Campus Alive

ഇമോജി: വിവർത്തന കലയുടെ സാധ്യതയും ആശയ രൂപീകരണവും

ഇന്റർനെറ്റിന്റെ കടന്നുവരവോടെ ഗ്ലോബൽ മാർക്കറ്റിംഗിലും ഓൺലൈൻ മീഡിയകൾ വഴി നടക്കുന്ന വ്യവഹാരങ്ങളിലും ഇടപാടുകളിലുമുള്ള സാധ്യതകൾ അനന്തമായി അധികരിച്ചുവെന്നുള്ളത് ആധുനികാനന്തര കാലത്തിന്റെ സവിശേഷതയാണ്. ലോകപ്രശസ്ത അമേരിക്കൻ തത്വചിന്തകനായ ഡോ. ഹണ്ടിങ്ടൺ ‘ഗ്ലോബലൈസേഷൻ’ എന്ന ആശയത്തിന്റെ വാതിൽ തുറന്നത് മുതൽ ഒരു ഗ്ലോബൽ വില്ലേജ് സ്ഥാപിക്കാനുള്ള ആശയിലാണ് ലോകം മുഴുവനും. ഈ ഒരു സാഹചര്യത്തിൽ ചില പ്രത്യേക രാജ്യങ്ങളുടെ അതിർത്തിക്കുള്ളിൽ മാത്രം തളച്ചിടപ്പെട്ട ഭാഷകൾ ആഗോളീകരണത്തിനും ആഗോള സംഭാഷണങ്ങൾക്കും ആശയ കൈമാറ്റങ്ങൾക്കും മുമ്പിലുള്ള വലിയൊരു പ്രതിസന്ധിയായി മാറി. പ്രശ്നകലുഷിതമായ ഈ വിടവിനെ നികത്താനെന്ന മട്ടിലാണ് വിവർത്തന കല അരങ്ങിലേക്ക് വരുന്നത്. പക്ഷേ ഭാഷയുടെ ആത്മാവിനെയും അസ്തിത്വത്തെയും വികാരങ്ങളെയും ഇല്ലാതാക്കുന്ന വിവർത്തനകൃതികൾ സമകാലിക സാഹചര്യത്തിൽ വെളിച്ചം കണ്ടതോടെ വിവർത്തന കലയിലെ പരിമിതികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ആധുനികതക്കുതകുന്ന വിവർത്തന മാധ്യമമായി ലേഖകൻ ഇമോജിയെ അവതരിപ്പിക്കുന്നത്.

ഭക്ഷണവും വെള്ളവും പോലെ ഒരു മനുഷ്യന്റെ ജീവിതത്തിൽ നിന്നും ഒഴിച്ചുകൂടാൻ പറ്റാത്ത അഭിവാജ്യഘടകമായി മാറിയ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന അധികപേർക്കും ഇന്ന് ഇമോജി സുപരിചിതമാണ്. വാക്കുകൾ കോർത്തിണക്കിയ കമന്റിനേക്കാൾ ഇമോജികൾക്ക് കമന്റ് ബോക്സിൽ കോളിളക്കം സൃഷ്ടിക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്ന പോസ്റ്റുകൾ ഇതിന്റെ പ്രസക്തിയെ വരച്ചു കാണിക്കുന്നുണ്ട്. ഓരോ ഇമോജിയും അതിന്റെ ആശയത്തിനു പുറമെ വികാരങ്ങൾ കൂടി ഉൾക്കൊള്ളിക്കുന്നതുകൊണ്ടാണ് തെറി സാഹിത്യത്തിലും ഇമോജികളുടെ സ്വാധീനം പെരുകുന്നത്. ഒരു വാക്കിന് ഒരു പൊരുളാണ് നിശ്ചയിക്കപ്പെട്ടിട്ടുളളതെങ്കിൽ ഒരു ഇമോജി പല ആശയങ്ങളും വികാരങ്ങളും നമ്മിൽ ജനിപ്പിക്കും. അതുകൊണ്ട് തന്നെ ഒരു ഭാഷയിൽ നിന്നുള്ള കൃതി ഇമോജിയിലേക്ക് വിവർത്തനം ചെയ്യപ്പെടുമ്പോൾ അതിന്റെ കാമ്പും സത്തയും നഷ്ടമാവാതെ വായനക്കാരനിലേക്കു സന്നിവേശിക്കപ്പെടുകയും ചെയ്യുന്നു.

1999-ൽ ജപ്പാനീസ് ഐ.ടി കമ്പനിയായ NTT DoCoMo യിൽ ജോലി ചെയ്യുന്ന Shigetake Kurita-യാണ് ആദ്യമായി ഇമോജി എന്ന ആശയം മുന്നോട്ടുവെക്കുന്നത്. കാലാവസ്ഥയെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ചിത്രങ്ങളും ഇൻസ്പിറേഷന്റെ അടയാളമായി ഉപയോഗിക്കുന്ന കത്തുന്ന ബൾബുകളുമാണ് അടയാളങ്ങളും ചിത്രങ്ങളും ആശയവിനിമയത്തിന് മാധ്യമമാണെന്ന അദ്ദേഹത്തിന്റെ നവ ചിന്തക്ക് പ്രചോദനമാകുന്നത്. പിക്ചർ ക്യാരക്ടർ എന്ന് അർത്ഥം വരുന്ന ഇമോജിയുടെ ഉത്ഭവം ജപ്പാൻ ഭാഷയിൽ നിന്നാണ്. 1999-ൽ ജപ്പാനീസ് മൊബൈൽ ഫോണുകളിൽ മാത്രം കാണപ്പെട്ടിരുന്ന ഇമോജി 2010 ആയപ്പോഴേക്കും ആപ്പിൾ അടക്കം ലോകത്തുള്ള മുഴുവൻ മൊബൈൽ ഓപ്പറേറ്റിംഗ് കമ്പനികളും ഉപയോഗിക്കാൻ തുടങ്ങിയതോടെ ഒരു പോപ്പുലർ കൾച്ചർ എന്നതിലേക്ക് രൂപാന്തരപ്പെടുകയും ചെയ്തു. 2015-ൽ വേർഡ് ഓഫ് ദി ഇയർ ആയി ഓക്സ്ഫോർഡ് ഡിക്ഷ്ണറി ഇമോജിയെയാണ് തെരഞ്ഞെടുത്തത്. കാലത്തിനനുയോജ്യമായ 2823 ഇമോജികൾ നിലവിൽ രൂപപ്പെട്ടിട്ടുണ്ട്. ഇമോജിയുടെ ആവശ്യകതയും പ്രസക്തിയും മനസ്സിലാക്കിക്കൊണ്ട് എല്ലാ വർഷവും ജൂലൈ 17 ലോക ഇമോജി ദിനം ആയി ആചരിച്ചുവരുന്നു.

ബ്രിട്ടീഷ് എഴുത്തുകാരനായ വ്യാനൻ ഇവാൻ ഇമോജി കോഡ് എന്ന പുസ്തകത്തിലൂടെ ഇമോജി ആഗോള ആശയവിനിമയത്തിൻറെ മാധ്യമമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതകളെ ഇപ്രകാരം വിവരിക്കുന്നു: “ലോകത്ത് 1.5 ബില്യൻ ജനങ്ങൾ മാത്രമാണ് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയവർ. എന്നാൽ ലോകത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്ന 3.2 ബില്യൺ ജനങ്ങളിൽ നാലിൽ മൂന്നുഭാഗം ജനങ്ങളും ഇമോജി സൗകര്യപ്പെടുന്ന സ്മാർട്ട്ഫോൺ ഉപഭോക്താക്കളാണ്. മാത്രമല്ല 90% സോഷ്യൽമീഡിയ ഉപഭോക്താക്കളും ഇമോജിയിലൂടെ ആശയവിനിമയം നടത്തുന്നവരാണ്”.

ഇമോജി കോഡ്

ഇമോജി വിവർത്തന കല എന്ന പുതിയ പ്രതിഭാസത്തെ കുറിച്ച് കേൾക്കുമ്പോൾ ചിലർക്കെങ്കിലും അസാധ്യവും തീർത്തും സാങ്കൽപ്പികവുമാണെന്ന ധാരണ ഉണ്ടായേക്കാം. പക്ഷേ നവയുഗത്തിൽ ഇമോജിയുടെ സ്വാധീനവും വികാസവും കൃത്യമായി മനസ്സിലാക്കിയ ഒരാൾക്ക് അതിൻറെ പുതിയ സാധ്യതകൾക്ക് കൂച്ചുവിലങ്ങിടാൻ സാധിക്കുകയില്ല. അമേരിക്കയിലെ 17 വയസ്സുകാരനായ ഒസിരിസ് അരിസ്റ്റി എന്ന വിദ്യാർത്ഥി തൻറെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ ഗൺ ഇമോജി വച്ചുകൊണ്ട് പോസ്റ്റ് ചെയ്യുകയുണ്ടായി. ഈ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ കോടതി ഗൺ ഇമോജി തെളിവായി പിടിച്ച് ആ വിദ്യാർഥിയെ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഇമോജി കോടതി മുറികളിൽ തെളിവായി സ്വീകരിക്കാൻ മാത്രം ബലമുള്ളതാണെന്നും സത്യസന്ധമാണെന്നും ലോകം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട് എന്നതിലേക്കും ഈ സംഭവം വിരൽചൂണ്ടുന്നുണ്ട്.

ഇമോജി പുതിയൊരു ഭാഷയായി രൂപാന്തരപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റാത്തതാണ്. അങ്ങനെ സംസാരഭാഷയായിട്ടും ഒഫീഷ്യൽ ഭാഷയായിട്ടും ഇമോജിയുടെ മാറ്റം വ്യാപിക്കുകയാണെങ്കിൽ എല്ലാ ഭാഷകൾക്കും ഉള്ളതുപോലെ ഒരു ഭാഷാ നിയമാവലി ഇമോജിക്കും ബാധകമായി വരും. ഒരു ഭാഷ എന്ന നിലക്ക് ഇമോജി ലോകത്തുള്ള എല്ലാവർക്കും നിസ്സങ്കോചം മനസ്സിലാക്കാനും ഒരുപോലെ സംബോധന ചെയ്യാനും പറ്റുന്ന ആഗോള ഭാഷയായി മാറുകയും ചെയ്യും. ഒരു കൃതി നൂറുകണക്കിന് ഭാഷയിലേക്ക് വിവർത്തനം ചെയ്ത് രചയിതാവ് ഉദ്ദേശിക്കുന്ന അർത്ഥത്തെയും ആശയത്തെയും വികാരങ്ങളെയും കൊന്നും കൊലവിളിച്ചും രൂപപ്പെടുത്തിയെടുക്കുന്ന സമകാലിക സാഹചര്യത്തിലാണ് ഒരു കൃതി ഇമോജി എന്ന ആഗോള ഭാഷയിലേക്ക് വിവർത്തിതമാവുന്നതും വിവർത്തനകലയുടെ പ്രസക്തി വർധിക്കുന്നതും. അമേരിക്കൻ എഴുത്തുകാരനായ ഹെർമൻ മെൽവില്ലെയുടെ Moby Dick  എന്ന ലോക ക്ലാസിക് കൃതി ഇമോജിയിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് U S Fred Berenson എന്ന ഇമോജി ആർട്ടിസ്റ്റ് പുസ്തകങ്ങളുടെ ഇമോജി വിവർത്തനത്തിന് തുടക്കം  കുറിച്ചു. തുടർന്ന് Kick Starters എന്ന കമ്പനിയുമായി ചേർന്ന് വിവർത്തനം പൂർത്തീകരിക്കുകയും ചെയ്തു. ഈ ഒരു ഉദ്യമത്തിലൂടെ രണ്ടുലക്ഷം വാക്കുകളെ ഇമോജിയിലേക്ക് വിവർത്തനം ചെയ്തു.

Moby Dick എന്ന കൃതിയുടെ ഇമോജി വിവർത്തനം

ഒരു വാക്ക് നാലും അഞ്ചും ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി കടയുടെ സൈറ്റ് ബോർഡിൽ പ്രദർശിപ്പിക്കുന്ന രീതി നമ്മുടെ അങ്ങാടിയിലെല്ലാം സർവസാധാരണയാണ് (ഉദാഹരണത്തിന് ഹോട്ടലിന് മുൻവശം ‘ഹോട്ടൽ’ എന്ന് വ്യത്യസ്ത ഭാഷകളിൽ എഴുതി വെച്ചിരിക്കുന്നത് നാം കണ്ടിട്ടുണ്ടാവും) എന്നാൽ പ്രാദേശിക ഭാഷകൾ അടക്കം രണ്ടായിരത്തിലേറെ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഈ നാലോ അഞ്ചോ വിവർത്തനം കൊണ്ട് എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുകയില്ല. അവിടെയാണ് ഇമോജിയുടെ പ്രസക്തി നിലകൊള്ളുന്നത്. അതുകൊണ്ട് കടകളുടെ സൈറ്റ് ബോർഡ് ഇമോജി എന്ന ഒറ്റ ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയാണെങ്കിൽ ലോകത്തെ ഏതു ചേരിയിൽ ജീവിക്കുന്ന മനുഷ്യനും അതുകൊണ്ട് ഉദ്ദേശിക്കുന്നത് നിഷ്പ്രയാസം മനസ്സിലാക്കിയെടുക്കാൻ സാധിക്കും.

എന്തിരുന്നാലും, പല അക്കാദമീഷ്യൻസും പ്രാദേശിക എഴുത്തുകാരന്മാരും ഇമോജി കൊണ്ടുള്ള ആശയവിനിമയം പ്രാദേശിക ഭാഷകളെ നശിപ്പിക്കുമെന്നഭീതി പടർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അത്തരം ആളുകൾ മനസ്സിലാക്കേണ്ടത് ഇമോജിയുടെ പ്രസക്തി നാട്ടുഭാഷകളുടെ സ്ഥാനം പറ്റുന്നതിൽ അല്ലെന്നും മറിച്ച് ആഗോള തലത്തിലുള്ള ആശയവിനിമയത്തിൽ ആണെന്നതുമാണ്.

ഹംസ സാലിഹ്