Campus Alive

ആധുനിക ആശുപത്രിയുടെ ഇസ്‌ലാമിക വേരുകൾ

പുരാതന ഗ്രീക്ക്, ബാബിലോണിയ, റോം, സിന്ധ് തുടങ്ങിയ നാഗരികതകൾ പകർന്നു നൽകിയ ആശയാവലികളുടെ തിണ്ണബലത്തിലാണ് ആധുനിക പടിഞ്ഞാറൻ ലോകത്തെ മെഡിക്കൽ വ്യവഹാരങ്ങൾ നിർമിക്കപ്പെട്ടിട്ടുള്ളത്. സാമൂഹികപരവും ആരോഗ്യപരവുമായ ആവശ്യങ്ങളുടെ നിർവഹണ ദൗത്യമാണല്ലോ ആശുപത്രികൾക്കുള്ളത്. മധ്യകാല ഇസ്‌ലാമിക സമൂഹങ്ങളിൽ വികസിച്ചു വന്ന ആരോഗ്യ സംരക്ഷണത്തോടുള്ള ശാസ്ത്രീയവും സാമൂഹികവുമായ  സമീപനം ഇത്തരം വളർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഭരണാധികാരികളും മതപണ്ഡിതരും ഭിഷ്വഗ്വരന്മാരും ഒരുമിച്ച് ചേർന്ന് അവരുടെ ഗവേഷണങ്ങളുമായി വിവിധ പാരമ്പര്യങ്ങളിൽ നിന്നുള്ള പുരാതന അറിവുകളെയും പരിശോധനാ മുറകളെയും   സംയോജിപ്പിച്ചതോടെ, വിപ്ലവാത്മക പരിവർത്തനത്തെ നിർണയിച്ച കണ്ടുപിടുത്തങ്ങളാണ് പിൽകാലത്ത് സാധ്യമായത്. അവരുടെ ആതുരാലയങ്ങൾ ആധുനിക ആശുപത്രിയുടെ കേവല മാതൃക മാത്രമായിരുന്നില്ല, ആധുനിക മൾട്ടി-സർവീസ് ഹെൽത്ത് കെയർ, മെഡിക്കൽ എജ്യൂക്കേഷൻ സെന്റർ തുടങ്ങിയവയുടെ മറ്റൊരു പകർപ്പ് കൂടിയായിരുന്നു. ചികിത്സ, പരിചരണം, മാനസിക അഭയം, സ്നേഹ ഭവനം (പ്രായം ചെന്നവർക്കും കുടുംബം നഷ്ടപ്പെട്ടവർക്കും) തുടങ്ങി പല വിധേനയുള്ള സേവനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ബീമാരിസ്ഥാൻ (ആശുപത്രി).

രോഗികളുടെ അഭയം

വൈദ്യശാസ്ത്ര കലകൾ വികസിപ്പിക്കുന്നതിലുള്ള മധ്യകാല ഇസ്‌ലാമിക നാഗരികതയുടെ ആലോചനയുടെയും പരിശ്രമത്തിന്റെയും ഫലമാണ് ബീമാരിസ്ഥാൻ. പഠനത്തോടൊപ്പം രോഗികളുമായി നേരിട്ട് ഇടപെടാൻ സഹായകരമാവുന്ന മെഡിക്കൽ സ്കൂളുകളും ലൈബ്രറികളും  ആശുപത്രിക്ക് സമീപം അക്കാലത്തേ നിലവിലുണ്ടായിരുന്നു. ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരുടെ ക്ലാസുകളും അവർക്ക് ലഭിക്കാറുണ്ട്. കൂടാതെ,  വിദ്യാർത്ഥികൾക്ക് പരീക്ഷാടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തി,  ഡിപ്ലോമ കോഴ്സുകൾ നൽകുന്ന ഇത്തരം സ്ഥാപനവൽകൃത ആശുപത്രികൾ  മെഡിക്കൽ പരിജ്ഞാനത്തിന്റെ വ്യാപനത്തിനും പ്രചാരണത്തിനും വേണ്ടി വലിയ തോതിൽ ഇടപെടലുകൾ നടത്താറുമുണ്ട്.

നൂറൽ ദീൻ ബീമാരിസ്ഥാൻ: 12ാം നൂറ്റാണ്ടിൽ ഡമസ്കസിൽ സ്ഥാപിതമായ ആശുപത്രിയും മെഡിക്കൽ സ്കൂളുമായിരുന്നു ഇത്. നിലവിൽ അറബ് ലോകത്തെ മെഡിസിന്റെയും സയൻസിന്റെയും മ്യൂസിയമായി പ്രവർത്തിക്കുന്നു.

ആദ്യകാല ആശുപത്രികൾ

പുരാതന കാലം മുതലേ ചികിത്സാലയങ്ങൾ‍ നിലവിലുണ്ടെങ്കിലും, മിക്കതിനും അടിസ്ഥാന രൂപരേഖയോ പരിചരണ ഘടനയോ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. പിന്നീട്, ഹെലനിസ്റ്റിക് കാലഘട്ടത്തിലാണ് രോഗികൾക്കുള്ള പ്രത്യേക വിശ്രമകേന്ദ്രം‍ പോലോത്തവ പുരോഗതി പ്രാപിച്ചത്. ‘രോഗത്തിന്റെ ഉത്ഭവം പ്രകൃതിക്കതീതമാണെന്നും മനുഷ്യരുടെ ഇടപെടൽ വഴി അവ നിയന്ത്രണവിധേയമാക്കാൻ  സാധിക്കുകയുമില്ലെന്ന’ മധ്യകാല യൂറോപ്പിന്റെ പ്രാരംഭദശയിലെ ദാർശനിക വിശ്വാസ ഫലമായി, രോഗം ചികിത്സിക്കുന്ന ആശുപത്രികളെക്കാൾ‍ ആത്മാവിന് മോക്ഷം വാഗ്ദാനം ചെയ്തിരുന്ന ആശ്രമങ്ങളാണ് കൂടുതലായും അവിടെ ‍കാണപ്പെട്ടിരുന്നത്. അതേ സമയം, മുസ്‌ലിം ഡോക്ടർമാരുടെ സമീപനം തികച്ചും വ്യത്യസ്തമായ ഒരു  രീതിശാസ്ത്രമായിരുന്നു. “സർവ്വ രോഗവും സൃഷ്ടിക്കപ്പെട്ടത് അതിനുള്ള നിവാരണ സങ്കേതത്തോടൊപ്പമാണ്” എന്ന ബുഖാരിയുടെ ഹദീസിന്റെയും, “രോഗത്തെയും ചികിത്സയെയും നാഥൻ അവതരിപ്പിച്ചിരിക്കുന്നു, എല്ലാ രോഗത്തിനുമുള്ള നിർണ്ണിത ചികിത്സാ സമ്പ്രദായം അവൻ നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ ചികിത്സിച്ചാലും” എന്ന അബുദർദിന്റെ ഹദീസിന്റെയും വെളിച്ചത്തിൽ അവർ യുക്തിസഹവും അനുഭവപരവുമായ(empirical) മാർഗ്ഗങ്ങളിലൂടെ ആരോഗ്യ നിർവ്വചനങ്ങൾ രൂപീകരിക്കുകയുണ്ടായി.

മുസ്‌ലിം സമീപനത്തിലെ ഈ വ്യത്യാസം ആശുപത്രികളിലെ   വാസ്തുരീതികളിലും പ്രതിഫലിച്ചിരുന്നു. പുറത്തെ മത സംസ്കാര ചടങ്ങുകൾ കാണും വിധം വെളിയിലായിരുന്നു രോഗികളുടെ കിടക്കകൾ പടിഞ്ഞാറൻ ലോകത്ത് സ്ഥാപിച്ചിരുന്നത്. പക്ഷേ, അവയുടെ വാസ്തുവിദ്യയും കാലാവസ്ഥയും ഒരിക്കലും പൊരുത്തപ്പെട്ടു പോവാതെ, ക്രമേണെ നിറം മങ്ങിത്തുടങ്ങുകയുണ്ടായി. എന്നാൽ, വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയിൽ നിന്ന് വലിയ നേട്ടമുണ്ടാക്കിയ ഇസ്‌ലാമിക നഗരങ്ങളിൽ വെളിച്ചത്തിന്റെയും വായുവിന്റെയും ചലനം പ്രോത്സാഹിപ്പിക്കുന്ന വാസ്തുവിദ്യക്കനുസരിച്ചായിരുന്നു ആശുപത്രികളുടെ  ക്രമീകരണം. ആത്മീയ സന്തുലിതാവസ്ഥയേക്കാൾ ശരീരവുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്ര സമ്പ്രദായമായ ഹ്യൂമറലിസത്തിന് ഇത് ഏറെ പ്രയോജനപ്രദവുമായിരുന്നു.

മൊബൈൽ പരിചരണം

ആദ്യത്തെ ഇസ്‌ലാമിക പരിചരണ കേന്ദ്രം തിരുനബിയുടെ കാലത്ത് റുഫൈദത്തുൽ‍ അസ്‌ലമിയാണ് നിർമ്മിച്ചത്. ഖന്ദക്ക് യുദ്ധത്തിൽ (കിടങ്ങ് യുദ്ധം) പരിക്കേറ്റവർക്കുള്ള ശ്രുശൂഷകൾ നൽകുന്നതിന് വേണ്ടിയുള്ള കൂടാരം സ്ഥാപിച്ചു കൊണ്ടായിരുന്നു അത്. മരുന്നുകൾ, ഭക്ഷണപാനീയങ്ങൾ, വസ്ത്രങ്ങൾ, ഡോക്ടർ, ഫാർമസിസ്റ്റുകൾ എന്നിവ അടങ്ങുന്ന സഞ്ചരിക്കുന്ന ഡിസ്പെൻസറികളായി പിൽക്കാലത്ത് ഭരണാധികാരികൾ മുൻകാലങ്ങളിലെ ആരോഗ്യ യൂണിറ്റുകളെ വികസിപ്പിച്ചു. പ്രധാന നഗരങ്ങളിൽ നിന്ന്‍ അകലെ സ്ഥിതി ചെയ്യുന്നവരും സ്ഥിരമായി വൈദ്യ സഹായം ആവശ്യമുള്ളവരുമായ ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഭരണാധികാരികൾക്കും മൊബൈൽ പരിചരണങ്ങൾ ലഭിക്കാറുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സെൽജൂക് സുൽത്താൻ മുഹമ്മദ് സെൽജൂകിയുടെ ഭരണകാലത്ത് നാൽപ്പതോളം ഒട്ടകങ്ങളെ ഉപയോഗിച്ച് കൊണ്ട്  മൊബൈൽ ആശുപത്രി വിപുലമാക്കിയത് വളരെ ചരിത്രപ്രസിദ്ധമാണ്.

സ്ഥിരം യൂണിറ്റുകൾ‍

എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉമവീ ഖലീഫ വലീദ് ഇബ്നു അബ്ദുൽ മലിക്കിന്റെ കീഴിൽ കുഷ്ഠരോഗികൾക്കു വേണ്ടി ഡമസ്‌കസിൽ നിർമ്മിച്ച സ്ഥാപനമാണ് പ്രഥമ മുസ്‌ലിം ആശുപത്രി. ഇതിന്റെ ചുമതലയുള്ള ഡോക്ടർമാർക്ക് ധാരാളം സ്വത്തും ശമ്പളവും നൽകിപ്പോന്നു. രോഗികൾ ആരോടും ഇടപഴകാതെ (കുഷ്ഠരോഗം പകർച്ചവ്യാധിയാണെന്ന് അറിയപ്പെട്ടിരുന്നു) ഒതുങ്ങിക്കൂടുന്നതിനാൽ അവരുടെ കുടുംബ ചിലവുകൾ ഭരണകൂടം തന്നെ ഏറ്റെടുക്കും. ഒരു നൂറ്റാണ്ടിന് ശേഷം 805-ൽ ഖലീഫ ഹാറൂൻ റഷീദിന്റെ മന്ത്രി ബാഗ്ദാദിൽ പണി കഴിപ്പിച്ച ആശുപത്രിയാണ് ആദ്യത്തെ പൊതു ആശുപത്രിയായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. പേർഷ്യൻ മെഡിക്കൽ അക്കാദമിയുടെ മുൻ മേധാവികളായ ജുണ്ടിഷാപൂരിലെ ബക്തിഷുവിന്റെ കുടുംബത്തിൽ പെട്ട കോടതി വൈദ്യന്മാരാണ് അതിന്റെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചതെന്നാണ് ലഭ്യമായ വിവരം. തുടർന്നുള്ള ദശകങ്ങളിൽ 34 ആശുപത്രികൾ കൂടി ഇസ്‌ലാമിക ലോകത്തുടനീളം നിർമിക്കപ്പെട്ടിട്ടുണ്ട്. ഓരോ വർഷവും ഈ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. ഖൈറുവാൻ(ആധുനിക ടുണീഷ്യ), മക്ക, മദീന എന്നിവിടങ്ങളിലും ആശുപത്രികൾ നിർമ്മിക്കപ്പെട്ടത് ഒമ്പതാം നൂറ്റാണ്ടിലാണ്. പേർഷ്യയിയിലും ഇതേ സമയത്ത് നിരവധി വൈദ്യകേന്ദ്രങ്ങൾ സജീവമായിരുന്നു. ബാഗ്ദാദിൽ നിന്ന് പഠനം പൂർത്തിയാക്കിയെത്തിയ മുഹമ്മദ് ഇബ്നു സക്കറിയ അൽ-റാസിയായിരുന്നു റെയ് നഗരത്തിലെ ഒരു ആശുപത്രി നിയന്ത്രിച്ചിരുന്നത്.

പത്താം നൂറ്റാണ്ടിൽ അഞ്ച് ആശുപത്രികൾ കൂടി ബാഗ്ദാദിൽ നിർമ്മിച്ചു. ആദ്യത്തേത് ഒൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ സ്ഥാപിക്കപ്പെട്ടിരുന്നു. അൽ-മുഅതീദ് അതിന്റെ നിർമ്മാണ മേൽനോട്ടം വഹിക്കാൻ റാസിയോട് ആവശ്യപ്പെട്ടു. പ്രാഥമികമായി, നഗരത്തിലെ ഏറ്റവും ഉല്ലാസകരവും ആകർഷകവുമായ ഇടങ്ങൾ ആശുപത്രിക്കു വേണ്ടി കണ്ടുപിടിക്കേണ്ടിയിരുന്നു. അങ്ങനെ അദ്ദേഹം കൂടുതൽ നാശോന്മുഖമല്ലാത്ത ഒരിടത്ത് ആശുപത്രി സ്ഥാപിച്ചു. നേത്ര-ശാസ്ത്രക്രിയ-മർമ്മ  വിദഗ്ദരുൾപ്പെടെ ഇരുപത്തിയഞ്ചോളം ഡോക്ടർമാർ അതിന്റെ തുടക്കകാലത്ത് തന്നെ ഉണ്ടായിരുന്നു. 1258-ൽ മംഗോളിയക്കാർ ബാഗ്ദാദിനെ അടിച്ചമർത്തുന്നത് വരെ, ഓരോ വൈദ്യമേഖലകളിലെയും വിദഗ്ധരുടെ എണ്ണം വർധിച്ചു കൊണ്ടേയിരുന്നു.

പത്താം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, മന്ത്രിയായിരുന്ന അലി ഇബ്നു ഈസാ ഇബ്നു ജറാഹ് ഇബ്നു സാബിത് ബാഗ്ദാദിലെ ചീഫ് മെഡിക്കൽ ഓഫീസർക്ക്  ഒരിക്കൽ ഇങ്ങനെ ഒരു കത്തെഴുതി:

“തടവുകാരുടെ വിഷയത്തിൽ എനിക്ക് വളരെയധികം ആശങ്കയുണ്ട്.   അവരിൽ ധാരാളം രോഗികളുണ്ടെന്നാണ് അറിയാനായത്. അതിനാൽ, അവർക്ക് പ്രത്യേകം ഡോക്ടർമാരെ നിശ്ചയിക്കണമെന്നാണ് എന്റെ അഭിപ്രായം. എല്ലാ ദിവസവും അവരെ പരിശോധിക്കുകയും ആവശ്യമുള്ളപ്പോൾ മരുന്നുകളും കഷായങ്ങളും നൽകുകയും വേണം. അത്തരം ഡോക്ടർമാർ എല്ലാ ജയിലുകളും സന്ദർശിച്ച് രോഗികളായ തടവുകാരെ ചികിത്സിക്കേണ്ടത് അനിവാര്യമാണ്”.

താമസിയാതെ, ബാഗ്ദാദിൽ  കുറ്റവാളികൾക്കായി ഒരു പ്രത്യേക ആശുപത്രി തന്നെ ഉയർന്നു വരികയുണ്ടായി. ഈജിപ്തിലെ ആദ്യത്തെ ആശുപത്രി 872-ൽ പഴയ കെയ്‌റോയുടെ ഭാഗമായ ഫുസ്ത്വാതിന്റെ(fustat) തെക്കുപടിഞ്ഞാറൻ ഭാഗത്ത്  ഈജിപ്തിലെ അബ്ബാസി ഗവർണർ അഹ്മദ് ഇബ്നു ത്വൂലുനാണ് നിർമ്മിച്ചത്. സാധാരണ രോഗങ്ങൾക്ക് പുറമേ മാനസികമായ പ്രശ്നങ്ങൾക്കും പ്രതിവിധി  നൽകിപ്പോന്ന ആദ്യത്തെ ആശുപത്രിയാണിത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ കെയ്റോയിൽ സ്വലാഹുദ്ധീൻ സ്ഥാപിച്ച ആശുപത്രി പിന്നീട് നവീന സൗകര്യങ്ങളുമായി 1284-ൽ പുനർ നിർമ്മിച്ചത് മൻസൂറാണ്. പതിനഞ്ചാം നൂറ്റാണ്ട് വരെ പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവർത്തിച്ച ഈ ആശുപത്രി ഇന്ന് കാലാവൂൻ ആശുപത്രി എന്ന പേരിൽ നേത്രരോഗ ചികിത്സയുടെ സ്ഥാപനമായി അറിയപ്പെടുന്നുണ്ട്. സ്ഥാപിതമായത് മുതൽ പതിനഞ്ചാം നൂറ്റാണ്ടിൽ മറ്റ് അഞ്ച് ആശുപത്രികൾ നിലവിൽ വരുന്നത് വരെ മുഖ്യ ആശുപത്രിയായി ഗണിച്ചിരുന്നതാണ് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ ഡമസ്‌കസിൽ നിർമ്മിക്കപ്പെട്ട നൂറി ആശുപത്രി. ഐബീരിയൻ ഉപദ്വീപിലെ കൊർദോവയിൽ മാത്രം അമ്പത് പ്രധാന ആശുപത്രികളുണ്ടായിരുന്നു. അവയിൽ ചിലത് സൈന്യത്തിന് മാത്രമുള്ളതാണ്. ഖലീഫകൾക്കും സൈനിക മേധാവികൾക്കും പ്രഭുക്കന്മാർക്കും ഇത്തരം സേവനങ്ങൾ ലഭ്യമാക്കിയിരുന്നു.

ഇന്ന് കാണുന്നത് പോലെ ശസ്ത്രക്രിയ, നേത്രരോഗം(orthopedics), സാധാ രോഗങ്ങൾ(systematic diseases), മാനസിക രോഗങ്ങൾ എന്നിങ്ങനെ വകുപ്പുകളായി ഇസ്‌ലാമിക ആശുപത്രികളും വിഭജിക്കപ്പെട്ടിരുന്നു. വ്യവസ്ഥാപരമായ രോഗങ്ങളുടെ(systematic diseases) വകുപ്പ് ഇന്നത്തെ ആന്തരിക വൈദ്യശാസ്ത്ര വകുപ്പിന് തുല്യമാണ്. ഇത് സാധാരണയായി പനി, ദഹന പ്രശ്നങ്ങൾ, അണുബാധകൾ എന്നിവയുമായി ബന്ധപ്പെട്ട വിഭാഗങ്ങളായും വിഭജിക്കപ്പെട്ടിട്ടുണ്ട്. വലിയ ആശുപത്രികളിൽ കൂടുതൽ വകുപ്പുകളിലും വൈവിധ്യമാർന്ന ഉപവിഭാഗങ്ങളുണ്ടായിരുന്നു. എല്ലാ വകുപ്പുകളിലും ഒരു സൂപ്പർവൈസിംഗ് സ്പെഷ്യലിസ്റ്റിന് പുറമേ ഒരു ഉദ്യോഗസ്ഥനും ഒരു പ്രിസൈഡിംഗ് ഓഫീസറുമുണ്ടാവും. ശുചിത്വം പരിശോധിച്ച് ഉറപ്പുവരുത്തുന്ന ഒരു സാനിറ്ററി ഇൻസ്പെക്ടറും ആശുപത്രികളിൽ നിയമിച്ചിരുന്നു. കൂടാതെ, ആശുപത്രിയുടെ സാമ്പത്തികവും അല്ലാത്തതുമായ മേഖലകൾ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മുന്നോട്ട് പോവുന്നുണ്ടെന്ന് നിരീക്ഷിക്കാൻ അക്കൗണ്ടന്റുമാരെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളെയും സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള മേൽനോട്ടം വഹിക്കുന്ന, സൗർ (sa’ur) എന്ന സ്ഥാനപ്പദവിയുള്ള സൂപ്രണ്ടുകളെയും നിയോഗിക്കാറുണ്ട്. നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ ഡോക്ടർമാർ അവരുടെ വകുപ്പുകളിലെ രോഗികളെ ചികിത്സിച്ചു. എല്ലാ ആശുപത്രികൾക്കും പ്രത്യേക അംഗീകൃത ഫാർമസിസ്റ്റുകളുടെയും(saydalani) നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കിയിരുന്നു. മെഡിക്കൽ സ്റ്റാഫുകൾക്ക് നിശ്ചയിച്ചു വെച്ച ശമ്പളത്തിന് പുറമെ, ഉൽപാദനക്ഷമത വർധിപ്പിക്കാനായി പ്രാഗത്ഭ്യാടിസ്ഥാനത്തിലെ വേതനനിരക്കും ക്രമീകരിച്ചിരുന്നു.

ഇസ്‌ലാമിക് ആശുപത്രികൾക്കുള്ള ധനസഹായം വഖഫ് എന്നറിയപ്പെടുന്ന വിശുദ്ധ സമ്പാദ്യത്തിൽ നിന്നാണ് വിതരണം ചെയ്തിരുന്നത്. സമ്പന്നരും ഭരണാധികാരികളും നിലവിലുള്ള  പുതിയതും പഴയതുമായ ആശുപത്രികൾക്ക് അവരുടെ  സ്വത്തുകൾ സംഭാവന ചെയ്യാറുണ്ട്. തദ്ഫലമായി, കെട്ടിടം പോലോത്തവയിൽ നിന്നുള്ള വരുമാനം മുഖേന ആശുപത്രികൾക്ക് സ്ഥിരവരുമാന മാർഗം സ്ഥാപിതമാവുകയും ചെയ്തു. ഷോപ്പുകൾ, മില്ലുകൾ, ലോഡ്ജ് തുടങ്ങിയവയിൽ നിന്നും ഇത്തരത്തിലുള്ള വരുമാനങ്ങൾ ലഭിക്കാറുണ്ട്. ചിലപ്പോൾ രോഗി ഡിസ്ചാർജായാലും എൻഡോവ്‌മെന്റിൽ നിന്നുള്ള വരുമാനം സഹായ ധനമെന്നോണം  നൽകിയിരുന്നു. സംസ്ഥാന ബജറ്റിന്റെ ഒരു ഭാഗം ആശുപത്രികളുടെ അറ്റകുറ്റപ്പണികൾക്ക് വേണ്ടിയും നീക്കിവെക്കും. ചില വൈദ്യന്മാർ വ്യക്തിപരമായി ഇടയ്ക്കിടെ ഫീസ് ഈടാക്കുന്നുണ്ടെങ്കിലും രോഗികൾക്ക് ആശുപത്രിയുടെ സേവനങ്ങളെല്ലാം തികച്ചും സൗജന്യമായിരുന്നു.

പരിചരണ രീതികൾ‍

ഇരുപത്തിനാല് മണിക്കൂറും ആശുപത്രികൾ എല്ലാവർക്കുമായി തുറന്നു‍ വെച്ചിരുന്നു. ചിലർ പുരുഷ ഡോക്ടർമാരെ മാത്രമേ സമീപിച്ചിരുന്നുള്ളൂ; മറ്റു ചിലർ വനിതാ ഡോക്ടർമാരെയും. ചിലയിടങ്ങളിൽ‍ ഇരുവർക്കും പ്രത്യേകമായ സ്ഥലം തന്നെ സൗകര്യപ്പെടുത്തിയിരുന്നു. ഗുരുതരമല്ലാത്ത കേസുകൾ ചികിത്സിക്കുന്നതിനു വേണ്ടി വീട്ടിൽ വെച്ച് ഉപയോഗിക്കാവുന്ന മരുന്നുകൾ സ്വകാര്യ ക്ലിനിക്കുകളിലെ ഡോക്ടർമാർ നിർദേശിച്ച് കൊടുത്തിരുന്നു. അണുബാധ തടയാൻ പ്രത്യേക നടപടികളാണ് അവർ അനുവർത്തിച്ചു പോന്നിരുന്നത്. ആശുപത്രികളിൽ കഴിഞ്ഞിരുന്നവർക്ക് കേന്ദ്ര വിതരണ വിഭാഗത്തിൽ നിന്നും ആശുപത്രി വസ്ത്രങ്ങൾ‌ നൽ‌കുകയും അവരുടെ വസ്ത്രങ്ങൾ‌ ആശുപത്രി സ്റ്റോറിൽ‌ സൂക്ഷിക്കുകയും ചെയ്യും. ആശുപത്രി വാർഡിലേക്ക് കൊണ്ടുപോകുമ്പോൾ, രോഗികൾക്ക് വൃത്തിയുള്ള ഷീറ്റുകളും പ്രത്യേകം സ്റ്റഫ് ചെയ്ത മെത്തകളുള്ള കിടക്കകളും നൽകും. ആശുപത്രി മുറികളിലും വാർഡുകളിലും സൂര്യപ്രകാശവും ശുദ്ധ വെള്ളവും എത്തിക്കാനുള്ള രീതികളും അവരുടെ കർമപദ്ധതിയിലുൾപ്പെട്ടതാണ്.

ഇൻസ്പെക്ടർമാർ വന്ന് ദിവസേന ആശുപത്രിയുടെയും മുറികളുടെയും ശുചിത്വം വിലയിരുത്തും. രോഗികൾക്ക് മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രാദേശിക ഭരണാധികാരികൾ വ്യക്തിഗത സന്ദർശനങ്ങൾ നടത്തുന്നതും ഒരു പതിവായിരുന്നു. ഡോക്ടർമാർ നിർദ്ദേശിക്കുന്നത് ഉടൻ തന്നെ നടപ്പാക്കേണ്ടതുണ്ട്. രോഗാവസ്ഥയും രോഗവുമനുസരിച്ച് നിശ്ചിത ഭക്ഷണക്രമത്തിലാണ് രോഗികളെ ഉൾപ്പെടുത്തുക. ചിക്കൻ, ഗോമാംസം, ആട്, പുതിയ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന മുന്തിയയിനം ഭക്ഷണവിഭവങ്ങളും ലിസ്റ്റിലുണ്ടായിരുന്നു.

രോഗമുക്തമാകുന്നതിന്റെ പ്രധാന മാനദണ്ഡം രോഗിക്ക് സാധാരണ അളവിൽ റൊട്ടിയും ഒരു മുഴുവൻ പക്ഷിയുടെ വറുത്ത മാംസവും കഴിക്കാൻ കഴിയുക എന്നതായിരുന്നു. ഇത് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുമെങ്കിൽ അവൻ‍ സുഖം പ്രാപിച്ചതായി മനസ്സിലാക്കി വിട്ടയക്കും. സുഖം പ്രാപിച്ചതിനു ശേഷം ഡിസ്ചാർജ് ചെയ്യാൻ കഴിയാത്ത വിധം ശാരീരികമായ ദൗർബല്യമുള്ള രോഗികളെ പുറപ്പെടുന്നതിന് ശക്തരാകുന്നതുവരെ സുഖകരമായ വാർഡിലേക്ക് മാറ്റുമായിരുന്നു. ആവശ്യമുള്ള രോഗികൾക്ക് പുതിയ വസ്ത്രങ്ങൾ, അവരുടെ ഉപജീവനമാർഗം പുനസ്ഥാപിക്കുന്നതിനുതകുന്ന തുകയും നൽകി സന്തോഷിപ്പിക്കാറുമുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച ഡോക്ടറും സഞ്ചാരിയും ഡമസ്‌കസിലെ അധ്യാപകനുമായിരുന്ന അബ്ദുൽ ലത്തീഫ് അൽ ബാഗ്ദാദി ബുദ്ധിമാനായ ഒരു പേർഷ്യൻ യുവാവിന്റെ രസകരമായ കഥ വിവരിക്കുന്നുണ്ട്: “നൂറി ആശുപത്രിയിലെ മികച്ച ഭക്ഷണവും സേവനവും കൊണ്ട് പ്രലോഭിതനായ  അയാൾ അസുഖം ഭേദമായിട്ടും ആശുപത്രി വിടാൻ തൽപരനായിരുന്നില്ല.  യുവാവ് എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കിയ ഡോക്ടർമാർ അവനെ അവിടെ തന്നെ കിടക്കാൻ സമ്മതിച്ചു. മൂന്ന് ദിവസം കൂടി മികച്ച ഭക്ഷണം നൽകി. നാലാം ദിവസമായപ്പോൾ ഡോക്ടർ രോഗിയുടെ അടുത്ത് ചെന്ന് പുഞ്ചിരിയോടെ പറഞ്ഞു, “പരമ്പരാഗത അറബ് ആതിഥ്യം മൂന്ന് ദിവസം വരെയാണ്; ദയവായി ഇപ്പോൾ വീട്ടിലേക്ക് പോകുക”.

പരിചരണത്തിന്റെ ഗുണനിലവാരം അവലോകനങ്ങൾക്കും  വിലയിരുത്തലുകൾക്കും വിധേയമായിരുന്നു. ഇബ്നുൽ ഉഖ്വ തന്റെ മആലിമുൽ ഖുർബാ ഫീ ത്വലബിൽ ഹിസ്ബാ എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നു:

“രോഗിയെ സുഖപ്പെടുത്തിയാൽ വൈദ്യന് പണം നൽകും. രോഗി മരിച്ചാൽ, മാതാപിതാക്കൾ ചീഫ് ഡോക്ടറുടെ അടുത്തേക്ക് പോയി വൈദ്യൻ എഴുതിയ കുറിപ്പുകൾ അവതരിപ്പിക്കും. വൈദ്യൻ തന്റെ ജോലി കൃത്യമായി നിർവഹിച്ചുവെന്ന് ചീഫ് ഡോക്ടർ വിധിക്കുകയാണെങ്കിൽ, സ്വാഭാവിക മരണമായി ഗണിക്കും; ഇനി നേരെമറിച്ചാണെങ്കിൽ‍ അദ്ദേഹം അവരോട് പറയും: നിങ്ങളുടെ ബന്ധുവിന്റെ ജീവനുള്ള നഷ്ടപരിഹാരം വൈദ്യനിൽ നിന്ന് ഈടാക്കുക; അവൻ തന്റെ ചികിത്സയിൽ വീഴ്ച്ച വരുത്തിയിട്ടുണ്ട്”. ഇത്തരം മാന്യമായ രീതിയിലൂടെ, പരിചയസമ്പന്നരും നന്നായി പരിശീലനം ലഭിച്ചവരുമാണ് മരുന്ന് പ്രയോഗിക്കുന്നതെന്ന് അവർക്ക് സ്ഥീരീകരിക്കാനാവും”.

സ്ഥിരം ആശുപത്രികൾക്ക് പുറമേ, നഗരങ്ങളിലും പ്രധാന പട്ടണങ്ങളിലും പ്രഥമശുശ്രൂഷയും തീവ്രപരിചരണ കേന്ദ്രങ്ങളുമുണ്ടായിരുന്നു. വലിയ പള്ളികളുള്ള തിരക്കേറിയ പൊതു സ്ഥലങ്ങളിലായിരുന്നു ഇവ നിർമിച്ചിരുന്നത്. കെയ്‌റോയിലെ ഒരു പള്ളിയെക്കുറിച്ച് തഖ്‌യുദ്ധീൻ മഖ്രീസി (Maqrisi) വിവരിക്കുന്നു: “ഇബ്നു തുലൂൺ ഈജിപ്തിൽ ലോകപ്രശസ്തമായ ഒരു പള്ളി പണിയുമ്പോൾ, അതിനോട് ചേർന്ന്‍ വധശിക്ഷക്കായി ഒരു സ്ഥലവും ഡിസ്പൻസറിക്കായി മറ്റൊരു സ്ഥലവും തയ്യാറാക്കിയിരുന്നു. ഡിസ്പൻസറിയിൽ മരുന്നുകളും പരിചാരകരുമുണ്ടാവും. ജുമുഅക്ക് പങ്കെടുക്കാൻ വരുന്നവർക്ക് വല്ല അപകടവും സംഭവിച്ചാൽ ചികിത്സിക്കുന്നതിനായി വെള്ളിയാഴ്ചകളിൽ ഡ്യൂട്ടിക്ക് ഒരു ഡോക്ടറെ പ്രത്യേകം നിയമിക്കുകയും ചെയ്യുമെത്ര”.

മെഡിക്കൽ സ്കൂളുകളും ലൈബ്രറികളും

ആശുപത്രികളുടെ പ്രധാന ധർമങ്ങളിൽ പെട്ടതാണ് മെഡിക്കൽ വിദ്യാർഥികൾക്കുള്ള പരിശീലനം. ഒരു വലിയ ലക്ചർ തിയേറ്റർ ഓരോ ആശുപത്രിക്കും സ്വന്തമായിരുന്നു. അവിടെ മുതിർന്ന ഫിസിഷ്യൻമാരും മെഡിക്കൽ ഓഫീസർമാരും ഒരുമിച്ചിരുന്ന് സെമിനാർ രൂപത്തിൽ മെഡിക്കൽ പ്രശ്നങ്ങൾ വിലയിരുത്തുകയും ചർച്ച നടത്തുകയും ചെയ്യും. പരിശീലനം പുരോഗമിക്കുമ്പോൾ, ഒരു ആധുനിക റെസിഡൻസി പ്രോഗ്രാം പോലെ  മുതിർന്ന വൈദ്യന്മാരുടെ കൂടെ മെഡിക്കൽ വിദ്യാർത്ഥികളെ വാർഡുകളിലേക്ക് കൊണ്ടുപോകുകയും രോഗികളുടെ പരിചരണത്തിന് സമയം ചെലവിടാനവസരം കൊടുക്കുകയും ചെയ്യും.

ഫിസിഷ്യൻമാരുടെ ക്ലാസുകളെക്കുറിച്ചുള്ള ഇബ്നു അബീഉസൈബിയയുടെ വിവരസ്രോതസ്സുകൾ, വിദ്യാർത്ഥികളുടെ കുറിപ്പുകൾ തുടങ്ങിയവ ആദ്യകാലത്തെ പരിശീലനത്തിന്റെ സ്റ്റെപ്പുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നമുക്ക് നൽകുന്നുണ്ട്. ചർമ്മരോഗങ്ങൾ, മുഴകൾ, പനി എന്നിവയുൾപ്പെടെയുള്ള സാധാരണ ചികിത്സകൾക്കായുള്ള ഭക്ഷണക്രമങ്ങളും പാചകക്കുറിപ്പുകളും തുടങ്ങി മറ്റ് നിർദേശങ്ങളും അവയിൽ കാണാനാവും. രോഗികളുടെ പ്രവർത്തനങ്ങൾ, മലമൂത്രവിസർജ്ജനം, വീക്കത്തിന്റെയും വേദനയുടെയും സ്വഭാവം, സ്ഥാനം എന്നിവ പരിശോധിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്ന രേഖകളുമുണ്ട്. ചൂടുള്ളതോ, തണുത്തതോ, നനഞ്ഞതോ, വരണ്ടതോ, അയഞ്ഞതോ ആയ ചർമ്മത്തിന്റെ നിറവും ഭാവവും ശ്രദ്ധിക്കാനും വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിരുന്നതായും കാണാം. മെഡിക്കൽ പ്രാക്ടീസ് ലൈസൻസിനായുള്ള പരിശോധനയാണ് പരിശീലനത്തിന്റെ അവസാന തലം. മേഖലയിലെ സർക്കാർ നിയോഗിച്ച ചീഫ് മെഡിക്കൽ ഓഫീസർക്ക് മുന്നിൽ അപേക്ഷകർ ഹാജരാകണം. സർട്ടിഫിക്കറ്റ് നേടാൻ ആഗ്രഹിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു പ്രബന്ധം എഴുതുക എന്നതാണ് ആദ്യത്തെ ടാസ്ക്. ഈ പ്രബന്ധം ഒരു യഥാർത്ഥ ഗവേഷണ ഭാഗമോ അല്ലെങ്കിൽ നിലവിലുള്ള പാഠങ്ങളായ ഹിപ്പോക്രാറ്റസ്, ഗാലെൻ, ഇബ്നു സീന എന്നിവരുടെ അപഗ്രഥനങ്ങളോ ആകാം. മുൻകാല കൃതികൾ പഠിക്കാൻ മാത്രമല്ല, സാധ്യമായ പിഴവുകൾ‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കാനും മെഡിക്കൽ അധികൃതർ ഇത് വഴി പ്രോത്സാഹിപ്പിച്ചിരുന്നു. അധികാരികളോടുള്ള അടിമത്തത്തേക്കാൾ അനുഭവത്തിനും നിരീക്ഷണത്തിനും ഊന്നൽ നൽകുന്നത് മധ്യകാല ഇസ്‌ലാമിക ബൗദ്ധികതയുടെ പ്രധാന ഊർജ്ജമായിരുന്നുവെന്ന് തന്നെ വേണം വിശ്വസിക്കാൻ. പ്രബന്ധം പൂർത്തിയായ ശേഷം, ചീഫ് മെഡിക്കൽ ഓഫീസർ അപേക്ഷകരെ ദീർഘനേരം അഭിമുഖം നടത്തി, ഭാവിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കും. തൃപ്തികരമായ ഉത്തരങ്ങൾ നൽകുന്നവർക്ക് ലൈസൻസ് അനുവദിക്കുകയും ചെയ്യും.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വളരെ പ്രധാനപ്പെട്ട വിപുലമായ മെഡിക്കൽ ലൈബ്രറികളുടെ സാന്നിധ്യമായിരുന്നു ആശുപത്രിയുടെ മറ്റൊരു പ്രധാന ആകർഷണം. പതിനാലാം നൂറ്റാണ്ടിൽ തന്നെ ഈജിപ്തിലെ ഇബ്നു തുലൂൺ ഹോസ്പിറ്റലിൽ മെഡിക്കൽ സയൻസിന്റെ വിവിധ ശാഖകളെക്കുറിച്ചുള്ള ഒരു ലക്ഷം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി ഉണ്ടായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ലൈബ്രറിയായ പാരീസ് സർവകലാശാല നാനൂറ് വാല്യങ്ങൾ മാത്രം കൈവശം വച്ചിരുന്ന സമയത്തായിരുന്നു ഇത്. ഇസ്‌ലാമിക് മെഡിസിൻ, പ്രോട്ടോടൈപ്പ് എന്നിവയുടെ പിൻബലത്തിൽ ആധുനിക ആശുപത്രികൾ മധ്യകാല ഇസ്‌ലാമിന്റെ ശാസ്ത്രീയവും ബൗദ്ധികവുമായ നേട്ടങ്ങളാണ് ആസ്വദിച്ചുകൊണ്ടിരിക്കുന്നതിൽ യാതൊരു വിധ സന്ദേഹവുമില്ല.

അനുബന്ധം

പത്താം നൂറ്റാണ്ടിലെ കൊർദോബ ആശുപത്രിയിൽ നിന്നുള്ള ഒരു ഫ്രഞ്ച് യുവാവിന്റെ കത്താണ് ചുവടെ:

“എന്റെ മരുന്നുകളുടെ ചിലവിലേക്കായി പണം അയക്കുമെന്ന് നിങ്ങളുടെ മുമ്പത്തെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ ഇസ്‌ലാമിക് ആശുപത്രിയിലെ ചികിത്സ സൗജന്യമായതിനാൽ എനിക്ക് പണം ആവശ്യമില്ല. ആശുപത്രിയിൽ ആവശ്യമായതെല്ലാം ലഭ്യമാണ്. ഇതിനകം സുഖം പ്രാപിച്ച ഓരോ രോഗിക്കും ഒരു പുതിയ സ്യൂട്ടും അഞ്ച് ദിനാറുകളും ആശുപത്രി നൽകിയിട്ടുണ്ട്.

പ്രിയ പിതാവേ, എന്നെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ശസ്ത്രക്രിയാ വിഭാഗത്തിലും സന്ധികളുടെ ചികിത്സ നൽകുന്നിടത്തുമാണ് ഞാനുണ്ടാവുക. നിങ്ങൾ പ്രധാന ഗേറ്റിലൂടെ പ്രവേശിച്ചതിന് ശേഷം, സൗത്ത് ഹാളിലേക്ക് പോകുക, അവിടെ നിങ്ങൾക്ക് പ്രഥമശുശ്രൂഷാ വകുപ്പും രോഗനിർണയ വകുപ്പും കാണും, തുടർന്ന് നിങ്ങൾക്ക് സന്ധിവാതത്തിന്റെ വകുപ്പ് കണ്ടെത്താനാകും. എന്റെ മുറിക്ക് സമീപം പ്രൊഫസർമാരുടെ പ്രഭാഷണങ്ങൾ കേൾക്കാൻ ഡോക്ടർമാർ ഒത്തുചേരുന്ന ഒരു ലൈബ്രറി ഹാളുണ്ട്. ഈ ഹാൾ വായനയ്ക്കായി ഉപയോഗിക്കുന്നു. ഗൈനക്കോളജി വിഭാഗം ആശുപത്രി കോടതിയുടെ മറുവശത്താണ്. അതിൽ പ്രവേശിക്കാൻ പുരുഷന്മാരെ അനുവദിക്കുകയില്ല. ആശുപത്രി കോടതിയുടെ വലതുവശത്ത് സുഖം പ്രാപിച്ചവർക്കായി ഒരു വലിയ ഹാൾ സ്ഥിതിചെയ്യുന്നു.  രോഗികൾക്ക് വിശ്രമത്തിനും ആസ്വാദനത്തിനുമുള്ള സ്ഥലമാണിത്.

പ്രിയ പിതാവേ, ഈ ആശുപത്രിയിലെ ഏത് സ്ഥലവും അങ്ങേയറ്റം ശുദ്ധമാണ്; കിടക്കകളും തലയിണകളും വെളുത്ത ഡമസ്കസ് തുണികൊണ്ട് മൂടിയിരിക്കുന്നു. കിടക്കവിരികളെ സംബന്ധിച്ചിടത്തോളം, അവ മൃദുവായ പ്ലഷ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ആശുപത്രിയിലെ എല്ലാ മുറികളിലും ശുദ്ധമായ വെള്ളമാണ് നൽകുന്നത്. വിശാലമായ ജലധാരയുമായി ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പുകളിലൂടെ ഈ വെള്ളം മുറികളിലേക്ക് കൊണ്ടുപോകുന്നു; മാത്രമല്ല, എല്ലാ മുറികളിലും ഒരു താപീകരണ യന്ത്രം സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണമാവട്ടെ കോഴിയിറച്ചിയും പച്ചക്കറികളുമാണ് എല്ലായ്പ്പോഴും വിളമ്പുന്നത്. ഈ രുചികരമായ ഭക്ഷണത്തോടുള്ള സ്നേഹവും ആഗ്രഹവും കാരണം ചില രോഗികൾ ആശുപത്രി വിടാൻ വരെ തയ്യാറല്ലെന്നതാണ് സത്യം”. (—The Islamic Scientific Supremacy. Ameer Gafar Al-Arshdy. 1990, Beirut, Al-Resala Establishment)

വിവ: അബ്ദുൽ ബാസിത്ത് പൂക്കോട്ടൂർ

Courtesy: AramcoWorld

David w Tshanchz