Campus Alive

ഇതൊക്കെയാണോ എന്നെ ദേശദ്രോഹിയാക്കുന്നത്?

(കഴിഞ്ഞ ദിവസം അന്തരിച്ച ഫാദർ സ്റ്റാൻ സ്വാമി 2018 ആഗസ്റ്റ് ഒന്നാം തിയ്യതി എഴുതിയ  കുറിപ്പിന്റെ മലയാള വിവർത്തനമാണിത്. ആദിവാസികളുടെ പതൽഗഡി പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരിൽ ജാർഖണ്ഡ് സർക്കാർ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് അദ്ദേഹം പ്രസ്തുത കുറിപ്പെഴുതുന്നത്. തന്നെ ‘ദേശദ്രോഹി’യായി അധികാരികൾ മുദ്രകുത്താൻ കാരണമായ പ്രവർത്തനങ്ങളെ എണ്ണിപ്പറയുകയാണ് അദ്ദേഹം. ജെസ്യൂട്ട് മതപുരോഹിതനായ അദ്ദേഹമടക്കം 20 പേർക്കെതിരെയാണ് അന്ന് രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടത്)


കഴിഞ്ഞ രണ്ട് ദശകങ്ങളായി ആദിവാസി ജനതക്കും അവരുടെ അന്തസ്സിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടത്തിലും സ്വയം അർപ്പിതനാണ് ഞാൻ. ഒരു എഴുത്തുകാരനെന്ന നിലയിൽ, അവരനുഭവിക്കുന്ന വ്യത്യസ്ത പ്രശ്നങ്ങളെ വിശകലനം ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടനയുടെ വെളിച്ചത്തിൽ ഭരണകൂടം നടപ്പാക്കിയ നിരവധി നയങ്ങളോടും നിയമങ്ങളോടും ഞാൻ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാരും ഭരണവർഗവും സ്വീകരിച്ച പല നടപടികളുടെയും ന്യായത്തെയും, നിയമസാധുതയെയും, നീതിരാഹിത്യത്തെയും ഞാൻ ചോദ്യം ചെയ്തിട്ടുണ്ട്.

പതൽഗഡി[1] പ്രശ്നത്തെ സംബന്ധിച്ച്, “എന്തുകൊണ്ടാണ് ആദിവാസികൾ ഇത് ചെയ്യുന്നത്?” എന്ന ചോദ്യം ഞാൻ ഉന്നയിച്ചിരുന്നു. അസഹനീയമായ ചൂഷണത്തിനും അടിച്ചമർത്തലിനും അവർ വിധേയരായിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. തങ്ങളുടെ മണ്ണിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന അമൂല്യമായ ധാതുക്കൾ പുറത്തുനിന്നുള്ള വ്യവസായികളെയും ബിസിനസുകാരെയും സമ്പന്നരാക്കുമ്പോൾ ആദിവാസി ജനതയെ പട്ടിണി മരണം വരെ സംഭവിക്കുന്ന തരത്തിൽ ദരിദ്രരാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ഫാ. സ്റ്റാൻ സ്വാമി

അവരുടെ ഭൂമിയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നവയുടെ ഒരു പങ്കും അവർക്ക് ലഭിച്ചിരുന്നില്ല. കൂടാതെ, അവരുടെ ക്ഷേമത്തിനായി ഉണ്ടാക്കിയ നിയമങ്ങളും നയങ്ങളും മനപൂർവ്വം നടപ്പിലാവാതെ മുടങ്ങികിടക്കുന്നു. ‘ഇനിയുമിത് സഹിക്കാൻ കഴിയില്ല’ എന്ന അവസ്ഥയിൽ ഇതവരെ കൊണ്ടെത്തിച്ചു. അങ്ങനെ പതൽഗഡികളിലൂടെ തങ്ങളുടെ ഗ്രാമസഭകളെ ശാക്തീകരിക്കാനും തങ്ങളുടെ സ്വത്വത്തെ പുനഃസ്ഥാപിക്കാനും അവർ ശ്രമിച്ചു. തീർത്തും ന്യായമാണ് അവരുടെ പ്രവർത്തനങ്ങൾ.

ഞാൻ ഉന്നയിച്ച പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഇവയാണ്;

1. ആദിവാസി ജനതയുടെ സംരക്ഷണം, ക്ഷേമം, വികസനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും സംസ്ഥാന ഗവർണർക്ക് ഉപദേശം നൽകാൻ ആദിവാസി സമുദായത്തിൽ നിന്നുള്ള അംഗങ്ങൾ മാത്രമടങ്ങുന്ന ഒരു ‘ഗോത്ര ഉപദേശക സമിതി’ (ട്രൈബ്സ് അഡ്വൈസറി കൗൺസിൽ-ടിഎസി) വേണമെന്ന് നിർദ്ദേശിക്കുന്ന ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ നടപ്പാക്കാത്തതിനെ ഞാൻ ചോദ്യം ചെയ്തിട്ടുണ്ട്. ആദിവാസി ജനതയുടെ ഭരണഘടനാപരമായ കാവൽക്കാരനാണ് ഗവർണർ. ആദിവാസി ജനതയുടെ ക്ഷേമം കണക്കിലെടുത്ത് സ്വന്തമായി നിയമനിർമ്മാണം നടത്താനും പാർലമെന്റോ സംസ്ഥാന നിയമസഭയോ നടപ്പിലാക്കുന്ന മറ്റേതെങ്കിലും നിയമം റദ്ദാക്കാനും അയാൾക്ക്/അവൾക്ക് അധികാരമുണ്ട്.

എന്നാൽ ഏഴ് പതിറ്റാണ്ടിനടുത്തായി ഒറ്റ സംസ്ഥാന ഗവർണർ പോലും ആദിവാസികളുടെ ക്ഷേമത്തിനായി അവന്റെ/അവളുടെ ഭരണഘടനാപരമായ വിശേഷാധികാരത്തെ ഉപയോഗിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം; തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടവുമായി നല്ലനിലയിൽ അവർക്ക് പ്രവർത്തിക്കണമെന്നാണ് അതിനവർ പറയുന്ന ന്യായം. വളരെ അപൂർവമായി മാത്രമേ ടിഎസിയുടെ യോഗം നടക്കാറുള്ളൂ, അവയാകട്ടെ ഭരണകക്ഷിയുടെ മേൽനോട്ടത്തിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുമായിരിക്കും. അങ്ങനെ ടിഎസി നിർജ്ജീവമായി മാറി. ആദിവാസി ജനതയ്ക്കെതിരെ കൃത്യമായ ഭരണഘടനാ വഞ്ചനയാണ് ഇവിടെ സംഭവിച്ചത്.

2. ഇന്ത്യയിലെ ആദിവാസി സമുദായങ്ങളുടെ ഗ്രാമസഭകൾ വഴിയുള്ള സ്വയംഭരണത്തിന്റെ സാമൂഹികവും സംസ്കാരികവുമായി സമ്പന്നമായ പാരമ്പര്യത്തെ അംഗീകരിക്കുന്ന 1996 ലെ ‘പഞ്ചായത്ത് ആക്ട്’ (PESA) ഭംഗിയായി അവഗണിക്കപ്പെട്ടത് എന്ത്കൊണ്ടെന്ന് ഞാൻ ചോദിച്ചിരുന്നു.

പാർലമെന്റിന്റെ ഈ നിയമം ഒൻപത് സംസ്ഥാനങ്ങളിലും മനപൂർവ്വം നടപ്പാക്കപ്പെടാതെ കിടക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ആദിവാസി ജനത സ്വയംഭരണം നടത്തുന്നത് മുതലാളിത്ത ഭരണവർഗം ആഗ്രഹിക്കുന്നില്ല എന്നാണ് ഇതിന്റെയർത്ഥം.

3. ഷെഡ്യൂൾഡ് ഏരിയകളിലെ ആദിവാസി സമുദായങ്ങൾക്ക് വലിയ ആശ്വാസമായ, 1997 ൽ സുപ്രീംകോടതി പുറപ്പെടുവിച്ച സമതാ വിധിന്യായത്തെ സംബന്ധിച്ച് സർക്കാർ സ്വീകരിച്ച മൗനത്തെ ഞാൻ ചോദ്യം ചെയ്തിരുന്നു. ആഗോളവൽക്കരണം, ഉദാരവൽക്കരണം, വിപണിവൽക്കരണം, സ്വകാര്യവൽക്കരണം തുടങ്ങിയ നയങ്ങളുടെ ഫലമായി ദേശീയ, അന്തർദേശീയ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഖനനം ചെയ്യുന്നതിനായി മധ്യേന്ത്യയിലെ ആദിവാസി ഭൂപ്രദേശങ്ങൾ കയ്യേറാൻ തുടങ്ങിയ സമയത്താണ് ഈ വിധി വരുന്നത്. സർക്കാർ സംവിധാനങ്ങൾ ഈ കമ്പനികൾക്ക് പൂർണ്ണ സഹകരണവും നൽകി. ആദിവാസി ജനതയുടെ ഏത് ചെറുത്തുനിൽപ്പിനെയും അവർ അടിച്ചമർത്തി. തങ്ങളുടെ ഭൂമിയിലെ ഖനന പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും അതുവഴി സാമ്പത്തികമായി വികസിക്കുവാനും ആദിവാസികൾക്ക് അവസരം നൽകുന്ന സുപ്രധാനമായ ഒരു വിധിയായിരുന്നു ഇത്.

എന്നാൽ, പരമോന്നത കോടതിയുടെ ഈ വിധിയെ ഭരണകൂടം പൂർണ്ണമായും  അവഗണിച്ചവെന്നതാണ് യാഥാർത്ഥ്യം. ദുരിതബാധിത സമുദായങ്ങൾ നിരവധി കേസുകൾ ഫയൽ ചെയ്തെങ്കിലും കൊളോണിയൽ ഭരണാധികാരികളുടെ ‘ഉന്നതാധികാര നിയമം’ ആദിവാസികളുടെ ഭൂമിയെ അന്യവൽക്കരിക്കാനും സമ്പന്നമായ ധാതുസമ്പത്ത് കൊള്ളയടിക്കാനുമാണ് കൂട്ടുനിന്നത്.

4. 2006 ലെ വനാവകാശ നിയമത്തോടുള്ള ഗവൺമെന്റിന്റെ പാതിമസ്സോടുകൂടിയ ഇടപെടലിനെയും ഞാൻ ചോദ്യം ചെയ്തിട്ടുണ്ട്. നമുക്കറിയാവുന്നതു പോലെ, വെളളം, കാട്, മണ്ണ് (ജൽ, ജംഗൽ, സമീൻ) എന്നിവയാണ് ആദിവാസി ജനതയുടെ സാമ്പത്തിക ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങൾ. വനത്തിന്മേലുള്ള അവരുടെ പരമ്പരാഗത അവകാശങ്ങൾ പതിറ്റാണ്ടുകളായി വ്യവസ്ഥാപിതമായി ലംഘിക്കപ്പെടുന്നു എന്നത് സവിശേഷമായി പരിഗണിക്കേണ്ടതുണ്ട്. ആദിവാസികളോടും മറ്റ് പരമ്പരാഗത വനവാസികളോടും ചരിത്രപരമായ അനീതി നടന്നിട്ടുണ്ടെന്ന് സർക്കാർ അവസാനം തിരിച്ചറിഞ്ഞു. ഈ അപാകതക്കുള്ള പരിഹാരമെന്നോണമാണ് ഇത്തരമൊരു നിയമം നടപ്പിലാക്കിയത്.

എന്നാൽ ഇത്രത അഭിലഷണീയമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 2006 മുതൽ 2011 വരെയുള്ള പ്രസ്തുത നിയമത്തിന്റെ നടത്തിപ്പ് കാലയളവിൽ ആധാരത്തിന് വേണ്ടി 30 ലക്ഷത്തോളം അപേക്ഷകൾ രാജ്യത്തുടനീളം സമർപ്പിക്കപ്പെട്ടു. അതിൽ 11 ലക്ഷം അപേക്ഷകൾ സ്വീകരിച്ചെങ്കിലും 14 ലക്ഷം അപേക്ഷകൾ നിരസിക്കപ്പെട്ടു. അഞ്ച് ലക്ഷം അപേക്ഷകൾക്ക ഇതുവരെയും തീർപ്പുകൽപ്പിച്ചിട്ടില്ല. വ്യവസായ നിർമ്മാണാവശ്യാർത്ഥം വനഭൂമികൾ ഏറ്റെടുക്കുന്ന പ്രക്രിയുടെ ഭാഗമായി ഗ്രാമസഭയെ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ജാർഖണ്ഡ് സർക്കാർ ഇപ്പോൾ.

5. ‘ഭൂമിയുടെ ഉടമ അടിമണ്ണിലെ ധാതുക്കളുടെ ഉടമ കൂടിയാണ്’ എന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ ഗവൺമെന്റ് സ്വീകരിച്ച നിഷ്‌ക്രിയത്വത്തെയും ഞാൻ ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്രകാരമായിരുന്നു പ്രസ്തുത കോടതിവിധി: “ധാതുസമ്പത്ത് അടങ്ങുന്ന അടിമണ്ണിന്റെ അവകാശം ഭരണകൂടത്തിനാണ് എന്ന് പ്രഖ്യാപിക്കുന്ന ഒന്നും തന്നെ നിയമത്തിലില്ലെന്നും മറിച്ച് മറ്റ് സാധുവായ കാരണങ്ങളൊന്നുമില്ലാത്ത പക്ഷം അടിമണ്ണിന്റെയും ധാതുസമ്പത്തിന്റെയും ഉടമസ്ഥാവകാശവും സ്വാഭാവികമായും ഭൂവുടമയ്ക്കാണ് എന്നാണ് നമ്മുടെ അഭിപ്രായം”.

അവരുടെ ഭൂമിയിലെ സമ്പന്നമായ ധാതുസമ്പത്തുക്കൾ സർക്കാരും മറ്റ് സ്വകാര്യ കമ്പനികളും കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ 219 കൽക്കരി മേഖലയിൽ 214 എണ്ണവും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിക്കുകയും അവ അടച്ചുപൂട്ടാൻ ഉത്തരവിടുകയും അനധികൃത ഖനനത്തിന് പിഴ ചുമത്തുകയും ചെയ്തിരുന്നു. പക്ഷേ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ നിയമവിരുദ്ധ ഖനികളെ പുനർവിനിയോഗം ചെയ്തുകൊണ്ട് നിയമപരമാക്കി മാറ്റുകയാണുണ്ടായത്!

6. ‘ഒരു വ്യക്തി അക്രമത്തിൽ ഏർപ്പെടുകയോ ആളുകളെ അക്രമത്തിലേക്ക് പ്രേരിപ്പിക്കുകയോ അല്ലെങ്കിൽ അക്രമത്തിലൂടെയോ അക്രമത്തിന് പ്രേരിപ്പിക്കുന്നതിലൂടെയോ ക്രമക്കേട് സൃഷ്ടിക്കുകയോ ചെയ്യാത്തപക്ഷം കേവലം നിരോധിത സംഘടനയുടെ അംഗത്വത്തിന്റെ പേരിൽ അയാളെ കുറ്റവാളിയാക്കാനാവില്ല’ എന്ന സുപ്രീംകോടതി നിരീക്ഷണം അവഗണിക്കപ്പെടുന്നതിന്റെ കാരണങ്ങളെ ഞാൻ ചോദ്യം ചെയ്തിട്ടുണ്ട്. ‘സംഘടിക്കുന്നത് കുറ്റകരമെന്ന’ തത്വത്തെ കോടതി തള്ളിക്കളഞ്ഞിരുന്നു.

‘നക്സലൈറ്റുകളുടെ സഹായികൾ’ ആണെന്ന സംശയത്തിന്റെ പേരിൽ നിരവധി ചെറുപ്പക്കാരായ യുവതീ-യുവാക്കൾ ജയിലിലാണെന്നത് ഒരു സാമാന്യ വിവരമാണ്. അറസ്റ്റിനുശേഷം കൂടുതൽ ശിക്ഷാ വകുപ്പുകൾ അവരുടെ മേൽ ചുമത്തപ്പെടുന്നു. പോലീസ് അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആർക്കുമേലും എളുപ്പത്തിൽ ചാർത്തിനൽകാവുന്ന ഒരു ലേബലാണിത്. തെളിവിന്റെയോ സാക്ഷിയുടെയോ ആവശ്യം ഇതിനില്ല. നിരോധിത സംഘടനയിലെ അംഗത്വം ഉണ്ടെന്നത് പോലും ഒരു വ്യക്തിയെ കുറ്റവാളിയാക്കില്ലെന്ന് സുപ്രീംകോടതി പറയുന്നു. നീതിന്യായ വകുപ്പിൽ നിന്ന് ക്രമസമാധാന സേന എത്രത്തോളം വിദൂരമാണ്!

7. ‘2013 ഭൂമി ഏറ്റെടുക്കൽ നിയമ’ത്തിൽ ജാർഖണ്ഡ് സർക്കാർ അടുത്തിടെ നടത്തിയ ഭേദഗതിയെ ഞാൻ ചോദ്യം ചെയ്തിരുന്നു. ആദിവാസി സമൂഹത്തിന്റെ മരണമണിയാണ് ഈ ഭേദഗതി. ആദിവാസി ജനതയുടെ പരിസ്ഥിതി, സാമൂഹിക ബന്ധങ്ങൾ, സാംസ്കാരിക മൂല്യങ്ങൾ എന്നിവയ്ക്ക് സംരക്ഷണം ഒരുക്കുന്ന ‘സോഷ്യൽ ഇമ്പാക്റ്റ് അസസ്മെന്റ്’ എന്ന വ്യവസ്ഥയെ ഈ ഭേദഗതി എടുത്തുകളയുന്നു. ഏത് കാർഷിക ഭൂമിയിലും കാർഷികേതര പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ സർക്കാരിന് കഴിയും എന്നതാണ് ഇതിലെ ഏറ്റവും ദോഷകരമായ ഘടകം.

8. ആദിവാസി ജനതയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ ഗൂഢാലോചനയായി എനിക്ക് തോന്നിയ ‘ലാൻഡ് ബാങ്ക്’ പദ്ധതിയെ ഞാൻ ചോദ്യം ചെയ്തിരുന്നു. 2017 ഫെബ്രുവരിയിൽ നടന്ന ‘മൊമന്റം ജാർഖണ്ഡി’ന്റെ സമയത്ത് ലാൻഡ് ബാങ്കിലെ 21 ലക്ഷം ഏക്കറിൽ 10 ലക്ഷം ഏക്കർ വ്യവസായികൾക്ക് അനുവദിച്ചു നൽകുന്നതിന് തയ്യാറാണെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

തരിശുഭൂമിയെ (ഗൈർ-മജുർവ) സ്വകാര്യഭൂമിയോ (ഖാസ്) അല്ലെങ്കിൽ പൊതുഭൂമിയോ (ആം) ആക്കി മാറ്റാം. പരമ്പരാഗതമായി, വ്യക്തിഗത ആദിവാസി കുടുംബങ്ങളോ സമുദായങ്ങളോ ആണ് ഈ ഭൂമി കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നത് (ജമാബന്ദി). എന്നാൽ ഇപ്പോൾ സർക്കാർ എല്ലാ ‘ജമാബന്ദി’ പദവികളെയും എടുത്തുകളയുകയും മുഴുവൻ തരിശുഭൂമികളും സർക്കാരിന്റേതാണെന്നും ചെറുകിട, വൻകിട വ്യവസായങ്ങൾ ആരംഭിക്കാൻ ആർക്ക് വേണമെങ്കിലും (വ്യവസായ ഭവനങ്ങൾക്കെന്ന് വായിക്കുക) വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ടെന്നും അവർ പ്രഖ്യാപിച്ചു.

തങ്ങളുടെ ഭൂമി എഴുതിത്തള്ളപ്പെടുമ്പോൾ എന്ത്ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പറയുന്നതുപോലെ ടിഎസി അതിന് അനുമതി നൽകിയിട്ടില്ല. PESA നിയമപ്രകാരം ബന്ധപ്പെട്ട ഗ്രാമസഭകൾ അതിന് സമ്മതം നൽകിയിട്ടില്ല, ‘ഭൂമി ഏറ്റെടുക്കൽ നിയമം (2013)’ പ്രകാരം ബാധിതരായ ആദിവാസികൾ അതിന് സമ്മതം നൽകിയിട്ടില്ല.

ഇതൊക്കെയാണ് ഞാൻ സ്ഥിരമായി ഉന്നയിച്ചുകൊണ്ടിരുന്ന ചോദ്യങ്ങൾ.

ഇതൊക്കെ എന്നെയൊരു ‘ദേശ ദ്രോഹി’ ആക്കിത്തീർക്കുമെങ്കിൽ അങ്ങനെയാവട്ടെ!

 

കുറിപ്പ്

[1] വിവ: ജാർഖണ്ഡിൽ 2017ൽ ആരംഭിച്ച ആദിവാസി സമര മുന്നേറ്റമാണ് പതൽഗഡി. ആദിവാസി പ്രദേശങ്ങൾക്ക് പ്രത്യേക സ്വയം ഭരണാവകാശം നൽകുന്ന ഭരണഘടനയിലെ അഞ്ചാം ഷെഡ്യൂളിലെ വ്യവസ്ഥകൾ കൊത്തിയെടുത്ത ശിലാഫലകങ്ങൾ ഗ്രാമത്തിൽ സ്ഥാപിക്കുന്നതാണ് സമരരീതി. കല്ലിൽ കൊത്തിയെടുക്കുക എന്നാണ് പതൽഗഡി എന്ന  പദത്തിന്റെ ഭാഷാർത്ഥം.


വിവർത്തനം: സിബ്ഗത്തുള്ളാ സാഖിബ്

ഫാ. സ്റ്റാൻ സ്വാമി