Campus Alive

വ്യവഹാരം, സ്വത്വം, അധികാരം: അസദിൻ്റെ ഇസ്‌ലാമും സയ്യിദിൻ്റെ ഇസ്‌ലാമിസവും

ഇസ്ലാമിനെ കുറിച്ച് നരവംശ ശാസ്ത്ര പഠനങ്ങൾ ഉയർത്തിയ “എന്താണ് ഇസ്ലാം” എന്ന ചോദ്യം ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒരു എസെൻഷ്യലിസ്റ്റ് കൾച്ചറൽ വിശകലനം എന്നതിൽ നിന്നും കുറെ കൂടി ആഖ്യാനം, അധികാരം, വ്യവഹാരം തുടങ്ങിയവയിൽ ഊന്നിക്കൊണ്ടുള്ള ചലനാത്മകമായ മനസ്സിലാക്കലുകളിലേക്ക് അവ വ്യതിചലച്ചിട്ടുണ്ട്. ക്ലിഫോർഡ് ഗീറ്റ്സിനെ പോലത്തെ നരവംശശാസ്ത്രജ്ഞർ വൈവിദ്ധ്യാത്മകതയിലടിസ്ഥാനമായ നിരവധി സൂചകങ്ങളുടെ ഘടനയായിട്ടാണ് ഇസ്ലാമിനെ മനസ്സിലാക്കിയത്. എന്നാൽ, തലാൽ അസദ് സാംസ്കാരിക വാദത്തിനുമപ്പുറത്ത് ഇസ്ലാമിനെ ഒരു വ്യാവഹാരിക പാരമ്പര്യമായിട്ടാണ് (Discursive Tradition) ആശയവത്ക്കരിച്ചത്. ശഹാബ് അഹ്മദ് കുറേക്കൂടി ഒരു Hermeneutical Unity എന്ന നിലയ്ക്കായിരുന്നു ഇസ്‌ലാമിനെ ആശയപരമായി ആവിഷ്കരിച്ചത്. അഥവാ, ആചാരപരവും നിയമപരവുമായ ഇടങ്ങളിലേക്ക് മാത്രമുള്ള രൂപാന്തരണത്തെ ചെറുക്കുന്ന സങ്കീർണ്ണവും വൈരുദ്ധ്യാത്മകവുമായ ഒരു ഘടന എന്ന നിലക്ക്. 

ഇസ്ലാമിൻറെ ഇടത്തെ കുറിക്കുന്ന ഇത്തരം ആശയവൽക്കരണങ്ങളുടെ ശ്രേണികളിലെ സൽമാൻ സയ്യിദിന്റെ ഇടപെടൽ നരവംശശാസ്ത്രപരമോ (Anthropological) വ്യാഖ്യാന ശാസ്ത്രപരമോ (Hermeneutical) അല്ല. പകരം, വളരെ ശക്തമായ ഒരു രാഷ്ട്രീയ (political) ആവിഷ്കാരമാണ്. ഇസ്ലാമിനെ മാസ്റ്റർ സിഗ്നിഫയർ (Master Signifier) ആക്കികൊണ്ടുള്ള സയ്യിദിന്റെ തിയറി ഇവിടെ നിലനിൽക്കുന്ന സംവാദത്തെ അർത്ഥത്തിന്റെയും വ്യവഹാരത്തിന്റെയും ചോദ്യങ്ങളിൽ നിന്ന് ഗ്ലോബൽ പൊളിറ്റിക്കൽ ഓൻടോളജിയുടെ ചോദ്യങ്ങളിലേക്ക് പരിവർത്തിപ്പിച്ചിട്ടുണ്ട്. 

സൽമാൻ സയ്യിദിന്റെ മാസ്റ്റർ സിഗ്നിഫയറിനെ ലാകാനിയൻ തിയറിക്കകത്ത് നിലനിർത്തിക്കൊണ്ട് പൊളിറ്റിക്കൽ റിയാലിറ്റിയുടെയും അർത്ഥത്തിന്റെയും ഇടയിലെ ബന്ധത്തെ പരിശോധിക്കാനാണ് ഈ ആർട്ടിക്കിളിലുടെ ഞാൻ ശ്രമിക്കുന്നത്. തലാൽ അസദിൻ്റെ ഡിസ്കേർസീവ് ട്രഡീഷനിൽ നിന്ന് സൽമാൻ സയ്യിദിന്റെ മാസ്റ്റർ സിഗ്നിഫയർ താത്വികമായി എങ്ങനെ വ്യതിരക്തമാകുന്നുവെന്നും ഇതിൽ അന്വേഷിക്കുന്നുണ്ട്.

രാഷ്ട്രീയ ഭാവനകളിലെ മാസ്റ്റർ സിഗ്നിഫയർ

Jacques Lacan

യാക്ക് ലക്കാനിന്റെ (Jacques Lacan) സ്ട്രക്ച്ചറലിസ്റ്റ് സൈക്കോ അനാലിസിസിൽ നിന്നാണ് മാസ്റ്റർ സിഗ്നിഫയർ എന്ന ആശയം കടന്നുവരുന്നത്. ഘടനാ വാദത്തിൽ (Structuralism) ഭാഷ എന്നത് കേവലം ആശയ വിനിമയത്തിൻ്റെ ടൂൾ മാത്രമല്ല. അതിലുപരി, കർതൃത്വവും (Subjectivity) സ്വത്വവും നിർമ്മിക്കപ്പെടുന്ന രൂപകല്പനയാണ്. ലകാനിൻ്റെ സിംബോളിക് ക്രമത്തിൽ സിഗ്നിഫയേഴ്സ് എല്ലാം ആപേക്ഷികമാണ്. അഥവാ, ഓരോ സിഗ്നിഫയേഴ്സും ആന്തരികമായ സത്തയിൽ നിന്നല്ല അർത്ഥത്തെ കണ്ടെടുക്കുന്നത് മറിച്ച്, വ്യത്യസ്തതകളിലൂടെയാണ് (Difference). എന്നിരുന്നാലും, ഈ സിഗ്നിഫയേഴ്സിൽ ചില പ്രത്യേക പദങ്ങൾക്ക് ഏകീകമായ കൃത്യങ്ങളുണ്ട്. അവ സിഗ്നിഫിക്കേറ്ററി സിസ്റ്റത്തിലെ Anchors ആയിട്ട് പ്രവർത്തിക്കുന്നു. അവയാണ് മാസ്റ്റർ സിഗ്നിഫയേഴ്സ്. ഉദാഹരണത്തിന്, “Money” എന്ന പദം ഒരു മാസ്റ്റർ സിഗ്നിഫയർ ആണ്. കാരണം, “Money” എന്ന പദത്തിൻറെ തന്നെ മൂല്യം ആത്യന്തികമായി പ്രതീകാത്മകമാണെങ്കിൽ കൂടി അത് മുഴുവൻ സാമ്പത്തിക ഘടനയെയും എല്ലാവിധ സാമ്പത്തികമായി ബന്ധപ്പെട്ട പദങ്ങൾക്ക് അർത്ഥവും ക്രമവും നൽകിക്കൊണ്ട് നിലനിർത്തുന്നു. 

“Nation”, “Freedom”, “The west” തുടങ്ങിയ പദങ്ങൾ രാഷ്ട്രീയ വ്യവഹാരങ്ങളിൽ മാസ്റ്റർ സിഗ്നിഫയേഴ്സ് ആയിട്ടാണ് പ്രവർത്തിക്കുന്നത്. അവയുടെ യഥാർത്ഥ അർത്ഥം അവ്യക്തമാണെങ്കിലും സ്ഥാപനങ്ങളെ ന്യായീകരിക്കുന്നതിലും പൊതുവായുള്ള സ്വത്വത്തെ നിർമ്മിക്കുന്നതിലും ജനസംഖ്യയെ ഒരുമിച്ചു കൂട്ടുന്നതിലെ പ്രാപ്തിയിലുമാണ് അവയുടെ രാഷ്ട്രീയ ശക്തി നിലകൊള്ളുന്നത്. അവ ഒരു പൊളിറ്റിക്കൽ ഇമേജിനറി (Political Imaginary) ആയിട്ടാണ് നിലനിൽക്കുന്നത്. 

ഈയൊരു തിയറിയെ ഇസ്ലാമിലേക്ക് ചേർത്തു വായിക്കുകയാണ് സൽമാൻ സയ്യിദ് ചെയ്യുന്നത്. അദ്ദേഹം വാദിക്കുന്നത്, ഇന്ന് ഇസ്ലാം കേവലം ഒരു മതകീയ ലേബൽ എന്നതിനപ്പുറം ഒരു ഗ്ലോബൽ മാസ്റ്റർ സിഗ്നിഫയർ ആയിട്ടാണ് നിലനിൽക്കുന്നത്. അഥവാ, മുസ്ലിം വിഷയികൾക്കും, ഇസ്ലാമിനെ രാഷ്ട്രീയ വെല്ലുവിളിയായി കാണുന്ന ആഗോള ആധിപത്യഘടനകളുടെ പ്രതിരോധമായും, സമകാലിക രാഷ്ട്രീയത്തിന്റെ സൂചന തലങ്ങളെ നിർണയിക്കുന്ന ഒന്നായിട്ടുമാണ് അത് നിലനിൽക്കുന്നത്.

സിഗ്നിഫയറും പൊളിറ്റിക്കൽ ഓൻടോളജിയും

ഭാഷ (Language) യാഥാർത്ഥ്യത്തെ (Reality) പ്രതിഫലിപ്പിക്കുകയല്ല നിർമ്മിക്കുകയാണ് എന്ന ഉത്തരഘടനാ വാദത്തിന്റെ (post structuralism) അടിസ്ഥാനത്തിലാണ് മാസ്റ്റർ സിഗ്നിഫയർ എന്ന ആശയത്തിൻ്റെ തത്വശാസ്ത്രം നിലകൊള്ളുന്നത്. സിഗ്നിഫയർ, നരേറ്റീവ്, വ്യവഹാരം തുടങ്ങിയ പ്രതീകാത്മക ഘടനകളാൽ മധ്യസ്ഥ വഹിക്കപ്പെടുന്നതാണ് റിയാലിറ്റി. എന്താണ് ഗ്രാഹ്യപരമാകുന്നത്, ചിന്താപരമാകുന്നത്, നിയമസാധുത നിലനിൽക്കുന്നതാവുന്നത് എന്നതിനെ നിർണയിക്കുന്നത് അത്തരം പ്രതീകാത്മക ഘടനകളാണ്.

അതിനാൽ തന്നെ, പൊളിറ്റിക്കൽ റിയാലിറ്റി എന്നത് കേവലം സ്ഥാപനങ്ങൾ കൊണ്ടോ മെറ്റീരിയൽ ശക്തികൾ കൊണ്ടോ നിർമ്മിക്കപ്പെടുന്ന ഒന്നല്ല പകരം, സാമൂഹിക ഭാവനകളെ ക്രമപ്പെടുത്തുന്ന സിഗ്നിഫയേഴ്സാൽ നിർമ്മിക്കപ്പെടുന്ന ഒന്നാണ്. ഉദാഹരണത്തിന്, “ജനാധിപത്യം” എന്ന സംജ്ഞ ചില പ്രത്യേക രാഷ്ട്രീയ ക്രമങ്ങൾക്ക് നിയമസാധുത നല്‍കുന്നതോടൊപ്പം മറ്റുചിലതിനെ ഡിലെജിറ്റിമൈസ് ചെയ്യുന്നുമുണ്ട്. ചില സമൂഹങ്ങളെ പുരോഗമിച്ചതായിട്ടും മറ്റു ചിലതിനെ പിന്നോക്കം നിൽക്കുന്നതായിട്ടും സ്ഥിരപ്പെടുത്തുന്ന ആഖ്യാനം ആയിട്ടാണ് “മോഡേണിറ്റി” എന്ന സംജ്ഞ പ്രവർത്തിക്കുന്നത്. ആഗോള വിരോധങ്ങളെ ക്രമപ്പെടുത്തുന്ന ഒന്നായിട്ട് ഇസ്ലാം പ്രവർത്തിക്കുന്നുവെന്നതാണ് സയ്യിദ് ഉയർത്തുന്ന പ്രധാനപ്പെട്ട ഒരു വസ്തുത. ഇസ്ലാം എന്നത് കേവലം ആചാരങ്ങളിലേക്കോ സിദ്ധാന്തങ്ങളിലേക്കോ സാംസ്കാരിക രൂപങ്ങളിലേക്കോ ചുരുക്കപ്പെടാവുന്ന ഒന്നല്ല. മറിച്ച്, സ്വത്വം, ധാർമികത, നിയമ സാധുത, പരമാധികാരം തുടങ്ങിയവയുടെ ധാരണകളെ രൂപപ്പെടുത്തുന്ന ഒരു സിഗ്നിഫയർ ആണ് അത്.

പോസ്റ്റ് സ്ട്രക്ചറലിസം : ഭാഷയും അർത്ഥ രൂപീകരണവും

എങ്ങനെയാണ് സൽമാൻ സയ്യിദ് ഇസ്ലാമിനെ ഒരു മാസ്റ്റർ സിഗ്നിഫയർ ആയിട്ട് അവതരിപ്പിക്കുന്നത്? ഭാഷാ സിദ്ധാന്തത്തെ അദ്ദേഹം എങ്ങനെയാണ് സമീപിക്കുന്നത്?

ഫെർഡിനാൻഡ് ഡെ സൊസ്യൂർ

പ്ലേറ്റോ മുതൽക്കേയുള്ള മുഖ്യധാരാ ഫിലോസഫിയിലെ ചർച്ചാവിഷയമാണ് ഭാഷയും (Language) യാഥാർത്ഥ്യവും (Reality) തമ്മിലുള്ള ബന്ധം. ഭാഷ യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുകയാണോ നിർമിക്കുകയാണോ അതോ പ്രതിഫലിപ്പിക്കുകയാണോ തുടങ്ങിയ നിരവധി ചർച്ചകൾ നിലനിന്നിരുന്നു. ഈ ധാരയിൽ ഒരു കാതലായ മാറ്റം വരുന്നത്  ഫെർഡിനാൻഡ് ഡെ സൊസ്യൂറിൻ്റെ ഘടനാവാദത്തിൻ്റെ (Structuralism) കടന്നുവരവോടു കൂടിയാണ്. സ്ട്രക്ച്ചറലിസം കൊണ്ടുവന്ന ഒരു മൗലികമായ മാറ്റം എന്നത് റിയാലിറ്റിയെ മാറ്റിനിർത്തി ഭാഷയെ കുറിച്ച് മാത്രം സംസാരിച്ചുവെന്നതാണ്. ഒരു signifier ഉം signified ഉം കൂടിച്ചേർന്നാണ് sign ഉണ്ടാകുന്നത്. അഥവാ, മരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ “മരം” എന്നതിനെ പൂർണമായും മാറ്റിനിർത്തി ആ ശബ്ദത്തെയും അത് പ്രതിനിധീകരിക്കുന്ന ആശയത്തെക്കുറിച്ചും മാത്രം സംസാരിച്ചു. പിന്നീട് വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ഉത്തരഘടനാ വാദം (Post structuralism) ഉടലെടുത്തു. സിഗ്നിഫയറും സിഗ്നിഫൈഡും തമ്മിലുള്ള ബന്ധം ആണ് അതെങ്കിൽ യാഥാർത്ഥ്യത്തിൽ സിഗ്നിഫൈഡ് എന്ന ഒന്നുണ്ടോ എന്നതായിരുന്നു ആദ്യം തന്നെ വിപ്ലവാത്മകമായി പിറവിയെടുത്ത സ്ട്രക്ചറലിസത്തെയും മറികടന്ന് പോസ്റ്റ് സ്ട്രക്ച്ചറലിസം മുന്നോട്ടുവച്ച ചോദ്യം. സിഗ്നിഫൈഡിനെ തന്നെ ഉണ്ടാക്കുന്നത് സിഗ്നിഫൈർ ആണെന്ന് അത് വാദിച്ചു. അഥവാ, ഒരു ആശയം തന്നെ രൂപപ്പെടുത്തപ്പെടുന്നത് ഭാഷയിലൂടെയാണ് എന്ന വാദം. ഈ വാദമാണ് ലകാനിനെ പോലുള്ള താത്വികർ മുന്നോട്ട് വെച്ചത്.

അങ്ങനെ, ലകാനിൻ്റെ പോസ്റ്റ് സ്ട്രക്ചറൽ ആശയങ്ങളെ എടുത്തുകൊണ്ടു പോസ്റ്റ് മാർക്സിസ്റ്റ് താത്വികരായ ചാൻ്റൽ മോഫോയും ഏർണെസ്റ്റോ ലക്‌ലോയും (Chantal Mouffe and Ernesto Laclau) സമൂഹം തന്നെ നിലനിൽക്കുന്നത് ഭാഷയിലൂടെയാണ് എന്ന Discourse Theory മുന്നോട്ടു കൊണ്ടുവന്നു. സമൂഹവും സമൂഹത്തിലെ രാഷ്ട്രീയങ്ങളും സമൂഹത്തിലെ സ്വത്വങ്ങളും എല്ലാം തന്നെ നിലനിൽക്കുന്നത് ഭാഷയിലൂടെ മാത്രമാണ് എന്നാണ് അവർ മുന്നോട്ടുവെച്ചത്. വാസ്തവത്തിൽ, ഈ ഡിസ്കോർസ് തിയറി യിലൂടെയാണ് സൽമാൻ സയ്യിദ് ഇസ്ലാമിനെ മാസ്റ്റർ സിഗ്നിഫയർ ആയിട്ട് അവതരിപ്പിക്കുന്നത്. ശീതയുദ്ധാനന്തര ലോകത്തിലെ പ്രത്യേകമായ ചരിത്ര രാഷ്ട്രീയ സാഹചര്യങ്ങളിലാണ് മാസ്റ്റർ സിഗ്നിഫയർ ആയിട്ടുള്ള ഇസ്ലാമിന്റെ സ്ഥാനം ഉയർന്നു വരുന്നതെന്നാണ് സയ്യിദ് വാദിക്കുന്നത്. ഒരുപാട് രാഷ്ട്രീയ സാധ്യതകൾക്കും ഉത്കണ്ഠകൾക്കും ഒരു പ്രതീകാത്മക നാമമാകുകയായിരുന്നു ഇസ്ലാം. 

സൽമാൻ സയ്യിദ് ഉയർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വാദമാണ് ഒരു പാശ്ചാത്യേതര സാർവ്വ ലൗകികതയ്ക്ക് ഇസ്ലാം സൂചകമായി മാറുന്നുവെന്നത്. യൂറോപ്യൻ ബൗദ്ധിക രാഷ്ട്രീയ ക്രമങ്ങളിൽ നിന്നും ഉരുത്തിരിയാത്ത ഒരു ആഗോള ക്രമത്തെ ഇസ്ലാം പ്രതിനിധീകരിച്ചിരുന്നു. ലിബറലിസവും സെക്കുലർ മോഡേർണിറ്റിയും സർവ്വലൗകിക സാധ്യതയെ തേടുന്ന ഒരു ലോകക്രമത്തിൽ മോഡേണിറ്റിയുടെ ആവശ്യകതയെ കുറിക്കുന്ന പാശ്ചാത്യ ആഖ്യാനങ്ങളെ നിർവീര്യപ്പെടുത്തിയാണ് ഇസ്ലാം സർവ്വലൗകികമായി വികസിക്കുന്നത്. 

സൽമാൻ സയ്യിദ്

അതിനാൽ, ഇസ്ലാമിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ആഗോള ഉത്കണ്ഠകളുടെ ഫിലോസഫി  ദൈവശാസ്ത്രപരമല്ല (Theological) അത് സത്തമീമാംസാപരമാണ് (Ontological). അർത്ഥത്തിന്റെയും അധികാരത്തിന്റെയും ഉറവിടങ്ങളുടെ ഇടങ്ങളിൽ ഉയർന്നു വന്നേക്കാവുന്ന ഒരു ബദൽ സംവിധാനത്തെ കുറിക്കുന്ന ഭീഷണിയെ കുറിച്ചുള്ളതുമാണ്. 

ലോകത്തുള്ള ഭൂരിഭാഗം മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇസ്ലാം എന്നതൊരു മതകീയ സ്വത്വം മാത്രമല്ല. തങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെ (political subjectivity) രൂപപ്പെടുത്തുന്ന ഒരു സംവിധാനം കൂടിയാണ്. ഇസ്ലാമിക ലോകത്തെ സ്വയം നിർണ്ണിത ചലനങ്ങളത്രയും, അത് ജനാധിപത്യപരമാകട്ടെ പുനരുദ്ധാരണപരമാകട്ടെ വിപ്ലവകരമാകട്ടെ, ഇസ്ലാമിക പദാവലികളിലൂടെയായിരുന്നു ആവിഷ്കരിക്കപ്പെട്ടിരുന്നത്. മുസ്ലിം ജനവിഭാഗം ആധിപത്യം ചെലുത്തുന്ന പരമാധികാരത്തെ ആവിഷ്കരിക്കുന്ന പൊതുവായ ഭാവിയെ വിഭാവനം ചെയ്യുന്ന ഒരു സൂചക ഇടമാക്കുകയാണ് ഇസ്ലാം. ഇതിനർത്ഥം മുസ്ലിങ്ങൾ എല്ലാവരും ഇസ്ലാമിനെ രാഷ്ട്രീയമായിട്ടാണ് ഇടപെടുന്നത് എന്നല്ല. അതിലുപരി, ഇസ്ലാമിൻറെ അർത്ഥത്തെ സംബന്ധിച്ച് മുസ്ലിംകൾക്കിടയിൽ സംവാദങ്ങൾ നടക്കുമ്പോഴും ഇസ്ലാം സ്വത്വത്തെ എങ്ങനെ നിർമിക്കുന്നു എന്നതിൽ നിന്നാണ് ഇസ്ലാമിന്റെ രാഷ്ട്രീയ പ്രാധിനിത്യം ഉയർന്നുവരുന്നത്. 

പാശ്ചാത്യ രാഷ്ട്രീയ വ്യവഹാരങ്ങളിൽ തീവ്രവാദം, റാഡിക്കലിസം, നാഗരിക സംഘട്ടനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് “ഇസ്ലാം” ഭീതിയെ സംക്ഷേപിക്കുന്നുവെന്ന ആഖ്യാനങ്ങളാണ് നിലനിൽക്കുന്നത്. ഇത്തരമൊരു സാന്ദ്രീകരണത്തിന് മുസ്ലിംകളുടെ യഥാർത്ഥ മതകീയ ചുമതലകളെ കുറിച്ച് വളരെ അല്പം മാത്രമേ ചെയ്യാനുള്ളൂ. അത് കൂടുതലും ഇസ്ലാമിന്റെ പ്രതീകാത്മക പ്രവർത്തനങ്ങളുമായിട്ടാണ് ബന്ധപ്പെട്ട് നിലനിൽക്കുന്നത്. സമകാലിക സാഹചര്യത്തിൽ നിലനിൽക്കുന്ന സെക്കുലർ ലിബറൽ ക്രമത്തെ നിരന്തരം വെല്ലുവിളിക്കുന്ന ഒരു ബദൽ രാഷ്ട്രീയ സംവിധാനമായിട്ടാണ് ഇസ്ലാം അവതരിപ്പിക്കപ്പെടുന്നത്. 

 അങ്ങനെ, ഹിംസയുടെയും സുരക്ഷിതത്വത്തിന്റെയും സ്വത്വത്തിന്റെയും ആഗോള ഭാവനകൾ നിരന്തരം കറങ്ങുന്ന ഒരു അച്ചുതണ്ടായി മാറുകയാണ് ഇസ്ലാം. ഇസ്ലാമിൻറെ പ്രതീകാത്മക കേന്ദ്രീകരണം ഒരേസമയം മുസ്ലിം ജനസഞ്ചയത്തിന് ഉത്പാദനപരവും പാശ്ചാത്യ ഉത്കണ്ഠകൾക്ക് പ്രതികരണപരവുമാണ്.

ഇസ്ലാമും മുസ്‌ലിമിയ്യത്തും: മുസ്‌ലിം രാഷ്ട്രീയ കർതൃത്വത്തിൻ്റെ ഭാവനകൾ

1986ൽ പബ്ലിഷ് ചെയ്യപ്പെട്ട തലാൽ അസദിൻ്റെ The Idea of an Anthropology എന്ന ലേഖനത്തിലാണ് Discursive Tradition എന്ന തിയറിയെ അദ്ദേഹം അവതരിപ്പിക്കുന്നത്. ഇസ്ലാം എന്നത് നിരവധി വ്യവഹാരങ്ങളുടെ പാരമ്പര്യമാണ്. ഇസ്ലാമിൻറെ നിയതമായ അടിസ്ഥാനങ്ങളിൽ നിന്നുകൊണ്ട് ശരിയായ പ്രാക്ടീസിന്റെ രൂപത്തെയും അതിൻറെ പ്രഖ്യാപിത ലക്ഷ്യങ്ങളെയും നിലനിർത്താൻ മുസ്ലിംകൾ നടത്തുന്ന വ്യവഹാരങ്ങളുടെ പാരമ്പര്യമാണ് ഇസ്ലാം. ആന്ത്രപ്പോളജി ഓഫ് ഇസ്ലാം അക്കാദമിക്സിൻ്റെ മുഖ്യ ധാരയിലേക്ക് കടന്നുവന്ന ഒരു സ്ഥിതിവിശേഷത്തിൽ, ഇസ്ലാമിൻറെ ആന്ത്രപ്പോളജി എന്താണെന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് അസദ് ഈയൊരു വാദം മുന്നോട്ടുവെച്ചത്. പ്രധാനമായിട്ടും നരവംശ ശാസ്ത്രത്തിനകത്ത് ഇസ്ലാം മൂന്നു രീതിയിലായിരുന്നു അവതരിപ്പിക്കപ്പെട്ടിരുന്നത്. 

ഒന്ന്, ഇസ്ലാം എന്നത് പ്രാദേശിക തലത്തിൽ മൾട്ടിപ്പിൾ ആയി നിലനിൽക്കുന്ന ഒന്നാണ്. രണ്ട്, എല്ലാം മുസ്ലിങ്ങളും എന്താണോ ചെയ്യുന്നത് അതാണ് ഇസ്ലാം. മൂന്ന്, ഇസ്‌ലാം ഒരു സോഷ്യൽ ടോട്ടലിറ്റി ആണ്. ഇതിൽ ഇസ്ലാം ഒരു സോഷ്യൽ ടോട്ടലിറ്റി ആണെന്ന ഏർണെസ്റ്റ് ഗെൽനറിൻ്റെ വാദത്തെയാണ് അസദ് പരിവർത്തിപ്പിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകുന്നത്. ഓറിയൻ്റലിസത്തിൽ നിലനിൽക്കുന്ന ഈ വാദത്തിൻ്റെ പ്രശ്നങ്ങളെ മറികടക്കാൻ, മുസ്ലിംകൾ എങ്ങനെയാണോ ഇസ്ലാമിനെ പഠിക്കുന്നത് അതുപോലെ പഠിച്ചാൽ മതിയെന്ന ബദലാണ് അസദ് മുന്നോട്ടുവെക്കുന്നത്. ഇങ്ങനെയല്ലാതെ പഠിക്കുമ്പോൾ മുസ്ലിംകൾ അനുഭവിക്കുന്ന ജീവിതത്തെ പിന്നാമ്പുറങ്ങളിൽ നിന്ന് അവരെ കേവലം നാടകത്തിലെ അഭിനേതാക്കൾ മാത്രമാക്കി നിലനിർത്തി സൈദ്ധാന്തിക വൽക്കരിക്കുന്നുവെന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അസദിന്റെ Textualization of Anthropology എന്ന വിമർശനം അദ്ദേഹം കൊണ്ടുവരുന്നത്.

തലാൽ അസദ്

ഡിസ്കർസീവ് ട്രഡിഷൻ എന്ന അസദിന്റെ തിയറിയെ യാതൊരു വ്യത്യാസവുമില്ലാതെയാണ് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം 1997ൽ Rethinking Islamism എന്ന പഠനത്തിൽ സയ്യിദ് വേറൊരു തലത്തിൽ നിന്നുകൊണ്ട് അസദിനെ റെഫർ ചെയ്യാതെ അവതരിപ്പിക്കുന്നത്. മിഷേൽ ഫൂക്കോയേയും ഒരു ഘട്ടത്തിൽ ഫൂക്കോയിൽ നിന്ന് വിറ്റ്ഗെൻസ്റ്റെയിനിലേക്കും കടന്നുകൊണ്ട് തലാൽ അസദ് മറി കടക്കാൻ ശ്രമിച്ച പോസ്റ്റ് സെക്കുലർ ട്രാപ്പിലേക്ക് സൽമാൻ സയ്യിദ് ബോധപൂർവം പോകുന്നത് എന്തുകൊണ്ടാണ്? സൽമാൻ സയ്യിദിനെ സംബന്ധിച്ചിടത്തോളം

എന്തുകൊണ്ട് പ്രാക്ടീസിങ് അല്ലാത്ത മുസ്ലിങ്ങൾ പോലും ഇസ്ലാമിൻറെ പേരിൽ അതിക്രമിക്കപ്പെടുന്നുവെന്ന പ്രശ്നവൽകൃതമായ ചോദ്യമാണ് അദ്ദേഹത്തെ കൺസേൺ ചെയ്യുന്നത്. ഈ ഒരു ചോദ്യം അസദിൻ്റെ ഡിസ്കർസീവ് ട്രഡീഷനിൽ അഡ്രസ്സ് ചെയ്യാൻ കഴിയാത്ത ഒന്നു കൂടിയാണ്. ഈ രണ്ട് തിയറികളുടെയും ഇടയിലെ പതിനൊന്ന് വർഷത്തെ ഇടവേളയിൽ ഇസ്ലാമിൻറെ രാഷ്ട്രീയ ഇടവുമായി ബന്ധപ്പെട്ട് നിരവധി സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ട്. സോവിയറ്റ് യൂണിയനിൻ്റെ തകർച്ചയോടുകൂടി പടിഞ്ഞാറിന്റെ അപരസ്ഥാനത്ത് കമ്മ്യൂണിസത്തെ മാറ്റി നിർത്തി ഇസ്‌ലാം പ്രതിഷ്ഠിക്കപ്പെട്ടു. ആഗോള ഇസ്ലാമോഫോബിയയുടെ കുത്തനെയുള്ള വളർച്ചയും സൽമാൻ റുഷ്ദിയുടെ വിവാദവും കാര്യമായി സങ്കീർണവൽക്കരിക്കപ്പെട്ടു. ഇത്തരം സംഭവവികാസങ്ങൾ സയ്യിദ് കൺസേൺ ചെയ്യുന്ന ചോദ്യത്തിന് ഭീമമായ പ്രസക്തി നൽകുന്നുമുണ്ട്.

എന്നാൽ, ഡിസ്കർസീവ് ട്രഡീഷനിൽ ഈ ചോദ്യത്തെ അഭിമുഖീകരിക്കാൻ കഴിയുന്നില്ല എന്നതിൽ നിന്നാണ് പോസ്റ്റ് മാർക്സിസ്റ്റ് താത്വികരായ ലക്‌ലോയേയും മോഫോയേയും പിന്തുടർന്നുകൊണ്ട് പോസ്റ്റ് സ്ട്രക്ച്ചറൽ ട്രാപ്പിൽ തന്നെ നിലനിന്നുകൊണ്ട് ഇസ്ലാമിൽ നിലനിൽക്കുന്ന എല്ലാം Articulations ആണ് എന്ന വാദം സയ്യിദ് മുന്നോട്ടുവെക്കുന്നത്. അങ്ങനെയാണ്, ഇസ്ലാം എന്നാൽ മുസ്ലിംനെസ്സ് എന്നൊരു സമീകരണത്തിലേക്ക് സയ്യിദ് എത്തിച്ചേരുന്നത്. 

 ചുരുക്കത്തിൽ, അസദിന്റെ ഡിസ്കേർസീവ് ട്രഡീഷനെ തന്നെയാണ് സയ്യിദ് മാസ്റ്റർ സിഗ്നിഫൈർ ആക്കിക്കൊണ്ട് വേറൊരു പ്രതലത്തിൽ നിന്നുകൊണ്ട് അവതരിപ്പിക്കുന്നത്. ആന്ത്രപ്പോളജി ഓഫ് ഇസ്ലാം എന്താകണമെന്ന പ്രശ്നത്തെയാണ് അസദ് അഡ്രസ് ചെയ്യുന്നതെങ്കിൽ ഡിസ്കേർസീവ് ട്രഡീഷനിൽ അഭിമുഖീകരിക്കാൻ കഴിയാത്ത മുസ്ലിം രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രശ്നത്തെയാണ് സയ്യിദിന്റെ തിയറി അഡ്രസ് ചെയ്യുന്നത്.

References

 1. Asad, Talal. (1986). Asad, T. (1986). The idea of an anthropology of Islam. Qui Parle, 17(2), 1–30.
 2. Asad, Talal. (1993). Asad, T. (1993). Genealogies of religion: Discipline and reasons of power in Christianity and Islam. Baltimore, MD: Johns Hopkins University Press.
 3. Sayyid, Sayyid. (1997). Sayyid, S. (1997). A fundamental fear: Eurocentrism and the emergence of Islamism. London, UK: Zed Books.
 4. Sayyid, Sayyid. (2014). Sayyid, S. (2014). Recalling the caliphate: Decolonisation and world order. London, UK: Hurst.
 5. Laclau, E., & Mouffe, C. (1985). Laclau, E., & Mouffe, C. (1985). Hegemony and socialist strategy: Towards a radical democratic politics. London, UK: Verso.
 6. Lacan, J. (1977). Lacan, J. (1977). Écrits: A selection (A. Sheridan, Trans.). New York, NY: Norton. (Original work published 1966)
 7. Barthes, R. (1972). Barthes, R. (1972). Mythologies (A. Lavers, Trans.). New York, NY: Hill and Wang. (Original work published 1957)
 8. Geertz, C. (1971). Geertz, C. (1971). Islam observed: Religious development in Morocco and Indonesia. Chicago, IL: University of Chicago Press.
 9. El-Zein, A. H. (1977). El-Zein, A. H. (1977). Beyond ideology and theology: The search for the anthropology of Islam. Annual Review of Anthropology, 6, 227–254.
10. Ahmed, S. (2016). Ahmed, S. (2016). What is Islam? The importance of being Islamic. Princeton, NJ: Princeton University Press.

നാജിൽ മുഹമ്മദ്