പഞ്ചായത്തിരാജ് നഗര പാലിക ബില്ലുകൾ പ്രാദേശിക സ്വയംഭരണ സർക്കാരുകൾ രൂപപ്പെടാൻ വേണ്ടി രാജ്യത്തിൻ്റെ പാർലമെന്റ് പാസ്സാക്കിയതാണ്. അതനുസരിച്ചാണ് ത്രിതല പഞ്ചായത്ത് സംവിധാനത്തിലും നഗരസഭകളിലും തിരെഞ്ഞെടുപ്പുകൾ നടക്കുന്നത്. ജന പങ്കാളിത്തത്തോടെയുള്ള പ്രാദേശിക വികസനം ചർച്ചയാക്കുക എന്നതാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ സ്വാഭാവികമായും ഉണ്ടാകേണ്ടത്. കേരളത്തിൽ 2025 ഡിസംബർ 9, 11 തീയതികളിലായി നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പ്രാദേശിക വികസനം ചർച്ചയായില്ല എന്നു മാത്രമല്ല ജനങ്ങൾ അനുഭവിക്കുന്ന നിത്യജീവിത പ്രശ്നങ്ങളുമല്ല പ്രധാനമായ ചർച്ചയായത്.
കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതും എന്നാൽ സമുദായങ്ങൾക്കിടയിൽ വലിയ തോതിൽ അവിശ്വാസം വിതച്ചതുമായ ഒന്നായിരുന്നു 2025 ഡിസംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്. വികസന മുദ്രാവാക്യങ്ങൾക്കപ്പുറം, ‘അപരവൽക്കരണവും’ ‘ഇസ്ലാമോഫോബിയയും’ രാഷ്ട്രീയ ആയുധങ്ങളായി മാറിയ ഈ തിരഞ്ഞെടുപ്പ്, കേരളത്തിന്റെ മതേതര മനസ്സിനേറ്റ വലിയൊരു പരിക്കായാണ് വിലയിരുത്തപ്പെടേണ്ടത്.
“മക്കയും മദീനയും നിലകൊള്ളുന്ന സൗദി, ഇന്ത്യയുമായി യുദ്ധത്തിനു വന്നാൽ അവിടെ രാജ്യത്തിനുവേണ്ടി പടപൊരുതാൻ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. അവിടെ അവർക്കിടയിൽ വളർന്നു വരുന്ന ഭീകരവാദ പ്രസ്ഥാനങ്ങളാണ് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ യും ഹിസ്ബുൽ മുജാഹിദീനും തുടങ്ങിയ പ്രസ്ഥാനങ്ങൾ. ഇത് തിരിച്ചറിയാത്തവരാണ് ഇവിടുത്തെ യു.ഡി.എഫുകാർ ഈ വർഗീയ പ്രസ്ഥാനങ്ങളെ ഏറ്റെടുത്തുകൊണ്ട് ഈ നാടിനെ കലാപ ഭൂമിയാക്കാനാണ് ശ്രമിക്കുന്നത്“. ഇത് എറണാകുളം ജില്ലയിലെ നെല്ലിക്കുഴി പഞ്ചായത്തിൽ സിപിഐ(എം) നേതൃത്വത്തിൽ നടന്ന അനൗൺസ്മെൻ്റാണ്. കേരളത്തിലെ ഒരു തദ്ദേശ തെരെഞ്ഞെടുപ്പിൽ എത്ര ഭീകരമായാണ് മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നത്. കേരളത്തിൽ പ്രവർത്തിക്കുന്ന മുസ്ലിം സംഘടനകളെയും മുസ്ലിം കർതൃത്വമുള്ള രാഷ്ട്രീയ പാർട്ടികളെയും ഭീകരമായും വിധ്വംസക സ്വഭാവമുള്ളവരായും ചിത്രീകരിച്ച് ഭീതി പരത്താൻ കഴിയുന്ന തരത്തിലാണ് കേരളം ഭരിക്കുന്ന പാർട്ടികൾ തന്നെ സ്വീകരിച്ച നിലപാടുകൾ എന്നതിൻ്റെ ഒരു സാമ്പിൾ മാത്രമാണ് ഇത്. കേരളമാകെ വ്യാപകമായി ഇത്തരം പ്രചരണങ്ങൾ വ്യത്യസ്ത തലങ്ങളിൽ നടത്തിയാണ് ഈ തെരെഞ്ഞെടുപ്പ് അവസാനിച്ചത്.
പ്രചാരണ രംഗത്തെ ഇസ്ലാമോഫോബിക് തന്ത്രങ്ങൾ
പ്രചരണ രംഗത്ത് ഇസ്ലാമോഫോബിയ ആളിക്കത്തിക്കുക എന്നത് പ്രാദേശിക നേതാക്കൾ ആരെങ്കിലും ഒറ്റപ്പെട്ട് നടത്തിയ നീക്കമായിരുന്നില്ല. പകരം മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകിക്കൊണ്ട് ആസൂത്രിതവും സ്ക്രിപ്റ്റഡുമായി മുസ്ലിം വിരുദ്ധത ആളിക്കത്തിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനങ്ങൾ മുസ്ലിം വിരുദ്ധ പ്രചരണ അന്തരീക്ഷം നിർമ്മിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ജമാഅത്തെ ഇസ്ലാമിയെ ‘തീവ്രവാദത്തിന്റെ കേന്ദ്രം’ എന്ന് വിളിച്ച അദ്ദേഹം, യുഡിഎഫിനെ ഈ സംഘടന നിയന്ത്രിക്കുന്നത് വഴി കേരളത്തിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചു. (The Hindu, Dec 9, 2025).
ജമാഅത്തെ ഇസ്ലാമി വ്യാജവാർത്തകൾ ചമച്ച് സമുദായത്തെ ഭരണകൂടത്തിനെതിരെ തിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് മുസ്ലിം സമുദായത്തെ രാജ്യവിരുദ്ധരായി ചിത്രീകരിക്കുന്നതിന് തുല്യമാണെന്ന പൊതു വിമർശനം ഉയർന്നു. ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷവുമായി സഹകരിച്ച മുൻ കാലങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം അങ്ങനെയുണ്ടായിട്ടില്ല എന്ന വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് ഡിസംബർ 5 ന് എറണാകുളത്ത് വെച്ച് നടത്തിയത്. എന്നാൽ തൃശൂരിൽ എത്തിയപ്പോൾ അദ്ദേഹം ജമാഅത്തെ ഇസ്ലാമി നേതാക്കൾ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് തന്നെ കണ്ടുവെന്നും അവരുടെ മുഖത്തു നോക്കി അവർ വർഗീയ വാദികളാണ് എന്ന് അവരോട് താൻ പറഞ്ഞു എന്നും പ്രസ്താവിച്ചു.
മലപ്പുറത്തെ ‘മിനി പാക്കിസ്ഥാൻ’ പ്രചരണം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മേഖലയിൽ മുസ്ലിം ലീഗ് കേന്ദ്രങ്ങളെ ‘മിനി പാക്കിസ്ഥാൻ’ എന്ന് ചില ഇടതുപക്ഷ പ്രാദേശിക നേതാക്കൾ വിശേഷിപ്പിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. ഈ പരാമർശം വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണെന്ന് യുഡിഎഫ് ആരോപിച്ചു (The Hindu, Dec 10, 2025). എന്നാൽ ഇത് വർഗീയതയ്ക്കെതിരെയുള്ള വിമർശനമായിരുന്നെന്നും വാക്കുകൾ വളച്ചൊടിച്ചതാണെന്നും സിപിഎം ജില്ലാ നേതൃത്വം പിന്നീട് വിശദീകരിച്ചു (ദേശാഭിമാനി, Dec 11, 2025).
കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ മത്സരിച്ച സ്ഥാനാർത്ഥികളെ ലക്ഷ്യം വെച്ച് സോഷ്യൽ മീഡിയയിൽ വലിയ അധിക്ഷേപം നടന്നു. “താടിവെച്ചവരും തട്ടമിട്ടവരും വരുന്നത് നാടിന് അപകടമാണ്” എന്ന തരത്തിലുള്ള ട്രോളുകൾ ഇടത് അനുകൂല സൈബർ വിങ്ങുകൾ വ്യാപകമായി പ്രചരിപ്പിച്ചത് മുസ്ലിം ഐഡന്റിറ്റിയെ ഭീഷണിയായി ചിത്രീകരിക്കുന്ന ഇസ്ലാമോഫോബിക് തന്ത്രമാണെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ആരോപിച്ചു (സുപ്രഭാതം, Nov 2025). സമാനമായ തരത്തിൽ ആയിരക്കണക്കിന് പ്രചരണങ്ങളാണ് മുസ്ലിം ഭീതി പരത്താൻ തദ്ദേശ തെരെഞ്ഞെടുപ്പിൽ ഉപയോഗിക്കപ്പെട്ടത്.
മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കങ്ങൾ
മുസ്ലിം സംഘടനകൾക്കിടയിലുള്ള ആന്തരിക അഭിപ്രായ വ്യത്യാങ്ങളെ ശക്തിപ്പെടുത്തി വിഭജന രാഷ്ട്രീയം പയറ്റി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ സി.പി.എം നേതൃത്വവും ഒരു വിഭാഗം മാധ്യമങ്ങളും കിണഞ്ഞ് ശ്രമിച്ചുവെന്നതും ഈ തദ്ദേശ തെരെഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷതയാണ്.
സുന്നി വിഭാഗങ്ങളുടെ ജമാഅത്തെ ഇസ്ലാമിയോടുള്ള മത കാഴ്ചപ്പാടുകളിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ വോട്ടാക്കി മാറ്റാൻ, ലീഗ് ജമാഅത്തിന് കീഴടങ്ങി എന്ന പ്രചാരണം മാധ്യമങ്ങൾ ചർച്ചാവിഷയമാക്കി. അതിനായി ഇടതുപക്ഷ അനുകൂലികളായ സുന്നി പണ്ഡിതൻമാരെ സമർത്ഥമായി ഉപയോഗിച്ചു. അത്തരം വ്യക്തികളുടെ അഭിപ്രായങ്ങളെ ബോധപൂർവ്വം സംഘടനകളുടെ അഭിപ്രായങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു.
സമസ്ത സുന്നി വിഭാഗത്തിൽ വലിയ പ്രാധാന്യമുള്ള പാണക്കാട് തറവാടിനെ ലക്ഷ്യം വെച്ച് നടത്തിയ പ്രചരണങ്ങളും സമസ്തയിലെ ചില അഭിപ്രായ ഭിന്നതകളെ രാഷ്ട്രീയമായി ഉപയോഗിക്കാനും സമർത്ഥമായ നീക്കം സിപിഎം നടത്തിയിരുന്നു. പക്ഷേ ഇത്തരം നീക്കങ്ങളെല്ലാം പരാജയപ്പെട്ടു എന്നതാണ് തിരെഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. മുസ്ലിം ക്രൈസ്തവ സൗഹാർദ്ദത്തെ ഭിന്നിപ്പിക്കാനും മുസ്ലിം ഭീകരതാ ഭീഷണി ഉയർത്താനും നടത്തിയ നീക്കങ്ങൾക്ക് ആഴത്തിൽ പ്രതിഫലനം ഉണ്ടാക്കാനായില്ല എന്ന് മധ്യകേരളത്തിലെയും മലബാറിലെയും തിരെഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു.
ഭരണവിരുദ്ധ വികാരത്തിനൊപ്പം, സമുദായങ്ങളെ അധിക്ഷേപിക്കുന്നതിനെതിരെയുള്ള ന്യൂനപക്ഷ ഏകീകരണവും യുഡിഎഫിനെ സഹായിച്ചു. വെള്ളാപ്പള്ളി നടേശൻ ഉയർത്തിയ പരാമർശങ്ങളും അതിനെ ഇടതുപക്ഷം വിശേഷിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം പ്രോത്സാഹിപ്പിച്ചതും മലബാറിലെ മുസ്ലിങ്ങളിൽ മാത്രമല്ല മധ്യ കേരളത്തിലെ ക്രൈസ്തവരിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷം ഉയർത്തിയ ‘മുസ്ലിം ഭീതി’ ഹൈന്ദവ വോട്ടുകളെ ബിജെപിയിലേക്ക് അടുപ്പിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ചരിത്രത്തിലാദ്യമായി എൻഡിഎ പിടിച്ചു. ഭൂരിപക്ഷ സമുദായങ്ങൾ ബിജെപിയിലേക്കും ന്യൂനപക്ഷങ്ങൾ യുഡിഎഫിലേക്കും മാറിയത് എൽഡിഎഫിന് കനത്ത തിരിച്ചടിയായി.
തിരഞ്ഞെടുപ്പിന് ശേഷമുള്ള സാമൂഹിക സാഹചര്യങ്ങൾ
ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ സാമൂഹിക ഭൂപടത്തിൽ വരുത്തിയ മാറ്റങ്ങൾ ആശങ്കാജനകമാണ്: മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ വഖഫ് ബോർഡ്, മുനമ്പം വിഷയങ്ങളിലൂടെ ഉണ്ടായ വിള്ളൽ ഇപ്പോഴും പൂർണ്ണമായി അവസാനിച്ചിട്ടില്ല. രാഷ്ട്രീയ താല്പര്യങ്ങൾക്കായി വിതച്ച ഭീതിയുടെ വിത്തുകൾ സാധാരണ ജനങ്ങൾക്കിടയിലെ സൗഹൃദത്തിന് മങ്ങലേൽപ്പിച്ചു. ‘ജിഹാദ്’, ‘പാക്കിസ്ഥാൻ’ തുടങ്ങിയ പദപ്രയോഗങ്ങൾ രാഷ്ട്രീയ സംവാദങ്ങളിൽ സാധാരണമായി മാറി. ഇത് വിദ്വേഷ പ്രസംഗങ്ങളെ (Hate Speech) സാമാന്യവൽക്കരിക്കാൻ ഇടയാക്കി. മതേതരത്വം അവകാശപ്പെടുന്ന ഇടതുപക്ഷം തന്നെ വർഗീയ കാർഡുകൾ കളിക്കുന്നത് കേരളത്തിലെ വിശാലമായ മതേതര മുന്നേറ്റങ്ങൾക്ക് ഭീഷണിയായിരിക്കുന്നു.
2025-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരു കക്ഷിയുടെ വിജയവും മറ്റൊരു കക്ഷിയുടെ പരാജയവുമായിരുന്നില്ല, മറിച്ച് കേരളത്തിന്റെ സൗഹൃദാന്തരീക്ഷം നേരിട്ട വലിയൊരു പരീക്ഷണമായിരുന്നു. ഇസ്ലാമോഫോബിയയും ധ്രുവീകരണവും താൽക്കാലിക ലാഭങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ ഉപയോഗിച്ചെങ്കിലും, അത് കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ഉണ്ടാക്കിയ വടുക്കൾ മായാൻ ഏറെ കാലമെടുക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ട്രെൻഡ് തുടരുന്നത് കേരളത്തിന്റെ പൊതുജീവിതത്തെ കൂടുതൽ സംഘർഷഭരിതമാക്കിയേക്കാം.








