Campus Alive

നീതിയെ സംബന്ധിച്ച കാശ്മീരി ആലോചനകൾ

നീതി സമൂഹത്തെ നയിക്കുമ്പോൾ നിയമം നീതിയുടെ പ്രതീകവും അനീതി സമൂഹത്തിൽ മേൽകൊയ്മ നേടുമ്പോൾ നിയമം ഹിംസയുടെ നീതീകരണവുമാകുന്നു. അതിനാൽ തന്നെ നിയമം സാമൂഹികാധിപത്യമുള്ള ശക്തികളുടെ താൽപര്യങ്ങളുടെ പ്രതീകം മാത്രമാണ്, അത് നീതിയെ പ്രതിനിധീകരിക്കുന്നതാവണം എന്നില്ല

Aristotle, The politics

 

ഭരണഘടനാ പിന്തുണയും നിയമ പ്രാബല്യവും ഉള്ള ഭരണകൂട ഹിംസകളെ സംബന്ധിച്ചുള്ള ആലോചനകൾക്ക് ഭരണഘടനകളുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഹിംസ സൂക്ഷ്മമായ വിശകലനത്തിനു വിധേയമാക്കപ്പെട്ട ചരിത്ര ഘട്ടങ്ങളിൽ എല്ലാം തന്നെ ഹിംസയും സ്റ്റേറ്റും തമ്മിലുള്ള ബന്ധവും വിശകലന വിധേയമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഭരണകൂട ഹിംസക്ക് വിധേയരാകുന്ന അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ നീതിസങ്കൽപങ്ങൾ, നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെ വൈജ്ഞാനികാടിസ്ഥാനങ്ങൾ  എന്നിവ നീതിയെ സംബന്ധിച്ച ഭരണകൂട നയങ്ങളെ മറികടന്ന് പോകുന്നതാണ്.

ഇന്ത്യാ ചരിത്രത്തിൽ, ബുദ്ധനിൽ നിന്ന് ആരംഭിക്കുന്ന, നീതിക്കും സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളെ സവിശേഷമായി പരിഗണിക്കുമ്പോൾ, പ്രസ്തുത പ്രക്ഷോഭങ്ങളിലെല്ലാം തന്നെ നിലനിൽക്കുന്ന അസമത്വങ്ങളെ നീതീകരിക്കുകയും പ്രമാണവൽക്കരിക്കുകയും ചെയ്യുന്ന, ബ്രാഹ്മണ്യ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ട നീതിന്യായ വ്യവസ്ഥകളെ റദ്ദു ചെയ്യാനും പകരം നീതിയും സാഹോദര്യവും അടിസ്ഥാന തത്ത്വമായി വർത്തിക്കുന്ന ഒരു നിയമ സംഹിത  രൂപവൽക്കരിക്കുവാനുമുള്ള ആഹ്വാനങ്ങൾ കാണുവാൻ സാധിക്കും. സഹസ്രാബ്ദങ്ങളുടെ വേരുകളുള്ള ഈ പോരാട്ട ചരിത്രത്തിലെ സുപ്രധാന വിജയങ്ങളിൽ ഒന്നാണ് ജനാധിപത്യം, സാഹോദര്യം, സമത്വം, നീതി എന്നിവ അടിസ്ഥാന തത്ത്വമായി അംഗീകരിച്ച് നിലവിൽ വന്ന ഇന്ത്യൻ ഭരണഘടന.

1950-ൽ ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ അടിസ്ഥാന പ്രമാണമായി ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടെങ്കിലും ഭരണഘടനയുടെ ഇന്നുവരെയുള്ള ചരിത്രത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ ബ്രാഹ്മണിസത്തിന്റെയും വംശീയതയുടെയും പാട്രിയാർക്കിയുടെയും, ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന മറ്റനേകം വ്യവസ്ഥാപിത ചൂഷണ വ്യവസ്ഥിതികളുടെയും മുന്നിൽ ഭരണഘടന പലപ്പോഴും പതറിയതായി കാണാൻ കഴിയും. പക്ഷേ ഭരണഘടനയുടെ ഈ പരാജയ സാധ്യത, ആകസ്മികമായോ, നീതിയുടെ മൂല്യങ്ങളുടെ അഭാവം മൂലമോ ഉണ്ടാവുന്നതല്ല. 1955-ൽ  ബി.ബി.സിക്കു നൽകിയ അഭിമുഖത്തിൽ, ഭരണഘടനയും ഇന്ത്യൻ ജനാധിപത്യവും സമീപ ഭാവിയിൽ നിലനിൽപുമായി ബന്ധപ്പെട്ട പ്രതിസന്ധി നേരിടുമെന്ന് ഡോ. അംബേദ്ക്കർ നിരീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയപരമായി ഇന്ത്യൻ ദേശരാഷ്ട്രം ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ സ്വീകരിച്ചപ്പോഴും സാമൂഹികവും സാംസ്കാരികവുമായ മൂല്യ മണ്ഡലങ്ങളെ ഒരിക്കലും നീതിയുടെയും സാഹോദര്യത്തിന്റെയും അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാൻ ഇന്ത്യൻ ജനതക്ക് സാധിച്ചിട്ടില്ല എന്ന ഗൗരവതരമായ ഒരു പ്രതിസന്ധിയാണ് ഇന്ത്യൻ ജനാധിപത്യത്തിന് നേരിടാൻ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സാമൂഹിക-സാമ്പത്തിക ജനാധിപത്യം കൈവരിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിൽ രാഷ്ട്രീയ ജനാധിപത്യം ഒരു ദുരന്തം ആയിരിക്കുമെന്ന മുന്നറിയിപ്പ് അംബേദ്ക്കർ തന്റെ ജനാധിപത്യ സങ്കൽപങ്ങളിൽ ഉടനീളം പങ്കുവെക്കുന്നുണ്ട്.

ഇത്തരത്തിൽ രാഷ്ട്രീയമായി ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ എർപ്പെടുകയും സാംസ്കാരികമായി ബ്രാഹ്മണ്യ മൂല്യ ഘടനയിൽ തന്നെ തുടരുകയും ചെയ്ത ഇന്ത്യൻ സാമൂഹികാവസ്ഥയെ സംബന്ധിച്ച സൂക്ഷ്മമായ ജ്ഞാനം ഇന്ത്യക്കകത്തെ വിത്യസ്ത തദ്ദേശീയ-സ്വത്വ വിഭാഗങ്ങളും ഇന്ത്യൻ ഭരണകൂടവും തമ്മിലുള്ള സംഘർഷാത്മക ബന്ധത്തെ മനസിലാക്കുന്നതിന് അനിവാര്യമാണ്.

ആധുനിക ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ പിൽക്കാല ചരിത്രം പരിശോധിക്കുമ്പോൾ സുപ്രധാനമായി പരിഗണിക്കേണ്ട രണ്ടു സാഹചര്യങ്ങളിൽ ഒന്ന് ഭരണഘടനാ ധാർമ്മികതയും ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ മൂല്യ ഘടനയെ നിയന്ത്രിച്ചിരുന്ന ബ്രാഹ്മണ്യ ധാർമ്മികതയും തമ്മിലുള്ള ഈ വ്യത്യാസവും സഘർഷവും ആണ്. അതോടൊപ്പം ഔദ്യോഗിക ഭരണകൂട തലത്തിൽ ബ്രാഹ്മണ്യ ശക്തികളെക്കാൾ ലിബറൽ ആധുനികതയുടെ വക്താക്കളായ ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ അംബേദ്ക്കർ തുടങ്ങിയവർക്ക് ലഭിച്ച മേൽകൈ ആണ് ശ്രദ്ധ അർഹിക്കുന്ന മറ്റൊരു വിഷയം. ഗാന്ധിയും നെഹ്റുവും അംബേദ്ക്കറുമെല്ലാം സൈദ്ധാന്തികമായി ജാതിയെ സംബന്ധിച്ചും ഇന്ത്യൻ സാമൂഹ്യ ഘടനയെ സംബന്ധിച്ചും വ്യത്യസ്തവും വിഭിന്നങ്ങളുമായ സങ്കൽപങ്ങൾ പുലർത്തിയിരുന്നുവെങ്കിലും നൈതികതയെ സംബന്ധിച്ച ചില അടിസ്ഥാന മൂല്യങ്ങൾ അവർ മുന്നോട്ടു വച്ചിരുന്നു. നൈതികതയെയും ബഹുസ്വരതയെയും ഇന്ത്യൻ സാമൂഹിക സാഹചര്യത്തെയും സംബന്ധിച്ച ഇന്ത്യൻ ഭരണഘടനയുടെ ഉൾക്കാഴ്ച്ചയാണ് യഥാർത്ഥത്തിൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ വലിയ തോതിലുള്ള ആഭ്യന്തര സംഘർഷങ്ങളിൽ നിന്ന് രക്ഷിച്ചതെന്ന് കാണാൻ സാധിക്കും.

എന്നാൽ പിൽകാലങ്ങളിൽ അവസ്ഥ മാറുകയും തുടർന്നുള്ള ഓരോ ഘട്ടങ്ങളിലും ബ്രാഹ്മണ്യ വക്താക്കൾക്ക് മേൽകൈ വർദ്ധിക്കുകയും ചെയ്തു. അതിന്റെ ഒടുവിലത്തെ കാഴ്ചയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബ്രാഹ്മണ്യ പ്രത്യയശാസ്ത്ര വക്താക്കളുടെ അധികാരാരോഹണം.  പ്രസ്തുത അധികാരം വംശീയവും മുസ്‌ലിം വിരുദ്ധവും വിവേചനപരവുമായ ആർ.എസ്.എസ്-ബി.ജെ.പി നയങ്ങൾക്ക് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയെയും ഭരണഘടനയെ കൂടുതൽ ബ്രാഹ്മണ്യവൽക്കരിക്കാൻ ബ്രാഹ്മണ്യ ശക്തികൾക്കു ലഭിക്കുന്ന പിന്തുണയെയും സൂചിപ്പിക്കുന്നു.

നീതിയും സാഹോദര്യവും വിഭാവനം ചെയ്യുന്ന ഭരണഘടനയെ കൈകാര്യം ചെയ്യാനുള്ള അധികാരം എകശിലാത്മകമായ സംസ്കാരവും അപര വംശ-ദേശീയതകളുടെ ഉന്മൂലനവും വിഭാവനം ചെയ്യുന്ന ബ്രാഹ്മണ്യ ശക്തികൾക്കു ലഭിക്കുന്നത് ഇന്ത്യൻ ദേശ രാഷ്ട്രത്തിന്റെ പിൽക്കാല ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഘർഷ ചരിത്രത്തെയാണ് സൂചിപ്പിക്കുന്നത്. പ്രസ്തുത സംഘർഷങ്ങൾ ജനാധിപത്യത്തിന്റെ തകർച്ചയെ കുറിക്കുന്ന ഒന്നായാണ് സ്റ്റീവൻ ലെവിറ്റ്സ്കി “ഹൗ ഡെമോക്രസീസ് ഡൈ” എന്ന പുസ്തകത്തിൽ വിലയിരുത്തുന്നത്. ഇത്തരം സംഘർഷങ്ങൾ (Friction) ആഭ്യന്തര കലാപങ്ങളെ അനിവാര്യമാക്കുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള അനവധി സംഘർഷങ്ങൾ സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിലുണ്ട്. അത്തരം സംഘർഷങ്ങളുടെ കേന്ദ്രം പ്രബലദേശീയതയും (ബ്രാഹ്മണ്യ) ഉപദേശീയതകളും തമ്മിലുള്ള പ്രത്യയശാസ്ത്ര ഭിന്നതകളും ബ്രാഹ്മണ്യ ദേശീയതയുടെ സാംസ്കാരികാധിനിവേശ ശ്രമങ്ങളുമാണ്. ബ്രാഹ്മണ്യത്തിന്റെ ഇപ്പറഞ്ഞ സാംസ്കാരികാധിനിവേശ ചരിത്രത്തിന്റെ കേന്ദ്ര സ്ഥാനത്താണ് കാശ്മീർ അധിനിവേശം സ്ഥിതി ചെയ്യുന്നത്.

മേൽപറഞ്ഞതു പോലെ അനേകായിരം സാംസ്കാരിക ധാരകൾ നിലനിൽക്കുന്ന ഇന്ത്യ പോലെ ഒരു രാജ്യത്ത് മുഴുവൻ മനുഷ്യർക്കും ബാധകമായ ഒരു ഭരണഘടന എന്ന ആശയം അങ്ങേയറ്റം സങ്കീർണമായ ഒരു ദൗത്യമായാണ് നിലനിന്നിരുത്. പ്രധാനമായി രണ്ട് സങ്കീർണതകളാണ് ഇവ്വിഷയകമായി ഭരണഘടനാ രൂപീകരണ വേളയിൽ നിലനിന്നിരുന്നത്. അതിലൊന്ന് ആയിരക്കണക്കിന് വരുന്ന ഈ സാംസ്കാരിക-വിശ്വാസ ധാരകളെ എങ്ങനെ പരിഗണിക്കും എന്നായിരുന്നുവെങ്കിൽ രണ്ടാമത്തേത് ഇവരുടെ സാമൂഹിക മൂലധനത്തെ സംബന്ധിച്ചായിരുന്നു.

ബ്രാഹ്മണ്യം പ്രബല ദേശീയതയും സാമൂഹിക മൂല്യവുമായി നിലനിൽക്കുകയും അനേകായിരം ജാതിയും ഉപജാതികളുമായി വിഭജിക്കപ്പെട്ടു കിടക്കുകയും ചെയ്തിരുന്ന ഇന്ത്യയിൽ വ്യത്യസ്ത സ്വത്വ വിഭാഗങ്ങൾക്ക് വ്യത്യസ്ത സാമൂഹിക-സാമ്പത്തിക-അധികാര മൂലധനമായിരുന്നു ഉണ്ടായിരുന്നത്. വർണാശ്രമ സിദ്ധാന്ത പ്രകാരം ഉയർന്ന ജാതികൾക്ക് ഉയർന്ന സാമൂഹിക സാമ്പത്തിക-അധികാര-വിദ്യാഭ്യാസ പങ്കാളിത്തം ഉള്ളപ്പോൾ കീഴ്ജാതി സ്വത്വങ്ങളും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും ഇവയ്ക്ക് പുറത്തായിരുന്നു. ഇന്ത്യൻ വിവേചനങ്ങളുടെ അടിസ്ഥാന കാരണങ്ങളിലൊന്നായി ജാതിയെന്ന ഈ ഘടകത്തെ അംബേദ്ക്കറെ പോലുള്ളവർ തിരിച്ചറിഞ്ഞിരുന്നു. പ്രസ്തുത വിവേചനങ്ങൾ ഭരണഘടനയുടെ സാമൂഹിക നീതി സങ്കൽപങ്ങൾക്കു വിരുദ്ധമായതിനാൽ തന്നെ അവയെ നിയമപരമായും മൂല്യപരമായും നേരിടുവാൻ സജ്ജമായ വിധത്തിൽ, എല്ലാ സ്വത്വ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും എല്ലാ മേഖലയിലെയും അസമത്വം പരിഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഭരണഘടന സ്വീകരിച്ചത്. ഭരണഘടനയുടെ ഈ താൽപര്യമാണ് ന്യൂനപക്ഷാവകാശങ്ങളായും ദലിത്-ആദിവാസി ജനവിഭാഗങ്ങളുടെ അവകാശമായും, ആദിവാസി വിഭാഗങ്ങളുടെയും അവരുടെ ആവാസ കേന്ദ്രത്തെ സംബന്ധിച്ച സ്വയം ഭരണാവകാശമായും സംവരണമായും ഭരണഘടനയിൽ സ്ഥാനം പിടിച്ചത്. ഇത്തരത്തിൽ, തദ്ദേശീയവും അപരവൽകൃതരുമായ ജനതകളുടെ സ്വയം ഭരണാവകാശ താൽപര്യങ്ങളെയും നീതിക്കുള്ള അവകാശങ്ങളെയും നിയമപരമായി തന്നെ പരിരക്ഷിക്കുക എന്ന താൽപര്യമാണ് അടിസ്ഥാനപരമായി കശ്മീരിന് പ്രത്യേക പരിരക്ഷ എന്ന ഭരണഘടനാ വകുപ്പിലും പ്രതിഫലിക്കുന്നത്.

ഒട്ടേറെ സംവാദങ്ങൾക്കും അനിശ്ചിതത്ത്വങ്ങൾക്കും ഒടുവിലാണ് ആർട്ടിക്ക്ൾ 370 ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാവുന്നത്. 1947 ഒക്ടോബർ 26-ാം തീയ്യതി അന്നത്തെ കശ്മീർ രാജാവായിരുന്ന ഹരി സിങ്ങും ഇന്ത്യൻ ഗവർണർ ജനറൽ ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവും ഒപ്പുവെച്ച ഇൻസ്ട്രുമെന്റ് ഓഫ് അസെഷൻ എന്ന ഉടമ്പടിയാണ് പ്രസ്തുത വകുപ്പിന്റെ അടിസ്ഥാനം. ഇന്ത്യൻ ദേശരാഷ്ട്രവും കശ്മീരും തമ്മിലുള്ള ബന്ധത്തെ നിർവചിക്കുന്ന ഒരു നയരേഖ കൂടിയാണ് ഈ ഉടമ്പടി. അതുപ്രകാരം പ്രതിരോധം, വിദേശനയം, വാർത്താവിനിമയം എന്നീ മൂന്ന് മേഖലകളിലൊഴികെ കശ്മീരിനു ബാധകമായ നിയമത്തിന്റെ നിർമ്മാണാധികാരം ഇന്ത്യൻ പാർലിമെന്റിനുണ്ടായിരുന്നില്ല. മാത്രമല്ല ഭരണഘടനയുടെ ആർട്ടിക്ക്ൾ 246-ാം വകുപ്പിൽ പ്രതിപാദിക്കുന്ന കേന്ദ്ര ലിസ്റ്റിൽ ഉള്ള വിഷയങ്ങളിൽ കശ്മീർ സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ചതിനു ശേഷം മാത്രമേ നിയമ നിർമ്മാണം നടത്താനുള്ള അധികാരം ഇന്ത്യൻ പാർലിമെന്റിനും കേന്ദ്ര സർക്കാരിനും ഉണ്ടായിരുന്നുള്ളു. ഇത്തരത്തിൽ സ്വയം ഭരണാവകാശത്തെ സംബന്ധിച്ച കശ്മീരി ജനതയുടെ നിബന്ധനകൾ സ്വാംശീകരിച്ചതിനു ശേഷമാണ് ആർട്ടിക്കൾ 370 ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാവുന്നത്. മാത്രമല്ല കശ്മീരും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിർണയിക്കുവാൻ ഉള്ള അധികാരം ജമ്മു – കശ്മീരിലെ ജനങ്ങൾക്ക് വിട്ടു നൽകുമെന്നും ഒരു സ്വതന്ത്ര എജൻസിയുടെ മേൽനോട്ടത്തിൽ കശ്മീരിൽ ഹിതപരിശോധന നടത്താം എന്ന ഉറപ്പ്  പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു കശ്മീരിലെ ജനങ്ങളോടും ഇന്ത്യൻ പാർലിമെന്റിനോടും യു.എന്നിലും നടത്തി. പക്ഷേ അത് സംഭവിച്ചില്ല. സൈനികപരമായ മേൽകോയ്മയുടെ സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് ഒരു നാട്ടിലെ ജനങ്ങളുടെ താൽപര്യത്തിനു വിരുദ്ധമായി നിലകൊള്ളുന്നത് മനുഷ്യത്വ വിരുദ്ധവും അധിനിവേശവും അല്ലാതെ മറ്റൊന്നുമല്ല എന്ന തിരിച്ചറിവും ഒരു രാഷ്ട്രത്തിന്റെ താൽപര്യത്തേക്കാൾ പ്രാധാന്യം ഒരു നാട്ടിലെ ജനതയുടെ സ്വയം നിർണയാവകാശത്തിനാണ് എന്ന ജനാധിപത്യ ബോധവുമായിരിക്കാം കശ്മീർ വിഷയത്തിൽ ഇത്തരത്തിൽ ഒരു നിലപാട് കൈകൊള്ളാൻ നെഹ്റുവിനെ പ്രേരിപ്പിച്ചത്.

ഇത്തരത്തിൽ വിപുലമായ സ്വയം ഭരണാധികാരം എന്ന കശ്മീരീ ജനതയുടെ ആവശ്യത്തെ ഭരണഘടനാപരമായി തന്നെ അംഗീകരിച്ചു കൊണ്ടും താൽക്കാലികമായി ഇന്ത്യൻ യൂണിയനൊപ്പം ചേർന്നാൽ പോലും കശ്മീർ വിഷയത്തിൽ ഹിതപരിശോധന നടത്താം എന്ന ഉറപ്പും തുടങ്ങി അനവധിയായ സാഹചര്യങ്ങളാണ് കശ്മീരിനെ ഇന്ത്യക്കൊപ്പം നിലനിർത്തിയത്. എന്നാൽ, മുൻപ് പ്രസ്താവിച്ചതു പോലെ, ഇന്ത്യക്കകത്തെ വിഭിന്നങ്ങളായ മത ഭാഷാ സാംസ്ക്കാരിക സ്വത്വങ്ങളെ സംരക്ഷിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്ന ഭരണഘടനാ നയത്തിൽ നിന്ന് വിത്യസ്തമായി വൈദികേതരമായ സംസ്ക്കാരങ്ങളോടും ജീവിത രീതികളോടും വംശീയതയിൽ ഊന്നിയ നിലപാട് ഉയർത്തിപിടിക്കുന്ന രാമരാജ്യ വക്താക്കൾക്ക് ലഭിച്ച അധികാരപരമായ മേൽകൈ ആണ് കശ്മീരീ ജനതയും ഇന്ത്യൻ ഗവൺമെന്റും തമ്മിലുള്ള സംഘർഷാത്മക ബന്ധത്തിന്റെ ത്വരിതപ്പെടലിന്റെ അടിസ്ഥാന കാരണം.

ബ്രാഹ്മണ്യത്തിന്റെ സഹസ്രാബ്ദങ്ങൾ നീണ്ട ചരിത്രം പരിശോധിക്കുമ്പോൾ, ഒരിക്കൽ പോലും കേവലമായ രാഷ്ട്രീയാധികാരം എന്ന ആശയം ബ്രാഹ്മണ്യം മുന്നോട്ടു വച്ചിട്ടില്ല. മറിച്ച് സമ്പൂർണ്ണമായ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയാധികാരം എന്ന സങ്കൽപമാണ് സവർണ ഫാസിസ്റ്റ് ചിന്താപദ്ധതി മുന്നോട്ടുവച്ചത്. ചരിത്രപരമായി കശ്മീരി ജനത രാമരാജ്യ ദേശീയതയുടെ സാംസ്കാരിക എകതാ സങ്കൽപത്തെ മുൻനിറുത്തിയുള്ള നായകത്വ ശ്രമങ്ങളെ പലവിധത്തിൽ പ്രതിരോധിച്ചിട്ടുണ്ട്. ഹൈന്ദവ ദേശീയത ആര്യാവർത്തിലെ ഭാഷയായ ഹിന്ദിയെ ഇന്ത്യയുടെ പൊതു ഭാഷയാക്കി തീർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ കശ്മീർ ജനത കശ്മീരീ ഭാഷയെയും ഉറദു ഭാഷയെയും തങ്ങളുടെ ഭാഷകളായി ഉയർത്തിക്കാട്ടി. ഇന്ത്യയുടെ സൂഫി പാരമ്പര്യത്തെയും അവയുടെ ചിഹ്നശാസ്ത്രപരമായ അസ്തിത്വങ്ങളായി വികസിച്ച ദർഗകളെയും ഖവാലി, കാലിഗ്രഫി, ചിത്രകല  ഉൾപ്പടെയുള്ള സൗന്ദര്യാത്മക ആവിഷ്കാരങ്ങളെയും മുഗൾ പാരമ്പര്യത്തെയും ഒരോ മുസ്‌ലിം വിരുദ്ധ വംശഹത്യാ വേളകളിലും ഹിന്ദു വംശീയവാദികൾ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അവയൊക്കെയും കശ്മീരീ ജനത തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി നിലനിർത്തി. ഇത്തരത്തിൽ പുറന്തള്ളപ്പെടേണ്ടതും വംശീയമായി ഉന്മൂലനം ചെയ്യപ്പെടേണ്ടതുമാണെന്നും ഹിന്ദു ഭൂരിപക്ഷ ദേശീയത വിധിയെഴുത്തിയ വിഭിന്ന സംസ്കാരങ്ങളെയെല്ലാം തന്നെ ഉൾക്കൊണ്ടുകൊണ്ട് സവർണ ഫാസിസത്തെ കശ്മീരി ജനത എപ്പോഴും നേരിട്ടിട്ടുണ്ട്. അതിനാൽ തന്നെ കശ്മീരിനെ ബ്രാഹ്മണ്യത്തിനു വിധേയപ്പെട്ട ഒരു പ്രദേശമായും കശ്മീരി ജനതയെ കർതൃത്വ ശേഷി ഇല്ലാത്ത വെറും ഒരു ആൾകൂട്ടമായും പരിവർത്തിപ്പിക്കുക എന്നത് ആർ.എസ്.എസിന്റെ ദീർഘകാല ലക്ഷ്യങ്ങളിലൊന്നാണ്.

പ്രസ്തുത ലക്ഷ്യ പ്രാപ്തിയുടെ ഭാഗമായി സംഘപരിവാർ ശക്തികൾക്ക് ആദ്യം നേരിടേണ്ടി വന്നത് കശ്മീരിന് വിപുലമായ സ്വയം ഭരണാധികാരവും അതുവഴി സ്വയം നിർണയാധികാരവും ശക്തമായ കർതൃത്വാധികാരവും ഉറപ്പു നൽകിയ ഭരണഘടനാ സംവിധാനമായ ആർട്ടിക്കിൾ 370-ാം വകുപ്പിനെയായിരുന്നു. അതുകൊണ്ടു തന്നെ ആർട്ടിക്കൾ 370-നെ നിരന്തരമായി ആക്രമിക്കുകയും അതുവഴി കശ്മീരിലെ സംഘർഷങ്ങളുടെ കാരണം പ്രസ്തുത വകുപ്പാണെന്ന് വരുത്തി തീർക്കുകയും ചെയ്യുക ഹിന്ദുത്വ ശക്തികളുടെ നയമായിരുന്നു.

സ്വതന്ത്ര്യ തിരഞ്ഞെടുപ്പുകൾക്ക് പകരം കേന്ദ്രം സ്വാധീനിച്ച തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുക്കപ്പെട്ട കശ്മീരി സംസ്ഥാന ഭരണകൂടങ്ങളെ കേന്ദ്ര ഭരണകൂടങ്ങൾ അട്ടിമറിക്കുകയും ചെയ്തപ്പോൾ അതിനെതിരെ രൂപം കൊണ്ട ജനകീയ സമരങ്ങളെ സൈനികമായി അടിച്ചമർത്തിയും കാശ്മീരിന് ഭരണഘടന നൽകിയ ഉറപ്പിനെയും കശ്മീരിലെ ജനാധിപത്യ സംവിധാനങ്ങളെയും മാറി മാറി വന്ന കേന്ദ്ര ഭരണകൂടങ്ങൾ അട്ടിമറിച്ചു. സൈന്യം കനത്ത ആക്രമണങ്ങൾ തന്നെ നടത്തി. കേന്ദ്ര ഭരണകൂടത്തിന്റെ പ്രസ്തുത നീക്കങ്ങൾ കശ്മീരീ ജനതയുടെ സ്വയം നിർണയാവകാശത്തെ റദ്ദു ചെയാനും കശ്മീരിനെ അധിനിവേശപ്പെടുത്താനുമുള്ള ബ്രാഹ്മണ്യ തന്ത്രമായും വിലയിരുത്തിയ ജനം അവയെ പ്രതിരോധിക്കാനായി  വലിയ തോതിൽ സായുധ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് അതിർത്തി കടന്നു. ഹൈന്ദവ ഫാസിസത്തിന്റെ അധിനിവേശ ശ്രമങ്ങൾ കശ്മീരിനെ ഒരു തുറന്ന എറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു. ബ്രാഹ്മണ്യത്തിന്റെ അധിനിവേശ താൽപര്യങ്ങൾക്കു വിരുദ്ധമായി ഭരണഘടനാപരമായ നീതിയുടെയും സാഹോദര്യത്തിന്റെയും താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇന്ത്യൻ ഭരണകൂടം ശ്രമിച്ചിരുന്നുവെങ്കിൽ ഇന്ത്യൻ ദേശരാഷ്ട്രവും കശ്മീരി ജനതയും തമ്മിലുള്ള ബന്ധം ഒരുപക്ഷേ ഇത്രമേൽ സംഘർഷഭരിതമാകുമായിരുന്നില്ല.

ഇന്ത്യയിൽ വിപുലമായ രീതിയിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമോഫോബിയയെയും കശ്മീരിലെ മുസ്‌ലിം ഭൂരിപക്ഷ സാന്നിധ്യത്തെയും മുൻനിറുത്തി കശ്മീരിൽ നടക്കുന്ന ഇന്ത്യൻ അധിനിവേശത്തിനെതിരായ പ്രതിരോധ സമരങ്ങളെ ഒരു ഭീകരവാദമായി ചിത്രീകരിക്കുക എന്നതാണ് ബ്രാഹ്മണ്യ ശക്തികൾ ആദ്യം ചെയ്തത്. ബ്രാഹ്മണിസ്റ്റുകളുടെ ഈ ഭാഷ്യത്തെ ഔദ്യോഗികമായി ഇന്ത്യൻ സ്റ്റേറ്റും ഉയർത്തിപ്പിടിച്ചു. കശ്മീരിലെ അധിനിവേശ വിരുദ്ധ പോരാട്ടം തീവ്രവാദമെന്ന് മുദ്രകുത്തപ്പെടുകയും അവയ്ക്ക് ഇന്ത്യൻ പൊതുസമൂഹത്തിൽ നിന്ന് ലഭിച്ച സ്വീകാര്യത കശ്മീരി ജനതയുടെ പ്രക്ഷോഭത്തെ വെടിയുണ്ടകൾ ഉപയോഗിച്ച് അടിച്ചമർത്താൻ ഉളള ഗവൺമെന്റ് തീരുമാനത്തിന് മതിയായ സാധൂകരണം നൽകി. കശ്മീരിനെ അധീനപ്പെടുത്തുക എന്ന ബ്രാഹ്മണ്യ അജണ്ടയുടെ ഭാഗമായി സ്വീകരിച്ച എറ്റവും ശക്തവും  ക്രൂരവുമായ നടപടിയായിരുന്നു കശ്മീരിൽ ഇന്ത്യൻ ഭരണകൂടം നടത്തിയ അതിവിപുലമായ സൈനിക വിന്യാസം. പ്രസ്തുത നടപടിയിലൂടെ ലോകത്തിലെ എറ്റവും അധികം സൈനികവൽക്കരിക്കപ്പെട്ട പ്രദേശമായി കശ്മീർ മാറി.

“രാജ്യതാൽപര്യത്തെയും ദേശ സുരക്ഷയും മുൻനിർത്തി, സൈന്യത്തിനു കാര്യക്ഷമമായും ചടുലമായും പ്രവർത്തിക്കാൻ” എന്ന ഇന്ത്യൻ ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷ്യത്തിന്റെ സമ്പൂർണമായ പിന്തുണയോടെ സൈന്യത്തിനും സ്റ്റേറ്റിന്റെ മറ്റു സായുധ വിഭാഗങ്ങൾക്കും എകപക്ഷീയമായ അധികാരങ്ങൾ അനുവദിക്കുന്ന AFSPA (Armed forces special power Act) സൈനിക നിയമങ്ങൾ കശ്മീരിൽ നടപ്പിലാക്കപ്പെട്ടു.

ഒരു മനുഷ്യനു മേൽ എതുതരത്തിലുമുള്ള അക്രമം അഴിച്ചുവിടാനുമുള്ള അധികാരം സൈന്യത്തിനും സ്റ്റേറ്റിനും നൽകുന്നു എന്നത് മാത്രമല്ല AFSPA പോലുള്ള സൈനിക നിയമങ്ങളുടെ അപകടം, മറിച്ച് സൈന്യം നടത്തുന്ന എല്ലാ തരം മനുഷ്യാവകാശ ലംഘനങ്ങൾക്കും ഗുരുതരമായ കുറ്റകൃത്യങ്ങൾക്കും എകപക്ഷീയമായ നിയമ പരിരക്ഷ (Impunity) നൽകപ്പെടുന്നു എന്നത് കൂടിയാണ്. മാത്രമല്ല AFSPA പോലുള്ള സൈനിക നിയമങ്ങൾക്കു പുറമേ NSA, UAPA തുടങ്ങി കുറ്റവാളി എന്ന് സ്റ്റേറ്റ് മുദ്രകുത്തിയ മനുഷ്യർക്ക് ഭരണഘടന നൽകുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങളും നിയമാവകാശങ്ങളും എല്ലാം തന്നെ റദ്ദു ചെയ്യുന്ന ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ചരിത്രം മാത്രം അവകാശപ്പെടാനുള്ള ഡീപ്പ് സ്റ്റേറ്റ് നിയമങ്ങൾ വ്യാപകമായി ഉപയോഗിച്ചു കൊണ്ടാണ് ഇന്ത്യ കശ്മീരീ ജനതയുടെ സ്വയം ഭരണാവകാശത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളെ നേരിട്ടത്. ഇത്തരം നിയമങ്ങളുടെയും പ്രസ്തുത നിയമങ്ങൾ നൽകുന്ന വിപുലമായ മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും നടത്താനുള്ള അവകാശത്തിന്റെ മറവിൽ അനവധിയായ  അനധികൃത അറസ്റ്റുകൾ, ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ, നിർബന്ധിത അപ്രത്യക്ഷമാക്കലുകൾ, കസ്റ്റഡി മരണങ്ങൾ എന്നിവയെല്ലാം ഇന്ത്യൻ സൈന്യം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭരണകൂട സംവിധാനങ്ങൾ നടത്തിയതായി പല മനുഷ്യാവകാശ സംഘടനകളും ചൂണ്ടി കാണിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള ക്രൂരമായ അടിച്ചമർത്തലുകളാണ് കശ്മീരീ ജനതയെ വലിയ തോതിലുള്ള  സായുധ പോരാട്ട മാർഗത്തിലേക്ക് നയിച്ചതെന്ന് ഡൂ യൂ റിമമ്പർ കുനാൻ ആൻഡ് പോഷ്പോറ എന്ന പുസ്തകം ചൂണ്ടി കാണിക്കുന്നു. ഇത്തരത്തിൽ സായുധ പോരാട്ടത്തിനിറങ്ങിയ യുവാക്കളെയും ഭാവിയിൽ സായുധ പോരാട്ടത്തിനിറങ്ങിയേക്കാവുന്ന യുവാക്കളെയും അവരുടെ കുടുംബത്തെയും മാനസികമായി തളർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് “റേപ്പ്” ഒരു യുദ്ധതന്ത്രം എന്ന നിലയിൽ കാശ്മീരിൽ ഇന്ത്യൻ ഭരണകൂടം വിന്യസിച്ചത് എന്ന് കശ്മീരിൽ നിന്നുള്ള അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ മുനാസ റാഷിദ് നിരീക്ഷിക്കുന്നു. റേപ്പ് ഒരു പ്രതിരോധ തന്ത്രമായി വികസിപ്പിക്കാൻ ഇന്ത്യൻ പട്ടാളത്തെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നായി അവർ ചൂണ്ടിക്കാണിക്കുന്ന പ്രധാന സംഗതി ലൈംഗീകാതിക്രമത്തിന് ഇരയായ പെൺകുട്ടിയെ ഒരു ബാധ്യതയും അതേ സമയം തന്നെ അത്തരമൊരു സംഭവം ഒരു കുടുബത്തിന്റെയോ അല്ലെങ്കിൽ ഒരു ഗ്രാമത്തിന്റെ തന്നെയോ അഭിമാനത്തിന് ക്ഷതം എൽപ്പിക്കുമെന്ന കശ്മീരി ജനതയുടെ പൊതുബോധത്തെ ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു എന്നതാണ്. മാത്രമല്ല സായുധ പോരാട്ടത്തിനിറങ്ങിയ മനുഷ്യരുടെ ഭാര്യയെയും സഹോദരിയെയും മാതാവിനേയും മക്കളെയും വരെ ഇത്തരത്തിൽ ലൈംഗീകമായ അതിക്രമത്തിനു ഇരയാക്കുന്നതു വഴി ഒരു മനശാസ്ത്ര യുദ്ധ തന്ത്രം ആയിട്ടായിരുന്നു റേപ്പ് വിന്യസിക്കപ്പെട്ടത്. ലൈംഗീകാതിക്രമം നടന്നാൽ അഭിമാന നഷ്ടം ഭയന്ന് അവയെ മൂടിവച്ചിരുന്ന ഒരു ഘട്ടത്തിൽ നിന്ന് അത് തുറന്നു പറയാനും നീതിക്കുവേണ്ടി പോരാടാനും ഉള്ള സമരത്തിന്റെ നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ എത്തിയതു കശ്മീർ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായി അവർ ചൂണ്ടി കാണിക്കുന്നു.

എന്തുകൊണ്ടു റേപ്പ് ഒരു ജനതക്കു മേൽ ഒരു നയമെന്ന തരത്തിൽ വിന്യസിക്കപ്പെടുന്നു എന്ന ഗൗരവതരമായ ചോദ്യം കശ്മീർ ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന സംറീന മുശ്താഖ് ഉന്നയിക്കുന്നുണ്ട്. 1992 ൽ കുനാൻ, പോഷ്പ്പോറ എന്നീ രണ്ടു കശ്മീരി ഗ്രാമങ്ങളിൽ നടന്ന ഇന്ത്യൻ സൈന്യം പ്രതിസ്ഥാനത്തുള്ള, ഒറ്റ രാത്രി കൊണ്ട് ചുരുങ്ങിയത് 35 സ്ത്രീകൾ എങ്കിലും കൂട്ട ബലാത്സംഗത്തിന് വിധേയമായ സംഭവത്തിൽ വീണ്ടും പുനരന്വേഷണത്തിന് ഉത്തരവിടണം എന്നാവശ്യപ്പെട്ടുകൊണ്ട് ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിച്ച അഭിഭാഷക സംഘത്തിലെ ഒരു അംഗം കൂടിയാണവർ.

മേൽ സൂചിപ്പിച്ച, അവരുന്നയിച്ച പ്രസക്തമായ ചോദ്യത്തിന് അവർ നൽകുന്ന മറുപടി ഇന്ത്യൻ ദേശരാഷ്ട്രത്തിലും അതിന്റെ സർവ്വ സന്നാഹങ്ങളിലും ആഴത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ബ്രാഹ്മണിക്കൽ പേട്രിയാർക്കിയിലേക്ക് വിരൽ ചൂണ്ടുന്നു. കാരണം ഒരു പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീ ഒരിക്കലും തുല്യതക്കും നീതിക്കും അർഹതയുള്ള മനുഷ്യൻ ആയല്ല, മറിച്ച് ഒരു കേവല സ്വത്തായിട്ടാണ് പരിഗണിക്കുന്നത് എന്നതാണ്. കശ്മീരി മുസ്‌ലിം സ്ത്രീകളെ ലൈംഗീകാതിക്രമത്തിനു ഇരയാക്കുന്നതു വഴി കശ്മീരിലെ വലിയ സ്വത്ത് പിടിച്ചടക്കി എന്ന രീതിയിൽ ആണ് ആക്രമികൾ വിലയിരുത്തത് എന്ന് അവർ നിരീക്ഷിക്കുന്നു.

എന്നാൽ ലൈംഗീകാതിക്രമ കേസുകളിൽ കുറ്റാരോപിതനായ സൈനികരെ വിചാരണയും ശിക്ഷയും നൽകാതെ സംരക്ഷിക്കുന്ന ഭരണകൂട നയം ആണ് ലൈംഗീകാതിക്രമ സംഭവങ്ങൾ വർദ്ധിക്കാൻ കാരണം എന്ന് Behold, I shine എന്ന പുസ്തകത്തിൽ ഫ്രെനി മനിക്ഷ ചൂണ്ടിക്കാണിക്കുന്നു. ജമ്മു & കാശ്മീർ AFSPA Act പ്രകാരം സൈനികർ കുറ്റാരോപിതരായ ലൈംഗീകാതിക്രമ കേസുകളിൽ പോലും സൈനികരെ വിചാരണ ചെയ്യണമെങ്കിൽ സംസ്ഥാന സർക്കാറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണം. 1990 മുതൽ 2011 വരെ സൈനികർ കുറ്റാരോപിതരായ അസംഖ്യം കേസുകളിൽ ഒന്നിൽ പോലും വിചാരണ നടത്താൻ ഉള്ള അനുവാദം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2002 മുതൽ 2014 വരെ സൈനികർ ഉൾപ്പെട്ട 173 ലൈംഗീകാതിക്രമ സംഭവങ്ങളെ കുറിച്ച് പരാതി ലഭിച്ചിട്ടും ഒരോറ്റ കേസിൽ പോലും വിചാരണാനുമതി ലഭിച്ചില്ല എന്ന് ജമ്മു കശ്മീർ സംസ്ഥാന സർക്കാറിന്റെ രേഖകൾ വ്യക്തമാക്കുന്നു.

ഇത്തരത്തിൽ ലൈംഗീകാതിക്രമങ്ങൾ നടത്തിയാൽ പോലും ശിക്ഷിക്കപ്പെടില്ല എന്നുറപ്പുള്ളത് കൊണ്ട് അത്തരം സംഭവങ്ങൾ നിരന്തരമായും വ്യാപകമായും അരങ്ങേറുന്നതായി ‘ദി ഏഷ്യ വാച്ച് ആൻഡ് ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’ എന്ന മനുഷ്യാവകാശ സംഘടന പ്രസിദ്ധീകരിച്ച ‘റേപ്സ് ഇൻ കാശ്മീർ’ എന്ന പഠനത്തിൽ ചൂണ്ടികാണിക്കുന്നു. സൈന്യം ചെയ്യുന്ന ഏതു കുറ്റകൃത്യത്തിനും സമ്പൂർണമായ നിയമ പരിരക്ഷ (Impunity) ഉള്ളതുകൊണ്ട് കശ്മീരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറുന്നത് എന്നും പ്രസ്തുത പഠനത്തിൽ പറയുന്നു.

2012-ലെ ഡൽഹി കൂട്ടബലാത്സംഗത്തിനു ശേഷം ലൈംഗീകാതിക്രമ കേസുകളുടെ വിചാരണാ, ലൈംഗീകാതിക്രമവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിഷ്കരണം എന്നീ വിഷയങ്ങളിൽ പരിഷ്ക്കരണം നിർദേശിക്കാൻ നിയോഗിച്ച ജസ്റ്റിസ് വർമ്മ കമ്മിറ്റിക്കു മുമ്പാകെ കശ്മീരിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും സ്ത്രീ സമൂഹ പ്രതിനിധികൾ നൽകിയ പ്രസ്താവനയിൽ ലൈംഗീകാതിക്രമത്തിന് പരിരക്ഷ നൽകുന്ന AFSPA നിയമത്തിലെ വകുപ്പുകൾ നീക്കം ചെയ്യണം എന്നാവശ്യപ്പെടുന്നുണ്ട്. പ്രസ്തുത ആവശ്യത്തിനോട് യോജിച്ചു കൊണ്ട് വർമ്മ കമ്മിറ്റി നടത്തിയ നിരീക്ഷണം പ്രസക്തമാണ്. “ലൈംഗീകാതിക്രമ കേസുകൾ AFSPA നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് അവക്ക് നിയമ പരിരക്ഷ നൽകേണ്ട കാര്യമില്ല, കാരണം ലൈംഗീകാതിക്രമം ഒരിക്കലും ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ലല്ലോ” എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്തുത നിലപാടിനെതിരെ അതിശക്തമായ വിമർശനവും പ്രതിരോധവുമാണ് ഇന്ത്യൻ സായുധ സേനകളിൽ നിന്നുണ്ടായത്. മാത്രമല്ല ലൈംഗീകാതിക്രമ കേസുകൾ AFSPA യുടെ പരിധിയിൽ നിന്ന് നീക്കം ചെയ്യണം എന്ന വർമ്മ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശം തള്ളപ്പെട്ടു.

ഇത്തരത്തിൽ ഭരണകൂട ഹിംസക്ക് വിധേയരാകുന്ന സ്ത്രീകളും കുട്ടികളും വൃദ്ധരും ചെറുപ്പക്കാരുമടങ്ങുന്ന സകല മനുഷ്യരോടും അവർക്ക് എതിരെ ഉണ്ടായ ഭരണകൂട ഹിംസയെ നിരാകരിക്കുന്ന സമീപനമാണ് ഇന്ത്യാ ഗവൺമെൻറും അതിന്റെ സംവിധാനങ്ങളും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അതിന് ഇന്ത്യാ ഗവൺമെന്റിനെ പ്രേരിപ്പിക്കുകയും പ്രാപ്തമാക്കുന്നതും ആകട്ടെ ബ്രാഹ്മിണിക് പേട്രിയാർക്കിയും ബ്രാഹ്മണ്യത്തിന്റെ അധിനിവേശ നയങ്ങളും ദേശരാഷ്ട്ര സ്വഭാവങ്ങളുമാണ്.

മുഹമ്മദ് റാഷിദ്