു. അദ്ദേഹമവരെ ആട്ടിന്‍തോലിട്ട ചെന്നായകള്‍ എന്നാണ് വിശേഷിപ്പിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവരുടെയോ മൂവ്‌മെന്റിന്റെയോ അവസ്ഥയെകുറിച്ച് മനസ്സിലാകാത്ത, എന്നാൽ രക്ഷാകര്‍തതൃത്വ സ്ഥാനം സ്വയം ഏറ്റെടുത്ത ലിബറലുകളിലൂടെ മുഖ്യധാരാ പൗരാവകാശ പ്രസ്ഥാനം(നീഗ്രോപ്രസ്ഥാനം) കളങ്കപ്പെട്ടുപോയെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടാണ് അദ്ദേഹം കറുത്തവിപ്ലവം(Black Revolution) ആരംഭിച്ചതും.

‘കൗശലക്കാരായ വെളുത്ത ലിബറലുകളും ഗവണ്‍മെന്റ് സ്വയം തന്നെയും കറുത്തവന്റെ വിപ്ലവത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. എന്നാല്‍ ദൈവം മാത്രമാണ് അത് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്’, അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും വളരെ ശക്തിയുള്ളതാണ്. ഏതൊക്കെ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കേണ്ടത് എന്നതിനെ പറ്റിയ യാതൊരു ധാരണയുമില്ലാതെ മൂവ്‌മെന്റിന്റെ മുന്‍നിരയിലേക്ക് ചാടിക്കയറുന്നവരാണ് പ്രിവിലേജ്ഡ് ലിബറലുകൾ. പലപ്പോഴുമവര്‍ ആദ്യം മിഠായി കിട്ടാൻ പെട്ടെന്ന് വരിയില്‍ കയറി നില്‍ക്കുന്ന കുട്ടികളെ പോലെയാണ്. അവര്‍ മൂവ്‌മെന്റിനെ ഏറ്റെടുക്കാൻ ശ്രമിക്കുകയും പുതിയ ആഖ്യാനങ്ങൾ മെനഞ്ഞെടുക്കുകയും എന്തിനാണോ സമരം നടക്കുന്നത് അതിൽ നിന്നും പൂര്‍ണമായും മൂവ്‌മെന്റിനെ വഴിതിരിച്ചു വിടുകയുമാണ് ചെയ്യുന്നത്.

NRCക്കും CAAക്കും എതിരെയുള്ള പുതിയ സമരങ്ങൾ നോക്കുക, ഇത്തരം നിയമങ്ങള്‍ ബാധിക്കപ്പെടുന്ന ആളുകൾ സമരം നടത്തുന്ന സ്ഥലങ്ങളിലൊക്കെയും പ്രമാണിമാരായ ലിബറലുകൾ വരികയും എല്ലാവരും പാലിക്കാനായി തങ്ങളുടെ നിയമങ്ങളുണ്ടാക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തിൽ, നിലനില്‍പ്പിനായി പൊരുതുന്ന ആളുകൾ സമരം നയിക്കുകയും ഇവരൊക്കെയും സമരത്തിന്റെ പിന്‍നിരയിൽ നില്‍ക്കുകയുമാണ് ചെയ്യേണ്ടത്. ഒരു പ്രസ്ഥാനത്തെ പിന്തുണക്കുക എന്നത് സമരത്തിന്റെ കടിഞ്ഞാണേറ്റെടുക്കുന്നതിൽ നിന്നും വ്യത്യസ്തമാണ്, കാരണം നിങ്ങള്‍ക്ക് നിങ്ങൾ പരിഗണിക്കപ്പെടുന്നില്ല എന്നൊരു തോന്നൽ അപ്പോഴുണ്ടാവും.’ എല്ലാ മനുഷ്യരുടെയും സാഹോദര്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാല്‍ എന്നോട് സാഹോദര്യം കാത്തു സൂക്ഷിക്കാത്ത വ്യക്തിയുടെ സഹോദരനായി സമയം നഷ്ടപ്പെടുത്തുന്നതിൽ എനിക്ക് വിശ്വാസമില്ല. സാഹോദര്യം ഇരുവഴികളുള്ള തെരുവാണ്’ എക്‌സ് പറയുന്നു.

എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണത്. അടിച്ചമര്‍ത്തപ്പെട്ടവർ എപ്പോഴൊക്കെ മൂവ്‌മെന്റ് ആരംഭിച്ചിട്ടുണ്ടോ അപ്പോഴെല്ലാം പ്രമാണിമാരായ ലിബറലുകൾ അതിലേക്ക് നുഴഞ്ഞുകയറുകയും മൊത്തം സമരത്തെ ഏറ്റെടുക്കുകയും ചെയ്യുന്നു. എന്തിന്? ഇന്ത്യയിലെ മുസ്‌ലിംകൾ എങ്ങനെ സമരം ചെയ്യണമെന്ന് തീരുമാനിക്കാൻ അവര്‍ക്ക് എന്ത് യോഗ്യതയാണുള്ളത്?

‘അനീതിക്കിരയായി പീഢിപ്പിക്കപ്പെടുന്ന വിഭാഗത്തിന് മറ്റൊരു വിഭാഗം ആളുകൾ വന്ന് അടിച്ചമര്‍ത്തലിൽ നിന്നും പുറത്തുകടക്കാനുള്ള നിയമങ്ങള്‍ പഠിപ്പിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല’ -മാല്‍കംഎക്‌സ്

മാധ്യമങ്ങളെ പറ്റിയുള്ള മാല്‍കം എക്‌സിന്റെ വാക്കുകള്‍ ലോകത്തെവിടെയും ഇന്നും പ്രസക്തമായതാണ്. അദ്ദേഹം പറയുന്നു ‘മാധ്യമങ്ങളാണ് ലോകത്തിലെ ഏറ്റവും ശക്തമായ സാന്നിധ്യം. അവര്‍ക്ക് നിരപരാധിയെ അപരാധിയാക്കാനും അപരാധിയെ നിരപരാധിയാക്കാനും കഴിയുന്നു, കാരണം അവരാണ് ആള്‍ക്കൂട്ടത്തിന്റെ മനസ്സുകള്‍ നിയന്ത്രിക്കുന്നത്.’ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ വിമോചനത്തിനായി തങ്ങളുടെ സ്വത്വത്തെ ഏറ്റെടുത്തപ്പോള്‍ മാധ്യമങ്ങൾ അതിനെ ‘വംശീയത തിരിച്ചുവരുന്നു’ എന്ന് നിളിച്ചതായി തന്റെ അവസാനത്തെ പ്രസംഗത്തിൽ മാല്‍കം എക്‌സ് പറയുന്നുണ്ട്. അഥവാ അവർ കുറ്റവാളിയും ഇരയും അല്ലെങ്കിൽ അടിച്ചമര്‍ത്തുന്നവനും അടിച്ചമര്‍ത്തപ്പെടുന്നവനും തമ്മിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.

എല്ലാ വിപ്ലവത്തിന്റെയും തുടക്കം മുതൽ സംഭവിക്കുന്ന ഏറ്റവും അപകടകരമായ അവസ്ഥയാണിത്. ഇന്ത്യയില്‍ അടിച്ചമര്‍ത്തുന്നവരെ വിശേഷിപ്പിക്കുന്ന പലപദങ്ങളും അടിച്ചമര്‍ത്തപ്പെടുന്നവരെയും വിശേഷിപ്പിക്കാന്‍ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. മാൽകം എക്‌സ് സംസാരിക്കുന്ന കറുത്ത വര്‍ഗ്ഗക്കാരനാണ്, സമത്വത്തിനായി ശബ്ദിച്ചതിനാലാണ് അദ്ദേഹം ‘വംശീയവാദി’യായത്. അതിനുസമാനമായി ഇന്ത്യയില്‍ ലിബറലുകളുടെ രേഖീയമായ ചിന്തയിലേക്ക് വഴുതിവീഴാത്ത മുസ്‌ലിംകളെ വിശേഷിപ്പിക്കാനായി ‘മുസംഘി’ എന്ന പദം ഉപയോഗിക്കുന്നു.

ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറമുള്ള തീര്‍ത്തും വ്യത്യസ്തമായ ഒരു ഭൂഖണ്ഡത്തില്‍ ഇന്നും സവിശേഷസ്ഥാനമുള്ളതായ ഒന്നായി എങ്ങനെ വിപ്ലവത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ മാറുന്നു എന്ന് മാല്‍കം എക്‌സിന്റെ പ്രസംഗങ്ങൾ കേള്‍ക്കുമ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്. 1963ല്‍ അലക്‌സ്ഹാലിയുമായി ചേര്‍ന്ന് മാല്‍കം എക്സ് തന്റെ ജീവിതകഥയായ ‘The autobiography of Malcolm X’ എഴുതാന്‍ ആരംഭിച്ചു. അദ്ദേഹം ഹാലിയോട് പറഞ്ഞു ‘ഈ പുസ്തകം ഇറങ്ങുമ്പോൾ ഞാൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അതൊരത്ഭുതമായിരിക്കും’.

റാഡിക്കലായ ആശയങ്ങൾ രൂപപ്പടുത്തിയെടുത്ത മനുഷ്യനെ കൊല്ലുക എന്ന പദ്ധതിയിലൂടെയാണ് അവർ മാല്‍കം എക്‌സിനെ കൊന്നത്. എന്നാല്‍ യഥാര്‍ഥത്തിൽ, അദ്ദേഹവും റാഡിക്കല്‍ സ്വാതന്ത്രത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആശയങ്ങളും വരാൻ പോകുന്ന തലമുറകള്‍ക്ക് വേണ്ടി അനശ്വരമായി നിലകൊള്ളുന്നു.

കടപ്പാട്: Medium

വിവർത്തനം: അസ്ഹർ അലി

ആഷിഖ് കബീർ