Campus Alive

രാഷ്ട്രീയം, ആത്മീയത: വലാ ഖ്യുസായ് സംസാരിക്കുന്നു

(ഗവേഷകനും മീഡിയ നിർമ്മാതാവുമായ ഡാനിയേൽ ടുട്ട് ഡോ. വലാ ഖ്യുസായിയുമായി നടത്തിയ സംഭാഷണം, പടിഞ്ഞാറിലെ മുഖ്യ നവ മുസ്‌ലിം പ്രസ്ഥാനമായ നവപാരമ്പര്യവാദത്തെയും അതിന്റെ ഭാഗമായ പണ്ഡിതരെയും കുറിച്ചാണ് ഖ്യുസായിയുടെ ഗവേഷണം. ഭാഗം ഒന്ന്)


ഡാനിയേൽ ടുട്ട്: മുസ്‌ലിം ഇടങ്ങളിലും, സമുദായങ്ങളിലും, ചിന്താ പ്രസ്ഥാനങ്ങളിലും ചിന്തകരിലുമുള്ള ആത്മീയതയുടെയും രാഷ്ട്രീയത്തിന്റെയും ബന്ധത്തെ കുറിച്ചാണ് ബേമിങ്ഹാം യൂണിവേഴ്സിറ്റി ടീച്ചിങ് ഫെലോയും ഗവേഷകയുമായ ഡോ വലാഖ്യുസായി സംസാരിക്കുന്നത്. പടിഞ്ഞാറൻ മുസ്‌ലിംകൾ എങ്ങനെയാണ് രാഷ്ട്രീയത്തെ വിഭാവനം ചെയ്യുന്നത്? ഈ ചോദ്യത്തിന് ഒറ്റയടിക്ക് വരുന്ന ഉത്തരം മുസ്‌ലിംകൾ അവരുടെ സ്ഥാപനവൽകൃത  ഇടങ്ങളെ ആ തരത്തിൽ അപൂർവമായേ മനസ്സിലാക്കുന്നുള്ളൂ എന്നായിരിക്കും. എന്നാൽ പടിഞ്ഞാറിലെ ബഹുഭൂരിഭാഗം ബുദ്ധിജീവികളും ‘നവ പാരമ്പര്യവാദം’ (neo-traditionalism) എന്ന ചിന്താ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അത്തരക്കാരായ ശൈഖ് ഒമർ ഫാറൂഖ് അബ്ദുള്ള, ശൈഖ് ഹംസ യൂസുഫ്, ശൈഖ് അബ്ദുൽ ഹകീം മുറാദ് എന്നീ മൂന്ന് പേരെ കുറിച്ചാണ് വലാ ഖ്യുസായിയുടെ പി.എച്ച്.ഡി  പ്രബന്ധം. വെളുത്ത വംശജരായ പരിവർത്തിത മുസ്‌ലിംകളാണ് മൂവരും എന്നത് ശ്രദ്ധേയമാണ്. 9/11ന് മുമ്പും ശേഷവുമായി ഇസ്‌ലാമിക വ്യവഹാരങ്ങളിൽ നിർണായകമായ പങ്കുകൾ വഹിച്ചവരാണിവർ. ഇസ്‌ലാമിക ചിന്ത, ഇസ്‌ലാമിക ആക്ടിവിസം, ഒരു മുസ്‌ലിം ഈ ലോകത്തിൽ എങ്ങനെയായിരിക്കണം, തുടങ്ങിയ വിഷയങ്ങളിൽ പൊതുവെ ‘ഇസ്‌ലാമിസം’ എന്നറിയപ്പെടുന്ന ഇസ്‌ലാമിക ജീവിത രൂപത്തിൽ നിന്നും വ്യതിരിക്തമായ ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ ബദൽ മാതൃക എന്നവർ അവകാശപ്പെടുന്ന ഒന്നാണ് ഈ ശെയ്ഖുമാർ മുന്നോട്ട് വെക്കുന്നത്. ഈ പറഞ്ഞ വ്യത്യാസങ്ങളെ പറ്റി വലായുമായി സംസാരിച്ചുകൊണ്ട് തുടങ്ങണം എന്ന് വിചാരിക്കുന്നു.

നവപാരമ്പര്യവാദവും ഇസ്‌ലാമിസവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പറഞ്ഞ് കൊണ്ട് തുടങ്ങാമോ?

വലാ ഖ്യുസായ്: ഏറെ സംഘർഷപ്പെട്ട് കിടക്കുന്ന പദങ്ങളാണ് ഇവ രണ്ടും. പോസ്റ്റ്‌-ഇസ്‌ലാമിസ്റ്റ് ട്രെൻഡ് ആയാണ് പടിഞ്ഞാറിൽ നവപാരമ്പര്യവാദം വളർന്നുവരുന്നത്. “ഇസ്‌ലാമിസം” എന്താണ് എന്നതിനെ കുറിച്ചും മുസ്‌ലിം സമൂഹത്തിലെ (മുസ്‌ലിം രാജ്യങ്ങളിലും പടിഞ്ഞാറിലും) ബൗദ്ധിക ചിന്തയിൽ അത് ചെലുത്തിയ സ്വാധീനത്തെ കുറിച്ചും വിമർശനങ്ങൾ അത് മുന്നോട്ടു വെക്കുന്നു. തുടക്കം മുതലേ നവപാരമ്പര്യവാദം ഇസ്‌ലാമിസത്തിന്റെ തെറ്റുകളെയും പ്രശ്നങ്ങളെയും പ്രശ്നവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇസ്‌ലാമിസം ആത്മീയമായ അപചയത്തിന് കാരണമായെന്നും ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ ശേഷി നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത് മതത്തിന്റ അമിതരാഷ്ട്രീയവൽക്കരണം ആണ് എന്നതൊക്കെയായിരുന്നു മുഖ്യ തർക്കങ്ങൾ. ഇസ്‌ലാമിനെ അതിന്റെ സാമ്പ്രദായിക ജ്ഞാനശാസ്ത്രമെന്ന് അവർ കരുതുന്നതിൽ നിന്നും ഇസ്‌ലാമിസം എടുത്തുമാറ്റിയെന്നും നവപാരമ്പര്യവാദികൾ വിശ്വസിച്ചു. പക്ഷെ ഇതൊക്കെ പിന്നീടാണ് കടന്നു വരുന്നത്. ഒരു രാഷ്ട്രീയ വിരുദ്ധ പ്രവണതയായിട്ടല്ല ഈ പ്രസ്ഥാനം ആരംഭിക്കുന്നത്, മറിച്ച് ഇസ്‌ലാമിസം മൂലം ഇസ്‌ലാമിനുണ്ടായി എന്നവർ കരുതുന്ന തകർച്ചയുടെ ഒരു വിമർശനമായിരുന്നു തുടക്കഘട്ടത്തിൽ നവപാരമ്പര്യവാദം.

ഡാനിയേൽ ടുട്ട്: ഇസ്‌ലാമിസത്തിന്റെ ഉത്ഭവത്തിന്റെ വേരുകൾ ഈജിപ്തിലെ ആദ്യകാല നെപ്പോളിയൻ അധിനിവേശം മുതൽക്കുള്ള കൊളോണിയൽ അനുഭവത്തിൽ വരെയുണ്ട്. പറഞ്ഞു വരുന്നത്, എന്താണ് ഈ ഇസ്‌ലാമിസം എന്ന പ്രസ്ഥാനം? പലരും പലരീതിയിലാണ് അവ്യക്തമായ ഈ പദം ഉപയോഗിക്കുന്നതെന്ന് തോന്നുന്നു. പക്ഷേ, താങ്കളുടെ പ്രബന്ധത്തിൽ ഇത് ചർച്ച ചെയ്യുന്ന രീതി ഏറെ കൃത്യമാണ്. ഇസ്‌ലാമിസത്തിന്റെ ഉത്ഭവ സ്ഥാനമെന്ന് കരുതുന്ന കൊളോണിയൽ കാലഘട്ടവുമായി ബന്ധപ്പെടുത്തി അതിനെക്കുറിച്ച് ചർച്ച ചെയ്യാമോ?

വലാ ഖ്യുസായ്: ‘ഇസ്‌ലാമിസം’ എന്ന പദം വളരെ വിവാദമാകുന്നതിന്റെ ഒരു കാരണം, പ്രത്യേകിച്ച് പടിഞ്ഞാറൻ സാഹചര്യത്തിൽ, മതപരതയിൽ വേരൂന്നിയ ഒരു സ്വതന്ത്ര മുസ്‌ലിം രാഷ്ട്രീയ കർതൃത്വത്തെ കുറ്റവാളിവൽക്കരിക്കാൻ ഇത് ഉപയോഗിക്കപ്പെടുന്നു എന്നത് കൊണ്ടാണ്. ഇസ്‌ലാമിസത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പലരും ശ്രമിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. പക്ഷേ, സവിശേഷമായ ഇസ്‌ലാമിക ലോകവീക്ഷണത്തിൽ വേരൂന്നിയ കൊളോണിയൽ വിരുദ്ധ മുസ്‌ലിം പ്രസ്ഥാനങ്ങളുടെ ഒരു ചരിത്രം തന്നെ ഇവിടെയുണ്ട്. നവപാരമ്പര്യ ഷെയ്ഖുമാരെ പോലുള്ളവരെ പോലും മുഹമ്മദ് അബ്ദുവിന്റെ നഹ്ദ പ്രസ്ഥാനവും, ജമാലുദ്ദീൻ അഫ്‌ഘാനിയും, റഷീദ് രിദയും, ഹസനുൽ ബന്നയുടെ മുസ്‌ലിം ബ്രദർഹുഡും, സയ്യിദ് ഖുത്ബുമൊക്കെ അടങ്ങുന്ന ആ വംശാവലിയിൽ കണ്ടെത്താൻ സാധിക്കും. എന്റെ പ്രബന്ധത്തിൽ ഞാനിത് പരാമർശിക്കുന്നില്ല. ‘ഇസ്‌ലാമിസം’ എന്ന പദം ഉപയോഗപ്രദമാണെന്ന് ഞാൻ കരുതുന്നതിന്റെ ഒരു കാരണം, ഈ പ്രസ്ഥാനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ആന്തരിക വിമർശനത്തിൽ നിന്നാണ് അത് വികസിച്ചുവന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.

1960കളിൽ സയ്യിദ് ഖുത്ബ് ‘വഴിയടയാളം’ (Milestones) ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിക്കുന്നുണ്ട്. പരമാധികാരത്തെക്കുറിച്ചും ജാഹിലീ സമൂഹത്തിൽ ജീവിക്കുന്നതിന്റെ അർത്ഥത്തെക്കുറിച്ചും പ്രത്യേക ആശയങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട്, പ്രശസ്ത ബ്രദർഹുഡ് നേതാവായിരുന്ന ഹസനുൽ ഹുദൈബി ‘ദുആ ലാ ഖുദാത്ത്’ (ന്യായാധിപന്മാരല്ല, ഉപദേശകരാണ് നാം) എന്ന ഗ്രന്ഥം എഴുതുകയുണ്ടായി. ഒരു സാധാരണ വ്യക്തി ജാഹിലാണെന്ന് വിധിക്കാൻ നമുക്ക് കഴിയില്ലെന്നും കാരണം നാം ന്യായാധിപന്മാരല്ല, കേവലം ഉപദേശകർ മാത്രമാണെന്ന് പുസ്തകത്തിൽ അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിനെയും രാഷ്ട്രീയത്തെയും കുറിച്ച് പ്രത്യേകമായ വീക്ഷണം വെച്ച് പുലർത്തുന്നവരെ അദ്ദേഹം ‘ഇസ്‌ലാമിയ്യൂൻ’ എന്നും അല്ലാത്തവരെ കേവല മുസ്‌ലിംകൾ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഹസനുൽ ഹുദൈബി, സയ്യിദ് ഖുത്ബ്

ഡാനിയേൽ ടുട്ട്: ഇസ്‌ലാമിസം ഒരു തരം പുനർനിർവചനത്തെയാണല്ലോ കൈകാര്യം ചെയ്യുന്നത്. നവപാരമ്പര്യവാദികൾ തന്നെ ഇസ്‌ലാമിസത്തെ നിർവചിക്കുന്ന വാന്റേജ് പോയിന്റിൽ നിന്നാണ് ഞാൻ ഇതെടുക്കുന്നത്, കാരണം താങ്കൾ പറഞ്ഞതു പോലെ, പല രീതിയിലും ഈ പദത്തെ നിർവ്വചിക്കാം. നവപാരമ്പര്യ പ്രസ്ഥാനത്തിന്റെ  ആന്തരികസ്വഭാവത്തെയും ബൗദ്ധിക വാസ്തുവിദ്യയെയും കുറിച്ച് സംസാരിക്കാൻ ഉദ്ദേശിക്കുന്നതിനാൽ അവരെങ്ങനെയാണ് ഇസ്‌ലാമിസത്തെ മനസ്സിലാക്കുന്നത് എന്ന് പരിശോധിക്കുന്നത് ഉപയോഗപ്രദമാകും. ഇസ്‌ലാമിന്റെ അർത്ഥത്തെ അധികാരത്തിന്റെ മേഖലയിലേക്ക് പരിവർത്തനം ചെയ്യിക്കുന്ന, വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പാശ്ചാത്യ അധിനിവേശത്തിന്റെ ഇരകളായ മുസ്‌ലിങ്ങളുടെ അവസ്ഥയോട് പ്രതികരിക്കുന്ന ഒരു റിയാക്ഷണറി പ്രസ്ഥാനമായാണ് അവർ ഇസ്‌ലാമിസത്തെ കാണുന്നത്. പറഞ്ഞു വരുന്നത്, മികച്ച രീതിയിലല്ലെങ്കിലും, ഇസ്‌ലാമിസത്തിനെ ഇങ്ങനെയും മനസ്സിലാക്കാം.

നവപാരമ്പര്യവാദികൾ എങ്ങനെയാണ് ഇസ്‌ലാമിസത്തെ കാണുന്നതെന്ന് വിശദീകരിക്കാമോ?

വലാ ഖ്യുസായ്: തീർച്ചയായും, ഇസ്‌ലാമിസത്തോടുള്ള നവപാരമ്പര്യവാദ വിമർശനങ്ങളെ മുൻനിർത്തി ഇസ്‌ലാമിസത്തെ നിർവചിക്കാൻ ശ്രമിക്കുമ്പോൾ അതിലുള്ളടങ്ങിയിട്ടുള്ള സവിശേഷമായ രാഷ്ട്രീയാഭിമുഖ്യം പ്രധാനമാണ്. അത്തരം നിർവചനത്തിന്റെ പ്രധാന വാദഗതികൾ ഇവയാണ്; തങ്ങളുടെ ജ്ഞാനശാസ്ത്ര അടിത്തറകളിൽ നിന്നുകൊണ്ടുള്ള വിമർശനം കൊളോണിയലിസത്തിനെതിരെ രൂപപ്പെടുത്താൻ ഇസ്‌ലാമിസ്റ്റ് പണ്ഡിതന്മാർക്കും ആക്ടിവിസ്റ്റുകൾക്കും കഴിഞ്ഞിരുന്നു, യൂറോപ്പ്യൻ കൊളോണിയൽ ആധുനികതയുടെ ഘടനകൾ ഉപയോഗിച്ച് അവർ ഇസ്‌ലാമിനെ രാഷ്ട്രീയവത്കരിക്കുകയും ചെയ്തു. ഈ നിർവചനത്തിൽ സവിശേഷമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കാരണം എങ്ങനെയാണ് മുസ്‌ലിംകൾ അധികാര ഘടനയുമായി ഇടപഴകുകയും സംവദിക്കുകയും ചെയ്യേണ്ടത് എന്നതിനെ കുറിച്ചുള്ള അവരുടെ വീക്ഷണത്തെ ഇത് വ്യക്തമാക്കുന്നുണ്ട്. അധികാര ഘടനയ്ക്കെതിരെ പോരടിക്കുന്നതിനെ പറ്റി ഹംസ യൂസുഫ് പറയുന്നു (നീഷെയിൽ നിന്നാണിത് അദ്ദേഹം കടമെടുക്കുന്നതെന്ന് തോന്നുന്നു); ‘നിങ്ങളൊരു രാക്ഷസനോട് യുദ്ധം ചെയ്യുകയാണെങ്കിൽ, നിങ്ങൾ രാക്ഷസനായിത്തീരും’. പിൽക്കാലത്ത് രൂപപ്പെട്ട ക്വയറ്റിസ്റ്റ് നിലപാടുകളൊക്കെ അത്തരമൊരു അനുമാനത്തിന്റെ പുറത്താണ് നിലനിൽക്കുന്നത്; കൊളോണിയലിസത്തിനെതിരെ പോരാടുമ്പോൾ അവരത് തന്നെയായി മാറുന്നു, അധികാര ഘടനയിൽ വശീകൃതരാവുന്നു, അതിനെ നശിപ്പിക്കാൻ ശ്രമിച്ചവർ തന്നെ അതിനെ ആന്തരികവൽക്കരിക്കുന്നു.

ഷെയ്ഖ് ഹംസ യൂസുഫ്

ഡാനിയേൽ ടുട്ട്: അതുകൊണ്ടാണോ ഇസ്‌ലാമിസം മാർക്‌സിസവുമായി ഏറെ അടുത്ത് നിൽക്കുന്നുവെന്ന് അവർ പറയുന്നത്?

വലാ ഖ്യുസായ്: അതുകൊണ്ട് മാത്രമല്ല, 1960 കളിൽ മുസ്‌ലിം ലോകത്ത് മാർക്സിസ്റ്റുകൾ ഏറെ ജനകീയമായിരുന്നു. മുസ്‌ലിംകൾക്ക് മാർക്സിസ്റ്റുകളുമായും മാർക്സിസ്റ്റ് ആശയങ്ങളുമായും കാര്യമായി ഇടപടേണ്ടിവന്നു. ആശയങ്ങളുമായി ഇടപഴകുമ്പോൾ നാം അവയെ ആന്തരികവൽകരിക്കുന്നു എന്നവർ പറയുന്നു; ലെനിന്റെ വാൻഗ്വാഡ് എന്ന ആശയം സയ്യിദ് ഖുത്ബ് കടമെടുത്തു, അലി ശരീഅത്തി മാർക്സിസത്തോട് പ്രതികരിക്കുന്ന ഒരു പുസ്തകം എഴുതുകയും ഒരു തരത്തിൽ ഇസ്‌ലാമും മാർക്‌സിസവും തമ്മിലുള്ള അന്തരം നികത്താൻ ഈ പുസ്തകം സഹായിക്കുകയും ചെയ്തു, ഇസ്‌ലാംവൽകൃത വർഗ്ഗയുദ്ധമെന്ന നിലയിൽ ഒരു പോരാട്ടമായി മാർക്സിസ്റ്റുകൾ ഇസ്‌ലാമിനെ കാണാൻ തുടങ്ങി എന്നിവയാണ് അത്തരം വാദങ്ങളിൽ ചിലത്. ഹംസ യൂസുഫ് വ്യവഹാരങ്ങൾ ഇവയെ ഇസ്‌ലാമിന്റെ സാരാംശത്തിൽ നിന്ന് ഏറെ അകന്ന് പോയ ഒന്നായാണ് കാണുന്നത്. ഇവിടെയാണ് ഇത് സങ്കീർണ്ണമാകുന്നത്, കാരണം അദ്ദേഹം എല്ലാത്തിനെയും പരമമായാണ് (Absolute) കാണുന്നത്. ഭൂമിയിൽ തന്നെ സ്വർഗ്ഗം കാംക്ഷിക്കുന്ന/ഉട്ടോപ്പ്യയെ തേടുന്ന മാർക്സിസ്റ്റുകളാണ് അവരെന്ന് അദ്ദേഹം കരുതുന്നു. ഭൂമിയിൽ നീതിപൂർവകമായ ഒരു ഉട്ടോപ്യയെക്കുറിച്ച് നിങ്ങൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ, നിങ്ങൾ പരലോകത്തെയും സ്വർഗത്തെയും മരണാനന്തര ജീവിതത്തിലെ ദൈവശിക്ഷയെയും അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. യഥാർത്ഥത്തിൽ, സയ്യിദ് ഖുത്ബിനെ പോലുള്ളവരെ വായിച്ചാൽ അവരൊന്നും പറയുന്നത് ഇതല്ലെന്ന് മനസ്സിലാവും. ‘വഴിയടയാളം’ എന്ന പുസ്തകത്തിൽ ഖുത്ബ് ഖുർആനിലെ സൂറത്തുൽ ബുറൂജിൽ പരാമർശിച്ച ആനയുടെ കഥയെക്കുറിച്ച് പറയുന്നുണ്ട്. മർദ്ദകനായ ഒരു ഭരണാധികാരി കൊലപ്പെടുത്തിയ നസ്രാനിലെ ക്രിസ്ത്യാനികളെക്കുറിച്ചാണ് പ്രസ്തുത കഥ. അവിടെ നീതിയുടെ ആത്യന്തിക സ്ഥലമായി സ്വർഗ്ഗത്തെയാണ് ഖുത്ബ് തിരിച്ചറിയുന്നത്. ഇഹലോക ജീവിതത്തിൽ നിങ്ങൾ വിജയിച്ചില്ലെങ്കിലും കുഴപ്പമില്ല, ഭൗതികതയെ മറികടക്കുന്ന ആത്മീയതയാണ് ഈ ലോകത്തിന്റെ ലക്ഷ്യം. നസ്രാനിലെ ക്രിസ്ത്യാനികളുടെ ത്യാഗം വളരെ വലുതായിരുന്നു. അവർ ആത്മീയ ലോകത്തിനായി തങ്ങളുടെ ഭൗതിക ലോകം ഉപേക്ഷിച്ചു. ഇസ്‌ലാമിസത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ പോലും അതൊന്നും ഭൂമിയിലെ നീതിയെക്കുറിച്ച ഉട്ടോപ്യൻ സങ്കൽപ്പത്തെയല്ല മുന്നോട്ടുവെക്കുന്നതെന്ന് വ്യക്തമാവും.

ഡാനിയേൽ ടുട്ട്: ഇസ്‌ലാമിസത്തെക്കുറിച്ചുള്ള അവരുടെ സങ്കൽപ്പനവും വിമർശനവും മാർക്‌സിസത്തോടുള്ള അവരുടെ വൈരാഗ്യത്തിൽ പെട്ടുപോകുകയും അതുകൊണ്ട് തന്നെ ഒട്ടും കൃത്യമല്ലാതെയാവുകയും ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. പക്ഷേ, താങ്കൾ പറഞ്ഞതു പോലെ, പലപ്പോഴും അത് നൂറ്‌ ശതമാനം ശരിയല്ല. സയ്യിദ് ഖുത്ബ് തന്റെ ‘ഇസ്‌ലാം ഇൻ കമ്മ്യൂണിസം’ എന്ന പുസ്തകത്തിൽ രണ്ടിനെയും കൃത്യമായി വേർതിരിക്കുന്നുണ്ട്. ഇസ്‌ലാമിന്റെയും കമ്മ്യൂണിസത്തിന്റെയും ഏകീകരണത്തിന് ഖുത്ബ് വാദിക്കുന്നില്ല. തീർച്ചയായും ഇസ്‌ലാമിസ്റ്റ് ബുദ്ധിജീവികൾ മാർക്സിസവുമായി സംവദിക്കുന്നുണ്ടായിരുന്നു, പക്ഷേ അതിലൂടെയവർ മാർക്സിസ്റ്റുകളായി മാറിയെന്ന് പറയാൻ കഴിയില്ല.

ഡാനിയേൽ ടുട്ട്, വലാ ഖ്യുസായ്

അതിനാൽ മാർക്സിസത്തെക്കുറിച്ചുള്ള നവപാരമ്പര്യവാദ വിമർശനം അവർ ആധുനികതയെ നേരിടുന്നതുമായി ബന്ധപ്പെട്ട് കൂടിയാണ് കിടക്കുന്നതെന്ന് തോന്നുന്നു. ഉട്ടോപ്പ്യ യാഥാർത്ഥ്യമാക്കാവുന്ന ഒന്നാണെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും തുല്യത സാധിച്ചെടുക്കണമെന്നും പറയുന്നിടത് ആധുനികത ഘടനാപരമായി മാർക്‌സിസ്റ്റ് ആണ്. കാരണം, മാർക്സിസ്റ്റ് തത്ത്വചിന്തയിലും വിപ്ലവ പ്രവർത്തനങ്ങളിലും ഉട്ടോപ്യൻ സോഷ്യലിസ്റ്റുകളോടുള്ള വിമർശകനാണ് കാൾ മാർക്സെന്ന് അദ്ദേഹത്തെ വായിക്കുമ്പോൾ മനസ്സിലാവും. അതിനാൽ മാർക്സിസത്തിനകത്തെ ഒരു വിഭാഗമെന്ന നിലയിൽ ഉട്ടോപ്യനിസം സൂക്ഷ്‌മപരിശോധന ആവശ്യമായ ഒന്നാണ്. അതിനാൽ അവർ മാർക്സിസത്തെ ഈ രീതിയിൽ ചുരുക്കി വായിക്കുന്നത് തികച്ചും വൈരുദ്ധ്യമാണ്.

(തുടരും)


തയ്യാറാക്കിയത്: ഇവാന

വലാ ഖ്യുസായ്/ഡാനിയേൽ ടുട്ട്