(Vikings വെബ്‌സീരീസുകളിലെയും, Agora (2009)എന്ന സിനിമയിലെയും, കഥാപാത്രങ്ങൾ, കഥാസന്ദർഭങ്ങൾ,മുൻനിർത്തി ശാസ്ത്രം, വിജ്ഞാനം, അധികാരം എന്നിവയുടെ മുസ്‌ലിം–യൂറോപ്യൻ ബന്ധങ്ങളെയും,ഇടപാടുകളെയും കുറിച്ചുള്ള പുതുതല്ലാത്ത ചില ആലോചനകൾ)
വൈക്കിംഗ്സ്: വൽഹാല എന്ന നെറ്റ്ഫ്ലിക്സ് വെബ് സീരീസിൽ ഹെറാൾഡ് സിഗർഡ്സൺ, ലെയ്ഫ് എറിക്സൺ എന്നീ കഥാപാത്രങ്ങൾ സ്കാൻഡിനേവിയയിൽ നിന്നും കിഴക്കോട്ട് ബൈസൻ്റിയൻ സാമ്രാജ്യത്തിന്റെ അധികാരികളെയും സൈന്യത്തെയും കാണാൻ
പോകുന്ന ഒരു സന്ദർഭമുണ്ട്. നോർവയിലെ രാജാവാകാനുള്ള തൻ്റെ അവകാശത്തെ നേടിയെടുക്കാനാവശ്യമായ സാമ്പത്തികവും സൈനികവും തന്ത്രപരവുമായ സഹായങ്ങൾ നേടുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഹെറാൽഡ് ബൈസാൻ്റിയൻ സാമ്രാജ്യത്വത്തിന്റെ എലൈറ്റ് സൈന്യവിഭാഗമായ വറാങ്യൻ ഗാർഡിൽ ചേരാൻ പോകുന്നത്. എന്നാൽ വ്യക്തമായ സൈനിക ലക്ഷ്യമൊന്നുമില്ലാതെയാണ് ലെയ്‌ഫ് ഹെറാൽഡിനെ അനുഗമിക്കുന്നത്. കോൺസ്റ്റാൻറിനോപ്പിളിലേക്കുള്ള യാത്രയ്ക്കിടെ ലെയ്‌ഫ് മറിയമെന്ന കഥാപാത്രത്തെ നോവ്ഗോരോഡിൽ വെച്ച് കണ്ടുമുട്ടുന്നുണ്ട്. ഒരു ഉൽകാ പിണ്ഡം (Meteorite) കണ്ടെത്താനാണ് മറിയം അവിടെ എത്തിയിരുന്നത്. തൻ്റെ പിതാവിൽനിന്നും അനന്തരമായി ലഭിച്ചതും മുസ്ലിം വിജ്ഞാനലോകത്ത് നിന്നും കൈവരിച്ചതുമായ ജ്യോതിശാസ്ത്ര പരിജ്ഞാനവും, മറ്റു ശാസ്ത്രീയ ജ്ഞാനങ്ങളും, പരിസ്ഥിതി പണ്ഡിത്യവും,കെമിസ്ട്രിയിലെ അവഗാഹവുമടക്കം സമഗ്രമായ അനവധി വിജ്ഞാനവും നൈപുണ്യവും നിറഞ്ഞ പണ്ഡിതയാണ് മറിയം. തന്റെ അറിവിലും പരീക്ഷണങ്ങളിലും തന്നെ സഹായിക്കുവാൻ ലെയ്ഫിനെ മറിയം അനുവദിക്കുന്നു. അറബി, ലാറ്റിൻ പേർഷ്യൻ, റഷ്യൻ, ഭാഷകൾ അറിയുന്ന മറിയം, ലെയ്ഫിന് അറബി ഭാഷ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു. തുടർച്ചയായി മറിയമിന്റെ കൂടെ പ്രവർത്തിച്ചതിലൂടെ, രാസപരീക്ഷണ രീതികളും, തീയുടെ ഉപയോഗത്തെയും നിയന്ത്രണത്തെയും കുറിച്ചുള്ള അറിവും ലെയ്‌ഫ് നേടിയെടുക്കുന്നു.
യാത്രയ്ക്കിടെ തനിക്ക് നേരത്തെ തന്നെ ഒരു രോഗവും അണുബാധയുമുണ്ടായിരുന്നതിന്നാൽ മറിയം മരണപ്പെടുന്നു. തുടർന്ന് അവൾ പകർന്ന വിജ്ഞാനങ്ങളുടെ രഹസ്യങ്ങൾ കണ്ടെത്താനും, അതിനെ ആശ്രയിച്ച് സ്വതന്ത്രമായി പരീക്ഷണങ്ങൾ നടത്താനും ലെയ്ഫ് ആരംഭിക്കുന്നു. മറിയമിനോടുള്ള പ്രണയബന്ധവും അതിലെ വൈകാരിക ഓർമകളും അത്തരം പരീക്ഷണങ്ങളിലുള്ള ലെയ്ഫിന്റെ ആത്മാർത്ഥയ്ക്ക് കാരണമാകുന്നുണ്ട്. ഒടുവിൽ വറാങ്യൻ ഗാർഡിൽ എത്തിച്ചേർന്ന ശേഷം മറ്റനവധി ഗവേഷണങ്ങളെപ്പോലെ തന്നെ അത്യുഗ്ര സ്‌ഫോടകശേഷിയുള്ള ഒരു രാസ പദാർത്ഥത്തിന്റെ നിർമാണം കൂടി ലെയ്ഫ് പൂർത്തിയാക്കുന്നു.

മറിയമിനോടുള്ള സഹവാസത്തിലൂടെ പകർന്നു ലഭിച്ച സാങ്കേതിക നൈപുണ്യവും വിജ്ഞാനദാഹവുമായിരുന്നു അത്തരം ഒരു കണ്ടുപിടുത്തത്തിലേക്ക് ലെയിഫിനെ നയിച്ചത്. പിന്നീട് ഹെറാൾഡും ലെയ്ഫും സിസിലിയൻ യുദ്ധ ക്യാമ്പയിനിൽ ജനറൽ ജോർജ് മാനിയാക്കസിൻ്റെ സൈന്യത്തിൽ സേവനമനുഷ്ഠിക്കുമ്പോൾ സിറാക്യൂസിലെ അമീറുമായുള്ള കരാർ ലംഘിച്ചുകൊണ്ട് ഈ സ്ഫോടക വസ്തു ജനറൽ മാനിയാക്കസ് ലെയ്‌ഫിന്റെ റൂമിൽ നിന്നും ആരും അറിയാതെ എടുത്ത് മുസ്‌ലിംങ്ങൾക്ക് നേരെ പ്രയോഗിക്കുന്നു. മുസ്‌ലിങ്ങളായ അനവധി വൃദ്ധ -വായോധികരെയും, സ്ത്രീകളെയും കുട്ടികളെയും അതുപയോഗിച്ച് മാനിയാക്കസും സംഘവും കൊല്ലുന്നു. ലെയ്ഫ് ഇതിന് സാക്ഷിയാകുകയും മാനിയക്കസിന് നേരെ കൊലപാതകി എന്ന് ആക്രോഷിച്ചുകൊണ്ട് നേരിടാൻ ഒരുങ്ങുമ്പോൾ തന്റെ സൈന്യത്തെ ഉപയോഗിച്ച് ലെയ്ഫിനെ തടഞ്ഞുകൊണ്ടു മനിയാക്കസ് ഇപ്രകാരം പറയുന്നുണ്ട്. “ഞാൻ അല്ല കൊലപാതകി, നിന്റെ ശാസ്ത്രമാണ്, നിന്റെ ഭാവനകളാണ്, ഇവിടെ ആയുധമായത്, ഞാൻ വെറുമൊരു സന്ദേശവാഹകൻ മാത്രമാണ്”.
വെബ്സീരിയസിലെ മറിയം എന്ന കഥാപാത്രം ഒരു കാൽപ്പനിക കഥാപാത്രമാണെങ്കിലും, മദ്ധ്യകാല മുസ്ലിം ലോകത്ത് ജീവിച്ചിരുന്ന മറിയം അൽ-അസ്തുർലാബിയുടെ റെഫറസ്റൻസാണെന്ന് പല നിരൂപകരും ചൂണ്ടികാണിക്കുന്നുണ്ട്.സീരീസിൻ്റെ നിർമാതാക്കൾ ഇത്തരമൊരു സാമ്യതയെയും ബന്ധത്തെയും കുറിച്ച് യാതൊന്നും വ്യക്തമാക്കുന്നില്ലെങ്കിലും; മറിയം എന്ന മുസ്ലിം സ്വത്വം, ജ്യോതിശാസ്ത്രത്തിലെ അവഗാഹം, പിതാവിൽനിന്നും ലഭിച്ച അറിവുകൾ, വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന് പുറത്തുള്ള വിജ്ഞാന സമ്പാധനം തുടങ്ങിയ കാര്യങ്ങളിലെ സാമ്യതയെ മുൻനിർത്തിയാണ് മറിയം എന്ന കഥാപാത്രവും, മറിയം അസ്തുർലാബിയ എന്ന മദ്ധ്യകാല മുസ്ലിം പോളിമാത്തും തമ്മിലുള്ള താരതമ്യത്തിലേക്ക് നിരൂപകരെ എത്തിക്കുന്നത് എന്ന് കാണാൻ സാധിക്കും.
വൈക്കിംഗ്സ്: വൽഹാലയിലെ കഥാ പശ്ചാത്തലത്തിന് മുൻപുള്ള, വൈകിങ്സിന്റെ പ്രാരംഭ കാലഘട്ടത്തെ ചിത്രീകരിക്കുന്ന മറ്റൊരു നെറ്റ്ഫ്ലിക്സ് സീരീസിൽ (വൈകിങ്സ് എന്ന് തന്നെയാണ് അതിന്റെയും പേര്) മുസ്‌ലിങ്ങളുമായി ഏറ്റുമുട്ടുന്ന ഒരു സന്ദർഭം കാണിക്കുന്നുണ്ട്. ഐബീരിയൻ ഖിലാഫത്തിലെ മുസ്ലിം തുറമുഖ നഗരമായ അൽജസിറാസിനെ ആക്രമിക്കാനായി ബിയോണിന്റെ നാവികപ്പട എത്തുകയും, അവിടെ കൊള്ളയടിക്കുകയും ചെയ്യുന്നതിനിടെ മുസ്ലിം പുരുഷന്മാർ നമസ്കരിക്കുന്ന ഒരു പള്ളി സീരീസിലെ പ്രധാന കഥാപാത്രമായ ഫ്ലോക്കിയും സംഘവും കാണാനിടയാകുന്നുണ്ട്. പള്ളിയിൽ നിസ്ക്കാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ നിശ്ചലതയും ആത്മസംയമനവും കാണുന്ന ഫ്ലോക്കിയും സംഘവും അങ്ങേയറ്റം അത്ഭുതപ്പെടുന്നുണ്ട്.. അതിനിടയിൽ കൂട്ടത്തിൽ ഒരാൾ നിസ്കരിക്കുന്ന ഒരാളെ വെട്ടിക്കൊല്ലുന്നു. എന്നിട്ടും നിസ്കരിക്കുന്ന മറ്റുള്ളവരിൽ ഒരു ചലനവും ഭാവമാറ്റവും കാണാൻ സാധിക്കുന്നില്ല. പിന്നീട് പ്രാർത്ഥനയിൽ മുഴുകിയവരുടെയും ആക്രമണം നടത്തുന്നവരുടെയും ഇടയിൽ നിന്നുകൊണ്ട് തുടർന്നുള്ള അക്രമം ഫ്ലോക്കി തടയുന്നുണ്ട്. ഇവിടെ വൈകിങ്സ് സാക്ഷിയായത് ആക്രമിച്ചിട്ടും തടസ്സപ്പെടാത്ത, മുസ്ലിങ്ങളുടെ ആരാധനയിലെ സംയമനവും,നിശ്ചലതയും എകാഗ്രതയുമാണ്.

ഇത് ഫ്ലോക്കിയെയും കൂട്ടരെയും വല്ലാതെ അത്ഭുതപ്പെടുതുന്നുണ്ട്. കാരണമെന്തെന്നാൽ, ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും ക്രിസ്ത്യൻ ഭരണകൂടങ്ങളുമായുള്ള ദീർഘകാല സംഘർഷങ്ങളിൽ (Anglo Saxon Wars) ക്രിസ്ത്യൻ ചർച്ച്കളിൽ വ്യാപകമായി നടത്തിയ ആക്രമണങ്ങളിലൂടെ വൈകിങ്സ് കണ്ട് ശീലിച്ച കാഴ്ചകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു മുസ്‌ലിംകളുമായി ഏറ്റുമുട്ടുമ്പോൾ അവർക്ക് ലഭിച്ചത്. വൈകിങ്സിന്റെ കപ്പൽ പടയും, സൈനിക പടയോട്ടവും കണ്ട് പരിഭ്രാന്തരായി എല്ലാം ഇട്ടെറിഞ്ഞോടുന്ന ക്രിസ്ത്യൻ സമൂഹത്തെയും അവരുടെ പുരോഹിതന്മാരെയും ധാരാളമായി കാണിച്ചുകൊണ്ടിരിക്കുന്ന വെബ്സീരീസ്, ഒരു ഘട്ടത്തിൽ മുസ്‌ലിങ്ങളെ അഭിമുഖീകരിക്കുന്ന കഥാപശ്ചാത്തലത്തിലെത്തുമ്പോൾ, വ്യതസ്ഥമായ മറ്റൊരു ലോകത്തെയാണ് കാണിക്കുന്നത്. അവിടെ കാണുന്ന മുസ്ലിങ്ങളുടെ ജീവിതാവിഷ്കാരവും, വിശ്വാസ സംസ്കാരവും, വൈജ്ഞാനിക മികവും, വൈകിങ്സിന് വളരെ കൗതുകകരവും, എന്നാൽ അപരിചതവുമായിരുന്നു. മുസ്ലിം ജീവിതത്തെയും, പ്രദേശങ്ങളെയും അവതരിപ്പിക്കുമ്പോൾ സംഭവിക്കുന്ന യൂറോകേന്ദ്രീകൃതമായ സാംസ്‌കാരിക മേൽക്കോയ്‌മാ ബോധത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രതിനിധാന പ്രശ്നങ്ങൾ വൈകിങ്സ് വെബ്സീരിസുകളിൽ കാണാമെങ്കിലും, വിശകലനപരമായ അനവധി സാധ്യതകളിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രേക്ഷകരെയും നിരൂപകരെയും സഹായിക്കുന്ന നിരവധി സീനുകൾ വൈകിങ്സ് വെബ്സീരിസുകളിൽ കാണാൻ സാധിക്കും.
മുസ്ലിംകളെ രാസ-സ്ഫോടക പദാർത്ഥങ്ങൾ ഉപയോഗിച്ച് കൂട്ടക്കൊല ചെയ്ത ശേഷം, ലെയ്‌ഫിനോട് ജനറൽ മാക്കിനിയാസ് പറയുന്നത്,
“ഞാൻ അല്ല കൊലപാതകി, നിന്റെ ശാസ്ത്രമാണ്, നിന്റെ ഭാവനകളാണ്, ഇവിടെ ആയുധമായത്, ഞാൻ വെറുമൊരു സന്ദേശവാഹകൻ മാത്രമാണ്”, എന്നാണ്. മറിയമെന്ന മുസ്ലിം പണ്ഡിതയിൽ നിന്ന് ലഭിച്ച വിജ്ഞാനങ്ങൾ, അഥവാ ഇസ്ലാമിക നാഗരികതയുടെ വൈജ്ഞാനിക ലോകത്ത് നിന്നും മറിയം ആർജിച്ച വിജ്ഞാനങ്ങൾ, ലെയിഫിലേക്ക് കൈമാറപ്പെടുകയും, അതിനെ പിന്നീട് റോമൻ സാമ്രാജ്യത്വത്തിന്റെ ഭാഗമായ ബൈസൈന്റയ്ൻ സൈന്യം ഉപയോഗിക്കുകയും ചെയ്യുന്നത്, മുസ്‌ലിം ഉന്മൂലനത്തിനാണ് എന്ന് കാണാൻ സാധിക്കും. മുസ്ലിങ്ങളുടെ ശാസ്ത്ര – വിജ്ഞാന നിർമിതികൾ നിർമാണാത്മകവും, മാനുഷികവുമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ളതാണ് എന്ന ലെയ്ഫിനു മറിയമിൽ നിന്ന് ലഭിച്ച അധ്യാപനങ്ങൾ കൂടിയാണ് അവിടെ അട്ടിമറിക്കപ്പെട്ടത്. ഒൻപത് – പതിനൊന്ന് നൂറ്റാണ്ടുകൾക്കിടയിൽ യൂറോപ്പ് മുസ്ലിം ലോകവുമായി നടത്തിയ സമ്പർക്കങ്ങളുടെ ചരിത്രപരമായ പശ്ചാത്തലത്തിൽ ഇതിനെ വായിക്കുമ്പോൾ, രണ്ട് നാഗരികതകൾ തമ്മിലുള്ള സാമൂഹിക-മൂല്യബോധത്തിലെ അന്തരങ്ങളെ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നുണ്ട്.

മുസ്ലിം നാഗരികതയുടെ സുവർണകാലഘട്ടത്തിൽ വികസിതമായ ശാസ്ത്രീയാന്വേഷണങ്ങളും ഉയർന്ന സാങ്കേതികമികവും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന വിനിമയ സംസ്കാരം മുസ്‌ലിം ദൈനംദിന സാമൂഹിക ജീവിതത്തിന്റെ ഭാഗമായിയിരുന്നു. മറിയമിൽ നിന്ന് വിജ്ഞാനങ്ങൾ ലെയ്ഫിന് ലഭിക്കുന്നതും അതുകൊണ്ടാണ്. വിജ്ഞാനങ്ങളെ പകർന്നുകൊടുക്കുകയും വികേന്ദ്രീകരിക്കുകയും ചെയ്യുകയെന്ന മുസ്‌ലിം മൂല്യബോധത്തിന്റെ ഭാഗമായാണ് അത്തരം വിനിമയങ്ങൾ നടക്കുന്നത് എന്ന് മുസ്‌ലിം നാഗരികതയുടെ ചരിത്രത്തിലുടനീളം വായിച്ചെടുക്കാൻ സാധിക്കും. ആത്മീയവും ദൈവശാസ്ത്രപരവുമായ അടിത്തറകളുള്ള മുസ്ലിം ശാസ്ത്രീയ വിജ്ഞാനം കൗതുകത്തിൻ്റെയും അപരിചിതത്വത്തിൻ്റെയും കണ്ണുകളിലൂടെയായിരുന്നു തുടക്കത്തിൽ യൂറോപ്പ് കണ്ടിരുന്നത്. എന്നാൽ അധിനിവേശ പദ്ധതിയിലേക്ക് യൂറോപ്യൻ ശക്തികൾ പ്രവേശിച്ചതോടെ അത്തരം ജ്ഞാനങ്ങളെ സാമ്രാജ്യത്വ വിപുലീകരണ ഉപകരണങ്ങളായി ഉപയോഗപ്പെടുത്തുകയായിരുന്നു.
ഇസ്മായിൽ റാജി അൽ ഫാറൂഖി ഇസ്ലാമിക നാഗരികതയുടെ അന്തസത്തകളായി വിശദീകരിക്കുന്ന കാര്യങ്ങളിൽ പ്രധാനമായും, അറിവ് (ഇൽമ്) എന്നത് തൗഹീദ് (ദൈവത്തിൻ്റെ ഏകത്വം), നൈതികത, ലക്ഷ്യബോധം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി വിവരിക്കുന്നുണ്ട്. ഇസ്ലാമിക നാഗരികതയിൽ ശാസ്ത്രാന്വേഷണങ്ങൾ ഒരിക്കലും മൂല്യനിരപേക്ഷമായ ജ്ഞാനോൽപാദനമോ ആധിപത്യോപാധിയോ അല്ല, മറിച്ച് മാനുഷിക ഉത്തരവാദിത്വവും സംരക്ഷണധർമ്മവും മുൻനിർത്തിയുള്ള നൈതികമായ ജ്ഞാനാന്വേഷണങ്ങൾ ആയിരുന്നു എന്ന് ഇസ്മായിൽ റാജി ഫാറൂഖി തന്റെ എസ്സെൻസ് ഓഫ് ഇസ്ലാമിക് സിവിലൈസേഷൻ എന്ന പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നൈതിക ധാർമിക പരിധികളാൽ ബന്ധിതമായതും ദൈവികമായ ഉയർന്ന നൈതിക – ലോകത്തോട് (പരലോകം) ബോധിപ്പിക്കേണ്ടതുമായ അമാനത്തായി മനസിലാക്കിക്കൊണ്ടാണ് ഇസ്ലാമിക നാഗരികതയിൽ ജ്ഞാനാന്വേഷണങ്ങൾ നടന്നിരുന്നത്. ആദ്യമായി യൂറോപ്പ് ഇസ്ലാമിക നാഗരികതയുമായി ഏറ്റുമുട്ടിയപ്പോൾ, കേവലം ഉന്നതമായ ശാസ്ത്ര സാങ്കേതികവിദ്യകളെ മാത്രമല്ല അവർക്ക് കാണാൻ സാധിച്ചത്, മറിച്ച് അറിവിനെ അധികാരോപാധിയായി ചുരുക്കുന്നതിനെ പ്രതിരോധിക്കുന്ന ഇസ്ലാമിക ലോകത്തിലെ ജ്ഞാനാത്മക സങ്കല്പങ്ങളെക്കൂടി യൂറോപ്പിന് അഭിമുഖീകരിക്കേണ്ടി വന്നു. യൂറോപ്യൻ ആധുനികത ഇസ്ലാമിക ശാസ്ത്രങ്ങളെ അതിന്റെ നൈതിക ലോകത്തിൽ നിന്നും ശാസ്ത്ര സാങ്കേതിക പ്രാവീണ്യത്തെ പിഴുതെടുത്തും അതിനെ സൈനികവും കോളനിവൽകൃതവുമായ അധികാരഘടനകളിൽ പുനഃസ്ഥാപിച്ചുകൊണ്ടുമാണ് ഉപയോഗിച്ചത് എന്ന് ഇസ്മായിൽ റാജി ഫാറൂഖി കൂട്ടിച്ചേർക്കുന്നുണ്ട്.

മുസ്ലിം വിജ്ഞാനത്തിന്റെ ഫലങ്ങളെ യൂറോപ്പ് സ്വീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിലും, ആ വിജ്ഞാനത്തെ നിലനിറുത്തിയ ബൗദ്ധിക പാരമ്പര്യങ്ങളും നൈതിക തത്വങ്ങളും ജ്ഞാനശാസ്ത്രപരമായ അടിസ്ഥാനങ്ങളും യൂറോപ്യൻ ചിന്താ മണ്ഡലങ്ങൾക്ക് അന്യമായിത്തന്നെ തുടരുകയുണ്ടായി എന്നതാണ് യാഥാർഥ്യം. മുസ്ലിം നാഗരികതയുടെ വിജ്ഞാനങ്ങൾ ശാസ്ത്രീയ അന്വേഷണത്തെയും നൈതികതയെയും ആത്മീയതയെയും ഒരുമിച്ച് കാണുന്ന ഒരു സമഗ്ര പാരമ്പര്യത്തിലൂന്നി നിന്നപ്പോൾ,യൂറോപ്പ് അതിലെ പ്രായോഗിക അറിവുകൾ സ്വീകരിക്കുകയും, ആ അറിവുകളെ നിലനിർത്തുന്ന നൈതികവും ദാർശനികവുമായ പാരമ്പര്യത്തെ അപരിചിതമായ ഒന്നായി കണക്കാക്കുകയും ചെയ്തു. ഇതിലൂടെ മുസ്ലിം വിജ്ഞാനം ഒരു സമഗ്ര ജ്ഞാനപരമ്പരയായി കണക്കക്കാതെ, തങ്ങൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന സാങ്കേതിക മികവേറിയ അറിവുകൾ മാത്രമായി യൂറോപ്പിന് മാറുകയായിരുന്നു.
ഇസ്ലാമിക ലോകത്തില്‍ നിന്ന് യൂറോപ്പിലേക്ക് ശാസ്ത്രീയവും സാങ്കേതികവുമായ വിജ്ഞാനം കൈമാറപ്പെടുന്നത് രേഖീയമായ ഒരു പ്രവണതയായി കണക്കാക്കാൻ കഴിയില്ല. കൊളോണിയലിസത്തിന്റെ ഫലമായിട്ട് മാത്രമാണ് എന്ന് നിർണിതപ്പെടുത്താനും കഴിയില്ല. കൊളോണിയൽ ലോകക്രമം വലിയതോതിൽ മുസ്ലിം വൈജ്ഞാനിക സമ്പത്തിനെ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെങ്കിലും, യൂറോപിലേക്കുള്ള വിജ്ഞാന വിനിമയങ്ങൾക്ക് മുസ്‌ലിം സമൂഹങ്ങളിൽ നിന്നും ബോധപൂർവ്വമായ, ബഹുവിധ പ്രക്രിയകൾ നടന്നിരുന്നു എന്ന് കാണാൻ സാധിക്കും.
പ്രധാനമായും സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള വിജ്ഞാനങ്ങൾ എന്ന മുസ്‌ലിങ്ങളുടെ മൂല്യ – സമീപനം, ബഗ്ദാദിലെ ഹൗസ് ഓഫ് വിസ്ഡം, അനവധി മദ്രസകള്‍, ഗ്രന്ഥശാലകള്‍, ഗവേഷണശാലകള്‍, വഖ്‌ഫ് അടിസ്ഥാനത്തിലുള്ള പഠനകേന്ദ്രങ്ങള്‍,തുടങ്ങിയവകളുടെ രൂപീകരണത്തിന് കാരണമായിത്തീർന്നിരുന്നു. അത്തരം കേന്ദ്രങ്ങൾ വിജ്ഞാന പ്രസരണത്തിന്റെ കേന്ദ്രങ്ങളുമായിരുന്നു. മുസ്‌ലിം പണ്ഡിതര്‍ തങ്ങൾക്ക് വൈധദ്ഗ്യമുള്ള ഗ്രീക്ക്, പേര്‍ഷ്യൻ, ഇന്ത്യന്‍ വിജ്ഞാനങ്ങളെ വിമർശനാത്മകമായി തന്നെ കൈകാര്യം ചെയ്തപ്പോഴും, അതിനെ നിർമാണാത്മകമായി വികസിപ്പിച്ചുകൊണ്ട്, അൽജിബ്ര, ഒപ്റ്റിക്സ്, ജ്യോതിശാസ്ത്രം, മെഡിസിന്‍, എഞ്ചിനീയറിങ് തുടങ്ങി നിരവധി മേഖലകളിലേക്ക് പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ, വിനിയോഗിച്ചിരുന്നു. കൂടാതെ അത്തരം അറിവുകളെ പിന്നീട് ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ട്, ടൊലെഡോ, സിസിലി പോലുള്ള കേന്ദ്രങ്ങളിലൂടെ യൂറോപ്പിലേക്ക് എത്തിച്ചു. ഇതിലൂടെ യൂറോപ്യന്‍ പണ്ഡിതര്‍ ഈ നൂതന ശാസ്ത്ര സാങ്കേതിക സിദ്ധാന്തങ്ങളെ പഠിക്കുകയും മനസിലാക്കുകയും,പിൽക്കാലത്ത് തങ്ങളുടെ നവോത്ഥാന പ്രക്രിയകളുടെ ഇന്ധനമാക്കുകയും ചെയ്തു.
വിജ്ഞാന -വിരുദ്ധ രാഷ്ട്രീയത്തിന്റെയും, പ്രത്യേകിച്ച് ശാസ്ത്ര വിരുദ്ധതയുടെയും നീണ്ട നൂറ്റാണ്ടുകളുടെ ചരിത്രമാണ് ക്രിസ്ത്യൻ – റോമൻ സാമ്രാജ്യത്വത്തിനുള്ളത്. ചർച്ച് പ്രോത്സാഹിപ്പിക്കാത്ത അല്ലെങ്കിൽ അതിന്റെ തീർപ്പുകൾക്ക് വിരുദ്ധമാണെന്ന് തോന്നുന്ന ജ്ഞാനാന്വേഷണങ്ങളെ ഉന്മൂലനം ചെയ്യുകയും, അതിന് പിന്നിൽ പ്രവർത്തിച്ചവരെ വകവരുത്തുകയും ചെയ്ത കുപ്രസക്തമായ പൗരാണിക കാലഘട്ടങ്ങൾ വരച്ചുകാണിക്കുന്ന അനവധി സാഹിത്യങ്ങളും, സിനിമകളും കാണാൻ സാധിക്കും.

2009 ൽ പുറത്തിറങ്ങിയ അലക്സാൻഡ്രോ അമനെബാർ സംവിധാനം ചെയ്ത “അഗോറ” എന്ന സിനിമ നാലാം നൂറ്റാണ്ടിലെ അലക്സാന്ദ്രിയയിലെ ഒരു കഥയാണ്. അലക്സാന്ദ്ര്യയിലെ ലൈബ്രറിയിൽ ജോലി ചെയ്യുന്ന ഹിപ്പാതിയ (Hypatia) എന്ന സ്ത്രീ കഥാപാത്രത്തിലൂടെ മുന്നോട്ടുപോകുന്നതാണ് സിനിമ. ഗണിതശാസ്സ്ത്രം, ജ്യോതിശാസ്ത്രം, ഫിലോസഫി എന്നിവകളിൽ പാണ്ഡിത്യമുള്ള നായികയെ ക്രിസ്ത്യൻ മത നേതൃത്വവും ജനകൂട്ടവും മതാധികാരത്തിന് വെല്ലുവിളിയാണ് എന്ന് മനസ്സിലാക്കി വകവരുത്തുന്നതാണ് സിനിമയുടെ പ്രമേയം. ഗ്രീക്ക് തത്ത്വചിന്തയും ജ്യോതിശാസ്ത്രവും ശാസ്ത്രീയ അന്വേഷണവും വിശ്വാസത്തിന് ഭീഷണിയെന്ന നിലയിൽ മതനേതൃത്വം കാണാൻ തുടങ്ങുന്നത്തോടെയാണ് ഹിപാത്തിയയുടെ ജീവൻ നഷ്ട്ടമാകുന്നത്. ക്രിസ്ത്യാനിറ്റി അധികാരബന്ധിതമായി നിലയുറപ്പിച്ച പൗരാണിക റോമൻ – ക്രിസ്ത്യൻ സാമ്രാജ്യത്വത്തിന് കീഴിൽ വിജ്ഞാനവിരുദ്ധമായ സമീപനങ്ങൾ എത്രമാത്രം വിപുലമായിരുന്നുവെന്ന് “അഗോറ”യെന്ന സിനിമ ശക്തമായി പ്രതിപാദിക്കുന്നുണ്ട്.
വിശ്വാസ വിരുദ്ധമാകുന്നതിനാൽ അല്ലെങ്കിൽ വിശ്വാസത്തിന് എതിരാകുമെന്ന് ചർച്ചും അതിന്റെ വയലന്റ് മോബും ഭയപ്പെടുന്നതിനാൽ വകവരുത്തപ്പെടുന്ന അഗോറയിലെ ഹിപാത്തിയെയും, മധ്യകാലത്തിലേക്ക് വരുമ്പോൾ അഥവാ അതെ അലക്സാന്ദ്രിയ അടങ്ങുന്ന ഇസ്ലാമിക നാഗരികതയിലേക്ക് വരുമ്പോൾ, വൈകിങ്‌സ് വൽഹാലയിലെ മറിയമിന്റെ കഥാപാത്രത്തെയുമാണ് നമ്മൾ കാണുന്നത്. ഈ രണ്ട് കഥാപാത്രങ്ങളെയും വിശകലനപരമായി സമീപിച്ചാൽ, വിശ്വാസം – അധികാരം, എന്നീ ഘടകങ്ങൾ വിജ്ഞാനബന്ധിതമായും, വിജ്ഞാന വിരുദ്ധമായും രണ്ട് നാഗരികതകളിലും എങ്ങനെയാണ് പ്രവർത്തിച്ചത് എന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. വിശ്വാസ വിരുദ്ധമാകുന്നു എന്നതിനാൽ രൂപം പ്രാപിക്കുന്ന വിജ്ഞാന വിരുദ്ധതയും, വിശ്വാസത്തിന്റെ തന്നെ പ്രേരണയാൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന വൈജ്ഞാനിക വിപ്ലവവും എന്ന വ്യത്യാസം ഇസ്ലാം – ക്രിസ്ത്യൻ നാഗരികതകളെ പരിശോധിച്ചാൽ പൗരാണിക – മധ്യകാല നൂറ്റാണ്ടുകളിൽ കാണാൻ സാധിക്കും. വളരെ സങ്കീർണമായ ബന്ധമാണ് ശാസ്ത്രീയ വിജ്ഞാനങ്ങളും മധ്യകാല യൂറോപ്പും തമ്മിൽ നിലനിന്നിരുന്നത് എന്ന് നിരീക്ഷിക്കാമെങ്കിലും, ചർച്ചിന്റെ അധീശ – അധികാര താല്പര്യങ്ങളും, സാമ്രാജ്യത്വ വികാസ ലക്ഷ്യങ്ങളും, കോളോണിയൽ അധികാര വ്യാപനവും ലക്ഷ്യം വെച്ചുകൊണ്ട് ശാസ്ത്ര സാങ്കേതിക പരിജ്ഞാനങ്ങളെ വ്യാപകമായി യൂറോപ്പ് വിനിയോഗിച്ചു എന്നത് ചരിത്രപരമായ വസ്തുതയാണ്.








