(ഇസ്ലാമിക് ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘Adam Smith and Islam: Reconsidering the Moral Foundations of Economics’ എന്ന പുസ്തകത്തിന്റെ ആമുഖം മലയാളത്തിൽ)
സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന മാനങ്ങളെ സങ്കീർണമാം വിധത്തിൽ പുനഃപരിശോധിക്കുകയെന്ന ലക്ഷ്യാർത്ഥം ആദം സ്മിത്തിന്റെ ആശയങ്ങളെ ഇസ്ലാമിക ബൗദ്ധികപാരമ്പര്യങ്ങളുമായി ചേർത്തുവായിക്കുകയാണ് ഈ പുസ്തകം. സാമ്പത്തികശാസ്ത്ര രചനകളിൽ നിരന്തരം ഉദ്ധരിക്കപ്പെടുകയും എന്നാൽ വിരളമായി മാത്രം വായിക്കപ്പെടുകയും ചെയ്യുന്ന ഒരു മിത്തിക്കൽ സ്വരൂപമായി ആദം സ്മിത്ത് ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്. ദി വെൽത്ത് ഓഫ് നേഷൻസ് എന്ന രചനയുടെ അടിസ്ഥാനത്തിൽ സാമ്പത്തികശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ആദം സ്മിത്തിന്, ‘പൊളിറ്റിക്കൽ ഇക്കോണമി’ (Political Economy) എന്ന സ്വതന്ത്ര വിജ്ഞാനശാഖക്ക് അടിത്തറ പാകിയെന്ന് ന്യായമായും അവകാശപ്പെടാം. എങ്കിലും, തന്റെ ഏറ്റവും സുപ്രധാന സംഭാവനയായി സ്മിത്ത് സ്വയം കരുതിയിരുന്നത് അദ്ദേഹത്തിന്റെ പ്രഥമ രചനയായ ദി തിയറി ഓഫ് മോറൽ സെന്റിമെന്റ്സ് എന്ന പുസ്തകമായിരുന്നു. ഇവിടെ, വിവിധ ഗുണങ്ങളെ വിവേചിച്ചറിയുകയും ധാർമ്മികമായ തീർപ്പുകളിലേക്ക് മനുഷ്യരെത്തിച്ചേരുകയും ചെയ്യുന്നതെങ്ങനെ എന്ന ചോദ്യത്തിനുള്ള സാമൂഹിക-മനഃശ്ശാസ്ത്ര വിശദീകരണത്തിന് വേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി, ധാർമ്മികതയുടെ വേരുകൾ സ്മിത്ത് കണ്ടെടുക്കുന്നത് മനുഷ്യന്റെ വികാരങ്ങളിലാണ്. സ്മിത്തിന്റെ എല്ലാ എഴുത്തുകളുടെയും സമഗ്രമായ വായനയിലൂടെ തെളിഞ്ഞുവരുന്ന, അവയിലുള്ളടങ്ങിയിട്ടുള്ള യുക്തിയുക്തമായ ഒരു ധാർമ്മിക വ്യവസ്ഥയെ വരച്ചുകാട്ടിക്കൊണ്ടുള്ള പുനർവായനകൾ കഴിഞ്ഞ അമ്പത് വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. മുതലാളിത്തത്തിന്റെയും ‘സ്വകാര്യതാൽപ്പര്യം’ (Self-interest) എന്ന ആശയത്തിന്റെയും ശക്തനായ വക്താവെന്ന തരത്തിലുള്ള ആദം സ്മിത്തിന്റെ ചിത്രീകരണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട്, സ്കോട്ടിഷ് നൈതികശാസ്ത്രത്തിലെ വികാരാധിഷ്ടിത ചിന്താധാരയുടെ (Sentimentalist school of Scottish Ethics) ആൾരൂപമായും, പുതിയ ഇംഗ്ലീഷ് വാചാടോപ ധാരയുടെ (English Rhetorics) തുടക്കക്കാരനും, ക്രമപ്രവൃദ്ധ ചരിത്രത്തിലെ (Stadial history) അനുമാന രീതിശാസ്ത്രത്തിന്റെ പ്രധാന വക്താക്കളിലൊരാളായും, ആധുനിക ശാസ്ത്രീയ രീതിശാസ്ത്രങ്ങളുടെ സുപ്രധാന സൈദ്ധാന്തികനുമായാണ് സ്മിത്തിനെ ഈ പഠനങ്ങൾ കണ്ടെടുക്കുന്നത്. വ്യക്തികളുടെ സ്വകാര്യ വിമോചനത്തിലേക്കുള്ള പാതകളെ വിശദീകരിച്ചുകൊണ്ട് രാഷ്ട്രീയ പ്രയോഗങ്ങളെ സ്വാധീനിക്കുന്ന പ്രായോഗികവും അനുഭവാത്മകവുമായ ഒരു ശാസ്ത്രമെന്ന നിലയിൽ ‘മനുഷ്യന്റെ ശാസ്ത്ര’ത്തെ (Science of Man) നിർമ്മിക്കുന്നതിനാവശ്യമായ പുതിയ അന്വേഷണ രീതിശാസ്ത്രങ്ങൾ വികസിപ്പിക്കുന്ന വിശാലമായ ബൗദ്ധിക പദ്ധതിയുടെ ഒരു അംശം മാത്രമായാണ് ഈ വ്യവഹാരങ്ങളിൽ വെൽത്ത് ഓഫ് നേഷൻസ് കടന്നുവരുന്നത്.
ഇത്തരം പഠനങ്ങളെ അവലംബിക്കുകയും അതേസമയം അവയെ പുതിയ വാതായനങ്ങളിലേക്ക് നയിക്കാനുമാണ് എന്റെ പുസ്തകം ശ്രമിക്കുന്നത്. ‘പ്രകൃതി’ എന്ന സങ്കല്പത്തെ ദൈവിക ക്രമത്തിന്റെ പര്യായമായി കണക്കാക്കുന്ന ക്രിസ്ത്യൻ ‘പ്രകൃതി ദൈവശാസ്ത്രത്തിന്റെ’ (Natural theology) വിശേഷണങ്ങളെ സ്മിത്തിന്റെ എഴുത്തുകൾ വഞ്ചിക്കുന്നുവെന്ന് ഞാൻ പുസ്തകത്തിൽ വാദിക്കുന്നു. ദൈവിക വിശ്വാസത്തിന്റെ ചില മാനങ്ങൾ മനുഷ്യ പ്രകൃതിയുടെ ഭാഗമോ അല്ലെങ്കിൽ മനുഷ്യനിൽ അന്തർലീനമോ ആണെന്ന് മനസ്സിലാക്കുകയും ദൈവിക വെളിപാടിന്റെ ആശ്രയമില്ലാതെ ദൈവിക വിശ്വാസത്തിന്റെ യുക്തിപരതയെ വിശദീകരിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ക്രിസ്ത്യൻ ദൈവശാസ്ത്ര വകഭേദം ഏറ്റെടുത്ത ദൗത്യം. എല്ലാ ക്രൈസ്തവ സഭകളും അംഗീകരിക്കുന്നതും, ധാർമ്മിക സമുദായങ്ങളെ സൃഷ്ടിക്കാനുള്ള മനുഷ്യരിലടങ്ങിയിരിക്കുന്ന പ്രകൃത്യായുള്ള സാധ്യതകൾക്ക് മുകളിൽ ഒരു ധാർമ്മിക ശുഭാപ്തിവിശ്വാസത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ദൈവശാസ്ത്രം. ഈ പ്രകൃതിപരമായ പ്രക്രിയയെ അതിന്റെ സാക്ഷാൽക്കാരത്തെ സഹായിക്കും വിധം മനസ്സിലാക്കാനുള്ള ഒരു മാർഗ്ഗമാണ് ധാർമ്മിക തത്വചിന്ത (Moral Philosophy). സ്മിത്തിൽ ഉള്ളടങ്ങിയിരിക്കുന്ന ഈ ദൈവശാസ്ത്ര മാനങ്ങളാണ് അദ്ദേഹത്തിന്റെ ആശയങ്ങളെ ഇസ്ലാമിന്റെ ബൗദ്ധിക പാരമ്പര്യങ്ങളുമായി (ഭൂതകാലത്തെയും വർത്തമാനകാലത്തെയും) ചേർത്തുവായിക്കാനുള്ള സാധ്യത എനിക്ക് തുറന്നുനൽകിയത്. സാമ്പത്തികശാസ്ത്രമെന്ന വൈജ്ഞാനിക ശാഖക്ക് പ്രദാനം ചെയ്യാൻ കഴിയുന്നതിൽ വെച്ചേറ്റവും മികച്ച ധാർമ്മികാടിത്തറ മുന്നോട്ടുവെക്കുന്നത് ഇന്നും ആദം സ്മിത്തിന്റെ ആശയങ്ങളാണെന്ന് ഞാൻ പുസ്തകത്തിൽ വിവരിക്കുന്നു. സ്മിത്തിന്റെ ആശയങ്ങളോട് ഗഹനമായി ഇടപെടുന്ന മുറയ്ക്ക് ഇസ്ലാമിക പാരമ്പര്യങ്ങളിൽ ഗോപ്യമായ ബൃഹദ് സാധ്യതകളെ വെളിപ്പെടുത്താൻ സാധിക്കുകയും പുതിയ ഗേവഷണങ്ങളെ അത് പ്രചോദിപ്പിക്കുകയും ചെയ്യുന്നു. എങ്കിലും, ഇസ്ലാം ഈ പുസ്തകത്തിൽ അതിനെക്കാൾ ഗഹനമായ ഒരു കേന്ദ്ര ധർമ്മമാണ് നിർവ്വഹിക്കുന്നത്. ഇസ്ലാമിക പാരമ്പര്യങ്ങളുമായുള്ള അതിന്റെ സാമ്യതകളെയും അതേപോലെ ഇസ്ലാമിലെ ബൗദ്ധിക പ്രവണതകളിൽ നിന്നുള്ള അതിന്റെ വ്യതിരിക്തതകളെയും പ്രശംസിക്കുന്നതിലൂടെയാണ് സ്മിത്തിന്റെ ആശയങ്ങളെക്കുറിച്ചുള്ള എന്റെ വിമർശനാത്മക വിശകലനങ്ങൾ ആകാരമെടുക്കുന്നത്.
രണ്ട് ഭാഗങ്ങളാണ് പുസ്തകത്തിനുള്ളത്. സ്മിത്തിന്റെ ആശയങ്ങളെ പ്രകൃതി, ചരിത്രം എന്നീ രണ്ട് മാനങ്ങളിലായി വർഗ്ഗീകരിച്ചുകൊണ്ട് വിശദീകരിക്കുന്നതാണ് ഒന്നാം ഭാഗം. രണ്ടാമദ്ധ്യായത്തിൽ സ്മിത്തിന്റെ ജീവിതത്തെയും ആശയങ്ങളെയും വിശാലമായ യൂറോപ്പ്യൻ ജ്ഞാനോദയത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. മൂന്നാമത്തെ അദ്ധ്യായത്തിൽ അദ്ദേഹത്തിന്റെ ബൗദ്ധിക പദ്ധതിയുടെ പ്രകൃതിപരമായ വശങ്ങളെ വിവരിക്കുകയും, അനുകമ്പയുടെ പ്രക്രിയയിൽ നിന്നാരംഭിച്ച് ഈ പ്രക്രിയയിൽ നിന്ന് സ്മിത്ത് നിർദ്ധാരണം ചെയ്തെടുക്കുന്ന വ്യത്യസ്ത ഗുണങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. തുടർന്ന് നീതിയെന്ന ഗുണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതുമായി ബന്ധപ്പെട്ട സ്മിത്തിന്റെ ചിന്തകളെ അദ്ദേഹത്തിന്റെ തന്നെ സമ്പത്തും വിനിമയവുമായി ബന്ധപ്പെട്ട ആശയങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. സ്മിത്തിന്റെ എഴുത്തുകളിലെ വ്യാപാര സമുദായത്തെക്കുറിച്ചുള്ള ചരിത്രമാനങ്ങളെയാണ് നാലാം അദ്ധ്യായത്തിൽ പരിശോധിക്കുന്നത്. ഇതിലൂടെ അദ്ദേഹത്തിന്റെ പ്രകൃതി ധാർമ്മിക പദ്ധതി യൂറോപ്പിന്റെ വ്യാപാര യുഗത്തിൽ ഫലപ്രാപ്തി നേടിയതെങ്ങനെയെന്ന് ഞാൻ അന്വേഷിക്കുന്നു. ചരിത്രത്തെക്കുറിച്ചുള്ള സ്മിത്തിന്റെ ക്രമപ്രവൃദ്ധ സിദ്ധാന്തത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ അദ്ധ്യായം പൗരപരതയെയും വിമോചനപരതയെയും (civility and liberty) കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങളെ ഗഹനമായി പരിശോധിക്കുന്നു. മെർസന്റിലിസത്തോടുള്ള (Mercantilism) അദ്ദേഹത്തിന്റെ വിമർശനത്തെ ഞാൻ ഈ ചരിത്ര പദ്ധതിയുടെ പശ്ചാത്തലത്തിൽ പ്രതിഷ്ഠിക്കുകയും വ്യാപാരവ്യാപനത്തിന്റെ ധാർമ്മിക പ്രതിഫലനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വൈകാരികപ്രകടനങ്ങളെ വിശദീകരിക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ ചിന്തകളുടെ മൗലികമായ വ്യത്യസ്ത മാനങ്ങളെക്കുറിച്ചുള്ള പശ്ചാത്തലപരവും ഗഹനവുമായ അന്വേഷണമാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത്. അഞ്ചാമത്തെ അദ്ധ്യായം സ്മിത്തിന്റെ രചനകളിലെ ഭാഷാ പ്രമേയങ്ങളെ പരിശോധിക്കുകയും അദ്ദേഹത്തിന്റെ വാചാടോപ സിദ്ധാന്തം നൈതികവും ചരിത്രപരവുമായ സ്മിത്തിന്റെ വീക്ഷണവുമായി എത്രത്തോളം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വരച്ചുകാണിക്കുകയും ചെയ്യുന്നു. ‘സന്ദിഗ്ദ്ധാർത്ഥം’ (ambiguity) എന്ന ആശയത്തോട് സ്മിത്തിന്റെ ബൗദ്ധിക പാരമ്പര്യം സ്വീകരിക്കുന്ന സമീപനം ഇസ്ലാമിക പാരമ്പര്യങ്ങളിൽ നിന്ന് എത്രത്തോളം വ്യതിരിക്തമാണെന്ന് ഇബ്നു തൈമിയ്യയെ ഒരുദാഹരണമായി എടുത്തുകൊണ്ട് ഞാൻ ഈ ഭാഗത്ത് വിശദീകരിക്കുന്നു. ആറാമത്തെ അദ്ധ്യായം മനഃശ്ശാസ്ത്രമെന്ന പ്രമേയത്തിലാണ് ശ്രദ്ധയൂന്നുന്നത്. ശാസ്ത്രീയാന്വേഷണത്തിന്റെയും വിശകലനത്തിന്റെയും പാത്രമെന്ന നിലയിലുള്ള മനുഷ്യമനസ്സിന്റെ ചിത്രീകരണം സ്മിത്തിന്റെ പരിശ്രമങ്ങളുടെ നിർണ്ണായക ഭാഗമായിരുന്നത് എങ്ങനെയെന്ന് ഈ ഭാഗത്ത് പരിശോധിക്കുന്നു. ജ്ഞാനോദയവാദത്തിന്റെ വിശാലമായ പ്രാപഞ്ചിക വാദഗതികളുടെ പശ്ചാത്തലത്തെ മുൻനിർത്തിയുള്ള ഇതിന്റെ വായന, ഈ ആലോചനകളെ ഇസ്ലാമിലെ കലാം പാരമ്പര്യത്തോടും അതിലെ പഥാർത്ഥത്തിന്റെയും പ്രപഞ്ചത്തിന്റെയും പ്രകൃതത്തെക്കുറിച്ചുള്ള അന്വേഷണത്തോടും ചേർത്തുവെച്ച് വിശകലനം ചെയ്യാനും എന്നെ പ്രാപ്തമാക്കുന്നു. സ്മിത്തിന്റെ ഈ മനഃശ്ശാസ്ത്ര പദ്ധതിയിൽ നിന്നാണ് ഏഴാം അദ്ധ്യായത്തിൽ പരിശോധിക്കുന്ന അദ്ദേഹത്തിന്റെ വികാരാധിഷ്ടിത നൈതികതയിലേക്ക് കടക്കുന്നത്. സ്മിത്തിന്റെ ഈ ചിന്തകളും ഇസ്ലാമിലെ നൈതിക പാരമ്പര്യവും, പ്രത്യേകിച്ച് അശ്അരി ദൈവശാസ്ത്ര ധാരയിലെ പിൽക്കാല വികാസങ്ങളും തമ്മിലുള്ള സംഭാഷണമാണ് ഈ അദ്ധ്യായത്തിലുള്ളത്. എട്ടാമത്തെ അദ്ധ്യായം രാഷ്ട്രീയമെന്ന പ്രമേയത്തിലേക്ക് കടക്കുകയും സ്മിത്തിന്റെ നീതി സിദ്ധാന്തത്തെ കുറിച്ചുള്ള സാമ്പ്രദായിക ധാരണക്കകത്തെ രാഷ്ട്രീയത്തിന്റെ അഭാവത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. സ്മിത്തിന്റെ ധാർമ്മിക പദ്ധതിയുടെ ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ പരമാധികാരത്തിന്റെ പുനർനിർവ്വചനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ‘പൊളിറ്റിക്കൽ ഇക്കോണമി’യെന്ന സങ്കല്പം രൂപപ്പെട്ടു വന്നതെങ്ങനെയെന്ന് ഞാൻ വിശദീകരിക്കുന്നു. രണ്ട് സമകാലിക മുസ്ലിം പണ്ഡിതരായ താഹ അബ്ദുർറഹ്മാന്റെയും നഖീബുൽ അത്താസ്സിന്റെയും ചിന്തകളിലൂടെ ‘മേൽനോട്ടാധികാരം’ എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള ഇസ്ലാമിക പാരമ്പര്യത്തിലെ ബദൽ പരമാധികാര സങ്കല്പനത്തെയും ഞാൻ വിശദീകരിക്കുന്നു. സ്മിത്തിന്റെ ചരിത്ര സിദ്ധാന്തത്തെയാണ് ഒമ്പതാം അദ്ധ്യായം കൈകാര്യം ചെയ്യുന്നത്; പ്രസ്തുത സിദ്ധാന്തത്തിനു മേൽ പ്രകൃതി നിയമശാസ്ത്ര പാരമ്പര്യത്തിനുള്ള സ്വാധീനത്തെയും സ്മിത്തിന്റെ നൈതിക സിദ്ധാന്തത്തിലെ അതിന്റെ വേരുകളെയും ഈ ഭാഗത്ത് വിശകലനം ചെയ്യുന്നു. ‘പ്രകൃതമായ സ്വാതന്ത്ര്യം’ (Natural liberty) എന്ന തന്റെ ആശയത്തെ ദൃഢീകരിക്കുന്ന സ്വത്തവകാശങ്ങളെക്കുറിച്ചുള്ള പുതിയ വ്യാഖ്യാനം സ്മിത്ത് വികസിപ്പിക്കുന്നതെങ്ങനെയെന്നും ഈ ഭാഗത്ത് വിവരിക്കുന്നു. തുടർന്ന് ഇസ്ലാമിക പാരമ്പര്യത്തിലെ ഇബ്നു ഖൽദൂൻ, അൽ ബിറൂനി, മാലിക് ബിന്നബി എന്നീ ചിന്തകരോട് ചേർത്തുവെച്ച് ഇതിനെ വായിക്കുകയും അവ തമ്മിലുള്ള വിനിമയ സാധ്യതകളെയും ശേഷികളെയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
മനുഷ്യ ചിന്തയെയും പ്രയോഗത്തെയും ഇന്നും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന രണ്ട് അതിവിശാല പാരമ്പര്യങ്ങൾ തമ്മിലുള്ള ബൗദ്ധിക വിവർത്തനത്തിലും സംഭാഷണത്തിലും നടത്തിയ വ്യക്തപരമായ ബൗദ്ധികവ്യായാമ ഫലമാണ് ഈ പുസ്തകം. സ്മിത്തിന്റെ ആശയങ്ങളെ ഇസ്ലാം മുൻകൂട്ടികണ്ടിട്ടുണ്ടെന്ന പതിവ് വാദഗതിയോടല്ല ഈ പുസ്തകം ഇടപെടുന്നത്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളിലെ മതേതര അടിയൊഴുക്കുകളോടുള്ള വിമർശവുമല്ല ഈ പുസ്തകം. പകരം സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനീയങ്ങളെ സങ്കീർണമാം വിധം പുനഃപരിശോധിക്കുകയെന്ന ലക്ഷ്യാർത്ഥമുള്ള രണ്ട് ബൗദ്ധിക പാരമ്പര്യങ്ങളുടെ പരസ്പര സംഭാഷണമാണ് ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം. പുസ്തകത്തിലെ മിക്ക ചർച്ചകളും സമകാലിക സാമ്പത്തികശാസ്ത്ര ആലോചനകളിൽ നിർഭാഗ്യവശാൽ കടന്നുവരാറില്ല എന്നതിനാൽ “അടിസ്ഥാനീയങ്ങൾ” എന്ന പ്രയോഗം ആ അർത്ഥത്തിൽ സുപ്രധാനമാണ്. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന വേളയിൽ എന്റെ ശ്രദ്ധയിൽപ്പെട്ട ഈയൊരു വിടവാണ് ഈ വിഷയങ്ങളെ കൂടുതൽ ആഴത്തിൽ അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ജ്ഞാനത്തിന്റെ ഇസ്ലാമീകരണം, പ്രത്യേകിച്ച് ‘ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം’ തുടങ്ങിയ വ്യവഹാരങ്ങളുമായി ഇഴപിരിഞ്ഞ്കിടക്കുന്നതായിരുന്നു എന്റെ ബൗദ്ധിക സഞ്ചാരം എന്നതും ഈ പുസതകരചനക്ക് പ്രചോദനമായിട്ടുണ്ട്. പക്ഷേ, അത്തരം വ്യവഹാരങ്ങളിൽ പോലും ഈ പുസ്തകം കൈകാര്യം ചെയ്യുന്ന മൗലികമായ സമസ്യകളുടെ ഗഹനമായ അവഗണനകളായിരുന്നു നിലനിന്നിരുന്നത്. ഇത്തരം വ്യവഹാരങ്ങളോട് പുസ്തകം നേരിട്ട് ഇടപെടുന്നില്ലെങ്കിലും, ബൗദ്ധികമായ ഒരു പ്രതിസന്ധി ഘട്ടത്തിലെത്തി നിൽക്കുന്ന ആ വ്യവഹാരങ്ങളെ വർത്തമാനകാലത്തിലേക്ക് പുനരാനയിക്കാനുള്ള എളിയ ശ്രമം ഈ പുസ്തകം നടത്തുന്നുണ്ട്. വിമർശനാത്മക സ്വഭാവത്തെ ഒട്ടും അടിയറവെക്കാതെ സംഭാഷണം സാധ്യമാക്കാനുള്ള ഇസ്ലാമീകരണമെന്ന ദൗത്യത്തിന്റെ ശേഷിയെ അവലംബമാക്കിയാണ് ഈ ശ്രമം പുസ്തകം നടത്തുന്നത്.
വിവർത്തനം : മൻഷദ് മനാസ്








